കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിലെ പൊതുജനാരോഗ്യമേഖലയിലുണ്ടായ കുതിച്ചു ചാട്ടം അത്യപൂർവമാണ്; ആർക്കും നിഷേധിക്കാനാകാത്തതുമാണ്-. എന്നാൽ അനിഷേധ്യമായ ആ നേട്ടങ്ങൾ മറച്ചുപിടിക്കാനായി ഒറ്റപ്പെട്ടതും ദൗർഭാഗ്യകരവുമായ ചില സംഭവങ്ങളെ പർവതീകരിച്ചും നിറംപിടിപ്പിച്ചും പ്രചരിപ്പിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷവും അവർക്ക് പിന്തുണ നൽകുന്ന മാധ്യമങ്ങളും. പോരായ്മകളും പിഴവുകളും ചൂണ്ടിക്കാണിക്കുന്നത് അവയെ കുറ്റമറ്റതും കൂടുതൽ മികച്ചതുമാക്കി മാറ്റാനായിരുന്നെങ്കിൽ, അങ്ങനെ സാധാരണക്കാർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കാനായിരുന്നെങ്കിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയിലെയും മെഡിക്കൽ വിദ്യാഭ്യാസരംഗത്തെയും മുന്നേറ്റങ്ങളെക്കൂടി അവർ ഉയർത്തിക്കാണിക്കണമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതിലൂടെ വെളിവാകുന്നത് ഇത്തരം വിമർശനങ്ങൾക്കുപിന്നിലെ ദുഷ്ടലാക്കാണ്. ഇതു- പറയുമ്പോഴും അപൂർവ്വമായെങ്കിലും ഉണ്ടാകുന്ന ചികിത്സാപ്പിഴവുകളെ ഒരു കാരണവശാലും നമ്മൾ ന്യായീകരിക്കുന്നുമില്ല; മറിച്ച് ഓരോ കേസും ഉയർന്നുവരുമ്പോൾ അൽപവും വെെകാതെ അനേ-്വഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമാനുസൃതം സർക്കാർ നടപടിയെടുക്കുകയും തക്ക ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ എങ്ങനെയാണ് ഇത്തരം പിഴവുകൾക്ക് സർക്കാരിനെയും മന്ത്രിയെയും കുറ്റപ്പെടുത്താനാവുക!
കഴിഞ്ഞ 5 വർഷത്തെയോ 10 വർഷത്തെയോ അതിലേറെ കാലത്തെയോ കേരളത്തിലെ ചികിത്സാ പിഴവുകളുടെ കണക്കു പരിശോധിച്ചാൽ അവയിൽ 90 ശതമാനത്തിലേറെയും സ്വകാര്യ ആശുപത്രികളിലാണ് സംഭവിക്കുന്നത് എന്നു കാണാൻ കഴിയും. ഏകദേശ കണക്കുപ്രകാരം കേരളത്തിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ സർക്കാർ ആശുപത്രികളിൽ 40ൽ അധികം ചികിത്സാപിഴവുകൾ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ സ്വകാര്യ ആശുപത്രികളിൽ 600 ലധികം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു കാര്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകത്തെ വികസിത രാജ്യങ്ങളിൽപോലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അതെല്ലാം മൂടിവെച്ചാണ് കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും കേരള സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും ആക്രമിക്കുന്നത്. മാത്രമല്ല, കേരളത്തിലെ സ്വകാര്യമേഖലയിൽ സംഭവിക്കുന്ന ചികിത്സാ പിഴവുകളെക്കുറിച്ച് പ്രതിപക്ഷമോ മാധ്യമങ്ങളോ ഒരക്ഷരം പോലും മിണ്ടുന്നില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഇപ്പോൾ അമേരിക്കൻ കുത്തകകൾ കെെപ്പിടിയിലൊതുക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെക്കുറിച്ചൊന്നും ഒരക്ഷരം മിണ്ടാതിരിക്കുകയും ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്നതും സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതുമായ പൊതുആരോഗ്യ സംവിധാനങ്ങൾക്കെതിരെ ആസൂത്രിതമായ പ്രചരണം നടത്തുകയും ചെയ്യുന്നതിനു പിന്നിലെ ദുഷ്ടലാക്ക് വ്യക്തമാണ്. ഈ സന്ദർഭത്തിൽ, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ആശുപത്രികളും വിദ്യാലയങ്ങളുമെല്ലാം സ്വകാര്യമേഖലയ്ക്ക് കെെമാറണമെന്നാണെന്നതും കൂട്ടി വായിക്കേണ്ടതുണ്ട്.
