‘മുറപ്പെണ്ണ്’ (1965) എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് അതിനകംതന്നെ മലയാള നോവല്‍/കഥാ സാഹിത്യമേഖലകളില്‍ അദ്വിതീയത്വം കൈവരിച്ചിരുന്ന എം ടി വാസുദേവന്‍ നായര്‍ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. സ്നേഹത്തിന്റെ മുഖങ്ങള്‍ എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥ തയ്യാറാക്കിയത്. കൂട്ടുകുടുംബങ്ങള്‍ ഭാഗിച്ച് ചെറിയ താവഴികളായി മാറുന്ന നായര്‍ തറവാടുകളുടെ വൈകാരിക ശൈഥില്യം എന്ന സ്ഥിരം പ്രമേയം തന്നെയാണ് ‘മുറപ്പെണ്ണി’നെ ശ്രദ്ധേയമാക്കിയത്.
പൂര്‍വികരുണ്ടാക്കിയ സമ്പത്ത്, ധൂര്‍ത്തടിച്ചു തീര്‍ത്ത ചെറുപ്പക്കാരനെ നായക കഥാപാത്രമാക്കിയ ‘പകല്‍ക്കിനാവ്’ 1966ല്‍ പുറത്തിറങ്ങി. ‘പഴയ തെറ്റുകളെ തിരിച്ചറിഞ്ഞ് ശാന്തമായ ഒരു ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ഒരു ശ്രമം, അതിനിടയ്-ക്ക് അയാളെ വേട്ടയാടുന്ന പശ്ചാത്താപം, അന്ത:സംഘര്‍ഷങ്ങള്‍, യാദൃച്ഛികമായി നഗരജീവിതത്തിനിടക്കയാള്‍’ എന്നാണ് എം ടി പകല്‍ക്കിനാവിനെ ഓര്‍ക്കുന്നത്. 1966ല്‍ തന്നെ ‘ഇരുട്ടിന്റെ ആത്മാവ്’ പുറത്തുവന്നു. പി ഭാസ്-കരനായിരുന്നു സംവിധായകന്‍. ക്ഷയിച്ച നായര്‍ത്തറവാടിന്റെ പശ്ചാത്തലത്തിലുള്ള ദു:ഖകഥയായ ‘ഇരുട്ടിന്റെ ആത്മാവ്’, എംടിയിലെ തിരക്കഥാകൃത്ത് പക്വതയും മികവും പ്രാപിക്കുന്നതിന്റെ സുപ്രധാന അധ്യായമായി അടയാളപ്പെടുത്തപ്പെട്ടു. ഗ്രാമീണരുടെ ആകര്‍ഷണവും അമ്പരപ്പുമായ മഹാനഗരത്തിന്റെ സൗന്ദര്യ- – വൈരൂപ്യങ്ങള്‍ എന്ന വൈരുദ്ധ്യത്തെ അടിസ്ഥാനമാക്കിയെഴുതിയ ‘നഗരമേ നന്ദി’ (1967) വിന്‍സന്റ് സംവിധാനം ചെയ്തു. നേടുന്നവരെക്കാള്‍ നഷ്ടപ്പെടുന്നവരും ഒപ്പം നേടിയവരും നിലനില്‍പ്പിനായി അതുവരെ ആദരിച്ചു സംരക്ഷിച്ചു പോന്ന മൂല്യങ്ങള്‍ പലതും ഉപേക്ഷിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ‘നഗരമേ നന്ദി’യിൽ പറയുന്നത് എന്ന് എം ടി വിലയിരുത്തുന്നു.
മലയാള സിനിമാ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് ‘ഓളവും തീരവും’ എന്ന ചിത്രത്തിനുള്ളത്. 1970ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാള സാഹിത്യം, നവോത്ഥാന ചിന്ത, ഐക്യകേരള പ്രസ്ഥാനം, നാടകവും സംഗീതവുമടക്കമുള്ള മറ്റു കലകള്‍ എന്നിവയില്‍നിന്നൊക്കെ ഊര്‍ജ്ജം സംഭരിച്ച് സ്വതസിദ്ധമായ തരത്തില്‍ വളര്‍ച്ച പ്രാപിച്ച സൃഷ്ടികളാണ് അമ്പതുകളുടെ രണ്ടാം പകുതിയിലും അറുപതുകളിലും മലയാള സിനിമയിലുണ്ടായത്. ഈ വളര്‍ച്ചയുടെയും ആര്‍ജ്ജവത്തിന്റെയും കേരളീയ- സ്വത്വബോധത്തിന്റെയും നിറവും പാകപ്പെടലും പൂര്‍ത്തീകരണവുമായിരുന്നു ‘ഓളവും തീരവും’. എം ടി യുടെ തിരക്കഥയെ ആസ്പദമാക്കി ഈ ചിത്രം നിര്‍മ്മിച്ചത് പി എ ബക്കറും സംവിധാനം ചെയ്തത് പി എന്‍ മേനോനുമാണ്. ക്യാമറ മങ്കട രവിവര്‍മ്മയും സംഗീതം ബാബുരാജും കൈകാര്യം ചെയ്തു. ഗാനങ്ങളെഴുതിയത് പി ഭാസ്കരനായിരുന്നു.
‘ഓളവും തീരവു’മെന്ന സിനിമയുടെ വിജയത്തെക്കുറിച്ച് എം ടി ഇപ്രകാരം നിരീക്ഷിച്ചു: ‘‘ആഗ്രഹങ്ങള്‍ക്കൊത്ത് പലതും ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മോഹിച്ചു സൃഷ്ടിച്ച ജീവിതത്തിന്റെ നുറുങ്ങുകള്‍ സ്റ്റുഡിയോ ഫ്ളോറിന്റെ പരിമിതികളില്‍ പരിഹാസ്യമായി മാറുന്ന അവസ്ഥയുണ്ടായില്ല. പ്രകൃതിയിലേക്കിറങ്ങിവന്ന മേനോന്‍, ചിത്രത്തിന്റെ മൊത്തം സങ്കല്‍പത്തിലെ സത്യസന്ധത അതിന്റെ ദൃശ്യാഖ്യാനത്തിലും നിലനിര്‍ത്തി. ജീവിതത്തെ തൊട്ടുകൊണ്ട് അതു ചിത്രീകരിക്കുവാന്‍ പി എന്‍ മേനോന് കഴിഞ്ഞു. ‘ഓളവും തീരവും’ ഒരു നല്ല അനുഭവമായിരുന്നു. ഹൃദയത്തോടടുത്ത ഒരു സിനിമയായി ഞാന്‍ അതിനെ വിശേഷിപ്പിക്കും’’. ( പി എന്‍ മേനോന്‍: വിഗ്രഹഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ-. ജോണ്‍ പോള്‍/മാതൃഭൂമി ബുക്സ്). കലാചരിത്രത്തോടും കേരളയാഥാര്‍ത്ഥ്യത്തോടും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തിയ മഹത്തായ സിനിമയാണ് ‘ഓളവും തീരവും’.
പള്ളിവാളും കാല്‍ച്ചിലമ്പും എന്ന എംടിയുടെ തന്നെ ചെറുകഥയെയാണ് നിര്‍മ്മാല്യം(1973) എന്ന ചിത്രം അവലംബമാക്കിയിട്ടുള്ളത്. ചെറുകഥയില്‍നിന്ന് സിനിമയിലെത്തുമ്പോഴുള്ള സംഘര്‍ഷഭരിതവും പ്രകടവുമായ ചില മാറ്റങ്ങള്‍ സവിശേഷമാണ്. അക്കാലത്തുതന്നെ മലയാള സിനിമയില്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്ന നവസിനിമയുടെ ദൃശ്യസമീപനത്തിലെ പൊളിച്ചെഴുത്തുകളുമായി ബന്ധപ്പെടാതെ പുതിയ സിനിമയ്ക്ക് ജനകീയമായ ഒരു പുതിയ ദൃശ്യവ്യാകരണം രചിച്ചു നല്‍കി നിര്‍മാല്യം എന്നും, സ്വര്‍ണം പൂശിയ താഴികക്കുടങ്ങളുമായി അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ വിശ്വാസമേടകളുടെ(ദേവാലയങ്ങള്‍) പുതിയ പ്രതാപകാലത്ത് ‘നിര്‍മ്മാല്യ’മുന്നയിച്ച കലാപത്തിന്റെ മാനുഷികയുക്തികള്‍ കൂടുതല്‍ പ്രസക്തമാവുകയാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു വിശ്വാസകലാപം എന്ന നിലയില്‍ നമ്മുടെ സാമൂഹികചരിത്രത്തിലെ ഒരു സുപ്രധാന ഇടപെടലുമാണ് ‘നിര്‍മ്മാല്യം’. മനുഷ്യനും അവന്റെ ജീവിതത്തിനും പ്രയോജനപ്പെടുന്നില്ലെങ്കില്‍ ദൈവമെന്തിന് എന്ന ധീരവും മൗലികവുമായ വിശ്വാസലംഘനത്തിന്റെ ചോദ്യം ഈ സിനിമയില്‍ മുഴങ്ങുന്നുണ്ട്.(നിര്‍മ്മാല്യത്തിലെ വിശ്വാസകലാപം,- ആലങ്കോട് ലീലാകൃഷ്ണന്‍)
പുരുഷന്റെ ജീവിതത്തിലെ അപഥസഞ്ചാരങ്ങളെ, അവഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന സാമൂഹിക സദാചാര പരിഗണനകള്‍, രോഷത്തോടെ പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളാണ് സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍. ഇത്തരമൊരു അകം/പുറം അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീ കഥാപാത്രത്തിന്റെ അനുഭവസ്മരണകള്‍ എന്ന മട്ടില്‍ സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ള ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ (1979/സംവിധാനം ഹരിഹരന്‍) പരിചരണത്തിന്റെ ആത്മാര്‍ത്ഥത കൊണ്ട് ശ്രദ്ധേയമായ സിനിമയാണ്. മകനെക്കൊണ്ട് ഓപ്പോള്‍(ജ്യേഷ്ഠ സഹോദരി) എന്ന് വിളിപ്പിച്ച് ഒപ്പം വളര്‍ത്തേണ്ടിവന്ന നായികയുടെ കഥ പറയുന്ന ‘ഓപ്പോള്‍’ (1980/സംവിധാനം കെ എസ് സേതുമാധവന്‍) മനുഷ്യബന്ധ-ങ്ങളുടെ സങ്കീര്‍ണതകളുടെ ആഴങ്ങളും വൈരുദ്ധ്യങ്ങളും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍(1980/സംവിധാനം: ആസാദ്) ഗള്‍ഫ് പ്രവാസത്തെക്കുറിച്ച് എല്ലായ്-പ്പോഴും കേരളത്തില്‍ നിലനിന്നുപോരുന്ന ആകര്‍ഷണത്തിന്റെയും പൊലിമയുടെയും മറുപുറം തുറന്നുകാട്ടുന്നതില്‍ വളരെ മുമ്പുതന്നെ വിജയം വരിച്ച സിനിമയാണ്.
വാമൊഴിയായി രൂപംകൊണ്ട്, പാടിപ്പതിഞ്ഞ കൃതികളായ വടക്കന്‍ പാട്ടുകള്‍, തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകരുമ്പോള്‍ ഈ കൃതികളില്‍ ഗായകരുടെ മനോധര്‍മ്മം കൂട്ടലും കിഴിക്കലുമൊക്കെ നടത്തുമെന്ന് എം ടി നിരീക്ഷിക്കുന്നുണ്ട്. വാമൊഴിയായി വാര്‍ന്നുവീണ ഈ നാടോടി സാഹിത്യത്തിന്റെ ചാരുതകളും പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് എംടി നടത്തുന്ന ജനപ്രിയകലയുടെയും സ്വാതന്ത്ര്യത്തിന്റെയും ഇടയിലുള്ള ഗംഭീരമായ ഇടപെടലായിട്ടാണ് ഒരു വടക്കന്‍ വീരഗാഥ(1989/സംവിധാനം: ഹരിഹരന്‍) കണക്കാക്കപ്പെടുന്നത്. ആര്‍ക്കോ വേണ്ടി അങ്കം വെട്ടുകയും മരിക്കുകയും ചെയ്യുന്ന ചേകവന്മാരുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നടത്തുന്ന ആഴത്തിലുള്ള അന്വേഷണമായിരുന്നു ഈ സിനിമ.
ഐതിഹ്യമാലയിലുള്ള പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ കഥയെ ആസ്പദമാക്കിയാണ് എം ടി, പെരുന്തച്ചന്‍(1990/സംവിധാനം അജയന്‍) ആലോചിക്കാനാരംഭിക്കുന്നത്. പരമ്പരാഗത വാസ്തുശില്പശാസ്ത്രം മുതല്‍, മകന്‍ അഛനെ അതിശയിക്കുന്നതു പോലുള്ള വൈകാരികതകള്‍ വരെ സ്പര്‍ശിക്കുന്ന പെരുന്തച്ചന്‍ തിലകന്റെ അതിഗംഭീരമായ അഭിനയം കൊണ്ട് എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കും.
നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചില സിനിമകള്‍ സംവിധാനം ചെയ്തശേഷം നിശ്ശബ്ദമായ ഒരു ഇടവേളയെ തുടര്‍ന്നാണ് കടവ്(1991) എന്ന ചലച്ചിത്രം എം ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പുരുഷ കേന്ദ്രീകൃതമായ ലൈംഗിക വാഞ്ഛയുടെ ആന്തരികഘടനയില്‍ സജീവമാവുന്ന മിക്ക എം ടി കഥകളും ഇഷ്ടപ്പെടുന്ന സ്ത്രീയാല്‍ തിരസ്കരിക്കപ്പെടുന്ന പുരുഷന്റെ തപ്തനിരാശതകളിലാണ് ഊന്നുന്നത്. ഈ നിയതസ്വഭാവം തന്നെയാണ് കടവിനെയും മൂടുന്നത്.
പരിണയം(1994/സംവിധാനം ഹരിഹരന്‍) എന്ന ചലച്ചിത്രത്തിന്റെ ആഖ്യാന ഘടനയില്‍ പ്രധാനമായും നാലു ഘട്ടങ്ങളാണുള്ളത്. ചിത്രത്തിന്റെ ദൃശ്യഘടനയിലാകട്ടെ രണ്ട് പ്രതീതികളും. തിരക്കഥാകൃത്ത്/സംവിധായകന്‍/പ്രേക്ഷകന്‍, ഉണ്ണിമായ, കുഞ്ചുണ്ണി, മാധവന്‍, എന്നിങ്ങനെയുള്ള നാല് ആഖ്യാതാക്കളുടെയും ആഖ്യാനങ്ങള്‍ ഒന്നിന്റെ തുടര്‍ച്ച അടുത്തത് അഥവാ ഒന്നിന്റെ പൂരകം മറ്റൊന്ന് എന്ന നിലയിലാണ് ചിത്രീകരിക്കപ്പെടുന്നത്.
ഐ വി ശശി സംവിധാനം ചെയ്ത രംഗം(1985) എന്ന സിനിമയുടെ തിരക്കഥ എംടിയുടേതാണ്. ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അപ്പുണ്ണി എന്ന കഥകളിവേഷക്കാരന്‍ സങ്കീര്‍ണമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. കലാകാരസ്വത്വവും നടന്റെ ശരീരവും തമ്മിലുള്ള ഈ സംലയനം/സംഘട്ടനം പിന്നീട് ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥത്തില്‍ മോഹന്‍ലാല്‍ തന്നെ അവതരിപ്പിച്ചപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ടു. ഈ രംഗാവിഷ്കാരത്തിന്റെ അടിസ്ഥാന സങ്കല്‍പം എംടിയുടേതായിരുന്നു എന്നത് വിസ്മരിക്കപ്പെടുകയും ചെയ്തു.
ജാനകിക്കുട്ടി എന്ന പതിനാലുവയസ്സുകാരി നായികയ്-ക്കു പുറമേ അവളുടെ അമ്മ, ജ്യേഷ്ഠത്തി, വലിയമ്മ, വലിയമ്മയുടെ മകള്‍, അമ്മയുടെവലിയമ്മയുടെ മുത്തശ്ശി, കുഞ്ഞാത്തോല്‍, കരിനീലി എന്നീ രണ്ട് യക്ഷികള്‍, ആടു മേയ്ക്കുന്നവള്‍(ജ്യേഷ്ഠന്റെ രഹസ്യകാമുകി) എന്നിങ്ങനെ എട്ടോ പത്തോ സ്ത്രീ കഥാപാത്രങ്ങള്‍ക്കുകൂടി പ്രാധാന്യമുള്ള സിനിമയായ എന്ന് സ്വന്തം ജാനകിക്കുട്ടി(1998/സംവിധാനം ഹരിഹരന്‍)യെ ഒരു സ്ത്രീപ്രധാന സിനിമയായി കണക്കാക്കാവുന്നതാണ്.
വയനാട്ടിലാണ് കേരളവര്‍മ്മ പഴശ്ശിരാജ(2009/സംവിധാനം ഹരിഹരന്‍) എന്ന ചിത്രത്തിന്റെ നല്ലൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ലിഖിതവും അല്ലാത്തതുമായ ചരിത്രവും അതിലെ നായകത്വങ്ങളും ആധുനിക ജനപ്രിയമാധ്യമമായ സിനിമയും തമ്മിലുള്ള അഭിമുഖീകരണത്തിനുവേണ്ടി തിരക്കഥാകൃത്തും സംവിധായകനും മറ്റു സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും പ്രകടിപ്പിച്ചിട്ടുള്ള അര്‍പ്പണ ബോധം സിനിമയില്‍ പ്രകടമാണ്.
ഏഴു സിനിമകള്‍ സംവിധാനം ചെയ്യുകയും അമ്പതിലധികം തിരക്കഥകള്‍ എഴുതുകയും ചെയ്ത എംടിക്ക് ഏറ്റവും മികച്ച സിനിമയ്ക്കുള്ള സ്വര്‍ണകമലമടക്കം ഏഴ് ദേശീയ അവാര്‍ഡുകളും ഇരുപതിലധികം സംസ്ഥാന അവാര്‍ഡുകളും സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇങ്ങനെയാണെങ്കിലും, സിനിമാക്കാരന്‍ എന്നതിലേറെ സാഹിത്യകാരന്‍, പത്രാധിപര്‍ എന്നീ നിലകളിലറിയപ്പെടാനാണ് അദ്ദേഹം കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു. ധാരാളം സിനിമകള്‍ കാണുകയോ ചലച്ചിത്രപ്രസിദ്ധീകരണങ്ങള്‍ വായിക്കുകയോ പതിവില്ലാത്തവനാണു താന്‍ എന്ന് എം ടി തന്നെ എടുത്തു പറയുന്നുണ്ട്. തന്റെ ശ്രദ്ധ കൂടുതലും എഴുത്തിലും സാഹിത്യത്തിലുമായിരുന്നു. സിനിമ കാണാന്‍ അന്വേഷിച്ചു നടക്കുന്ന ഒരു പതിവ് തനിക്കില്ലായിരുന്നു. ദൃശ്യാംശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടയില്‍, അദ്ദേഹം പറയുന്നത് നിശ്ശബ്ദതയിലൂന്നി ആഗ്രഹിച്ചതുപോലെ എഴുതുവാന്‍ പറ്റിയില്ലെന്നും, വിട്ടുവീഴ്ചകള്‍ വേണ്ടിവന്നുവെന്നുമാണ്. സിനിമയില്‍ താനൊരിക്കലും പൂര്‍ണമായ അര്‍ത്ഥത്തില്‍ കടന്നിട്ടില്ലെന്നും ഒരു പാര്‍ട്ട് ടെെം ആയിട്ടു മാത്രമേ ഞാനതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ തിരക്കഥകള്‍ ശ്രേഷ്ഠങ്ങളായ രചനകളാണെന്നോ സ്ക്രിപ്റ്റിങ്ങിന്റെ ഉത്തമ മാതൃകകളാണെന്നോ താന്‍ പറയില്ലെന്നും; പക്ഷേ, നല്ല സിനിമയിലേക്ക് എത്തിപ്പെടാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങളായിരുന്നു അവ എന്നതുറപ്പാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. സിനിമയിലും തിരക്കഥയിലും കൂടുതല്‍ നല്ല രൂപഭാവങ്ങളെ കണ്ടെത്താനുള്ള എളിയതെങ്കിലും സമര്‍പ്പിതമായ അന്വേഷണങ്ങളായിരുന്നു അവ. സിനിമയെ കൂടുതല്‍ സിനിമയോടടുപ്പിക്കുന്ന ദൃശ്യസാധ്യതകളെ കണ്ടെത്തുവാനുള്ള ഒരെഴുത്തുകാരന്റെ സിന്‍സിയര്‍ എക്സ്പ്ലൊറേഷന്‍സ് ആയിരുന്നു അവയെന്നും അതില്‍ തനിക്ക് ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം സ്വതസ്സിദ്ധമായ വിനയത്തോടെ പറഞ്ഞുവെക്കുന്നു. l