Friday, December 13, 2024

ad

Homeലേഖനങ്ങൾലൈംഗിക അടിമയായിരുന്നുവെന്ന് നടിയുടെ വെളിപ്പെടുത്തൽ

ലൈംഗിക അടിമയായിരുന്നുവെന്ന് നടിയുടെ വെളിപ്പെടുത്തൽ

അനാമിക

‘രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ….’ എന്ന സിനിമാഗാനം ജനപ്രിയമാണെങ്കിലും അതിൽ അഭിനയിച്ച സൗമ്യയെ പലർക്കും അറിയില്ല. ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞയായ ഡോ. സുജാത ഒരിക്കൽ മലയാളസിനിമയിലെ നായികയായിരുന്നു. 1992ൽ മൂന്ന് ചലച്ചിത്രങ്ങളിൽ നായികയായി. നീലക്കുറുക്കൻ, പൂച്ചക്കാര്‌ മണികെട്ടും, അദ്വൈതം. അശോകനും മുകേഷും ജയറാമുമായിരുന്നു സൗമ്യയുടെ നായകന്മാർ. പക്ഷേ അതിവേഗം സൗമ്യ വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷയായി.

ഇപ്പോൾ മുപ്പതു വർഷങ്ങൾക്ക് ശേഷം സൗമ്യ വീണ്ടും വാർത്തയിൽ നിറയുന്നതിനിടയാക്കിയത് ഹേമ കമ്മിറ്റി റിപ്പോർട്ടാണ്‌.

സിനിമയിൽ അഭിനയിക്കാനാഗ്രഹിച്ച ഒരു 18 കാരി കടന്നുപോയ ഞെട്ടിക്കുന്ന അനുഭവങ്ങൾ സൗമ്യ ലോകസമക്ഷം വെളിപ്പെടുത്തി.

സൗമ്യയുടെ കുഞ്ഞമ്മയും അഭിനേത്രിയുമായ ലക്ഷ്മി രാമകൃഷ്ണൻ തന്റെ യൂ ട്യൂബ് ചാനൽ വഴി നടത്തിയ അഭിമുഖത്തിലൂടെയാണ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സൗമ്യ ഈ തുറന്നുപറച്ചിൽ നടത്തിയത്.

അഭിമുഖത്തിന്റെ ഏകദേശരൂപം സൗമ്യയുടെ വാക്കുകളിൽ തന്നെ കൊടുക്കുന്നു:

‘ഹേമാക്കമ്മിറ്റിയെ പറ്റി ഇന്ത്യയിലെ ഒരു സുഹൃത്ത് അനിതയാണ് എന്നോട് പറഞ്ഞത്. കേട്ടപ്പോൾ വളരെ സമാധാനം തോന്നി. ഇതാണ് എനിക്ക് സംസാരിക്കാനുള്ള സമയമെന്നും എനിക്ക് തോന്നി. ഇപ്പോൾ എനിക്ക് ഭയമില്ല. എനിക്ക് 50 വയസ്സ് കഴിഞ്ഞു. ഇനി പ്രശസ്തിയും പേരും ഒന്നും എനിക്ക് വേണ്ട. അങ്ങനെ ആരും കരുതേണ്ട കാര്യമില്ല. ഇത് ഇനിയും പറയാതിരിക്കരുത് എന്നത് കൊണ്ട് മാത്രം പറയുന്നതാണ്. ഇത് കേൾക്കാൻ ഇഷ്ടമില്ലാത്തവർ ചാനൽ മാറ്റുക. അത്രേയുള്ളൂ. തികച്ചും വ്യക്തിപരമായ സംഭവങ്ങളാണ് ഞാൻ പറയാൻ പോകുന്നത്. അതുകൊണ്ട് ഇംഗ്ലീഷിൽ പറയുന്നതാണെനിക്ക് സൗകര്യം. അതിനെന്നോട് ക്ഷമിക്കണം.

