Thursday, November 14, 2024

ad

Homeഇവർ നയിച്ചവർപി രാമമൂർത്തി: തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുത്ത ദേശീയ നേതാവ്‌

പി രാമമൂർത്തി: തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുത്ത ദേശീയ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനാണ്‌ പി ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട പി രാമമൂർത്തി. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണദ്ദേഹം. അസാമാന്യ സംഘടനാപാടവം ഉണ്ടായിരുന്ന അദ്ദേഹം ട്രേഡ്‌ യൂണിയൻ രംഗത്തെ അതികായനായിരുന്നു.

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്തിനടുത്ത്‌ വേപ്പത്തൂർ ഗ്രാമത്തിലാണ്‌ രാമമൂർത്തി ജനിച്ചത്‌. 1908 സെപ്‌തംബർ 20ന്‌ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ്‌ പി ആറിന്റെ ജനനം. സംസ്‌കൃതവും വേദവും പഠിപ്പിക്കുന്ന അധ്യാപകനായിരുന്ന പഞ്ചാപകേശൻ ആണ്‌ പിതാവ്‌. അനീതി എവിടെ കണ്ടാലും അതിനെതിരെ പ്രതികരിക്കുക എന്നത്‌ കുട്ടിക്കാലം മുതലേയുള്ള രാമമൂർത്തിയുടെ സ്വഭാവമാണ്‌. അയിത്താചാരം കൊടികുത്തി വാണിരുന്ന അക്കാലത്ത്‌ ഹരിജൻ കുട്ടികളുമായാണദ്ദേഹം സൗഹൃദത്തിലേർപ്പെട്ടത്‌. അത്‌ വീട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നുമുൾപ്പെടെ വലിയ എതിർപ്പുകൾ ക്ഷണിച്ചുവരുത്തുന്നതായിരുന്നു.

നാല്‌ സഹോദരിമാരുടെ ഏക സഹോദരനായിരുന്നു രാമമൂർത്തി. പിതാവ്‌ ചെറുപ്പത്തിൽ തന്നെ അന്തരിച്ചു. തുടർന്ന്‌ മുത്തച്ഛന്റെ സംരക്ഷണയിലാണ്‌ രാമമൂർത്തിയും സഹോദരങ്ങളും വളർന്നത്‌. സഹോദരിമാർ തികഞ്ഞ വാത്സല്യമാണ്‌ അദ്ദേഹത്തിന്‌ നൽകിയത്‌.

രാമമൂർത്തിയുടെ കുട്ടിക്കാലത്തുതന്നെ കുടുംബം മദ്രാസിലെ ട്രിപ്ലിക്കെയിൻ പ്രദേശത്തേക്ക്‌ താമസം മാറ്റി. ട്രിപ്ലിക്കെയ്‌നിലെ ഹിന്ദു ഹൈസ്‌കൂളിലാണ്‌ അദ്ദേഹത്തെ ചേർത്തത്‌. താമസിക്കുന്ന പ്രദേശത്തെയും സ്‌കൂളിലെയുമെല്ലാം അന്തരീക്ഷം പൊതുവെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‌ അനുകൂലമായിരുന്നു. ദേശീയ നേതാക്കളുടെയുൾപ്പെടെ പ്രസംഗങ്ങൾ കേൾക്കാൻ സ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ പി ആർ പോയിരുന്നു. പ്രമുഖ നേതാക്കളായിരുന്ന ആനി ബസന്റിന്റെയും ബാഗംഗാധര തിലകന്റെയും പ്രസംഗങ്ങൾ പി ആറിനെ ഏറെ സ്വാധീനിച്ചിരുന്നു. അവയുടെ അർഥം പൂർണമായും മനസ്സിലായില്ലെങ്കിലും സ്വാതന്ത്ര്യസമരത്തോടുള്ള ആവേശം പി ആറിൽ നാൾക്കുനാൾ വർധിച്ചുവന്നു.

സുബ്രഹ്മണ്യഭാരതിയുടെ ദേശഭക്തിഗാനങ്ങളും കവിതകളും രാമമൂർത്തിയെ കുറച്ചൊന്നുമല്ല ആവേശഭരിതനാക്കിയത്‌. 1908ൽ ബ്രിട്ടീഷ്‌ സർക്കാർ സുബ്രഹ്മണ്യഭാരതിക്കെതിരെ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കുന്നതുവരെ ഭാരതി താമസിച്ചിരുന്നത്‌, രാമമൂർത്തി താമസിച്ച അതേ തെരുവിലായിരുന്നു. അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവുക്കപ്പെട്ടതിനെത്തുടർന്ന്‌ സുബ്രഹ്മണ്യഭാരതി പോണ്ടിച്ചേരിയലേക്ക്‌ കടക്കുകയായിരുന്നു.