നിലവിലുള്ള പൊതുആരോഗ്യ സംവിധാനത്തെയാകെ ശക്തിപ്പെടുത്തിയും വിപുലീകരിച്ചും സാധാരണജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലവും പ്രവർത്തിച്ചത്. അവയവം മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള അത്യാധുനികമായ ചികിത്സാ സൗകര്യങ്ങൾ സൗജന്യമായി സാധാരണക്കാർക്ക് പൊതുആരോഗ്യ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിവരുന്നത്. ഇതാകെ തകർത്ത് സ്വകാര്യസംരംഭകർക്ക് കൊള്ളലാഭമടിക്കാനുള്ള മേഖലയാക്കി ആതുര ശുശ്രൂഷയെ മാറ്റുന്നതിനുള്ള നീക്കമാണ് പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
രോഗ ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകുന്നതാണ് കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിലെ മികവ്. കഴിഞ്ഞ 10 വർഷക്കാലം എൽഡിഎഫ് സർക്കാർ ചിട്ടയോടും കാര്യക്ഷമതയോടുംകൂടി ഈ ദിശയിൽ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി എല്ലാ ആരോഗ്യ സൂചികകളിലും വലിയ മാറ്റങ്ങളുണ്ടായതായി കാണാം. കേരളത്തിലെ മാതൃ മരണനിരക്ക് (ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മരിക്കുന്ന അമ്മമാരുടെ എണ്ണം) 2015–16ൽ 43 ആയിരുന്നത് 2024–25 ആയപ്പോൾ 19 ആയി കുറഞ്ഞു. ശിശു മരണനിരക്ക് (ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ ഒരു വയസ്സിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം) 2015–16ൽ 12 ആയിരുന്നു; 2024–25ൽ അത് കേവലം 5 ആയി കുറഞ്ഞു. നവജാത ശിശുമരണനിരക്ക് (1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ദിവസങ്ങൾക്കുള്ളിൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ കണക്ക്) 2015–16ൽ 6 ആയിരുന്നുവെങ്കിൽ 2024–25ൽ അത് 4 ആയി കുറഞ്ഞു. ഈ സൂചികകളിലെല്ലാം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം ബഹുദൂരം മുന്നിലാണ്. ശിശു – നവജാത ശിശുമരണനിരക്കിന്റെ കാര്യത്തിൽ അമേരിക്കയെക്കാൾ കുറഞ്ഞ കണക്കാണ് കേരളത്തിൽ.
ആരോഗ്യരംഗത്തെ ഈ മുന്നേറ്റം ഉണ്ടായത് എൽഡിഎഫ് സർക്കാരിന്റെ കൃത്യമായ ഇടപെടൽമൂലമാണ്. യുഡിഎഫ് ഭരണകാലത്ത് 2011–12 മുതൽ 2015–16 വരെയുള്ള 5 വർഷക്കാലം യഥാക്രമം 139 കോടി രൂപയുടെയും 181 കോടി രൂപയുടെയും 108.49 കോടി രൂപയുടെയും 121 കോടി രൂപയുടെയും 114 കോടി രൂപയുടെയും സൗജന്യ ചികിത്സയാണ് നൽകിയിരുന്നതെങ്കിൽ എൽഡിഎഫ് 2021 –22ൽ 1424.46 കോടി രൂപയുടെയും 2022–23ൽ 1478.38 കോടി രൂപയുടെയും 2024–25ൽ 1498.5 കോടി രൂപയുടെയും സൗജന്യ ചികിത്സയാണ് നൽകിയത്. യുഡിഎഫ് ഭരണകാലത്ത് സൗജന്യ ചികിത്സയ്ക്കായുള്ള ചെലവഴിക്കൽ പൊതുവെ കുറഞ്ഞുവന്നപ്പോൾ എൽഡിഎ-ഫ് ഭരണകാലത്ത് ക്രമാനുഗതമായ വർധനയാണ് രേഖപ്പെടുത്തുന്നത്. സൗജന്യചികിത്സ ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും യുഡിഎഫ് ഭരണകാലത്തെക്കാൾ വലിയ വർധനവാണ് എൽഡിഎഫ് ഭരണകാലത്തുണ്ടായത് – യുഡിഎഫ് ഭരണകാലത്ത് 28.01 ലക്ഷം കുടുംബങ്ങളായിരുന്നെങ്കിൽ എൽഡിഎഫ് ഭരണത്തിൽ (2024–25ൽ) 42.5 ലക്ഷം കുടുംബങ്ങളായി വർധിച്ചു. മാത്രമല്ല ഓരോ കുടുംബത്തിന്റെയും ചികിത്സാ ചെലവിൽ യുഡിഎഫ് കാലത്തിലേതിനെക്കാൾ എൽഡിഎഫ് ഭരണത്തിൽ 60 ശതമാനത്തിന്റെ കുറവുണ്ടായതായാണ് നാഷണൽ സാമ്പിൾ സർവെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത് സംഭവിച്ചത് എൽഡിഎഫ് ഭരണകാലത്ത് പൊതുആരോഗ്യ സംവിധാനത്തെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതിനാലാണ്.
