Thursday, November 21, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിൻ സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

ലെനിൻ സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

ജി വിജയകുമാർ

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’
–ലൂയി ഫിഷർ എഴുതിയ The Life of Lenin എന്ന കൃതിയുടെ ഫസ്റ്റ് ഇൻസെെഡ് കവറിൽ കൊടുത്ത പ്രസാധക കുറിപ്പിലെ വാക്കുകൾ, 1962,
Harper & Row Publishers, New York & London

സാഷാ, ഇതല്ല മാർഗം. നമുക്ക് മറ്റൊരു മാർഗം തേടാം
അലക്സാണ്ടർ ഇലിച്ച്, ലെനിന്റെ ജേ-്യഷ്ഠ സഹോദരൻ അലക്-സാണ്ടർ, ഉല്യാനോവ് കുടുംബാംഗങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്നത് സാഷ എന്ന പേരിലായിരുന്നു. സാഷ തൂക്കിലേറ്റപ്പെട്ട വാർത്ത കേട്ടപ്പോൾ വ്ളാദിമീർ ഇലിച്ച് ഉല്യാനോവിൽനിന്നുയർന്ന വേദനയിൽ കുതിർന്ന പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘സാഷാ, ഇതല്ല മാർഗം; നമുക്ക് മറ്റൊരു മാർഗം തേടാം.’’ പിൽക്കാലത്ത് ലെനിന്റെ മരണാനന്തരം നടന്ന അനുസ്-മരണയോഗത്തിൽ 1924ൽ അദ്ദേഹത്തിന്റെ ഇളയസഹോദരി മറിയ പറഞ്ഞതാണീ സംഭവം.

1887 മെയ് 8ന് 19കാരനായ അലക്-സാണ്ടർ ഉല്യാനോവ് (സാഷ) തൂക്കിലേറ്റപ്പെട്ടപ്പോൾ വ്ളാദിമീർ ഇലിച്ചിന് വയസ് 17. മറിയ ഉല്യാനോവ്നയ്ക്ക് ഒമ്പത് വയസ്സും. വ്ളാദിമീർ അന്നേവരെ ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനവുമായി ബന്ധപ്പെടുകയോ രാഷ്ട്രീയതാൽപ്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. തന്റെ പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമർഥനായ വിദ്യാർഥിയായിരുന്നു അദ്ദേഹം. ആ നിലയ്ക്ക് തന്റെ പ്രിയപ്പെട്ട ജേ-്യഷ്ഠ സഹോദരൻ രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് തൂക്കുമരത്തിലേറ്റപ്പെട്ടതിനെകുറിച്ചുള്ള ആ കൗമാരക്കാരന്റെ ചിന്ത രാഷ്ട്രീയത്തിലേക്കുള്ള നീക്കത്തിന്റെ ആരംഭമായി കാണാവുന്നതാണ്. ഒമ്പതുകാരിയുടെ മങ്ങിയ ഓർമയിൽനിന്നുള്ള ഈ വാക്കുകൾക്ക്, ഈ സംഭവകഥനത്തിന് വിപ്ലവകാരിയായ ലെനിന്റെ ഉയർന്നുവരവിലേക്കുള്ള, ശരിയായ പാത തേടിയുള്ള പ്രയാണത്തെകുറിച്ച് പഠിക്കുമ്പോൾ ഏറെ പ്രാധാന്യമുണ്ട്. വളരെയധികം ഉൾക്കാഴ്ചയുള്ളതാണ് ആ കൗമാരക്കാരന്റെ അന്നത്തെ വാക്കുകൾ.

സാർ അലക്സാണ്ടർ മൂന്നാമനെതിരെ 1887ൽ നടന്ന വധശ്രമത്തിലും അതിനു പിന്നിലെ ഗൂ-ഢാലോചനയിലും പങ്കുണ്ടെന്ന് കണ്ടതാണ് സാഷ തൂക്കിലേറ്റപ്പെടാൻ കാരണമായത്. ഉജ്വലമായ ഭാവിയുണ്ടെന്ന് കുടുംബത്തിലെല്ലാവരും പ്രതീക്ഷിച്ചിരുന്ന മികച്ച, പ്രതിഭാശാലിയായ ഒരു വിദ്യാർഥിയായിരുന്നു സാഷ. അതുകൊണ്ട് വ്ളാദിമീറിനെയും മറ്റു കുടുംബാംഗങ്ങളെയും സംബന്ധിച്ച് സാഷ ഭീകരപ്രവർത്തനത്തിൽ, അന്നത്തെ നിലയിൽ സാർ ചക്രവർത്തിമാരുടെ സേ-്വച്ഛാധിപത്യവാഴ്ചയ്ക്ക് അറുതി വരുത്താനുള്ള വിപ്ലവപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്നത് അവിചാരിതമായിരുന്നു.

പുഴുക്കളെക്കുറിച്ച് പഠിക്കുന്നതിൽ ഏറെ തൽപ്പരനായിരുന്ന അലക്സാണ്ടർ ഉല്യാനോവ് , ജെെവരസതന്ത്രവുമായി ബന്ധപ്പെട്ട ഗവേഷണപഠനങ്ങൾക്ക് അതിനകം തന്നെ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. 1886 അവസാനത്തോടെയാണ് സാർ ചക്രവർത്തിയെ വധിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഒരു രഹസ്യവിപ്ലവ സംഘടനയുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുന്നത്; തന്റെ മനസ്സും ശരീരവും ആ വിപ്ലവപ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിനായി ഉഴിഞ്ഞുവയ്ക്കുന്നത്. തന്റെ ഗവേഷണമികവിനായി ലഭിച്ച സ്വർണ ചെയിനുള്ള വാച്ച് വിറ്റ് പ്രസ്ഥാനത്തിനുവേണ്ടി ബോംബ് നിർമാണത്തിനായുള്ള പണമുണ്ടാക്കാൻ തയ്യാറായി ആ യുവ വിദ്യാർഥി. പ്രസ്ഥാനത്തിന്റെ ധനസമാഹരണത്തിൽ സംഭാവന നൽകുക മാത്രമല്ല, രസതന്ത്രത്തിലുള്ള തന്റെ കഴിവ് നെെട്രോഗ്ലിസറിനിൽ നിന്ന് ഡെെനാമിറ്റ് നിർമിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. സെന്റ്പീറ്റേഴ്സ് ബെർഗിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സുഹൃത്തിന്റെ പാർപ്പിടത്തിൽ വച്ചായിരുന്നു ബോംബ് നിർമാണം. ബോംബ് നിർമിക്കുക മാത്രമല്ല അലക്സാണ്ടർ ഉല്യാനോവ് ചെയ്തത്, 1881ൽ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ വധിച്ച നരോദ്നയാ വോള്യ എന്ന വിപ്ലവസംഘടനയുടെ ഭീകരപ്രവർത്തനത്തിലേർപ്പെടാനുള്ള വിഭാഗം എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ആ യുവസംഘത്തിന്റെ മാനിഫെസ്റ്റോ തയ്യാറാക്കിയതും അദ്ദേഹമായിരുന്നു. നരോദ്-നയാ വോള്യയുടെ (ജനകീയ ഇച്ഛ അഥവാ ജനങ്ങൾക്ക് സ്വാതന്ത്ര്യം എന്ന് ഈ റഷ്യൻ പേരിന് പരിഭാഷ നൽകാം), 1881ലെ ആക്ഷനുശേഷം ശിഥിലമായിപ്പോയ സംഘടനയുടെ, അവശേഷിച്ചിരുന്ന പ്രവർത്തകരുമായി ഈ യുവസംഘത്തിന് പ്രത്യേക ബന്ധമൊന്നുമുണ്ടായിരുന്നില്ല. 1881ൽ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഘടനയുടെ പേര് ആ ചെറുപ്പക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു എന്നുമാത്രം.

1886ൽ പിതാവ് ഇലിയ ഉല്യാനോവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത് അലക്സാണ്ടർ ഉല്യാനോവിന്റെ മനസ്സിനെ മുറിപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് ഭരണാധികാരികളിൽ നിന്ന് അനുഭവിക്കേണ്ടതായിവന്ന കടുത്ത മാനസിക സമ്മർദമായിരുന്നു അകാലത്തിലുണ്ടായ ആ മരണത്തിന്റെ കാരണം. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ തെല്ലും താൽപ്പര്യമില്ലാതിരുന്ന സാർ ഭരണകൂടം അദ്ദേഹത്തെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ദരിദ്ര പശ്ചാത്തലമുള്ള, തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനോട് വിയോജിപ്പുണ്ടായിരുന്ന സർക്കാരിന് ഉദ്യോഗസ്ഥനായ ഇലിയ ഉല്യാനോവ് എല്ലാ കുട്ടികൾക്കും നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ ചെലുത്തിയതിനോട് വിയോജിപ്പുണ്ടായിരുന്നു. അതാണ് അദ്ദേഹത്തിനു മേൽ നിരന്തരം കടുത്ത സമ്മർദം ഉണ്ടായിക്കൊണ്ടിരുന്നതിനു കാരണം.

സാർ ഭരണകൂടത്തിന്റെ കടുത്ത മർദന നടപടികൾ വിദ്യാർഥികളിൽ അസംതൃപ്തിയും പ്രതിഷേധവും ജനിപ്പിച്ചിരുന്നു. കവിയും സാഹിത്യനിരൂപകനും വിപ്ലവകാരിയുമായ നിക്കോളായ് ദൊ ബ്രൊല്യൂ ബോവിന്റെ സ്മരണയോടുള്ള ആദരസൂചകമായി 1886 നവംബറിൽ (1861 നവംബറിലാണ് ദൊബ്രൊല്യൂബോവ് അന്തരിച്ചത്) ഒരു പ്രകടനം സംഘടിപ്പിക്കാൻ ഒരു സംഘം വിദ്യാർഥികൾ തീരുമാനിച്ചു. 25–ാം വയസ്സിൽ, സാഹിത്യവിഹായസ്സിലേക്ക് ജ്വലിച്ചുയർന്നുകൊണ്ടിരിക്കവെ ക്ഷയരോഗ ബാധിതനായി അന്തരിച്ച ആ വിപ്ലവ സാഹിത്യനായകനെ വിദ്യാർഥികൾ ഓർമിക്കുന്നതോ കൂട്ടം ചേർന്ന് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന സെമിത്തേരിയിലേക്ക് പോയി ശവകുടീരത്തിൽ റീത്ത് വയ്ക്കുന്നതോ ഒന്നും അനുവദിക്കാൻ സാറിസ്റ്റ് ഗവൺമെന്റ് തയ്യാറായിരുന്നില്ല. കൂട്ടം ചേരുന്നതിനെയും സെമിത്തേരിയിൽ ദൊബ്രൊല്യുബോവിന്റെ ശവകുടീരത്തിൽ റീത്തു വെയ്ക്കുന്നതിനെയുംകാൾ ഭരണാധികാരികളുടെ സെെ-്വരംകെടുത്തിയത് അവിടെ നടക്കാനിടയുള്ള പ്രസംഗങ്ങളായിരുന്നു. സെമിത്തേരിയിലേക്ക് പോകാൻ അനുമതി ലഭിക്കാതായപ്പോൾ അഞ്ഞൂറോളം വിദ്യാർഥികൾ ഒരു പൊതു മെെതാനത്ത് ഒത്തുകൂടാൻ ശ്രമിച്ചു. അവരെയാകെ പൊലീസ് പിടികൂടുകയും പൊലീസ് മേധാവി തന്നെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയുമുണ്ടായി. ഒടുവിൽ അതിൽനിന്ന് 40 വിദ്യാർഥികളെ അറസ്റ്റുചെയ്ത് നഗരത്തിൽനിന്ന് പുറത്താക്കി.

ഇത്തരം കടുത്ത മർദന നടപടികളുടെ പശ്ചാത്തലത്തിലാണ് സാർ അലക്സാണ്ടർ മൂന്നാമനെയും ഉന്നത അധികൃതരെയും വധിക്കണമെന്ന ചിന്ത ഉയർന്നുവന്നത്. അത് ഏതെങ്കിലുമൊരു സംഘടനയുടെയോ ഗ്രൂപ്പിന്റെയോ ആശയമോ തീരുമാനമോ ആയിരുന്നില്ല. ലെനിന്റെ ജീവചരിത്രകാരിൽ ഒരാളായ ലാർസ് ടി ലി എഴുതുന്നത് ആ ആശയം അക്കാലത്ത് അന്തരീക്ഷത്തിൽ മുഴങ്ങിനിന്നിരുന്നതായാണ്. സെന്റ് പീറ്റേഴ്സ്ബെർഗിലും മറ്റു റഷ്യൻ നഗരങ്ങളിലുമെല്ലാം ഉണ്ടായിരുന്ന വിദ്യാർഥികളുടെ പല സംഘങ്ങളും തങ്ങൾ നേരിടുന്ന ദുരിതം നിറഞ്ഞ സാഹചര്യത്തെ അതിജിവിക്കുന്നതിനുവേണ്ടിയുള്ള നീക്കമെന്ന നിലയിൽ സാഹസികമായ നടപടികളിലേക്ക് നീങ്ങണമെന്ന ചിന്തയിലായിരുന്നു. എന്നാൽ സാഷയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ നീക്കം അവർതന്നെ കണക്കാക്കിയതിനേക്കാൾ നേരത്തേയായിപ്പോയി. അത് യാദൃച്ഛികവുമായിരുന്നു. 1887 ഫെബ്രുവരി ആദ്യം ആ സംഘത്തിലൊരാൾ തിരക്കേറിയ സെന്റ് പീറ്റേഴ്സ്ബെർഗ് തെരുവുകളിലൂടെ കെെയിൽ ബോംബുമായി സാർ അലക്സാണ്ടർ മൂന്നാമൻ അതുവഴി കടന്നുപോകുന്നതും പ്രതീക്ഷിച്ച് ചുറ്റിത്തിരിയുകയുണ്ടായി. സാർ ചക്രവർത്തിയുടെ വരവറിയിച്ച് കർച്ചീഫ് വീശാൻ മറ്റൊരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ അന്ന് അയാൾ അതുവഴി വന്നില്ല. അങ്ങനെ അന്ന് ആ ശ്രമം യാഥാർഥ്യമായില്ല.

അലക്സാണ്ടർ ഉല്യാനോവ്

പിന്നീട് സംശയകരമായ സാഹചര്യത്തിൽ ചിലർ ചുറ്റിക്കറങ്ങുന്നതുകണ്ട പൊലീസ് അവരെ പിടികൂടി. പിടികൂടപ്പെട്ടവർ സാഷയുടെ സംഘത്തിലുള്ളവരായിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് അവരുടെ കെെവശം ബോംബുണ്ടെന്ന്- മനസ്സിലായത്. സാർ അലക്സാണ്ടർ മൂന്നാമന്റെ പിതാവായ അലക്സാണ്ടർ രണ്ടാമൻ കൊല്ലപ്പെട്ടത് 1881 മാർച്ച് ഒന്നിനായിരുന്നു. ‘‘രണ്ടാം മാർച്ച് ഒന്ന്’’ എന്നു വിശേഷിക്കപ്പെട്ട 1887 മാർച്ച് ഒന്നിന്, അലക്സാണ്ടർ മൂന്നാമനെ വധിക്കാനുള്ള ഒരു ഗൂഢാലോചന നടന്നു. എന്നാൽ സാഷ ഉൾപ്പെടെ ആ സംഘത്തിലെ എല്ലാവരും പൊലീസ് പിടിയിലായതോടെ അത് നടന്നില്ല. ചക്രവർത്തിയെ വധിക്കാൻ പദ്ധതിയിട്ടവരിലൊരാൾ സാഷയാണെന്ന വിവരം സിംബർസ്കിലെ ഉല്യാനോവ് കുടുംബത്തിലുമെത്തി. മാസങ്ങൾക്കുമുൻപേ അച്ഛൻ മരണപ്പെട്ട സാഹചര്യത്തിൽ മാതാവ് മരിയ ഉല്യാനോവ്ന വിവരമറിഞ്ഞയുടൻ സെന്റ് പീറ്റേഴ്സ്ബെർഗിലെത്തി മകനെ കാണുകയും അധികൃതരിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു–മാപ്പപേക്ഷ കൊടുത്താൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താമെന്ന നിർദേശം അധികൃതരിൽ നിന്ന് ലഭിച്ചത് ആ മാതാവ് മകനുമുന്നിൽ അവതരിപ്പിച്ചെങ്കിലും അവൻ ആ നിർദേശം ചെവിക്കൊണ്ടില്ല. താൻ മരണം പ്രതീക്ഷിച്ചുതന്നെയാണ് ഈ വഴിക്കു നീങ്ങിയതെന്ന ഉറച്ച നിലപാടിലായിരുന്നു അവൻ. അലക്സാണ്ടർ ഉല്യാനോവ് (സാഷ) കോടതിയിൽ കുറ്റം നിഷേധിച്ചില്ല. സാർ ചക്രവർത്തിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ താൻ പങ്കെടുത്തതായി തറപ്പിച്ചു പറഞ്ഞ സാഷ ആ നടപടി ശരിയാണെന്ന് കോടതിയിൽ വാദിക്കുകയും ചെയ്തു. സാഷ ഉൾപ്പെടെ അഞ്ച് ചെറുപ്പക്കാരെ തൂക്കിലേറ്റാൻ കോടതി വിധിച്ചു. 1887 മെയ് 8ന് വധശിക്ഷ നടപ്പിലാക്കി. വ്ളാദിമീറിനെയും അമ്മയെയും മറ്റു സഹോദരങ്ങളെയും മാത്രമല്ല അലക്സാണ്ടർ ഉല്യാനോവിനെ, വ്ളാദിമീറിന്റെ പ്രിയപ്പെട്ട സാഷയെ തൂക്കിലേറ്റിയത്, ആ ചെറുപ്പക്കാരനെ ഒരിക്കലും കണ്ടിട്ടില്ലാത്ത റഷ്യക്കാരെപ്പോലും ഞെട്ടിച്ചു. സാഷ അവരുടെയാകെ ധീരനായകനും രക്തസാക്ഷിയുമായി എന്നാണ് ലൂയി ഫിഷർ എഴുതിയ The Life of Lenin എന്ന കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സർവകലാശാല വിദ്യാർഥിയായിരിക്കെ ലെനിൻ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ജയിലിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ‘‘ജയിൽ മോചിതനായശേഷം എന്താണ് തുടർന്നുള്ള പരിപാടി’’ എന്ന് ചോദിച്ചപ്പോൾ ‘‘എനിക്കിനി എന്താണ് വേറെ ചിന്തിക്കാനുള്ളത്? എന്റെ ജേ-്യഷ്ഠ സഹോദരൻ എനിക്കായി വഴിതെളിച്ചിട്ടിട്ടുണ്ട്’’ എന്നായിരുന്നു വ്ളാദിമീറിന്റെ മറുപടി. ബോംബിന്റെ രാഷ്ട്രീയം പിൻപറ്റുമെന്നല്ല വ്ളാദിമീർ പറഞ്ഞതിനർഥം. സ്റ്റാറിസ്റ്റ് സേ–്വച്ഛാധിപത്യത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിച്ച ജേ-്യഷ്ഠനെപോലെ അതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്നാണ് വ്ളാദിമീർ അർഥമാക്കിയത്. ‘‘തന്റെ സഹോദരന്റെ വിധി നിസ്സംശയമായും വ്ളാദിമീർ ഇലിച്ചിനെ ആഴത്തിൽ സ്വാധീനിച്ചു.’’ എന്നാണ് ലെനിന്റെ ജീവിതപങ്കാളി എൻ കെ ക്രൂപ്-സ്-ക്കായ എഴുതിയ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയത്.

