Friday, October 18, 2024

ad

Homeഅനുസ്മരണംവായന ഒരു രാഷ്ട്രീയ പ്രവൃത്തിയാണ്: ഫ്രഡറിക് ജയിംസണിന്റെ ചിന്തകൾക്കൊരാമുഖം

വായന ഒരു രാഷ്ട്രീയ പ്രവൃത്തിയാണ്: ഫ്രഡറിക് ജയിംസണിന്റെ ചിന്തകൾക്കൊരാമുഖം

മഞ്ജു കട്ടേരി

സാംസ്കാരിക വിമർശനത്തിന് ഘടനാവാദാനന്തരചിന്താപദ്ധതികളുടെ സഹായത്തോടെ ഒരു മാർക്സിസ്റ്റ് രീതിശാസ്ത്രം ചമയ്-ക്കുകയാണ് ഫ്രഡറിക് ജയിംസൺ ചെയ്തത്. ബൃഹദാഖ്യാനങ്ങൾക്കെതിരെ വ്യാഖ്യാനം ചമച്ചിരുന്ന ആധുനികാനന്തര ചിന്തകൾക്കുള്ള മറുപടി കൂടിയായിരുന്നു ജയിംസണിന്റെ ചിന്തകൾ.

അൽത്തൂസറിന്റെ ഘടനാവാദ മാർക്സിസത്തെ വൈരുദ്ധ്യാത്മകമായി ജയിംസൺ വിപുലീകരിക്കുന്നു. സാംസ്കാരിക വിമർശനത്തിന് ഘടനാവാദാനന്തരചിന്താപദ്ധതികളുടെ സഹായത്തോടെ ഒരു മാർക്സിസ്റ്റ് രീതിശാസ്ത്രം ചമയ്-ക്കുകയാണ് ജയിംസൺ ചെയ്തത്.

ഘടനാവാദാനന്തര ചിന്തകളെ വൈരുദ്ധ്യാത്മക സമീപനത്തിലൂടെ പരിഷ്കരിക്കുന്ന ഒരു രീതിശാസ്‌ത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. സാംസ്‌കാരികവും സാമൂഹികവുമായ പാഠവിശകലനം മാർക്സിസ്റ്റ് രീതിശാസ്ത്രത്തിന്റെ പ്രയോഗം നിലനിൽക്കുന്ന ഇടമാണ് . ആ ഇടത്തെ കൂടുതൽ സൂക്ഷ്മമാക്കുന്നവയാണ് ജയിംസണിന്റെ ചിന്തകൾ. സാംസ്കാരികരൂപങ്ങളുടെ രാഷ്ട്രീയപരതയേയും ചരിത്രപരതയേയും നിരാകരിക്കുന്നതരം ആധുനികാനന്തര ചിന്തകളെ ജയിംസൺ നിരാകരിക്കുന്നു. ചരിത്രത്തെ ഉപയോഗിച്ചുകൊണ്ട് അവയെ വിമർശനാത്മകമായി തിരുത്തുന്നു.

രാഷ്ട്രീയ അബോധം(Political unconscious) 
അഥവാ വായനയുടെ രാഷ്ട്രീയം
നവമാർക്സിയൻ ചിന്താപദ്ധതികളുടെ രീതിയാണ് ഫ്രഡറിക് ജയിംസണിന്റെ രാഷ്ട്രീയഅബോധം എന്ന സങ്കൽപ്പത്തിനുള്ളത്. ഫ്രോയിഡിന്റെയും മാർക്‌സിന്റെയും സങ്കൽപ്പനങ്ങളുടെ ഒരു സങ്കരരൂപമാണിത്. വ്യക്തിമനസ്സിന് ഫ്രോയിഡ് കൽപ്പിച്ച അബോധം എന്ന തലം സാഹിത്യപാഠത്തിനുമുണ്ട് എന്നതാണ് ജയിംസണിന്റെ വാദങ്ങൾക്കടിസ്ഥാനം. അത്തരത്തിൽ സാഹിത്യകൃതികളെ വിശകലനം ചെയ്യുന്നതിനുള്ള ഒരു പദ്ധതിയാണ് ജയിംസൺ വികസിപ്പിക്കുന്നത്.

കർതൃത്വം എന്നതിനെ പാഠമായാണ് ജയിംസൺ കാണുന്നത്. ഭാഷയിൽ നിലനിൽക്കുന്നതും നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നതും അപൂർണവുമായ ഒന്നാണ് ജയിംസണെ സംബന്ധിച്ച് കർതൃത്വം . റൊളാങ് ബാർത്തിന്റെയും മിഷേൽ ഫൂക്കോയുടെയും കർതൃത്വ സങ്കല്പങ്ങളുടെ വിപുലീകരണം ഇവിടെ കാണാം. കർതൃത്വം പാഠമാണ് എന്നു വരുന്നതോടെ വ്യാഖ്യാനം സങ്കീർണമായ ഒരു പ്രക്രിയയായിത്തീരുന്നു. കാരണം അർത്ഥത്തിന്റെ ബഹുത്വം എന്നതിലൂടെ എളുപ്പം വ്യാഖ്യാനിക്കാൻ പറ്റുന്ന രീതിയിൽ ഒരുക്കിവച്ചവയല്ല പാഠങ്ങൾ എന്നുവരുന്നു.

