ഫെബ്രുവരി 12ന്റെ ദേശീയ പണിമുടക്ക് ചരിത്ര വിജയമായി മാറി. ഇന്ത്യൻ തൊഴിലാളികളെ കൂലി അടിമകളാക്കാൻ ഇടയാക്കുന്ന ലേബർ കോഡുകൾക്കെതിരെ, തൊഴിലാളികളുടെ രോഷം കത്തി ജ്വലിച്ചു. അതോടൊപ്പം, തൊഴിലുറപ്പ് പദ്ധതി തകർക്കൽ, വെെദ്യുതി മേഖല സ്വകാര്യവൽക്കരണം, പൊതുമേഖല സ്വകാര്യവൽക്കരണം എന്നീ നടപടികൾക്കെതിരെ തൊഴിലാളികളിൽ മാത്രമല്ല മറ്റു ജനവിഭാഗങ്ങൾക്കിടയിലും രോഷം പ്രകടമായി. ദേശീയ പണിമുടക്കിന് കർഷക സംഘടനകളും കർഷകത്തൊഴിലാളി സംഘടനകളും സജീവ പിന്തുണ നൽകി. മോദി സർക്കാരിന്റെ സാമ്രാജ്യത്വ– കോർപ്പറേറ്റനുകൂല നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായ തുടർ പ്രക്ഷോഭങ്ങൾക്ക് ദിശാബോധം നൽകുന്ന ഒന്നായി, ദേശീയ പണിമുടക്ക് മാറി.
ഈ സാഹചര്യത്തിലാണ്, ഈ പണിമുടക്കിനെ അധിക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവും, നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ പ്രസ്താവന നടത്തുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐഎൻടിയുസി ഉൾപ്പെടെ പത്ത് ദേശീയ ട്രേഡ് യൂണിയനുകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത് എന്ന യാഥാർത്ഥ്യം സൗകര്യപൂർവം മറച്ചുവെച്ച് സതീശൻ നടത്തിയ പ്രസ്താവന തികഞ്ഞ വിരോധാഭാസമാണ്.
ദേശീയ പണിമുടക്കിന് നേതൃത്വം നൽകിയ സംയുക്ത ട്രേഡ് യൂണിയൻ ഏകോപന സമിതി, പ്രമുഖ കോൺഗ്രസ് നേതാവും പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് പണിമുടക്കിന് പിന്തുണ നൽകാൻ അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവണം, കോൺഗ്രസ് ദേശീയ സെക്രട്ടറി, സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളോട് പണിമുടക്കിന് പിന്തുണ നൽകാൻ ആവശ്യപ്പെട്ട് കത്തെഴുതുകയുണ്ടായി. മുമ്പു നടന്ന ദേശീയ പണിമുടക്കുകൾക്കൊന്നും, കോൺഗ്രസ് ദേശീയ കമ്മിറ്റി പിന്തുണ നൽകിയിട്ടില്ല. മാത്രമല്ല, 2019ൽ പാർലമെന്റിൽ വന്ന ‘‘കോഡ് ഓൺ വേജസ്’’ എന്ന ലേബർ കോഡിനെ പിന്തുണച്ച് വോട്ട് ചെയ്ത പാർട്ടിയാണ് കോൺഗ്രസ്. ലേബർ കോഡുകൾക്കെതിരെ പണിമുടക്കിനുള്ള പ്രചരണം കൊടുമ്പിരിക്കൊള്ളുമ്പോൾ, കർണാടകത്തിലെ കോൺഗ്രസ് സർക്കാർ, ലേബർ കോഡുകൾ നടപ്പാക്കാനുള്ള കരട് വിജ്ഞാപനമിറക്കി അവരുടെ തനിനിറം വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ, വി ഡി സതീശന്റെ തൊഴിലാളിവിരുദ്ധ പ്രസ്താവനയിൽ അത്ഭുതപ്പെടേണ്ടതില്ല.
