മൻമോഹൻ സിങ്ങിന്റെ പ്രസിദ്ധമായൊരു വാചകമുണ്ട്. “ചരിത്രം എന്നെ കൂടുതൽ ദയാവായ്പോടെ വിലയിരുത്തും.” കാരണം അത്രയ്ക്കേറെ നിശിതമായ വിമർശനമാണ് പ്രധാനമന്ത്രി എന്ന നിലയിൽ രണ്ടാമൂഴത്തിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇന്ന് നിയോലിബറൽ നയങ്ങൾമൂലം സമരത്തിന് അണിനിരക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റ് ജനവിഭാഗങ്ങളുടെയും നിലപാടുകളിൽ സ്ഥിരമായി ഉയരുന്ന വിമർശന വിഷയമാണ് മൻമോഹൻ സിങ് തുടക്കംകുറിച്ച പരിഷ്കാരങ്ങൾ. അതോടൊപ്പം അദ്ദേഹം മതനിരപേക്ഷവാദിയും ഉറച്ച ജനാധിപത്യവാദിയും ആയിരുന്നു. ഡോ. മൻമോഹൻ സിങ്ങിനെ വിലയിരുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.
ഒന്നാംതലമുറ സാമ്പത്തിക വിദഗ്ധൻ
ഡോ. മൻമോഹൻ സിംഗ് സ്വതന്ത്ര ഇന്ത്യയിലെ ഒന്നാംതലമുറ സാമ്പത്തികവിദഗ്ധരിൽ ഒരാളായിരുന്നു. കെ.എൻ. രാജ്, അമർത്യ സെൻ, ഐജി പട്ടേൽ, ഗാഡ്ഗിൽ, ദണ്ഡേക്കർ, ജഗദീഷ് ഭഗവതി, സുകമോയ് ചക്രബർത്തി…ഇങ്ങനെ ഒരു നീണ്ടനിര. എല്ലാവരും ലിബറലുകളോ ചിലരെങ്കിലും ഇടതുപക്ഷ അനുഭാവികളോ ആയിരുന്നു. ജഗദീഷ് ഭഗവതിയാണ് ആദ്യം വലതുപക്ഷത്തേക്കു നീങ്ങിയത്. ലിബറൽ ചിന്താഗതിയുടെ ഒരു പതാകവാഹകനായി ഡോ. മൻമോഹൻ സിങ്- നിലകൊണ്ടു. വിധിവൈപരീത്യമെന്നു പറയട്ടെ ഇന്ത്യയിലെ നിയോലിബറലിസത്തിന്റെ കൊടിക്കൂറ ഉയർത്തുന്നതിനുള്ള നിയോഗം അദ്ദേഹത്തിലാണ് വന്നുപതിച്ചത്.
സൗത്ത് കമ്മീഷന്റെ സെക്രട്ടറിയെന്ന നിലയിൽ 1988 മാർച്ചിൽ അദ്ദേഹം എഴുതിയത് ഇപ്രകാരമായിരുന്നു: “(ഐഎംഎഫിന്റെ) നിബന്ധനകളുമായി ബന്ധപ്പെട്ട സുപ്രധാന കുറിപ്പടികളുടെ സൈദ്ധാന്തിക ശരിമയെക്കുറിച്ച് ഗൗരവതരമായ സംശയം നിലനിൽക്കുന്നു. പല സന്ദർഭങ്ങളിലും അവയുടെ സാമ്പത്തികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ വളരെയധികം വിനാശകരമായിരുന്നു… വരുമാന വിതരണത്തിലെ അസമത്വം വർദ്ധിപ്പിച്ചു. പ്രതിസന്ധിയുടെ കാലത്ത് ഇറക്കുമതി ഉദാരവൽക്കരിക്കുന്നതിനുവേണ്ടിയുള്ള നിർബന്ധം അടവുശിഷ്ട കുഴപ്പത്തെ രൂക്ഷമാക്കുന്നതിലേക്കും ഒഴിവാക്കാനാവുന്നതിനേക്കാളേറെ വിനിമയ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിലേക്കും നയിച്ചു… പ്രാഥമിക ഉല്പന്നങ്ങളുടെ കയറ്റുമതിക്ക് എല്ലാ രാജ്യങ്ങളിലും നൽകിവരുന്ന ഊന്നൽ ഇവയുടെ അന്തർദേശീയ വിലകൾ ഇടിയുന്നതിന് ഇടയാക്കിയിട്ടുണ്ട്. ദേശീയ പരിത:സ്ഥിതികൾ ഒന്നും കണക്കിലെടുക്കാതെ സ്വതന്ത്ര വ്യാപാരം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ദേശീയ വികസന തന്ത്രവുമായുള്ള പൊരുത്തക്കേടുകൾ സൃഷ്ടിക്കുന്നു.”
