Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിശ്രീലങ്കയുടെ അനുഭവം നൽകുന്ന 
മുന്നറിയിപ്പ്

ശ്രീലങ്കയുടെ അനുഭവം നൽകുന്ന 
മുന്നറിയിപ്പ്

രഘു

ശ്രീലങ്ക 2022 ല്‍ കടന്നുപോയ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി സാമൂഹികവും രാഷ്ട്രീയവുമടക്കമുള്ള എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയും അതില്‍നിന്നും ഇപ്പോഴും മോചിതമാവാതെ നില്‍ക്കുകയുമാണ്. അതിന്റെ പ്രതിഫലനം 2024 സെപ്തംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തില്‍ വരെ പ്രകടമാണ്. അവശ്യസാധനങ്ങ ളുടെ അതിരൂക്ഷമായ വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ മുരടിപ്പ്, രൂപയുടെ മൂല്യശോഷണം, വിദേശനാണയശേഖരത്തിലെ കുറവ് എന്നിവയാണ് സാമ്പത്തിക കുഴപ്പത്തിലേക്കു നയിച്ച പ്രധാന കാരണങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍ മുതല്‍ സ്വീകരിച്ചുവന്ന നയങ്ങളുടെയും 1970 കളുടെ മധ്യംമുതല്‍ നടപ്പിലാക്കിയ നവലിബറല്‍ നയങ്ങളുടെയും ഗോതബയ രാജപക്സെ ഭരണകൂടത്തിന്റെ നയങ്ങളുടെയും ആകെത്തുകയായിരുന്നു രാജ്യത്തെ ഗ്രസിച്ച തീവ്രമായ സാമ്പത്തിക പ്രതിസന്ധി. ഇതിനെ കോവിഡ് മഹാമാരിയും റഷ്യ- – ഉക്രയിൻ യുദ്ധവും കൂടുതല്‍ ആഴമുള്ളതാക്കി.

1948 ല്‍ സ്വതന്ത്രയാവുമ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വെച്ച് മികച്ച മാനവവികസന സൂചികകള്‍ ഉണ്ടായിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക. അവിടെ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് 1931 ല്‍ തന്നെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം പ്രയോഗത്തില്‍വന്നു. ജനാധിപത്യത്തിലും ജനാധിപത്യസ്ഥാപനങ്ങളുടെ കാര്യത്തിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ മുന്നിലായിരുന്നു അവര്‍. ഇത്തരമൊരു പശ്ചാത്തലമുള്ള ശ്രീലങ്കയിലെ 2022 ലെ സാമ്പത്തിക പ്രതിസന്ധി ലോകത്താകെ സജീവ ചര്‍ച്ചയായി. ആ പ്രതിസന്ധിയെത്തുടര്‍ന്ന് ഇപ്പോള്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുവരെയുള്ള സംഭവവികാസങ്ങളെ ചുരുക്കമായി പ്രതിപാദിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

സമ്പദ്ഘടനയുടെ ചരിത്രം
ബ്രിട്ടീഷ് കോളനിഭരണത്തിന്റെ തുടര്‍ച്ചയായി സ്വതന്ത്രയായതിനുശേഷവും പിന്തുടര്‍ന്നുവന്ന തോട്ടവിളകളുടെ കയറ്റുമതിയാണ് പ്രധാന വരുമാന സ്രോതസ്. ശ്രീലങ്കയുടെ വരുമാനത്തിലെ മറ്റൊരു പ്രധാന സ്രോതസ് ടൂറിസമാണ്. അതേസമയം അവശ്യസാധനങ്ങള്‍ക്ക് (അരി, ഗോതമ്പുപൊടി, പഞ്ചസാര, പെട്രോളിയം ഉല്പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ) ഇറക്കുമതിയെ ആശ്രയിച്ചുനില്‍ക്കുന്ന രാഷ്ട്രമാണ് ശ്രീലങ്ക. അവയുടെ ഇറക്കുമതിച്ചെലവ് കൂടിവരികയും കയറ്റുമതിയില്‍ പുരോഗതി കൈവരിക്കാതിരിക്കുകയും ചെയ്തതിലൂടെ വ്യാപാരക്കമ്മി വര്‍ധിച്ചുവരുന്നത് ഒരു സ്ഥിര പ്രതിഭാസമാണ്. അതുകൊണ്ട് വിദേശനാണയ ശേഖരം ഗണ്യമായി കുറഞ്ഞുവന്നു. 10,000 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയുള്ളതാണ് വിദേശ നാണയശേഖരത്തിന്റെ കുറവിനുള്ള അടിസ്ഥാന കാരണമെന്ന് അന്നത്തെ പ്രസിഡന്റ് രാജപക്സെ പ്രസ്താവിച്ചിരുന്നു.

