Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിസുഗന്ധി എന്ന ആണ്ടാൾ ദേവനായകി

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ശ്രീലങ്കയിലെ 
ആഭ്യന്തരയുദ്ധത്തിന്റെ 
പശ്ചാത്തലത്തിൽ 
ടി ഡി രാമകൃഷ്ണൻ 
എഴുതിയ 
‘സുഗന്ധി എന്ന ആണ്ടാൾ 
ദേവനായകി’ 
എന്ന നോവലിലെ ഒരധ്യായം

കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന് ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴും ഓൺലൈൻ കാമ്പയിനും വിദേശ രാജ്യങ്ങളിലെ ശ്രീലങ്കൻ എംബസികൾക്കു മുന്നിൽ പ്രവാസികൾ നടത്തുന്ന പ്രതിഷേധങ്ങളുമല്ലാതെ, രാജ്യത്തിനകത്ത് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ SSF-ന്റെ പ്രവർത്തനങ്ങൾക്കു കഴി ഞ്ഞില്ല. Sri Lankan War Widows, Families of Disappeared, HOPE എന്നീ ചെറുസംഘടനകളുടെ പ്രതിഷേധങ്ങൾ മുളയിലേ നുള്ളിക്കളയാൻ ടെററിസം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിനും ശ്രീലങ്കൻ രഹസ്യ പോലീസിനും സാധിച്ചു. SSF-ന് കൃത്യമായ സംഘടനാ സംവിധാനമില്ലാത്തതിനാൽ ചെറുസംഘടനകളുടെ പ്രവർത്തനങ്ങളെ വേണ്ടപോലെ ഏകോപിപ്പിക്കാനും കഴിഞ്ഞില്ല. ഏകാധിപ തിയുടെ നേരേ ജനങ്ങൾ കടൽ പോലെയിളകിവരുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. പ്രതിഷേധ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നു സംശയം തോന്നിയ നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. PTA (Prevention of Terrorism Act) പ്രകാരം പതിനെട്ടു മാസംവരെ ആരെയും കോടതിയിൽ ഹാജരാക്കാതെ തടവിൽ വയ്ക്കാവുന്നതിനാൽ ഗവൺമെന്റിന് കാര്യങ്ങൾ എളുപ്പമായി. അറസ്റ്റു ചെയ്യപ്പെട്ടവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ജനങ്ങൾക്കിടയിൽ ഭയം ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിച്ചു. വടക്ക് വസന്തം, കിഴക്ക് ഉദയം എന്ന് പ്രസിഡന്റ് ഉദ്ഘോ ഷിക്കുന്ന ഈ വ്യാജസമാധാനം ഫാസിസത്തിന്റെ ഔദാര്യമാ ണെന്നും ചോരയുടെ കറയും കരിഞ്ഞ മാംസത്തിന്റെ ദുർഗന്ധവും അതിനുണ്ടെന്നും എല്ലാവർക്കുമറിയാമായിരുന്നു. എന്നിട്ടും പരസ്യമായി പ്രതികരിക്കാൻ ഭൂരിപക്ഷമാളുകളും ധൈര്യപ്പെട്ടില്ല. രഹസ്യ സംവാദങ്ങളിൽ ആവേശത്തോടെ സംസാരിച്ചവർ പോലും പെട്ടന്ന് ഭയരോഗ ബാധിതരായി.

SSF-ന്റെ പ്രധാന പ്രവർത്തകരായ ഗായത്രിയെയോ കൂട്ടുകാരെയോ പോലീസ് അറസ്റ്റ് ചെയ്തില്ല. അവരെ പിന്തുണയ്ക്കാൻ ആരുമില്ലാത്ത അവസ്ഥയുണ്ടാക്കി പൊതുജനമധ്യത്തിൽ അപ ഹാസ്യരാക്കുക എന്ന തന്ത്രമാണ് ഗവൺമെന്റ് പ്രയോഗിച്ചത്. ജാഫ്നയിൽനിന്നും തലസ്ഥാനത്തേക്കുള്ള Save Sri Lanka from Facism മാർച്ചിൽ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളമാളുകൾ ഒത്തുചേരുമെന്നും അവരെത്ര ദിവസം വേണങ്കിലും കൊളംബിൽ തങ്ങാൻ തയ്യാറാകുമെന്നുമുള്ള SSF-ന്റെ പ്രതീക്ഷ പതിനായിരത്തിലേക്കും അയ്യായിരത്തിലേക്കും ചുരുങ്ങി. ക്രമേണ അതുപോലും ഉണ്ടാകുമോ എന്നു സംശയമായി. ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്നു പറയുന്നതല്ലാതെ പ്രതിഷേധത്തിൽ നേരിട്ടു പങ്കെടുക്കാൻ പലരും വിമുഖത കാണിച്ചു. തഹീർസ്ക്വയറിലെപ്പോലെയൊരു ജനമുന്നേറ്റം പ്രതീക്ഷിച്ച അരുളും യമുനയും വല്ലാത്ത നിരാശയിലായി. മീനാക്ഷി രാജരത്തിനത്തിന്റെ ഉപദേശമനുസരിച്ചുള്ള സമാധാനപരമായ ഗാന്ധിയൻ സമരമാർഗങ്ങളോട് തുടക്കത്തിലേ യോജിക്കാതിരുന്ന അവർ ദേവനായകിയുടെ മുമ്പിൽ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു.