എന്തായിരുന്നു യുഡിഎഫ് ഭരണകാലത്തെ ആരോഗ്യമേഖലയുടെ അവസ്ഥ? പഴക്കംമൂലം പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ, ഒപി ടിക്കറ്റിനുപോലും കടലാസുമായി പോകേണ്ട അവസ്ഥ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ തസ്തികകൾ നികത്തപ്പെടാത്ത സ്ഥിതി, മരുന്നും ചികിത്സോപകരണങ്ങളുമെല്ലാം രോഗികൾ സ്വന്തം പണംമുടക്കി വാങ്ങണമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കായുള്ള ഏതോ ചില ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു ദിവസം ഒരാളിന്റെ ശസ്ത്രക്രിയ മുടങ്ങിയെന്ന പേരിൽ ഭൂകമ്പം സൃഷ്ടിച്ച പ്രതിപക്ഷവും മാധ്യമങ്ങളും പക്ഷേ 2016നു മുൻപത്തെ അവസ്ഥയെക്കുറിച്ച് ഓർക്കാൻ പോലും തയ്യാറാകില്ല.
ഇന്ന് കേരളത്തിലെ സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെയും സർക്കാർ സ്ഥാപനങ്ങളെക്കാൾ മികച്ചതാണെന്നു മാത്രമല്ല, പശ്ചാത്തലസൗകര്യങ്ങളുടെയും ചികിത്സാ സൗകര്യങ്ങളുടെയും കാര്യത്തിൽ സ്വകാര്യ ആശുപത്രികളെക്കാൾ മികച്ചതാണെന്ന് ആരും സമ്മതിക്കും. കിഫ്ബിയിലൂടെ 10,000 കോടിയിലേറെ രൂപയുടെയും നബാർഡ് വായ്പ ഉപയോഗിച്ച് 1000 കോടി രൂപയുടെയും പശ്ചാത്തലസൗകര്യ വികസനമാണ് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ആരോഗ്യമേഖലയിൽ നടപ്പാക്കിയത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ഒഴിഞ്ഞു കിടന്ന തസ്തികകളിലേക്ക് പൂർണമായും നിയമനം നടത്തുകയും പതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ച് അവയിലും നിയമനം നടത്തുകയും ചെയ്തുവെന്നതാണ് എൽഡിഎഫ് ഭരണകാലത്തെ ശ്രദ്ധേയമാക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് നിയമനങ്ങൾ നടത്താതിരിക്കുകയും തസ്തികകൾ വെട്ടിക്കുറയ്ക്കുകയുമായിരുന്നുവെന്ന വസ്തുതയുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതുമുണ്ട്.
ഇനി നോക്കേണ്ടത് ആരോഗ്യ വകുപ്പിൽ എന്തെല്ലാം മാറ്റങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഉണ്ടായത് എന്നാണ്. പകർച്ചവ്യാധി പ്രതിരോധത്തിനായി പരിസ്ഥിതി, മൃഗാരോഗ്യം, പൊതുജനാരോഗ്യം എന്നിവയെ കൂട്ടിയിണക്കി ഇന്ത്യയിൽ ആദ്യമായി ഏകാരോഗ്യ പദ്ധതി നടപ്പാക്കിയത് കേരളത്തിലാണ്, ആരോഗ്യവകുപ്പിനുകീഴിൽ. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ മാതൃകയിൽ കേരളത്തിലും പൊതുജനാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിന് രൂപീകരിച്ച കേന്ദ്രം ഇതിനകം തന്നെ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു.
