നെരിപ്പോടിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് പുതുക്കുടി പുഷ്‌പൻ യാത്രയായി. മാറ്റത്തിന്റെ സന്ദേശവാഹകരാണ് യുവജനങ്ങൾ. പുതുലോക പിറവിയുടെ കാഹളം മുഴക്കി മുന്നേറുന്നവർ. അവരുടെ ആവേശത്തിന്റെ വേലിയേറ്റം ചരിത്രത്തിന് പുതിയ ചാലുകൾ കീറിയിട്ടുണ്ട്. ജനാധിപത്യ യുവജന പ്രസ്ഥാനത്തിന്റെ ചോര പടർന്ന പടനിലങ്ങളുടെ ചരിത്രം പുതുതലമുറയുടെ ആത്മത്യാഗത്തിന്റെ നേർസാക്ഷ്യമാണ്. മൂന്നു പതിറ്റാണ്ടുമുമ്പ് കൂത്തുപറമ്പിൽ തീയുണ്ടകളാൽ ചിതറിത്തെറിച്ച് ഒഴുകിപ്പരന്ന സഹസഖാക്കളുടെ ചോരയിലാണ് പുഷ്പനും വീണു പോയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ കെ കെ രാജീവൻ വെടികൊണ്ട് കുഴഞ്ഞുവീഴുമ്പോൾ താങ്ങിയെടുത്ത പുഷ്പന്റെ കഴുത്തിലും തീയുണ്ട തറച്ചു. അന്ന് പുഷ്പന്റെ പ്രായം 24. വൈദ്യശാസ്ത്രം കടാക്ഷിക്കുമെന്ന പ്രതീക്ഷയോടെ 30 വർഷം കിടന്ന കിടപ്പിലും ഊർജ്ജം പകർന്ന പോരാളി. വേദന തിന്ന ദിനരാത്രങ്ങൾ .വീട്ടിലും ആശുപത്രികളിലും ഉറങ്ങിയ നാളുകളെ കൃത്യമായി എണ്ണി തിട്ടപ്പെടുത്താനാവുന്നില്ല. ഓരോ തവണയും മരണമുഖത്തുനിന്നും പുഷ്പൻ തിരിച്ചുവരും. സഹോദരൻ പ്രകാശനും രാജനും മാത്രമല്ല അതിന്റെ ദൃക്-സാക്ഷികൾ. മേനപ്രത്തെ അനേകം സഖാക്കൾ. വിസ്തരഭയത്താൽ പേര് കുറിക്കുന്നില്ല.
കൂത്തുപറമ്പ് രക്തസാക്ഷികൾ ഓർമകളിൽ എന്നും ഒരു കൊടുങ്കാറ്റാണ്. യുവ പോരാളികളുടെ സിരകളിൽ അഗ്നി വളർത്തുന്നവർ. അവരഞ്ചുപേർ. രാജീവനും ബാബുവും രോഷനും ഷിബുലാലും മധുവും. ഇന്നിപ്പോൾ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും. അമരത്വത്തിന്റെ ആകാശം കീഴടക്കി സമഭാവനയുടെ പൊൻതാരകങ്ങൾ. വീട്ടിലും ആശുപത്രിയിലും കഴിഞ്ഞ ദിനങ്ങൾ പുഷ്പൻ എണ്ണിത്തീർത്തിട്ടുണ്ടാവും. വേദനയുടെ മറുകര കണ്ടിട്ടുണ്ടാവും. സഹതാപത്തിന്റെ കണ്ണുകളേക്കാൾ പോരാട്ടത്തിന്റെ ചിന്തകൾ ഇഷ്ടപ്പെടുന്ന വിപ്ലവകാരി. വേദനയുടെ കാഠിന്യത്തിൽ ചാഞ്ചല്യമില്ലാതെ, തന്നെ കാണാൻ വരുന്നവരെ ആശ്വസിപ്പിക്കുകയും ചിരിയുടെ പാലാഴി ചുരത്തുകയും ചെയ്യുകയായിരുന്നു ആ കിടപ്പിലും അദ്ദേഹം. അഞ്ച് പേർക്ക് വേറെയും വെടിയേറ്റിരുന്നു. കണ്ണവത്തെ അശോകൻ, മാങ്ങാട്ടിടത്തെ സജീവനും പ്രസാദും, കൂത്തുപറമ്പിലെ ശശിയും രാജനും. ഭീകരമായ ആക്രമണത്തിൽ പോലീസിന്റെ ലാത്തിയിൽ ഇളം ചോരയും മാംസവും പറ്റിപ്പിടിച്ചു. 200ലധികം പേരുടെ എല്ലും തലയും പോലീസ് തല്ലിപ്പൊളിച്ചിരുന്നു. ചിത്രങ്ങൾ പകർത്തിയിരുന്ന മാധ്യമപ്രവർത്തകർ അഭയം തേടിയ എസ് ടി ഡി ബൂത്തിന്റെയും കടകളുടെയും ഷട്ടറുകൾ പലതും വെടികൊണ്ട് തുളഞ്ഞു പോയിരുന്നു. കൂത്തുപറമ്പിൽ തെക്കോട്ടും വടക്കോട്ടും തീയുണ്ടകൾ പേമാരി പോലെ വർഷിക്കപ്പെട്ടു. ചോരച്ചാലുകൾ തളം കെട്ടിനിന്നു.
അടിയന്തരാവസ്ഥയിൽ എൻജിനീയറിങ് വിദ്യാർഥി രാജനെ കക്കയം കേമ്പിൽ ഇഞ്ചിഞ്ചായി പോലീസ് ചതച്ചുകൊന്നു; വിജയനെയും കണ്ണനെയും. അതിലൂടെ പോലീസിന്റെ ക്രൂരമായ മുഖം അനാവരണം ചെയ്യപ്പെട്ടു. നക്സലൈറ്റ് നേതാവ് വർഗീസിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു കൊന്നുകളഞ്ഞെന്ന് പൊലീസ് തന്നെ വെളിപ്പെടുത്താൻ കാലമേറെയെടുത്തു. കോൺഗ്രസ് ഭരിച്ച ഘട്ടങ്ങളിലെല്ലാം പൊലീസിൽ ക്രൂരതയും ജനവിരുദ്ധതയും ആയിരുന്നു നടമാടിയത്. തങ്കമണിയിലും കിള്ളിയിലും അതുതന്നെ ചെയ്തു. വീട്ടിനകത്ത് അതിക്രമിച്ചു കടന്നു സ്ത്രീകളെ മാനഭംഗപ്പെടുത്തി. പാലക്കാട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന സിറാജുന്നീസയെ വെടിവെക്കാനും അവർക്ക് ധൈര്യം ലഭിച്ചു. പരിയാരം മെഡിക്കൽ കോളജിനു മുന്നിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വിവസ്ത്രരാക്കി രഹസ്യ ഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിച്ച കഥകളുണ്ടിവിടെ. കൂത്തുപറമ്പിൽ 30 കൊല്ലം മുമ്പ് അല്പസമയത്തെ സംയമനവും സമചിത്തതയും കൊണ്ട് പരിഹരിക്കാൻ ആകുമായിരുന്ന സാധാരണ പ്രതിഷേധ സമരത്തെ 5 യുവാക്കളുടെ ജീവൻ തല്ലിക്കെടുത്തുന്നിടത്തേക്ക് എത്തിച്ചത് പോലീസിന്റെ അപക്വമായ പ്രവർത്തനം ആയിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷനുകൾ മാത്രമല്ല കോൺഗ്രസ് ഗവൺമെന്റ് നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനും ചൂണ്ടിക്കാണിച്ച എത്ര രേഖകളാണ് മിഴിച്ചു നോക്കുന്നത്.
ചരിത്രം തിരിച്ചു പോകാറില്ല, കൊടും പാതകങ്ങൾക്കും അധികാര ഭ്രാന്തിനും അനുസൃതമായ ശേഷിപ്പുമില്ല. ക്രൂരതയുടെ മലവെള്ളപ്പാച്ചിലിന് തടഞ്ഞുനിർത്താൻ അണകെട്ടിയ ചരിത്രമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷികൾ ഉയർത്തിയ മുദ്രാവാക്യങ്ങളാണ് മൂന്നു പതിറ്റാണ്ടിനിടയിൽ തിളക്കമാർന്നു നിൽക്കുന്നത്. അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ ഉയർന്ന പ്രതിഷേധാഗ്നിയാണ് എന്നും ജ്വലിച്ചു നിൽക്കുന്നത്. മാധ്യമങ്ങൾ എത്ര കള്ളക്കഥകൾ ഉണ്ടാക്കിയാലും അഴിമതിയില്ലാത്ത, വിദ്യാഭ്യാസ കച്ചവടം ഇല്ലാത്ത ഒരു ഭരണമാണ് എൽഡിഎഫ് നയിച്ചു കൊണ്ടിരിക്കുന്നത്. കുഴിമാടങ്ങളിൽ നിന്നും കൂത്തുപറമ്പ് രക്തസാക്ഷികളായ ആറു പേർ അത് കാണുന്നുണ്ടാവും. മരിച്ചിട്ടും മരണമില്ലാത്തവർ. പുഷ്പൻ ഒടുവിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ കഴിയുമ്പോൾ എന്നോട് ചോദിച്ചതിങ്ങനെയായിരുന്നു: ‘‘നമ്മുടെ പ്രസ്ഥാനത്തിനും സർക്കാരിനുമെതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്ന മാധ്യമങ്ങൾക്കെതിരെ ഉച്ചത്തിൽ പ്രതികരിക്കാതിരിക്കുന്നതിന്റെ കാരണം എന്താണ്’’. ഇന്ന് ഞാൻ ആലോചിക്കുമ്പോൾ എത്ര അർത്ഥവത്തായ വാക്കുകളാണത്. കേരളത്തിലെ മാധ്യമങ്ങളിൽ ഭൂരിപക്ഷവും പലതവണ പുഷ്പനെ സമീപിച്ച് മൈക്ക് നീട്ടുകയും പേന എടുക്കുകയും ചെയ്തിട്ടുണ്ട്; 30 വർഷത്തെ ചലനമറ്റ കിടപ്പിലെ അസ്വസ്ഥതകളിൽ നിന്നും പുഷ്പന്റെ നാവിൽ നിന്നും തന്റെ പ്രസ്ഥാനത്തിനെതിരെ എന്തെങ്കിലും വീണു കിട്ടുന്നതും കാത്ത്.