“അക്ക, അമ്മാ പറയുന്നതും റിയാലിറ്റിയും തമ്മിൽ വലിയ അന്തരമുണ്ട്. ഗാന്ധിയൻ രീതി ശ്രീലങ്കൻ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രായോഗികമാണെന്ന് തോന്നുന്നില്ല. ഈജിപ്തിലെയോ ടുണീഷ്യയിലെയോപോലെ ലങ്കയിൽ വലിയൊരു ജനമുന്നേറ്റം ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. കാൽ നൂറ്റാണ്ടു നീണ്ടുനിന്ന ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തിൽ വിജയശ്രീലാളിതനായ പ്രസിഡന്റിനെ ജനങ്ങളിൽ വലിയൊരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട്, വിശ്വസിക്കുന്നുണ്ട്. അതാണ് അദ്ദേഹത്തിന്റെ ശക്തി. സിംഹള ദേശീയതയെ തന്റെ താത്പര്യങ്ങൾക്കനുസരിച്ച് മാനിപ്പുലേറ്റ് ചെയ്യുന്നതിൽ അദ്ദേഹം സമർത്ഥനാണ്. ഫാസിസത്തിന്റെ ഏറ്റവും ആധുനികമായ മുഖമാണിത്. ഹിറ്റ്ലറുടെയും മുസോളനിയുടെയും കാലത്തുനിന്നു ഫാസിസം വളരെ മാറിയിരിക്കുന്നു. സ്യൂഡോ ഡെമോക്രസിയുടെയും മാന്യതയുടെയും വികസനത്തിന്റെയും എന്തിന് സമാധാനത്തിന്റെ തന്നെ മുഖംമൂടിയണിഞ്ഞാണ് ഫാസിസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രവർത്തിക്കുന്നത്. അധികാരത്തിന്റെ വളരെ തന്ത്രപരമായ ആവിഷ്കാരമാണത്. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ സങ്കുചിത വംശീയ ബോധത്തെ മഹത്ത്വവത്കരിച്ച് അവർക്കെന്തും ചെയ്യാനുള്ള അവകാശം നൽകിയാണത് പ്രവർത്തിക്കുന്നത്. നമ്മൾ മഹത്തരമെന്നു വിശ്വസിക്കുന്ന ജനാധിപത്യം പോലും അപ്പോൾ ജനവിരുദ്ധമാകും. ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിച്ചമർത്തുകയും കൊന്നൊടുക്കുകയും റേപ് ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യും. മാന്യവും സമാധാനപരവുമായ ഒരു പോരാട്ടത്തിലൂടെ അതിനെ നേരിടാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ ഇയക്കത്തിന്റെ ഫാസിസിസ്റ്റ് രീതികളെ നമുക്ക് സ്വീകരിക്കാനുമാവില്ല. നമ്മൾ ഒരു പുതിയ വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. ശത്രു ഒരു വ്യക്തിയോ സ്റ്റേറ്റോ മാത്രമല്ല സമൂഹത്തിലെ വലിയൊരു ജന വിഭാഗത്തെ ബാധിച്ചിരിക്കുന്ന മനോഭാവമാണ്.

“അരുൾ പക്ഷേ, അതിനെതിരെ ഹിംസാത്മകമായ മാർഗ്ഗം തന്നെ സ്വീകരിച്ചാൽ നമ്മളും അവരും തമ്മിലെന്താണ് വ്യത്യാസം? നമ്മളും ഇയക്കവും തമ്മിലെന്താണ് വ്യത്യാസം?

“വ്യത്യാസമുണ്ട്. നമ്മൾ ഹിംസയെ ആയുധമാക്കുന്നത് നിസ്സഹായന്റെ നേരേയല്ല. അധികാരത്തിന്റെ ഉന്മാദത്തിൽ മനുഷ്യത്വം മറന്നവർക്കു നേരേയാണ്. ഈഴത്തിലെ ഓരോ പെണ്ണിനും തന്റെ ശരീരത്തിലേക്ക് അതിക്രമിച്ചു കടക്കുകയോ കടക്കാൻ ശ്രമിക്കുകയോ ചെയ്തവനെ കൊല്ലാനുള്ള അവകാശമുണ്ട്. അക്കയല്ലേ ദേവനായകിയിൻ കതൈയിൽ “എനിക്ക് പെണ്ണിന്റെ കണ്ണീരു വീഴുന്നിടങ്ങളിലെല്ലാം ഓടിയെത്തേണ്ടി വരും. നഗരങ്ങൾ ചുട്ടെ രിക്കേണ്ടി വരും എന്നെഴുതിയത്.’ ആ ദേവനായകിയുടെ അവ താരം തന്നെയായിരുന്നില്ലേ രജനി തിരണഗാമ? ആ ദേവനായകിയുടെ അവതാരം തന്നെയല്ലേ അക്ക? ആ ദേവനായകിയുടെ ചോരതന്നെയല്ലേ ഞങ്ങളിലെല്ലാം ഒഴുകുന്നത്?”