നവലിബറലിസം
ശ്രീലങ്ക ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ വിത്തുകള്‍ വളരെ മുന്‍പുതന്നെ ആ മണ്ണില്‍ വേരുപിടിച്ചിരുന്നതാണ്. അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും തിട്ടൂരങ്ങള്‍ക്കു വിധേയമായി 1977 ലെ ജയവര്‍ധനെ ഭരണം നവലിബറല്‍ നയങ്ങള്‍ പ്രയോഗത്തില്‍ വരുത്തി. അതിലൂടെ ദക്ഷിണേഷ്യയിലാദ്യമായി ആഗോളീകരണ നയങ്ങള്‍ നടപ്പിലാക്കിയ രാജ്യമെന്ന ഖ്യാതി ശ്രീലങ്കയ്ക്കു ലഭിച്ചു. സ്വതന്ത്ര വിപണി, നാണയത്തിന്റെ മൂല്യശോഷണം, ഇറക്കുമതി ഉദാരവല്‍ക്കരണം, വിദേശവ്യാപാര ബഹുതല പങ്കാളിത്തം, നിയ ന്ത്രിത ധനമാനേജ്മെന്റ്, കൂലി/ശമ്പളം വര്‍ധിപ്പിക്കാതിരിക്കല്‍, നിയന്ത്രണങ്ങള്‍ റദ്ദാക്കല്‍, വിദേശ നിക്ഷേപം, സ്വകാര്യവല്‍ക്കരണം, തൊഴില്‍ അവകാശങ്ങള്‍ റദ്ദാക്കല്‍ എന്നിവ ജയവർധനെ സർക്കാർ നടപ്പിലാക്കി. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും സ്വകാര്യ മൂലധനത്തിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ഇളവുകള്‍ കൊടുക്കുകയും ആഭ്യന്തര കമ്പോളം തുറന്നുകൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള സാമൂഹിക സേവനരംഗങ്ങളിലെ സര്‍ക്കാര്‍ ചെലവഴിക്കലുകള്‍ വെട്ടിക്കുറച്ചു.

