Friday, November 22, 2024

ad

Homeപ്രതികരണംപശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം

പിണറായി വിജയൻ

സാമ്രാജ്യത്വം പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിനു കളമൊരുക്കുകയാണ്. ലോകമൊന്നടങ്കം ആവശ്യപ്പെട്ടിട്ടും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന മനുഷ്യക്കുരുതിയ്ക്ക് നിർബാധം പിന്തുണ നൽകുകയാണ്. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തിൽ പിടിമുറുക്കാനും ഏഷ്യൻ മേഖലയിൽ തങ്ങളുടെ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനും പലസ്തീനികളെ ചോരയിൽ മുക്കിക്കൊന്ന് സാമ്രാജ്യത്വ ശക്തികൾ പടുത്ത സയണിസ്റ്റ് രാഷ്ട്രമാണ് ഇസ്രയേൽ. നിലവിലെ ഇസ്രയേൽ ഭരണകൂടം പലസ്‌തീൻകാരുടെ അവകാശങ്ങൾ ഹനിക്കുകയും അവരെ രണ്ടാംകിട പൗരരായി കാണുന്ന അപ്പാർത്തീഡ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും അവരുടെ മണ്ണിൽ നിന്നും നിഷ്കാസിതരാക്കുകയും ചെയ്യുകയാണ്.

കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള 10 മാസത്തിനുള്ളിൽ 85,000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരിക്കും എന്നാണ് ആധികാരിക മെഡിക്കൽ ജേര്‍ണലായ ‘ദി ലാന്‍സെറ്റ്’ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം അതിന്റെ ഇരട്ടിയിലേറെ മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിൽ വച്ചു നടന്ന മീറ്റിംഗിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പറഞ്ഞത് ഇതിനോടകം 41,000 ലധികം ആളുകള്‍ കൊല്ലപ്പെടുകയും 90,000 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. ഗാസ കുഞ്ഞുങ്ങളുടെ സെമിത്തേരിയായി മാറിയെന്നും ഗാസയിലെ ജനങ്ങളെ നമ്മള്‍ കൈയൊഴിഞ്ഞുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച യുദ്ധം ഇന്നും അതേ തീവ്രതയോടെ തുടരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

ഗാസയിൽ തിങ്ങിവസിച്ചിരുന്ന 22 ലക്ഷം മനുഷ്യരിൽ 15 ലക്ഷത്തിലധികം പേരും ഇന്ന് അഭയാര്‍ത്ഥികളാണ്. ആശുപത്രികള്‍ എല്ലാം തന്നെ ഇസ്രായേൽ പ്രതിരോധ സേനയായ ഐ ഡി എഫ് നശിപ്പിച്ചു. അനേകായിരം കുഞ്ഞുങ്ങളെയും നിരപരാധികളെയും കൊല്ലുകയും ചെയ്തു. ലോകം കണ്ടതിൽ വച്ചേറ്റവും വലിയ വംശഹത്യയാണ് ഗാസയിലും റഫയിലും നടന്നുകൊണ്ടിരിക്കുന്നത്. ഈയവസരത്തിൽ പോലും പലസ്തീനെ പിന്തുണയ്ക്കാന്‍ ഇന്ത്യ തയ്യാറാകുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്.

ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശത്തെ ‘ആധുനിക ലോകത്തിൽ യുദ്ധത്തിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കൈവശപ്പെടുത്തൽ’ എന്നാണ് ഐക്യരാഷ്ട്ര സംഘടന 2020-ൽ വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി ഏറ്റവും അധികം അപലപിച്ചിട്ടുള്ള രാജ്യമാണ് ഇസ്രയേൽ. എന്നിട്ടും പലസ്തീനികളെ ‘ഇരുട്ടിന്റെ മക്കള്‍’ എന്ന് വംശീയമായി അധിക്ഷേപിക്കുകയാണ് ഇസ്രയേലിന്റെ പ്രധാനമന്ത്രി ചെയ്തത്.

