രണ്ടു വർഷം മുൻപ് അസാധാരണമായ ചില സംഭവ വികാസങ്ങൾക്കാണ് ലോകം ശ്രീലങ്കയിൽ സാക്ഷ്യം വഹിച്ചത്. 2022 മാർച്ച് മുതൽ ആരംഭിച്ച ശ്രീലങ്കയിലെ പ്രതിഷേധ പ്രക്ഷോഭം (അരഗാലയ) 2022 ജൂലെെ 9ന് പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ കൊളംബോയിലെ ഔദ്യോഗിക വസതിയിലേക്ക് ജനങ്ങൾ ഇരച്ചുകയറുന്നതിലേക്ക് നയിച്ചു. അവിടെ അണിനിരന്ന പൊലീസിന്റെയും പട്ടാളത്തിന്റെയും സർവവിധ സുരക്ഷാ സന്നാഹങ്ങളെയും മാറാല നീക്കം ചെയ്യുന്നതുപോലെ അനായാസം തകർത്തെറിഞ്ഞുകൊണ്ട് ശ്രീലങ്കൻ ജനത ആ കൊട്ടാരക്കെട്ടിനുള്ളിലേക്ക് ഇരച്ചുകയറി. ജനങ്ങളുടെ ആ മുന്നേറ്റത്തേക്കാൾ ലോകത്തെ അൽഭുതപ്പെടുത്തിയത് ജനത്തിന്റെ തള്ളിക്കയറ്റം കണ്ട് ഭയന്ന് പരവശനായ, സേ-്വച്ഛാധിപതിയായ ഗോതബയ രാജപക്സെ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടതാണ്.
രണ്ടു വർഷത്തിനുശേഷം 2024 സെപ്തംബർ 21ന് നടന്ന മത്സരത്തിൽ പ്രസിഡന്റായി ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷക്കാരനായ ഒരാൾ – അനുര കുമാര ദിസനായകെ – തിരഞ്ഞെടുക്കപ്പെട്ടു. 2022ലെ പ്രക്ഷോഭത്തിൽ ജെവിപിയോ ഏതെങ്കിലും ഇടതുപക്ഷ വിഭാഗമോ പ്രത്യക്ഷത്തിൽ പങ്കെടുക്കുകയോ അവരുടെ കൊടികളും ബാനറുകളും ഉയർത്തുകയോ ചെയ്തിരുന്നില്ല. കാരണം, രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളും ആ പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നതിനെ അതിൽ പങ്കെടുക്കുന്നവർ എതിർത്തിരുന്നു എന്നതുതന്നെ. എന്നാൽ 2022 ഏപ്രിൽ മുതൽ കൊളംബോയിലും രാജ്യത്തിലെ മറ്റു പ്രമുഖ നഗരങ്ങളിലും നിലനിന്നിരുന്ന ‘ഗോത ഗോ ഗാമ’ എന്ന പേരിൽ അറിയപ്പെട്ട ക്യാമ്പുകളിൽ ഇടതുപക്ഷത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ടായിരുന്നു. അതായത് പാർട്ടിയുടെ കൊടിയും ബാനറും അവിടെ ഉപയോഗിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദിസനായകെ ആ പ്രക്ഷോഭത്തിലുടനീളം സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹം അവിടെ കൂടിയിരുന്ന ജനങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ആ ക്യാമ്പുകൾ നിലനിന്നിരുന്ന കാലത്തുടനീളം ഇടതുപക്ഷ പ്രൊഫഷണൽ സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും ജെവിപിയുടെ വിദ്യാർഥി വിഭാഗമായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് യൂണിയന്റെയും ഇടതുപക്ഷക്കാരായ വ്യക്തികളുടെയും സജീവമായ സാന്നിധ്യമുണ്ടായിരുന്നു. ആ സ്ഥലങ്ങളിലും അവിടേക്ക് ഒഴുകിയെത്തിയിരുന്ന വ്യത്യസ്ത ചിന്താഗതിക്കാരായ ആളുകളിലും ഇടതുപക്ഷത്തിന്റെ ആശയങ്ങളും വിഭവങ്ങളുംകൂടി ആ പ്രവർത്തകർ പകർന്നു നൽകി.
