Saturday, November 9, 2024

ad

Homeകവര്‍സ്റ്റോറിദേശീയപ്രശ്നവും 
സാമ്പത്തിക പരിഷ്കാരങ്ങളും 
ശ്രീലങ്കയിലെ ഇടതുപക്ഷവും

ദേശീയപ്രശ്നവും 
സാമ്പത്തിക പരിഷ്കാരങ്ങളും 
ശ്രീലങ്കയിലെ ഇടതുപക്ഷവും

ഡോ. ടി എം തോമസ് ഐസക്

ക്ഷിണേഷ്യൻ രാജ്യങ്ങളിൽ നേപ്പാളിനു ശേഷം ഇടത്തോട്ടു ശ്രീലങ്കയും നീങ്ങുമ്പോൾ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക? അങ്ങനെയൊന്നും ആഘോഷിക്കേണ്ട “പഴയ മാർക്സിസം ലെനിനിസം ഒക്കെ കളഞ്ഞ് തനി സിംഹള വംശീയ പാർട്ടിയായതാണ്. സംഗതിക്ക് ഇപ്പോൾ ബിജെപിയോടാണ് കൂടുതൽ സാമ്യം.” എന്നാണ് ഒരു എമണ്ടൻ കോൺഗ്രസ് ബുദ്ധിജീവിയുടെ വിലയിരുത്തൽ.

1971–72 കാലത്ത് ജെവിപി നയിച്ച സായുധകലാപത്തെ തകർക്കാൻ ഇന്ത്യാ സർക്കാരിനോടൊപ്പം ചൈനീസ് സർക്കാരും ആയുധങ്ങൾ ശ്രീലങ്കൻ സർക്കാരിനു നൽകിയപ്പോൾ അതിൽ ശക്തമായി പ്രതിഷേധിച്ച പാർട്ടിയാണ് സിപിഐ എം. ശ്രീലങ്കൻ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കുള്ളിൽ തമിഴ് ന്യൂനപക്ഷങ്ങൾക്ക് പരമാവധി സ്വയംഭരണം അനുവദിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് സിപിഐ എമ്മിനുള്ളത്. എന്നാൽ ജെവിപി ആകട്ടെ തമിഴ് ഈഴത്തിനെതിരായ ശ്രീലങ്കൻ സർക്കാരിന്റെ നടപടികളെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഇടപെടലും ഉടമ്പടിയും ശ്രീലങ്കയുടെ ആഭ്യന്തരകാര്യത്തിലുള്ള കൈകടത്തലായിട്ടാണ് ജെവിപി കാണുന്നത്. ഇന്ന് ആ കാലം കഴിഞ്ഞ് ഒന്നരപതിറ്റാണ്ടായി. അന്നത്തെ നിലപാടുകളെ പോസ്റ്റുമോർട്ടം ചെയ്യേണ്ടതില്ല. എന്താണ് ഇപ്പോഴത്തെ നിലപാട് എന്നതാണ് പ്രസക്തമായ ചോദ്യം.

