Thursday, January 9, 2025

ad

Homeഅനുസ്മരണംശ്യാം ബെനഗൽ അഭ്രപാളിയിലെ വിപ്ലവപ്രതിഭ

ശ്യാം ബെനഗൽ അഭ്രപാളിയിലെ വിപ്ലവപ്രതിഭ

എം എ ബേബി

ഡിസംബർ 14, 2024: ഐഎഫ്എഫ്കെയിൽ ശബാന ആസ്മിയുടെ ചലച്ചിത്ര ജീവിതത്തിന്റെ 50–ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ചെറുചടങ്ങ് രാവിലെ 9.30ന് തിരുവനന്തപുരത്ത്-. ഒരു യാദൃച്ഛികപ്പൊരുത്തമെന്നു പറയാം, അന്ന് ‘അങ്കുർ’ എന്ന ചിത്രമായിരുന്നു പ്രദർശിപ്പിക്കപ്പെട്ടത്. ശ്യാം ബെനഗലും ശബാനയും ഒന്നിച്ചു പ്രവർത്തിച്ച 1974ൽ പുറത്തുവന്ന, അതിശക്തമായ സാമൂഹികവിമർശനം ത്രസിക്കുന്ന സിനിമ. ശബാന ആസ്മിക്ക് ഭാവുകങ്ങൾ നേർന്ന് രണ്ടു വാക്ക് സംസാരിച്ച കൂട്ടത്തിൽ ശ്യാം ബെനഗലിന് ജന്മദിനാശംസകൾ നേരാനും അന്ന് ഞങ്ങൾ മറന്നില്ല. ശ്യാം ബെനഗലിന്റെ 90–ാം ജന്മദിനത്തിലാണ് ശബാനയുടെ ചലച്ചിത്ര ജീവിതത്തിന്റെ 50–ാം വാർഷികത്തിന്റെ ഭാഗമായുള്ള ചലച്ചിത്ര പ്രദർശനം അവിടെ നടന്നത്! ‘അങ്കുറി’ന്റെ അന്നത്തെ പ്രദർശനം അഭിനേത്രിക്കും ചലച്ചിത്ര സംവിധായകനും ഒരേസമയം അഭിവാദ്യം അർപ്പിക്കലായി പരിണമിച്ചു.

പ്രഥമ ഫീച്ചർ സിനിമയായ ‘അങ്കുറി’ലൂടെ തന്റെ രാഷ്ട്രീയ– സാമൂഹിക–സാംസ്കാരിക നിലപാടുകൾ ശ്യാം ബെനഗൽ അസന്ദിഗ്ധമായ ഭാഷയിൽ പ്രഖ്യാപിക്കുകയുണ്ടായി. സാമ്പത്തിക– സാമൂഹിക– സാംസ്കാരിക മണ്ഡലങ്ങളിലെ അനീതികൾക്കും ആധിപത്യപ്രവണതകൾക്കും എതിരായി ചിന്തിച്ച സൗന്ദര്യ ബോധമായിരുന്നു ശ്യാം ബെനഗലിന്റേത്. അതുകൊണ്ടുതന്നെ അത് തികച്ചും തെളിമയുള്ള സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനംതന്നെ ആയിരുന്നു. ഒസ്മാനിയ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ പ്രതിഭാശാലിയാണ് അദ്ദേഹം. അതുകൊണ്ട് തന്റെ ചുറ്റുപ്പാടും നടമാടിയ സാമ്പത്തിക അസമത്വങ്ങളുടെ രാഷ്ട്രീയ–സാംസ്കാരിക തലങ്ങൾ അപഗ്രഥിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞതിൽ അത്ഭുതമില്ല.

