Wednesday, January 29, 2025

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംറഷ്യയിലെ 
മുതലാളിത്തത്തിന്റെ 
വികാസവും 
വിപ്ലവത്തിന്റെ 
വിത്തുകളും

റഷ്യയിലെ 
മുതലാളിത്തത്തിന്റെ 
വികാസവും 
വിപ്ലവത്തിന്റെ 
വിത്തുകളും

പി എസ് പൂഴനാട്

ഒന്ന്

പാറുന്ന പോരാട്ടചരിത്രത്തിന്റെ സമൂർത്തതയിൽ നിന്നും യഥാർത്ഥ ലെനിനെ വീണ്ടെടുക്കാനും, പുതിയ കാലഘട്ടത്തിന്റെ ചരിത്രസമൂർത്തതകൾക്കനുസരിച്ച് ലെനിന്റെ ആശയലോകങ്ങളെയും പ്രയോഗപദ്ധതികളെയും സമകാലികമാക്കാനും, അതുവഴി സോഷ്യലിസ്റ്റ് നിർമ്മാണമെന്ന ചരിത്രദൗത്യത്തെ സമരോത്സുകമായി മുന്നോട്ടുകൊണ്ടുപോകാനുമാണ് ലെനിന്റെ നൂറാംചരമവാർഷികവേള വിപ്ലവകാരികളോട് കൃത്യമായി ആവശ്യപ്പെടുന്നത്. ലെനിന്റെ ഭൂതത്തിലേയ്ക്കും വർത്തമാനത്തിലേയ്ക്കും ഭാവിയിലേയ്ക്കും നിരന്തരം കണ്ണുതുറക്കുന്ന വൈരുദ്ധ്യാത്മകമായ ഒരു പഠനപ്രവർത്തനത്തെക്കൂടി ഈ ചരിത്രസന്ദർഭം ആവശ്യപ്പെടുന്നുണ്ട്. ‘പഴയ’ ലെനിനെ വായിക്കുന്നത് ‘പുതിയ’ ലെനിനെ കണ്ടെത്തുന്നതിനുവേണ്ടിയാണ്. അങ്ങനെ പുതിയതെന്നത് പഴയതിന്റെ തുടർച്ചകളും ഇടർച്ചകളും തമ്മിൽ വൈരുദ്ധ്യാത്മകമായി കലരുകയും കലഹിക്കുകയും ചെയ്യുന്ന വിപ്ലവാത്മകമായ പുതിയൊരു കാലത്തിന്റെ പേരായിത്തീരുന്നു. വിപ്ലവാത്മകമായ ഈ പുതിയ കാലത്തെ വിഭാവനം ചെയ്യാനും പ്രയോഗവത്കരിക്കാനും സോഷ്യലിസത്തിലേയ്ക്ക് നടന്നടുക്കാനുമാണ് ലെനിനെപ്പോലുള്ള വിപ്ലവകാരികളുടെ ചരിത്രപരതയിലേയ്ക്ക് വീണ്ടും വീണ്ടും നമ്മൾ ആഴ്-ന്നിറങ്ങുന്നത്. ആ ആഴ്-ന്നിറങ്ങൽ സമകാലിക ലോകത്തെ കേവലമായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും വേണ്ടി മാത്രല്ല. മനസ്സിലാക്കലിനോടും വ്യാഖ്യാനിക്കലിനോടും ഒപ്പം പുതിയൊരു ലോകം പടുത്തുയർത്തുന്നതിനു വേണ്ടിക്കൂടിയാണ്. മനസ്സിലാക്കലിനോടൊപ്പം അത്രയും തന്നെ പ്രാധാന്യമുണ്ട് മാറ്റിത്തീർക്കലിനും. അതുകൊണ്ടുതന്നെ വ്യാഖ്യാനമില്ലാത്ത പ്രയോഗത്തിനോ പ്രയോഗമില്ലാത്ത വ്യാഖ്യാനത്തിനോ വിപ്ലവാത്മകമായി മുന്നേറാനാവില്ല. അതായത് വ്യാഖ്യാനത്തിന്റെയും പ്രയോഗത്തിന്റെയും വൈരുദ്ധ്യാത്മകതയിൽ വെച്ചാണ് പുതിയൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ സാക്ഷാത്കാരം പിറവികൊള്ളുന്നത്. വർഗസമരപോരാട്ടങ്ങളിലൂടെ പിറവികൊള്ളേണ്ട ആ പുതിയലോകത്തിന്റെ അടരും അടയാളവുമാണ് മാർക്സിസം- – ലെനിനിസം. അതുകൊണ്ടുതന്നെ ലെനിനെ വായിക്കുക എന്നത് ഭൂതത്തിലേയ്ക്കും വർത്തമാനത്തിലേക്കും മാത്രമുള്ള ഒരു യാത്രയല്ല. മറിച്ച് ഭൂതത്തേയും വർത്തമാനത്തേയും വൈരുദ്ധ്യാത്മകമായി സമന്വയിപ്പിച്ചുകൊണ്ട് ഭാവിയിലേയ്ക്കുള്ള ചരിത്രപരമായ നടന്നുകയറ്റമാണ്.