ഒഴിഞ്ഞുമാറാൻ സ്ഥലമില്ല
എന്നാൽ 1991-ൽ ധനമന്ത്രിയെന്ന നിലയിൽ മൻമോഹൻ സിങ്- ചെയ്തത് സൗത്ത് കമ്മീഷൻ സെക്രട്ടറിയെന്ന നിലയിൽ തള്ളിപ്പറഞ്ഞ നയങ്ങൾ ഇന്ത്യയിൽ നടപ്പാക്കുകയായിരുന്നു. ഇതൊരു ഇരട്ടത്താപ്പായിരുന്നില്ല. 1991-ലെ ബജറ്റിലെ അദ്ദേഹത്തിന്റെ പ്രയോഗം കണക്കിലെടുത്താൽ “ഒഴിഞ്ഞുമാറാൻ കളരിയിൽ ഇനി സ്ഥലമില്ല. കടം വാങ്ങിയ പണവും സമയവുമായി ഇനിമേൽ മുന്നോട്ടുപോകാനാവില്ല”. (ബജറ്റ് പ്രസംഗം ഖണ്ഡിക 7).
തുടക്കം 1981-ലെ ഐഎംഎഫ് കരാർ ആയിരുന്നു. കടക്കെണിയെന്ന വിശ്രുത ഗ്രന്ഥത്തിന്റെ രചയിതാവായ ഷെരിൽ പെയർ 1987-ൽ ദീർഘദർശനം ചെയ്തു: “എന്താണ് ഇന്ത്യയ്ക്ക് സംഭവിക്കാൻ പോകുന്നത്? ഇന്ത്യയിന്നും കുഴപ്പത്തിന്റെ കയത്തിലായിട്ടില്ല. പക്ഷേ, 1981-നേക്കാൾ അതിലേക്കടുത്തു കഴിഞ്ഞു. ലോകബാങ്കിനും നാണയനിധിക്കും ഭയാശങ്കയുണ്ട്- കുഴപ്പം മൂർച്ഛിക്കുമ്പോൾ ഇന്ത്യ പുതിയ നയങ്ങളിൽ നിന്നു പിന്തിരിഞ്ഞുകളയുമോയെന്ന്. പക്ഷേ, ഇത് ഇന്ന് അത്ര എളുപ്പമല്ല. കുറച്ചുകൂടി കഴിഞ്ഞാൽ സാധ്യമേയല്ലാതാകും. …… അതുകൊണ്ട് കുഴപ്പം പൊട്ടിപ്പുറപ്പെടുമ്പോൾ- അത് അനിവാര്യമാണുതാനും-. സർക്കാരിന് ഒഴിഞ്ഞുമാറാൻ കളരിയിൽ സ്ഥാനമേറെയുണ്ടാവില്ല.”
ഷെരിൽ പെയർ വിഭാവനം ചെയ്ത കുഴപ്പം 1990 ആഗസ്തിൽ പൊട്ടിപ്പുറപ്പെട്ടു. ഒരു ഇടിത്തീ പോലെയാണ് അത് വന്നുവീണത്. റേറ്റിംഗ് ഏജൻസികൾ അന്യായമായി നമ്മുടെ റേറ്റിംഗ് വെട്ടിക്കുറച്ചു. വായ്പ കിട്ടാതായി. കരുതൽ സ്വർണ്ണം വിദേശത്തുകൊണ്ടുപോയി എത്രനാൾ മുന്നോട്ടുപോകാനാകും? അതുകൊണ്ടാണ് മൻമോഹൻ സിങ് മറ്റു മാർഗ്ഗം ഇല്ലായെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.