തമിഴ് ന്യൂനപക്ഷ സംരക്ഷണം
ശ്രീലങ്കയുടെ ദേശീയ പ്രശ്നം സംബന്ധിച്ച് 2024 സെപ്തംബർ 15-ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ വിശദീകരിച്ചത് ഇങ്ങനെയാണ്: “സിംഹളർ, തമിഴർ, മുസ്ലിം, മലൈ, ബർഗർ എന്നിവർ ഒരുമിച്ചു താമസിക്കുന്നതാണ് നമ്മുടെ രാജ്യം. ബുദ്ധമതം, ഹിന്ദുമതം, ഇസ്ലാംമതം, ക്രിസ്തുമതം എന്നീ വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവരുടെ രാജ്യമാണിത്. മുഖ്യമായും തമിഴ്, സിംഹള എന്നിങ്ങനെ രണ്ട് ഭാഷകൾ സംസാരിക്കുന്ന രാജ്യമാണ്. സിംഹളർക്ക് അവരുടേതായ തനതായ സംസ്കാരമുണ്ട്. തമിഴർക്കും മുസ്ലിങ്ങൾക്കും വ്യത്യസ്തമായ അവരവരുടേതായ തനതു സംസ്കാരങ്ങളുണ്ട്. അതുകൊണ്ട് ഈ രാജ്യത്തിന്റെ ഭാവി ഈ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ ഐക്യം നിലനിർത്തിക്കൊണ്ടേ ഉറപ്പാക്കാനാകൂ. ദേശീയ ജനകീയ ശക്തി (എൻഎൻപി) സർക്കാർ നിങ്ങൾക്ക് നിങ്ങളുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനും നിങ്ങളുടെ ഭാഷയിൽ സംസാരിക്കനുമുള്ള അവകാശം നൽകും. എൻഎൻപിയുടെ പ്രതീക്ഷ നിങ്ങളുടെ സാംസ്കാരിക സ്വത്വം അംഗീകരിക്കുന്ന ഒരു സ്വതന്ത്ര രാജ്യം സൃഷ്ടിക്കുകയെന്നതാണ്. സിംഹളരുടെയും തമിഴരുടെയും മുസ്ലിങ്ങളുടെയും വിശ്വാസമാർജ്ജിക്കുന്ന ഒരു സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യം.”

ഇത് ബിജെപിയുടെ ഭാഷയോ, സമീപനമോ ആണോ?

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാഷ്ട്രത്തോടുള്ള അഭിസംബോധന അവസാനിപ്പിച്ചത് ഇങ്ങനെയാണ്: “എനിക്ക് വോട്ട് ചെയ്ത ജനങ്ങളുണ്ട്. അതുപോലെ തന്നെ എനിക്ക് വോട്ട് ചെയ്യാത്ത ഒട്ടേറെ പേരുമുണ്ട്. വിജയത്തിന്റെ വലുപ്പത്തെയും ഘടനയേയും കുറിച്ച് വളരെ കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് എന്റെ ഭരണത്തിൽ അർപ്പിതമായ ചുമതല ഞങ്ങളിൽ വിശ്വാസമർപ്പിക്കാത്തവരുടെയും വോട്ട് ചെയ്യാത്തവരുടെയും പിന്തുണയും വിശ്വാസവും ആർജ്ജിക്കുന്നരീതിയിൽ നിർവഹിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

ഇന്ത്യ, ശ്രീലങ്ക ഉടമ്പടിയുടെ ഭാഗമായിട്ടല്ല മറിച്ച് ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ജനവിധിയുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും തുല്യതയും മാന്യതയും നൽകുന്ന ഒരു ഭരണ സംവിധാനത്തിന്റെ കാഴ്ചപ്പാടാണ് പുതിയ പ്രസിഡന്റ് മുന്നോട്ടുവച്ചത്.

ഐഎംഎഫും 
ശ്രീലങ്കൻ പ്രതിസന്ധിയും
2022-ലെ സമ്പൂർണമായ സാമ്പത്തിക തകർച്ചയും അതിൽ നിന്ന് രക്ഷനേടുന്നതിനുവേണ്ടി ഐഎംഎഫുമായി ഉണ്ടാക്കേണ്ടിവന്ന കരാറും അതിലെ നിബന്ധനകൾ ജനങ്ങൾക്ക് സൃഷ്ടിച്ച ദുരിതവുമാണ് ഇടതുപക്ഷ വിജയത്തിനു പശ്ചാത്തലമൊരുക്കിയത്. ഐഎംഎഫ് കരാറിനെ തുറന്നെതിർത്ത രാഷ്ട്രീയ പാർട്ടി ജെവിപി ആണ്. ഇവരുടെ വെബ്സൈറ്റിൽ ചെന്നാൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഏറ്റവും പ്രാധാന്യത്തോടെ നൽകിയിരിക്കുന്ന രേഖ ജെഎൻയുവിലെ പ്രൊഫസർ ആയിരുന്ന സി.പി. ചന്ദ്രശേഖറുമായിട്ടുള്ള അഭിമുഖമാണ്. ചിന്ത വായനക്കാർക്ക് പരിചിതമായിട്ടുള്ള മാർക്സിസ്റ്റ് വിശകലന രീതിയിൽ പ്രതിസന്ധിയെ വിശകലനം ചെയ്യുകയും ഐഎംഎഫ് നിർദ്ദേശങ്ങളെ വിമർശിക്കുകയും ചെയ്യുന്ന ഒരു അഭിമുഖമാണിത്.