എഴുന്നൂറോളം പുറങ്ങളിലായി പരന്നുകിടക്കുന്ന ലെനിന്റെ ഏറ്റവും വിപുലീകൃതമായ രചനയാണ് “റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസം’. കാറൽ മാർക്സിന്റെ മൂലധനസിദ്ധാന്തത്തെ റഷ്യൻ സാഹചര്യത്തിൽ ക്രിയാത്മകമായും സർഗ്ഗാത്മകമായും പ്രയോഗിക്കാനുള്ള ഏറ്റവും ശാസ്ത്രീയവും വിപ്ലവകരവുമായ പരിശ്രമത്തിന്റെ ഉൽപ്പന്നമായിരുന്നു പ്രസ്തുത ഗ്രന്ഥം.ഏറ്റവും സമഗ്രവും അഗാധവും കനപ്പെട്ടതുമായ ഈയൊരു പഠനഗ്രന്ഥം അതർഹിക്കുന്ന തരത്തിൽ വായിക്കപ്പെടുകയോ പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്ന പരാധീനത നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഏറെ ഗവേഷണാത്മകവും സ്ഥിതിവിവരക്കണക്കുകളാൽ സമൃദ്ധവുമായ ഇത്തരമൊരു സുദീർഘമായ പഠനഗ്രന്ഥം ലെനിൻ രചിക്കുന്നതാകട്ടെ സ്വന്തം കാലഘട്ടത്തിന്റെ സമൂർത്തതയെ ശരിയായി മനസ്സിലാക്കാനും ആ മനസ്സിലാക്കലിലൂടെ റഷ്യയിൽ വിപ്ലവം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിലേർപ്പെടാനുമായിരുന്നു. മൂന്നു വർഷക്കാലത്തെ നിരന്തരമായ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും അനന്തരഫലമായിരുന്നു ഈ ഗ്രന്ഥം.

അക്കാലത്ത് റഷ്യയിൽ നിരവധി ചിന്താധാരകൾ സജീവമായി നിലനിന്നിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു നരോദ്നിക്ക് ചിന്താധാര (നരോദ്നിക്ക് എന്ന റഷ്യൻ വാക്കിന് ജനങ്ങൾ എന്നാണർത്ഥം). നരോദ്നിക്ക് ചിന്താധാരയോടും സമാനമായ പെറ്റി – ബൂർഷ്വാ ആശയാവലികളോടുമുള്ള ലെനിന്റെ സൈദ്ധാന്തികമായ ഏറ്റുമുട്ടലും കണക്കുതീർക്കലുമായിരുന്നു “റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസം’ എന്ന അത്യുജ്വലമായ ഗ്രന്ഥം.

1895-ലായിരുന്നു സെന്റ് പീറ്റേഴ്സ്ബർഗ് കേന്ദ്രീകരിച്ച് ലെനിന്റെ നേതൃത്വത്തിൽ ഒരു മാർക്സിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കപ്പെടുന്നത്. തൊഴിലാളിവർഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടസഖ്യം (the League of Struggle for the Emancipation of the Working Class) എന്നായിരുന്നു ആ മാർക്സിസ്-റ്റ് ഗ്രൂപ്പിന്റെ പേര്. തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു പത്രികയ്ക്കും അവർ രൂപം നൽകിയിരുന്നു. എന്നാൽ ആ പത്രികയുടെ ആദ്യലക്കം അച്ചടിക്കപ്പെടുന്നതിനുമുമ്പുതന്നെ ലെനിനെയും മറ്റു സഖാക്കളെയും റഷ്യയെ അടക്കിവാണിരുന്ന സാറിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ രഹസ്യപ്പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് ജയിലഴികൾക്കുള്ളിൽ അടച്ചതുകൊണ്ടോ പിന്നീട് തണുത്തുറഞ്ഞ സൈബീരിയയിലേയ്ക്ക് നാടുകടത്തിയതുകൊണ്ടോ തകർന്നുപോകുന്നതായിരുന്നില്ല ലെനിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും മാർക്സിസ്റ്റ് എന്ന നിലയിലുള്ള പ്രതിബദ്ധതയും. റഷ്യയിൽ മാർക്സിസത്തിന്റെ സിദ്ധാന്തത്തെയും പ്രയോഗത്തെയും ഉറപ്പിച്ചെടുക്കുകയായിരുന്നു ലെനിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മാർക്സിസ്റ്റ് വിരുദ്ധമായ എല്ലാ ധാരകളോടും ലെനിന് സൈദ്ധാന്തികമായി ഏറ്റവും ശക്തിയായിത്തന്നെ ഏറ്റുമുട്ടേണ്ടിയിരുന്നു. ഈ ജയിൽവാസകാലത്തും നാടുകടത്തലിനിടയിലുമായിരുന്നു “റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസം’ എന്ന കൃതിയ്ക്കാവശ്യമായ എല്ലാവിധ പഠനസാമഗ്രികളും ലെനിൻ ശേഖരിക്കുന്നതും പുസ്തകം എഴുതി പൂർത്തിയാക്കുന്നതും. റഷ്യൻ ചരിത്രത്തെയും രാഷ്ട്രീയത്തെയും സമ്പദ്ഘടനയെയും അപഗ്രഥിക്കുന്ന അഞ്ഞൂറിലധികം പുസ്തകങ്ങളും മറ്റ് നിരവധി ഔദ്യോഗികരേഖകളും സ്ഥിതി വിവരക്കണക്കുകളും ഈ പുസ്തകത്തിന്റെ രചനയ്ക്കായി ലെനിൻ ഉപയോഗപ്പെടുത്തിയിരുന്നു. പഠനരീതിയിലും സമീപനത്തിലും മാർക്സിന്റെ മൂലധന രചനപോലെ അതിബൃഹത്തായ ഒരു പഠനപദ്ധതി! റഷ്യയിൽ നിലനിൽക്കുന്ന പഴയ സാമൂഹ്യക്രമത്തെ പുതിയ മുതലാളിത്ത സമ്പദ്ക്രമം എങ്ങനെയാണ് തകർത്തുകൊണ്ടിരിക്കുന്നതെന്നും ഇൗയൊരവസ്ഥാവിശേഷം പുതിയ വിപ്ലവ ശക്തികളെ എങ്ങനെയാണ് പരുവപ്പെടുത്തിയെടുക്കുന്നതെന്നും ലെനിൻ ഈ ഗ്രന്ഥത്തിൽ തീക്ഷ്ണമായി ചർച്ച ചെയ്യുന്നു. മുതലാളിത്തവികാസപ്രക്രിയയുടെ ഭാഗമായി റഷ്യൻ മുതലാളിത്തത്തിനനുഗുണമായി റഷ്യയ്ക്കുള്ളിൽ എങ്ങനെയാണ് വിപുലമായ നിലയിലുള്ള ഒരു ആഭ്യന്തരകമ്പോളം വികസിതമായിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നും അതിസൂക്ഷ്മമായി ലെനിൻ ഇവിടെ വരച്ചിടുന്നു.

രണ്ട്

റഷ്യയെ അടക്കിഭരിച്ചിരുന്ന സാറിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കണമെന്ന ആഗ്രഹം നാരോദ്നിക്കുകൾക്കും ഉണ്ടായിരുന്നു. എന്നാൽ വ്യക്തിഗതമായ ഭീകരപ്രവർത്തനങ്ങളിലൂടെയും വ്യക്തികളെ കൊലപ്പെടുത്തിയും അത് സാധിച്ചെടുക്കാമെന്നായിരുന്നു അവരുടെ ധാരണ. അതോടൊപ്പം റഷ്യയിൽ നിലനിന്നിരുന്ന കാർഷിക കമ്യൂൺ വ്യവസ്ഥ റഷ്യയിലേയ്ക്കുള്ള മുതലാളിത്തത്തിന്റെ എല്ലാതരത്തിലുമുള്ള കടന്നുകയറ്റങ്ങളെയും ചെറുക്കുമെന്നും അവർ സിദ്ധാന്തിച്ചിരുന്നു. കാർഷിക കമ്യൂൺ വ്യവസ്ഥയിൽ നിന്നും നേരിട്ട് സോഷ്യലിസത്തിലേക്ക് കടക്കാനാവുമെന്നാണ് അവർ കരുതിയിരുന്നത്. അതുകൊണ്ടുതന്നെ റഷ്യയിലെ കർഷകരെയായിരുന്നു സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ സ്വാഭാവികമായ മുന്നണിപ്പോരാളികളായി അവർ വിഭാവനം ചെയ്തത്. അതോടൊപ്പം റഷ്യൻ സമൂഹത്തെയും സാമ്പത്തിക- – രാഷ്ട്രീയഘടനയെയും സംബന്ധിച്ച് ചരിത്രപരമല്ലാത്ത വീക്ഷണങ്ങളായിരുന്നു നരോദ്നിക്കുകൾ വച്ചുപുലർത്തിയിരുന്നത്. റഷ്യയിൽ മുതലാളിത്തവികാസം നിലവിൽവന്നിട്ടില്ല. വമ്പൻ വ്യവസായങ്ങളും വലിയ നഗരപ്രദേശങ്ങളും അതിനോടൊപ്പം ഉയർന്നുവരുന്ന തൊഴിലാളിവർഗവും റഷ്യൻ സമൂഹത്തിന് അന്യമാണ്. അതുകൊണ്ടുതന്നെ റഷ്യയിൽ സോഷ്യലിസത്തിന്റെ ഭാവിയെ നിർണയിക്കുന്നതും മുന്നോട്ടുനീക്കുന്നതും പരമ്പരാഗത കാർഷിക കമ്യൂണുകളായിരിക്കും.

വസ്തുനിഷ്ഠ യാഥാർത്ഥ്യവുമായി ഒത്തുചേരാത്ത ഇത്തരം ചിന്താപദ്ധതികളുമായിട്ടായിരുന്നു നരോദ്നിക്കുകൾ മുന്നോട്ടുപോയത്. എന്നാൽ അലക്സാണ്ടർ രണ്ടാമൻ വധിക്കപ്പെട്ടതുകൊണ്ട് സാർ ഭരണകൂടത്തിന് ഒരു കോട്ടവും സംഭവിച്ചില്ല എന്നുമാത്രമല്ല കൂടുതൽ ശക്തിയോടെ സാർ ഭരണകൂടം അതിന്റെ മർദ്ദനോപകരണങ്ങളെ തിരിച്ച് പ്രയോഗിക്കുകയാണുണ്ടായത്. അതിനെത്തുടർന്ന് നരോദ്നിക്കുകൾക്കെതിരായ ശാരീരിക കടന്നാക്രമണങ്ങൾ കൂടുതൽ തീവ്രമായിത്തീർന്നു. പലരും കൊലചെയ്യപ്പെട്ടു. നിരവധിപ്പേർ നാടുകടത്തപ്പെട്ടു. വ്യക്തിപരമായ തീവ്രവാദംകൊണ്ട് സാറിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനാവില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നരോദ്നിക്കുകൾ സ്വന്തം സൈദ്ധാന്തികമായ തെറ്റുകളെ തിരുത്താനോ മറികടക്കാനോ തയാറല്ലായിരുന്നു. അതിനുപകരം മാർക്സിസത്തിനും മാർക്സിസ്റ്റ് രീതിശാസ്ത്രത്തിനുമെതിരെ നരോദ്നിക്ക് സൈദ്ധാന്തികർ നിരന്തരമായി ആക്രമണങ്ങൾ കെട്ടഴിച്ചുവിട്ടുകൊണ്ടിരിക്കുകയും ചെയ്തു. ഈയൊരു – സൈദ്ധാന്തിക പ്രശ്നത്തോടുള്ള മാർക്സിസത്തിന്റെ മറുപടിയായിരുന്നു ലെനിന്റെ “റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസം’ എന്ന ഗ്രന്ഥം. നരോദ്നിക്കുകളുടെ എല്ലാ വാദങ്ങളെയും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും ഇൗ ഗ്രന്ഥത്തിലൂടെ ലെനിൻ തകർത്തെറിയുകയാണുണ്ടായത്.

റഷ്യയിൽ മുതലാളിത്തം നേരത്തേതന്നെ വികസിച്ചുകഴിഞ്ഞുവെന്നും കർഷക കമ്യൂണുകളിലടക്കം അത് വേരുകളാഴ്-ത്തിക്കഴിഞ്ഞിരിക്കുന്നു വെന്നും ഈ ഗ്രന്ഥത്തിലൂടെ ലെനിൻ തെളിയിക്കുകയായിരുന്നു. വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളായി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പുതിയ തൊഴിലാളിവർഗത്തെക്കുറിച്ചും ലെനിൻ വിശദീകരിച്ചു. മുതലാളിത്തത്തിന്റെ വികാസവും കർഷക കമ്യൂൺ വ്യവസ്ഥയുടെ തകർച്ചയും തൊഴിലാളിവർഗരൂപീകരണപ്രക്രിയയും പരസ്പരബന്ധിതവും വൈരുദ്ധ്യാത്മകവുമായാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ലെനിൻ തെളിയിച്ചു. യഥാർത്ഥത്തിൽ റഷ്യൻ സമൂഹത്തെയും സമ്പദ്ഘടനയെയും കുറിച്ചുള്ള ശാസ്ത്രീയമായ തിരിച്ചറിവിന്റെ തെളിച്ചമാണ് ലെനിന്റെ തുടർന്നുള്ള എല്ലാവിധ സൈദ്ധാന്തികാന്വേഷണങ്ങളുടെയും പ്രയോഗപദ്ധതികളുടെയും അടിത്തറയായി വർത്തിച്ചത്. അതുകൊണ്ടുതന്നെ റഷ്യയിൽ വിപ്ലവമാർക്സിസത്തിന് ആഴത്തിൽ അടിത്തറയിട്ട ഏറ്റവും പ്രാമാണികമായ ഗ്രന്ഥം കൂടിയായി ” റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം’ മാറിത്തീരുന്നു.

മൂന്ന്

മാർക്സിസ്റ്റുകളായ സോഷ്യൽ ഡെമോക്രാറ്റുകളും നരോദ്നിക്കുകൾ ഉൾപ്പെടെയുള്ള മറ്റു ഗ്രൂപ്പുകളും തമ്മിൽ അതിരൂക്ഷമായ ആശയസംവാദങ്ങൾ തുടർന്നുകൊണ്ടിരുന്നു. രൂക്ഷമായ ഇത്തരം ആശയസംവാദങ്ങൾക്കും ഇടപെടലുകൾക്കും മാർക്സിസത്തെ ഉയർത്തിപ്പിടിച്ച് നേതൃത്വം നൽകിയത് ലെനിൻ ആയിരുന്നു. അടിയുറച്ച ഒരു മാർക്സിസ്റ്റ് വിപ്ലവകാരിയായി ലെനിൻ ചരിത്രപരമായി രൂപാന്തരപ്പെട്ടതിന്റെ സാക്ഷ്യപത്രം കൂടിയാണിത്-. റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ആദ്യകാല കൃതികൾ റഷ്യൻ സമൂഹത്തെയും രാഷ്ട്രീയ-, സാമ്പത്തിക ഘടനാസംവിധാനങ്ങളെയും ചരിത്രപരവും വൈരുദ്ധ്യാത്മകവുമായി പരിശോധിച്ചതിനുശേഷം ലെനിൻ എത്തിച്ചേർന്ന നിഗമനമാകട്ടെ, റഷ്യൻ സമൂഹം അവഗണിക്കാനാവാത്ത വിധത്തിൽ വിപ്ലവത്തിന്റെ അരികത്തെത്തിയിരിക്കുന്നു എന്നാണ്. റഷ്യയിൽ അരങ്ങേറുന്ന വിപ്ലവപ്രക്രിയ ലോകത്തിന്റെ ഭാവിയെ നിർണയിക്കാൻ പോന്നതായിരിക്കുമെന്നും 1890-കളിൽ തന്നെ ലെനിൻ തിരിച്ചറിയുന്നുണ്ട്. മാർക്സിസത്തിന്റെ രീതിശാസ്ത്രമുപയോഗിച്ചുകൊണ്ട് റഷ്യൻ സമൂഹത്തെ അതിന്റെ ആഴത്തിലും പരപ്പിലും വസ്തുനിഷ്ഠമായി പഠിച്ചതിന്റെ പരിണതഫലമായിരുന്നു ഈ തിരിച്ചറിവ്. ഇങ്ങനെ റഷ്യൻ മുതലാളിത്തത്തിന്റെ വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളുമാണ് ലെനിന്റെ ചിന്താരീതിക്കും ചരിത്രപരമായ വിശകലന പരിപ്രേക്ഷ്യത്തിനും സൈദ്ധാന്തിക വിചാരങ്ങൾക്കും ശാസ്ത്രീയമായ സമഗ്രതയും രീതിശാസ്ത്രപദ്ധതിയും ആദ്യമായി പ്രദാനം ചെയ്യുന്നത്. നരോദ്നിക് ചിന്താരീതിയുടെ വിമർശനം എന്ന പേരിൽ ലെനിനു മുൻപ് റഷ്യയിൽ നിലനിന്നിരുന്ന പീറ്റർ സ്ട്രവെയെപ്പോലെയുള്ള ചില ലിബറൽ അർഥശാസ്ത്ര പണ്ഡിതരുടെ ആശയങ്ങളെയും ലെനിൻ അതിനിശിതമായി വിമർശന വിധേയമാക്കി. സ്ട്രവെയെപ്പോലുള്ളവർ പറഞ്ഞത്, റഷ്യയിൽ സാറിസ്റ്റ് വാഴ്ചയ്ക്ക് അറുതി വരുത്താനുള്ള വിപ്ലവം സാധ്യമാകണമെങ്കിൽ മുതലാളിത്തം പൂർണമായി വികസിക്കണമെന്നും അതുവരെ കാത്തിരിക്കണമെന്നുമായിരുന്നു. മുതലാളിത്തം റഷ്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു കണ്ട ലെനിൻ മുതലാളിത്ത വികാസം സംഭവിക്കുന്നത് ഫ്യൂഡലിസവുമായി സന്ധി ചെയ്തുകൊണ്ടാണെന്നും വിലയിരുത്തുന്നു. അതുകൊണ്ട്, സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തെ തകർക്കാനുള്ള ജനാധിപത്യ വിപ്ലവത്തിന് വളർന്നുകൊണ്ടിരിക്കുന്ന വിപ്ലവ തൊഴിലാളിവർഗമാണ് നേതൃത്വം നൽകേണ്ടതെന്നുമാണ് ലെനിൻ തുടക്കംമുതൽ വാദിച്ചുകൊണ്ടിരുന്നത്.

എന്താണ് മൂലധനം? അതിന്റെ സത്ത എന്താണ്? ഈ മൂലധനത്തിന് യുക്തിസഹമായ ഒരു ബദൽ ഉണ്ടോ?പരമ്പരാഗത കാർഷിക സമൂഹഘടനയുടെ പുനഃസ്ഥാപനം ഏതെങ്കിലും തരത്തിൽ സാധ്യമാണോ? നരോദ്നിക്കുകളും മറ്റു ഗ്രൂപ്പുകളും ഉയർത്തിയ വാദങ്ങളോട് ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ടും അതിനുള്ള ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടുമാണ് ലെനിന്റെ ആശയതലത്തിലെ വർഗസമരഭൂമിക വികസിതമായിക്കൊണ്ടിരുന്നത്. മുതലാളിത്തമെന്നത് റഷ്യൻ സമൂഹത്തിന് ഒരിക്കലും യോജിക്കാത്തതും ഇണങ്ങാത്തതുമായ ഒരു വ്യവസ്ഥാസംവിധാനമാണെന്നും അതുകൊണ്ടുതന്നെ അത്തരമൊരു വ്യവസ്ഥാസംവിധാനത്തിന് റഷ്യയിലെ കർഷക കമ്യൂൺ വ്യവസ്ഥയിലേയ്ക്ക് കടന്നുകയറാൻ കഴിയില്ലെന്നുമായിരുന്നു നരോദ്നിക്ക് സൈദ്ധാന്തികരുടെ പ്രധാനവാദം.

എന്നാൽ റഷ്യയിലെ ഗ്രാമകമ്യൂണുകളെ നേരത്തേതന്നെ മുതലാളിത്തം തകർക്കുകയും തൂത്തെറിയുകയും ചെയ്തിട്ടുള്ള കാര്യം കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ലെനിൻ വിശദീകരിച്ചു. അതോടൊപ്പം റഷ്യയിലെ ഫ്യൂഡൽവ്യവസ്ഥയും മുതലാളിത്ത വ്യാപനത്തെത്തുടർന്ന് തകരാൻ തുടങ്ങിയിട്ടുള്ളതായും ലെനിൻ ചൂണ്ടിക്കാട്ടി. പ്രാദേശിക കമ്പോളങ്ങളെ തട്ടിമാറ്റിക്കൊണ്ട് പുതിയതരത്തിലുള്ള ദേശീയകമ്പോളങ്ങൾ റഷ്യയിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്നതും ലെനിൻ വരച്ചുകാട്ടി. കർഷകർ തങ്ങളുടെ ഉപജീവനത്തിനും അതിജീവനത്തിനുംവേണ്ടി വിളയിച്ചിരുന്ന വിളകൾക്കുപകരമായി ലാഭകേന്ദ്രീകൃതമായ നാണ്യവിളകൾ റഷ്യയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും ലെനിൻ വിശദീകരിച്ചു. കർഷക കമ്യൂൺ വ്യവസ്ഥയിൽ നിലവിലുണ്ടായിരുന്ന പൊതുഉടമസ്ഥത ഇല്ലാതായിക്കൊണ്ടിരിക്കുന്നതും സ്വത്തുടമസ്ഥത വ്യക്തികളിലേയ്ക്ക് കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നതും ലെനിന് കാണാൻ കഴിഞ്ഞു. കർഷകർക്കിടയിൽത്തന്നെ എങ്ങനെയാണ് വർഗവിഭജനം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ലെനിൻ വ്യക്തമാക്കുന്നുണ്ട്. ഒരു ഭാഗത്ത് വമ്പൻ സ്വത്തുടമകളായ ഗ്രാമീണ ബൂർഷ്വാസികൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. മറുഭാഗത്താകട്ടെ മധ്യവർഗത്തിൽപ്പെട്ട കർഷകർക്കിടയിൽ നിന്നും ഒരു തരത്തിലുള്ള സ്വത്തുടമസ്ഥതയുമില്ലാത്ത നിരന്തരം തൊഴിലാളിവർഗവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ തൊഴിലാളി വിഭാഗവും വളർന്നുവന്നു. ഇങ്ങനെ മുതലാളിത്ത വികാസത്തിന്റെ ഭാഗമായി ഉയർന്നുവന്നുകൊണ്ടിരുന്ന പുതിയ പ്രവണതകളെയും രൂപങ്ങളെയും വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടാണ് മൂലധനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളെയും സഖ്യകക്ഷികളെയും ലെനിൻ കണ്ടെത്തുന്നത്.

മുതലാളിത്തവികാസത്തിലൂടെ റഷ്യയിൽ ഉരുവംകൊണ്ട വ്യവസായവത്കരണപ്രക്രിയയുടെ ഭാഗമായി ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളിവിഭാഗവും ശക്തിപ്പെട്ടുകൊണ്ടിരുന്നു. സാറിസവുമായി കണ്ണിചേർന്ന് വളർന്നുകൊണ്ടിരുന്ന മുതലാളിത്തഘടനയെ അട്ടിമറിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ അണിനിരക്കേണ്ട ചുമതല ചരിത്രപരമായി തൊഴിലാളിവർഗത്തിനായിരിക്കുമെന്നും ലെനിൻ വ്യക്തമാക്കി.നരോദ്നിക്കുകൾ ചെയ്തതുപോലെ സാർഭരണകൂടത്തിലെ പങ്കാളികളെ കൊലപ്പെടുത്തിക്കൊണ്ട് സാറിസത്തെ അട്ടിമറിക്കാനാവില്ല. കാരണം അതൊരു വ്യവസ്ഥാപരമായ സംവിധാനമാണ്. വ്യക്തികളെ കൊലപ്പെടുത്തി വ്യവസ്ഥയെ അട്ടിമറിക്കാനാവില്ല. തൊഴിലാളികൾ ശക്തിയുറ്റ ട്രേഡ് യൂണിയനുകൾ രൂപീകരിക്കണം. കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുവേണ്ടിയും ജീവിതനിലവാരത്തിനുവേണ്ടിയും ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധങ്ങളും സമരങ്ങളും കെട്ടഴിച്ചുവിടണം. ഇതിലൂടെ കൂടുതൽ ജനാധിപത്യപരവും സാമൂഹ്യവുമായ പരിഷ്കാരങ്ങൾക്കുവേണ്ടി ശബ്ദമുയർത്തണം. തൊഴിലാളികൾ അവരുടെ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുകയും അതിലൂടെ ജാധിപത്യവിപ്ലവത്തിനായുള്ള പോരാട്ടങ്ങളെ മുന്നോട്ടുകൊണ്ടുപോകുകയും വേണം. ഇത്തരത്തിലുള്ള ജനാധിപത്യവിപ്ലവം റഷ്യയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വികാസത്തിന് വഴിയൊരുക്കും. അതിനെത്തുടർന്ന് തൊഴിലാളിവർഗം സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പാതയിലേയ്ക്ക് നീങ്ങുകയും സമ്പദ്ഘടനയെയും രാഷ്ട്രീയാധികാരത്തെയും ജനാധിപത്യപരമായി പുന:സംഘാടനം ചെയ്യുകയുമാണ് വേണ്ടത്. ഇത്തരത്തിലുള്ളൊരു വ്യവസ്ഥാമാറ്റത്തിന്റെ പരിപ്രേക്ഷ്യത്തെയായിരുന്നു നരോദ്നിക്കുകളുടെ ഭീകരപ്രവർത്തനങ്ങൾക്ക് ബദലായി ലെനിൻ ഉയർത്തിക്കാട്ടിയത്.

അധ്വാനം വിറ്റു ജീവിക്കുന്ന മുഴുവൻ ബഹുജനങ്ങളെയും അണിനിരത്താനും, സാറിസ്റ്റ് സ്വേച്ഛാധിപത്യത്തെയും മുതലാളിത്തത്തെയും അട്ടിമറിക്കാനുമുള്ള പോരാട്ടങ്ങളിലേയ്ക്ക് അവരെ തട്ടിയുണർത്താനും , അതിലൂടെ തൊഴിലാളിവർഗത്തിന്റേതായ ഭരണം സ്ഥാപിക്കാനും ശേഷിയുള്ള ഒരേയൊരു വർഗം തൊഴിലാളിവർഗമാണെന്ന് ലെനിൻ തെളിയിച്ചു.