എനിക്കന്ന് 18 വയസ്സാണ്. കോളേജിൽ ഒന്നാം വർഷം. എന്റെ വീടിന്റെ അടുത്താണ് രേവതി താമസിച്ചിരുന്നത്. ഞാൻ പഠിച്ച സ്കൂളിലാണ് രേവതിയും പഠിച്ചത്. അവരന്ന് വളരെ പ്രശസ്തയാണ്. എനിക്കും അവരെപ്പോലെ സിനിമയിൽ അഭിനയിക്കണമെന്ന് മോഹം തോന്നി. അപ്രതീക്ഷിതമായി ഒരിക്കൽ സ്ക്രീൻ ടെസ്റ്റിന് എനിക്കും അവസരം വന്നു. അമ്മ ഭയങ്കരമായി എതിർത്തു . ഞാൻ വഴക്കിട്ടു. അച്ഛൻ അംഗീകരിച്ചു. അങ്ങനെ ഒരു സ്ത്രീയും അവരുടെ ഭർത്താവുമാണ് സ്ക്രീൻ ടെസ്റ്റിനായി കൊണ്ടുപോയത്. ആ സ്ത്രീ ഓക്കേ ആയിരുന്നു. പക്ഷേ എനിക്കെന്തുകൊണ്ടോ അയാളുടെ രീതികൾ തീരെ പിടിച്ചില്ല. തിരിച്ചു വന്നത് കടുത്ത പനിയുമായാണ്. വീട്ടിൽ വന്ന ഞാൻ ഇനി സിനിമയിലേക്കില്ല എന്ന് തീരുമാനിച്ചു. എനിക്ക് കടുത്ത മാനസിക സംഘർഷം അനുഭവപ്പെട്ടു. എന്നാൽ ആ സ്ത്രീ അച്ഛനെ ഫോൺ വിളിച്ചു പറഞ്ഞത് ഞാൻ ചെന്നില്ലെങ്കിൽ ഏഴു ലക്ഷം രൂപയുടെ നഷ്ടം അവർക്കുണ്ടാകുമെന്നാണ്. ഒരു ഗാനരംഗം ഷൂട്ട് ചെയ്‌തെന്നും ഇനി പിന്മാറാനാവില്ലെന്നുമാണ് അവർ പറയുന്നത്. അങ്ങനെ ഒരു ഷൂട്ടും നടന്നിരുന്നില്ല. ഏഴുലക്ഷം അന്നത്തെ കാലത്ത് വളരെ വലിയ ഒരു തുകയാണ്. അച്ഛൻ എന്നെ തിരിച്ചു പോകാൻ നിർബന്ധിച്ചു. അങ്ങനെ വീണ്ടും ഞാൻ പോയിത്തുടങ്ങി. നൃത്തംചെയ്യലും അഭിനയവുമെല്ലാം ഉണ്ടായിരുന്നു. സൈനികോദ്യോഗസ്ഥനായ അച്ഛന്റെ കൂടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ആയിരുന്ന ഞാൻ ചെന്നൈയിൽ വന്നിട്ട് അധികകാലമായിട്ടില്ല. ഭാഷ പോലും വഴങ്ങിയിട്ടില്ല. ഒന്നും എനിക്കറിയില്ല. സംവിധാനം താൻ തന്നെ ചെയ്യുമെന്ന് അവർ ഉറപ്പു നൽകി. ഭർത്താവായിരിക്കില്ല എന്നർത്ഥം. അങ്ങനെ ഔട്ട് ഡോർ ഷൂട്ടിംഗ് ഒക്കെ തുടങ്ങി. അയാൾ എന്നോട് വല്ലാത്ത ദേഷ്യത്തിലായിരുന്നു. ഭാര്യയാണ് സംസാരിക്കുന്നത്. പക്ഷെ അധികാരി അയാളാണ്. ലൊക്കേഷനിൽ വലിയ ദേഷ്യം പ്രകടിപ്പിക്കും. എന്നെ പൂർണമായി അവഗണിക്കുന്ന പോലെ ഭാവിക്കും. എനിക്ക് കുറ്റബോധം താങ്ങാൻ വയ്യാതായി. ഞാൻ അങ്ങനെയാണല്ലോ പഠിച്ചിരിക്കുന്നത്. മുതിർന്നവരെ, പ്രത്യേകിച്ചും പുരുഷന്മാരെ പിണക്കാൻ പാടില്ല. ഞാൻ ഭയങ്കരമായി അനുസരണ കാണിച്ചു. നല്ല വിദ്യാർത്ഥിയായിരുന്നു ഞാൻ. എനിക്കെപ്പോഴും കടുത്ത ആശങ്കയും മനഃപ്രയാസവും ആണ്. ഞാൻ അയാളെ സന്തോഷിപ്പിക്കാനായി ശ്രമിച്ചു. പതുക്കെ അയാൾ ശാന്തനായി തുടങ്ങി. എനിക്ക് എന്റെ വീട്ടിൽ നിൽക്കുന്നതിനേക്കാൾ ഇഷ്ടം ഇവരുടെ കൂടെ നിൽക്കാനായിരുന്നു. എന്നെ അവർ കൊഞ്ചിക്കും ലാളിക്കും. ധാരാളം മിൽക്‌ഷെയിക് വാങ്ങി തരും. അവരുടെ മകളെ പോലെയാണെന്ന് അവർ രണ്ടുപേരും പറയും. അവരുടെ മകൾ ആ ഇടയ്ക്കാണ് അവരോട് പിണങ്ങി പോയത്. അവളുടെ രണ്ടാനച്ഛൻ ആണയാൾ. അയാൾ ആ കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നവൾ പറയുകയും പത്രങ്ങളിലത് വലിയ വാർത്തയാകുകയും ചെയ്തു. അവൾ പോയതിന്റെ ദുഃഖത്തിൽ കഴിയുന്ന അവർക്ക് രണ്ടു പേർക്കും എന്നെ മകളായി പകരം കിട്ടിയതാണെന്നവർ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അവരെ വിശ്വസിച്ചു, എങ്ങനെ ഒരു പെൺകുട്ടിക്ക് ഇത്തരം വ്യാജ ആരോപണങ്ങൾ പറയാൻ കഴിയുമെന്നാണ് അന്ന് ഞാൻ വിചാരിച്ചത്. ഇത്രയും നല്ല ഒരു മനുഷ്യന് ബലാത്‌സംഗം ചെയ്യാൻ പറ്റുമോ? എനിക്കവരോട് വല്ലാത്ത അനുതാപം തോന്നി. അവരുടെ ശൂന്യത ഇല്ലാതാക്കുക എന്നത് എന്റെ കടമയായി ഞാൻ കരുതി. കുടുംബത്തിൽ ഞാൻ ഒരു ചീത്ത കുട്ടിയായി മാറി. അച്ഛനെയും അമ്മയെയും അനുസരിച്ചില്ല. അവർ വഴക്കു പറയും. എന്നാൽ ഇവിടെ എന്നെ അവർ സ്നേഹിക്കുന്നു.

അങ്ങനെ പോകുമ്പോൾ പെട്ടെന്ന് ഒരു ദിവസം ഭാര്യ അവിടെ ഇല്ലാത്ത ദിവസം അയാൾ എന്നെ ചുംബിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നയാൾ പറഞ്ഞു. എനിക്ക് അറപ്പു തോന്നി. പക്ഷേ എന്ത് ചെയ്യണമെന്നറിയില്ല. ഒരാൾ ചുംബിച്ചാൽ നമ്മൾ അത് സ്വീകരിക്കണമെന്നാണ്‌ ഞങ്ങളുടെ തലമുറയുടെ ധാരണ. 40 വയസ്സുള്ള അച്ഛനുതുല്യനായ ഒരാൾ, എന്റെ ഗുരു, എന്റെ മെൻറ്റർ, എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. അയാൾ ഇത് തുടർന്നു . ഞാൻ വീട്ടിൽ പോയെങ്കിലും ആരോടും ഒന്നും പറയാൻ കഴിഞ്ഞില്ല. ഇത് പറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നം വളരെ വലുതായിരിക്കും. സിനിമ ഉൾപ്പടെ എല്ലാം അവസാനിക്കുന്നതിന്‌ ഞാൻ കരണക്കാരിയാകും. അത് ശരിയല്ല. അയാൾ എന്നെ കടന്നുപിടിക്കും, തലോടും.

പെൺകുട്ടികളുടെ സ്‌കൂളിൽ പഠിച്ച എനിക്ക് അതുവരെ ആൺകുട്ടികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഒരു ആണും ഇതുവരെ എന്നെ തൊട്ടിട്ടില്ല. ആദ്യമായി ഒരു പുരുഷൻ എന്നോട് സ്നേഹമാണെന്ന് പറയുന്നു. ശരീരത്തിൽ സ്പർശിക്കുന്നു. ശരീരം പ്രതികരിക്കുന്നു. പക്ഷെ തലച്ചോറ് പ്രതികരിക്കുന്നില്ല. അതാണ് വൈരുധ്യം; ശരീരത്തിന് അതിന്റെതായ പ്രവർത്തന രീതിയുണ്ട്. തൊലിയാണ് പ്രതികരിക്കുന്നത്. രണ്ടു പേര് ചുംബിക്കുമ്പോൾ പൂക്കൾ വിടരുന്നതാണ് സിനിമകളിൽ കാണുന്നത്. അന്നത്തെ കാലഹരണപ്പെട്ട ആശയങ്ങളാണ് ഞങ്ങൾക്ക് അറിയാവുന്നത്. ലൈംഗികതയെക്കുറിച്ച് ആരും ഒന്നും പറഞ്ഞുതന്നിട്ടില്ല. മുതിർന്നവർക്ക് എല്ലാം അറിയാം. പക്ഷേ ആരും സംസാരിക്കില്ല. പിന്നെ എങ്ങനെയാണ് നമ്മൾ പഠിക്കുക? ഒരു ടീച്ചർ മാത്രം ഒരിക്കൽ പറഞ്ഞു. പ്രേമിക്കാം, പക്ഷേ സൂക്ഷിച്ചു വേണമെന്ന്.