മാത്രമല്ല, വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റായി എത്തിയതോടെ ആ പ്രക്ഷോഭത്തിൽ അണിനിരന്നവരിൽ ഒരു വിഭാഗം അതിൽനിന്ന് മാറിപ്പോവുകയും തൽസ്ഥാനത്ത് ഇടതുപക്ഷക്കാർ എത്തുകയും കൂടുതൽ വ്യക്തതയോടെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. ആ മുന്നേറ്റത്തിന്റെ ഘട്ടത്തിൽ പരിഭ്രാന്തരായ ശ്രീലങ്കൻ ഭരണവർഗം ആ ക്യാമ്പുകൾ പൊളിച്ച് അവിടെ കൂടിയിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ച് പിരിച്ചുവിടുകയാണുണ്ടായത‍്. എന്നാൽ ഇടതുപക്ഷം തങ്ങളുടെ പ്രചാരണവും പോരാട്ടവും അവസാനിപ്പിക്കുകയായിരുന്നില്ല. വിക്രമസിംഗെ ഭരണത്തിൽ നടപ്പാക്കിയ നവലിബറൽ നയങ്ങൾക്കെതിരെ പ്രചാരണവും സമരങ്ങളും ഇടതുപക്ഷം, പ്രത്യേകിച്ച് ജനത വിമുക്തി പെരമുന (ജെവിപി) യുടെ നേതൃത്വത്തിൽ ഇരുപതിലേറെ സംഘടനകൾ ചേർന്ന് രൂപീകരിച്ച നാഷണൽ പീപ്പിൾസ് പവർ (എൻപിപി) എന്ന സഖ്യം, തുടർന്നു. അതിന്റെ ഫലമായാണ് 2019ൽ മൂന്ന് ശതമാനത്തിലേറെ മാത്രം വോട്ട് ലഭിച്ച ദിസനായകെയ്ക്ക് 2024ൽ 56 ശതമാനം വോട്ടു നേടി വിജയിക്കാനായത്.
ശ്രീലങ്കയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രമാരംഭിക്കുന്നത് 1935ലാണ്. ശ്രീലങ്കയിൽ (അന്ന് സിലോൺ) ആദ്യമായി പ്രവർത്തനം ആരംഭിച്ച രാഷ്ട്രീയ പാർട്ടി തന്നെ 1935ൽ രൂപീകരിക്കപ്പെട്ട ലങ്ക സമസമാജ് പാർട്ടിയാണ് (എൽഎസ്എസ്-പി). ആ നിലയിൽ ബ്രിട്ടീഷ് വാഴ്ചയിലായിരുന്ന സിലോണിൽ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കംകുറിച്ചതു തന്നെ ഇടതുപക്ഷമാണെന്ന് നിസ്സംശയം പറയാം. (സ്വാതന്ത്ര്യലബ്ധിക്ക് (1948) തൊട്ടുമുൻപ് 1946ലാണ് യുഎൻപി രൂപംകൊണ്ടത്; 1956 ലാണ് ശ്രീലങ്ക ഫ്രീഡം പാർട്ടി – എസ്എൽഎ-ഫ്-പി – രൂപീകരിക്കപ്പെട്ടത്). ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരായ പോരാട്ടത്തിന്റെ പശ്ചാത്തലമുള്ളതും ഇടതുപക്ഷക്കാരുടെ എൽഎസ്എസ്-പിക്ക് മാത്രമാണ‍്.
എന്നാൽ 1940കളുടെ തുടക്കത്തിൽ എൽഎസ്എസ്-പി നേതൃത്വം തുറന്ന ട്രോട്സ്കിയിസ്റ്റ് നിലപാട് സ്വീകരിച്ചതോടെ ആ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റുകാർ ആ പാർട്ടിയെ കെെവെടിയുകയും പുതുതായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്കയ്ക്ക് രൂപം നൽകുകയുമാണുണ്ടായത്. രണ്ടാം ലോക യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ചേർന്നതോടെ അത് ഫാസിസത്തിനെതിരായ പോരാട്ടമായി മാറിയെന്നത് അംഗീകരിക്കാത്ത ട്രോട്സ്-ക്കിയിസ്റ്റുകളെ നിരാകരിച്ച് 1943ലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക (സിപിഎസ്എൽ) രൂപീകരിക്കപ്പെട്ടത്. അന്ന് പാർട്ടിയുടെ പേര് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സിലോൺ എന്നായിരുന്നു. ആദ്യം യുണെെറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും പിന്നീട് 1943ൽ കമ്യൂണിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രവർത്തനം തുടങ്ങി. ഡോ. എസ് എ വിക്രമസിംഗെ ആയിരുന്നു രണ്ട് ഘട്ടങ്ങളിലും പാർട്ടിയെ നയിച്ചത്.
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പിനെ തുടർന്ന് 1964ൽ ശ്രീലങ്കൻ കമ്യൂണിസ്റ്റു പാർട്ടിയും രണ്ടായി – സോവിയറ്റ് അനുകൂല കമ്യൂണിസ്റ്റ് പാർട്ടിയും സിപിസി അനുകൂല കമ്യൂണിസ്റ്റ് പാർട്ടിയും. സിപിസി അനുകൂലവിഭാഗം അധികകാലം നിലനിന്നില്ല. സെക്ടേറിയൻ നയങ്ങൾമൂലം അതിവേഗം അതിന്റെ പ്രവർത്തനം നിലച്ചു.
1963ൽ കമ്യൂണിസ്റ്റു പാർട്ടിയും ലങ്ക സമസമാജ് പാർട്ടിയും മഹാജന ഏക്സാത്ത് പെരമുനയും ചേർന്ന് സംയുക്ത ഇടതുമുന്നണിക്ക് (യുഎൽഎഫ്) രൂപം നൽകി. എന്നാൽ ആ മുന്നണി അതിവേഗം ശിഥിലമായി. 1964ൽ അന്നത്തെ പ്രധാനമന്ത്രി സിരിമാവൊ ബന്ദാരനായികെ മന്ത്രി സ്ഥാനങ്ങൾ വാഗ്ദാനം നൽകിയതിനെ തുടർന്ന് ആദ്യം എൽഎസ്എസ്-പിയും പിന്നാലെ ശ്രീലങ്കൻ കമ്യൂണിസ്റ്റു പാർട്ടിയും സിരിമാവൊ മന്ത്രിസഭയിൽ ചേർന്നതോടെയാണ് ഇടതുപക്ഷ മുന്നണി ശിഥിലമായത്.
സിരിമാവൊ ബന്ദാരനായികെയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന എസ്എൽഎഫ്-പി ഗവൺമെന്റ് കടുത്ത സാമ്പത്തിക – രാഷ്ട്രീയ – സാമൂഹിക പ്രതിസന്ധിയിൽ അകപ്പെട്ടു; ആ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ ബന്ദാരനായികെയുടെ ബൂർഷ്വാ ഗവൺമെന്റിന് കഴിഞ്ഞില്ല. ഇടതുപക്ഷ പാർട്ടികളുമായി ബന്ധമുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ശ്രീലങ്കൻ ജനത, പ്രത്യേകിച്ചും തൊഴിലാളിവർഗം വലിയ പ്രക്ഷോഭം ആരംഭിച്ചു. ഗവൺമെന്റ് തകർച്ചയുടെ വക്കിലെത്തിയപ്പോഴാണ് അധികാരത്തിൽ പങ്കുപറ്റാൻ സിരിമാവൊ എൽഎസ്എസ്-പിയെ ക്ഷണിച്ചത്. ട്രോട്സ്-ക്കിയിസ്റ്റുകളുടെ ഫോർത്ത് ഇന്റർനാഷണലിന്റെ ഭാഗമായ എൽഎസ്എസ്-പിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായിപോലും വന്നില്ല, ആ ക്ഷണം സ്വീകരിക്കാൻ. വലതുപക്ഷ വ്യതിയാനത്തിന്റെ പിടിയിലമർന്നു കഴിഞ്ഞ ശ്രീലങ്കൻ കമ്യൂണിസ്റ്റു പാർട്ടിയെ സംബന്ധിച്ചിടത്തോളം സോവിയറ്റ് ഗവൺമെന്റിന്റെ വിദേശനയത്തിന്റെ ചുവടുപറ്റി സിരിമാവൊ ഗവൺമെന്റിനൊപ്പം കൂടുകയാണുണ്ടായത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക (സിപിഎസ്-എൽ) നേതാവ് പീറ്റർ ക്യുനേമാൻ (Pieter Keuneman) കാബിനറ്റ് റാങ്കോടെ സിരിമാവൊ ബന്ദാരനായികെ മന്ത്രിസഭയിൽ ഭവന നിർമാണ വകുപ്പ് മന്ത്രിയായി. വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയായി ബി വെെ തുടാവെയും (B Y Tudawa) ചുമതലയേറ്റു. എന്നാൽ ആ പാർട്ടിക്കുള്ളിലെ മറ്റൊരു വിഭാഗം പാർട്ടിയുടെ സ്ഥാപക നേതാവ് ഡോ. എസ് എ വിക്രമസിംഗെയുടെയും ഇന്ദിക ഗുണവർധനെയുടെയും നേതൃത്വത്തിൽ ഗവൺമെന്റിന് വിമർശനപരമായ പിന്തുണയെന്ന നിലപാടാണ് സ്വീകരിച്ചത്. പക്ഷേ, ഇത് പാർട്ടിയെ പിളർപ്പിലെത്തിച്ചില്ല. എന്തായാലും അവസരവാദപരമായി ബൂർഷ്വാസിയുമായുണ്ടാക്കിയ കൂട്ടുകെട്ട് കമ്യൂണിസ്റ്റു പാർട്ടിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി.
ഈ രണ്ടു പാർട്ടികളും ഇടതുപക്ഷമുന്നണി വിടാതിരുന്നെങ്കിൽ സംയുക്ത ഇടതുമുന്നണിക്ക് ആ പ്രതിസന്ധി ഘട്ടത്തിൽ ഭരണം ലഭിക്കുമായിരുന്നു. ബൂർഷ്വാ ഭരണത്തിനൊപ്പം ചേർന്ന എൽഎസ്എസ്-പിയുടെയും കമ്യൂണിസ്റ്റു പാർട്ടിയുടെയും തീരുമാനം ട്രേഡ് യൂണിയനുകളുടെയും പ്രക്ഷോഭരംഗത്ത് അണിനിരന്ന ലക്ഷക്കണക്കിന് ജനങ്ങളുടെയും ഇച്ഛയ്ക്കെതിരായിരുന്നു. ചെെന പക്ഷത്തുനിന്ന കമ്യൂണിസ്റ്റ് പാർട്ടിയിലെ വിഭാഗത്തിനും ആ അവസരത്തിനൊത്ത് മുന്നോട്ടുവരാനോ ബഹുജനമുന്നേറ്റത്തിന് നേതൃത്വം നൽകാനോ കഴിഞ്ഞില്ല. തൊഴിലാളികളുടെയും ജനലക്ഷങ്ങളുടെയാകെയും ആഗ്രഹാഭിലാഷങ്ങൾ കണക്കിലെടുക്കാതെ അവരെ വഞ്ചിച്ച ട്രോട്സ്-ക്കിയിസ്റ്റുകളുടെയും ക്രൂഷ്ചേവ് പക്ഷക്കാരായ വലതു കമ്യൂണിസ്റ്റുകാരുടെയും നിലപാട് പുതിയൊരു ഉശിരൻ ഇടതുപക്ഷ പ്രസ്ഥാനം, മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പ്രസ്ഥാനം ഉയർന്നുവരാനുള്ള സാഹചര്യമൊരുക്കി – ജനത വിമുക്തി പെരമുന (ജെവിപി – പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ).
1977ലെ പൊതുതിരഞ്ഞെടുപ്പായപ്പോൾ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലാദ്യമായി ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് പാർലമെന്റിൽ പ്രാതിനിധ്യം പൂർണമായി ഇല്ലാതായി – 2 ശതമാനം വോട്ടു മാത്രമേ ലഭിച്ചുള്ളൂ. എന്നാൽ തിരഞ്ഞെടുപ്പ് പെറ്റീഷനെ തുടർന്നുണ്ടായ ഒരു സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി ശരത് മുത്തേത്തുവെഗമ (Sarath Muttetuwegama) കലവാണ സീറ്റിൽ വിജയിച്ചു. പിന്നീട് 2004ലെ തിരഞ്ഞെടുപ്പിൽ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി ചേർന്ന് ശ്രീലങ്കൻ കമ്യൂണിസ്റ്റു പാർട്ടി ജനകീയ സഖ്യം (പീപ്പിൾസ് അലയൻസ്) എന്ന മുന്നണിക്ക് രൂപം നൽകി. പക്ഷേ അധിക കാലം ആ സഖ്യം നിലനിന്നില്ല. എസ്എൽഎഫ്പി ആ കൂട്ടുകെട്ടുപേക്ഷിച്ച് ജെവിപിയുമായി ചേർന്ന് യുണെെറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസിനു (UPFA) രൂപം നൽകി. കമ്യൂണിസ്റ്റു പാർട്ടിയും എൽഎസ്എസ്-പിയും ആദ്യം ഇതിൽ ചേരാതെ വിട്ടുനിന്നെങ്കിലും പിന്നീട് ആ മുന്നണിയുമായി സീറ്റു ധാരണയുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഡി ഇ ഡബ്ല്യു ഗുണശേഖര (D E W Gunasekhara) മാത്രമാണ് 2004ൽ പാർലമെന്റിലെത്തിയത്. അദ്ദേഹം പാർലമെന്റ് സ്പീക്കർ സ്ഥാനത്തേക്ക് മുന്നണി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ചെറിയ വോട്ടു വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ ഭരണഘടനാ കാര്യമന്ത്രിയായി ഗുണശേഖര നിയോഗിക്കപ്പെട്ടു. 2020ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടി രണ്ടു സ്ഥാനാർഥികളെ മത്സരിപ്പിച്ചെങ്കിലും ഒരാൾ മാത്രമേ ജയിച്ചുള്ളൂ.
2020 ആഗസ്തിൽ ഗുണശേഖര പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുകയും തൽസ്ഥാനത്തേക്ക് ഡോ. ജി വീരസിംഗെ (Dr. G Weerasinghe) ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ‘അത്താത്ത’ (Aththa – സത്യം) എന്ന പേരിൽ പുറത്തിറങ്ങുന്ന പാർട്ടിയുടെ മുഖപത്രം സിംഹള ഭാഷയിലെ മികച്ച പത്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഉന്നതനിലവാരമുള്ള ജേണലിസം, പുരോഗമന സ്വഭാവമുള്ള മുഖപ്രസംഗങ്ങൾ എന്നിവയ്ക്കുപുറമെ ഈ പത്രത്തിന്റെ ഭാഷാപരമായ മികവും അതിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ‘ഫോർവാർഡ്’ (forward) എന്ന പേരിൽ ഒരു ഇംഗ്ലീഷ് വാരികയും പാർട്ടി പ്രസിദ്ധീകരിക്കുന്നു.
ജനത വിമുക്തി പെരമുന
1965ൽ ഒരു വിഭാഗം കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾ ചേർന്നാണ് ജനത വിമുക്തി പെരമുനയ്ക്ക് രൂപം നൽകിയത്. കമ്യൂണിസ്റ്റു പാർട്ടി അംഗമായിരുന്ന പാതബെന്ദി വിജേവീരയുടെ മകൻ രോഹന്ന വിജേവീര (Rohana Wijeweera) യായിരുന്നു ജെവിപി സ്ഥാപിച്ചതിൽ പ്രമുഖൻ. അദ്ദേഹം സോവിയറ്റ് യൂണിയന്റെ സ്കോളർഷിപ്പ് നേടി മെഡിക്കൽ വിദ്യാഭ്യാസത്തിനായി മോസ്-ക്കോയിൽ പോയി. അവിടെ പഠനം തുടരവെ അദ്ദേഹത്തിന് സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുടെ പാർട്ടി സ്കൂളിൽ ചേർന്ന് മാർക്സിസം – ലെനിനിസത്തിൽ പഠനം നടത്താൻ അവസരം ലഭിച്ചു. എന്നാൽ ക്രൂഷ്ചേവ് നയത്തോട് വിയോജിച്ച വിജെവീര 1964 ൽ ശ്രീലങ്കയിൽ തിരിച്ചെത്തിയശേഷം ശ്രീലങ്കൻ കമ്യൂണിസ്റ്റു പാർട്ടിയിലെ സിപിസി അനുകൂല വിഭാഗത്തിൽ ചേർന്നു. പക്ഷേ, സിപിസി അനുകൂല വിഭാഗത്തിന്റെ നേതൃത്വവും ഏറെക്കുറെ റിവിഷനിസ്റ്റ് നയംതന്നെ തുടരുകയാണെന്നുകണ്ട വിജെവീര പാർട്ടിയെ പ്രത്യയശാസ്ത്രപരമായി തിരുത്താൻ മറ്റു ചില സഖാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തനമാരംഭിച്ചു. ഇത് വിജെവീരയുടെയും സഖാക്കളുടെയും പാർട്ടിയിൽനിന്നുള്ള പുറത്താക്കലിന് വഴിയൊരുക്കി.
1960കളിലെ ജനകീയ മുന്നേറ്റത്തെ വഞ്ചിച്ചുകൊണ്ട് ശ്രീലങ്കൻ കമ്യൂണിസ്റ്റു പാർട്ടിയും എൽഎസ്എസ്-പിയും സിരിമാവൊ ബന്ദാരനായികെയുടെ മന്ത്രിസഭയിൽ ചേർന്നതിനെ തുടർന്നുണ്ടായ ജനരോഷം പ്രയോജനപ്പെടുത്തി 1965ൽ രോഹന്ന വിജെവീരെയും സഖാക്കളും ചേർന്ന് പുതിയൊരു മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പാർട്ടിക്ക് രൂപം നൽകി – ജനത വിമുക്തി പെരമുന (ജെവിപി – ജനകീയ വിമോചനമുന്നണി).
തുടക്കത്തിൽ അർധ രഹസ്യ സ്വഭാവത്തോടുകൂടിയ തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാർഥികളുടെയും സംഘടനകൾക്കാണ് രൂപം നൽകിയത്. തീവ്ര വലതുപക്ഷ സ്വഭാവത്തിലുള്ള യുഎൻപി 1965ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതിനെ തുടർന്ന് കടുത്ത അടിച്ചമർത്തലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പരസ്യമായി പ്രവർത്തിക്കുന്ന ബഹുജന സംഘടനകൾക്ക് രൂപം നൽകാതിരുന്നത്. വിജെവീര നേരിട്ട് മുൻകെെയെടുത്താണ് ആദ്യം സർവകലാശാല വിദ്യാർഥികളെയും പിന്നീട് തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചത്. 1964 കാലത്തെ ജനമുന്നേറ്റത്തെ വഞ്ചിച്ച അന്ന് നിലനിന്നിരുന്ന ഇടതുപക്ഷത്തോട് അസംതൃപ്തിയിലായിരുന്ന ജനവിഭാഗങ്ങളെ പുതിയൊരു ഇടതുപക്ഷത്തിന്റെ പിന്നിൽ അണിനിരത്താൻ എളുപ്പമായിരുന്നില്ല. ഇത് മറികടക്കാൻ 5 വിഷയങ്ങൾ കേന്ദ്രീകരിച്ച് വിജെവീര രാജ്യത്തെ പ്രധാന ഭാഗങ്ങളിൽ പഠന പരിപാടി സംഘടിപ്പിച്ചു. ശ്രീലങ്കയിലെ മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധി, ശ്രീലങ്കയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രം, സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ ചരിത്രം, ഇന്ത്യൻ വികസനവാദം, ശ്രീലങ്കയുടെ വിപ്ലവപാത എന്നിവയായിരുന്നു പഠന വിഷയം.
സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾക്കിടയിൽ അതിവേഗം പുതിയ പ്രസ്ഥാനം പടർന്നുപിടിച്ചു. തൊഴിലാളികൾക്കും കർഷകർക്കും യുവജനങ്ങൾക്കുമിടയിൽ പുതിയ പ്രസ്ഥാനത്തിന്റെ പ്രവർത്തനം ശക്തമായി നടക്കുന്നതായുള്ള ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട് ലഭിച്ചതിനെതുടർന്ന് യുഎൻപി സർക്കാർ 1970 മെയ് മാസത്തിൽ പ്രതേ-്യകമായി ഒരു കുറ്റവും ചുമത്താതെ രോഹന്ന വിജെവീരയെ അറസ്റ്റു ചെയ്തു. 1970 മെയ് മാസത്തിൽ തന്നെ യുഎൻപിക്ക് അധികാരം നഷ്ടപ്പെടുകയും എസ്എൽഎഫ്-പി സഖ്യം അധികാരത്തിലെത്തുകയും ചെയ്തു. 1970 ജൂലെെയിൽ വിജെവീര ജയിൽമോചിതനായതിനെത്തുടർന്ന് ജെവിപിയുടെ പ്രവർത്തനം കൂടുതൽ ഉൗർജസ്വലമായി. ഈ ഘട്ടത്തിൽ ജെവിപി സിഐഎയുടെ ഒരു കെണിയാണെന്നും വിജെവീര സിഐഎ ഏജന്റാണെന്നും ആരോപിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന ഭരണമുന്നണിയിലെ മൂന്ന് പാർട്ടികളുടെയും – എസ്എൽഎഫ്-പി, എൽഎസ്എസ്-പി, സിപിഎസ്എൽ – ജനറൽ സെക്രട്ടറിമാർ ചേർന്ന് പുറപ്പെടുവിച്ചു. ഈ ഘട്ടത്തിൽ 1970 ആഗസ്തിൽ ജെവിപി ആദ്യമായി കൊളംബോയിൽ സംഘടിപ്പിച്ച ബഹുജനറാലി വൻ വിജയമായി. നല്ല ജനപങ്കാളിത്തം ഉണ്ടായി എന്നു മാത്രമല്ല, പങ്കെടുത്തവർ വിജെവീരയുടെ അഭ്യർഥനയെതുടർന്ന് പണവും ആഭരണങ്ങളും വലിയ തോതിൽ ആ റാലിയിൽ വെച്ചുതന്നെ സംഭാവന നൽകുകയും ചെയ്തു.
തുടർന്ന് ജെവിപി മറ്റു നഗരങ്ങളിലുമെല്ലാം വിജയകരമായി തന്നെ റാലികൾ സംഘടിപ്പിച്ചു. മൂന്ന് പത്രങ്ങളും പ്രസിദ്ധീകരിച്ചു – ജനത വിമുക്തി (ജനകീയ വിമോചനം) ആയിരുന്നു കേന്ദ്ര കമ്മിറ്റിയുടെ മുഖപത്രം. തൊഴിലാളി വിഭാഗത്തിന്റെ മുഖപത്രമായി ‘രാതുബലായ’ (Red Power) യും വിദ്യാർഥി വിഭാഗത്തിന്റെ മുഖപത്രമായി ദേശപ്രേമി (The Patriot)യും പ്രസിദ്ധീകരണമാരംഭിച്ചു. പോസ്റ്റർ കാംപെയ്നുകളും ചർച്ചാ ക്ലാസുകളും പഠന ക്യാമ്പുകളും സംഘടിപ്പിച്ചു തുടങ്ങിയതോടെ സിരിമാവൊ ബന്ദാരനായികെയുടെ കൂട്ടുകക്ഷി ഗവൺമെന്റ് ജെവിപി പ്രവർത്തകരെ അറസ്റ്റുചെയ്യാനും കസ്റ്റഡിയിൽവെച്ച് ക്രൂരമായ മർദ്ദന നടപടികളെടുക്കാനും തുടങ്ങി. എന്നാൽ സാധാരണ രാഷ്ട്രീയ പ്രചാരണത്തിനപ്പുറം നിയമവിരുദ്ധമായ നടപടികളൊന്നും ജെവിപി അപ്പോൾ സ്വീകരിച്ചിരുന്നില്ല. യഥാർഥത്തിൽ പുതുതായി ഉയർന്നുവന്ന പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു സർക്കാർ.