1920ൽ കൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനമാണ്‌ നിസഹകരണപ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചത്‌. ബ്രിട്ടീഷ്‌ നിയമങ്ങൾക്കെതിരെ അക്രമരഹിതമായി സമരം ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ്‌ ഉൽപന്നങ്ങൾ ഉപേക്ഷിക്കപ്പെട്ടു. പകരം സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിച്ചു. നൂൽനൂൽപ്പ്‌ വ്യാപകമാക്കുകയും സ്വന്തം ആവശ്യത്തിനുള്ള വസ്‌ത്രങ്ങൾ സ്വയം നെയ്‌ത്‌ ഉപയോഗിക്കാനും സമരക്കാർ തയ്യാറായി; നൂൽനൂൽപ്പിനുള്ള പരിശീലനങ്ങൾ ജനങ്ങൾക്ക്‌ വ്യാപകമായി നൽകി. കൊളോണിയൽ സാന്പത്തിക അധികാരഘടനയെ വെല്ലുവിളിക്കുന്നതായിരുന്നു ഈ സമരം. വിദേശവസ്‌ത്രങ്ങൾ മാത്രമല്ല മറ്റു വിദേശ ഉൽപന്നങ്ങൾ കൂടി ബഹിഷ്‌കരിക്കപ്പെട്ടതോടെ ബ്രിട്ടീഷുകാർ ആകെ അങ്കലാപ്പിലായി. മഹാത്മാഗാന്ധിയായിരുന്നു സമരത്തിന്റെ നേതാവ്‌. മദ്യപാനത്തിനെതിരെ വ്യാപകമായ പ്രചാരണവും മദ്യഷാപ്പ്‌ പിക്കറ്റിംഗും ഈ സമരത്തിന്റെ ഭാഗമായി നടന്നു.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രചരണാർഥം ഗാന്ധിജി ഇന്ത്യയൊട്ടാകെ പര്യടനം നടത്തി. മറീന ബീച്ചിലും ഗാന്ധിജി പങ്കെടുത്ത റാലി സംഘടിപ്പിക്കപ്പെട്ടു. അതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു ജനസാഗരമാണ്‌ ആ യോഗത്തിൽ പങ്കെടുത്തത്‌. ഗാന്ധിജിയുടെ പ്രസംഗം കേൾക്കാൻ നേരത്തെ തന്നെ സമ്മേളനസ്ഥലത്ത്‌ ഇരുപ്പുറപ്പിച്ചവരിലൊരാൾ രാമമൂർത്തിയായിരുന്നു. അന്ന്‌ കഷ്ടിച്ച്‌ കൗമാരപ്രായത്തിലെത്തിയതേയുള്ളൂ അദ്ദേഹം.

ഹൃദയത്തിൽ സ്‌പർശിക്കുന്ന ഗാന്ധിജിയുടെ പ്രസംഗം അങ്ങേയറ്റം ആവേശത്തോടെയാണ്‌ രാമമൂർത്തി കേട്ടിരുന്നത്‌. ഗാന്ധിജിയുടെ പ്രസംഗത്തിൽനിന്ന്‌ ഊർജം ഉൾക്കൊണ്ട രാമമൂർത്തിക്ക്‌ പിന്നീട്‌ സ്‌കൂളിൽ പോയി പഠിക്കാനല്ല തോന്നിയത്‌; സാമ്രാജ്യത്വത്തിനും ബ്രിട്ടീഷ്‌ മേധാവിത്വത്തിനുമെതിരെ സർവശക്തിയും സമാഹരിച്ച്‌ പോരാടാനാണ്‌ തോന്നിത്‌.

കോടതികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ബഹിഷ്‌കരിക്കുക എന്ന ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട്‌ നിരവധിയാളുകൾ അവ ബഹിഷ്‌കരിച്ച്‌ സമരത്തിൽ പങ്കാളികളായി. സ്‌കൂളുകളും കോളേജുകളും ബഹിഷ്‌കരിക്കുന്ന കുട്ടികൾക്ക്‌ ശരിയായ വിദ്യാഭ്യാസം നൽകുന്നതിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദേശീയ സ്‌കൂളുകൾ സ്ഥാപിക്കപ്പെട്ടു. ഗാന്ധിജിയുടെ സബർമതിയിലെ ആശ്രമത്തിൽ ഒരു നാഷണൽ യൂണിവേഴ്‌സിറ്റി തന്നെ ആരംഭിച്ചു. ജവഹർലാൽ നെഹ്‌റുവും പുരുഷോത്തം ദാസ്‌ ഠണ്ഡനും ചേർന്ന്‌ അലഹബാദിൽ ഒരു നാഷണൽ സ്‌കൂൾ ആരംഭിച്ചിരുന്നു. അതെക്കുറിച്ച്‌ അറിഞ്ഞ രാമമൂർത്തി നേരെ അലഹബാദിന്‌ പോകാൻ വെന്പൽകൊണ്ടു. പക്ഷേ കയ്യിൽ പണമില്ല. അവസാനം അദ്ദേഹത്തിന്റെ ഇച്ഛാശക്തി വിജയിക്കുകതന്നെ ചെയ്‌തു. ടിക്കറ്റില്ലാതെ അദ്ദേഹം അലഹബാദിലേക്ക്‌ ട്രെയിൻ കയറി.

അലഹബാദിലെത്തിയ പി ആർ നേതാക്കളെ കണ്ട്‌ നാഷണൽ സ്‌കൂളിൽ പ്രവേശിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. സ്‌കൂൾ പ്രവേശനത്തിന്‌ നെഹ്‌റുവും ഠണ്ഡനും പി ആറിന്‌ അനുവാദം നൽകി. അങ്ങനെ നാഷണൽ സ്‌കൂളിലെ വിദ്യാർഥിയായി പി ആർ മാറി. ദേശസ്‌നേഹത്തെ ഉത്തേജിപ്പിക്കുന്ന പാഠഭാഗങ്ങളായിരുന്നു സ്‌കൂളിൽ പകർന്നുനൽകിയത്‌. ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ആ സ്‌കൂളിൽ പഠിതാക്കളായിരുന്നു. അവരുമായുള്ള സന്പർക്കം രാമമൂർത്തിയുടെ ചിന്താഗതികളെ പൂർണമായും മാറ്റിത്തീർത്തു.

നിസ്സഹകരണപ്രസ്ഥാനം രാജ്യത്തൊട്ടാകെയുള്ള ജനങ്ങളുടെ ഹൃദയത്തിലാണ്‌ തൊട്ടത്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചൂഷണത്തോടും അവഗണനയോടും അവജ്ഞയോടുമുള്ള ഇന്ത്യൻ ജനതയുടെ പ്രതിഷേധം അണപൊട്ടിയൊഴുകുകയായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനവിഭാഗങ്ങൾ സമർപ്പണമനസ്സോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അണിനിരന്നു.

ചൗരിചൗ‌ര സംഭവം
നിസഹകരപ്രസ്ഥാനം കൊടുപിരികൊള്ളവെയാണ്‌ ചൗരിചൗര സംഭവമുണ്ടായത്‌. 1922 ഫെബ്രുവരി 5ന്‌ ഉത്തർപ്രദേശിലെ ചൗരിചൗരയിൽ നിസഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു കൂറ്റൻ ജാഥ നടന്നു. സമാധാനപൂർവം നടന്ന ജാഥയ്‌ക്കുനേരെ പൊലീസ്‌ മനഃപൂർവം പ്രകോപനമുണ്ടാക്കുകയും വെടിവെക്കുകയും ചെയ്‌തു. മൂന്നുപേർ പൊലീസ്‌ വെടിവെപ്പിനെത്തുടർന്ന്‌ കൊല്ലപ്പെട്ടു. അതോടെ ജനക്കൂട്ടം അക്രമാസക്തരായി. ആയിരക്കണക്കിന്‌ ജനങ്ങൾ വീറോടെ പൊലീസുകാർക്കുനേരെ പാഞ്ഞു. പൊലീസുകാർ പിന്തിരിഞ്ഞോടി. അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനിലേക്കാണ്‌ അവർ ഓടിക്കയറിയത്‌. ജനക്കൂട്ടം പൊലീസ്‌ സ്‌റ്റേഷന്റെ നാലുഭാഗത്തുനിന്നും തീയിട്ടു. ഒരു സബ്‌ ഇൻസ്‌പെക്ടറടക്കം 22 പൊലീസുകാർ വെന്തുമരിച്ചു.

ചൗരിചൗര സംഭവത്തെത്തുടർന്ന്‌ ഗാന്ധിജി നിസഹകരണപ്രസ്ഥാനം പിൻവലിച്ചു. ഗാന്ധിജിയുടെ ഈ തീരുമാനം നിസഹകരണപ്രസ്ഥാനത്തിൽ ആവേശത്തോടെ പങ്കെടുത്തവരെയെല്ലാം നിരാശരാക്കി. വിദ്യാർഥികളിലും യുവാക്കളിലുമാണ്‌ ആ നിരാശ ഏറെ ശക്തമായത്‌. ഈ നിരാശ നാഷണൽ സ്‌കൂളിലെ വിദ്യാർഥികളിലേക്കും പടർന്നു. നാഷണൽ സ്‌കൂൾ എന്ന സങ്കൽപംതന്നെ അർഥമില്ലാത്തതാണെന്ന ചിന്താഗതി വിദ്യാർഥികൾക്കിടയിൽ ശക്തമായി. അതോടെ പലരും നാഷണൽ സ്‌കൂളിനോട്‌ വിടപറഞ്ഞു. താമസിയാതെ രാമമൂർത്തിയും അവിടത്തെ വിദ്യാഭ്യാസം ഉപേക്ഷിച്ചു. അദ്ദേഹം നേരെ പോയത്‌ ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലേക്കാണ്‌. അവിടെവെച്ച്‌ രാജഗോപാലാചാരിയെ കണ്ടുമുട്ടി. ട്രിപ്ലിക്കെയിനിൽ ചെന്ന്‌ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായിരുന്നു രാജാജിയുടെ നിർദേശം.

രാജാജിയുടെ ഉപദേശനിർദേശങ്ങളനുസരിച്ച്‌ മദ്രാസിലെ ട്രിപ്ലിക്കെയിൻ സ്‌കൂളിൽ പി ആർ വീണ്ടും ചേർന്നു. അവിടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രസിഡൻസി കോളേജിലാണ്‌ പിന്നീടദ്ദേഹം ചേർന്നത്‌. കോളേജ്‌ വിദ്യാർഥിയായിരിക്കുമ്പോഴും കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി തുടർന്നു. കോൺഗ്രസുകാരിൽ ചിലരുൾപ്പെട്ട സ്വരാജ്‌ പാർട്ടിയിലും അദ്ദേഹം അംഗമായി.

1920കളിൽ ലെജിസ്ലേറ്റീവ്‌ കൗൺസിലിലേക്ക്‌ വാശിയേറിയ തിരഞ്ഞെടുപ്പ്‌ നടന്നു. കോൺഗ്രസ്‌ സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള ഊർജസ്വലമായ പ്രവർത്തനങ്ങൾ രാമമൂർത്തിയും ചില സഹപാഠികളും നടത്തി. കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചവരെല്ലാം തന്നെ ബ്രിട്ടീഷ്‌ പൊലീസിന്റെ നോട്ടപ്പുള്ളികളായി. രാമമൂർത്തി സജീവ കോൺഗ്രസ്‌ പ്രവർത്തകനാണെന്നും കോൺഗ്രസ്‌ സ്ഥാനാർഥിക്കുവേണ്ടി ആ വിദ്യാർഥി അഹോരാത്രം പ്രവർത്തിക്കുകയാണെന്നും കോളേജ്‌ പ്രിൻസിപ്പലിനെ പൊലീസ്‌ അറിയിച്ചു. ക്ഷുഭിതനായ പ്രിൻസിപ്പൽ രാമമൂർത്തിയെ വിളിപ്പിച്ചു. രാഷ്‌ട്രീയപ്രവർത്തനം തുടരുകയാണെങ്കിൽ രാമമൂർത്തിയെ തനിക്ക്‌ കോളേജിൽനിന്ന്‌ പുറത്താക്കേണ്ടിവരുമെന്ന്‌ പ്രിൻസിപ്പൽ മുന്നറിയിപ്പ്‌ നൽകി.

താമസിയാതെ കോളേജ്‌ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ രാമമൂർത്തി സജീവ രാഷ്‌ട്രീയപ്രവർത്തനത്തിൽ മുഴുകി. എന്നാൽ തുടർപഠനം നടത്തുക, വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായി ഇടപെടുക തുടങ്ങിയ ആഗ്രഹങ്ങൾ അദ്ദേഹത്തെ മദിച്ചുകൊണ്ടേയിരുന്നു. ബനാറസ്‌ ഹിന്ദു കോളേജിൽ ചേരുക എന്നത്‌ പി ആറിന്റെ അതിയായ മോഹമായിരുന്നു. അതു ലക്ഷ്യമാക്കി അലഹബാദിന്‌ അദ്ദേഹം വണ്ടി കയറി. ഹിന്ദു കോളേജിൽ അഡ്‌മിഷൻ ലഭിച്ച അദ്ദേഹം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു.

1926ൽ ആണല്ലോ നൗ ജവാൻ ഭാരത്‌ സഭ, ഭഗത്‌സിംഗിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടത്‌. 1929 മുതൽ പി ആർ ആ സംഘടനയുമായി ബന്ധപ്പെട്ട്‌ പ്രവർത്തനമാരംഭിച്ചു. ലക്‌നൗവിലും പരിസരപ്രദേശങ്ങളിലും ഭാരത്‌ സഭയുടെ പ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ രാമമൂർത്തി പങ്കെടുത്തു.
1929ൽ ഇന്ത്യൻ രാഷ്‌ട്രീയത്തെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു ജതീദ്രനാഥ്‌ ദാസിന്റെ രക്തസാക്ഷിത്വം. ബംഗാളിലെ ഒു വിപ്ലവ കൂട്ടായ്‌മയായ അനുശീലൻ സമിതിയുടെ പ്രവർത്തകനായിരുന്നു ദാസ്‌. 1929 ജൂൺ 14ന്‌ ലാഹോർ ഗൂഢാലോചനക്കേസിൽ വിചാരണത്തടവുകാരനായി ലാഹോർ ജയിലിലടയ്‌ക്കപ്പെട്ടു. ജയിലിൽ ഇന്ത്യക്കാരായ തടവുകാർക്ക്‌ ലഭിച്ച ഭക്ഷണവും താമസഈകര്യവുമെല്ലാം വളരെ മോശമായിരുന്നു. ഇന്ത്യൻ തടവുകാർക്ക്‌ പത്രങ്ങളോ പുസ്‌തകങ്ങളോ വായിക്കാനുള്ള സൗകര്യമില്ലായിരുന്നു. ഇന്ത്യൻ തടവുകാർക്കും യൂറോപ്യൻ തടവുകാർക്കു തുല്യമായ സൗകര്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ 1929 ജൂലൈ 13ന്‌ ജതീന്ദ്രനാഥ്‌ ദാസ്‌ നിരാഹാരസമരം ആരംഭിച്ചു. ജയിൽ അധികൃതർ പലതരം ഭീഷണികളുമായി രംഗത്തുവന്നു. എന്നാൽ അതൊന്നും ദാസ്‌ കൂട്ടാക്കിയില്ല. സഹികെട്ട ജയിൽ കമ്മിറ്റി ജതീന്ദ്രദാസിനെ നിരുപാധികം വിട്ടയയ്‌ക്കാൻ സർക്കാരിനോട്‌ ശുപാർശ ചെയ്‌തു. എന്നാൽ ബ്രിട്ടീഷ്‌ സർക്കാർ അത്‌ നിരാകരിച്ചു. ജിതിൻദാസ്‌ നിരാഹാരം തുടർന്നു. 63 ദിവസത്തെ നിരാഹാരസമരത്തെത്തുടർന്ന്‌അദ്ദേഹം രക്തസാക്ഷിയായി. ജിതിൻദാസിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം ബനാറസ്‌ റെയിൽവേ സ്‌റ്റേഷൻ വഴിയാണ്‌ പോയത്‌. ജതിൻദാസിന്‌ ആദരാഞ്‌ജലി അർപ്പിക്കാൻ വലിയൊരു പ്രകടനമായാണ്‌ വിദ്യാർഥികളും യുവാക്കളുമടങ്ങിയ വലിയ ജനാവലി എത്തിയത്‌. പ്രകടനത്തിന്റെ മുൻനിരയിൽ പി രാമമൂർത്തിയുമുണ്ടായിരുന്നു. ഒരു നാടിന്റെയാകെ പ്രതിഷേധമായിരുന്നു ആ ജാഥയിൽ പ്രതിഫലിച്ചത്‌. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular