Friday, November 22, 2024

ad

Homeവിശകലനംസിപിഐ എമ്മിനെ 
തകർക്കാമെന്നത് 
വ്യാമോഹം മാത്രം

സിപിഐ എമ്മിനെ 
തകർക്കാമെന്നത് 
വ്യാമോഹം മാത്രം

എ വിജയരാഘവൻ

നിലമ്പൂര്‍ എം.എല്‍.എ അന്‍വറിനെ മുന്‍നിര്‍ത്തി കഴിഞ്ഞ ഏതാനും ദിവസങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധര്‍ അവരുടെ പ്രചാരവേലകള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സി.പി.ഐ എമ്മിനെയും തകര്‍ക്കുക എന്ന കമ്യൂണിസ്റ്റ് വിരുദ്ധരുടെ താളത്തിനനുസരിച്ച് അന്‍വര്‍ നടത്തുന്ന പ്രചാരവേലകളും തുടര്‍ പ്രസ്താവനകളും ലക്ഷ്യമിടുന്നത് ദശാബ്ദങ്ങളായി കേരളം കണ്ടു ശീലിച്ച പാര്‍ട്ടി വിരുദ്ധ ദുഷ്പ്രചാരണങ്ങളുടെ ഒരു പുതുമാതൃക സൃഷ്ടിക്കാനുള്ള ശ്രമമാണ്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ എട്ട് വര്‍ഷം പിന്നിട്ടപ്പോള്‍ കേരള സമൂഹഘടനയില്‍ ഗുണപരമായ നിരവധി നേട്ടങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ സാധിക്കുകയുണ്ടായി. മുതലാളിത്ത വ്യവസ്ഥയുടെ പൊതു കുഴപ്പത്തിന്റെ ഭാഗമായി ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവിത സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുകയും അവരുടെ ജീവിതം കൂടുതല്‍ ദുരിത വല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അവരെ ചേര്‍ത്തുപിടിച്ച് സംരക്ഷണമൊരുക്കുന്ന നയമാണ് കേരള സര്‍ക്കാര്‍ പിന്തുടരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, പൊതുവിതരണം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഗുണനിലവാരം മെച്ചപ്പെടുത്തി. സേവന മേഖലകളിലെ മാറ്റവും, കാര്‍ഷിക – വ്യവസായിക മേഖലകളില്‍ പുതിയ സാധ്യതകളുടെ വിപുലീകരണവും ഉറപ്പാക്കുന്ന തരത്തില്‍ മികച്ച മുന്നേറ്റമാണ് ഈ കാലയളവില്‍ കേരളം നടത്തിയത്. സാമ്പത്തിക കുഴപ്പങ്ങളും, കേന്ദ്ര അവഗണനയും, വിഭവ പരിമിതികളും എല്ലാം നിലനില്‍ക്കെ അഴിമതി രഹിതവും ഭാവനാ പൂര്‍ണവുമായ ഭരണനിര്‍വഹണത്തിലൂടെ പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കേരള സര്‍ക്കാര്‍. അതിദാരിദ്രം പൂര്‍ണമായി തുടച്ചുനീക്കി സാമൂഹ്യ തുല്യതയുടെ പുതുദിശയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം പൊതുസ്വീകാര്യത നേടിയതും ലോക ശ്രദ്ധ ആകര്‍ഷിച്ചതുമാണ്. ജനജീവിതത്തെ പൊതുവിലും സാധാരണക്കാരന്റെ ജീവിതത്തെ പ്രത്യേകിച്ചും മെച്ചപ്പെടുത്തിയ ഈ ഭരണരീതിക്ക് കിട്ടിയ അംഗീകാരമാണ് കേരളത്തിലെ തുടര്‍ഭരണം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് തീവ്ര ഹിന്ദുത്വ ശക്തികൾക്കെതിരെ സ്വീകരിച്ച നിലപാട് എൽഡിഎഫിന്റെയും സര്‍ക്കാരിന്റെയും യശസ് ഉയര്‍ത്തിയ ഘടകമായിരുന്നു. ഭരണവര്‍ഗത്തെയും സ്ഥാപിത താല്‍പര്യക്കാരെയും അസ്വസ്ഥതപ്പെടുത്തുന്ന കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റത്തെ തകര്‍ക്കാനുള്ള പലതരം ഗൂഢാലോചനകളിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് അന്‍വറിന്റെ ജല്‍പ്പനങ്ങള്‍ എന്നത് അതിന്റെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാവും.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് പാര്‍ട്ടി അംഗീകരിച്ച മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. പൊതുവെ നല്ല സ്വീകാര്യത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങൾക്ക് സമൂഹത്തില്‍ നേടാനായിട്ടുണ്ട്. പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഉന്നയിക്കുകയോ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പടുത്തുകയോ മുഖ്യമന്ത്രിയോട് പറയുകയോ ചെയ്യാതെ പത്രസമ്മേളനങ്ങള്‍ വിളിച്ച് തുടര്‍ച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമ തലക്കെട്ട് പിടിച്ചെടുക്കാനാണ് അന്‍വര്‍ ശ്രമിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ വഴി എതിരാളികള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളുടെ ആവര്‍ത്തനമായിരുന്നു ഈ ആരോപണങ്ങളിൽ അധികവും. നിയമ വ്യവസ്ഥയുടെ നടത്തിപ്പിന്റെ ചുമതലയുള്ള പൊലീസ് സംവിധാനം ഹവാല പണമിടപാട്, സ്വര്‍ണകള്ളക്കടത്ത്, മണല്‍ – മണ്ണ് – ക്വാറി മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ സ്വീകരിച്ച നിലപാടുകളെ പൂര്‍ണമായി വിമര്‍ശിക്കാനാണ് അൻവർ പത്രസമ്മേളനങ്ങളെ ഉപയോഗിച്ചത്. പാര്‍ട്ടിയെ സംരക്ഷിക്കാനെന്ന വ്യാജേന തുടങ്ങിയ ആരോപണങ്ങള്‍ അവസാനിപ്പിച്ചത് മുഖ്യമന്ത്രിയെത്തന്നെ മാറ്റണമെന്ന ആവശ്യത്തിലാണ്. ഇതിനിടയില്‍ പ്രചാരണത്തിനായി മാധ്യമ അകമ്പടിയോടെ ചില ആസൂത്രിത നാടകങ്ങളും പാര്‍ട്ടി വിരുദ്ധ പൊതുയോഗങ്ങളും അന്‍വര്‍ നടത്തി. സി.പി.ഐ എമ്മിനെ സംരക്ഷിക്കാനല്ല, കമ്യൂണിസ്റ്റ് വിരുദ്ധ കൂടാരത്തിലേക്ക് വഴിവെട്ടാനാണ് ഇതുവഴി അന്‍വര്‍ ശ്രമിക്കുന്നത്.

പൊതുവായ ആരോപണങ്ങള്‍ എഴുതി നല്‍കുകയും വ്യക്തമായ പരാതികള്‍ നല്‍കാതിരിക്കുകയുമാണ് അന്‍വര്‍ ചെയ്തത്. എന്നാലും ഒരു എം.എല്‍.എ ഉന്നയിച്ച വിഷയങ്ങള്‍ എന്ന നിലയില്‍ അന്വേഷിക്കാന്‍ ആവശ്യമായ തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്ഷേപങ്ങള്‍ നിയമാനുസൃതമായ അന്വേഷണം നടത്തേണ്ടതാണ്. മുഖ്യമന്ത്രി ഉള്‍പ്പടെ മുന്‍ കൈയെടുത്ത് അന്വേഷണം ആരംഭിക്കുകയും അതിനായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് മേധാവിയെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും ചിലരെ സ്ഥലം മാറ്റുകയും ചെയ്തു.

നിയമാനുസൃത അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കാതെ തന്റെ ആക്ഷേപങ്ങള്‍ തുടരുകയും തെറ്റായ പ്രചാരണങ്ങള്‍ നടത്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പിന്‍ബലത്തോടെ തന്റെ അസത്യ പ്രചാരണം തുടരുകയുമാണ് അന്‍വര്‍ ചെയ്തത്. ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോള്‍ വില്ലന്‍വേഷം അന്‍വറിന് നല്‍കിയ മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധനായപ്പോള്‍ അദ്ദേഹത്തെ വിശുദ്ധനാക്കുകയും അകമ്പടിക്കാരാവുകയും ചെയ്തു.

ന്യൂനപക്ഷ ജനവിഭാഗങ്ങളിലെ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിച്ചുവരുന്ന സ്ഥിതിയാണ് ഇന്നുള്ളത്. തീവ്ര വര്‍ഗീയതക്കെതിരെ സി.പി.ഐ എം സ്വീകരിക്കുന്ന നിലപാടുകളുടെ പൊതു സ്വീകാര്യതയുടെ ഭാഗമായാണ് ആ മാറ്റം സംഭവിച്ചിരിക്കുന്നത്. പുതുതായി കടന്നു വരുന്നവരില്‍ നിന്ന് ചിലര്‍ പാര്‍ട്ടി സ്വതന്ത്രരായി എം.എല്‍.എ മാരാവുകയും ചിലര്‍ മന്ത്രിമാരായിത്തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നുണ്ട്. വിവിധ തലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ സി.പി.ഐ എമ്മിനോട് അടുത്തുവരുന്നത് തടയാന്‍ മുസ്ലിം മതമൗലികവാദ ശക്തികള്‍ സംഘടിതമായാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ജില്ലയ്ക്ക് പ്രത്യേകമായി ഒരു സ്വത്വം ഉണ്ട് എന്നു വരുത്തുന്ന തരത്തില്‍ മതാധിഷ്ഠിതമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സി.പി.ഐ എമ്മിനോടുള്ള ന്യൂനപക്ഷ അടുപ്പം തടയുക എന്ന നിലയില്‍ സംഘടിതമായി ചില മുസ്ലിം സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രചാരകനായും അന്‍വര്‍ മാറി. സി.പി.ഐ എമ്മിനെ സംരക്ഷിക്കാനിറങ്ങിയ അന്‍വര്‍ ഏതാനും ദിവസങ്ങള്‍ക്കകം മുസ്ലിം മത മൗലികവാദത്തിന്റെ പ്രചാരണങ്ങളുടെ മാറ്റൊലി പ്രചാരകനായി. പാര്‍ട്ടി അന്‍വറിന്റെ നിസ്കാരം തടഞ്ഞു എന്ന പ്രചാരണം ഇതിലൊന്നാണ്. പാര്‍ട്ടിയെ നന്നാക്കാനല്ല പാർട്ടി വിരോധികള്‍ക്ക് ശക്തിയും പ്രചോദനവും നല്‍കാനുള്ള ഗൂഢനീക്കമാണ് നിലമ്പൂര്‍ എംഎല്‍എ നടത്തിയത്. എന്നാല്‍ പാർട്ടിയോടടുത്തു വരുന്നവരെ തടയാനുള്ള ഈ പരിശ്രമത്തിനോടൊപ്പമല്ല തങ്ങളുടെ നിലപാട് എന്ന് കെ.ടി ജലീലും നിരവധി ഇടതുപക്ഷ സഹയാത്രികരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ അന്‍വര്‍ ഒറ്റപ്പെടുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.

സര്‍ക്കാര്‍ വിരുദ്ധ ആക്ഷേപങ്ങളുമായി അന്‍വര്‍ തുടങ്ങിയ പ്രചാരണങ്ങള്‍ കേരളത്തിലെ പ്രതിലോമ ചേരിയുടെ സംരക്ഷകരായ യു.ഡി.എഫ് ഏറ്റെടുക്കുകയും ചെയ്തു. താനൊരു പാർട്ടിയുണ്ടാക്കി സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കേരള പര്യടനം നടത്തുമെന്നും അന്‍വര്‍ പറയുമ്പോള്‍ അത് എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധരെയും ഒന്നിപ്പിക്കാനുള്ള യു.ഡി.എഫ് തന്ത്രത്തിനനുസരിച്ചുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നത് വ്യക്തമാണ്. അന്‍വറും അന്‍വറിന്റെ അകമ്പടിക്കാരായ മാധ്യമങ്ങളും, യു.ഡി.എഫും, മതമൗലിക വാദികളും രൂപപ്പെടുത്തിയ പ്രതിലോമ ഐക്യമുന്നണിയുടെ ലക്ഷ്യം വീണ്ടും ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നത് തടയുകയാണ്.

സി.പി.ഐ എം സഹയാത്രികനായ കാലത്തുണ്ടാക്കിയ ബന്ധങ്ങളെ പാർട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനുപയോഗിക്കാം എന്ന അന്‍വറിന്റെ വ്യാമോഹം നടക്കാന്‍ പോവുന്നില്ല. പാർട്ടി വിരുദ്ധ ചേരിയിലെത്തിയ അന്‍വറിനൊപ്പം നില്‍ക്കാന്‍ പാർട്ടിയെ സ്നേഹിക്കുന്ന ഒരാളും തയ്യാറാവില്ല. ഒരു പാർട്ടിക്കാരനേയും അടര്‍ത്തിയെടുക്കാന്‍ ഇതുവരെ അന്‍വറിനായിട്ടുമില്ല.
അടിമ സമാന ജീവിതം നയിച്ച കിഴക്കന്‍ ഏറനാട്ടിലെ കര്‍ഷകന്റെയും തൊഴിലാളിയുടെയും പോരാട്ട ഭൂമികയിലാണ് നിലമ്പൂരിലെ കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. കുഞ്ഞാലിയുടെ രക്തസാക്ഷിത്വം വിലയായി നല്‍കിയ വിപ്ലവ സമരങ്ങളുടെ മണ്ണില്‍ നിന്നാണ് അന്‍വര്‍ എം.എല്‍.എ ആയത്. നാടിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാതെ സ്വന്തം കച്ചവട താല്‍പര്യങ്ങള്‍ക്കായി വഴിമാറി സഞ്ചരിക്കാനാണ് പുതിയ കൂടാരമന്വേഷിച്ചുള്ള അന്‍വറിന്റെ യാത്രകള്‍.

കമ്യൂണിസ്റ്റ് വിരുദ്ധ താവളത്തില്‍ മികച്ച സ്ഥാനം ഉറപ്പിക്കാന്‍ നിറം പിടിപ്പിച്ച നുണകളുമായി അന്‍വര്‍ ഇറങ്ങിയിരിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ അതിനായി തയ്യാറാക്കിയ തിരക്കഥയാണ് നാം ഇപ്പോള്‍ കാണുന്നത്. പാർട്ടിയേയും സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ചളിവാരിയെറിഞ്ഞ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാവുമെന്നാണ് അന്‍വര്‍ കരുതുന്നത്. പാർട്ടി വിരുദ്ധമായി ഭരണവര്‍ഗവും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന നുണപ്രചാരണങ്ങള്‍ ഉപയോഗിക്കുന്ന ഒരു ചതിപ്രയോഗക്കാരന്‍ എന്ന ചരിത്രത്തിലെ സ്ഥാനം അന്‍വറിന് ഉറപ്പിക്കാം എന്നല്ലാതെ സി.പി.ഐ എമ്മിനെ തകര്‍ക്കാമെന്ന അന്‍വറിന്റെ ആഗ്രഹത്തിന് അല്‍പായുസ് മാത്രമേ ഉണ്ടാവുകയുള്ളു. മതന്യൂനപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇടതുപക്ഷ – മതനിരപേക്ഷ നിലപാടിനൊപ്പം കൂടുതലായി അണിനിരക്കാന്‍ തയ്യാറാവുകയും ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + 7 =

Most Popular