ദേശീയ പണിമുടക്കുകൊണ്ട് എന്തു നേട്ടമുണ്ടായി, കേരളത്തിന് വെളിയിൽ എവിടെയാണ് പണിമുടക്ക് തുടങ്ങിയ ചില ചോദ്യങ്ങളും പ്രതിപക്ഷ നേതാവുയർത്തി. അദ്ദേഹം ഐഎൻടിയുസി നേതൃത്വത്തോട് ഒന്നു സംസാരിച്ചിരുന്നെങ്കിൽ, ഇത്തരമൊരബദ്ധം എഴുന്നള്ളിക്കുന്നത് ഒഴിവാക്കാമായിരുന്നു.
നവ–ഉദാരവൽക്കരണ നയങ്ങൾക്കും, കോർപ്പറേറ്റനുകൂല നയങ്ങൾക്കുമെതിരെ, ബദൽ ഉയർത്തുന്ന രാജ്യത്തെ ഏക സംസ്ഥാന സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ലേബർ കോഡുകൾ നടപ്പാക്കുകയില്ല എന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം കേരള സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘‘ലേബർ കോൺക്ലേവ്’’, രാജ്യത്തിനുതന്നെ മാതൃകാപരമായിരുന്നു.
തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ മാതൃകയായി മാറിയ, കേരള സർക്കാരിനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുവരുന്ന സതീശന്റെ പണിമുടക്കിനോടുള്ള പ്രതികരണത്തിൽ ആശ്ചര്യപ്പെടേണ്ടതില്ല. എൽഡിഎഫ് സർക്കാരിനെതിരെ നുണപ്രചാരണം നടത്തുന്നതിലും സതീശനെ തോൽപ്പിക്കാൻ ആർക്കുമാവില്ല. വസ്തുതകളെ വക്രീകരിച്ച് അവതരിപ്പിക്കുന്നതിൽ വെെദഗ്ധ്യം തെളിയിച്ച ആളാണ് പ്രതിപക്ഷനേതാവ്.
മോദി സർക്കാർ കെെക്കൊള്ളുന്ന ഉദാരവൽക്കരണ നയങ്ങൾക്കും വർഗീയവൽക്കരണത്തിനുമെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. അതുകൊണ്ടുതന്നെ കോർപ്പറേറ്റനുകൂല മാധ്യമങ്ങളുടെ ശക്തമായ എതിർപ്പാണ് എൽഡിഎഫ് നേരിടുന്നത്. ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങളുടെ മാനസപുത്രനാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. എല്ലാ ഇടതുപക്ഷ വിരുദ്ധ – തൊഴിലാളിവർഗ വിരുദ്ധ ശക്തികളുടെയും ആക്രമണങ്ങളെ അതിജീവിച്ച്, വളർന്നുവന്നവയാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും.
കോൺഗ്രസ് നേതൃത്വത്തിൽ വന്ന കേന്ദ്ര സർക്കാരുകളുടെ നയങ്ങളാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ബിജെപി സർക്കാരും അതേ നയങ്ങൾ തന്നെയാണ് പിന്തുടരുന്നത്. ഇൗ നയങ്ങൾക്കെതിരായി ശക്തമായ പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന തൊഴിലാളി– കർഷകപ്രസ്ഥാനങ്ങളോട്, ഒരു കോൺഗ്രസ് നേതാവ് കെെക്കൊള്ളുന്ന നിലപാട്, അവരുടെ വർഗ സ്വഭാവത്തിന്റെ ഉദാഹരണമാണ്. കേരളത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം ആരംഭിച്ചതു മുതൽ അതിനെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് കോൺഗ്രസ്. 1975ലെ അടിയന്തരാവസ്ഥക്കാലത്ത്, ‘‘നാവടക്കൂ, പണിയെടുക്കൂ’’ എന്നതായിരുന്നു ഇന്ദിരാഗാന്ധി സർക്കാരിന്റെ കൽപ്പന. ഈ നയങ്ങളുടെയെല്ലാം പ്രതിരൂപമായ വി ഡി സതീശനിൽ നിന്ന്, വ്യത്യസ്തമായൊരു നിലപാട് പ്രതീക്ഷിക്കേണ്ടതില്ല. ‘‘നസ്രേത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ല’’ എന്ന വാചകമാണ് സതീശൻ ഓർമിപ്പിക്കുന്നത്. l