ഒരു ദിവസം ഞാൻ സിനിമയിൽ വധു ആയി അഭിനയിച്ചു. അന്നാണ് അയാൾ ആദ്യമായി എന്നെ ബലാത്‌സംഗം ചെയ്തത്. ലൊക്കേഷനിൽ എന്നത്തേയും പോലെ അയാൾക്ക് കടുത്ത ദേഷ്യമായിരുന്നു. വീട്ടിൽ വന്നു. ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. നീ വധു ആണ്’. ഇന്ന് ഞാൻ നിന്നെ സ്വന്തമാക്കും എന്നയാൾ പറഞ്ഞു. എന്റെ പൊട്ടത്തരത്തിന് എനിക്കൊന്നും മനസ്സിലായില്ല. അയാൾ ഒരു താലി കെട്ടുന്നതായി അഭിനയിച്ചുവെന്ന് തോന്നുന്നു.

ഷൂട്ടിങ്ങിന്‌ ധരിച്ച സാരിയോട് കൂടി അയാൾ എന്നെ മുറിയിലേക്ക് കൊണ്ടുപോയി കട്ടിലിൽ തള്ളിയിട്ടു. ബലാത്‌സംഗം ചെയ്തു. ഞാൻ കരഞ്ഞു. ക്രുദ്ധനായ ഒരു പുരുഷന്റെ വിക്രിയകൾ. മാസങ്ങൾ ഇത് തുടർന്നു. അയാൾ എന്നെ പ്രേമിക്കുന്നുവെന്നും ഞാൻ അയാളെ പ്രേമിക്കുന്നുവെന്നുമുള്ള കുട്ടിത്തം നിറഞ്ഞ ചാപല്യം. എനിക്ക് വേറെ ആരുമില്ലാത്ത അവസ്ഥ. എന്നെ എന്റെ വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകറ്റാനായി അയാൾ എപ്പോഴും അവരെ കുറ്റപ്പെടുത്തി. ഭ്രമാത്മകമായ ലോകത്തായിരുന്നു ഞാൻ. ഇതിനിടയിലും കോളേജിൽ പോകുന്നുണ്ട്. എന്റെ മാതാപിതാക്കൾക്ക് ഞാൻ പഠിക്കണമെന്ന് നിർബന്ധമായിരുന്നു. പഠിക്കാൻ ഞാൻ സമർത്ഥയുമായിരുന്നു. മറ്റൊരു വ്യത്യസ്ത ലോകം കോളേജിൽ എനിക്കുണ്ടായത് ഭാഗ്യമായി.

പക്ഷേ ഞാൻ വഞ്ചിക്കപ്പെടുന്നുവെന്ന തോന്നൽ എനിക്ക് സാവധാനം ഉണ്ടായിത്തുടങ്ങി. അയാൾ ഇപ്പോഴും ഭാര്യക്കൊപ്പം ജീവിക്കുന്നു. എന്റെ സംരക്ഷകനായ അയാളുടെ എല്ലാത്തിനും ഞാൻ വഴങ്ങണം. മണ്ടിയെപ്പോലെ ഞാൻ അനുസരിച്ചു. രാത്രികളിൽ ഞാൻ ആരും കാണാതെ കരയും. ആഴത്തിലുള്ള തീവ്രമായ മനോവേദനയാണ് ഞാൻ അനുഭവിച്ചത്.

