Friday, October 18, 2024

ad

Homeമുഖപ്രസംഗംകേരളത്തിലെ 
ജനങ്ങളോടുള്ള 
യുദ്ധപ്രഖ്യാപനം

കേരളത്തിലെ 
ജനങ്ങളോടുള്ള 
യുദ്ധപ്രഖ്യാപനം

യനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൽ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ (മേപ്പാടി പഞ്ചായത്ത്) അതിതീവ്ര മഴ മൂലമുണ്ടായ ഉരുൾപൊട്ടൽ കഴിഞ്ഞിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ കേരളത്തിൽ ഉണ്ടായതിൽ വെച്ചേറ്റവും ഭീകരമായ ദുരന്തത്തിനാണ് 2024 ജൂലെെ 30ന് പുലർച്ചെ നാം സാക്ഷ്യം വഹിച്ചത്. ഒരുപക്ഷേ സമീപ വർഷങ്ങളിലൊന്നും ഇന്ത്യാ രാജ്യം തന്നെ ഇത്ര ഭീകരമായ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല.

നാനൂറിലേറെപ്പേർ മരണപ്പെടുകയും 118 പേരെ കാണാതാവുകയും 10,000 ൽ അധികം ആളുകൾ ഭവനരഹിതരാക്കപ്പെടുകയും 1200 കോടി രൂപയുടെയെങ്കിലും നാശനഷ്ടങ്ങളുണ്ടായിയെന്ന് കണക്കാക്കപ്പെടുകയും ചെയ്യുന്ന ഈ ദുരന്തമുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാരിൽനിന്ന് ഇതേവരെ സഹായധനമൊന്നും ലഭിച്ചിട്ടില്ല. യൂണിയൻ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘങ്ങൾ നേരിട്ടെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയിട്ടും വയനാട്ടിലെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ഇതേവരെ തയ്യാറായിട്ടില്ല.

ഉദ്യോഗസ്ഥ സംഘങ്ങൾ മാത്രമല്ല, പ്രധാനമന്ത്രി തന്നെ കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിയുടെയും മറ്റും അകമ്പടിയോടെ വയനാട് സന്ദർശിച്ച് മടങ്ങിയിട്ട് ഒന്നരമാസത്തിലേറെയായി. കേരളത്തിന് ദുരിതബാധിതരെ സഹായിക്കാനുള്ള ഫണ്ട് യൂണിയൻ ഗവൺമെന്റിൽനിന്ന് ഉടൻ എത്തുമെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയും കൂട്ടരും മടങ്ങിയത്. കേരളം വിശദമായ നിവേദനം നൽകാത്ത താമസമേയുള്ളൂ സഹായമെത്താൻ എന്നാണ് വയനാട് സന്ദർശിച്ചവേളയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അദ്ദേഹം മടങ്ങി രാജ്യതലസ്ഥാനത്ത് എത്തിയതിനുപിന്നാലെ കേരളത്തിൽനിന്ന് 1,200 കോടി രൂപയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ നിവേദനം മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി സമർപ്പിക്കുകയും ചെയ്തു. അപ്പോഴും കേരളത്തിന് ഉടൻ അടിയന്തരസഹായമെത്തുമെന്ന പ്രതീതി ജനിപ്പിക്കാൻ കേന്ദ്രം ഭരിക്കുന്നവർ അതീവജാഗ്രത പുലർത്തിയിട്ടുമുണ്ട്.

എന്നാൽ ഇന്നേവരെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് ചില്ലിക്കാശിന്റെ സഹായധനവും ലഭിച്ചിട്ടില്ല. കേന്ദ്ര സംഘങ്ങൾ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ട് ലഭിച്ചാലേ സഹായധനം ലഭിക്കൂ എന്നാണ് ഇപ്പോൾ കേൾക്കുന്നത്. പ്രകൃതിദുരന്തമുണ്ടാകുമ്പോഴത്തെ അടിയന്തരസഹായം ദുരന്തമുണ്ടായി ഉടനാണ് ലഭിക്കേണ്ടത്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ അങ്ങനെ അടിയന്തര സഹായമെത്തിക്കാൻ മോദി സർക്കാർ വിസമ്മതിക്കുകയാണ്.

കേരളത്തിനുപുറമെ ഈ വർഷം പ്രകൃതി ദുരന്തമുണ്ടായത് ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ‍്. ഇതിൽ ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയും അടിയന്തരസഹായമായി എത്തിക്കുന്നതിനായുള്ള ഉത്തരവ് സെപ്തംബർ അവസാനമിറങ്ങി. വിശദമായ പഠനത്തിനു ശേഷം കൂടുതൽ സഹായം അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സെപ്തംബർ 7നാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പ്രളയദുരന്തമുണ്ടായത്. അപ്പോൾ തെലങ്കാന സന്ദർശിച്ച കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ തെലങ്കാനയ്ക്കും ആന്ധ്രയ്ക്കുമായി 3,400 കോടി രൂപയുടെ സഹായധനം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തി. അതേപോലെ വയനാട് സന്ദർശിക്കാനെത്തിയ മോദി കേരളത്തിനുള്ള അടിയന്തരസഹായം അവിടെ പ്രഖ്യാപിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല. പ്രധാനമന്ത്രിക്കും സംഘത്തിനും മാധ്യമശ്രദ്ധ പിടിച്ചെടുക്കാനുള്ള വെറും ഷോയായി ആ സന്ദർശനം മാറുകയാണുണ്ടായത്.

ഈ വർഷം മൊത്തം 9,044 കോടി രൂപയാണ് 21 സംസ്ഥാനങ്ങൾക്കായി കേന്ദ്ര ദുരന്ത പ്രതികരണ നിധിയിൽനിന്നും അടിയന്തരസഹായമായി നൽകിയത്. ആ പട്ടികയിലും കേരളം ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. ഈ അവഗണന കേരളം ഭരിക്കുന്ന മന്ത്രിസഭയോടുള്ള രാഷ്ട്രീയമായ പകപോക്കലിനപ്പുറം മൂന്നു കോടിയിലേറെ വരുന്ന കേരളീയരോടാകെയുള്ള അവഗണനയാണ്. മഹാദുരന്തം നേരിട്ട വയനാട്ടിലെ ജനങ്ങളോടുള്ള വിദേ-്വഷപ്രകടനമാണ്, മനുഷ്യത്വരഹിതമായ സമീപനമാണ്.

2006ലെ ദുരന്തനിവാരണ നിയമത്തിലെ സെക്-ഷൻ 40(1) എ പ്രകാരം രൂപീകരിക്കപ്പെട്ട സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 75 ശതമാനം യൂണിയൻ ഗവൺമെന്റും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് നിക്ഷേപിക്കേണ്ടത്. എല്ലാ വർഷവും എല്ലാ സംസ്ഥാനങ്ങൾക്കും ദുരന്തമുണ്ടായാലും ഇല്ലെങ്കിലും കേന്ദ്ര ദുരന്ത പ്രതികരണനിധിയിൽനിന്നും ജൂൺ, ഡിസംബർ മാസങ്ങളിലായി രണ്ടു ഗഡു നൽകണമെന്നതാണ് നിയമവ്യവസ്ഥ. ധനകാര്യക്കമ്മീഷനാണ് ഓരോ സംസ്ഥാനത്തിനും കേന്ദ്രം നൽകേണ്ട വിഹിതം എത്രയെന്ന് തീരുമാനിക്കുന്നത്. 15–ാം ധനകാര്യക്കമ്മീഷന്റെ ശുപാർശപ്രകാരം കേരളത്തിന്റെ ദുരന്ത പ്രതികരണ നിധി 388 കോടി രൂപയാണ്. അതിലെ യൂണിയൻ ഗവൺമെന്റിന്റെ വിഹിതം 291.20 കോടി രൂപയാണ്. അതിന്റെ ആദ്യഗഡുവായ 145.60 കോടി രൂപ ആഗസ്ത് 31ന് അനുവദിച്ചിരുന്നു. അത് ജൂൺ മാസത്തിൽ ലഭിക്കേണ്ടതായിരുന്നുവെന്നും ഓർക്കണം. ഒക്ടോബർ ഒന്നിന് രണ്ടാം ഗഡുവായ 145.60 കോടി രൂപ മുൻകൂറായി അനുവദിച്ച് ഉത്തരവായി. ഇങ്ങനെ മുൻകൂറായി അനുവദിച്ചത് കേരളത്തിനു മാത്രമല്ല. കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾക്കായി 5,858.60 കോടി രൂപ മുൻകൂറായി അനുവദിച്ച കൂട്ടത്തിൽ കേരളത്തിനും നൽകുകയാണുണ്ടായത്. ഇത് മോദി സർക്കാരിന്റെ സൗജന്യമോ സഹായമോ അല്ല, മറിച്ച് കേരളത്തിന് നിയമാനുസൃതം ലഭിക്കേണ്ട വിഹിതം മാത്രമാണ്.

എന്നാൽ യൂണിയൻ ഗവൺമെന്റ് ഈ തുക അനുവദിച്ചുത്തരവായതിനെത്തുടർന്ന് ഒരു വിഭാഗം മാധ്യമങ്ങൾ വയനാട് ദുരന്തനിവാരണത്തിനായി 145.60 കോടി രൂപ അനുവദിച്ചതായി പ്രചാരണം അഴിച്ചുവിടുകയാണുണ്ടായത്. ഇത് മോദി സർക്കാരിനെ വെള്ളപൂശാൻ വലതുപക്ഷ മാധ്യമങ്ങൾ നിരന്തരം നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് കാണേണ്ടത്. ഒപ്പം,സംസ്ഥാന സർക്കാരിനെതിരായ പ്രചാരണവും കൂടിയാണിത്.

കേരളത്തോടും കേരളത്തിലെ ജനങ്ങളോടും തെല്ലുപോലും അനുതാപമില്ലാത്ത, കേരളത്തെ തകർക്കാനുള്ള മോദി സർക്കാർ നീക്കത്തിനു കുടപിടിക്കുന്ന വലതുപക്ഷ മാധ്യമസമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏതാനും ദിവസങ്ങൾക്കുമുൻപ് ചില മാധ്യമങ്ങൾ പടച്ചുവിട്ട വ്യാജ വാർത്ത. സംസ്ഥാന സർക്കാർ കേന്ദ്രത്തിനുനൽകിയ നിവേദനത്തിലെ എസ്റ്റിമേറ്റിനെ (മതിപ്പ് ചെലവ്) എക്സ്പെൻഡിച്ചറായി (ചെലവഴിച്ച തുക) ചിത്രീകരിച്ച് സംസ്ഥാന സർക്കാർ വിരുദ്ധ പ്രചാരണത്തിന് ഇറങ്ങി പുറപ്പെട്ടത് നാം കണ്ടതാണ്. ഇത്തരം പ്രചാരണത്തിന് കച്ചകെട്ടിയിറങ്ങുന്നവർ വാസ്തവത്തിൽ കേരളത്തിലെ ജനങ്ങൾക്കുനേരെ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനർനിർമാണത്തിലും സംസ്ഥാന സർക്കാരിനെതിരെ വാളോങ്ങി നിൽക്കുന്ന കേരളത്തിലെ പ്രതിപക്ഷമാകട്ടെ മോദി സർക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. വയനാട്ടിലെ ദുരിതബാധിതരെ കെെപിടിച്ചുയർത്താനും ആ നാടിന്റെ പുനർനിർമാണത്തിനും കക്ഷി രാഷ്ട്രീയഭേദമെനേ-്യ കേരളം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതാണ്. കേന്ദ്ര സർക്കാർ കേരളത്തോട് പ്രകടിപ്പിക്കുന്ന വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുമുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 1 =

Most Popular