കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒന്നായിരുന്നു കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമം. നൂതന വ്യവസായങ്ങളുടെ ഈ കാലത്ത് എന്താണ് കേരളത്തിന് വ്യവസായ മേഖലയ്ക്ക് നല്‍കാനുള്ളത്, ലോക വ്യാവസായിക ശൃംഖലയില്‍നിന്ന് നമുക്ക് എന്താണ് സ്വാംശീകരിക്കാനുള്ളത് എന്നീ ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു നിക്ഷേപക സംഗമം. ഒന്നര ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ താത്പര്യപത്രമാണ് നിക്ഷേപക സംഗമത്തില്‍ ഒപ്പുവെക്കപ്പെട്ടത്. 374 സംരംഭങ്ങള്‍ നിക്ഷേപത്തിന് താത്പര്യം അറിയിച്ചിട്ടുണ്ട്. താത്പര്യ പത്രങ്ങളുടെ തുടര്‍നടപടികള്‍ക്കായി ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിന്റെ മാറുന്ന വ്യാവസായിക അന്തരീക്ഷത്തെയാണ്. നിക്ഷേപങ്ങള്‍ക്ക് ചേര്‍ന്ന നാടല്ല കേരളം എന്ന തെറ്റായ ധാരണ പലയിടങ്ങളിലും മുന്‍പ് ഉണ്ടായിരുന്നു. ആ ധാരണകളെയെല്ലാം മാറ്റി, നിമിഷങ്ങള്‍കൊണ്ട് വ്യവസായം തുടങ്ങാന്‍ കഴിയുന്ന നാട് എന്ന നിലയിലേക്ക് കേരളം ഇന്ന് ശ്രദ്ധയാര്‍ജ്ജിച്ചു നില്‍ക്കുന്നു. ഈ നേട്ടം കേവലം ഒരു സുപ്രഭാതത്തില്‍ കൈവന്നതല്ല. വര്‍ഷങ്ങളായി നടത്തിയ ചിട്ടയായ ഇടപെടലുകളുടെ ഫലമായുണ്ടായതാണ്.
വ്യവസായത്തിന് അനുഗുണമാകുന്ന ഘടകങ്ങള്‍ വേറിട്ടു പരിശോധിച്ചാല്‍ നമ്മള്‍ ഏറെ മുന്നില്‍തന്നെയാണ്. ആരോഗ്യമുള്ള ജനത, മെച്ചപ്പെട്ട കൂലി, ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മനുഷ്യവിഭവശേഷി, ജലാശയങ്ങള്‍, കാലാവസ്ഥ, ഇങ്ങനെ ഏതു ഘടകം എടുത്തു പരിശോധിച്ചാലും നമ്മള്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും മുന്നിലാണ്. എന്നാല്‍, വിശദമായ പരിശോധന നടത്തുമ്പോള്‍ വ്യക്തമാകുന്ന ചില ദൗര്‍ബല്യങ്ങളും നമുക്കുണ്ട്.
ഒന്ന്, ഭൂമിയുടെ ലഭ്യത സംബന്ധിച്ചുള്ളതാണ്. കൈമാറ്റം ചെയ്യപ്പെടാന്‍ അധികം ഭൂമിയൊന്നും ഇല്ലാത്ത നാടാണ് നമ്മുടേത്. മുപ്പതു ശതമാനത്തിന് അടുത്തുനില്‍ക്കുന്ന വനാവരണം മാറ്റിനിര്‍ത്തി ബാക്കിയുള്ള ഭൂമി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതുതന്നെ പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ കഴിയില്ല. കാരണം, ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനും സ്വകാര്യ ആവശ്യങ്ങൾക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കാനും ബാക്കി വരുന്ന ഭൂമി മാത്രമേയുള്ളൂ. ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റം വരുത്തുക എന്നതിലുപരി ഭൂമിയുടെ അളവുകൂട്ടുക എന്നത് സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് ലാന്‍ഡ് പൂളിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെ, കേരളത്തിലേക്കുവരുന്ന ഒരു നിക്ഷേപകനും സ്ഥലലഭ്യതയുടെ കുറവുമൂലംമാത്രം മടങ്ങിപ്പോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ്.