വെടിയേറ്റതിനുശേഷം 30 വർഷം ഒരിക്കൽപോലും ചെരിഞ്ഞോ കമിഴ്ന്നോകിടക്കാനാവാത്ത വിധം വിഷമത്തിലും വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തിന്റെ അണയാത്ത പ്രകാശത്തിലാണ് പുഷ്പൻ ജീവിച്ചത്. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങളും ഇടതുവിരുദ്ധരും അധിക്ഷേപിച്ച സന്ദർഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞ പുഷ്പൻ തന്റെ പ്രസ്ഥാനത്തിന്റെ സമരവും പിന്നീട് വന്ന മൂന്നു പതിറ്റാണ്ടും അതിന്റെ അർത്ഥവത്തായ മൂല്യങ്ങളും കാത്തുസൂക്ഷിക്കുകയായിരുന്നു.
‘‘എന്താണ് സഖാക്കളേ നിങ്ങളുടെ സ്നേഹത്തിന് ഞാൻ തിരിച്ചു നൽകുക. എങ്ങനെയാണ് നിങ്ങളെ വിട്ടുപോകാൻ എനിക്ക് കഴിയുക. ഒരിക്കലും യാത്ര പറഞ്ഞു പോകാനാകാത്ത തരത്തിലാണ് നിങ്ങളുടെ സ്നേഹം എന്നെ പിടിച്ചു നിർത്തിയിരിക്കുന്നത്. തിരിഞ്ഞു നോക്കുമ്പോൾ എനിക്കൊട്ടും വേദനയില്ല. എന്റെ യൗവ്വനം ബലി നൽകിയത് ഞാൻ വിശ്വസിച്ച, സ്നേഹിച്ച പ്രസ്ഥാനത്തിന് വേണ്ടിയാണ്. ഇനി എത്രകാലം നിങ്ങൾക്കൊപ്പം ഞാൻ ഉണ്ടാവും എന്ന് അറിയില്ല. ഒന്നറിയാം ഒരു പോരാട്ടവും ഒരിക്കലും അവസാനിക്കുകയില്ല’’. പുഷ്പൻ കുറിച്ചിട്ടതാണ് ഈ വരികൾ. മഹാനായ ലെനിൻ യുവജനങ്ങളോട് ഇങ്ങനെ പറഞ്ഞു. ‘‘ഭാവിയുടെ പാർട്ടിയാണ് നമ്മൾ, ഭാവി യുവജനങ്ങൾക്കുള്ളതാണ്. നവീകരണത്തിന്റെ പാർട്ടിയാണ് നമ്മൾ, നവീകരണത്തെ ഏറ്റവും ഔൽസുക്യത്തോടെ പിന്തുടരുക യുവജനങ്ങളാണ്. പഴകി ദ്രവിച്ച ജീർണ്ണതകൾക്കെതിരായി ആത്മത്യാഗ സമരം നടത്തുന്ന പാർട്ടിയാണ് നമ്മൾ. ആ സമരം ആദ്യം ഏറ്റെടുക്കുക യുവജനങ്ങളാണ്’’.
മാറ്റത്തിന്റെ സന്ദേശവാഹകരാണ് യുവജനങ്ങൾ. പുതുലോകപ്പിറവിയുടെ കാഹളം മുഴക്കി മുന്നേറുന്നവർ. പുതിയ കാലത്തെ അരാഷ്ട്രീയ പ്രചാരണങ്ങളിലൊന്ന് യുവത്വത്തെ കുറച്ചുകാണുക എന്നതാണ്. അരാജകവാദികളാണ് പുതിയ തലമുറയെന്നാണവരുടെ ഭാഷ്യം. പോയ തലമുറയുടേത് മാത്രമാണ് ത്യാഗമെന്നും അവർ പറയുന്നു. എന്നാൽ പഴയതിൽനിന്നും പുതിയ പാഠങ്ങൾ പഠിച്ച് പുതു തലമുറയെ നാം നയിക്കണം. കൂത്തുപറമ്പ് രക്തസാക്ഷികൾ അഞ്ചുപേരും സഖാവ് പുഷ്പനും യുവതലമുറയുടെ സിരകളിൽ അഗ്നി പടർത്തട്ടെ. l