Thursday, November 21, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്യന്ത്രവൽക്കരണവും കർഷകത്തൊഴിലാളികളും

യന്ത്രവൽക്കരണവും കർഷകത്തൊഴിലാളികളും

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 61

പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി
ചിന്നിയ കതിര്‍ ചുറ്റും കിടക്കെ
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍
ഗ്രാമജീവിതകഥാ നാടകഭൂവില്‍
കെട്ടിയ മുടി കച്ചയാല്‍ മൂടി
ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി
വെറ്റില ചവച്ചുന്മദമോളം
വെട്ടിടും അരിവാളുകളേന്തി
ഒന്നിച്ചാനമ്ര മെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ
– വൈലോപ്പിള്ളി , കന്നിക്കൊയ്ത്ത്

വൈലോപ്പിള്ളി ശ്രീധരമേനോൻ കന്നിക്കൊയ്ത്ത് എഴുതുന്നത് 1947ലാണ്. കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ മനോഹരമായ ചിത്രീകരണമാണീ കവിത. വിളഞ്ഞുകിടക്കുന്ന പാടശേഖരങ്ങളിൽ കൊയ്യാനിറങ്ങുന്ന കർഷകത്തൊഴിലാളികളുടെ ജീവിതത്തെ ഇവിടെ കവി വർണിക്കുന്നു. ഇന്ന്, ഏതാണ്ട് 75 വർഷങ്ങൾക്ക് ശേഷം, നമ്മുടെ പാടശേഖരങ്ങളിൽ കാണുന്ന കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ്. കൃഷിത്തൊഴിൽ തേടി കൂട്ടത്തോടെ എത്തുന്ന ആൾക്കാരെ എവിടെയും കാണാനില്ല. പണ്ട് കൊയ്യാൻ തിക്കിത്തിരക്കി ആളുകൾ വരുമ്പോൾ പാസ്സ് അടിച്ചു വിതരണം ചെയ്ത് കൊയ്യാനിറക്കിയിരുന്നവരെ നിയന്ത്രിച്ചിരുന്ന ഒരു കാലം നമ്മുടെ കുട്ടനാടൻ പാടശേഖരങ്ങളിലുണ്ടായിരുന്നു. അവിടെ നിന്നും കൊയ്ത്തും മെതിയും പൂർണമായും യന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഒരു കാലത്തിലാണ് ഇന്ന് നാം നിൽക്കുന്നത്. ഏറ്റവും ഒടുവിലായി ഡ്രോണുകൾ വിത്ത;വിതയ്ക്കുകയും മരുന്നടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. നിലമൊരുക്കുക, വിത്ത് വിതയ്ക്കുക, ഞാറു പറിച്ചുനടുക, കള പറിക്കുക, കൊയ്യുക തുടങ്ങിയ പ്രവൃത്തികളാണ് പരമ്പരാഗതമായി കുട്ടനാടൻ പാടശേഖരങ്ങളിൽ കർഷകത്തൊഴിലാളികൾ ചെയ്തുപോന്നിരുന്നത്. ഇതിൽ യന്ത്രങ്ങളുടെ കടന്നുവരവ് ആദ്യം സംഭവിക്കുന്നത് നിലമുഴുന്ന പ്രക്രിയയിലാണ്. കന്നുകളെ നുകത്തിൽ പൂട്ടി നിലമുഴുന്ന സമ്പ്രദായം ഏതാണ്ട് അരനൂറ്റാണ്ടു മുമ്പേതന്നെ അവസാനിച്ചു കഴിഞ്ഞിരുന്നു. ട്രാക്ടറുകളും ട്രില്ലറുകളും ഈ പണി ഏറ്റെടുത്തു. ലോകമെമ്പാടും സംഭവിച്ച സമാന പ്രക്രിയകളുടെ തുടർച്ചയാണ് ഇവിടെയും നടന്നത്. നിലമുഴുന്ന പണിയിൽ ഏർപ്പെട്ടിരുന്ന, കുതിരകളും കഴുതകളുമടങ്ങുന്ന, രണ്ടര കോടി മൃഗങ്ങളാണ് 1910നും 1960നുമിടയിൽ അമേരിക്കയിൽ മാത്രം ഈ പണിയിൽ നിന്നും മാറ്റി നിർത്തപ്പെട്ടത്, അതോടൊപ്പം ഈ മൃഗങ്ങളെ ഇത്തരം പ്രവൃത്തികൾ ചെയ്യാനാവശ്യമായ പരിശീലനം നൽകി ജോലി ചെയ്യിപ്പിച്ചിരുന്ന തൊഴിലാളികളും അപ്രത്യക്ഷരായി. ഇന്ന് കാണുന്ന രൂപത്തിലുള്ള സാധാരണ ട്രാക്ടറുകൾ 1940കളോടെ യൂറോപ്പിലെ കൃഷിയിടങ്ങളിൽ സാധാരണമായി കഴിഞ്ഞിരുന്നു. ഉല്പാദനവർദ്ധനവിൽ ഇതുണ്ടാക്കിയ മാറ്റങ്ങൾ വഴിയേ പരിശോധിക്കാം.

നിലമൊരുക്കുന്ന പണി യന്ത്രങ്ങൾ ഏറ്റെടുത്തതിനുശേഷം ഏതാണ്ട് മൂന്ന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് നമ്മുടെ നാട്ടിലെ മറ്റു കാർഷികവൃത്തികളിലേക്ക് യന്ത്രങ്ങൾ കടന്നുവരുന്നത്. 1980 കളിൽ കൊയ്ത്തുയന്ത്രങ്ങൾ ആദ്യം കടന്നുവന്നപ്പോൾ അത് ചില സംഘർഷങ്ങൾക്ക് വഴിവെക്കുക പോലും ചെയ്തിരുന്നു.ഇതിനും ഒന്നര നൂറ്റാണ്ടുമുമ്പ്, 1858ൽ, യൂറോപ്പിൽ കൊയ്ത്തുയന്ത്രത്തിന് പേറ്റന്റ് എടുത്തുകഴിഞ്ഞിരുന്നു എന്നുകൂടി ഈ സന്ദർഭത്തിൽ ഓർമ്മിക്കാവുന്നതാണ്. അതിനും ഒന്നേകാൽ നൂറ്റാണ്ടിനുശേഷമാണ് കൊയ്ത്തുയന്ത്രങ്ങൾ ഇവിടെയെത്തുന്നത്. പൂർണ തൊഴിൽരഹിതരെയും ഭാഗികമായി മാത്രം തൊഴിലുകളിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്നവരെയുംകൊണ്ട് നിറഞ്ഞ ഒരു നാട്ടിൽ ഉള്ള തൊഴിൽ തന്നെ യന്ത്രങ്ങൾ കൊണ്ടുപോകുമോ എന്ന ആശങ്ക സ്വാഭാവികമാണ്. ഇന്ന് പക്ഷേ കൊയ്ത്തും മെതിയും പോലുള്ള കാർഷികവൃത്തികൾ പൂർണമായും യന്ത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

മുട്ടോളം കാല് താണുപോകുന്ന, എക്കൽ ചെളി നിറഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ, വിത്തെറിയുക എന്നത് ഒരുകാലത്ത് വിദഗ്‌ധരായ തൊഴിലാളികൾക്ക് മാത്രം കഴിഞ്ഞിരുന്ന ഒന്നായിരുന്നു. ജി പി എസ് നിയന്ത്രിക്കുന്ന ഡ്രോണുകൾ ഇന്ന് ആ പ്രവൃത്തി അതിലും കൃത്യതയോടെ ചെയ്തുതുടങ്ങിയിരിക്കുന്നു. ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ കാർഷികപ്രവൃത്തികൾ സമ്പൂർണ്ണമായും യന്ത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, കൂലി (labour cost) വളരെ ഉയർന്നു നിൽക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ, കൃഷിയിടങ്ങളുടെ ഉടമകൾ നേരിട്ട് ഈ പണികൾ ചെയ്യുന്ന രീതിയിലേക്ക് തന്നെ കാര്യങ്ങൾ മാറിയിരിക്കുന്നു. ഈ സാമൂഹിക പരിണാമത്തെയും അതിന്റെ സാമൂഹിക രാഷ്ട്രീയ വിവക്ഷകളെയും സൂക്ഷ്മമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ട്രാക്ടറുകളുടെ കടന്നുവരവാണ് കാർഷികമേഖലയിലെ വ്യാപകമായ യന്ത്രവൽക്കരണത്തിലെ നിർണായകമായൊരു ചുവടുവെയ്പ്. ഒരു വഴിക്ക് ഇത് വൻതോതിലുള്ള ഉല്പാദനക്ഷമതയ്ക്കിടയാക്കിയപ്പോൾ മറുഭാഗത്ത് നാളിതുവരെ ഈ പണികളിലേർപ്പെട്ടിരുന്ന മൃഗങ്ങളെയും മനുഷ്യരെയും ഈ ജോലികളിൽ നിന്നും വിച്ഛേദിച്ചു. ഗ്യാസ് കൊണ്ട് പ്രവർത്തിക്കുന്ന, വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാക്ടറുകൾ 1902ൽ തന്നെ നിലവിൽ വന്നിരുന്നു. വലിയൊരു ആനയുടെ വലുപ്പം വരുന്ന ഇവ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് അത്ര വ്യാപകമായി സ്വീകരിക്കപ്പെട്ടില്ല. വലിപ്പവും വിലയും കുറഞ്ഞ ട്രാക്ടറുകൾ അധികം വൈകാതെ രംഗത്തെത്തി. 1917ൽ ഹെൻറി ഫോർഡിന്റെ ചെറിയ ട്രാക്ടറുകൾ പ്രത്യക്ഷപ്പെട്ടു. അവ വളരെപ്പെട്ടെന്ന് വ്യാപകമായി സ്വീകാര്യത നേടുകയും ചെയ്തു. 1940കളോടെ റബ്ബർ ടയറുകളും ഡീസൽ എഞ്ചിനുകളുമുള്ള ട്രാക്ടറുകൾ രംഗത്തുവന്നതോടെ ചിത്രം പാടെ മാറി. പാശ്ചാത്യനാടുകളിലെ ഫാമുകളിൽ നിന്നും കുതിരകൾ അപ്രത്യക്ഷമായിത്തുടങ്ങി. ഇന്നും യൂറോപ്പിൽ ഗ്രാമങ്ങളിൽ കൂടി യാത്ര ചെയ്യുമ്പോൾ ഇലക്ട്രിക്ക് ഫെൻസുകളുള്ള പുൽമേടുകളിൽ കുതിരകളെ മേയാൻ വിട്ടിരിക്കുന്ന കാഴ്ചകൾ കാണാം. ഭൂതകാലത്തെ ചില പ്രവർത്തനങ്ങളുടെ ഓർമ്മകൾ പേറുന്ന കാഴ്ചകൾ എന്നതിനപ്പുറം വർത്തമാനകാലത്ത് അവയ്ക്ക് വലിയ പ്രസക്തിയൊന്നും ഉണ്ടെന്നു തോന്നുന്നില്ല. അഞ്ചു കുതിരകൾ ചെയ്തിരുന്ന പ്രവൃത്തി കൈകര്യം ചെയ്യാൻ ആദ്യകാലത്തെ ഒരു ട്രാക്ടറിന് കഴിഞ്ഞിരുന്നുവെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു (American Agriculture in the Twentieth Century- Richard H. Steckel and William J). 1910നും 1960നുമിടയിൽ അമേരിക്കയിലെ ഫാമുകളിൽ കുതിരകളുടെയും കഴുതകളുടെയും ഉപയോഗത്തിലുണ്ടായ ഇടിവും അതേസമയം ട്രാക്ടറുകളുടെ ഉപയോഗത്തിലുണ്ടായ വർധനവും താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ഈ കാലഘട്ടത്തിൽ വലിയ തോതിലുള്ള ചർച്ചകൾ പലതും നടന്നിരുന്നു. കുതിരകളെക്കൊണ്ട് ജോലിയെടുപ്പിക്കുന്ന സമയം വർധിപ്പിക്കുകയാണ് ട്രാക്ടർക്കായുള്ള അധികച്ചെലവ് ഒഴിവാക്കാനുള്ള മാർഗമെന്ന് പലരും വാദിച്ചു. കുതിരകൾക്കായുള്ള നേരിട്ടുള്ള ചെലവിനേക്കാൾ, കുതിരകളെ ഒഴിവാക്കുന്നതുവഴി അവയെ പരിചരിക്കുന്ന തൊഴിലാളികളുടെ ചെലവിലുള്ള ലാഭമായിരുന്ന ഈ കണക്കെടുപ്പിൽ ഏറ്റവും പ്രധാനം.