ഇതിനിടയിൽ 1971 മാർച്ചിൽ ഭരണമുന്നണിയിലെ പാർലമെന്റംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത വിയത്-നാം യുദ്ധവിരുദ്ധ റാലിയിൽനിന്ന് ആരോ ഒരാൾ അമേരിക്കൻ എംബസിക്കുനേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവമുണ്ടായി. അതെറിഞ്ഞയാളെ കയ്യോടെ പിടികൂടിയെങ്കിലും അതവസരമായെടുത്ത് ബന്ദാരനായികെ സർക്കാർ സംഭവം നടന്ന് മണിക്കൂറുകൾക്കകം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സെെന്യത്തിനും പൊലീസിനും ആളുകളെ കൊലപ്പെടുത്താനും പോസ്റ്റ്മോർട്ടം പോലും നടത്താതെ ശരീരം മറവുചെയ്യാനും അധികാരം നൽകുന്ന നിയമങ്ങൾ കൊണ്ടുവരികയും ചെയ്തു. 1971 മാർച്ച് 13ന് ജെവിപി നേതാവ്, വിജെവീരയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാഫ്ന ജയിലിലടയ്ക്കുകയും ചെയ്തു. യഥാർഥത്തിൽ അദ്ദേഹം നിയമലംഘനമൊന്നും നടത്തിയിരുന്നതുമില്ല.
1971 ഏപ്രിൽ ഒന്നിന് അഞ്ഞൂറിലേറെ ജെവിപി അംഗങ്ങളെയും അനുഭാവികളെയും അറസ്റ്റ് ചെയ്ത് തടങ്കൽ പാളയത്തിലടച്ചു. അന്നുതന്നെ അടിയന്തര യോഗം ചേർന്ന ജെവിപി നേതൃത്വം സർക്കാർ പിന്തുടരുന്ന അടിച്ചമർത്തൽ നയത്തെക്കുറിച്ച് ചർച്ച നടത്തുകയും മർദന നടപടികളെ ചെറുക്കാൻ ആയുധമെടുത്ത് പൊരുതാൻ തീരുമാനിക്കുകയും ചെയ്തു. സർക്കാരിന്റെ യാതൊരു നീതീകരണവുമില്ലാത്ത, നിയമവിരുദ്ധമായ അടിച്ചമർത്തൽ നടപടിക്കെതിരെ 1971 ഏപ്രിൽ 5ന് സായുധ ചെറുത്തുനിൽപ് തുടങ്ങാൻ ജെവിപി നിർബന്ധിതമാവുകയായിരുന്നു. ഈ സായുധകലാപംമൂലം സർക്കാരിന് ചില പ്രദേശങ്ങളുടെ നിയന്ത്രണം തന്നെ തുടക്കത്തിൽ നഷ്ടപ്പെട്ടു. നൂറോളം പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനുകൾ ഉപേക്ഷിച്ച് ഓടിപ്പോയി. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് കലാപമൊതുക്കാൻ അതിക്രൂരമായ നടപടികളാണുണ്ടായത്. ജെവിപിയുടെ പതിനായിരത്തോളം അംഗങ്ങളെയും അനുഭാവികളെയും കൊന്നൊടുക്കി. 1971 നു മുൻപൊരിക്കലും ശ്രീലങ്കയിൽ ആളുകളെ പൊതുസ്ഥലങ്ങളിൽ കൂട്ടക്കൊല നടത്തിയത് ആരും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. കൂട്ടക്കൊല നടത്തിയതിനു പുറമെ 20,000ത്തിലധികം ജെവിപി പ്രവർത്തകരെയും അനുഭാവികളെയും തടവിലാക്കുകയും ചെയ്തു. അങ്ങനെ കിരാതമായ നടപടികളിലൂടെ സർക്കാർ ജെവിപിയുടെ സായുധ ചെറുത്തുനിൽപ്പിനെ തകർത്തു.
എന്നാൽ ചുരുങ്ങിയ കാലത്തിനുള്ളിൽ പാർട്ടിയെ പുനഃസംഘടിപ്പിച്ച് വീണ്ടും സജീവമാക്കാൻ ജെവിപി ആലോചനകൾ തുടങ്ങി. പാർട്ടിയിലുടനീളം നടത്തിയ സ്വയം വിമർശനപരമായ പരിശോധനയിലൂടെ അതിസാഹസിക നയം തുടർന്നതുമൂലമുണ്ടായ പിശകുകൾ കണ്ടെത്തി തിരുത്താനും കൂടുതൽ കരുത്താർജിച്ച് മുന്നേറാനും നടപടികൾ ആരംഭിച്ചു. l
(തുടരും)