(മാധ്യമപ്രവർത്തക ലോറ പ്രാദയുടെ അനുഭവക്കുറിപ്പാണിത്)
വൈദ്യുതി മുടങ്ങിയിട്ട് 72 മണിക്കൂറിലധികമായി. 2020 മാർച്ചിൽ വെനസ്വേലയിൽ ദേശീയ വൈദ്യുത പവർ സിസ്റ്റത്തിനു നേരെയുണ്ടായ ആക്രമണംമൂലം ഒരാഴ്‌ചയോളം വൈദ്യുതി ലഭ്യമായിരുന്നില്ല. അതേപോലെ ഇപ്പോൾ ക്യൂബയിലും എനിക്ക് 72 മണിക്കൂർ കറന്റില്ലാതെ ചെലവഴിക്കേണ്ടിവന്നു. രണ്ടിന്റെയും തുടക്കം ഒന്നിൽനിന്നായിരുന്നു. രണ്ടിടത്തും ഉപരോധത്താൽ ഗത്യന്തരമില്ലാതെ കുഴഞ്ഞുമറിഞ്ഞ ഭരണം. സ്വന്തം വഴി കണ്ടെത്താൻ, ആ വഴിയിലൂടെ മുന്നോട്ടുപോകാൻ സ്വതന്ത്രരായ ജനതയെ ശക്തമായ ഒരു രാജ്യം അനുവദിക്കുന്നില്ല.
വെനസ്വേലയിൽ നടക്കുന്ന കാര്യങ്ങൾ ലോകത്തെ ജനങ്ങളെയാകെ അറിയിച്ചുകൊണ്ട്, ഉറക്കവും വിശപ്പും ക്ഷീണവും വകവെക്കാതെ ഞങ്ങളിവിടെത്തന്നെ തുടർന്നു.
നാലുവർഷത്തിനുശേഷം, ഇന്നിതാ സമാനമായ ഒരാക്രമണം നടക്കുന്നു; ക്യൂബയിൽ! അറുപത് വർഷങ്ങൾക്കു മുമ്പ് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ അനന്തരഫലമെന്നോണം, ക്യൂബയുടെ വൈദ്യുത പവർ സിസ്റ്റമാകെ തകരുകയും ക്യൂബയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്‌തു. അന്നത്തെപ്പോലെ എന്തുവന്നാലും അതെല്ലാം നേരിടാൻ ഞങ്ങൾ തയ്യാറാണ്. പക്ഷേ, ഇന്ന് മൂന്ന് വയസ്സുള്ള ഒരു കുട്ടിയെയും കൂടി ഞങ്ങളുടെ സംരക്ഷണയിൽ ഉണ്ടെന്ന പേടി മാത്രമേയുള്ളൂ.
എന്താണ് സംഭവിക്കുന്നതെന്ന് തുറന്നു പറയാനായി ഉള്ളിലെരിഞ്ഞുകൊണ്ടിരിക്കുന്ന തീ തന്നെ ഞങ്ങളെ പൊള്ളിക്കുകയാണ്. വീടിന്റെ ചുമരുകൾ തന്നെ ഞങ്ങളെ അടിച്ചമർത്തുന്നതായി ഞങ്ങൾക്ക് അനുഭവപ്പെടുന്നു. ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കെട്ടിപ്പൊക്കുന്ന നുണകളെ പൊളിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ഞങ്ങൾക്കറിയാം. അതേസമയം എനിക്ക് കേൾക്കാൻ കഴിയുന്നത് പാത്രം കൊട്ടുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ മറ്റുള്ളവരോട് അതിനൊപ്പം ചേരാൻ മുറവിളി കൂട്ടുന്ന ശബ്ദങ്ങളുമാണ്. ഭാഗ്യം നഷ്ടപ്പെട്ടവരുടെയും ഭാഗ്യം ലഭിച്ചവരുടെയും മുറവിളികളും കേൾക്കാൻ കഴിയുന്നു.
‘‘അമ്മേ എനിക്ക് വെള്ളം വേണം’’ എന്ന ശബ്ദം ആലസ്യത്തിൽനിന്നുമെന്ന തട്ടിയുണർത്തുന്നു. ഏണസ്റ്റോയുടെ ദാഹം ശമിപ്പിക്കാൻ ഞാൻ അടുക്കളയിലേക്ക് ഓടുന്നു. മൂന്നുവയസ്സുകാരനായ അവൻ രണ്ടുദിവസമായി പലയാവർത്തി ചോദിച്ചുകൊണ്ടിരിക്കുകയാണ് ‘‘എത്ര മണിക്കാണ് വീണ്ടും കറന്റ് വരുന്നതെന്ന്’’.
പുറത്ത് നല്ല കാറ്റും മഴയുമാണ്. വെള്ളം അകത്തേക്ക് കയറുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഞാൻ നിരന്തരം സ്വീകരണമുറയിൽ ചെന്ന് നോക്കുന്നുണ്ട്. ഭക്ഷണം കരിഞ്ഞുപോകുന്നില്ലെന്ന് ഇതിനിടയിൽ ഉറപ്പുവരുത്തുകയും ചെയ്‌തു. സിഗ്നലും നെറ്റും ലഭ്യമാകുന്നുണ്ടോ എന്നറിയാൻ ഗോവണിക്ക് മുകളിൽ ചെന്നു. ആ സമയം ദൂരെ വൈദ്യുതനിലയങ്ങളിൽനിന്നുള്ള ഓരോ ശബ്ദവും എനിക്ക് കേൾക്കാൻ കഴിഞ്ഞു. പതിയെ ദ്വീപിൽ വെളിച്ചമെത്തുമെന്ന് അവർ പറയുന്നുണ്ട്. പച്ചയും മഞ്ഞയും കുത്തുകളുള്ള ഒരു മാപ്പ് സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രചരിപ്പിക്കുകയും ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്.
ചില സമയങ്ങളിൽ വല്ലാത്തൊരു അനിശ്ചിതത്വം എന്നെ വലിച്ചുമുറുക്കുന്നു. ഈ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമെന്നിലുള്ളതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവരോടും തുറന്നുപറയാനും എനിക്ക് കഴിയുന്നില്ല. കുഞ്ഞ് വിശ്രമിക്കുന്ന സമയങ്ങളിൽ ഞാനീ വീടിന്റെ എല്ലാ ഭാഗങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി കിട്ടുമോ എന്നുള്ള തിരച്ചിലിലാണ്.
എത്ര ശ്രമിച്ചിട്ടും മനസ്സിൽനിന്നു മായാത്ത കാര്യങ്ങൾ മണിക്കൂറുകളോളം ഞാൻ ആവർത്തിക്കുന്നു. സത്യത്തിൽ യാങ്കികൾ തീർക്കുന്ന ഉപരോധത്തിന്റെ യാഥാർഥ്യം ഇതൊക്കെയാണ്.; അവന്റെയൊക്കെ …….ന്റെ ഉപരോധം! ഇത് അതിന്റെ പല മുഖങ്ങളിൽ ഒന്നാണ്. ഇന്ന് അത് നമ്മൾ നേർക്കുനേർ കാണുന്നു.
72 മണിക്കൂറിലധികമായി ക്യൂബ ഇരുട്ടിലാണ്. പക്ഷേ ക്യൂബ പരാജയപ്പെട്ടിട്ടില്ല.
ഉപരോധം തുലയട്ടെ! l