രണ്ടാം ലോകയുദ്ധ കാലത്ത് ഹോളോകോസ്റ്റിന്റെ ഘട്ടത്തിൽ നാസികള്‍ ജൂതരെ എലികള്‍ എന്നു വിളിച്ചാണ് അധിക്ഷേപിച്ചത്. റുവാണ്ടയിൽ ടുട്സികളുടെ വംശഹത്യക്ക് പിന്നിൽ ഉണ്ടായിരുന്ന ഹൂട്ടൂകള്‍ അവരെ പാറ്റകള്‍ എന്നു വിളിച്ചാണ് അധിക്ഷേപിച്ചത്. വംശീയ വിദ്വേഷത്തിൽ അടിസ്ഥാനപ്പെട്ട സമാനമായ പ്രതികരണങ്ങളാണ് സയണിസ്റ്റുകളിൽ നിന്ന് നാം ഇന്ന് കേള്‍ക്കുന്നത്.

എന്നാൽ അതേ സമയം, ഇസ്രയേൽ പലസ്തീനോട് ചെയ്യുന്നത് തെറ്റാണെന്ന് ഉറക്കെ പറയുന്ന ജൂതരും ലോകത്തുണ്ട്. ജൂതരെല്ലാം സയണിസ്റ്റുകളോടൊപ്പമല്ല. ഇരുമതങ്ങളിലെ ആളുകള്‍ തമ്മിലുള്ള ഒരു പ്രശ്നമേയല്ല ഇത്. ആത്യന്തികമായി ഇത് ഒരു ഭൂപ്രദേശത്തിന്റെ ഉടമസ്ഥതയെയും അതിന്മേലുള്ള സ്വയംഭരണാവകാശത്തെയും ചൊല്ലിയുള്ള പ്രശ്നമാണ്. അതിനായി മതത്തെയും വിശ്വാസത്തെയും എല്ലാം ദുരുപയോഗം ചെയ്യുന്നുണ്ടാവാം. ഇതിന്റെ പേരിൽ അനേകായിരം മനുഷ്യജീവനുകളാണ് നഷ്ടമാകുന്നത്.

രണ്ടാം ലോകയുദ്ധ കാലത്ത് ജൂതര്‍ക്ക് പീഡനമേൽക്കേണ്ടി വന്നതും ആട്ടിയോടിക്കപ്പെട്ടതും യൂറോപ്പിലും മറ്റുമാണ്. അതിന്റെ പേരിൽ സയണിസ്റ്റുകള്‍ ഇന്ന് പലസ്തീന്‍കാരെ പീഡിപ്പിക്കുന്നതിൽ ഒരു തരത്തിലുള്ള നീതിയുമില്ല. സയണിസ്റ്റുകളുടെ അതേ നിലപാട് പിന്തുടര്‍ന്നുകൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്റ് വേട്ടക്കാര്‍ക്കൊപ്പം നിലകൊള്ളുന്നത്. അതിന്റെ ദൃഷ്ടാന്തമാണ് ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേലിനെതിരായി അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് തുടര്‍ച്ചയായി വിട്ടുനിൽക്കുന്ന ഇന്ത്യയുടെ നടപടി. കൃത്യമായ സയണിസ്റ്റ് പക്ഷപാതിത്വമാണ് നമ്മുടെ രാഷ്ട്രഭരണാധികാരികള്‍ പ്രകടിപ്പിക്കുന്നത്.

ചേരിചേരാ സമ്മേളനം ഇന്ത്യയിൽ വച്ചു നടന്നപ്പോള്‍ പി എൽ ഒ നേതാവായിരുന്ന യാസര്‍ അറാഫത്ത് അന്ന് ഡൽഹിയിലെത്തിയതും നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി ചേര്‍ന്നുനിന്നു ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തതും ഇന്ത്യയുടെ ജനാധിപത്യനിലപാടിന്റെ ഫലമായായിരുന്നു.

നമ്മള്‍ ദക്ഷിണാഫ്രിക്കയിൽ അടിച്ചമര്‍ത്തപ്പെട്ട കറുത്ത വര്‍ഗക്കാര്‍ക്കൊപ്പം നിന്നു. മധ്യധരണ്യാഴി പ്രദേശത്ത് സ്വന്തം നാടിനുവേണ്ടി പൊരുതുന്ന പലസ്തീന്‍ ജനതയ്ക്കൊപ്പം നിന്നു. ഇതിലൊന്നും നമുക്ക് ചരിത്രത്തിലൊരിക്കലും ചാഞ്ചല്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഒരു ഘട്ടത്തിൽ ഇന്ത്യന്‍ പാസ്പോര്‍ട്ടുകളിൽ റൊഡേഷ്യയിലേക്കും ഇസ്രയേലിലേക്കും പോകരുത് എന്ന മുദ്ര പോലും പതിപ്പിച്ചിരുന്നത്. അതുകൊണ്ടാണ്, ഇസ്രയേലുമായി നയതന്ത്രബന്ധം പോലും പാടില്ല എന്നു നിശ്ചയിച്ചിരുന്നത്, ദേശീയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഇസ്രയേലിന്റെ തലവനെ ക്ഷണിക്കേണ്ട എന്നു നിശ്ചയിച്ചിരുന്നത്.

ആ നിലപാടൊക്കെ കോണ്‍ഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോള്‍ തന്നെ മയപ്പെടുത്തിയിരുന്നു. 90കളുടെ തുടക്കത്തിൽ തന്നെ ഇസ്രയേലിന് ഇന്ത്യയിൽ നയതന്ത്ര ഓഫീസ് തുറക്കാനുള്ള അനുവാദം നൽകപ്പെട്ടു. എന്നിരുന്നാലും യുഎന്നിൽ നമ്മള്‍ പലസ്തീൻ കാരോടൊപ്പംതന്നെ നിലകൊണ്ടിരുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി 2014-ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതലാണ് പലസ്തീന്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാട് ഇസ്രയേലിനനുകൂലമായി ഇത്രയധികം രൂക്ഷമായിത്തുടങ്ങിയത്.

പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ സെപ്തംബർ മാസത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയാണ് ഉണ്ടായത്. പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ അനധികൃത സാന്നിധ്യം 12 മാസത്തിനകം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി 124 രാജ്യങ്ങൾ വോട്ടു ചെയ്തപ്പോൾ 14 രാജ്യങ്ങൾ എതിര്‍ത്ത് വോട്ടുചെയ്തു. 43 രാജ്യങ്ങൾ വിട്ടുനിന്നു. ഇസ്രയേലിന്റെ നടപടികള്‍ തെറ്റാണെന്നും അത് അന്താരാഷ്ട്ര നിയമപ്രകാരം തിരുത്തപ്പെടേണ്ടതാണെന്നും പറഞ്ഞ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാതെ ഇന്ത്യ വിട്ടുനിന്നത് അങ്ങേയറ്റം അപലപനീയമാണ്.

അധിനിവേശം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടാതിരുന്നതിലൂടെ പലസ്തീന്‍ പ്രശ്നത്തിലെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് രാജ്യം പിന്നോട്ടുപോവുക കൂടി ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി ഇസ്രയേലുമായുള്ള ചങ്ങാത്തം ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിൽ നിന്ന് ഏറ്റവുമധികം ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ഈ യുദ്ധത്തിനിടയിൽപ്പോലും ഇസ്രയേലിലേക്ക് നമ്മള്‍ ആയുധങ്ങള്‍ കയറ്റി അയക്കുകപോലും ചെയ്തു.