മേല്‍പ്പറഞ്ഞ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഏറെ വലുതും നീണ്ടുനില്‍ക്കുന്നതുമായിരുന്നു. തുടക്കത്തില്‍ ജനങ്ങളുടെ അസംതൃപ്തിയെ തിരിച്ചുവിടാന്‍ ശ്രീലങ്കന്‍ സമൂഹത്തില്‍ ഏറെ മുന്‍പുതന്നെ നിലനിന്നിരുന്ന വംശീയ വിദ്വേഷ ത്തെ ഭരണാധികാരികള്‍ ഉപയോഗിച്ചു. തമിഴ് – – സിംഹള ദേശീയതകള്‍ തമ്മിലുള്ള സംഘ ര്‍ഷം മൂര്‍ച്ഛിപ്പിക്കുന്ന നയങ്ങള്‍ ഭരണകൂടം കൈക്കൊണ്ടു. അതിന്റെ ഫലമായി ദീര്‍ഘനാളു കള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തില്‍ രാജ്യം അമര്‍ന്നു. 1979 ല്‍ തന്നെ ജയവര്‍ധനെ ഭരണം തീവ്രവാദം തടയല്‍ നിയമം (Prevention of Terrorism Act) പാസ്സാക്കിയതും അത് തമിഴ് വംശജകര്‍ക്കുനേരെ പ്രയോഗിക്കാന്‍ തുടങ്ങിയതും ശ്രദ്ധേയമാണ്. നവലിബറല്‍ നയങ്ങള്‍ തൊഴിലാളി യൂണിയനുകളെയും ഇടതുപക്ഷത്തെയും അടിച്ചമര്‍ത്തി. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഗവൺമെന്റ് Essential Public Service Act 1979 അംഗീകരിച്ചു. ഭരണകൂടം സ്വേച്ഛാധികാര സ്വഭാവമുള്ളതായിമാറി. ആഭ്യന്തര യുദ്ധക്കാലയളവില്‍ നവലിബറല്‍ നയങ്ങള്‍ പൂര്‍ണതോതില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. 26 വര്‍ഷക്കാലം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനുശേഷം 2009 ല്‍ രാജപക്സെ ഭരണസ്ഥിരത ഉറപ്പുവരുത്തി യതോടെയാണ് അത് വീണ്ടും സജീവമായത്.

പ്രതിസന്ധിക്ക് പെട്ടെന്നുള്ള കാരണം
നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ ഫലമായി ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്കു പുറമേ, രാജപക്സെ ഭരണകൂടത്തിന്റെ നടപടികള്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. ഭീകരമായ ധനക്കമ്മിക്കിടയാക്കിയ പരോക്ഷ നികുതിയിളവുകള്‍ പോലെയുള്ള നടപടികള്‍, സര്‍ക്കാരിന്റെ വരുമാനത്തില്‍ 22 ശതമാനം കുറവുവരുത്തിയതായി കണക്കാക്കപ്പെടുന്നു. ഈ നീക്കമൊരു സമ്പന്നവര്‍ഗ പ്രീണനമായിരുന്നു. ഇതിലെല്ലാമുപരി, സർക്കാരിന്റെ അമിത ചെലവും കടം തിരിച്ചടവും പ്രതിസന്ധി ആളിക്കത്തിച്ചു.

2021 ഏപ്രില്‍ മാസത്തില്‍ പ്രസിഡന്റ് രാജപക്സെ പ്രഖ്യാപിച്ച ഓര്‍ഗാനിക് കൃഷി സമ്പ്രദായം കാര്‍ഷികരംഗത്തെ വലിയ മാന്ദ്യത്തിലേക്കു നയിച്ചു. ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനായാണ് കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള രാസവളവും കീടനാശിനിയും ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ജെെവ കൃഷി കൊണ്ടുവന്നത്. ഈ നയത്തിന്റെ ഫലമായി കാര്‍ഷികോല്‍പാദനം 40 ശതമാനം കണ്ട് കുറഞ്ഞു. കയറ്റുമതി ചെയ്യുന്ന നാണ്യവിളകളുടെ മാത്രമല്ല, അരിപോലുള്ള ധാന്യങ്ങളുടെയും ഉല്‍പാദനം കുറഞ്ഞു. കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനം കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കംകൂട്ടി.
മറ്റൊരു പ്രധാനപ്പെട്ട വരുമാന മാര്‍ഗമാണ് ടൂറിസം. 2019 ല്‍ ഒരു പള്ളിയിലുണ്ടായ സ്ഫോടനം വിദേശസഞ്ചാരികളുടെ വരവില്‍ വലിയ ഇടിവുണ്ടാക്കി. കോവിഡ് മഹാമാരിയും വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനം വരുന്ന ടൂറിസത്തില്‍ നിന്നുള്ള വരവുകൂടി  നിലച്ചത് വിദേശ നാണയ ലഭ്യതയെ കൂടുതല്‍ പരുങ്ങലിലാക്കി. ഇപ്പറഞ്ഞവയോടൊപ്പം വ്യാപകമായ അഴിമതിയും ഭരണസംവിധാനത്തിന്റെ എല്ലാതലങ്ങളിലും പിടിമുറുക്കി പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു.

പ്രതിസന്ധി വിവിധ തലങ്ങളില്‍
രാജ്യത്തെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തിലെ എല്ലാ മേഖലകളിലും തലങ്ങളിലും പ്രതിഫലിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കളുടെയടക്കം ഇറക്കുമതി കുറയ്ക്കുകയും ഇറക്കുമതിക്കാരെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. അവയുടെ വിതരണത്തിന്റെ നിയന്ത്രണം സൈന്യത്തെ ഏല്പിച്ചു. അവശ്യ സാധന കടകളുടെ മുമ്പില്‍ വലിയ ക്യൂവാണുണ്ടായിരുന്നത്. ചില അവശ്യസാധനങ്ങളുടെ വിതരണത്തില്‍ റേഷനിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യത്തിനു ഭക്ഷ്യവസ്തുക്കളില്ല, മരുന്നില്ല, വാഹനങ്ങള്‍ ഓടാന്‍ ഇന്ധനമില്ല. ഒരിടത്തും കടകള്‍ തുറക്കുന്നില്ല. പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. രൂക്ഷമായ വിലക്കയറ്റത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഒരു കിലോ അരിക്ക് 448 ശ്രീലങ്കന്‍ രൂപയും ഒരു ലിറ്റര്‍ പാലിന് 263 രൂപയും ഒരു ലിറ്റര്‍ പെട്രോളിന് 283 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 176 രൂപയുമെന്ന പ്രതിസന്ധിയുടെ ഒരു ഘട്ടത്തിലെ വിലനിലവാരം. വൈദ്യുതി നിലയങ്ങളിലെ ഉല്പാദനം നിര്‍ത്തി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് 12 മണിക്കൂറുകളോളം രാജ്യം പവര്‍കട്ടിലായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയും ജനകീയ പ്രക്ഷോഭത്തെ തടയാന്‍ നിശാനിയമവും രാജപക്സെ ഭരണം ഏര്‍പ്പെടുത്തുകയുണ്ടായി.

അവശ്യസാധനങ്ങള്‍ക്കായി ജനങ്ങള്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയിലേക്കെത്തിച്ച പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പതിനായിരക്കണക്കിനാളുകള്‍ തലസ്ഥാന നഗരമായ കൊളംബോയില്‍ തടിച്ചുകൂടിയിരുന്നു. ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനായി ഏര്‍പ്പെടുത്തിയ കരിനിയമങ്ങളെ അവഗണിച്ച് പ്രക്ഷോഭം മുന്നേറി. ശക്തിയാര്‍ജ്ജിച്ച ജനകീയ പ്രതിഷേധം പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി പിടിച്ചെടുക്കുന്നതിലും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യവസതി തീവെയ്ക്കുന്നതിലും വരെയെത്തി.

ഐഎംഎഫ് വീണ്ടും
ഈ പ്രക്ഷോഭം ഭരണമാറ്റത്തിനും കളമൊരുക്കി. ഗോതബായ പ്രസിഡന്റ് പദത്തില്‍ നിന്നും ഒഴിഞ്ഞ ഉടനേ റനില്‍ വിക്രമസിംഗെ പാര്‍ലമെന്ററി വോട്ടിംഗിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ഗാമിയുടെ കാലത്തുതന്നെ ഐഎംഎഫില്‍ നിന്നും ധനസഹായത്തിന് ശ്രമിച്ചിരുന്നുവെങ്കിലും റനില്‍ വിക്രമസിംഗെയുടെ കാലത്ത് 2023 മാര്‍ച്ചിലാണ് 48 മാസത്തെ കാലാവധിയുള്ള 300 കോടി ഡോളറിന്റെ പദ്ധതി ഐഎംഎഫ് അനുവദിച്ചത്. ഇതിലൂടെ ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിരത, വായ്പാ സ്ഥിരത, ധനകാര്യ സ്ഥിരത എന്നിവ കൈവരിക്കാനും നിലനിര്‍ത്താനും പരിഷ്കാരങ്ങളിലൂടെ വളര്‍ച്ചാ സാധ്യതകള്‍ തുറക്കാനുമാണ് ലക്ഷ്യമിടുന്നത്. ഐഎംഎഫ് സഹായത്തിനു പുറമേ വിദേശരാജ്യങ്ങളുമായുള്ള ധനസഹായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രത്യേകിച്ചും ചൈന, ഇന്ത്യ, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി.