ജീവിതശെെലീരോഗങ്ങൾക്ക് പ്രോട്ടോകോൾ പ്രകാരമുള്ള സൗജന്യരോഗ നിർണയവും ചികിത്സയും ഉറപ്പുവരുത്തുന്നതിനൊപ്പം ആ വിവരങ്ങൾ വിവര സാങ്കേതികവിദ്യ (ശെെലി ആപ്പ്) ഉപയോഗിച്ച് ഡിജിറ്റലെെസ് ചെയ്യുകയുമുണ്ടായി. തന്മൂലം തുടർചികിത്സകൾ അനായാസമായി. ഒപി വിഭാഗം ഉച്ചവരെയായിരുന്നത് എല്ലാ സർക്കാർ ആശുപത്രികളിലും വെെകുന്നേരം വരെയാക്കി.
കേരളത്തിലെ ചികിത്സാരംഗത്ത് നിർമിത ബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ കൊണ്ടുവന്നതും ഈ കാലത്താണ്. റോബോട്ടിക് സർജറി, പൂർണമായും ചലനശേഷി നഷ്ടപ്പെട്ടവരെ ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന ജി ഗെെറ്റർ എന്നിവ ഈ ദിശയിലെ നിർണായക കാൽവെയ്പുകളാണ്. ജി ഗെെറ്റർ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രിയെ മാറ്റാൻ ഈ കാലത്ത് കഴിഞ്ഞു. സ്വകാര്യമേഖലയിൽ 40 ലക്ഷം രൂപയിലധികം ചെലവുവരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ സർക്കാർ മേഖലയിൽ ആദ്യമായി വിജയകരമായി നടത്താൻ കഴിഞ്ഞു. (2022 ഫെബ്രുവരിയിൽ). തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഈ ശസ്ത്രക്രിയ വിജയകരമായി നടത്താനായി. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ഈ ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ പുരോഗമിച്ചു വരുകയാണ്.
രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്താൻ കഴിയുംവിധം എറണാകുളം ജനറൽ ആശുപത്രിയെ മാറ്റാൻ കഴിഞ്ഞതും ഈ കാലത്താണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഇതേ ആശുപത്രിയിൽ വിജയകരമായി നടത്താൻ കഴിഞ്ഞു. അതും രാജ്യത്ത് ആദ്യമായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളൊരുക്കി, ജില്ലാതല ആശുപത്രിയിൽ ആദ്യമായി കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഈ കാലത്ത് നടത്താൻ കഴിഞ്ഞു. രാജ്യത്തുതന്നെ ആദ്യമായി സർക്കാർ മേഖലയിൽ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട സമഗ്ര സ്ട്രോക് യൂണിറ്റും ഇന്റർവെൻഷൻ ന്യൂറോളജിയും സജ്ജമാക്കാനും ഈ സർക്കാരിന്റെ കാലത്ത് കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഈ കാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് സ്ഥാപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹൃദയ ശസ്ത്രക്രിയാ വിഭാഗം ആരംഭിച്ചതും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. മാത്രമല്ല ഈ ആശുപത്രിയിൽ തന്നെയാണ് സർക്കാർ മേഖലയിൽ ആദ്യമായി സ്പെെനൽ മസ്കുലാർ അട്രോ-ഫി ക്ലിനിക് സ്ഥാപിച്ചതും.