മുമ്പും ഗാസയിൽ വെടിനിര്‍ത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിന്റെയും ആയുധക്കയറ്റുമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിൽ അവതരിപ്പിച്ച പ്രമേയത്തിന്റെയും വോട്ടിങ്ങിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. ഇന്ത്യ അതിന്റെ ചേരിചേരാ നയം കൈയ്യൊഴിയുന്നുവെന്ന് കൂടുതൽ വ്യക്തമാവുകയാണ്. ഒരുകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിലകൊണ്ട നമ്മെ മൂന്നാം ലോക രാഷ്ട്രങ്ങളെല്ലാം ഏറെ ബഹുമാനത്തോടെയാണ് കണ്ടത്. എന്നാൽ അവിടെ നിന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദാസ്യവേല ചെയ്യുന്നവരായി അധഃപതിക്കുന്നതിൽ ഇന്ത്യാ ഗവൺമെന്റിന് ഇന്ന് ഒരു മടിയും ഇല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്തവര്‍ രാജ്യം ഭരിക്കുമ്പോള്‍ ഇതിൽക്കൂടുതലൊന്നും നമുക്ക് പ്രതീക്ഷിക്കാനുമില്ല.

ഹിറ്റ്ലറെയും മുസോളിനിയേയുമൊക്കെ മാതൃകയായി കാണുന്ന പ്രസ്ഥാനങ്ങള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ക്ക് പലസ്തീന്‍ വിഷയത്തിലെ ഇന്ത്യയുടെ ചിരകാല നിലപാടിൽ നിന്ന് പിന്നോട്ടുപോകണം എന്നുണ്ടാവും. ജര്‍മ്മനിയിൽ ജൂതര്‍ക്ക് സംഭവിച്ചതിനെ ആരാധനയോടെ കാണുന്നവര്‍ക്ക് ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം സ്വാഭാവികമായും തങ്ങളുടെ ചങ്ങാതികളാവും. അതേസമയം കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു വലതുപക്ഷ സംഘടനകൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് കോഴിക്കോട് നമ്മള്‍ ഒരു സമ്മേളനം ചേര്‍ന്നത്. ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതിനായി ചേര്‍ന്ന ആ സമ്മേളനം യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിക്കുന്ന ഒരു വലിയ ജനകീയ സംഗമം ആയി മാറിയിരുന്നു. ഏതാണ്ട് അതേ ഘട്ടത്തിൽ തന്നെയാണ് മധ്യപ്രദേശ്, രാജസ്താന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നത്. വര്‍ഗീയ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കാതെ പോയാലോ എന്ന് കരുതി പലസ്തീന്‍ വിഷയത്തിൽ ഒരു നിലപാടും എടുക്കാതെ നിൽക്കുകയായിരുന്നു ആ ഘട്ടത്തിൽ കോണ്‍ഗ്രസ് ചെയ്തത്. പിന്നീട് അവിടങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് എന്തൊക്കെയോ നിലപാടുകള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനെങ്കിലും അവര്‍ ശ്രമിച്ചത്.

രാഷ്‌ട്രീയ അവകാശങ്ങളേതുമില്ലാതെ പലസ്തീൻകാർ ക്രൂരമായ ഇസ്രയേൽ സൈനികനിയമത്തിനുകീഴിൽ വർഷങ്ങളായി അടിച്ചമർത്തപ്പെടുന്നു. അമേരിക്കയുടെ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും അട്ടിമറിച്ചാണ് പലസ്തീന്റെ അവകാശങ്ങൾ ഇസ്രയേൽ കവർന്നെടുക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിൽ അസ്‌ഥിരതയുണ്ടാകണമെന്നത് സാമ്രാജ്യത്വത്തിന്റെ താല്പര്യമാണ്. അതാണ് അവിടെ അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യുഎൻ പ്രമേയത്തിനനുസൃതമായി 1967ലെ അതിർത്തിനിർണയം അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കാനും ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവർത്തിക്കേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular