ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. കാരണം, രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, രാഷ‍്ട്രീയ പാതയെ പുനരാവിഷ്കരിക്കുന്നതിനും അതിനെ അടിമുടി പുതിയൊരു ദിശയിലേക്കു തിരിക്കുന്നതിനുമുള്ള അവസരം ഇത് പ്രദാനം ചെയ്യുന്നു. ജനങ്ങളുടെ ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നതുകൊണ്ടുതന്നെ അത് ജനങ്ങളെ ഗവൺമെന്റിനോട് കൂടുതൽ അടുപ്പിക്കും’’. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ ‘ദി വീക്ക്’ ആഴ്-ചപതിപ്പിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. രാജ്യം സങ്കീർണമായൊരു ദശാസന്ധിയിലൂടെ കടന്നുപോകവെയാണ് ജനങ്ങൾ ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയിരിക്കുന്നത് എന്ന ഉത്തമബോധ്യത്തോടെയാണ് ദിസനായകെ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ജനങ്ങൾ ബദൽ ആഗ്രഹിക്കുന്നുവെന്നും ദുർബലവും ശിഥിലവുമായ ശ്രീലങ്കയുടെ സാമ്പത്തിക – രാഷ്ട്രീയ – സാമൂഹിക സ്ഥിതിവിശേഷത്തിൽനിന്നുള്ള സമൂലമായൊരു മാറ്റം അവർ സ്വപ്നം കാണുന്നുവെന്നുമുള്ള പൂർണബോധ്യത്തോടെയാണദ്ദേഹം അധികാരത്തിലേറുന്നത്. ശ്രീലങ്കയുടെ രാഷ്ട്രീയ രംഗത്താകെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് എസ്എൽഎഫ്പി, യുഎൻപി തുടങ്ങിയ പരമ്പരാഗത രാഷ്ട്രീയ കക്ഷികളെയാകെ മറികടന്നുകൊണ്ട് ദിസനായകെയുടെ നേതൃത്വത്തിലുള്ള ജനത വിമുക്തി പെരുമുന (ജെവിപി) നയിക്കുന്ന നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യം അധികാരത്തിലേറിയിരിക്കുന്നത്.
പൊതുരംഗത്ത് എകെഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, 55 കാരനായ ദിസനായകെ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് ആശയത്തിൽ വേരൂന്നിയിട്ടുള്ള ജെവിപിയുടെ നേതാവാണ്. ഏതാണ്ട് ഇരുപത്തിയേഴോളം ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ബഹുജന സംഘടനകളുടെയും സോഷ്യലിസ്റ്റ് വിഭാഗങ്ങളുടെയും മുന്നണി സഖ്യമായ എൻപിപിയുടെ നേതാവും അതിനു രൂപംകൊടുത്ത നായകനുമാണ് അദ്ദേഹം. ശ്രീലങ്കയിലെ ജനങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന വാഗ്മിയും പ്രാസംഗികനുമാണ്. ശക്തമായ അഴിമതിവിരുദ്ധ നിലപാടു കെെക്കൊള്ളുന്ന ദിസനായകെ കൊളംബോ ജില്ലയിൽനിന്നുള്ള പാർലമെന്റംഗവുമാണ്.
അനുരാധപുര ജില്ലയിലെ തനുഗാമ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ 1968 നവംബർ 24നാണ് ദിസനായകെയുടെ ജനനം. പിതാവ് സർക്കാർ ഓഫീസിൽ ദിവസ വേതനക്കാരനും മാതാവ് വീട്ടമ്മയുമായിരുന്നു. എടുത്തുപറയത്തക്ക രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ദിസനായകെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കു കടന്നുവന്നത്. ഫിസിക്സ് ബിരുദധാരിയായ അദ്ദേഹം പെരാഡെനിയ സർവകലാശാലയിലെയും കെലാനിയ സർവകലാശാലയിലെയും തന്റെ വിദ്യാഭ്യാസ കാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. സിംഹള – തമിഴ് വംശീയ സംഘർഷത്തെത്തുടർന്നുണ്ടായ ശ്രീലങ്കൻ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 1987ൽ ഒപ്പുവെക്കപ്പെട്ട ഇന്തോ – ശ്രീലങ്ക കരാറിനെയും തുടർന്ന് ഇന്ത്യൻ പീസ്-കീപ്പിങ് സേനയെ രാജ്യത്ത് വിന്യസിച്ചതിനെയും ജെവിപി എതിർത്തു. 1987–89 കാലത്ത് ജെവിപി ശ്രീലങ്കൻ ഗവൺമെന്റിനെതിരായ രണ്ടാമത് സായുധ കലാപത്തിലേക്കു കടന്നു. പ്രക്ഷുബ്ധമായ ഈ കാലത്താണ് ദിസനായകെ ജെവിപിയിൽ സജീവമാകുന്നത്. കലാപത്തിനെതിരെ രണസിംഗെ പ്രേമദാസ ഗവൺമെന്റ് ശക്തമായ അടിച്ചമർത്തൽ അഴിച്ചുവിട്ടു. ദിസനായകെയുടെ മുതിർന്ന സഹോദരനുൾപ്പെടെ ഗവൺമെന്റിന്റെ വേട്ടയാടലിൽ കൊല്ലപ്പെട്ടു. പാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ അനുരാധപുരയിലെ അവരുടെ കുടുംബത്തിന് നിരന്തരം ഭീഷണിയും ആക്രമണവും നേരിടേണ്ടിവന്നു.
അന്ന് 20 വയസ്സുണ്ടായിരുന്ന ദിസനായകയിലെ രാഷ്ട്രീയ വ്യക്തിത്വത്തെ ദൃഢമാക്കുന്നതിലും അതിനെ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് ചിന്താധാരയിൽ അധിഷ്ഠിതമായതാക്കുന്നതിലും ഈ സംഭവവികാസങ്ങൾക്ക് വലിയ പങ്കുണ്ട്. ഈ കാലത്താണ് അദ്ദേഹം ജെവിപിയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറുന്നത്. 1995ൽ, സോഷ്യലിസ്റ്റ് സ്റ്റുഡൻസ് അസോസിയേഷന്റെ നാഷണൽ ഓർഗനെെസറായി തിരഞ്ഞെടുക്കപ്പെട്ട ദിസനായകെ ജെവിപിയുടെ കേന്ദ്ര കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മൂന്നു വർഷത്തിനകം അദ്ദേഹം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി.
കലാപത്തെത്തുടർന്ന് ജെവിപിക്കുമേൽ ഗവൺമെന്റ് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കപ്പെട്ടു. ശക്തമായ ജനകീയ അടിത്തറയില്ലാതെ സായുധ കലാപം നടത്തുന്നതിൽ അർഥമില്ലെന്നും അതുകൊണ്ടുതന്നെ മുഖ്യധാരാ രാഷ്ട്രീയത്തിൽ, ജനാധിപത്യ– പാർലമെന്ററി രംഗത്തു പ്രവർത്തിക്കുവാനും ദിസനായകെ ഉൾപ്പെടുന്ന പാർട്ടിയുടെ പുതിയ നേതൃത്വം തീരുമാനിക്കുകയുണ്ടായി. നിർണായകമായ ഈ തീരുമാനത്തിന്റെ ഭാഗമായി പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും 2000 ൽ ദിസനായകെ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചന്ദ്രിക കുമാരതുംഗെ ബന്ധാരനായികെയുടെ ഗവൺമെന്റുമായി സഹകരിക്കാൻ ജെവിപി തീരുമാനിച്ചതിനെത്തുടർന്ന് 2004–2005 കാലത്ത് ദിസനായകെ രാജ്യത്തിന്റെ കൃഷി മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
2014ലാണ് ദിസനായകെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. മുൻ ജനറൽ സെക്രട്ടറി സോമസ്വാൻസ അമരസിംഗെയുടെ പിൻഗാമിയായി പാർടി നേതൃത്വത്തിന്റെ ചുമതലയേറ്റ ദിസനായകെയ്ക്ക് നിർണായകമായ തിരിച്ചടികളെ പ്രസ്ഥാനത്തിനകത്തും പുറത്തും നേരിടേണ്ടതായി വന്നു.
2018ൽ, 225 അംഗങ്ങളുള്ള പാർലമെന്റിൽ ജെവിപിക്ക് കേവലം 6 അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും അടിത്തറ വിപുലീകരിക്കുന്നതിന് പാർലമെന്ററി രംഗത്ത് കൂടുതൽ ശക്തമായ സാന്നിധ്യമുറപ്പാക്കേണ്ടതുണ്ട് എന്ന വ്യക്തമായ ധാരണയുടെ പുറത്താണ് ദിസനായകെ 2019ൽ എൻപിപി മുന്നണിക്ക് രൂപംകൊടുത്തത്. ചെറിയ രാഷ്ട്രീയ പാർട്ടികളും പ്രൊഫഷണലുകളും ആക്ടിവിസ്റ്റുകളും സോഷ്യലിസ്റ്റ് വിഭാഗങ്ങളുമെല്ലാമുൾക്കൊള്ളുന്ന വിശാല ഇടതുമുന്നണിയായ എൻപിപിയെ രൂപപ്പെടുത്തിയത് ദിസനായകെയിലെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ തെളിവാണ്. 2019ൽ ഗോതബയ രാജപക്സെയ്ക്കെതിരായി പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിച്ച ദിസനായകെ പരാജയപ്പെട്ടു. ടെതിരഞ്ഞെടുപ്പ് പ്രചരണവേളയിൽ അദ്ദേഹത്തിന്റെ പ്രസംഗവേദിയിൽ കണ്ട വലിയ ജനസഞ്ചയം പക്ഷേ വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. 3.16 ശതമാനം വോട്ടുമാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.
പിന്നീട് 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പാർലമെന്റിലെ എൻപിപിയുടെ സാന്നിധ്യം നേർപകുതിയായി ഇടിഞ്ഞു. മറ്റു രാഷ്ട്രീയപാർട്ടികളുടെ പരിഹാസപാത്രമായി മുന്നണിയും പാർട്ടിയും മാറിയപ്പോഴും ദിസനായകെ ദൃഢനിശ്ചയത്തോടെ പാർട്ടിയെയും മുന്നണിയെയും നയിച്ചു; ഒട്ടുംതന്നെ നിരാശയില്ലാതെ, നയത്തിൽനിന്നു വ്യതിചലിക്കാതെ ഇച്ഛാശക്തിയോടെ അദ്ദേഹം തൃണമൂലതലത്തിൽ ജെവിപിയുടെ ശക്തിവർധിപ്പിക്കുന്നതിന് കേഡർ സ്വഭാവത്തിലുള്ള സംഘടനാ പ്രവർത്തനത്തിനു നേതൃത്വം കൊടുത്തു. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനും അവരോട് സംവദിക്കാനും അവരുടെ ജീവിതപ്രശ്നങ്ങൾക്ക്, നിലനിൽപ്പിന് തങ്ങൾക്കെന്തു ചെയ്യാൻ കഴിയുമെന്ന് അവരോട് വ്യക്തമാക്കുവാനും പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. മുന്നണിയെയാകെ ഏകോപിപ്പിച്ചു നിർത്തി.
2022ൽ അരഗാലയ പ്രതിഷേധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ സംഘാടകരോ നേതാക്കളോ ആയല്ല, മറിച്ച് പങ്കാളികളായി എൻപിപി നേതാക്കളും പ്രവർത്തകരും അതിലണിനിരന്നു. സാമ്പത്തിക സ്തംഭനാവസ്ഥ ബാധിച്ച രാജ്യത്ത് ഭക്ഷണവും മരുന്നും പാലും മറ്റവശ്യവസ്തുക്കളുമില്ലാതെ വലഞ്ഞ ജനങ്ങൾ അതിജീവനത്തിനായി നടത്തിയ പോരാട്ടത്തിൽ എൻപിപി അവരോടൊപ്പം നിന്നു. രാജ്യത്തെ ഗവൺമെന്റിന്റെ തെറ്റായ നയങ്ങളും അഴിമതിയും കൊള്ളയും മൂലം സമ്പദ്ഘടനയ്ക്കേറ്റ മുരടിപ്പിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് രാഷ്ട്രീയക്കാരിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള കൃത്യമായ ബദൽ പദ്ധതികൾ മുന്നോട്ടുവച്ചുകൊണ്ട് ദിസനായകെയുടെ നേതൃത്വത്തിൽ എൻപിപി 56 ശതമാനത്തിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടിയിരിക്കുന്നത്.
‘‘ജനങ്ങൾ നേരിട്ടുപോന്ന അടിച്ചമർത്തലിനെതിരായ പ്രതിഷേധമായാണ് അരഗാലയ പ്രക്ഷോഭം ഉയർന്നുവന്നത്. ഒരു കുടുംബത്തിലെ അംഗങ്ങൾ തന്നെ ഭരണം കയ്യാളുന്ന ഒരു രാജ്യത്ത് എണ്ണയോ വാതകമോ വെെദ്യുതിയോ ഇല്ലാത്തൊരു സാഹചര്യമുണ്ടാകുന്നു. നിങ്ങളൊന്ന് സങ്കൽപ്പിച്ചുനോക്കൂ. പാൽപൊടി അടക്കമുള്ള അവശ്യവസ്തുക്കളില്ലാതെ കുഞ്ഞുങ്ങൾപോലും വലയുന്നു. ജനങ്ങൾക്ക് അവരുടെ ജീവനോപാധികൾ ലഭ്യമാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ അവസാനത്തെ ആലംബം, തെരുവിലേക്കിറങ്ങുകയും ഭരണത്തിലിരിക്കുന്ന പ്രമുഖന്മാരെ പുറന്തള്ളുകയും ചെയ്യുക എന്നതാണ്. ജനങ്ങൾ സ്വയം ഗവൺമെന്റിനു രൂപം കൊടുക്കുമ്പോൾ, അവരുടെ പ്രതീക്ഷകളെല്ലാം വഞ്ചിക്കപ്പെടുകയാണെങ്കിൽ വീണ്ടും മുന്നോട്ടുവരികയെന്നുള്ളത് അവരുടെ അവകാശമാണ്. അത്തരമൊരു പോരാട്ടം നീതികരിക്കാനാവുന്നത് മാത്രമല്ല, അത് സുതാര്യവുമാണ്.’’ അരഗാലയ പ്രക്ഷോഭത്തെ സംബന്ധിച്ച ചോദ്യത്തിന് ദിസനായകെ നൽകിയ മറുപടിയാണിത്. ജനാധിപത്യത്തെ സംബന്ധിച്ചും ജനങ്ങളുടെ പരമാധികാരത്തെക്കുറിച്ചുള്ള ദിസനായകെയുടെ കാഴ്ചപ്പാട് ഈ വാക്കുകളിൽ തെളിഞ്ഞുകാണുന്നുണ്ട്.
നൂറുശതമാനം ദുരിതവും നിരാശയും ബാധിച്ച ഒരു സമൂഹത്തിൽ പതിവു രാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തമായി വസ്ത്രധാരണത്തിൽപോലും സാധാരണത്വം പുലർത്തിക്കൊണ്ടാണ്, സുതാര്യവും അടിസ്ഥാനപരവും ഭൂരിപക്ഷ ജനതയ്ക്കഭികാമ്യവുമായ ഭരണപരിഷ്കാരങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് ദിസനായകെ ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹവും എൻപിപിയും രാജ്യത്തെ ജനങ്ങൾക്കിടയിൽ ബദൽ പരിപ്രേക്ഷ്യത്തിന്റെ ഏകമുഖമായി മാറിയത്; രാജ്യത്തെ യുവതയുടെ ഹൃദയങ്ങളിൽ മാറ്റത്തിന്റെ പ്രതീകമായി മാറിയത്. l