കാൻസർ ചികിത്സയ്ക്കു വേണ്ട വിദഗ്ധ ചികിത്സ നൽകുന്ന കാര്യത്തിലും കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വലിയ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കാനായത്. ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ എന്ന കാമ്പെയ്ൻ ആരംഭിച്ചതിനുപുറമെ കാൻസർ ചികിത്സയ്ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഈ കാലത്ത് കഴിഞ്ഞു. സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് സർജറി ആർസിസിയിലും എംസിസിയിലും ആരംഭിച്ചതിനു പുറമെ തിരുവനന്തപുരത്ത് ആർസിസിയിൽ പീഡിയാട്രിക് റോബോട്ടിക് സർജറിയും ആരംഭിച്ചു. മലബാർ കാൻസർ സെന്ററിനെ 562.25 കോടി രൂപയുടെ ക–ി-ഫ്ബി ഫണ്ടുപയോഗിച്ച് പോസ്റ്റ് ഗ്രാജേ-്വറ്റ് ഇൻസ്റ്റിറ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് എന്ന നിലയിൽ ഉയർത്താനും കഴിഞ്ഞു. സ്തനാർബുദം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ –താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ്-സ്മിയർ സംവിധാനമൊരുക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി എട്ട് ആശുപത്രികളിൽ മാമോഗ്രാം സംവിധാനമൊരുക്കി. ഈ പദ്ധതി പൂർണമാക്കാനുള്ള പരിപാടി ദ്രുതഗതിയിൽ നടപ്പാക്കി വരുകയുമാണ്. കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്നതിനുള്ള കാരുണ്യസ്പർശം ‘സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകൾ’ സ്ഥാപിച്ചതും ഈ സർക്കാരിന്റെ കാലത്തുതന്നെയാണ്. ഇതിനകം തന്നെ മൂന്നു കോടിയിലേറെ രൂപയ്ക്കുള്ള മരുന്നുകൾ ഈ പദ്ധതിപ്രകാരം വിതരണം ചെയ്തു കഴിഞ്ഞു. അപൂർവരോഗ പരിചരണത്തിനായി ആരോഗ്യവകുപ്പിനുകീഴിൽ കെയർ (KARE) പദ്ധതി ആരംഭിച്ചു; ആപൂർവ രോഗ ചികിത്സയ്ക്കാവശ്യമായ വിലപിടിപ്പുള്ള മരുന്നുകൾ വിദേശങ്ങളിൽ നിന്നടക്കം എത്തിക്കാനുള്ള പദ്ധതിയും ഈ സർക്കാർ നടപ്പാക്കി വരുന്നു. അപൂർവരോഗ ചികിത്സയ്ക്കായുള്ള രാജ്യത്തെ 12 സെന്റർ ഓഫ് എക്സലൻസുകളിലൊന്നായി തിരുവനന്തപുരത്തെ എസ്എടി ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാരിച്ച ചെലവു വരുമെന്നതുകൊണ്ട് സാധാരണക്കാരായ രോഗികളെ വിധിക്കു വിട്ടുകൊടുക്കാതെ ചികിത്സിച്ച് സുഖപ്പെടുത്തുകയെന്ന മാനുഷിക നിലപാടാണ് അപൂർവരോഗ ചികിത്സയുടെ കാര്യത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ, കാൻസർ ചികിത്സാകേന്ദ്രങ്ങളും മാനസികാരോഗ്യകേന്ദ്രങ്ങളും മാതൃശിശു ആശുപത്രികളും വരെ, പശ്ചാത്തലസൗകര്യ വികസനത്തിന് കിഫ് ബി ഫണ്ടുപയോഗിച്ചും നബാർഡ് വായ്പയിലൂടെയും ഈ സർക്കാർ നിരവധി പദ്ധതികൾ പൂർത്തിയാക്കിക്കഴിഞ്ഞു. അവശേഷിക്കുന്നവയുടെ പ്രവർത്തനം ദ്രുതഗതിയിൽ നടന്നുവരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഇപ്പോൾ നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചിരിക്കുന്നു. യുഡിഎഫ് ഭരണകാലത്ത് മെഡിക്കൽ കോജേളുകളുടെയും ജില്ലാ ജനറൽ ആശുപത്രികളുടെയും വാർഡുകൾ തന്നെ സ്വകാര്യസംരംഭകർക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ച കാര്യം കൂടി നാം ഓർക്കണം. 2001–06 കാലത്തെ യുഡിഎഫിന്റെ ഈ തീരുമാനത്തിനെതിരെ ഇടതുപക്ഷ പാർട്ടികളും ജീവനക്കാരും നടത്തിയ ശക്തമായ പ്രക്ഷോഭമാണ്, (2006ലെ തിരഞ്ഞെടുപ്പിൽ അവരെ പറ്റെ പരാജയപ്പെടുത്തിയതുമാണ്) ആ തീരുമാനത്തിൽ നിന്ന് യുഡിഎഫിനെ അന്ന് പിന്തിരിപ്പിച്ചത്. എന്നാൽ, ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വകാര്യമേഖലയുടെ മേന്മയെക്കുറിച്ച് സ്തുതിഗീതം പാടുമ്പോൾ, സർക്കാർ എന്തിനാണ് ചികിത്സാരംഗത്ത് പണം മുടക്കുന്നതെന്ന് ചോദിക്കുമ്പോൾ, വീണ്ടും നമ്മുടെ ആരോഗ്യരംഗത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള നീക്കമായി അതിനെ കാണേണ്ടിയിരിക്കുന്നു. പ്രതിപക്ഷത്തിന്റെയും അവരെ തുണയ്ക്കുന്ന മാധ്യമങ്ങളുടെയും ഇരട്ടത്താപ്പാണ് ഇവിടെ വെളിപ്പെടുന്നത്.
2016 മുതൽ എൽഡിഎഫ് സർക്കാർ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താനും സാധാരണക്കാർക്ക് മികച്ച സൗജന്യ ചികിത്സ ഉറപ്പാക്കാനും നടത്തുന്ന ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായി ജനങ്ങൾ അധികമധികം സർക്കാർ ആശുപത്രികളിലേക്ക് വന്നുകൊണ്ടിരിക്കുന്നതായാണ് കാണുന്നത്. എൽഡിഎഫ് അധികാരമേറ്റ ശേഷമാണ് സർക്കാർ ആശുപത്രികളിൽ സൗജന്യമായോ കുറഞ്ഞ ചെലവിലോ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങിയത്. 2022 മുതൽ ഇതുവരെ പത്ത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിൽ നടന്നു. ജില്ലാ ആശുപത്രികളിൽ യുഡിഎഫ് ഭരണകാലത്ത് കാത്ത് ലാബുകൾ ഒരെണ്ണം പോലും ഇല്ലാതിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 12 ജില്ലാ ആശുപത്രികളിൽ ഈ സംവിധാനമുണ്ട്. സംസ്ഥാനത്ത് പ്രതിമാസം 1500ലേറെ ആൻജിയോപ്ലാസ്റ്റികളാണ് സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലുമായി നടന്നുവരുന്നത്. 2016നു മുൻപ് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് നാമമാത്രമായെങ്കിലും ഈ സംവിധാനം ഉണ്ടായിരുന്നത്. ആരോഗ്യവകുപ്പിനു കീഴിൽ മെഡിക്കൽ കോളേജുകൾക്കുപുറമെ ഡയാലിസിസ് സൗകര്യമുള്ള 123 ആശുപത്രികൾ ഇപ്പോഴുണ്ട്. 2015–16 ൽ ഇത് 8 എണ്ണം മാത്രമായിരുന്നു. എല്ലാ താലൂക്കാശുപത്രികളിലും ഈ സൗകര്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ആധുനിക സംവിധാനങ്ങളും മരുന്നും ഡോക്ടർമാരുമെല്ലാം കൂടുതൽ സർക്കാർ ആശുപത്രികളിൽ ഉണ്ടായതുകൊണ്ടാണ് ഇന്ന് ജനങ്ങൾ കൂടുതലായി സർക്കാർ ആശുപത്രികളുടെ സേവനം തേടിയെത്തുന്നത്.
ഇൗയടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ പലതും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്ന വാർത്തയുണ്ടായിരുന്നു. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന തുക കുറച്ചതുകൊണ്ടല്ലത്, മറിച്ച് സർക്കാർ ആശുപത്രികളിൽ മികച്ച സൗജന്യ ചികിത്സ ലഭിക്കുന്നതുകൊണ്ട് ജനങ്ങൾ ആ സംവിധാനത്തെ ആശ്രയിക്കുന്നത് വർധിച്ചതിനാലാണ്. എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യമേഖലയിലെ ശക്തമായ ഇടപെടൽ കൊണ്ടുണ്ടായ നേട്ടമാണത്. ആ നേട്ടങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണ് സ്വകാര്യമേഖലയുടെ മികവിനെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന പ്രതിപക്ഷനേതാവ് ചെയ്യുന്നത്. നമ്മുടെ സർക്കാർ ആശുപത്രികളിലെ ചെറിയ പിഴവുകളെപ്പോലും പെരുപ്പിച്ചുകാണിച്ച് ജനങ്ങളെ അവിടെ നിന്നകറ്റി സ്വകാര്യ ചികിത്സാകച്ചവട കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഇപ്പോൾ ബോധപൂർവം ചെയ്യുന്നത്.
