നടൻ എന്ന നിലയിലും താരമെന്ന നിലയിലും തെലുങ്കിൽ ദുൽഖർ സൽമാൻ തന്റെ സ്ഥാനം ഉറപ്പിച്ച ചിത്രമാണ് ലക്കി ഭാസ്‌ക്കർ. ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ചുവടുറപ്പിക്കുകകൂടി ചിത്രത്തിലൂടെ ചെയ്യുന്നുണ്ട്. ആദ്യ ദിവസം മുതൽ ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. 12 കോടി രൂപ ആദ്യ ദിവസം സ്വന്തമാക്കിയ ചിത്രം 100 കോടിയിലേക്ക് നീങ്ങുകയാണ്. മലയാളത്തിൽ സാധ്യമാക്കാൻ ഇതുവരെ കഴിയാതെപോയ ബോക്‌സോഫീസിലെ വൻ നേട്ടം തെലുങ്കിൽ തുടർച്ചയായി രണ്ടാം തവണയും ദുൽഖർ സ്വന്തമാക്കുകയാണ്. സീതാലക്ഷ്‌മിയിലൂടെ തെലുങ്കിൽ വലിയതോതിൽ പ്രേക്ഷക സ്വീകാര്യത നേടിയ താരം ലക്കി ഭാസ്‌ക്കറിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.
കച്ചവട സിനിമയുടെ എല്ലാ ചേരുവകളും ഉറപ്പാക്കിയാണ് വെങ്കി അറ്റ്ലൂരി സിനിമ ഒരുക്കിയിട്ടുള്ളത്.
1980–-90 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് സിനിമയുടേത്. ഇന്ത്യൻ ഓഹരി വിപണിയിൽ സ്റ്റോക് ബ്രോക്കർ ഹർഷദ് മേഹ്ത്ത നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വ്യാജ ബാങ്കേഴ്‌സ് റെസീപ്റ്റുകളുപയോഗിച്ച് നടത്തിയ ഇന്ത്യൻ ഓഹരി കുംഭകോണമാണ് വിഷയം. ആ കാലഘട്ടത്തിലെ ബാങ്കിങ് സംവിധാനത്തിന്റെ പോരായ്‌മകളെയും അതിന്റെ മറവിൽ ബാങ്ക് ഉദ്യോഗസ്ഥരും ഉടമകളും ചേർന്ന് നടത്തിയ അഴിമതിയെയുംകുറിച്ചാണ് സിനിമ പറയുന്നത്.
പണം സമ്പാദിക്കുന്നത് ലഹരിയായി മാറിയാൽ എന്ത് സംഭവിക്കും എന്നതാണ് ലക്കി ഭാസ്‌ക്കറിന്റെ ഇതിവൃത്തം. കടംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാങ്ക് ജീവനക്കാരനായ ഭാസ്‌ക്കറായാണ് ദുൽഖർ എത്തുന്നത്. ജോലി, അതിലെ പ്രതിസന്ധികൾ, കുടുംബം, പണമില്ലാത്തതു മൂലം കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇങ്ങനെ ഭാസ്‌ക്കറിന്റെ പശ്ചാത്തലം അവതരിപ്പിക്കുന്ന ആദ്യ പകുതിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പിന്റെ വഴിയിലേക്ക് രണ്ടാം പകുതി ട്രാക്ക് മാറുകയാണ്. ആവേശംകൊള്ളുന്ന നിമിഷങ്ങൾ സൃഷ്ടിച്ച് മാസ് സിനിമയുടെ ശൈലിയിലേക്ക് ചിത്രം ഉയരുന്നത് തട്ടിപ്പിന്റെ ഫിനാൻഷ്യൽ ഗെയിമിലേക്ക് സിനിമ തിരിയുന്നതിലേക്കാണ്.
ദുൽഖർ എന്ന നടനുപരി താരം എന്ന സാധ്യതയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ, ചുരുങ്ങിയ പക്ഷം ആരാധകരെ കോരിത്തരിപ്പിക്കാൻ കഴിയുന്ന തലത്തിലാണ് വാർപ്പ്. കുടുംബം എന്ന വൈകാരികതയിൽ ഊന്നിയാണ് സിനിമ അതിന്റെ ഉള്ളടക്കത്തിലേക്ക് നീങ്ങുന്നതെങ്കിലും ആ വൈകാരിക അടിത്തറ ഉറപ്പിക്കുന്നതിൽ സിനിമയ്‌ക്ക് പൂർണത കൈവരിക്കാനാകുന്നില്ല. അതേസമയം ഫാൻഡം മൂഡിൽ ഊന്നിയുള്ള കഥപറച്ചിലിൽ ഇതെല്ലാം മറച്ചുപിടിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. തന്റെ ജീവിതം പ്രേക്ഷകരുമായി ഭാസ്‌ക്കർ പങ്കുവെക്കുന്ന തരത്തിലാണ് സിനിമയുടെ അവതരണം. അത് പുതുമ സമ്മാനിക്കുന്നുണ്ട്.
ദുൽഖറിനെ കൂടാതെ മീനാക്ഷി ചൗദരി മുതൽ വലിയൊരു താരനിരയുണ്ടെങ്കിലും ആർക്കും കാര്യമായ റോളുകളില്ല. പൂർണമായും ദുൽഖറിന്റെ ഭാസ്‌ക്കറിലാണ് സിനിമ. കൃത്യമായി എല്ലാ ഘടകങ്ങളും ചേരുംപടി ചേർത്തുവച്ച് സംവിധായകൻ വെങ്കി അറ്റ്ലൂരി സിനിമ ഒരുക്കിയിട്ടുണ്ട്. ജി വി പ്രകാശിന്റെ സംഗീതമാണ് എടുത്തുപറയേണ്ട മികവ്. സിനിമയെ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് സംഗീതം. കുടുംബം, ജോലി, പണം സമ്പാദിക്കാനുള്ള നീക്കങ്ങൾ ഇങ്ങനെ മൂന്നു തരത്തിൽ മാറിമാറിവരുന്ന രംഗങ്ങളെ പ്രേക്ഷക കാഴ്‌ചയിലേക്ക് ചേർത്തടുപ്പിക്കുന്നതിൽ സംഗീതം നല്ല പങ്കുവഹിച്ചിട്ടുണ്ട്.
കാലം അടയാളപ്പെടുത്തുന്നതിൽ അണിയറ പ്രവർത്തകർ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദലാല്‍ സ്ട്രീറ്റും ബോംബെ നഗരവും അക്കാലത്തെ ബാങ്കുമൊക്കെയായി 1980–-90കളെ പുനഃസൃഷ്ടിക്കാന്‍ ലക്കി ഭാസ്‌ക്കറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായിട്ടുണ്ട്.
പൂർണമായും ദുൽഖർ ഷോ എന്ന് ഒറ്റവാക്കിൽ പറയാൻ കഴിയുന്ന സിനിമയാണ് ലക്കി ഭാസ്‌ക്കർ. ഫിനാൻഷ്യൽ–- ക്രൈം ത്രില്ലർ ജോണറിൽ പ്രേക്ഷകരെ പിടിച്ചുനിർത്താൻ കഴിയുന്ന ചിത്രം ഒരുക്കാൻ കഴിഞ്ഞുവെന്നതിൽ അണിയറ പ്രവർത്തകർക്കും അഭിമാനിക്കാം. l