സാർ അലക്സാണ്ടർ മൂന്നാമന് നേരെ തങ്ങൾ നടത്തിയ വധശ്രമത്തിൽ പരിഭ്രാന്തരാകുന്ന ഗവൺമെന്റ് കൂടുതൽ ഇളവുകൾ നൽകുമെന്നും മർദന നടപടികളിൽ അയവുവരുത്തുമെന്നാണ് ആ സാഹസികതയ്ക്ക് തുനിഞ്ഞിറങ്ങിയ ചെറുപ്പക്കാർ പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചതങ്ങനെയല്ല. വിദ്യാർഥികൾക്കുമേൽ പട്ടാളച്ചിട്ട അടിച്ചേൽപ്പിക്കൽ കൂടുതൽ ശക്തിപ്പെടുകയാണുണ്ടായത്. ഭരണകൂടം കൂടുതൽ കർക്കശമായ അടിച്ചമർത്തലുകളിലേക്ക് നീങ്ങി.

സ്വന്തം ജീവിതംപോലും ബലിയർപ്പിച്ച് റഷ്യയെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ, ആ സാഹസിക നടപടിയിലേക്ക് തിരിഞ്ഞ യുവസംഘം എന്തായിരുന്നു ചിന്തിച്ചത് എന്ന പരിശോധന പ്രസക്തമാണ്. അലക്സാണ്ടർ ഇലിച്ച് ഉല്യാനോവ് എന്ന സാഷ എഴുതി തയ്യാറാക്കിയ ആ ഗ്രൂപ്പിന്റെ മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയത് ഇങ്ങനെ:

‘‘അഭിപ്രായപ്രകടന സ്വാതന്ത്ര്യം കൂടാതെ ഒരു വിധത്തിലുള്ള പ്രചരണവും ഫലപ്രദമായി നടത്താൻ കഴിയില്ല. അതുപോലെതന്നെ രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ ജനപ്രതിനിധികളുടെ പങ്കാളിത്തമില്ലാതെ ജനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും ശരിക്കും ഒരു സാധ്യതയും ഉണ്ടാവില്ല. ആ നിലയിൽ റഷ്യൻ സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അന്തിമലക്ഷ്യം കെെവരിക്കുന്നതിനുള്ള അവശേ-്യാപാധിയാണ് സ്വതന്ത്രമായ സ്ഥാപനങ്ങൾക്കായുള്ള പോരാട്ടം… ആയതിനാൽ സോഷ്യലിസം അനുപേക്ഷണീയമായി കരുതുന്ന ഒരു പാർട്ടിക്ക് താൽക്കാലികമായിട്ടു മാത്രമേ അതിന്റെ ശക്തിയാകെ രാഷ്ട്രീയപോരാട്ടത്തിനായി ഉഴിഞ്ഞുവയ്ക്കാനാവൂ. അന്തിമലക്ഷ്യമായി തങ്ങൾ മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികാശയങ്ങൾ യാഥാർഥ്യമാക്കാനുള്ള കൂടുതൽ ശരിയായതും ഫലപ്രദവുമായ പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവയ്ക്കേണ്ട അവശേ-്യാപാധിയായേ ആ പോരാട്ടത്തെ കാണാൻ കഴിയൂ.’’ (ലാർസ് ടി ലിയുടെ ‘ലെനിൻ’ എന്ന കൃതിയിൽ ചേർത്തിട്ടുള്ളത്, പേജ് 26, 27).

ഈ വരികളിൽ നിന്ന് വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. അതായത്, സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തെ തകർത്ത് തൽസ്ഥാനത്ത് സ്വതന്ത്ര സ്ഥാപനങ്ങൾക്കിടമുള്ള, രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനാപരമായ ഒരു ഭരണസംവിധാനം സ്ഥാപിക്കണമെന്നാണ് അലക്സാണ്ടർ ഉല്യാനോവും സംഘവും ആഗ്രഹിച്ചിരുന്നത്. തങ്ങളുടെ പ്രധാന ലക്ഷ്യം രാജ്യത്തിന്റെ സാമ്പത്തികമായ മോചനമാണെന്ന് കരുതുന്ന സോഷ്യലിസ്റ്റുകൾക്ക് വെറുക്കപ്പെട്ട ലിബറലുകൾ ഉയർത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങൾക്കായി തങ്ങളുടെ ഊർജമാകെ താൽക്കാലികമായിട്ടുമാത്രമേ ചെലവിടാൻ കഴിയൂവെന്നും അലക്-സാണ്ടർ ഉല്യാനോവ് ഈ വാക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യം അവരുടെ അന്തിമലക്ഷ്യമാകരുതെന്നും അവർ വ്യക്തമാക്കിയിരുന്നു.

അടിയന്തരലക്ഷ്യം സാറിസ്റ്റ് വാഴ്ചയുടെ സ്ഥാനത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പാക്കുന്ന ഒരു ഭരണസംവിധാനമാണെന്നും എന്നാൽ സോഷ്യലിസ്റ്റുകൾ അവിടെ ഒതുങ്ങി നിൽക്കരുതെന്നും തൊഴിലാളിവർഗത്തിന്റെയും കർഷകജനസാമാന്യത്തിന്റെയും സാമ്പത്തികമായ മോചനത്തിനായുള്ള പോരാട്ടത്തിലേക്ക് മുന്നേറണമെന്നുമുള്ള തെളിമയാർന്ന ആശയമാണ് അലക്സാണ്ടർ ഉല്യാനോവും കൂട്ടരും തങ്ങളുടെ മാനിഫെസ്റ്റോയിൽ അവതരിപ്പിക്കുന്നത്. ഈ ആശയം 1860കളിലും 1870 കളിലും റഷ്യൻ സോഷ്യലിസ്റ്റ് വിപ്ലവകാരികൾ മുന്നോട്ടുവച്ച ആശയങ്ങളിൽനിന്നും തികച്ചും വ്യത്യസ്തവും നൂതനവുമായിരുന്നു. പത്ര സ്വാതന്ത്ര്യം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എന്നിവയെല്ലാം മഹാഭൂരിപക്ഷവും നിരക്ഷരരായ കർഷകജനതയുള്ള റഷ്യയിൽ അപ്രസക്തവും ആഡംബരവുമാണെന്നായിരുന്നു ആദ്യകാല വിപ്ലവകാരികൾ കരുതിയത്. മാത്രമല്ല, രാഷ‍്ട്രീയ സ്വാതന്ത്ര്യമെന്നത് വളർന്നുവന്നുകൊണ്ടിരിക്കുന്ന ബൂർഷ്വാസിയുടെ ആവശ്യമാണെന്നും റഷ്യയിൽ നിലനിൽക്കുന്ന കർഷക കമ്യൂണുകൾ തന്നെ സോഷ്യലിസത്തിന്റെ ഒരു രൂപമാണെന്നും അതുകൊണ്ട് മുതലാളിത്തത്തിന് അവസരം നൽകാതെതന്നെ നേരിട്ട് സോഷ്യലിസത്തിലേക്ക് പരിവർത്തനം സാധ്യമാണെന്നുമാണ് മിഖായേൽ ബക്കുനിനെയും പീറ്റർ താച്ചോവിനെയും പോലുള്ളവർ വാദിച്ചിരുന്നത്. അതുകൊണ്ട് നിലവിലുള്ള സാമൂഹ്യവ്യവസ്ഥയുടെ സാമ്പത്തികാടിത്തറ തന്നെ ഉടൻ തകർക്കണമെന്നും അവർ വാദിച്ചു.

എന്നാൽ ഇത്തരം ആശയങ്ങളെ പാടേനിരാകരിക്കുകയും ജനാധിപത്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും സ്ഥാപിക്കുകയാണ് അടിയന്തര ലക്ഷ്യം എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്തതിലൂടെ അലക്-സാണ്ടർ ഉല്യാനോവും കൂട്ടരും പ്രത്യയശാസ്ത്രപരമായി ഒരു ചുവട് മുന്നോട്ടുവെച്ചിരിക്കുന്നുവെന്ന് കാണാം. അതേസമയം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യമില്ലാതെ ഫലപ്രദമായി യാതൊരുവിധ പ്രചരണവും നടത്താനാവില്ലെന്ന ആശയം അവതരിപ്പിക്കുമ്പോൾ കേവലമൊരു ലിബറൽ ബൂർഷ്വാ ആശയത്തിലേക്ക് അവർ പരിമിതപ്പെടുന്നുമില്ല. അതൊരു താൽക്കാലിക ലക്ഷ്യം മാത്രമായിരിക്കണമെന്നും സോഷ്യലിസ്റ്റുകൾ ജനങ്ങളെ സാമ്പത്തികാടിമത്തത്തിൽ നിന്നും – ചൂഷണത്തിൽനിന്നും – മോചിപ്പിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകണമെന്നും കൃത്യമായി അവർ വ്യക്തമാക്കുന്നുണ്ട്.

അപ്പോൾ ജനാധിപത്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ഇല്ലാതിരിക്കെ അതുണ്ടാക്കാൻ എന്തുചെയ്യണം എന്നിടത്താണ് അലക്സാണ്ടർ ഉല്യാനോവിനും (സാഷ) സുഹൃത്തുക്കൾക്കും പിഴച്ചത്. അതാണ് കൗമാരക്കാരനായ വ്ളദിമീർ ഉല്യാനോവ് ഉൾകാഴ്ചയോടെ പറഞ്ഞത് ‘ഇതല്ല വഴി’യെന്ന്! ബഹുജന മുന്നേറ്റത്തിന് സാധ്യത കാണാതിരിക്കെയാണ് ‘‘ധീരരായ കുറച്ചാളുകൾ’’ മുന്നോട്ടുവന്ന് അവശ്യം വേണ്ട രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സേ-്വച്ഛാധിപത്യ ഭരണാധികാരികളെ നിർബന്ധിതരാക്കണമെന്നുള്ള നരോദ്-നിക്ക് വിപ്ലവകാരികളുടെ കാഴ്ചപ്പാടിനെ സാഷയും കൂട്ടരും പിൻപറ്റിയത്. 1881ൽ അലക്സാണ്ടർ രണ്ടാമനെ വധിച്ച നരോദ് നയാ വോള്യയിലെ വിപ്ലവകാരികൾ ചിന്തിച്ചത്, ഭരണാധികാരിയെ വധിച്ചുകൊണ്ട് സാമൂഹ്യ സമത്വം സ്ഥാപിക്കാമെന്നാണ്. 1887ൽ സാഷയും സംഘവും ഒരു പടി മാറി സാറിസ്റ്റ് വാഴ്ചയുടെ സ്ഥാനത്ത് ജനാധിപത്യ സംവിധാനങ്ങൾ സ്ഥാപിക്കുകയെന്ന അടിയന്തര മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്ന സ്ഥിതിയുണ്ടായി. പക്ഷേ, ആ സ്ഥിതി സംജാതമാക്കാൻ പഴയ നരോദ്-നിക്ക് നിലപാടു തന്നെയാണ് അവർ പിന്തുടർന്നത്.

എന്നാൽ 1881ൽ അലക്സാണ്ടർ രണ്ടാമനെ വധിച്ചതിനെ തുടർന്ന് ഭരണകൂടം ഭയപ്പെട്ട് പരിഷ്കരണ നടപടികളിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയുടെ സ്ഥാനത്ത് കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളും മർദന നടപടികളുമാണുണ്ടായത് എന്ന അനുഭവത്തിൽനിന്ന് പഠിക്കാനും മുന്നോട്ടുപോകാനും സാഷയ്ക്കും സംഘത്തിനും കഴിഞ്ഞില്ലെന്നതാണ് അവർക്ക് സംഭവിച്ച പാളിച്ച. അതായത് അവർ തങ്ങളുടെ ജീവിതം ബലികഴിച്ചതിലൂടെ കൂടുതൽ അടിച്ചമർത്തലുകളിലേക്ക് ഭരണകൂടം തിരിഞ്ഞുവെന്നല്ലാതെ ഒരു പരിഷ്കരണവും ഉണ്ടായില്ല. അവിടെയാണ് തന്റെ സഹോദരൻ മാനിഫെസ്റ്റൊയിൽ മുന്നോട്ടുവെച്ച ലക്ഷ്യം – സാറിസ്റ്റ് സേ-്വച്ഛാധിപത്യവാഴ്ചയുടെ സ്ഥാനത്ത് ജനാധിപത്യ സംവിധാനവും തുടർന്ന് ‘സാമ്പത്തികമായ മോചന’വും എന്ന ലക്ഷ്യം – സാക്ഷാത്കരിക്കുന്നതിനുളള ‘‘മറ്റൊരു മാർഗ’’ത്തെക്കുറിച്ച് വ്ളാദിമീർ ഉല്യാനോവ് ചിന്തിച്ചത്.

സോഷ്യലിസത്തിലേക്ക് പോകുന്നതിനുള്ള യാഥാർഥ്യപൂർണമായ മാർഗം വ്യാപകമായ ആശയ പ്രചരണം നടത്തി തൊഴിലാളികളെ വിദ്യാഭ്യാസം ചെയ്യിക്കലാണ് എന്ന തന്ത്രമാണ് സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനം മുന്നോട്ടുവച്ചത്. പക്ഷേ, അതിന് റഷ്യയിൽ, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലെന്നപോലെ, രാഷ്ട്രീയ സ്വാതന്ത്ര്യം നിലവിലുണ്ടായിരുന്നില്ല. സാറിസ്റ്റ് സേ-്വച്ഛാധിപത്യ വാഴ്ചയെ കടപുഴകിയെറിയാൻ സാഷ പിന്തുടർന്നതല്ലാത്ത മാർഗ്ഗത്തെക്കുറിച്ച് ആലോചിക്കണം. സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തിൻകീഴിൽ പോലും പാശ്ചാത്യ യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക് തന്ത്രം പ്രയോഗിക്കാനാകുമെന്നതായിരുന്നു വ്ളാദിമീറിന്റെ ആശയം. രാഷ്ട്രീയ സ്വാതന്ത്ര്യം കെെവരിക്കാൻ തന്നെ സേ-്വച്ഛാധിപത്യ വാഴ്ചയിൽ എങ്ങനെ പ്രചരണം സംഘടിപ്പിക്കാം എന്ന അനേ-്വഷണമാണ് വ‍്ളാദിമിർ ഇലിച്ച് ഉല്യാനോവ് നടത്തിയത്. സർവകലാശാല കാലത്ത് ജയിലിലായപ്പോൾ തന്റെ സഹപ്രവർത്തകനോട് ജേ-്യഷ്ഠ സഹോദരൻ തെളിച്ച പാത തനിക്ക് മുന്നിലുണ്ടെന്ന് വ്യക്തതയോടെ അദ്ദേഹം പറഞ്ഞത് ഈ ആലോചനയുടെ പശ്ചാത്തലത്തിലാണ്.

ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് പുതുതായി എത്തിയ സഖാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് 1920ൽ ലെനിൻ പറഞ്ഞത് റഷ്യൻ വിപ്ലവ പാരമ്പര്യം മാർക്സിസത്തിലേക്കുള്ള വഴി തെളിയിച്ചതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ്. അതായത് അലക്സാണ്ടർ ഉല്യാനോവിനെപോലെയുള്ള വിപ്ലവകാരികളുടെ രക്തസാക്ഷിത്വം പാഴാകുകയായിരുന്നില്ല, ആത്യന്തികമായി അത് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ ഉയർച്ചയിൽ സുപ്രധാന പങ്കു വഹിക്കുകയായിരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − 6 =

Most Popular