1910ൽ അമേരിക്കയിലെ 92 ദശലക്ഷം ആൾക്കാരിൽ 38 ദശലക്ഷവും ഫാമുകളിൽ പണിയെടുക്കുന്നവരായിരുന്നു. 1950 ആയപ്പോഴേക്കും ഇത് 10 ശതമാനമായി കുറഞ്ഞു. 2010 ആകുമ്പോഴേക്കും ആകെയുള്ള തൊഴിലാളികളുടെ 2 ശതമാനം മാത്രമാണ് ഫാമുകളിൽ പണിയെടുക്കുന്നവർ എന്നതായി സ്ഥിതി. അതേസമയം ഉല്പാദനക്ഷമതയിൽ വലിയതോതിലുള്ള വർദ്ധനവ് ഇതിനു സമാന്തരമായുണ്ടായി. ഫാമുകളുടെ നിയന്ത്രണം കർഷക തൊഴിലുകളിൽനിന്നും യന്ത്രങ്ങൾ ഏറ്റെടുത്തു എന്നുവേണമെങ്കിൽ പറയാം. ഒരുപക്ഷേ ഇന്ന് ഡിജിറ്റൽ മേഖലയിലുണ്ടാകുന്ന സാങ്കേതികക്കുതിപ്പുകൾ സൃഷ്‌ടിക്കുന്ന സാമൂഹിക മാറ്റങ്ങളെക്കാൾ എത്രയോ വലിയ മാറ്റമാണ് കാർഷികമേഖലയിലേക്ക് യന്ത്രങ്ങൾ കടന്നുവരുന്നതുവഴി ഉണ്ടായത്. ഇതിലുള്ള വലിയൊരു വ്യത്യാസം ഈ സാങ്കേതികവിദ്യകൾ ഏതു സാമൂഹിക വിഭാഗങ്ങളെയാണ് ബാധിക്കുന്നത് എന്നതാണ്. കാർഷികമേഖലയിലെ യന്ത്രവൽക്കരണം സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സാമൂഹിക വിഭാഗങ്ങളെയാണ് ബാധിച്ചതെങ്കിൽ ആധുനിക സാങ്കേതികവിദ്യകളുടെ കടന്നുവരവ് അധികം ചലനങ്ങളും സൃഷ്ടിക്കുന്നത് മധ്യ വർഗത്തിനിടയിലാണ്. കാർഷികമേഖലയിലെ യന്ത്രവൽക്കരണം പാവപ്പെട്ട കർഷകത്തൊഴിലാളികൾ ജോലി തേടി നഗരങ്ങളിലേക്ക് ചേക്കേറാനും നഗരങ്ങളിലെ ചേരികളിൽ പോയി അടിയാനും ഇടയാക്കി. തീർത്തും അനാരോഗ്യകരമായ നഗരജീവിതം സ്വീകരിക്കാൻ നിർബന്ധിതരായവരായിരുന്നു ഇവർ. നരകതുല്യമായ ഈ ജീവിതത്തെക്കുറിച്ച് The Condition of the Working Class in England (1845) എന്ന കൃതിയിൽ എംഗൽസ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − one =

Most Popular