ബജറ്റ് കമ്മി കുറയ്ക്കുക, കടബാധ്യത കുറയ്ക്കുക, വിദേശി–സ്വദേശി നിക്ഷേപം പ്രോത്സാഹിപ്പിക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക, സമ്പദ്ഘടനയിലെ സര്‍ക്കാരിന്റെ പങ്കുകുറയ്ക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, അഴിമതി ഇല്ലാതാക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ഐഎംഎഫ് മുന്നോട്ടുവെച്ചു. ബജറ്റ് കമ്മി കുറയ്ക്കുന്നതിനായി നികുതികള്‍ വര്‍ധിപ്പിച്ചു, സബ്സിഡികള്‍ ഇല്ലാതാക്കി, എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ചെലവഴിക്കല്‍ 6 ശതമാനം വെട്ടിക്കുറച്ചു.

പ്രതിസന്ധിക്കാലത്തെ അപേക്ഷിച്ച് 2024 സെപ്തംബര്‍ ആയപ്പോഴേക്കും സ്ഥിരതയും പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞു. ജിഡിപി വളര്‍ച്ചയില്‍ പുരോഗതി, വിലക്കയറ്റം കുറഞ്ഞു, വിദേശ നിക്ഷേപം വര്‍ധിച്ചു, ടൂറിസം വളര്‍ന്നു, വിദേശനാണയ കരുതല്‍ വര്‍ധിച്ചു, തേയില, റബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിച്ചു – ഇവയെല്ലാമാണ് റനില്‍ വിക്രമസിംഗ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിനായി അവകാശവാദമായി ഉന്നയിച്ചത്. എന്നാല്‍ ശ്രീലങ്കയിലെ ബഹുഭൂരിപക്ഷവും പ്രതിസന്ധിയുടെ ആഘാതത്താലും ഐഎംഎഫ് നിബന്ധനകളാലും പൊറുതിമുട്ടുകയാണ്. 2023 ല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് വലിയ തിരിച്ചടിയായി. വൈദ്യുതി ചാര്‍ജ് 2022 ആഗസ്തില്‍ 75 ശതമാനം വര്‍ധിപ്പിച്ചു. അത് 2023 ജനുവരിയില്‍ അന്നത്തെ ചാര്‍ജിന്റെ 66 ശതമാനം കൂടി വര്‍ധിപ്പിച്ചു. 2023 ല്‍ 10 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് -– മൊത്തം ജനസംഖ്യയുടെ ഏകദേശം ആറില്‍ ഒന്ന് – ബില്‍ അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ചാര്‍ജാണ് ശ്രീലങ്കയിലുള്ളത്.