ചരിത്രം എന്നതിനെ അർത്ഥങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ചരിത്രമായാണ് ജയിംസൺ നിർവ്വചിക്കുന്നത്.” ലക്കാനിയൻ സങ്കൽപ്പനമായ യാഥാർത്ഥ്യം’ എന്നതിനെ ഉപയോഗിച്ചുകൊണ്ട് ചരിത്രം യഥാർത്ഥമാണ് എന്നൊരു വാദം ജയിംസൺ മുന്നോട്ടുവയ്ക്കുന്നു. ചരിത്രം പ്രതീകാത്മക സൂചകങ്ങളിലൂടെയാണ് നമുക്കു മുന്നിൽ വരുന്നത്. അതായത് ചരിത്രമെന്നത് പൂർണ്ണമായും ഭാഷയുടെ പ്രതീകക്രമത്തിനകത്തേക്കു കൊണ്ടുവരാൻ കഴിയാത്ത ഒന്നാണ്. അതെപ്പോഴും മനുഷ്യന് പൂർത്തീകരിക്കാൻ കഴിയാത്ത ഒരാഗ്രഹവസ്‌തുവായി നിലനിൽക്കും. ഓരോ സമൂഹത്തിന്റെയും അഭിലാഷങ്ങളുടെ ചരിത്രമായിരിക്കും അത്. അതിനാൽ ഏതു നിരൂപണവും നിലയുറപ്പിക്കേണ്ടത് ചരിത്രത്തിലാണ്. ചരിത്രത്തിലേക്ക് ദിശതിരിച്ചു നൽകുന്നതായിരിക്കണം ഓരോ പാഠത്തിന്റെയും വായന.

പാഠത്തിന്റെ അബോധവും ചരിത്രവും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലയാണ് ആഖ്യാനം. പാഠങ്ങളിൽ പരൽരൂപത്തിൽ കിടക്കുന്ന ഒന്നായാണ് ജയിംസൺ ചരിത്രത്തെ കാണുന്നത് (നോവലുകളിൽ ചരിത്രം ഇങ്ങനെ പരൽരൂപത്തിൽ കിടക്കുന്നതായി തന്റെ വിശകലനങ്ങളിലൂടെ ജയിംസൺ സമർത്ഥിക്കുന്നു). രാഷ്ട്രീയ അബോധത്തിന്റെ ധാർമ്മികയുക്തി ചരിത്രവൽക്കരണമാണെന്ന് ജയിംസൺ പറയുന്നുണ്ട്.

ഏത് ആഖ്യാനരൂപത്തിലും ചരിത്രമുണ്ട്. അത് ആഖ്യാനരൂപത്തിന്റെ അബോധത്തിലാണ് ഉള്ളതെന്നു മാത്രം. ശ്രദ്ധാപൂർവ്വമായ വിശകലനത്തിലൂടെയേ അതിനെ പുറത്തുകൊണ്ടുവരാനാകൂ. സമൂഹത്തിലെ ഇടനിലയുടെ രൂപമാണ് സാഹിത്യം എന്ന് ജയിംസൺ പറയുന്നുണ്ട്. മനുഷ്യാസ്‌തിത്വത്തെ നേരിട്ടു മനസ്സിലാക്കുക സാധ്യമല്ല. അതെപ്പോഴും ഒരു ഇടനിലയിലൂടെയേ സാധ്യമാകൂ. ഇടനിലയെ ജയിംസൺ നിർവ്വചിക്കുന്നുണ്ട്. തലങ്ങൾക്കും സന്ദർഭങ്ങൾക്കും ഇടയിലുള്ള ബന്ധവും ഓരോ തലത്തിലും നടക്കുന്ന വിശകലനങ്ങളും നിരീക്ഷണങ്ങളും പൊരുത്തപ്പെടുത്താനുള്ള സാധ്യതയുമാണ് ഇടനില.

സമൂഹത്തിലെ ആളുകളുടെ വർഗപരമായ/കർതൃത്വപരമായ തലങ്ങളിലും സന്ദർഭങ്ങളിലും നിലനിൽക്കുന്ന വ്യത്യസ്‌തബന്ധങ്ങളെ ഒരുമിച്ചുകൊണ്ടുവരുക (ഉദാ. സാഹിത്യം), ജീവിതത്തിന്റെ വിവിധതലങ്ങളിൽ നിർവ്വഹിക്കപ്പെടുന്ന വിവിധ വിശകലനങ്ങളെ പൊരുത്തപ്പെടുത്തുക എന്നിവയും ഇടനിലയുടെ ദൗത്യമാണ്. വ്യക്തികളുടെ അനുഭവം ശിഥിലമാണ്. സമഗ്രത എന്നൊന്ന് സമൂഹത്തിലുണ്ട്. ഇതിനിടയിലുള്ള ഇടനിലയായാണ് സാഹിത്യം വരുന്നത്. മനുഷ്യർക്ക് ഗ്രഹിക്കാനാകാത്തതും അവരുടെ അനുഭവപരിധിക്ക് പുറത്തുള്ളതുമാണ് സമഗ്രത. ഇത് അസന്നിഹിത കാരണമാണ്. ഈ സമഗ്രത ലഭ്യമാകുന്നത് ആഖ്യാനങ്ങളിലൂടെയാണ്. ആഖ്യാനം പ്രതീകാത്മകമാണ്. അത് ശകലിതമായ ഒന്നാണ്. ശകലിതമായ ആഖ്യാനത്തിന്റെ സമഗ്രത അതിന്റെ അബോധത്തിൽ കണ്ടെത്താനാകും എന്നതാണ് ജയിംസണിന്റെ സങ്കൽപ്പം. അതിനുള്ള വഴിയായാണ് ജയിംസൺ ചരിത്രവൽക്കരണത്തെ കാണുന്നത്.

മാർക്സിയൻ ആശയങ്ങളെ ലക്കാനിയൻ ദർശനങ്ങളിലൂടെ ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ജയിംസണിന്റെ രാഷ്ട്രീയ അബോധം എന്ന സങ്കൽപ്പം. സംസ്കാര പഠനം പോലുള്ള ചിന്താപദ്ധതികളുടെ സന്ദർഭത്തിൽ അന്തർവൈജ്ഞാനികമായ വഴിയിലൂടെ മനശ്ശാസ്ത്രനിരൂപണത്തിന്റെ രാഷ്ട്രീയവൽക്കരണമാണ് ജയിംസൺ നിർവ്വഹിക്കുന്നതെന്നു പറയാം. ചരിത്രപരവും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ തലങ്ങളെ കണ്ടെടുക്കുന്ന രാഷ്ട്രീയ പ്രവൃത്തിയായി വായനയെ അടയാളപ്പെടുത്തി എന്നിടത്താണ് ഫ്രഡറിക് ജെയിംസൺ എന്ന അക്കാദമിക ചിന്തകന്റെ പ്രാധാന്യം.

ഫ്രഡറിക് ജയിംസണിന്റെ പ്രധാന കൃതിക

Sartre: The Origins of a Style. Yale UP, 1961.
Marxism and Form: Twentieth-Century Dialectical Theories of Literature. Princeton UP, 1971.
The Prison-House of Language: A Critical Account of Structuralism and Russian Formalism. Princeton UP, 1972.
Fables of Aggression: Wyndham Lewis, the Modernist as Fas- cist. U of Calfornia P. 1979.
The Political Unconscious: Narrative as a Socially Symbolic Act. Cornell UP, 1981.
The Ideologies of Theory: Essays, 1971-86. 2 volumes. U of Minnesota P, 1988. (Vol. 1 Situations of Theory, Vol. 2 The Syntax of History.) Late Marxism: Adorno; or, The Persistence of the Dialectic. Verso, 1990.
Signatures of the Visible. Routledge, 1990.
Postmodernism, or, The Cultural Logic of Late Capitalism. Duke UP. 1991.
The Geopolitical Aesthetic; or, Cinema and Space in the World System. Indiana UP and British Film Institute. 1992.
Theory of Culture: Lectures at Rikkyo. Rikkyo UP, 1994.
The Seeds of Time. Colombia UP, 1994.
The Cultural Turn: Selected Writings on the Postmodern, 1983- 1998. Verso. 1998.
Brecht and Method. Verso, 1998.
The Jameson Reader. Edited by Michael Hardt and Kathi Weeks. Blackwell, 2000.
A Singular Modernity: Essay on the Ontology of the Present. Verso, 2002.
Archaeologies of the Future: The Desire called Utopia and Other Science Fictions. Verso, 2005.
The Modernist Papers. Verso, 2007.
The Valences of the Dialectic. Verso. 2009.
The Hegel Variations: On the Phenomenology of Spirit. Verso, 2010. Representing Capital: A Commentary on Volume One. Verso, 2011.
The Antinomies of Realism. Verso, 2013.
The Ancients and the Postmoderns. Verso, 2015.
Raymond Chandler: The Detections of Totality. Verso, 2016.
Allegory and Ideology. Verso, 2019. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 11 =

Most Popular