“അക്ക, അരുൾ പറയുന്നതിൽ കാര്യമുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ സമാധാനപരമായി പ്രതിഷേധിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഹിംസയെ ഹിംസകൊണ്ടുതന്നെ നേരി ടണം. അക്കയുടെ ഈ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി?

ഞങ്ങളുടെ അപ്പായുടെ കൊലയ്ക്ക് ആരാണ് ഉത്തരവാദി? ശ്രീലങ്കയിലെ ലക്ഷക്കണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെട്ടതിനും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിനും ആരാണ് ഉത്തരവാദി? അവരോട് സമാധാനത്തിന്റെ ഭാഷയിൽ സംസാരിച്ചിട്ട് എന്താണ് കാര്യം?”

“അതൊക്കെ നിങ്ങൾക്ക് ചെറുപ്പമായതുകൊണ്ട് തോന്നുന്നതാണ്. എനിക്കും നിങ്ങളുടെ പ്രായത്തിൽ ഇങ്ങനെ തന്നെയാണ് തോന്നിയത്. കുറച്ചുകൂടി നമുക്ക് കാത്തിരിക്കാം. ജനങ്ങൾ ഭരണകൂടത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിഞ്ഞ് തെരുവിലിറങ്ങുമോയെന്നു നോക്കാം.”

“അക്കാ നമുക്കങ്ങനെ കാത്തിരിക്കാൻ പറ്റില്ല. ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുമ്പോഴേക്കും ഇനിയും പതിനായിരങ്ങൾ കൊല്ലപ്പെടും. പതിനായിരക്കണക്കിന് തമിഴ് പെണ്ണുങ്ങൾ റേപ് ചെയ്യപ്പെടും.

“ശരി നിങ്ങളുടെ ഇഷ്ടമനുസരിച്ച് ചെയ്യുക. ഈ മണ്ണിൽ കഴിയുന്നത്ര ചോര വീഴാതെ നോക്കുക. പിന്നെ നിവർത്തിയില്ലെങ്കിൽ മാത്രം…

പാരീസിൽനിന്നൊരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോഴാണ് എനിക്ക് ജൂലിയുടെ ഫോൺ വന്നത്. കേട്ടപ്പോൾ കാര്യം തരക്കേടില്ലെന്നു തോന്നി. ടൊറന്റോയിൽ എത്തിയ ഉടനെ അതിനെപ്പറ്റി കൂട്ടുകാരുമായി ചർച്ച ചെയ്തു. SSF-ന്റെ കനേഡിയൻ കോർ ഗ്രൂപ്പിലെ എല്ലാവർക്കും വലിയ സന്തോഷമായി. ഇതൊരു മികച്ച അവസരമാണ്. ശത്രുവിനോടുള്ള പ്രതികാരം അവന്റെ മുറ്റത്തു പോയി നടത്താനുള്ള അവസരം. ഇതുവരെ പ്ലാൻ ചെയ്ത എല്ലാ പദ്ധതികളെക്കാളും വിജയസാധ്യതയുണ്ട്. പക്ഷേ, ആര്, എങ്ങനെ? ആ ചോദ്യങ്ങൾക്ക് പെട്ടെന്നൊരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. വിഷയം ദേവനായകിയുമായി ചർച്ച ചെയ്താലോ, വേണ്ട അക്ക പിന്തിരിപ്പിക്കുകയേയുള്ളൂ. നമുക്ക് ചെചിയിൻ ബ്ലാക്ക് വിഡോസ് ആകണ്ട എന്ന നിലപാടിൽ അവളിപ്പോഴും ഉറച്ചുനിൽക്കുകയാണ്. അമ്മയുടെ ഗാന്ധിയൻചിന്തകൾ അക്കയെ ശരിക്ക് സ്വാധീനിച്ചിരിക്കുന്നു. ഈ ദുഷ്ടന്മാരോടുള്ള പ്രതികാരം തീർക്കാൻ വേണ്ടി നമ്മളിലൊരാളുടെ വിലപ്പെട്ട ജീവൻ ബലികഴിക്കാൻ പാടില്ല എന്നാണ് അക്ക പറയുന്നത്. പക്ഷേ, മിലിട്ടറിയുടെ ക്രൂരതകൾക്കിരയായി ജീവിതത്തിൽ ഇനി മറ്റൊന്നും നഷ്ടപ്പെടാനില്ലാത്തവിധം തകർന്നുപോയ നിരവധി പേർ അത്തരമൊരു അവസരത്തിനായി കാത്തുനിൽക്കുകയാണ്. രാത്രി അമ്മ അടുത്തില്ലാത്ത അവസരം നോക്കി അരുൾ കാര്യം ദേവനായകിയുടെ മുമ്പിൽ അവതരിപ്പിച്ചു. അവർ മുഴുവൻ നിശ്ശബ്ദമായി കേട്ടിരുന്നു. ഒടുവിൽ പതിവുപോലെ ചില ചോദ്യങ്ങൾ തിരിച്ചു ചോദിച്ചു.