വിലക്കയറ്റം കുറഞ്ഞെന്ന് സെന്‍ട്രല്‍ ബാങ്ക് അവകാശപ്പെടുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അത് ഗുണകരമായിട്ടില്ല. ഭക്ഷ്യസാധനങ്ങളില്‍ ഗോതമ്പുപൊടി, കുട്ടികള്‍ക്കുള്ള ഭക്ഷണം, മരുന്ന് എന്നിവ ഒഴിച്ച് എല്ലത്തിനും 2022 നെക്കാള്‍ വിലകൂടുതലാണ്. വാറ്റ് നികുതി 18 ശതമാനമാക്കിയത് വില 3-4 ഇരട്ടി കൂടാനിടയാക്കി. പ്രതിസന്ധി സമയത്ത് 5 ലക്ഷംപേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യം ഇരട്ടിയായി, അത് 2019 ല്‍ 11.3 ശതമാനമായിരുന്നത് 2023 ല്‍ 25.9 ശതമാനമായി വര്‍ധിച്ചു. പ്രതിസന്ധിക്കു ശേഷം 55 ശതമാനം വീടുകളും കടക്കെണിയിലാണ്, 60 ശതമാനം കുടുംബങ്ങളിലും വരുമാനം ഇടിഞ്ഞു. കൂലിയും വരുമാനവും കുറഞ്ഞ അന്തരീക്ഷത്തിലാണ് വിലക്കയറ്റവും ഉണ്ടായിട്ടുള്ളത്. ദൈനംദിന വീട്ടുചെലവുകള്‍ വര്‍ധിച്ചതായാണ് 91 ശതമാനം കുടുംബങ്ങളും പറയുന്നത്. ജിഡിപി 2022 ല്‍ 7.3 ശതമാനമായിരുന്നത് 2023 ല്‍ 2.3 ശതമാനമായി കുറഞ്ഞു. സ്വദേശി, വിദേശി കടബാധ്യതകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ഇപ്പോഴത്തെ കടം 8,200 കോടി ഡോളറാണ്. ഇത് മൊത്തം ജിഡിപിയുടെ 128 ശതമാനം വരുന്നു. കടത്തിന്റെ പലിശ അടവിനായി മൊത്തം വരുമാനത്തിന്റെ 65 ശതമാനവും ചെലവിടുന്നു.

പ്രതിസന്ധിക്ക് അഴിമതി ഒരു പ്രധാന കാരണമായിരുന്നു. അത് ഇല്ലാതാക്കാന്‍ ഐഎംഎഫ് നിബന്ധനവെച്ചു. അവരൊരു സംവിധാനമേര്‍പ്പെടുത്തി നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നറിയിച്ചു. 2023 ആഗസ്തില്‍ സര്‍ക്കാര്‍ അഴിമതി നിരോധന നിയമം അംഗീകരിച്ചു. യുഎന്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പിലാക്കാനും ഐഎംഎഫ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഴിമതി ഇല്ലാതാക്കണമെന്നുള്ളതൊഴികെയുള്ള ഐഎംഎഫിന്റെ നിര്‍ദ്ദേശങ്ങളെല്ലാം തീവ്ര നവലിബറല്‍ ആശയങ്ങള്‍ ഉള്‍പ്പെടുന്നതാണ്.

ഉപസംഹാരം
ഒരു ക്ഷേമരാഷ്ട്രം നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയാലുണ്ടാവുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നതാണ് ശ്രീലങ്കയുടെ അനുഭവം. കോളനിവാഴ്ചയില്‍ നിന്നും മോചിതരായ രാജ്യങ്ങളുടെ കൂട്ടത്തില്‍ അസൂയാവഹമായിട്ടുള്ള ഒരു പുരോഗതിയാണ് ശ്രീലങ്കയില്‍ തുടക്കകാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു നവലിബറല്‍ വാഴ്ചയില്‍ ഇത്തരമൊരു ക്ഷേമരാഷ്ട്രത്തിന് മുന്നോട്ടുപോവാന്‍ കഴിയില്ല. ഈ അനുഭവം വ്യക്തമാക്കുന്നത് നവലിബറലിസം സ്വീകരിച്ചിട്ടുള്ള ഏത് രാജ്യവും ഇത്തരമൊരു പ്രതിസന്ധിയില്‍ എത്തിച്ചേരാമെന്നാണ്. പ്രതിസന്ധിയില്‍നിന്നു പുറത്തുകടക്കാനുള്ള വഴി നവലിബറല്‍ വാഴ്ചയില്‍നിന്ന് പൂര്‍ണമായും പുറത്തുകടക്കുകയാണ്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക തലങ്ങള്‍ അതാണ് അടിവരയിടുന്നത്.

Sourceരഘു
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + 6 =

Most Popular