ഏഷ്യയിൽ ഐഎംഎഫിന്റെ നുകക്കീഴിൽ അമർന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയിൽ ഒട്ടേറെ തവണ ഐഎംഎഫ് വായ്പയെ ആശ്രയിക്കേണ്ടി വന്നു. ഓരോ തവണയും കർശനമായ നിബന്ധനകൾ ഐഎംഎഫ് അടിച്ചേൽപ്പിക്കുകയും ചെയ്തു. ചുരുക്കത്തിൽ ശ്രീലങ്കയെ ഇന്നത്തെ പതനത്തിലാക്കിയതിന്റെ പ്രധാന ഉത്തരവാദിത്വം ഐഎംഎഫിനും ലോകബാങ്കിനുമാണ്.

ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും നയങ്ങൾ എങ്ങനെയാണ് അവികസിത രാജ്യങ്ങളിലെ പ്രതിസന്ധി മൂർച്ഛിപ്പിച്ചത് എന്നതു സംബന്ധിച്ച് ഇന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ഇതുകണ്ട് മനസ് മടുത്താണ് നൊബേൽ സമ്മാനജേതാവ് ജോസഫ് സ്റ്റിഗ്ലിസ് ലോകബാങ്ക് വിട്ടതും Globalization and Its Discontents (2002) എന്ന ഗ്രന്ഥം എഴുതിയതും. ഈ വിപരീതഫലത്തിനു സാധാരണ ഉദാഹരിക്കുക ലാറ്റിനമേരിക്കൻ രാജ്യങ്ങളെയാണ്. ഒരുപക്ഷേ ഏറ്റവും നല്ല ഉദാഹരണം ശ്രീലങ്ക ആയിരിക്കും.

ശ്രീലങ്കയിലെ 
വിദേശവിനിമയ പ്രതിസന്ധി
അടിസ്ഥാനപരമായി ശ്രീലങ്കയിലേതു വിദേശനാണയ പ്രതിസന്ധിയാണ്. 1991-ൽ ഇന്ത്യ നേരിട്ടതുപോലെ ഇറക്കുമതിക്കോ വാങ്ങിയ കടത്തിൽ തിരിച്ചടവിനോ ഉള്ള വിദേശനാണയ ശേഖരം ശ്രീലങ്കയുടെ കൈയിൽ ഇല്ലാതായി. അന്നു നമ്മുടെ കൃഷിയും വ്യവസായവും ബാങ്കുകളുമൊന്നും പ്രതിസന്ധിയിൽ ആയിരുന്നില്ല. അതുകൊണ്ട് സമൂലമായ തകർച്ചയെ നാം നേരിട്ടില്ല. എന്നാൽ തെറ്റായ നയങ്ങൾമൂലം ശ്രീലങ്കയ്ക്ക് ഈ ആനുകൂല്യം ലഭിച്ചില്ല. തന്മൂലം അവരുടെ പ്രതിസന്ധി എല്ലാ സാമാന്യസീമകളെയും കവച്ചുവച്ചു. ഇനി ശ്രീലങ്ക 1991-ൽ ഇന്ത്യ ചെയ്തതുപോലെ ഐഎംഎഫിന്റെ മധ്യസ്ഥതയിൽ സമ്പൂർണമായ തിരുത്തൽനടപടികൾ സ്വീകരിണമെന്ന് വന്നു.

സർക്കാരുകൾക്ക് അവരുടെ നാണയം അല്ലാതെ വിദേശനാണയം അച്ചടിക്കാനുള്ള അവകാശമില്ല. വിദേശനാണയം നേടണം. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിനു വിദേശനാണയം കിട്ടും. ഇറക്കുമതി ചെയ്യുമ്പോൾ വിദേശനാണയം ചെലവാകും. 2012-നും 2020-നും ഇടയ്ക്ക് ശ്രീലങ്കയുടെ വിദേശവ്യാപാരം ഓരോ വർഷവും ശരാശരി 600 കോടി ഡോളർ കമ്മിയായിരുന്നു.

പലിശ, ലാഭവിഹിതം, റോയൽറ്റി തുടങ്ങിയവയ്ക്കായി ചെലവഴിക്കുന്ന പണം വിദേശനാണയ ലഭ്യതയെ കുറയ്ക്കും. ഈ പറഞ്ഞ ഇനത്തിൽ ശ്രീലങ്കയ്ക്ക് 2012-നും 2020-നും ഇടയ്ക്ക് 200 കോടി ഡോളർ കമ്മിയായിരുന്നു. വിദേശത്തുള്ള ആളുകൾ അയക്കുന്ന പണം വിദേശനാണയ ലഭ്യത വർദ്ധിപ്പിക്കും. ഗൾഫിലും മറ്റും പോയി ജോലി ചെയ്യുന്ന ശ്രീലങ്കക്കാർ അയയ്ക്കുന്ന പണമെടുത്താൽ ശ്രീലങ്കയ്ക്ക് ഇതേകാലയളവിൽ 600 കോടി ഡോളർ വരുമാനമായി ലഭിച്ചു.

വിദേശവ്യാപാരവും മുൻ ഖണ്ഡികയിൽ പറഞ്ഞ കൈമാറ്റങ്ങളും (transfers) കൂടിച്ചേരുന്ന കണക്കിനെയാണ് കറണ്ട് അക്കൗണ്ട് എന്നുവിളിക്കുന്നത്. കറണ്ട് അക്കൗണ്ട് എന്നാൽ ഭാവിയിൽ വിദേശനാണയ ആസ്തികളോ ബാധ്യതകളോ സൃഷ്ടിക്കാത്ത വിദേശവിനിമയ ഇടപാടുകളാണ്. ശ്രീലങ്കയ്ക്ക് 2012-നും 2020-നും ഇടയ്ക്ക് 220 കോടി ഡോളർ കറണ്ട് അക്കൗണ്ട് ഓരോ വർഷവും കമ്മിയായിരുന്നു.

ഇത്ര ഭീമമായ വിദേശനാണയക്കമ്മി തുടർച്ചയായി ഉണ്ടായിട്ടും 2013 മുതൽ 2020 വരെയുള്ള കാലയളവിൽ ശ്രീലങ്കയ്ക്ക് എല്ലാവർഷവും ആരംഭത്തിൽ 720 കോടി ഡോളർ വിദേശനാണയ ശേഖരം ഉണ്ടായിരുന്നു. വ്യാപാരം കമ്മി ആയിരുന്നിട്ടും ഇത്ര വലിയ വിദേശനാണയ ശേഖരം നേടാനായത് രണ്ടു മാർഗങ്ങളിലൂടെയാണ്. ഒന്ന്, വിദേശത്തു നിന്നും തുടർച്ചയായി വായ്പയെടുത്തു. രണ്ട്, വിദേശമൂലധനത്തെ കൂടുതൽ കൂടുതൽ രാജ്യത്തേക്ക് ആകർഷിച്ചു.

ശ്രീലങ്ക ഓരോ വർഷവും 310 കോടി ഡോളറിന്റെ ബാധ്യതകൾ വിദേശനാണയം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏറ്റെടുത്തു. ഇതിൽ ഏതാണ്ട് 200 കോടി ഡോളർ വിദേശനിക്ഷേപമാണ്. അതിന്റെ പകുതി വളരെ ചുരുങ്ങിയ കാലത്തേക്ക് ഓഹരി കമ്പോളത്തിലേക്കും മറ്റും കളിക്കാൻ വന്ന പോർട്ട്ഫോളിയ നിക്ഷേപവുമാണ്. 110 കോടി ഡോളർ പ്രതിവർഷം വായ്പകളുമെടുത്തു.

2020-നുശേഷം വലിയ തോതിൽ വിദേശമൂലധനം ശ്രീലങ്കയിലേക്കു വരാതായി. എന്നുമാത്രമല്ല, വിദേശമൂലധനം പിൻവാങ്ങാനും തുടങ്ങി. ഓഹരി കമ്പോളത്തിലെ പോർട്ട്ഫോളിയോ നിക്ഷേപം ഏതാണ്ട് പൂർണമായും പുറത്തേയ്ക്കൊഴുകി. വായ്പ കിട്ടാനും പറ്റാതായി. ഇതിന്റെ ഫലമായി വിദേശനാണയ ശേഖരം ഏതാനും മാസങ്ങൾകൊണ്ട് അപ്രത്യക്ഷമായി. ശ്രീലങ്ക നിലയില്ലാ കയത്തിലുമായി.

തെറ്റായ വികസന നയങ്ങൾ
ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമായതിന് ഒരു പ്രധാനകാരണം ശ്രീലങ്കൻ സർക്കാരിന്റെ ധനപ്രതിസന്ധിയാണ്. ഏറ്റവും പ്രധാനം തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാജപക്സെ വാറ്റ് നികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറച്ചതാണ്. ഇതിന്റെ ഫലമായി 2019-ൽ ഏതാണ്ട് 1000 കോടി ഡോളറായിരുന്ന നികുതി വരുമാനം 2020-ൽ 660 കോടി ഡോളറായി ചുരുങ്ങി.

കോവിഡ് മഹാമാരി കൂനിന്മേൽ കുരുപോലെയായി. ടൂറിസം തകർന്നു. തേയില കയറ്റുമതിയും കുറഞ്ഞു. നികുതി വരുമാനം പിന്നെയും ഇടിഞ്ഞു. എന്നാൽ സാമൂഹ്യക്ഷേമ ചെലവുകൾ വർദ്ധിപ്പിക്കേണ്ടിവന്നു. തന്മൂലം ധനക്കമ്മി 15 ശതമാനത്തിലേറെയായി.

അതോടെ വിലക്കയറ്റത്തിന് ആക്കംകൂടി. 2022 മാർച്ച് ഒന്നിന് ഉപഭോക്തൃ വില സൂചിക 15 ശതമാനം കടന്നു. വിലക്കയറ്റത്തിന്റെ വർദ്ധനയ്ക്ക് ധനക്കമ്മിക്കു പുറമേ കാർഷികോൽപ്പാദനം ഇടിഞ്ഞതും കാരണമായി. 2021 ജൂണിൽ രാസവള ഇറക്കുമതികൾ നിരോധിച്ചു. പൊടുന്നനെയുള്ള ജൈവകൃഷിയിലേക്കുള്ള മാറ്റം കാർഷികോൽപ്പാദനത്തെ കുത്തനെ കുറച്ചു. കൂടാതെ ഉക്രൈൻ പ്രതിസന്ധി എണ്ണവില ഉയർത്തി.

ധനക്കമ്മി ഉയരുന്നതും വിലക്കയറ്റം ഉണ്ടാകുന്നതും വിദേശധനമൂലധനത്തിനു ചതുർത്ഥിയാണ്. അവർ കൂട്ടത്തോടെ ഓഹരി കമ്പോളത്തിൽ നിന്നും മറ്റും പിൻവാങ്ങി. ശ്രീലങ്കയുടെ ബോണ്ടുകൾ വാങ്ങാൻ ആളില്ലാതായി. ശ്രീലങ്ക പ്രതിസന്ധിയിലുമായി.

ഐഎംഎഫ് കരാർ
പ്രതിസന്ധി ഇളക്കിവിട്ട ജനകീയ പ്രതിഷേധം രാജപക്സെ സർക്കാരിനെ തെറിപ്പിച്ചു. റനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റു. അദ്ദേഹമാണ് ഐഎംഎഫുമായിട്ട് 290 കോടി ഡോളറിന്റെ വായ്പാ പാക്കേജിന് കരാർ ഒപ്പിട്ടത്.

എന്തുകൊണ്ട് ഐഎംഎഫുമായിട്ടുള്ള കരാർ? വിദേശവിനിമയ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കാനാണ് ഐഎംഎഫ് രൂപീകരിച്ചത്. യഥാർത്ഥത്തിൽ ഐഎംഎഫ് രാജ്യത്തിന് വായ്പ നൽകുന്ന ഏജൻസികളുടെ ഏകോപന ചുമതലയാണ് നിർവഹിക്കുന്നത്. വായ്പ നൽകിയിട്ടുള്ള ഓരോ രാജ്യവും തങ്ങളുടെ തടി രക്ഷപ്പെടുത്താൻ ശ്രീലങ്കയുമായി കടാശ്വാസ കരാറുകളിൽ ഏർപ്പെടാൻ തയ്യാറായില്ല. കാരണം അത് ധനമൂലധനത്തിനു വലിയ നഷ്ടമായിരിക്കും ഫലം. അതുകൊണ്ട് ഇത്തരം സാഹചര്യത്തിൽ ഐഎംഎഫുമായി കടം തിരിച്ചടവും അതിനു രാജ്യത്തിനുള്ളിൽ സ്വീകരിക്കേണ്ട സാമ്പത്തിക നടപടികളും സംബന്ധിച്ച് കരാർ ഉണ്ടാക്കിയാലേ പുതിയ വായ്പകൾ വിദേശ ഏജൻസികൾ നൽകൂ.

ഐഎംഎഫ് ശ്രീലങ്കയുടെമേൽ അടിച്ചേൽപ്പിച്ച നിബന്ധനകൾ ഇവയൊക്കെയാണ്: വാറ്റ് നികുതി ഗണ്യമായി ഉയർത്തുക. സബ്സിഡികളും ആനുകൂല്യങ്ങളും കർശനമായും വെട്ടിച്ചുരുക്കുക. ശ്രീലങ്കൻ രൂപയുടെ മൂല്യം ഡോളറിന് 200 ആയിരുന്നത് 370 ആയി വെട്ടിക്കുറക്കുക. ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞത് ഇറക്കുമതിയുടെ വില ഉയർത്തി. അതുമൂലം ഇറക്കുമതി കുറഞ്ഞു. കയറ്റുമതിയുടെ വില താഴ്ത്തി. കയറ്റുമതി വർദ്ധിച്ചു. കോവിഡ് കഴിഞ്ഞപ്പോൾ ടൂറിസവും മെച്ചപ്പെട്ടു. ഇതിന്റെ ഫലമായി കറന്റ് അക്കൗണ്ട് മിച്ചമായി. പക്ഷേ, ജനങ്ങളുടെ ജീവിതനിലവാരം കുത്തനെ ഇടിഞ്ഞു. ഈ ജനകീയ അസംതൃപ്തി ജെവിപിയുടെ വിജയത്തിൽ നല്ലൊരു പങ്കുവഹിച്ചു.

പുതിയ സാമ്പത്തിക നയങ്ങൾ
ഐഎംഎഫ് കരാർ റദ്ദാക്കുമെന്നൊന്നും ജെവിപി ഇന്ന് പറയുന്നില്ല. അങ്ങനെ ചെയ്താൽ 2022-ലെ വിദേശനാണയ പ്രതിസന്ധി വീണ്ടും ആവർത്തിക്കും. ഇതിനുപകരം പ്രസിഡന്റ് അനുര ദിസനായകെ ഇപ്പോൾ പറയുന്നത് കരാറിലെ ചില ജനവിരുദ്ധ നടപടികൾ തിരുത്തുമെന്നു മാത്രമാണ്. ഇന്നത്തെ ആഗോള സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് മാത്രമായിട്ട് ആഗോളവൽക്കരണ ശൃംഖലയിൽ നിന്നും പുറത്തു ചാടാനാവില്ല. 2015-ൽ ഗ്രീസിലെ വിദേശനാണയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിറിസ പാർട്ടി അധികാരത്തിൽവന്ന അവസ്ഥാവിശേഷത്തെ ഓർമ്മിപ്പിക്കുന്നതാണ് ശ്രീലങ്കയിലെ ഇന്നത്തെ സ്ഥിതി. അതോടൊപ്പം കടം തന്നിട്ടുള്ള രാജ്യങ്ങളും ഏജൻസികളുമായി കടഭാരം കുറയ്ക്കുന്നതിനും കടത്തെ റീസ്ട്രക്ചർ ചെയ്യുന്നതിനുമുള്ള ചർചകളും ആരംഭിക്കും.

ഭൂപ്രകൃതിയിൽ മാത്രമല്ല, വിദ്യാഭ്യാസ-ആരോഗ്യാദി മേഖലകളിൽ കേരളത്തോട് വളരെ സാമ്യങ്ങളുള്ള രാജ്യമാണ് ശ്രീലങ്ക. വിദ്യാഭ്യാസ–-ആരോഗ്യ സൂചകങ്ങളിൽ കേരളത്തോടൊപ്പം നിൽക്കുന്ന നേട്ടങ്ങൾ ശ്രീലങ്കയ്ക്കുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ഇടതുപക്ഷം നടപ്പാക്കിയിട്ടുള്ള ഒട്ടേറെ പരിഷ്കാരങ്ങൾ ശ്രീലങ്കൻ സാഹചര്യത്തിൽ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കപ്പെടുമെന്നു തോന്നുന്നു. ഒരു വർഷം മുമ്പ് ഡൽഹി സന്ദർശത്തിനുശേഷം തിരിച്ചുപോകുന്നവേളയിൽ അനുര കുമാര ദിസനായകെ തിരുവനന്തപുരത്ത് ഇറങ്ങിയിരുന്നു. അന്ന് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സീതാറാം യെച്ചൂരിയേയും നമ്മുടെ ചില മന്ത്രിമാരെയും അദ്ദേഹം കാണുകയും ചെയ്തു. ശ്രീലങ്കയിലെ യുവജനങ്ങളോടുള്ള പ്രസംഗത്തിൽ അദ്ദേഹം മൂന്ന് കാര്യങ്ങളാണ് ഊന്നിപ്പറഞ്ഞത്. വിദ്യാഭ്യാസ പരിഷ്കാരം. ആരോഗ്യ മേഖലയ്ക്കും സ്പോർട്സും മെച്ചപ്പെടുത്തും. തൊഴിലിനുവേണ്ടി ടൂറിസം വികസിപ്പിക്കും.

ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകളുടെ അനുഭവങ്ങളും പരിശോധിക്കപ്പെടുമെന്ന് ഉറപ്പാണ്. ഇന്നത്തെ ലോകയാഥാർത്ഥ്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ബദൽ നയങ്ങൾ എങ്ങനെ കരുപ്പിടിപ്പിക്കാമെന്നുള്ളത് ശ്രീലങ്കയിലെ ഇടതുപക്ഷത്തിന് ഒരു പ്രായോഗിക പ്രശ്നമായി മാറിയിരിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + thirteen =

Most Popular