ശിശുമരണനിരക്കും നവജാത ശിശുമരണനിരക്കും പ്രസവത്തോടനുബന്ധിച്ചുള്ള അമ്മമാരുടെ മരണനിരക്കുമെല്ലാം പണ്ടുമുതൽ തന്നെ കേരളത്തിൽ കുറവുണ്ടായിരുന്നുവെന്നും അതിനെ പിണറായി സർക്കാരിന്റെ നേട്ടമായി കാണേണ്ടതില്ലെന്നും വി ഡി സതീശൻ ആവർത്തിച്ചുപറഞ്ഞു നടക്കുന്നുണ്ട്. എന്നാൽ 1957 മുതൽ ഇതേവരെയുള്ള ഇടതുപക്ഷ ഭരണകാലങ്ങളിൽ പൊതുജനാരോഗ്യ രംഗത്ത് ചിട്ടയായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഈ മേന്മ കേരളത്തിലുണ്ടായതെന്ന് ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും. അമർത്യാസെന്നും ഡോ. വി കെ രാമചന്ദ്രനും നടത്തിയ താരതമ്യപഠനത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. അപാരവേഗതയിൽ വായിക്കുന്ന പതിവുണ്ടെന്ന് അഭിമുഖങ്ങളിൽ വീമ്പുപറയുന്ന സതീശൻ പക്ഷേ ഇത്തരം കാര്യങ്ങളൊന്നും വായിച്ചിട്ടില്ലെന്നു തോന്നുന്നു. അടുത്ത കാലത്ത് ഒരു യൂട്യൂബ് ചാനലുമായി നടത്തിയ പോഡ്കാസ്റ്റിൽ പ്രതിപക്ഷ നേതാവ് കേരളത്തിന്റെ പൊതുആരോഗ്യമേഖലയെക്കുറിച്ച് യാതൊരടിസ്ഥാനവുമില്ലാത്ത നുണകളാണ് വിളമ്പിയത്. ‘‘ആശുപത്രികളിൽ ഹാർട്ട് സർജറികൾ എക്യുപ്മെൻസില്ലാത്തതുകൊണ്ട് നിർത്തിവച്ചിരിക്കുകയാണ്; ഓപ്പറേഷൻ നടത്തണമെങ്കിൽ രോഗി കത്തീം കത്രികേം കോട്ടണും കൊണ്ടുപോകണം; സർക്കാരാശുപത്രിയിൽ മരുന്നില്ല’’ എന്നിങ്ങനെ പോകുന്നു പ്രതിപക്ഷനേതാവിന്റെ നുണക്കഥകൾ. എന്തായാലും 2011–2015 കാലത്തെ യുഡിഎഫ് ഭരണത്തിന്റെ ദുരന്തകാലത്താണ് പ്രതിപക്ഷ നേതാവ് ഇപ്പോഴും നിൽക്കുന്നത്. ആദരണീയനായ പ്രതിപക്ഷ നേതാവേ, യാഥാർഥ്യങ്ങൾ, ജനങ്ങളുടെ കൺമുന്നിലുണ്ട്; അവർക്ക് അനുഭവേദ്യമാണ്. ആ ജനത്തിന്റെ കണ്ണിൽപൊടിയാൻ നോക്കണ്ട പ്രതിപക്ഷനേതാവേ…..മാത്രമല്ല, കേരളത്തിലെ 2010നു ശേഷമുള്ള അതായത് യുഡിഎഫ് ഭരണം മുതലുള്ള സ്ഥിതിവിവരക്കണക്കു പരിശോധിച്ചാൽ പ്രതിപക്ഷനേതാവിന്റെ വാദത്തിന്റെ പൊള്ളത്തരം തെളിയും. 2016ൽ 12 ആയിരുന്ന ശിശുമരണനിരക്ക് 5 ആയി കുറഞ്ഞത് തീർച്ചയായും എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലിന്റെ ഫലമായിട്ടുതന്നെയാണ്. മാതൃമരണനിരക്ക് 2016ലെ 43ൽനിന്ന് 2025ൽ 19 ആയി കുറയ്ക്കാനായതും എൽഡിഎഫിന്റെ നേട്ടമല്ലാതെ മറ്റൊന്നുമല്ല.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടയിൽ നടത്തിയ സൗജന്യമായ പല ചികിത്സാ ഇടപെടലുകളുംകൂടി നോക്കാം. ഹൃദ്യം പദ്ധതിയിലൂടെ 8,800ൽ അധികം കുട്ടികൾക്ക് സൗജന്യ ഹൃദ്-രോഗ ചികിത്സ നൽകി. കുഞ്ഞുങ്ങളിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രതീക്ഷ പദ്ധതി ആരംഭിച്ചതും പിന്നിട്ട പത്തുവർഷത്തിനുള്ളിലാണ്. ഫാറ്റി ലിവർ ചികിത്സയ്ക്കായി രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ സ്ഥാപിച്ചതും എൽഡിഎഫിന്റെ 10 വർഷത്തെ ഭരണത്തിനിടയിലാണ്. ഇതെല്ലാം തങ്ങളുടെ കാലത്തു നടന്നതായി എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ സതീശനും ചെന്നിത്തലയും മറ്റും പറയുമോ ആവോ?
യുഡിഎഫ് ഭരണകാലത്ത് 2016നു മുൻപ് ജില്ലാ ജനറൽ ആശുപത്രികളിൽ മെഡിക്കൽ കോളേജുകൾ എന്ന ബോർഡ് തൂക്കിയതിനപ്പുറം മെഡിക്കൽ കോളേജുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒന്നും ചെയ്തിരുന്നില്ല. 2016നുശേഷം, പിണറായി സർക്കാർ അധികാരമേറ്റശേഷമാണ് കോന്നി, ഇടുക്കി, വയനാട്, കാസർകോട് എന്നീ മെഡിക്കൽ കോളേജുകളുടെ കെട്ടിടങ്ങൾ നിർമിച്ച് പ്രവർത്തനം തുടങ്ങിയത്. അങ്ങനെ ആരോഗ്യവിദ്യാഭ്യാസ മേഖലയിലും കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വലിയ മുന്നേറ്റമുണ്ടാക്കാനായി. അതും യുഡിഎഫ് നേതാക്കളോ അവരുടെ മാധ്യമങ്ങളോ കാണുന്നില്ല. എന്നാൽ കേരളത്തിൽ ആരോഗ്യരംഗത്തുണ്ടാകുന്ന ഈ മാറ്റങ്ങൾ ഇവിടുത്തെ പ്രതിപക്ഷവും മാധ്യമങ്ങളും കാണുന്നില്ലെങ്കിലും ദേശീയ – അന്തർദേശീയ ഏജൻസികൾ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ദന്തൽ കോളേജും ദേശീയ റാങ്കിങ് പട്ടികയിൽ മുൻനിരയിൽ ഈ കാലത്ത് ഇടംപിടിച്ചത്. കേരളത്തിലെ 302 സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് നേടാനായത്. 7 സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് മുസ്കാൻ അംഗീകാരവും 17 എണ്ണത്തിന് ലക്ഷ്യ അംഗീകാരവും നേടാൻ ഈ കാലത്ത് കഴിഞ്ഞു.
പാലിയേറ്റീവ് പരിചരണരംഗത്തും സംസ്ഥാന ആരോഗ്യവകുപ്പ് ഇപ്പോൾ കൃത്യമായി ഇടപെടുന്നു. ജനങ്ങളുടെ സമഗ്രമായ ആരോഗ്യപരിചരണ കാര്യത്തിൽ എൽഡിഎഫ് ചെലുത്തുന്ന ശ്രദ്ധയും ജാഗ്രതയുമാണ് ഇതും കാണിക്കുന്നത്. എന്നാൽ സ്വകാര്യമേഖലയ്ക്ക് എല്ലാം കെെമാറണമെന്ന് വാദിക്കുന്ന പ്രതിപക്ഷത്തിന് ഇത്തരം മികവുകളൊന്നും കാണാനാവില്ല. നമ്മുടെ ആരോഗ്യമേഖലയെ വിദേശകുത്തക മൂലധനത്തിന്റെ കെെപ്പിടിയിലെത്തിക്കാനുള്ള വ്യഗ്രതയാണ് അവർ കാണിക്കുന്നത്. കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ പലതും അന്താരാഷ്ട്ര മൂലധനത്തിന്റെ പിടിയിൽ ഇതിനകംതന്നെ ആയിക്കഴിഞ്ഞു. ഇനി അവർക്ക് കൊള്ള ലാഭമുണ്ടാക്കാൻ സർക്കാർ ആരോഗ്യസംവിധാനങ്ങളെ തകർത്തേ പറ്റൂ; അതിനാണ് നമ്മുടെ സർക്കാർ ആശുപത്രികൾക്കെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും കൊണ്ടുപിടിച്ച് പ്രചരണം നടത്തുന്നതും. സതീശൻ സ്വകാര്യമേഖലയ്ക്കായി വാദിക്കുന്നതും ഈ പശ്ചാത്തലത്തിൽ കാണണം. l