വ്യാവസായിക വളര്‍ച്ചയുടെ മറ്റൊരു ദൗര്‍ബല്യമായി കണക്കാക്കപ്പെടുന്നത് പശ്ചാത്തല സൗകര്യങ്ങളുടെ അഭാവമാണ്. ആ ദൗര്‍ബല്യത്തെ മറികടക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും അതിന്റെ തുടര്‍ച്ചയായി അധികാരത്തിലേറിയ ഈ സര്‍ക്കാരും ഏറ്റെടുക്കുന്നത്. 90,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് കിഫ്ബി മുഖേന മാത്രം അടിസ്ഥാന സൗകര്യവികസന രംഗത്തുണ്ടായത്. നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്നില്ല എന്നു കരുതപ്പെട്ടിരുന്ന ദേശീയപാതാ വികസനവും ഗെയ്ല്‍ പൈപ്പ്ലൈനും പവര്‍ഹൈവേയും എല്ലാം നമ്മള്‍ നടപ്പിലാക്കി. അവയ്ക്കു പുറമെ വാട്ടര്‍ മെട്രോയും ദേശീയ ജലപാതയും തീരദേശ – മലയോര ഹൈവേകളും കെþഫോണും എല്ലാം നമ്മുടെ നാട്ടില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. 4 വിമാനത്താവളങ്ങള്‍ നിലവിലുള്ള സംസ്ഥാനമാണ് കേരളം. പവര്‍ക്കട്ട് ഇല്ലാത്ത ഇന്ത്യന്‍ സംസ്ഥാനവുമാണ് കേരളം. ഇന്റര്‍നെറ്റ് സാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കിയത് കേരളത്തിന്റെ വ്യാവസായിക വികസനത്തിന് അടിത്തറ ഒരുക്കാന്‍ വേണ്ടിക്കൂടിയാണ്.
കേരളത്തില്‍ നിക്ഷേപിക്കാനെത്തുന്ന നിക്ഷേപകര്‍ക്ക് റെഡ്ടേപ്പിസത്തെ നേരിടേണ്ടി വരില്ലായെന്ന് ഉറപ്പുനല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്നിവിടെ നടക്കുന്നത്. നിക്ഷേപ നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നിയമ നിര്‍മ്മാണങ്ങളും നിയമ ഭേദഗതികളും നടപ്പാക്കിയത്. അത്തരത്തിലുള്ളതാണ് 2019 ലെ എം എസ് എം ഇ ഫെസിലിറ്റേഷന്‍ ആക്ട്. ഈ ആക്ട് നിലവില്‍ വന്നശേഷം കെ –സ്വിഫ്റ്റ് പോര്‍ട്ടലിലൂടെ പ്രവര്‍ത്തനാനുമതി നേടുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്നരവര്‍ഷം വരെ പ്രവര്‍ത്തിക്കാവുന്നതാണ്. അതിനുള്ളില്‍ ആവശ്യമായ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയാല്‍ മതിയാകും. വ്യാവസായിക പുനഃസംഘടന ലക്ഷ്യം വച്ചുകൊണ്ടുള്ള നിയമസഭാ സമിതി വ്യവസായ നിയമങ്ങളുടെ ഭാഗമായുള്ള 38 വിഭാഗങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കുകയുണ്ടായി. 12 നിയമങ്ങളും 12 ചട്ടങ്ങളും ഭേദഗതി ചെയ്യണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ഇവയില്‍ ചിലത് നടപ്പാക്കിയിട്ടുണ്ട്. മറ്റുള്ളവ സര്‍ക്കാരിന്റെ പരിഗണനയിലുമാണ്.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ ഘട്ടത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറാന്‍ തയ്യാറെടുക്കുകയാണ് നാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും മെഷീന്‍ ലേണിങ്ങിനുമെല്ലാം മേല്‍ക്കൈവരുന്ന കാലമാണിത്. 2050 ഓടെ ലോകത്തുണ്ടാകുന്ന 75 ശതമാനം തൊഴിലുകളും സ്റ്റെം അഥവാ സയന്‍സ് ടെക്നോളജി എഞ്ചിനീയറിംഗ് മാത്തമാറ്റിക്സ് മേഖലകളില്‍ നിന്നായിരിക്കും എന്നാണ് വിദഗ്ദ്ധാഭിപ്രായം. അതു മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തെ ആദ്യത്തെ ജെന്‍þഎ ഐ കോണ്‍ക്ലേവിന് കേരളം വേദിയായി. അന്തര്‍ദേശീയ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് കേരളത്തില്‍ നടക്കുകയുണ്ടായി.
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കിയത്. എം എസ് എം ഇ മേഖലയിലെ രാജ്യത്തെതന്നെ ബെസ്റ്റ് പ്രാക്ടീസായാണ് കേന്ദ്ര സര്‍ക്കാര്‍ അതിനെ വിലയിരുത്തിയിട്ടുള്ളത്. സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഈ വര്‍ഷം ഫെബ്രുവരി വരെ സംസ്ഥാനത്താകെ 3,46,415 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 22,000 കോടിയിലധികം രൂപയുടെ നിക്ഷേപവും ഏഴേകാല്‍ ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
സ്റ്റാര്‍ട്ടപ്പ് മേഖലയിലും വലിയ തോതിലുള്ള മുന്നേറ്റം നടത്താന്‍ നമുക്കു കഴിഞ്ഞു. പ്രത്യേക സ്റ്റാര്‍ട്ടപ്പ് നയം തന്നെ സർക്കാർ രൂപീകരിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം അത്തരത്തിലൊരു നയം രൂപീകരിച്ചത്. അതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിങ് ലഭ്യമാക്കി, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോര്‍പ്പസ് ഫണ്ട് രൂപീകരിച്ചു. സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ കേള്‍ക്കാനും അവ പ്രാവര്‍ത്തികമാക്കാനും കഴിയുന്ന വിധത്തിലേക്ക് സ്റ്റാര്‍ട്ടപ്പ് മിഷനെ മാറ്റിയെടുക്കുകയും ചെയ്തു. ഇവയെല്ലാംതന്നെ നല്ല നിലയ്ക്കുള്ള ഫലമുണ്ടാക്കി. അതുകൊണ്ടാണ് ഇന്ന് നമ്മുടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 6,200 ആയി വര്‍ദ്ധിച്ചിരിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുക മാത്രമല്ല ചെയ്തത്. ഈ മേഖലയില്‍ നമ്മള്‍ അനേകം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 2022 ലെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ നമ്മള്‍ ടോപ്പ് പെര്‍ഫോര്‍മര്‍ പദവിയിലെത്തി. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ടുപ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റാങ്കിങ്ങില്‍ കേരളം ഏഷ്യയില്‍ ഒന്നാമതാണ്. അതനുസരിച്ച് 2021 നും 2023 നുമിടയില്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 254 ശതമാനം വളര്‍ച്ചയാണുണ്ടായത്. ആ ഘട്ടത്തിലെ ഗ്ലോബല്‍ ശരാശരി 46 ശതമാനം മാത്രമായിരുന്നു.
ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ തലം മുതല്‍ വിദ്യാര്‍ത്ഥികളെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകള്‍ നമ്മള്‍ നടത്തിയിട്ടുണ്ട്. 525 ലധികം ഇന്നൊവേഷന്‍ ആന്‍ഡ് എന്റർപ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് സെന്ററുകള്‍ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് സ്ഥാപിക്കപ്പെട്ടത് കേരളത്തിലാണ്. ഇത്തരത്തില്‍ 22 എണ്ണമാണ് ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഡിസൈന്‍ നടത്തുന്നതിന് ഉപകരിക്കുന്നവയാണ് ഈ ഫാബ് ലാബുകള്‍.
കഴിഞ്ഞ എട്ടര വര്‍ഷംകൊണ്ട് 5,800 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന കേരളത്തിലെത്തിയത്. 900 ത്തിലധികം ആശയങ്ങള്‍ക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി ഉയര്‍ത്തി. ഇതിലൂടെ 151 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 32 കോടി രൂപയുടെ പ്രൊക്വയര്‍മെന്റ് ലഭിച്ചു. ഇത്തരത്തില്‍ കേരളത്തിലെ വ്യാവസായിക മേഖലയെ പുനഃസംഘടിപ്പിക്കുന്നതിന് ബഹുമുഖമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇവയെല്ലാംതന്നെ ഫലം കാണുന്നുവെന്നാണ് നിക്ഷേപക സംഗമത്തിലൂടെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇവിടേക്ക് നിക്ഷേപങ്ങള്‍ വരുന്നതും ഇവിടെ വ്യവസായങ്ങള്‍ വളരുന്നതും കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലുകള്‍ ലഭ്യമാക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഉപകരിക്കും. അങ്ങനെ ലഭിക്കുന്ന അധിക വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിലൂടെ മാത്രമേ സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ കഴിയൂ. അതാകട്ടെ, നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് അത്യന്താപേക്ഷിതമാണുതാനും. അത്തരത്തില്‍ വികസനവും ക്ഷേമവും സമന്വയിക്കുന്ന ഒരു നവകേരളം ഒരുക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. l