അതുശരിയാണ്. ജന്മി-–ബൂർഷ്വാ സാമൂഹ്യവ്യവസ്ഥയുടെ ചട്ടക്കൂടിൽ ഐഎംഎഫ് കുറിപ്പടികളില്ലാതെ മറ്റു മാർഗ്ഗമില്ല. ബദലിന് സ്വാതന്ത്ര്യസമര കാലത്തെന്നപോലെ സ്വാശ്രയനയം ഉയർത്തിപ്പിടിക്കണം. ഭൂപരിഷ്കരണം നടപ്പാക്കണം. തല്ക്കാലം ഇറക്കുമതി പരിമിതപ്പെടുത്തുന്നതിന് തൊഴിലാളികളെയും കൃഷിക്കാരെയും അണിനിരത്തണം. ഇതിനെല്ലാമുതകുന്ന ദേശാഭിമാനപരമായ ഒരു ബദൽ ഉയർത്തണം. ഇത്തരമൊരു ബദൽ കോൺഗ്രസിന് ആകില്ലല്ലോ.
അപ്രതീക്ഷിത ധനമന്ത്രി
എല്ലാവർക്കും അറിയാവുന്നതുപോലെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ധനമന്ത്രി ആകാനുള്ള ഫോൺവിളി അദ്ദേഹത്തിനു ലഭിച്ചത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു സർക്കാർ രൂപീകരിക്കാൻ കഴിയുമായിരുന്നില്ല. നിയോലിബറൽ പരിഷ്കാരങ്ങളോടുള്ള ഇടതുപക്ഷ നിലപാടുകൾ ഉറച്ചതും സുവ്യക്തവുമാണ്. അതേസമയം ഐഎംഎഫിനെ പിണക്കിക്കൊണ്ട് മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട് മറ്റുപല മൂന്നാംലോക രാജ്യങ്ങളിലുമെന്നപോലെ നിയോലിബറൽ പരിഷ്കാരങ്ങൾ ഒറ്റയടിക്കങ്ങ് നടപ്പാക്കാനാവില്ല. ചില സാവകാശങ്ങളും ഒത്തുതീർപ്പുകളും വേണ്ടിവരും. ഇതിനുള്ള പാണ്ഡിത്യവും പാശ്ചാത്യ ഏജൻസികളുമായിട്ടുള്ള പരിചയവും ഇരുത്തവുമുള്ള ഒരു ധനകാര്യ വിദഗ്ധൻ തന്നെ വേണം. അങ്ങനെയാണ് നരസിംഹ റാവു സർക്കാരിൽ ധനമന്ത്രി ആകാനുള്ള നറുക്ക് മൻമോഹൻ സിങ്ങിനു വീണത്.
ഇടതുപക്ഷം പുതിയ നിയോലിബറൽ നയങ്ങളെ രൂക്ഷമായി വിമർശിച്ചു. മൻമോഹൻ സിങ്ങിന്റെ ലിബറൽ അക്കാദമിക് സഹപ്രവർത്തകരിൽ പലരും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാൻ തയ്യാറായില്ല. നെഹ്റുവിന്റെ കാലം മുതൽ തുടർന്നുവന്ന വികസന നയങ്ങളാകെ ആഗോളവൽക്കരണ വികസന തന്ത്രത്തിന് അനുസൃതമായി അദ്ദേഹം പടിപടിയായി പൊളിച്ചെഴുതി.
രണ്ട് കാര്യങ്ങൾ മൻമോഹൻ സിങ്ങിന് തുണയായി. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ബിരുദവും ഓക്സ്-ഫോർഡിൽ നിന്ന് പിഎച്ച്ഡിയും ഡൽഹി സ്കൂളിൽ അധ്യാപകവൃത്തിയും അദ്ദേഹത്തെ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാംനിര പണ്ഡിതനാക്കിയിരുന്നു. എന്നാൽ അദ്ദേഹം വെറും അക്കാദമിക പണ്ഡിതൻ മാത്രമായിരുന്നില്ല. ഇന്ത്യാ സർക്കാരിന്റെ ഇക്കണോമിക് അഡ്വൈസർ, ആർബിഐ ഗവർണർ, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ എന്നു തുടങ്ങിയ പദവികളിൽ ദീർഘകാല ഭരണപരിചയവും ഉണ്ടായിരുന്നു.
നിയോലിബറൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ കരുതലോടെയാണ് അദ്ദേഹം നീങ്ങിയത്. ബാങ്കിന് നരസിംഹം കമ്മിറ്റിയും ഇൻഷ്വറൻസിന് മൽഹോത്ര കമ്മിറ്റിയും പോലുള്ള സമിതികൾ നിശ്ചയിച്ച് ഇന്ത്യ, ട്രാക്കിലാണെന്ന് ഐഎംഎഫിന് ഉറപ്പുനൽകി. ഇറക്കുമതി തീരുവകൾ പടിപടിയായി കുറച്ചു. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യവൽക്കരണത്തിനു തുടക്കംകുറിച്ചു. പക്ഷേ, ആ ട്രാക്കിൽ കയറിക്കഴിഞ്ഞാൽ സ്വയം വേഗത വർദ്ധിപ്പിക്കുന്നത് അനിവാര്യമാണ്. കാരണം TINA (There is No Alternative) എന്നതാണ് മുദ്രാവാക്യം. ബിജെപി ഭരണ പരിഷ്കാരങ്ങൾക്ക് ആക്കംകൂട്ടി.
‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’
അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന സഞ്ജയ് ബാരു ‘ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ധനമന്ത്രി സ്ഥാനത്തിനു നറുക്കുവീണതുപോലെ തന്നെ യാദൃച്ഛികമായിട്ടാണ് അദ്ദേഹം പ്രധാനമന്ത്രി ആകുന്നതും. തൂക്ക് പാർലമെന്റിൽ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിക്കാൻ നിർബന്ധിതയായി. അങ്ങനെ ചരിത്രത്തിൽ വീണ്ടുമൊരു യാദൃച്ഛികതയിൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായി.
ബിജെപിയെ ഒഴിവാക്കുന്നതിന് 2004-ൽ ഇടതുപക്ഷത്തിനു കോൺഗ്രസിനെ പിന്താങ്ങേണ്ടതായിവന്നു. യുപിഎ സർക്കാർ അധികാരത്തിൽ വന്നു. നിയോലിബറൽ നയങ്ങളുടെ വിമർശനത്തിൽ നിന്ന് ഇടതുപക്ഷം പിൻവാങ്ങിയില്ലെങ്കിലും പുതിയ വികസന ചട്ടക്കൂട് പൊളിച്ചെഴുതണമെന്ന നിബന്ധന ഉപേക്ഷിക്കേണ്ടിവന്നു. അതിനുപകരം ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഒട്ടേറെ ക്ഷേമ അവകാശ പദ്ധതികളടങ്ങുന്ന പൊതുമിനിമം പരിപാടി രൂപംകൊണ്ടു.
ഒന്നാം യുപിഎ സർക്കാരിലെ ഇടതുപക്ഷത്തിന്റെ പിന്തുണ നിയോലിബറൽ പരിഷ്കാരങ്ങളുടെ വേഗത കുറയാൻ ഇടയാക്കി. വിദ്യാഭ്യാസ അവകാശ നിയമം, ഗ്രാമീണ ആരോഗ്യ പദ്ധതി, തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം എന്നു തുടങ്ങി സാധാരണക്കാർക്ക് വളരെയേറെ പ്രയോജനം ചെയ്യുന്ന ഒട്ടേറെ ജനകീയ സ്കീമുകൾ രൂപംകൊണ്ടു. അടിസ്ഥാനപരമായ നിയോലിബറൽ നയങ്ങളും ഇടതുപക്ഷ നിലപാടുകളും തമ്മിലുള്ള സംഘർഷം അനിവാര്യമായിരുന്നു. ഇത് അമേരിക്കയുമായുള്ള ആണവകരാറിന്റെ കാര്യത്തിൽ ഒരു പൊട്ടിത്തെറിയിലെത്തി. ഇടതുപക്ഷം പിന്തുണ പിൻവലിച്ചു.
അങ്ങനെ ഇടതുപക്ഷ പിന്തുണയില്ലാത്ത രണ്ടാം യുപിഎ സർക്കാർ അധികാരത്തിൽ വന്നു. പ്രധാനമന്ത്രിയെന്ന രണ്ടാമൂഴം ഡോ. മൻമോഹൻ സിങ്ങിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിച്ചു. വ്യക്തിപരമായി അഴിമതിയുടെ ലാഞ്ചനപോലും മൻമോഹൻ സിങ്ങിനെതിരായി ആരും ഉന്നയിച്ചിട്ടില്ല. പക്ഷേ, ഒന്നിനു പുറകേ ഒന്നായി പുറത്തുവന്ന വമ്പൻ അഴിമതിയുടെ തുടർക്കഥകൾ രണ്ടാം യുപിഎ സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റുകയും മോദിയെ അധികാരത്തിലേറ്റുകയും ചെയ്തു. അധികാരമൊഴിഞ്ഞ മൻമോഹൻ സിങ്- ദൈനംദിന രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി. ഒരു മുതിർന്ന രാഷ്ട്രതന്ത്രജ്ഞൻ എന്ന സ്ഥാനമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നാൽ ഇത്തരമൊരു സ്ഥാനം അംഗീകരിച്ചു കൊടുക്കുന്നതിന് ഇന്നത്തെ പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞില്ലായെന്നുള്ളത് മോദിയുടെ ദൗർബല്യമായി കണ്ടാൽ മതി.
ഡോ. മൻമോഹൻ സിങ്ങും
സിഡിഎസും
രണ്ട് തവണ മന്ത്രിയായിരുന്ന വേളയിലും ഡോ. മൻമോഹൻ സിങ്ങുമായി വ്യക്തിപരമായി ഇടപഴകാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. സിഡിഎസും ഡോ. കെ എൻ രാജുമായിട്ടുള്ള അടുപ്പമായിരുന്നു പാലം. പോരാത്തതിന് പ്രസ് സെക്രട്ടറി സഞ്ജയ് ബാരു സിഡിഎസിൽ എന്റെ സഹപാഠി ആയിരുന്നു. പ്രൊഫ. ഗുലാത്തിയുടെ മരണത്തിനുശേഷം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്ഥാപിക്കുന്നതിന് സഹായത്തിനായി പ്രധാനമന്ത്രിയെ നേരിട്ടു ബന്ധപ്പെട്ടിരുന്നു. വളരെ ഉദാരവും സൗഹാർദ്ദപരവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
2016–-2019 കാലത്ത് കേരള സർക്കാർ മുൻകൈയെടുത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷനെതിരെ വലിയ കാമ്പയിൻ നടത്തി. ഡൽഹിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തത് ഡോ. മൻമോഹൻ സിങ്ങായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഫിസ്കൽ ഫെഡറലിസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള എന്റെ പുസ്തകം അദ്ദേഹമാണ് പ്രകാശനം ചെയ്തത്. എന്റെ എല്ലാ നിലപാടുകളും അദ്ദേഹത്തിന് സ്വീകാര്യമാകാത്തത് സ്വാഭാവികം. പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ ഹ്രസ്വപ്രസംഗത്തിൽ വിയോജിപ്പുകളെക്കുറിച്ച് പരാമർശിക്കുകയേ ചെയ്തില്ല. ഹാളിൽ നിന്ന് പിൻവാങ്ങും മുമ്പ് അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു- “എന്റെ പരാമർശങ്ങൾ സ്വീകാര്യമായിരുന്നല്ലോ? അവ നിങ്ങളുടെ കാമ്പയിനെ സഹായിക്കുമെന്ന് കരുതട്ടെ.”
ഡോ. മൻമോഹൻ സിങ്- അടിമുടി ഒരു മാന്യനായിരുന്നു, സംസാരത്തിലും പ്രവൃത്തിയിലും. മതനിരപേക്ഷവാദിയും ജനാധിപത്യവാദിയും ആയിരുന്നു. തുറന്നു സംസാരിക്കാൻ തയ്യാറായിരുന്നു. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നപ്പോൾ നടത്തിയിരുന്ന പത്രസമ്മേളനങ്ങളാണ് ഇന്ന് പത്ത് വർഷം കഴിയുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനങ്ങൾ. l