Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിശ്രീലങ്കയിൽ സംഭവിച്ചത്

ശ്രീലങ്കയിൽ സംഭവിച്ചത്

ആർ അരുൺകുമാർ

സിംഹള ഭാഷയിൽ അരഗാലയ യുടെ വിശാലമായ അർഥം പോരാട്ടം എന്നാണ്. ഇന്ധനം, ഭക്ഷണം, സാമ്പത്തികബാധ്യതകൾ എന്നിവയോട് ശ്രീലങ്ക പോരാടിക്കൊണ്ടിരിക്കുകയാണ്. ചുമതല നിർവഹിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട ഗവൺമെന്റിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്-സെയും പ്രധാനമന്ത്രി മഹീന്ദ രാജപാക്-സെ ഉൾപ്പെടെ 225 പാർലമെന്റംഗങ്ങളും അടിയന്തരമായി രാജിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം. ‘‘ഗോത വീട്ടിൽ പോവുക’’ (Gota Go Home) എന്ന ആകർഷകമായ മുദ്രാവാക്യമാണ് ഈ ജനകീയപോരാട്ടത്തിൽ ഉയർത്തപ്പെട്ടത്. പ്രസിഡന്റ് ഗോതബയ രാജപാക്-സെ രാജിവച്ചേ മതിയാകൂ എന്നാണ് അതിന്റെ ആന്തരികാർഥം. പ്രതിഷേധക്കാരെ പ്രീണിപ്പിക്കാനുള്ള പ്രസിഡന്റിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതെഴുതുമ്പോൾ പൊതുവെ സമാധാനപരമായി മുന്നേറുന്ന പ്രതിഷേധം ശമിക്കുന്നതിന്റെ ഒരു സൂചനയും കാണുന്നില്ല. എന്നു മാത്രമല്ല പ്രതിഷേധം സാവധാനം രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.

തങ്ങളുടെ വിളകൾക്കാവശ്യമായ രാസവളം ആവശ്യപ്പെട്ടുകൊണ്ട് കർഷകർ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് ശ്രീലങ്കയിൽ പ്രക്ഷോഭം ആരംഭിച്ചത്. രാസവളം നൽകുന്നതിൽ യാതൊരു താൽപ്പര്യവുമില്ലാത്ത ഗവൺമെന്റിന്റെ ബധിരകർണങ്ങളിലാണ് ഈ ആവശ്യം പതിച്ചത്. ജെെവ കൃഷിയിലേക്ക് ജനങ്ങൾ അടിന്തരമായി നീങ്ങണം എന്ന് ഗവൺമെന്റ് ആവശ്യപ്പെട്ടു. ഗവൺമെന്റിന്റെ ഈ തീരുമാനം കർഷകർക്ക് വ്യാപകമായ വിളനഷ്ടമുണ്ടാക്കി. അവരിൽ പലരും കൃഷി തന്നെ ഉപേക്ഷിച്ചു; നിസ്സഹായരായ കർഷകർ ഗവൺമെന്റിന്റെ ഉദാസീനതയ്ക്കുനേരെ അണിനിരക്കാൻ നിർബന്ധിതരാകുകയായിരുന്നു. തന്മൂലം വിള ഉൽപ്പാദനത്തിൽ 40 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇത് കർഷകരെ രോഷാകുലരാക്കി. ശ്രീലങ്കയിലെ മിക്കവാറും എല്ലാ കാർഷിക ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങൾ കർഷകർ ആരംഭിച്ചു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിലും വിലക്കയറ്റത്തിലും രോഷാകുലരായ ഇടത്തരക്കാരും ഈ പ്രതിഷേധത്തിൽ പങ്കാളികളാകുന്നു. ഒരു രാഷ്ട്രീയ പാർട്ടിയും ആഹ്വാനം ചെയ്യുകയോ നയിക്കുകയോ ചെയ്യാതെ സ്വാഭാവികമായാണ് ഈ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. എന്നുമാത്രമല്ല പല രാഷ്ട്രീയപാർട്ടികളും ട്രേഡ് യൂണിയനുകളും പോലും ഈ പ്രതിഷേധത്തിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. കാരണം അവയുടെ സ്വഭാവവും നേതൃത്വവും ദിശാബോധവും എന്താണെന്ന് വ്യക്തമല്ലായിരുന്നു. എന്നാൽ ഈ സമരം വളരെ വേഗം ചെറുപ്പക്കാർ ഏറ്റെടുത്തു. ഒരു പ്രത്യയശാസ്ത്രവുമായോ രാഷ്ട്രീയപാർട്ടിയുമായോ ബന്ധമുള്ളവരായിരുന്നില്ല അവർ. രാജ്യം കൊള്ളയടിക്കപ്പെടുന്നതിനെതിരെയുള്ള പൊതുവായ രോഷം ആണ് അവരെ ഒന്നിപ്പിച്ചത്.

1948ൽ ആണ് ബ്രിട്ടീഷ് ഗവൺമെന്റിൽനിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഫ്യൂഡൽ ഭൂപ്രഭു വർഗവും ഉയർന്നുവരുന്ന ബൂർഷ്വാസിയും ചേർന്ന് അധികാരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. യുണെെറ്റഡ് നാഷണൽ പാർട്ടി (യുഎൻപി)യെ പ്രതിനിധീകരിച്ച് ഡിഎസ് സേനാനായകെ പ്രഥമ പ്രധാനമന്ത്രിയായി. ഭരണവർഗത്തിന്റെ പ്രതിനിധികളെന്ന നിലയിൽ ആ സർക്കാർ പിൻതുടർന്ന നയങ്ങൾ സാധാരണ ജനങ്ങൾക്ക് യാതൊരു മെച്ചവുമുണ്ടാക്കിയില്ല. ജനങ്ങൾക്കിടയിൽ വളർന്നുവന്ന നിരാശയുടെ പ്രതിഫലനമായാണ് യുഎൻപി പിളർന്നതും സോളമൻ ബന്ദാരനായകെയുടെ നേതൃത്വത്തിൽ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) രൂപീകരിക്കപ്പെട്ടതും.

ബന്ദാരനായകെയുടെ നയങ്ങൾ യുഎൻപിയുടെ നയങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തമായിരുന്നു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള ചില ക്ഷേമപദ്ധതികൾ അദ്ദേഹം ആരംഭിച്ചു. സോളമൻ ബന്ദാരനായകെ കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ സിരിമാവൊ ബന്ദാരനായകെ പ്രധാനമന്ത്രിയായി. ലോകത്തെതന്നെ ആദ്യത്തെ വനിത പ്രധാനമന്ത്രിയും അവർ ആയിരുന്നു. ബാങ്കിങ്, വ്യവസായം എന്നിവ പോലെയുള്ള ചില സാമ്പത്തിക മേഖലകൾ ദേശസാത‍്കരിക്കാനുള്ള ചില നടപടികൾക്ക് സിരിമാവോ മുൻകെെ എടുത്തു. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഭരണഘടനയ്ക്കുപകരം പുതിയ ഭരണഘടനയ്ക്ക് 1972 ൽ രൂപം നൽകിക്കൊണ്ടാണ് ഈ നടപടികൾക്ക് അവർ നേതൃത്വം നൽകിയത്. പരിപൂർണമായ മാറ്റം ലക്ഷ്യമിടാതെ, അർദ്ധമനസോടെയുള്ള ഇത്തരം നടപടികൾ, മുതലാളിത്ത വ്യവസ്ഥയിൻ കീഴിലെ ബൂർഷ്വ പരിഷ്കാരങ്ങളുടെ പരിമിതി തുറന്നുകാട്ടുന്നതായിരുന്നു.

വേ-്യാമോഹത്തിൽ നിന്നും വിമുക്തമായ എസ്എൻഎഫ്-പി ഗവൺമെന്റ് വംശീയ –വർഗീയ വികാരങ്ങൾക്കു വഴിമാറി. സിംഹള ദേശീയത ശക്തിപ്പെട്ടുവരികയും ഭരണവർഗങ്ങൾ അതിനെ ശക്തിയായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് പതിറ്റാണ്ടുകൾ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലേക്ക് ശ്രീലങ്കയെ നയിച്ചു. രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമായി അത് പരിണമിച്ചു. 1948ൽ പൗരത്വാവകാശം നഷ്ടപ്പെട്ടുപോയ തമിഴ് വംശജർ കൂടുതൽ അരികുവത്കരിക്കപ്പെട്ടു.

‘‘സിംഹളർ മാത്രം’’ എന്ന മുദ്രാവാക്യമുയർത്തിയ യുഎൻപിയിലെ ജെ ആർ ജയവർദ്-ധനെ 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ സിരിമാവോ ബന്ദാരനായകയെ പരാജയപ്പെടുത്തി. ഈ വിജയത്തെ ഭരണഘടന മാറ്റുന്നതിനാണ് അദ്ദേഹം ഉപയോഗിച്ചത്. 1978 ൽ ഭരണഘടന മാറ്റിയതിലൂടെ രാജ്യത്തെ പാർലമെന്ററി സമ്പ്രദായത്തിൽനിന്ന് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് കൊണ്ടുവരുകയായിരുന്നു ജയവർദ്ധനെ; എക്സിക്യൂട്ടീവ് പ്രസിഡന്റിൽ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന സമ്പ്രദായമാണത്. സ്വതന്ത്ര കമ്പോള വ്യവസ്ഥയ്ക്ക് അതോടെ മുൻകാല പ്രാബല്യം ലഭിച്ചു. ജനാധിപത്യത്തിൽ അനിവാര്യമായ സുതാര്യതയും ജനങ്ങളോടുള്ള ഉത്തരവാദിത്വവും ബലിയാടുകളായി മാറി. ഭരണകൂടത്തിന്റെ അധികാരവിഭജനം എന്നത്, ജുഡീഷ്യറിയും ഗവൺമെന്റും പരസ്പരം കടന്നുകയറരുതെന്ന പ്രമാണം പരിപൂർണമായും ലംഘിക്കപ്പെട്ടു. ജുഡീഷ്യറിക്കും ബ്യൂറോക്രസിക്കും അവയുടേതായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഇംഗിതത്തിനനുസരിച്ച് അവയ്ക്ക് ചലിക്കേണ്ടിവന്നു.

ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയുടെ അടിസ്ഥാനം ശ്രീലങ്കയുടെ സാമൂഹിക–സാമ്പത്തിക ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടുള്ളതാണ്.

ഇപ്പോഴത്തെ 
പ്രതിസന്ധിയുടെ ആരംഭം
ശ്രീലങ്കയിൽ കാലാകാലങ്ങളായി അധികാരത്തിൽ വന്ന ഗവൺമെന്റുകൾ പിന്തുടർന്ന നവലിബറൽ സാമ്പത്തിക നയങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആരംഭം കുറിച്ചത്. ഇറക്കുമതിയെ അമിതമായി ആശ്രയിക്കുകയും ആഭ്യന്തര കാർഷിക–വ്യാവസായിക വളർച്ചയെ അസാധ്യമാക്കിക്കൊണ്ട് വിദേശമൂലധനത്തിനു പിന്നാലെ പോയതും ശ്രീലങ്കയുടെ സാമ്പത്തികവ്യവസ്ഥയെ തകർത്തു തരിപ്പണമാക്കി. കൂടുതൽ വൻകിട പശ്ചാത്തല പദ്ധതികളും വ്യാപകമായ അഴിമതിയും കൂടിയായപ്പോൾ രാജ്യത്തിന്റെ ദുരിതം വലിയ തോതിൽ വർധിപ്പിച്ചു. ശ്രീലങ്കയുടെ വരുമാനത്തിലെ പ്രധാനപ്പെട്ട ഒന്നായ ടൂറിസത്തിൽനിന്നുള്ള വരുമാനം കോവിഡ് മഹാമാരിക്കാലത്ത് നിലച്ചു. രാജ്യം ലോക്ഡൗണിലായതോടെ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ആഘാതം വർദ്ധിച്ചു.

ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുപകരം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു ഗോതബയ ഗവൺമെന്റ് ചെയ്തത്. ഗവൺമെന്റ് വലിയ തോതിൽ നികുതിയിളവ് ഏർപ്പെടുത്തി. അതുമൂലം ഗവൺമെന്റിന്റെ വരുമാനത്തിൽ ഏകദേശം 22 ശതമാനത്തിന്റെ കുറവുവന്നു. അടിസ്ഥാനപരമായി ഈ നികുതിയിളവ് പ്രത്യക്ഷ നികതിയിന്മേലാണ് നൽകപ്പെട്ടത‍്. സമൂഹത്തിലെ സമ്പന്നവിഭാഗങ്ങൾക്കാണ്, നികുതിയിളവിന്റെ ആനുകൂല്യം ലഭിച്ചത്.

‘‘സാമ്പത്തിക പ്രതിസന്ധിയുടെ വേലിയേറ്റ’’ത്തിന്റെ പേരിൽ ഭരണവർഗങ്ങൾക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അത്. ലോകമൊട്ടാകെയുള്ള അനുഭവത്തിൽ പ്രകടമായതുപോലെ, കോർപ്പറേറ്റുകൾക്ക് സൗജന്യങ്ങൾ നൽകിയതുകൊണ്ടോ അവർക്ക് അടിയന്തര ധനസഹായം നൽകിയതുകൊണ്ടോ സമ്പദ്ഘടനയെ പ്രതിസന്ധിയിൽനിന്നു രക്ഷിക്കാനാവില്ല; മഹാഭൂരിപക്ഷം പാവപ്പെട്ടവരും ഇടത്തരക്കാരും ഇപ്പോഴും തങ്ങളുടെ വരുമാനത്തിലും സമ്പത്തിലും നഷ്ടം സഹിച്ചുകൊണ്ടിരിക്കുകയാണ്.

രാസവളകൃഷിയിൽനിന്ന് ജെെവ കൃഷിയിലേക്കു പൊടുന്നനവെ മാറണം എന്ന പ്രസിഡന്റിന്റെ ഉത്തരവു വന്നതിനെതുടർന്ന് ജനങ്ങൾ ശരിക്കും ദുരിതം സഹിക്കുകയാണ്. കാർഷികവിളകളുടെ ഉൽപ്പാദനത്തിൽ വന്ന ഭീമമായ കുറവ് നെല്ല് പോലെയുള്ള മുഖ്യ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിൽ വലിയ കുറവാണുണ്ടാക്കിയത്. അതുമൂലം കൂടിയ വിലയ്ക്ക് അവ വൻതോതിൽ ഇറക്കുമതി ചെയ്യേണ്ടിവന്നു. അത് സാധാരണക്കാരുടെ ദുരിതങ്ങളും ആകുലതകളും വർധിപ്പിക്കാൻ ഇടയാക്കി.

വ്യവസ്ഥാപിതമായ അഴിമതി ആവിർഭവിച്ചതാണ് ജനങ്ങളെ ആശങ്കയിലാഴ്-ത്തുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. വൻകിട പശ്ചാത്തല പദ്ധതികളുടെ നിർമാണവും അതുമായി ബന്ധപ്പെട്ട ഭീമമായ അഴിമതികളും ജനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. കെെക്കൂലിയും രാഷ്ട്രീയസ്വാധീനവുമാണ് ആർക്ക് കൂടുതൽ കോൺട്രാക്ടുകൾ നൽകണമെന്ന കാര്യം നിശ്ചയിച്ചത്.

ആരോടും സമാധാനം പറയേണ്ടതില്ലാത്ത, ആരെയും കണക്കു ബോധ്യപ്പെടുത്തേണ്ടതില്ലാത്ത എക്സിക്യൂട്ടീവ് പ്രസിഡൻസി സംവിധാനം 1978 മുതൽ അതിന്റെ അധികാരം കൂടുതൽ ഊട്ടി ഉറപ്പിക്കുകയായിരുന്നു. 20–ാം ഭരണഘടനാ ഭേദഗതി വലിയ അധികാരമാണ് പ്രസിഡന്റിന് നൽകുന്നത്. ഓഡിറ്റ്, പകവീട്ടൽ, ഉത്തരവാദിത്വം തുടങ്ങിയ യാതൊരു വിധ ഭയവുമില്ലാതെ പ്രസിഡന്റിന് ഏതുനടപടിയും സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് 20–ാം ഭരണഘടനാ ഭേദഗതി. ഇത് നടപ്പാക്കിയതിനുശേഷമുള്ള ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ 3,500 കോടി ഡോളറാണ് ശ്രീലങ്കയ്ക്കു പുറത്തേക്ക് ഒഴുകിയതായി കണക്കാക്കപ്പെടുന്നത്. സ്വതന്ത്ര നീതിന്യായ സംവിധാനത്തിന്റെ അഭാവംമൂലം ഈ അഴിമതികളിൽ മഹാഭൂരിപക്ഷവും കോടതിയിൽ ചോദ്യം ചെയ്യപ്പെടാതെ പോകുകയോ ചോദ്യം ചെയ്യപ്പെടുന്നവതന്നെ ശിക്ഷിക്കപ്പെടാതെ പോവുകയോ ചെയ്യുന്നു. ഇത് ജനങ്ങളെ വളരെയേറെ രോഷാകുലരാക്കി. അവരാണ് 20–ാം ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്നും എക്സിക്യൂട്ടീവ് പ്രസിഡന്റിനു പകരം ജനങ്ങളോടുത്തരവാദിത്വമുള്ള ഗവൺമെന്റ്–പാർലമെന്ററി സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ഗവൺമെന്റ് ആദ്യം ഈ ആവശ്യങ്ങൾ നിരാകരിച്ചെങ്കിലും മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും പുതുമുഖങ്ങളെ ഉൾപ്പെടുത്താമെന്നും പിന്നീട് സമ്മതിച്ചു. ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യവും പാർലമെന്ററി സമ്പ്രദായം പുനഃസ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാമെന്ന് പിന്നീട് ഗവൺമെന്റ് സൂചിപ്പിക്കുകയുണ്ടായി. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഐഎംഎഫിനെ സമീപിക്കാൻ ഗവൺമെന്റ് തീരുമാനിക്കുകയും ചെയ്തു.

വായ്പയ്ക്കായി ഐഎംഎഫിനെ സമീപിക്കുക എന്നതിനർഥം ഘടനാപരമായ മാറ്റം ഉൾപ്പെടെ അവർ നിർദേശിക്കുന്ന എല്ലാ വ്യവസ്ഥകളും അംഗീകരിക്കുക എന്നതാണ്. അതിനായി കഠിനമായ വ്യവസ്ഥകൾ നടപ്പാക്കിയേ മതിയാകൂ. ശ്രീലങ്ക ഗവൺമെന്റിന്റെയും ഐഎംഎഫിന്റെയും പ്രതിനിധികൾ തമ്മിൽ അതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിൽ നിയമങ്ങളിൽ ഭേദഗതി, വെെദ്യുതി, വെള്ളം മുതലായ അവശ്യസേവനങ്ങളുടെ ചാർജ് അനായാസം വർധിപ്പിക്കാൻ പര്യാപ്തമായ വിധം നിയമം നടപ്പാക്കൽ, കാർ മുതലായവ പോലെയുള്ള ആഡംബര വസ്തുക്കളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കൽ എന്നിവയെല്ലാം നടപ്പാക്കപ്പെടും. പെൻഷൻ ചട്ടങ്ങളുടെ പരിഷ്കാരം, സ്വയം വിരമിക്കൽ പദ്ധതി എന്നിവയൊക്കെ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഐഎംഎഫ് മുമ്പോട്ടുവച്ചു കഴിഞ്ഞു. ഒരിക്കൽ ഈ വ്യവസ്ഥകൾ അംഗീകരിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നതോടെ ജനങ്ങളുടെ ദുരിതം വൻതോതിൽ വർധിക്കുമെന്ന കാര്യം ഉറപ്പാണ്.

ജനങ്ങളുടെ മുൻപിലുള്ള യഥാർഥ പോംവഴി എന്നത് വ്യവസ്ഥയുടെ മാറ്റം ആവശ്യപ്പെടുക എന്നതാണ്. ഇപ്പോൾ തന്നെ ഈ പ്രസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഒരു പടി മുമ്പോട്ടുപോയിട്ടുണ്ട്; അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കുക എന്ന ആവശ്യത്തിൽനിന്ന് ഗവൺമെന്റ് രാജിവയ്ക്കണമെന്ന ആവശ്യത്തിലതെത്തിയിരിക്കുന്നു. ഭരണത്തിന്റെ ഘടനയിൽ മാറ്റം വരണമെന്നും ഭരണഘടനയിൽ അനുയോജ്യമായ ഭേദഗതി വരുത്തണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്. ജനങ്ങളുടെ ശബ്ദം കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനൊപ്പം അതിനേക്കാൾ പ്രധാനപ്പെട്ടത് നവ ഉദാരവത്കരണ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്നതാണ്; അതാണ് യഥാർഥ ജനാധിപത്യ വ്യവസ്ഥയിൽ അധികാരികൾ ചെയ്യേണ്ടത്.

വാൾസ്ട്രീറ്റ് പിടിച്ചടക്കൽ പ്രക്ഷോഭം, തഹ്-രീൻ സ്ക്വയർ (ഈജിപ്തിലും അറബ് രാജ്യങ്ങളിലും നടന്നത്) പ്രക്ഷോഭം ഫ്ര-ാൻസിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം മുതലായവയെ പോലെയാണ് പ്രക്ഷോഭകർ ശ്രീലങ്കയിലെ പ്രതിഷേധത്തെയും പരിഗണിക്കുന്നത്. അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനെന്താണു ചെയ്യേണ്ടത് എന്ന കാര്യം അവർ നമുക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. (i) ട്രേഡ് യൂണിയനുകളെയും മറ്റു വർഗ–ബഹുജന സംഘടനകളെയും ഉൾപ്പെടുത്തി പ്രതിഷേധം കൂടുതൽ വ്യാപകമാക്കേണ്ടതിന്റെ സാധ്യത.

(ii) സംഘടിതവും പ്രത്യയശാസ്ത്രപരമായി വ്യക്തതയുള്ളതുമായ നേതൃത്വം അനിവാര്യമാണ് എന്ന കാര്യം.

ധനമൂലധനവും ഭരണവർഗങ്ങളും ബലപ്രയോഗത്തിലൂടെയും മന്ത്രിസഭയിൽ പുതുമുഖങ്ങളെ കൊണ്ടുവന്നും തങ്ങളുടെ മുഖ്യതാൽപ്പര്യത്തിന് ഹാനികരമല്ലാത്ത ചില സൗജന്യങ്ങൾ അനുവദിക്കാമെന്ന് സമ്മതിച്ചുകൊണ്ടും ഈ പ്രതിഷേധത്തെ പരാജയപ്പെടുത്താൻ പരമാവധി ശ്രമിക്കും എന്ന കാര്യം തികഞ്ഞ അവധാനതയോടെ നാം വീക്ഷിക്കണം.

യുവജനങ്ങളും കൃഷിക്കാരും മധ്യവർഗവും വൻതോതിൽ അണിനിരന്ന പ്രക്ഷോഭമാണ് ശ്രീലങ്കയിൽ നടക്കുന്നത്. പ്രക്ഷോഭത്തോട് ആദ്യം വിമുഖത പ്രകടിപ്പിച്ച പ്രതിപക്ഷ കക്ഷികളിൽ പലതും പിന്നീട് അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജനത വിമുക്തി പെരുമന പോലെയുള്ള രാഷ്ട്രീയ പാർട്ടികൾ സമാന്തരമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഭരണവർഗങ്ങളുടെ കുതന്ത്രങ്ങൾക്കുനേരെ അവധാനത പുലർത്തുകയും ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം ആത്മാർത്ഥമായി നിലകൊള്ളുകയും അവരോട് പ്രതിബദ്ധതയുള്ളവരായിരിക്കുകയും ചെയ്യുന്നവരെയാണ് തങ്ങളെ നയിക്കാൻ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 3 =

Most Popular