തൊഴിലാളിവർഗവും കർഷകരും തമ്മിലുള്ള സഖ്യമെന്ന ആശയത്തെയും ലെനിൻ വികസിപ്പിച്ചു. സാറിസ്റ്റ് സ്വേച്ഛാധിപത്യത്തെയും ഭൂവുടമാവർഗങ്ങളെയും ബൂർഷ്വാസിയെയും അധികാരത്തിൽനിന്ന് പുറത്താക്കാനും തൊഴിലാളിവർഗാധികാരം സ്ഥാപിക്കാനും അതിലൂടെ സോഷ്യലിസ്റ്റ്,- കമ്യൂണിസ്റ്റ് സമൂഹത്തിലേയ്ക്ക് വികസിക്കാനും തൊഴിലാളി – – കർഷക സഖ്യം അനിവാര്യമാണെന്നും ലെനിൻ ചൂണ്ടിക്കാട്ടി. പ്രത്യേകം പ്രത്യേകം സ്ഥിതി ചെയ്യുന്ന മാർക്സിസ്റ്റ് ഗ്രൂപ്പുകളെ തൊഴിലാളിപ്രസ്ഥാനങ്ങളെ നയിക്കാൻ പ്രാപ്തിയുള്ള ഒരൊറ്റ മാർക്സിസ്റ്റ് വിപ്ലവപ്പാർട്ടിയായി വാർത്തെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ലെനിൻ വിശദീകരിച്ചു. എന്നാൽ മാർക്സിസത്തിന്റെ വിപ്ലവപദ്ധതിയെ ഉറപ്പിക്കുന്നതിനും തൊഴിലാളിവർഗപ്പാർട്ടിയുടെ രൂപീകരണത്തിനും മുഖ്യതടസ്സമായി നിലകൊണ്ടതാകട്ടെ നരോദ്നിക്കുകളുടെയും മറ്റും ലിബറൽ അരാജകത്വ സൈദ്ധാന്തിക പദ്ധതികളായിരുന്നു. അതുകൊണ്ടുതന്നെ നരോദ്നിക്കുകളുടെ ഈ ആശയപദ്ധതികളെ സൈദ്ധാന്തികമായി തകർക്കേണ്ടത് അനിവാര്യമായിരുന്നു.ആ ദൗത്യമാണ് ലെനിൻ നിർവഹിച്ചത്. അങ്ങനെ നരോദ്നിക്കുകളുടെ ആശയങ്ങൾക്കെതിരായ പോരാട്ടത്തിൽ വമ്പിച്ച മുന്നേറ്റമുണ്ടാക്കാൻ ലെനിന്റെ “റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസം’ എന്ന പുസ്തകത്തിന് കഴിഞ്ഞു എന്നതാണ് ഏറ്റവും ഗംഭീരമായ വസ്തുത. റഷ്യയിലെ വിപ്ലവകാരികൾക്കും തൊഴിലാളികൾക്കും കർഷകർക്കും സാറിസ്റ്റ് സ്വേച്ഛാധിപത്യത്തെയും ഭൂവുടമാവർഗത്തെയും മുതലാളിത്തത്തെയും അട്ടിമറിക്കാനുള്ള വിപ്ലവ രാഷ്ട്രീയപ്രയോഗത്തിന്റെ ശരിയായ ദിശ ഈ പുസ്തകം വരച്ചിട്ടു. നരോദ്നിസത്തിന്റെ സൈദ്ധാന്തികപദ്ധതിയെ പരാജയപ്പെടുത്താനും മാർക്സിസത്തിന്റെ വിപ്ലവാത്മകതയെ ഉയർത്തിപ്പിടിക്കാനും അന്ന് കഴിഞ്ഞിരുന്നില്ലായിരുന്നുവെങ്കിൽ റഷ്യയുടെ ചരിത്രം മറ്റൊന്നായിത്തീരുമായിരുന്നു എന്ന് നിസ്സംശയം പറയാനാകും. അത്രത്തോളം ചരിത്രപ്രാധാന്യമുള്ള പുസ്തകമാണിത്.

റഷ്യൻ സമൂഹത്തെക്കുറിച്ചും മുതലാളിത്തത്തെക്കുറിച്ചുമുള്ള ലെനിന്റെ സൈദ്ധാന്തികമായ വിലയിരുത്തലുകൾ എത്രത്തോളം ശരിയായിരുന്നു എന്ന് പിന്നീട് റഷ്യയിൽ അരങ്ങേറിയ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം കൃത്യമായി തെളിയിച്ചു. മാർക്സിസ്റ്റ് വിരുദ്ധമായ എല്ലാതരത്തിലുമുള്ള ആശയാവലികളോടും സൈദ്ധാന്തികമായി അതിരൂക്ഷമായി ഏറ്റുമുട്ടിക്കൊണ്ടായിരുന്നു വിപ്ലവമാർക്സിസത്തിന്റെ സത്തയെ ലെനിൻ ഉറപ്പിച്ചെടുത്തത്. മാർക്സിസ്റ്റ് വിരുദ്ധമായ പെറ്റി-ബൂർഷ്വാ റാഡിക്കൽ ആശയങ്ങൾ എങ്ങും വളർന്നുപെരുകിക്കൊണ്ടിരിക്കുന്ന നമ്മുടെ ഈ കാലഘട്ടത്തിൽ അതുകൊണ്ടുതന്നെ ലെനിൻ അന്നുനടത്തിയ ആശയസമരത്തിന്റെ മാതൃകയ്ക്ക് അസാമാന്യമായ പ്രാധാന്യമാണുള്ളത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 1 =

Most Popular