“ശരി. അരുൾ ഇതൊരു മികച്ച അവസരമാണ്. സമ്മതിച്ചു. പക്ഷേ, അതിനുവേണ്ടി നമ്മളിൽ രണ്ടോ മൂന്നോ പേരുടെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വരും. അതോടൊപ്പം കൊല്ലപ്പെടുന്നവരിൽ നിരവധി നിരപരാധികളുമുണ്ടാകും. ഉദ്ഘാടനച്ചടങ്ങിലെ വേദി യിൽ എല്ലാ രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുണ്ടാവില്ലേ. യുദ്ധക്കുറ്റവാളിയായ ഒരാളെ ശിക്ഷിക്കാൻ വേണ്ടി ഒരുപാട് നിരപരാധികളെ കൊല്ലേണ്ടി വരും. അതു വേണ്ട.

“മറ്റാർക്കും ഒരപകടവും സംഭവിക്കാതെ അത് നടപ്പാക്കാൻ കഴിയുകയാണെങ്കിലോ?”

“അതെങ്ങനെ?”

“ഇയക്കത്തിന്റെ പഴയ സൂയിസൈഡ് ബോംബുകളുടെ കാലമൊക്കെ കഴിഞ്ഞു അക്ക. ഇന് നാനോ വെപ്പൺസിന്റെ കാലമാണ്. നാനോ വെപ്പൺ റബോട്ടിക്സ് ഇന്നു വളരെ ഡവലപ്ഡാണ്. ഒരീച്ചയുടെ അല്ലെങ്കിൽ കൊതുകിന്റെ വലിപ്പത്തിൽ റിമോട്ടിൽ പ്രവർത്തിപ്പിക്കാവുന്ന ആയുധങ്ങളുണ്ട്. ഞാനുദ്ദേശിച്ചത് അത്തരം ആയുധങ്ങളുപയോഗിച്ചുള്ളൊരു ആക്ഷനാണ്. ഒരു Mosquito Drone നെ നർത്തകിയുടെ മുടിയിലെ മുല്ലപ്പൂക്കൾക്കിടയിൽ നിഷ്പ്രയാസം ഒളിപ്പിച്ചു വെയ്ക്കാം. അകലെയിരുന്നു റിമോട്ടുകൊണ്ടത് പ്രവർത്തിപ്പിക്കാം. ആ യന്ത്രക്കൊതുകിനുള്ളിൽ രാജവെമ്പാലയുടെ വിഷമോ സയനൈഡോ എന്തുവേണമെങ്കിലും നിറയ്ക്കാം. സാധാരണ കൊതുക് കടിക്കുന്നതുപോലെയേ തോന്നൂ. വിഷത്തിന്റെ അളവ് വളരെ കുറവായതിനാൽ ഉടനെ മരിക്കുകയുമില്ല. നാലോ അഞ്ചോ മണിക്കൂറ് കഴിഞ്ഞ് വളരെ സ്വാഭാവികമായി. “അത് കൊള്ളാമല്ലോ. പക്ഷേ, നൃത്തം ചെയ്യുന്നയാൾക്ക് അത് റിമോട്ടിൽ പ്രവർത്തിപ്പിക്കാനാകുമോ?”

“ഇല്ല.. അതിന് സദസ്സിൽ വേറെ ആരെങ്കിലും വേണം. അവി ടേക്ക് ഒരാളെ കടത്തിവിടുക അത്ര പ്രയാസമുള്ള കാര്യമല്ല.

“പക്ഷേ, ഒരു വ്യക്തിയെ ഉന്മൂലനം ചെയ്യുന്നതിലൂടെ ഫാസിസം അവസാനിക്കുമെന്ന് എന്താണ് ഉറപ്പ്. ശ്രീലങ്കയിലെ ഫാസിസം വെറുമൊരു വ്യക്തിയിൽ കേന്ദ്രീകരിച്ച് നിൽക്കുന്നതല്ലല്ലോ. അതൊരു സമൂഹത്തെ മുഴുവൻ ബാധിച്ചിരിക്കുകയല്ലേ. പകരമൊരാൾ ഉടനെ രംഗത്ത് വരില്ലേ. അല്ലെങ്കിൽ പട്ടാളം ഭരണം പിടിച്ചെടുക്കില്ലേ?’’

“പിന്നെ എന്തു ചെയ്യണമെന്നാണ് അക്ക പറയുന്നത്. ഈ അവസരം ഉപേക്ഷിക്കണമെന്നോ?