ഇന്ത്യൻ സമൂഹത്തിൽ ജാതീയതയും ഭൂപ്രഭുത്വവും ഗ്രാമീണ ജീവിതത്തെ എപ്രകാരം മനുഷ്യവിരുദ്ധമാക്കുന്നു എന്ന് അസാധാരണമായ ഉൾക്കാഴ്ചയോടെ ‘അങ്കുർ’ വരച്ചുകാട്ടുന്നു. ഗോവിന്ദ് നിഹലാനിയുടെ ഛായാഗ്രഹണവെെദഗ്ധ്യവും, ശബാന ആസ്മി, സാധുമെഹർ, അനന്തനാഗ് എന്നിവരുടെ അസാധാരണമായ അഭിനയമികവും ശ്യാം ബെനഗലിലെ സംവിധാന പ്രതിഭയുടെ ആവിഷ്കാരത്തിന് കരുത്തുറ്റ പിന്തുണയായി. സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർക്കുശേഷം ഇന്ത്യൻ സിനിമയിൽ അനന്തരഘട്ടത്തിന്റെ വരവറിയിച്ച സിനിമകളായിരുന്നു 1974ലെ ബെനഗലിന്റെ ‘അങ്കുറും’ അതിനു രണ്ടുവർഷം മുമ്പുപുറത്തുവന്ന അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവര’വും. രണ്ടിലും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ മികച്ച അഭിനേത്രിമാർ (അങ്കുറിൽ ശബാന ആസ്മിയും ‘സ്വയംവര’ത്തിൽ ശാരദയും) അസാമാന്യ മികവോടെ ആവിഷ്കരിച്ചു എന്നതും ചരിത്രം. അവർ ഇരുവരും മികച്ച നടിമാരായി പല തവണ തിരഞ്ഞെടുക്കപ്പെട്ടു എന്നും ഓർക്കുക. ഈ രണ്ടു സിനിമകളും അധീശത്വം, അസമത്വം, തൊഴിലില്ലായ്മയും അന്യവൽക്കരണവും തുടങ്ങി സൂക്ഷ്മമായ രാഷ്ട്രീയ–സാമ്പത്തിക ജീവിത സമസ്യകളാണ് കലാത്മകമായി അഭ്രപാളികളിൽ ആവിഷ്കരിച്ചത്. 1950കളിൽ ഹെെദരാബാദിൽ, യഥാർഥത്തിൽ സംഭവിച്ചതിനെ ആസ്പദമാക്കിയുള്ള കഥയാണ് ‘അങ്കുർ’ എന്ന ചലച്ചിത്രമായി വികസിപ്പിക്കപ്പെട്ടത്.

പ്രശസ്ത നാടകകൃത്തായ വിജയ് ടെണ്ടുൽക്കറിന്റെ തിരക്കഥയെ ആസ്പദമാക്കി ആവിഷ്കരിച്ച ‘നിഷാന്ത്’ (1975) തെലങ്കാനയിലെ ഭൂപ്രഭുത്വത്തിന്റെ നിഷ്ഠുരതയാണ് കൃത്യമായി അടയാളപ്പെടുത്തിയത്. ‘അങ്കുറിൽ’ അഭിനയിച്ച ശബാനക്കും അനന്തനാഗിനും പുറമേ, ഗിരീഷ് കർണ്ണാട്, അമരീഷ് പുരി തുടങ്ങിയവരും ‘നിഷാന്തി’ൽ മികച്ച അഭിനയംകൊണ്ട്, കലാസൃഷ്ടിക്ക്, പൂർണത നേടിക്കൊടുക്കാൻ ശ്യാം ബെനഗലിനെ സഹായിച്ചു. ‘അങ്കുറി’ന് സംഗീതമൊരുക്കിയ വനരാജ് ഭാട്ടിയയും, ക്യാമറാമാൻ ഗോവിന്ദ് നിഹലാനിയും ‘നിഷാന്തി’ലും തിളങ്ങി.

1976ൽ തരംഗങ്ങൾ സൃഷ്ടിച്ച ‘മംഥൻ’ പല പ്രത്യേകതകൾ ഉള്ള ബെനഗൽ ചലച്ചിത്രമാണ്. ‘ധവള വിപ്ലവം’ എന്ന് പ്രസിദ്ധി നേടിയ ഗുജറാത്തിലെ പാൽ സഹകരണ സംഘത്തിന്റെ വിപ്ലവകരമായ പ്രവർത്തനങ്ങൾ അതീവശക്തവും മനോഹരവുമായ ഒരു ചലച്ചിത്രമായി പരിണമിച്ച അത്ഭുത കൃത്യമാണ് ഇവിടെയുണ്ടായത്. അഞ്ചുലക്ഷം ക്ഷീരകർഷകർ 2 രൂപ വീതം സംഭാവന പിരിച്ചാണ് ചലച്ചിത്ര നിർമാണത്തിനുള്ള പണം സമാഹരിച്ചത്. മലയാളി കൂടിയായ ധവളമാന്ത്രികൻ വർഗീസ് കുര്യനും വിജയ് ടെണ്ടുൽക്കറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. നസറുദ്ദീൻ ഷാ, ഗിരീഷ് കർണാട്, സ്മിത പാട്ടീൽ, അനന്തനാഗ്, അമരീഷ് പുരി തുടങ്ങിയവർ അഭിനേതാക്കളായി അണിനിരന്നു. ക്ഷീരകർഷകരുടെ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് അവരുടെ ജീവിതകഥ ചലച്ചിത്രമായി പരിണമിക്കുന്നതിനിടയിൽ പ്രതികരിച്ചതിലും പ്രതിധ്വനിച്ചു.

സിനിമ, പ്രദർശനത്തിനെത്തിയപ്പോൾ ലക്ഷക്കണക്കിന് ക്ഷീരകർഷകർ ട്രക്കും ലോറിയും പിടിച്ച്, ടിക്കറ്റെടുത്തു സിനിമ കാണാൻ തടിച്ചുകൂടി. അതോടെ ബോക്സോഫീസിലും ‘മംഥൻ’ വൻവിജയമായി. സഹകരണ പ്രസ്ഥാനത്തിന്റെ വൻ സാധ്യതകൾ സഹകരണാടിസ്ഥാനത്തിലുള്ള ഒരു ചലച്ചിത്ര നിർമാണത്തിലൂടെ എങ്ങനെ സാക്ഷാത്കരിക്കാനാവുമെന്ന് ‘മംഥൻ’ സംശയാതീതമായി തെളിയിച്ചു. സഹകരണപ്രസ്ഥാനത്തിന്റെ സാധ്യതകളെയും പരിമിതികളെയും സംബന്ധിച്ച് കാറൽ മാർക്സ് 1864 ൽ എഴുതുകയുണ്ടായി എന്ന് ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. ഇക്കാര്യം ഈ ലേഖകൻ ഒരിക്കൽ ശ്യാം ബെനഗലിനോട് സൂചിപ്പിക്കുകയുണ്ടായി. ബാംഗ്ലൂരിൽ വച്ച് ഡിവെെഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനം നടന്നപ്പോൾ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ശ്യാം ബെനഗലിനോട് വേദിയിൽ വച്ചായിരുന്നു ഞാൻ ഇത് പറഞ്ഞത്. കൗതുകപൂർവം അത് കേട്ടിരുന്നതിനുശേഷം ഏത് കൃതിയിലാണ് കാറൽ മാർക്സ് ഇപ്രകാരം എഴുതിയത് എന്ന് അദ്ദേഹം ചോദിച്ചു. സമാഹൃതകൃതികളിലാണ് ഇത് വായിച്ചത് എന്നും, ‘ഇന്റർനാഷണൽ വർക്കിങ്മെൻസ് അസോസിയേഷ’ന്റെ ഉദ്ഘാടന വിജ്ഞാപനം (Inaugural address) എന്ന ശീർഷകത്തിൽ ഇത് വായിക്കാമെന്നും ഓർമയിൽനിന്ന് ഞാൻ പറഞ്ഞു. തന്റെ ഉദ്ഘാടന പ്രസംഗത്തിനുമുമ്പ് ഇത് സൂചിപ്പിച്ചിരുന്നെങ്കിൽ സന്തോഷപൂർവം ഇതും തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തുമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷീരകർഷക സഹകരണ സംഘത്തെക്കുറിച്ച് താങ്കൾ പ്രസംഗത്തിൽ പറഞ്ഞത് കേട്ടുകൊണ്ടിരുന്നപ്പോഴാണ് ഇക്കാര്യം ഓർമ വന്നത് എന്ന് ഞാൻ വിശദീകരിച്ചു. ‘‘ഈ കാറൽ മാർക്സ് ഒരു അസാദ്ധ്യപുള്ളിക്കാരൻ തന്നെ’’ എന്ന് പറഞ്ഞ് അദ്ദേഹം മന്ദഹസിച്ചത് ഇന്നും ഓർമയിൽ മായാതെയുണ്ട്.

‘ഭൂമിക’ എന്ന ബെനഗൽ ചിത്രം ഇന്ത്യയിലും ലോകത്തും നിർമിക്കപ്പെട്ട എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് എന്ന് എനിക്ക് അഭിപ്രായമുണ്ട്. ‘അടിയന്തരാവസ്ഥ’ക്കാലത്ത് പൂർത്തിയാക്കി 1977ൽ പ്രദർശനത്തിനെത്തിയ ഇൗ അതുല്യ കലാസൃഷ്ടി പുരുഷാധിപത്യ–ഫ്യൂഡൽ– സ്ത്രീവിരുദ്ധ ജീർണതകൾക്കെതിരായ രാഷ്ട്രീയ വിമർശന സൃഷ്ടിയാണ് എന്ന് പരക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ‘അടിയന്തരാവസ്ഥ’യുടെ മനുഷ്യാവകാശ –ജനാധിപത്യസ്വാതന്ത്ര്യ ധ്വംസനങ്ങൾക്കെതിരായ ഒരു അന്യാപദേശമായി ആ ചിത്രം മാറുന്നുണ്ട് എന്നാണ് തോന്നുന്നത്. യഥാർഥത്തിൽ ആ അർഥത്തിൽ ആ മഹത്തായ കലാസൃഷ്ടി ഇതുവരെ എന്തുകൊണ്ടു വിലയിരുത്തപ്പെട്ടില്ല എന്ന ഒരു വിമർശനംകൂടി ചലച്ചിത്ര നിരൂപകർക്കെതിരെ, അവരോടുള്ള സർവ ആദരവോടുംകൂടി ഉന്നയിക്കുന്നതാണ്.

ഭൂമികയിലെ സ്മിത പാട്ടീലിന്റെ അഭിനയത്തെ വാഴ്ത്താൻ ഒരു ഭാഷയിലെയും വാക്കുകൾ മതിയാവില്ല. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ച ‘ജുനൂൻ’ (1979), കലിയുഗ (1981), മണ്ടി (1983), സുബെെദ (2001) തുടങ്ങി അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയുടെയും ഭാവതീവ്രതയും രാഷ്ട്രീയധ്വനികളും സാംസ്കാരികവിമർശങ്ങളും സുദീർഘമായ പഠനത്തിന് വിധേയമാക്കാവുന്നതാണ്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ബൃഹദ് കൃതിയെ ആസ്പദമാക്കി ആവിഷ്കരിച്ച 53 ഭാഗങ്ങളുള്ള ‘ഭാരത് ഏക്ഘോജ്’ എന്ന ടെലിവിഷൻ പരമ്പര ബനഗലിന്റെ ‘മാഗ്നം ഓപ്പസ്സു’കളിൽ ഒന്നു മാത്രമാണ്.

ഏറ്റവും ഒടുവിൽ ‘സംവിധാൻ’ എന്ന ശീർഷകത്തിൽ ഇന്ത്യൻ ഭരണഘടനാ നിർമിതിയെയും അതിലെ മൂല്യങ്ങളെയുംകുറിച്ച് വിഭാവനംചെയ്ത രചനയും അത്യന്തം സമകാലികപ്രസക്തിയുള്ളതാണ്.

ചലച്ചിത്രം എന്ന കല കലകളുടെ കലയാണ്. സാഹിത്യവും നാടകവും ചിത്രകലയും ശിൽപചാതുരിയും, സംഗീതവും, കായികതയും അഭിനയവും ശാസ്ത്രവും തുടങ്ങി മനുഷ്യന്റെ സർഗ്ഗവെെഭവങ്ങൾ എല്ലാം തന്നെ വ്യത്യസ്ത തോതിൽ ചലച്ചിത്ര കലയിൽ കാണാം. അതിന്റെ അനന്ത സാധ്യതകൾ അനേ-്വഷിച്ച ആധുനികകാലത്തെ സമുന്നത പ്രതിഭകളെല്ലാം അതിന് സൂക്ഷ്മ രാഷ്ട്രീയ വിശകലനത്തിനുള്ള സാദ്ധ്യത അനേ-്വഷിച്ചു. അക്കൂട്ടത്തിൽ ഉന്നത നിലവാരം പുലർത്തിയ സംവിധാന പ്രതിഭയാണ് ശ്യാം ബെനഗൽ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − nineteen =

Most Popular