Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിശ്രീലങ്കയിൽ ഇടതുപക്ഷത്തിന് ചരിത്രവിജയം

ശ്രീലങ്കയിൽ ഇടതുപക്ഷത്തിന് ചരിത്രവിജയം

അതുൽ ചന്ദ്ര, വിജയ് പ്രഷാദ്

നത വിമുക്തി പെരമുന (ജെവിപി) നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻസിപി) സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച അനുര കുമാര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി 2024 സെപ്തംബർ 22ന് ശ്രീലങ്കൻ ഇലക്ഷൻ അതോറിറ്റി പ്രഖ്യാപിച്ചു. 2014 മുതൽ ഇടതുപക്ഷ പാർട്ടിയായ ജെവിപിയുടെ നേതാവാണ് ദിസനായകെ. നിലവിലെ ശ്രീലങ്കൻ പ്രസിഡന്റ് യുണെെറ്റഡ് നാഷണൽ പാർട്ടിയിലെ (യുഎൻപി) റനിൽ വിക്രമസിംഗെ, തന്റെ തൊട്ടടുത്ത് എത്തിയ എതിർസ്ഥാനാർഥി സമാഗി ജന ബാലവേഗവയിലെ സജിത് പ്രേമദാസ എന്നിവരുൾപ്പെടെ 37 സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ശ്രീലങ്ക പൊദുജന പെരമുന (എസ്എൽപിപി) യെയും യുഎൻപിയെയും പോലെയുള്ള പരമ്പരാഗത പാർട്ടികൾക്ക് ശ്രീലങ്കൻ പാർലമെന്റിൽ മേധാവിത്വം ഉണ്ടെങ്കിലും (എസ്-എൽപിപിക്ക് 225 സീറ്റിൽ 105, യുഎൻപിക്ക് മൂന്ന് സീറ്റ്) തിരിച്ചടിയേറ്റിരിക്കുകയാണ്; ദിസനായകെയുടെ ജെവിപിക്ക് പാർലമെന്റിൽ മൂന്ന് സീറ്റ് മാത്രമാണുള്ളത്.

രാജ്യത്തിന്റെ ഒമ്പതാമത്തെ പ്രസിഡന്റായുള്ള ദിസനായകെയുടെ വിജയം ശ്രദ്ധേയമായ സംഭവവികാസമാണ്. ഇതാദ്യമായാണ് ഇൗ രാജ്യത്ത് മാർക്സിസ്റ്റ് പാരമ്പര്യത്തിൽനിന്നുള്ള ഒരു പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. എ കെ ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദിസനായകെ 1968ലാണ് ജനിച്ചത്; ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽനിന്നും ഏറെ അകലെ ശ്രീലങ്കയുടെ വടക്ക്–മധ്യ മേഖലയിലെ തൊഴിലാളിവർഗ പശ്ചാത്തലമുള്ള കുടുംബാംഗമാണ്. അദ്ദേഹത്തിന്റെ ലോകവീക്ഷണം രൂപപ്പെട്ടുവന്നത്, ശ്രീലങ്കയിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെത്തിയതിലൂടെയും ജെവിപി കാഡറെന്ന നിലയിൽ വഹിച്ച പങ്കിലൂടെയുമാണ്. 1994 മുതൽ 2005 വരെ രാജ്യത്തിന്റെ പ്രസിഡന്റും ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സിരിമാവൊ ബന്ദാരനായകെയുടെ പുത്രിയുമായ ചന്ദ്രിക കുമാരതുംഗെയുമായി ജെവിപി സഖ്യത്തിലേർപ്പെട്ടപ്പോൾ 2004ൽ ദിസനായകെ പാർലമെന്റംഗമായി. കുമാരതുംഗയുടെ മന്ത്രിസഭയിൽ കൃഷി, ഭൂമി, കന്നുകാലി വളർത്തൽ എന്നിവയുടെ ചുമതലയുള്ള മന്ത്രിയായി ദിസനായകെ; ഭരണാധികാരി എന്ന നിലയിലുള്ള തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമാക്കി ഈ പദവിയെ അദ്ദേഹം മാറ്റി; ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട (പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നടപ്പാക്കാനിടയുള്ള ഒരു വിഷയമാണിത്) ചർച്ചയിലൂടെ പൊതുജനങ്ങളുമായി ഇടപെടാനുള്ള ശേഷിയും തെളിയിക്കപ്പെട്ടു. 2019ൽ നടന്ന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു വിജയിക്കാനായില്ല; എന്നാൽ, ആ പരാജയം ദിസനായകെയെയോ എൻപിപിയെയോ പിന്തിരിപ്പിച്ചില്ല.

സാമ്പത്തിക കുഴപ്പം
2022ൽ കൊളംബൊ നഗരം (ശ്രീലങ്കയുടെ തലസ്ഥാന നഗരം) അരഗാലയ (പ്രതിഷേധം)കൊണ്ട് ഇളകിമറിഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചടക്കലിലും പ്രസിഡന്റ് ഗോതബയ രാജപക്-സയുടെ നാണംകെട്ട നാടുവിടലിലുമാണ് ഇത് കലാശിച്ചത്. ഭക്ഷണം, ഇന്ധനം, ഔഷധം എന്നിവ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ക്ഷാമം നേരിട്ടിരുന്ന ജനങ്ങളുടെ സാമ്പത്തിക സാധ്യതകളിലുണ്ടായ കുത്തനെയുള്ള ഇടിവാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണമായത്. വിദേശകടം തിരിച്ചടയ്ക്കാതെ കുടിശ്ശികയാക്കിയ ശ്രീലങ്ക പാപ്പരായി.തുടർന്ന്, പ്രതിഷേധക്കാരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഫലം സൃഷ്ടിക്കുന്നതിലുപരി നവലിബറലും പാശ്ചാത്യ പക്ഷപാതിത്വത്തോടുകൂടിയതുമായ ദിശ പിന്തുടർന്നിരുന്ന വിക്രമസിംഗെയാണ് 2019ൽ ആരംഭിച്ച രാജപക്-സെയുടെ ആറുവർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്നതിന് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

വിക്രമസിംഗെയുടെ താൽക്കാലിക ഭരണത്തിന് ജൻങ്ങളുടെ പ്രതിഷേധത്തിന് കാരണമായ പ്രശ്നങ്ങൾക്കൊന്നിനും പരിഹാരം കാണാനായില്ല. അദ്ദേഹം 2023ൽ 290 കോടി ഡോളറിന്റെ ഒരു രക്ഷാപദ്ധതി (bailout) നേടിയെടുക്കുന്നതിന് അന്താരാഷ്ട്ര നാണയനിധിയെ (ഐഎംഎഫ്) സമീപിച്ചു (1965 നുശേഷം ഐഎംഎഫിൽനിന്നുള്ള സമാനമായ 17–ാമത്തെ ഇടപെടലാണിത്); വെെദ്യുതി പോലെയുള്ളവയ്ക്ക് നൽകിയിരുന്ന സബ്സിഡികൾ നീക്കം ചെയ്യുന്നതിനും മൂല്യവർധിത നികുതി ഇരട്ടിപ്പിച്ച് 18 ശതമാനമാക്കി ഉയർത്തുന്നതിനും ഇതിടയാക്കി; അതാതത് കടബാധ്യതയുടെ ഭാരം ശ്രീലങ്കയിലെ തൊഴിലാളിവർഗത്തിനുമേൽ പതിച്ചു; വിദേശത്തുനിന്ന് ശ്രീലങ്കയ്ക്ക് പണം കടം കൊടുത്തവർക്ക് ഒരു നഷ്ടവുമില്ല. ഇക്കാര്യത്തിൽ മാറ്റം വരുത്തുമെന്നും ഇടപാടിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്നും വിദേശ വായ്പാദാതാക്കളെ കുറച്ചൊന്ന് വേദനിപ്പിക്കുമെന്നും ആദായനികുതി കൊടുക്കുന്നതിൽനിന്ന് ഒഴിവാക്കുന്നതിനുള്ള പരിധി ഉയർത്തുമെന്നും ഒട്ടേറെ അവശ്യസാധനങ്ങളെ (ഭക്ഷണവും ആരോഗ്യപരിരക്ഷയും) വർധിപ്പിച്ച നികുതിയിൽ നിന്നും ഒഴിവാക്കുമെന്നും ദിസനായകെ പ്രഖ്യാപിച്ചു. ദിസനായകെയ്ക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, സ്ഥാപനപരമായ അഴിമതി ഇല്ലാതാക്കുന്നതിന് അദ്ദേഹം സത്യസന്ധമായി ഇടപെടുകയുമാണെങ്കിൽ, അതിലൂടെ അദ്ദേഹത്തിന് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലിന് കഴിയും; ആഭ്യന്തര യുദ്ധത്തിന്റെ വൃത്തികേടുകളും രാഷ്ട്രീയ മേലാളരുടെ ചതികളുംമൂലം ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് അത് വലിയ നേട്ടമുണ്ടാക്കും.

പ്രസിഡന്റ് പദവിയിൽ മാർക്സിസ്റ്റ് പാർട്ടി
മാർക്സിസ്റ്റ് –ലെനിനിസ്റ്റ് വിപ്ലവ പാർട്ടിയായാണ് 1965ൽ ജെവിപി അഥവാ ജനകീയ വിമോചന മുന്നണി സ്ഥാപിക്കപ്പെട്ടത്. രൊഹാന വിജെവീരയുടെ (1943–1989) നേതൃത്വത്തിൽ 1971ലും പിന്നീട് 1987–1989ലുമായി അനീതിയും അഴിമതിയും കൊടികുത്തിവാണിരുന്ന, മാറ്റത്തിന് വഴങ്ങാത്ത ഭരണസംവിധാനത്തിനെതിരെ രണ്ട് തവണ സായുധ കലാപത്തിന് ശ്രമിച്ചു. രണ്ടു കലാപങ്ങളും അതിനിഷ്ഠൂരമായി അടിച്ചമർത്തപ്പെട്ടു. വിജെവീരയെ കൊലപ്പെടുത്തിയതുൾപ്പെടെ ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയിലാണ് അത് കലാശിച്ചത്. 1989നുശേഷം, ജെവിപി സായുധ സമരത്തെ തള്ളിപ്പറയുകയും ജനാധിപത്യപരമായ രാഷ്ട്രീയരംഗത്തേക്ക് കടക്കുകയും ചെയ്തു. ദിസനായകെയ്ക്ക് മുൻപ് ജെവിപിയുടെ നേതാവ് സോമവംശ അമരസിംഗെ (1943–2016) ആയിരുന്നു; 1980കളുടെ ഒടുവിൽ പാർട്ടിയുടെ അപ്പോഴത്തെ പ്രമുഖ നേതാക്കളെല്ലാം കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹമാണ് പിന്നീട് പാർട്ടി കെട്ടിപ്പടുത്തത്. തിരഞ്ഞെടുപ്പ് രംഗത്തും സമൂഹമധ്യത്തിലും സോഷ്യലിസ്റ്റ് നയങ്ങൾക്കായി വാദിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയപാർട്ടി കെട്ടിപ്പടുക്കുകയെന്ന അജൻഡയാണ് ദിസനായകെ മുന്നോട്ടുകൊണ്ടുപോയത്, ദിസനായകെയുടെ തലമുറ ചെയ്ത പ്രവർത്തനത്തിന്റെ ഫ-ലമാണ് ജെവിപിക്കുണ്ടായ ശ്രദ്ധേയമായ വളർച്ച; ഇവർ ജെവിപിയുടെ സ്ഥാപക നേതാക്കളുടെ പ്രായത്തിലും 20 വർഷത്തോളം കുറഞ്ഞ പ്രായമുള്ളവരാണ്; അവർക്ക് ജെവിപിയുടെ പ്രത്യയശാസ്ത്രത്തെ ശ്രീലങ്കയിലെ തൊഴിലാളിവർഗവും കർഷകജനതയും ദരിദ്രരും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു. നേതാക്കളിൽ ചിലർക്കെങ്കിലും സിംഹള ദേശീയതയിലേക്ക് വഴുതിവീഴുന്ന പ്രവണത ഉണ്ടെന്നിരിക്കെ (പ്രത്യേകിച്ചും എൽടിടിഇ നേതൃത്വത്തിൽ നടന്ന കലാപത്തെ ഭരണം എങ്ങനെ കെെകാര്യം ചെയ്യുമെന്ന വിഷയം വരുമ്പോൾ) തമിഴ് ന്യൂനപക്ഷ ജനവിഭാഗത്തോടുള്ള പാർട്ടിയുടെ ബന്ധം സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാജ്യത്ത് വ്യാപകമായിരുന്ന അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും എതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലുള്ള ദിനനായകയുടെ ആർജവവും ദൃഢനിശ്ചയവുംമൂലമാണ് വ്യക്തിപരമായി അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ ഉയർന്നുവരാൻ കഴിഞ്ഞത്. വംശീയ ചേരിതിരിവുണ്ടാക്കി ശ്രീലങ്കയിലെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

ജെവിപിയുടെ വീണ്ടുമുള്ള ഉയർന്നുവരവിന്റെ കാരണങ്ങളിലൊന്ന് അവർ ഇടതുപക്ഷ സെക്ടേറിയനിസത്തെ തിരസ്കരിച്ചതാണ്. 21 ഇടതുപക്ഷ, മധ്യ ഇടതുപക്ഷ ഗ്രൂപ്പുകളുടെ സഖ്യമുണ്ടാക്കാനായി ജെവിപി ശ്രമിച്ചു. അഴിമതിയെ ചെറുക്കലും ശ്രീലങ്കൻ ജനതയ്ക്ക് മേൽ ബാധ്യത അടിച്ചേൽപ്പിക്കുന്ന ചെലവുചുരുക്കൽ പരിപാടി ഉൾപ്പെടെയുള്ള ഐഎംഎഫിന്റെ വായ്പാനയത്തിനെതിരായ പ്രക്ഷോഭവുമാണ് ആ സഖ്യത്തിലെ സംഘടനകളുടെ പൊതുവായ അജൻഡ. സ്വയം പര്യാപ്തതയ്ക്കും വ്യവസായവൽക്കരണത്തിനും കാർഷിക പരിഷ്കരണത്തിനും മുൻഗണന നൽകുന്ന ഒരു സാമ്പത്തിക മാതൃകയിൽ വേരൂന്നിയുള്ളതാണ് ആ പരിപാടി. എൻപിപിയുടെ നേതൃസ്ഥാനത്തുള്ള പാർട്ടിയെന്ന നിലയിൽ ജെവിപി ചില മേഖലകളുടെ ദേശസാത്ക്കരണം എന്ന പരിപാടിയും മുന്നോട്ടുവച്ചിട്ടുണ്ട്. (പ്രത്യേകിച്ചും ഊർജമേഖലയെപോലെയുള്ള പൊതുസേവനങ്ങൾ); അതോടൊപ്പം പുരോഗമനപരമായ നികുതി നയത്തിലധിഷ്ഠിതവും സാമൂഹിക മേഖലയിൽ ചെലവഴിക്കൽ വർധിപ്പിച്ചുമുള്ള സാമ്പത്തിക മാതൃകയും ജെവിപി അവതരിപ്പിച്ചിട്ടുണ്ട്. വംശീയതയുടെ അടിസ്ഥാനത്തിലുള്ള വിഭജനം ദീർഘകാലമായി നിലനിൽക്കുന്ന സമൂഹത്തിലെ ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ചരട് എന്നതാണ് സാമ്പത്തികപരമാധികാരം എന്ന നയം നൽകുന്ന സന്ദേശം.

സാമ്പത്തിക പരമാധികാരം എന്ന പരിപാടി നടപ്പാക്കാൻ ദിസനായകെയ്ക്ക് കഴിയുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്നാലും അദ്ദേഹത്തിന്റെ വിജയം നിശ്ചയമായും പുതിയ തലമുറയ്ക്ക് വീണ്ടും ശ്വാസംവിടാനുള്ള ധെെര്യം നൽകിയിരിക്കുകയാണ്; പൊളിഞ്ഞുകഴിഞ്ഞ ഐഎംഎഫ് അജൻഡയ്ക്കപ്പുറം പോകാനും ആഗോള ദക്ഷിണ മേഖലാ രാജ്യങ്ങൾക്കാകെ മാതൃകയാക്കാൻ കഴിയുന്ന ഒരു ശ്രീലങ്കൻ പ്രൊജക്ട് കെട്ടിപ്പടുക്കാനും കഴിയുമെന്ന വിശ്വാസത്തിലാണിപ്പോൾ ശ്രീലങ്കയിലെ പുതിയ തലമുറ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + 13 =

Most Popular