“എന്നു ഞാൻ പറയില്ല. നിങ്ങളുടെ വികാരമെനിക്ക് മനസ്സിലാകും. അതിലേറെ വികാരം എനിക്കുണ്ടെന്ന് നിനക്കറിയാമല്ലോ. ഞാൻ യമുനയെക്കൊണ്ട് വേറേ ചില പദ്ധതികളും ആസൂത്രണം ചെയ്യിച്ചിട്ടുണ്ട്. നീ കഴിഞ്ഞ ദിവസങ്ങളിൽ പാരീസിലായതു കൊണ്ടാണ് ആ കാര്യങ്ങൾ ഡിസ്കസ് ചെയ്യാതിരുന്നത്. സെന്റ് ലൂസിയ എന്ന കൊച്ചു കരീബിയൻ രാജ്യത്തിന്റെ പ്രതിനിധി സംഘത്തിൽ നമ്മുടെ ആളുകളുണ്ട്. അവർ പ്രസിഡന്റിനു സമ്മാ നമായി നൽകാൻ പോകുന്നത് ഒരു സ്വർണ്ണ ബുദ്ധനെയാണ്. കിടപ്പുമുറിയിൽ വെച്ചാൽ സർവൈശ്വര്യങ്ങളുമുണ്ടാകും എന്നു പ്രത്യേകം പറഞ്ഞാണ് നൽകുക. അദ്ദേഹം ഒന്നാന്തരം അന്ധ വിശ്വാസിയായതിനാൽ കിടപ്പുമുറിയിൽ തന്നെ സ്വർണ്ണബുദ്ധന് സ്ഥാനം കിട്ടും. ഇവിടെ കാനഡയിലിരുന്ന് ഒരു മൊബൈൽ ഫോൺകൊണ്ട് ആ ബുദ്ധന് തിരികൊളുത്താം. അതുപോലെ ഗയാനയുടെ സംഘത്തിലും നമ്മുടെ ആളുകളുണ്ട്. അവർ കോമൺവെൽത്ത് രാജ്യങ്ങളുടെ ഐക്യസൂചകമായി 53 ബുദ്ധ പ്രതിമകൾ സമ്മേളനവേദി അലങ്കരിക്കാനായി നൽകും. അതിലും ചില പ്രതിമകൾ നമുക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയതായിരിക്കും. ബുദ്ധന്റെ പേരിൽ ഹിംസ ചെയ്യുന്നവർക്കെതിരെ ബുദ്ധനെത്തന്നെ നമ്മൾ ആയുധമാക്കുകയാണ്.

“അക്ക അതെല്ലാം കൃത്യമായി നടക്കണമെന്നുണ്ടോ? ഈ ബുദ്ധന്മാർ സെക്യൂരിറ്റി പരിശോധനകളിൽ പിടിക്കപ്പെട്ടാലോ?” “ശരിയാണ് പിടിക്കപ്പെടാം. നമ്മൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കാതെ പോകാം. നർത്തകി നമ്മുടെ ആളാണെറിയുമ്പോൾ അവളുടെ ജീവൻ തന്നെ നഷ്ടപ്പെടാം. പക്ഷേ, ഏതെങ്കിലുമൊരു പദ്ധതി വിജയിക്കാതിരിക്കില്ല. എല്ലാം വിശദമായി പ്ലാൻ ചെയ്ത ശേഷം എന്നോട് പറയൂ.’’

അരുളും യമുനയും വളരെ വിശദമായ അന്വേഷണങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കാര്യങ്ങൾ തീരുമാനിച്ചത്. അവർ രണ്ടുപേരുമല്ലാതെ മറ്റാരേയും അതിന്റെ വിശദാംശങ്ങളറിയിച്ചില്ല. മൊസ്ക്വിറ്റോ ഡ്രോണുകളെ യു.എസ്. മിലിട്ടറി ഗവേഷണരംഗത്തെ ഡോണാൾഡ് ഹ്യൂം എന്ന ഏജന്റാണ് യമുനയ്ക്ക് നൽകിയത്. വാസ്തവത്തിൽ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ഒരായുധം പരീക്ഷിക്കാനുള്ള അവസരം എന്നതായിരുന്നു അവരുടെ താത്പര്യം. ചൈന ശ്രീലങ്കയിൽ വല്ലാതെ ഡോമിനേറ്റ് ചെയ്യുന്നതിലുള്ള അതൃപ്തിയും ഒരു കാരണമായിരുന്നു. എല്ലാ കാര്യങ്ങളും ഏകോ പിപ്പിച്ചശേഷം, ഫൈനലൈസ് ചെയ്ത പ്ലാൻ അവർ ദേവനായ കിയുടെ മുന്നിലവതരിപ്പിച്ചു.

“മറ്റുള്ളവരെ ഇത്ര പ്രധാനപ്പെട്ടൊരു കാര്യം ഏൽപ്പിക്കുന്നത് ശരിയല്ലെന്നു തോന്നി. ഞങ്ങൾ രണ്ടുപേരും തന്നെയാണ് കൊളംബിലേക്ക് പോകുന്നത്. നമ്മൾക്കു മൂന്നുപേർക്കുമല്ലാതെ ജൂലിക്കു മാത്രമാണ് ഈ പദ്ധതിയറിയാവുന്നത്. യു. എസ്. മിലിട്ടറിയുടെ ഏജന്റ് ഹ്യൂം മോസ്ക്വിറ്റോ ഡ്രോൺ നേരേ അവിടെ എത്തിച്ചുതരും. അയാൾ മൂന്നു ദിവസം ഞങ്ങൾക്ക് രഹസ്യ പരിശീലനം നൽകും. ഏഴു മിനിട്ടാണ് വേദിയിൽ നമുക്ക് അനുവദി ച്ചിരിക്കുന്ന സമയം. യമുന ആദ്യം മാർഗഴി അവതരിപ്പിക്കും. അതിനുശേഷം ബുദ്ധപൂജയാണ്. ധ്യാനബുദ്ധന്റെ പ്രതിമയ്ക്ക മുമ്പിൽ ഞാൻ സിംഹളത്തിലും യമുന തമിഴിലും സ്തുതികൾ പാടി നൃത്തം ചെയ്യും. പ്രതിമയ്ക്കു തൊട്ടു മുകളിലായിട്ടാണ് മൊസ്ക്വിറ്റോ ഡ്രോൺ വെയ്ക്കുക. അത് റിമോട്ടിൽ പ്രവർത്തിപ്പി ക്കാനുള്ള ചുമതല പീറ്ററിന്റെ ജൂലിക്കാണ്.

“ശരി; കാര്യങ്ങളെല്ലാം ഭംഗിയായി നടക്കട്ടെ.

വേദിയിൽ കയറുന്നതിന് മുമ്പ് എല്ലാം നല്ലതുപോലെ പ്രാക്ടീസ് ചെയ്ത് പെർ ഫെക്ടാക്കണം. ഞാനും നിങ്ങളോടൊപ്പം വരുന്നുണ്ട്. ഇൗ ഭാരിച്ചൊരു ഉത്തരവാദിത്വം നിങ്ങളെ ഏൽപ്പിച്ച് എനിക്കിവിടെ കിടക്കാൻ പറ്റുമോ?”

“അക്കാ, ഈ അവസ്ഥയിൽ…

“സാരമില്ല. എനിക്കെന്റെ പീറ്ററിനെയും ഒന്നു കാണണം. “ഗവൺമെന്റിന്റെ ആളുകളറിഞ്ഞാലോ?”

“അവർ അറിയാതെ എന്നെ കൊണ്ടുപോകാൻ നിങ്ങളെക്കൊണ്ടാവില്ലേ?”

അരുൾ ഗായത്രിയെയും ജൂലിയെയും വിളിച്ച് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. ദേവനായകി വരുന്നതിൽ സന്തോഷമേയുള്ളൂവെന്നും അതിനുവേണ്ട ഏർപ്പാടുകളെല്ലാം ചെയ്യാമെന്നും അവർ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അവൾ രണ്ടു ദിവസത്തിനുള്ളിൽ വിശദമായ യാത്രാപരിപാടി തയ്യാറാക്കി.

അക്ക ആമിന പീർ മുഹമ്മദ്, ഞാൻ ഗ്ലോറിയ ഫെർണാണ്ടോ, യമുന ദമയന്തി വിരശിയേ. ആ പേരുകളിലാണ് നമ്മൾ യാത്ര ചെയ്യുന്നത്. യാത്രാരേഖകളെല്ലാം തയ്യാറാക്കിക്കഴിഞ്ഞു. പര സ്പരം അറിയാത്തവരെപ്പോലെയാണ് നമ്മൾ ഫ്ളൈറ്റിൽ യാത്ര ചെയ്യുക. നമ്മുടെ സുരക്ഷ ഉറപ്പു വരുത്താൻ ഡൊണാൾഡ് ഹ്യൂം രണ്ട് യു.എസ്സ്. മിലിട്ടറി ഉദ്യോഗസ്ഥന്മാരെയും ഒപ്പമയ യ്ക്കുന്നുണ്ട്. കൊളംബിൽ ചെന്നാൽ മൂന്നു പേരെയും മൂന്നു വ്യത്യസ്ത ആതിഥേയരാണ് കൂട്ടിക്കൊണ്ടുപോവുക. അവരുടെ വീടുകളിലാണ് താമസം. പ്രോഗ്രാമിൽ പങ്കെടുക്കുന്നതും അതേ പേരുകളിലായിരിക്കും. അക്കയ്ക്ക് പീർ മുഹമ്മദിന്റെ വീട്ടിൽ വെച്ച് പീറ്ററിനെ കാണാനുള്ള സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. അമ്മയെ തത്കാലം ഇക്കാര്യമൊന്നും അറിയിച്ചിട്ടില്ല. ഞങ്ങൾ സ്റ്റേറ്റ്സിൽ ഒരു പ്രോഗ്രാമിന് പോവുകയാണെന്നും അവിടെയുള്ള ഒരു പ്ലാസ്റ്റിക് സർജനെ കാണിക്കാൻ അക്കയെ കൊണ്ടുപോവു കയാണെന്നും മാത്രമേ പറഞ്ഞിട്ടുള്ളൂ.

CHOGM അടുക്കാറായപ്പോഴേക്കും ജൂലിക്ക് വലിയ തിരക്കായി. കോറിയോഗ്രാഫിയിൽ അസോസിയേറ്റ് ചെയ്യുന്നതിനു പുറമേ ഉദ്ഘാടന ചടങ്ങിന്റെ സ്റ്റേജ് മാനേജ്മെന്റിലും അവൾക്ക് പ്രധാനപ്പെട്ട ചുമതലയുണ്ടായിരുന്നു. പല ദിവസവും രാത്രി വളരെ വൈകിയേ തിരിച്ചുവരാൻ പറ്റിയുള്ളൂ. ഉദ്ഘാടനച്ചടങ്ങിന് മൂന്നു ദിവസം മുമ്പ് കാലത്ത് ഗായത്രി അവളെ കാണാൻ വന്നു. SSF ന്റെ പദ്ധതികളെല്ലാം പറഞ്ഞുറപ്പിക്കാനായിരുന്നു ആ വരവ്. ഏതാണ്ടൊരു മണിക്കൂറോളം അവർ മുറിയിലടച്ചിരുന്നു സംസാരിച്ചു. പുറത്തുവരുമ്പോൾ ഗായത്രിയുടെ മുഖത്തൊരു കള്ളച്ചിരിയുണ്ടായിരുന്നു.

“പീറ്റർ.. ഇന്നു കാലത്താണ് ദേവനായകി എത്തിയത്. ഞാനവൾക്കൊരു പ്രോമിസ് കൊടുത്തിട്ടുണ്ട്.

“അതെന്താണ്?

“അവൾക്ക് നിന്നെയൊന്ന് കാണണം. അതിനുവേണ്ടി മാത്രമാണ് അവൾ വന്നിരിക്കുന്നത്.

“ശരി.”

“അവൾ ആമിന പീർ മുഹമ്മദ് എന്ന പേരിലാണ് വന്നിരി ക്കുന്നത്. SSF പ്രവർത്തകനായ പീർ മുഹമ്മദിന്റെ സ്ലേവ് ഐല ണ്ടിലെ ചേരിപ്രദേശത്തുള്ള വീട്ടിലാണ് താമസം. നമുക്ക് രാത്രി ആ വീട്ടിലേക്ക് പോകണം.

ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. ജൂലിക്ക് ജോലിത്തിരക്കു കാരണം കൂടെ വരാൻ പറ്റിയില്ല. ഞങ്ങൾക്ക് ശല്യമാകേണ്ടെന്നു കരുതി അവൾ ഒഴിഞ്ഞുമാറിയതാണെന്ന് പിന്നീട് മനസ്സിലായി.

പീർ മുഹമ്മദിന്റെ വീട്ടിലെത്തുമ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. വീടെന്നൊന്നും പറയാൻ വയ്യ. ഒരു ചെറ്റക്കുടിലായിരുന്നു അത്. പീർ ഞങ്ങൾക്ക് ആ വീട്ടിലെ ഒരേയൊരു മുറി ഒഴിഞ്ഞുതന്നു. മുറിയിൽ വെളിച്ചം തീരെ കുറവായിരുന്നു. ഞാൻ മുറിക്കകത്തേക്ക് കടന്നുചെന്നപ്പോൾ അവളെഴുന്നേറ്റു. കറുത്ത പർദ്ദയിട്ട് ഏതോ മുസ്ലീം സ്ത്രീയാണെന്നേ ഒറ്റ നോട്ടത്തിൽ ആർക്കും തോന്നൂ. “ഹായ് ആനന്ദ് …’ അവളുടെ അല്പം പത റിയ ശബ്ദം കേട്ടപ്പോൾ എനിക്കു സമാധാനമായി. എന്നെ ആനന്ദ് എന്ന് വേറെയാരും ഇതുവരെ വിളിച്ചിട്ടില്ല.

“mzumul …

“അല്ല ദേവനായകി. ഞാൻ ആ പേര് എന്നേ ഉപേക്ഷിച്ചു… ഞാനറിയാതെ അവളുടെ നേരേ കൈ നീട്ടി. എനിക്ക് കൈ തരാൻ അവൾക്കു കൈകളില്ലെന്ന കാര്യം ഞാൻ മറന്നുപോയിരുന്നു. ഞാൻ അവളോടൊപ്പം ആ കിടക്കയിലിരുന്നു.

“ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ചലഞ്ഞു!”

എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. നിന്റെ നന്മയെക്കരുതി ശല്യം ചെയ്യാതിരുന്നതാണ്. എന്തിനാണ് വെറുതെ ഞാൻ കാരണം നിന്റെ ഭാവി ഇല്ലാതാകുന്നത്. പുലിയുടെ ദേഹത്തിലെ വരകൾ എത്ര മായ്ച്ചാലും മായില്ല പീറ്റർ.

“ദേവനായകീ… നീയെന്തുകൊണ്ടാണ് അന്ന് എന്നോടൊപ്പം രക്ഷപ്പെടാതിരുന്നത്?”

“അപ്പോഴേക്കും എന്റെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. നീ രക്ഷപ്പെട്ടതിന്റെ തലേ ദിവസം ഇയക്കം സ്റ്റാലിനുമായുള്ള എന്റെ തിരുമണം തീരുമാനിച്ചിരുന്നു. ആ തീരുമാനത്തെ അനുസരിക്കാതിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ശരി, അതൊക്കെ പോട്ടെ, എന്തായി നമ്മുടെ സിനിമ?”

“അടുത്ത മാസം ഷൂട്ടിങ് തുടങ്ങും.

“അന്നു നമ്മൾ ഉദ്ദേശിച്ചപോലെതന്നെയാണോ എടുക്കുന്നത്?” “അല്ല, അതിൽനിന്ന് ഒരുപാട് മുന്നോട്ടു പോയി. ഇയക്കത്തിന്റെ കാലത്ത് രജനി മാഡത്തെക്കുറിച്ചൊരു സിനിമ ചെയ്യാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതുമാണ് ഈ സിനിമ. പക്ഷേ, സിഗിരിയയും ദേവനായകി മിത്തുമെല്ലാം അതിനോടൊപ്പമുണ്ട്.

“ഓ അത് നന്നായി… അപ്പോൾ…?”

“നിന്നെ രജനി മാഡമായി അഭിനയിപ്പിക്കാനാണ് അന്ന് ഉദ്ദേശിച്ചിരുന്നതെങ്കിൽ പുതിയ സിനിമയിൽ ഞാനും നീയുമെല്ലാം കഥാപാത്രങ്ങളാണ്. ചില പ്രശസ്ത ഹോളിവുഡ് നടീനടന്മാരാണ് നമ്മുടെ വേഷത്തിൽ അഭിനയിക്കുന്നത്.

ഞങ്ങൾ ആ രാത്രി മുഴുവൻ അങ്ങനെ സംസാരിച്ചിരുന്നു. പുലർച്ചെ സുബഹ് നിസ്കാരത്തിനായി അടുത്ത മുറിയിൽ പീർ മുഹമ്മദ് എഴുന്നേറ്റപ്പോഴാണ് നേരം പുലരാറായി എന്നു മനസ്സിലായത്.

“ഞാൻ ഈ അവശനിലയിലും വേഷംമാറി ഇവിടേക്കു വന്നതെന്തിനാണെന്നറിയാമോ? നീ പറയാറില്ലേ ഇത്ര ഭംഗിയുള്ള കവിളുകളും ചുണ്ടുകളും വേറെയാർക്കും കണ്ടിട്ടില്ലെന്ന്. എനിക്ക് നിന്റെയൊരു മുത്തം വേണം. ഈ മുഖാവരണമഴിച്ചാൽ നിനക്ക് ചിലപ്പോൾ അതിന് കഴിയില്ല. നെറ്റിയിൽ മതി. എന്റെ തുടുത്ത കവിളുകളൊക്കെ ഇപ്പോൾ വെറും മാംസക്കഷണങ്ങളാണ്.

ഞാൻ അവളെ എന്നിലേക്കു ചേർത്ത് പതുക്കെ പർദ്ദ അഴിച്ചു മാറ്റി. ആസിഡുകൊണ്ട് പൊള്ളിച്ച ആ മുഖം എന്നെ ഭയപ്പെടുത്തിയതേയില്ല. ആ പൊള്ളലുകളൊന്നും ഞാൻ കണ്ടില്ല. എന്റെ മനസ്സിൽ അവളുടെ തുടുത്ത കവിളുകൾ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞാനവളെ കെട്ടിപ്പിടിച്ച് ആ കവിളുകളിൽ ആവേശത്തോടെ ഉമ്മ കൊടുത്തു.

“ആനന്ദ് എന്റെ മുഖം മാത്രമേ വികൃതമായിട്ടുള്ളൂ…’ അവൾ ഓർമ്മിപ്പിച്ചു. ഉമ്മകൾ കൊണ്ട് അവസാനിപ്പിക്കരുതേ എന്ന അപേക്ഷയായിരുന്നു അത്. ഞാനവളെ നിരാശപ്പെടുത്തിയില്ല. ‘‘ആനന്ദത്തിന്റെ പാരമ്യത്തിൽ നിന്നെയൊന്നു കെട്ടിപ്പിടിക്കാനെനിക്ക് കഴിയുന്നില്ലല്ലോ’’ എന്നു പറഞ്ഞവൾ തേങ്ങി. അപ്പോഴേക്കും നേരം പുലർന്നുകഴിഞ്ഞിരുന്നു. പുറത്ത് പീർ മുഹമ്മദിന്റെ കുട്ടികളുടെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ വേഗം എഴുന്നേറ്റു. പീർ മുഹമ്മദിന്റെ ഭാര്യ ഞങ്ങൾക്ക് ഓരോ ഗ്ലാസ് കട്ടൻ ചായയും ശർക്കര വെല്ലവും തന്നു.

‘‘ഭാര്യാഭർത്താക്കന്മാരായിരുന്നുവല്ലേ?’’ അവർ പുഞ്ചിരിയോടെ ചോദിച്ചു. ദേവനായകി അതേയെന്ന് തലയാട്ടി.

‘‘മോളിനി എവിടേക്കും പോകണ്ട ഇവിടെ ഞങ്ങളുടെ കൂടെ താമസിച്ചാൽ മതി.’’ ആ ശർക്കരവെല്ലത്തിനേക്കാൾ മധുരം അവരുടെ വാക്കുകൾക്കുണ്ടായിരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + four =

Most Popular