ഒരു ദിവസം ഒരു ലോഹദണ്ഡ് അയാൾ എന്റെ ഉള്ളിലേക്ക് കുത്തിക്കയറ്റി. എന്റെ ലൈംഗിക അടിമത്തം ഇത്രക്ക് രൂക്ഷമായിരുന്നു. എന്റെ ഭാഗ്യത്തിന് എനിക്ക് വലിയ പരിക്കേറ്റില്ല. എനിക്ക് രണ്ടു മക്കൾ പിന്നീട് ഉണ്ടായല്ലോ. അന്നത്തെ ദിവസത്തോടെ എനിക്ക് മതിയായി. എല്ലാം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ച് വീട്ടിലേക്ക് പോയി. മാസങ്ങൾ വീട്ടിൽ നിന്നു. പക്ഷേ വീണ്ടും മടങ്ങിവന്നു. ഇത് പലതവണ ആവർത്തിച്ചു. അയാളോടുള്ള എന്തോ നശിച്ച അടുപ്പം എന്നെ മടക്കി കൊണ്ട് വന്നു. വളരെ നാൾ അതിൽ നിന്നും എനിക്ക് പുറത്തു കടക്കാനായില്ല.

അതിനിടയിൽ എനിക്ക് കോളേജിൽ ഒരു പ്രേമം ഉണ്ടായി. എന്റെ മുൻഭർത്താവ് ആണദ്ദേഹം. ഒരു ദിവസം ഞാൻ അദ്ദേഹത്തെ വീട്ടിൽ കൊണ്ടുപോയി. മുകളിൽ പോയി കാര്യം പറഞ്ഞു. എന്റെ കാമുകനെ കുറിച്ച് എന്തോ വളരെ മോശമായി അയാൾ പറഞ്ഞു. അന്ന് ഞാൻ ആദ്യമായി അയാളോട് കയർത്തു. എന്നെ ഉപയോഗിക്കുകയാണെന്ന് ഞാൻ തട്ടിക്കയറി. അയാൾ എന്റെ കഴുത്തു ഞെരുക്കി. ശാരീരികമായി ആക്രമിച്ചു.

ഇതിനിടെ മലയാളം സിനിമയിൽ എനിക്ക് അവസരം വന്നപ്പോൾ കോഴിക്കോടായിരുന്നു ഷൂട്ടിംഗ്. എല്ലാ ആർട്ടിസ്റ്റുകൾക്കും ഹോട്ടലിൽ അടുത്തടുത്തായിരുന്നു മുറികൾ. രാത്രി ജൂനിയർ ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളും പലരുടെയും മുറികളിലേക്ക് വിളിക്കപ്പെട്ടു. വളരെ അപമാനകരമായിരുന്നു അവിടുത്തെ അനുഭവം. എന്റെ മേക്കപ്പ്‌മാൻ എന്റെ ‘സംരക്ഷകൻ’ അയച്ചു തന്നതാണ്. ഇവിടെ നടക്കുന്ന എല്ലാ വിവരങ്ങളും അയാൾ ചെന്നൈയിൽ അപ്പപ്പോൾ അറിയിച്ചുകൊണ്ടിരുന്നു. എന്റെമേലുള്ള നിയന്ത്രണം അയാൾ വിട്ടില്ല. സംരക്ഷണമെന്ന പേരിൽ എന്നെ നിയന്ത്രിക്കുകയായിരുന്നു. എനിക്ക് യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത സ്ഥിതി.

എന്റെ ഒപ്പം അഭിനയിച്ച നടൻ ഇപ്പോൾ ആരോപണ വിധേയനായ ആളാണ്. അയാളുടെ ഭാര്യ ഒപ്പമുണ്ട്. അയാൾ ശരിയല്ലാത്തതുകൊണ്ടാണ് ഭാര്യയും വന്നിരിക്കുന്നത്. ഇതെന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. ഇങ്ങനെ ഒരാളുടെ കൂടെയാണല്ലോ ഞാൻ അഭിനയിക്കേണ്ടത്. മാത്രമല്ല, ഒരു സ്ത്രീ, യുവതി, പുതുമുഖം എന്നെല്ലാമുള്ള കാരണങ്ങളാൽ ഒട്ടും ബഹുമാനം എനിക്കാരും തന്നില്ല.

റിഹേഴ്സൽ കഴിഞ്ഞ് അവസാന ടേക്കിൽ പ്രണയരംഗം അഭിനയിക്കുമ്പോൾ ഒപ്പമുള്ള നടൻ നമ്മുടെ മാറിടങ്ങളിൽ മനഃപൂർവം സ്പർശിക്കുകയും മറ്റും ചെയ്യും. ഒന്നും പറയാൻ പോലുമാകില്ല. കുളത്തിൽ കുളിക്കുന്ന സീൻ ചെയ്യുമ്പോൾ മുഖം മാത്രമേ പുറത്തു കാണൂ എന്ന് പറയും. പക്ഷെ സിനിമ വരുമ്പോൾ തോളു വരെയും ഉണ്ടാകും. ഒരു സ്റ്റണ്ട് സീനിൽ അവസാനം വില്ലൻ മുറുക്കാൻ എന്റെ മുഖത്തേക്ക് തുപ്പി. ഇങ്ങനെ ഒരു സീൻ ഉണ്ടെന്ന് ആരും അതുവരെ പറഞ്ഞിരുന്നില്ല. ഇത്തരത്തിൽ വളരെ മോശമായിരുന്നു അനുഭവം. എനിക്ക് മതിയായി. പഠിക്കണം എന്നതായി എന്റെ ചിന്ത. അങ്ങനെ പൊടുന്നനെ സിനിമാ ജീവിതം അവസാനിപ്പിച്ചു.

പക്ഷേ ലൈംഗികാടിമത്തം എന്നിൽ ഉണ്ടാക്കിയ മനോവ്യഥയിൽ നിന്നും രക്ഷപ്പെട്ടത് എത്രയോ കാലത്തിനു ശേഷമാണ്. ഞാൻ വിവാഹിതയായി. രണ്ടു മക്കളുടെ അമ്മയായി. അമേരിക്കയിലേക്ക് വന്നു. ഇന്ത്യയിൽ അനുഭവിക്കുന്ന വൃത്തികെട്ട ആൺനോട്ടങ്ങൾ ഇവിടെയില്ല. സിനിമയിൽ മാത്രമല്ല പിന്നീട് ഞാൻ ജോലി ചെയ്ത വൻ കോർപറേറ്റ് സ്ഥാപനങ്ങളിലും പ്രായമായ പുരുഷന്മാരുടെ ലൈംഗികപീഡനങ്ങൾ ഉണ്ടായി. എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞാനാണ് കുറ്റക്കാരിയെന്നു ഞാൻ വിശ്വസിച്ചു. ജീവിതം മുന്നോട്ടു പോകുമ്പോഴും എന്റെ ഉള്ളിൽ ആഴത്തിൽ ഞാൻ ദുർബലയായിരുന്നു. ഞാൻ ഒരു ചീത്ത സ്ത്രീയാണെന്ന് ഞാൻ സ്വയം കരുതി. പ്രായമായ പുരുഷന്മാർക്കെന്നോട് താത്പര്യം തോന്നുന്നത് എന്റെ പ്രശ്നമാണെന്ന് ഞാൻ വിചാരിച്ചു.

എന്നാൽ ഇന്ന് ഞാൻ അങ്ങനെ കരുതുന്നില്ല. ഏഴ് വർഷം ഞാൻ മനഃശാസ്ത്രം പഠിച്ചു. അതായിരുന്നു ഏറ്റവും വലിയ തെറാപ്പി. എന്റെ എല്ലാ ആശയക്കുഴപ്പങ്ങളും തകർന്നുവീണു. കുടുംബം എന്നത് എന്താണെന്ന്‌ ഞാൻ പഠിച്ചു. രക്ഷിതാക്കളാണ് മനസ്സിലാക്കേണ്ടത്. കുട്ടികളെ അവർ വിശ്വസിക്കണം. കുട്ടികളെ സ്വയം അവരുടെ ശരീരത്തെ വിശ്വസിക്കാൻ പ്രേരിപ്പിക്കണം. അവർ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് നമ്മൾ മനസ്സിലാക്കണം.

ഇപ്പോൾ ഓരോ കുട്ടിയും പ്രശ്നങ്ങളുമായി എന്റെ അരികിൽ വരുമ്പോൾ ഞാൻ ഇക്കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ബലാത്‌സംഗം എന്താണ്? സമ്മതം എന്താണ്? ഇതെല്ലം മനസ്സിലാക്കണം. സൗമ്യ എന്ന ഡോ സുജാത പറഞ്ഞു നിർത്തി.

‘മാനസികവികസനവും കുടുംബശാസ്ത്രവും’ എന്ന വിഷയത്തിൽ ഡോ. സുജാത ഡോക്ടറേറ്റ് നേടി. ഇപ്പോൾ റിലേഷൻഷിപ്പ് കൗൺസലർ ആയി അമേരിക്കയിൽ പ്രവർത്തിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular