Monday, March 17, 2025

ad

Homeകവര്‍സ്റ്റോറിപട്ടണം: ചരിത്രാന്വേഷണത്തിന്റെ 
നാൾവഴികൾ

പട്ടണം: ചരിത്രാന്വേഷണത്തിന്റെ 
നാൾവഴികൾ

ഡോ. സി എം ജസീറ, ശ്രീലത ദാമോദരൻ

റണാകുളം ജില്ലയുടെ വടക്കേ അതിർത്തിയിൽ ചിറ്റാറ്റുകര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം, കടൽ തീരം വെച്ചും കടലെടുത്തും രൂപപ്പെട്ടുവന്ന സാമാന്യം ഉയർന്ന ഒരുതീരദേശഗ്രാമമാണ്. കൊടുങ്ങല്ലൂർ ഭാഗത്തുകൂടി ഒഴുകി അഴിക്കോട് അഴിമുഖം വഴി അറബിക്കടലിൽ സംഗമിക്കുന്ന പെരിയാറിന്റെ തെക്കേ കരയിലും, വരാപ്പുഴക്കായൽ എന്ന പേരിൽ വരാപ്പുഴ ഭാഗത്തുകൂടി ഒഴുകി കൊച്ചി അഴിമുഖം വഴി അറബിക്കടലിൽ സംഗമിക്കുന്ന പെരിയാറിന്റെ വടക്കെ കരയിലുമായാണ് ഇന്ന് പട്ടണം സ്ഥിതിചെയ്യുന്നത്. അറബിക്കടലിനു സമാന്തരമായി പടിഞ്ഞാറൻ അതിർത്തിയിലൂടെ ഒഴുകുന്ന തത്തപ്പള്ളി /മുനമ്പം കായലിൽ നിന്നും തെക്കേ അതിർത്തി വെച്ച പറവൂർ തോട്ടിൽ നിന്നും കയറിക്കിടക്കുന്ന ഒരു കാലത്തു സമൃദ്ധിയോടെ ഒഴുകിയിരുന്ന തോടുകളുടെയും കൈത്തോടുകളുടെയും ശേഷിപ്പുകൾ നിറഞ്ഞ പട്ടണത്തുനിന്ന് വിവിധ സംസ്കാരങ്ങളെയും കാലഘട്ടങ്ങളെയും ബന്ധിപ്പിക്കുന്ന തദ്ദേശീയവും വിദേശീയവുമായ നിരവധി പുരാവസ്തുതെളിവുകൾ അക്കാദമിക് ഇടപെടലിലൂടെ പുറത്തു വരുന്നതുവരെ അതിന്റെ പ്രാദേശിക സ്വത്വത്തിൽ ഒതുങ്ങിയിരിക്കുകയായിരുന്നു ഈ പ്രദേശം.

പട്ടണം പ്രദേശത്തെ പരിസ്ഥിതിയുമായി ഇഴുകിചേർന്നായിരുന്നു ഒരു പരിധിവരെ പട്ടണം പ്രദേശവാസികളുടെ ജീവിതവും. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന വടക്കേക്കര വില്ലേജിന്റെ പകുതിയും പറവൂർ താലൂക്കിന്റെ പകുതിയും ചേർന്ന് ചിറ്റാട്ടുകര പഞ്ചായത്തിന്റെ രൂപീകരണസമയത്ത്, 1953-ൽ, നൂറോളം കുടുംബങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളു.ഇന്നിവിടം പല ജാതി–മത വിഭാങ്ങളിൽപ്പെട്ട കുടുംബങ്ങളുടെ ഒരു സമന്വയമാണ് .അവർ അടുത്തടുത്തായി പാർത്തുവരുന്നു. ഉൾനാടൻ ആഴക്കടൽ മൽസ്യബന്ധനം, നീർനിലക്കൃഷി, പറമ്പു കൃഷി, തവണവ്യവസ്ഥയിൽ വെള്ളി, മരം ഉരുപ്പടികളുടെ വ്യാപാരവും കച്ചവടവുമുൾപ്പെടെയുള്ള മറ്റ് ഉപജീവനമാർഗങ്ങളുമായി പട്ടണം പ്രദേശത്തെ അവർ ചലിപ്പിക്കുന്നു. ഇതിനിടയിൽ നാടിന്റെ പ്രാചീനസംസ്കൃതി ഒളിഞ്ഞിരിക്കുന്ന മണ്ണിൽപ്പതഞ്ഞ ശേഷിപ്പുകൾ, വിവിധ വർണങ്ങളിലുള്ള കല്ലുകളും മുത്തുകളും മൺപാത്രകഷ്ണങ്ങൾ ഇഷ്ടികക്കെട്ടുകൾ ഒക്കെയായി വീട്ടുപരിസരത്തും പറമ്പിലും, കനത്തമഴയത്തും മനുഷ്യ ഇടപെടൽകൊണ്ടും മണ്ണിൻ മറനീക്കി പലകാലങ്ങളിലായി പുറത്തുവരുന്നുണ്ട്. പേടിപ്പെടുത്തുന്ന കെട്ടുകഥകളിലും പായിക്കമൂപ്പന്റെ മാന്ത്രികതയിലുമായി ഒരുകാലത്ത് അത് ഒതുങ്ങി. കാലം മാറിമാറിവന്നതോടെ കൗതുകത്തിന്റെ പുറത്ത് പലരും അതെടുത്തു സ്വകാര്യശേഖരമാക്കി. ആതിരയേയും ആനന്ദിനെയും പോലെയുള്ള കുട്ടികളുടെ ജാമിതീയപ്പെട്ടിയിൽ അത് ഇടംപിടിച്ചു. ഗുരുവായൂർ മുതൽ ഏങ്ങണ്ടിയൂർ വരെ നീണ്ടു കിടക്കുന്ന തീരപ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊച്ചിൻയൂണിവേഴ്സിറ്റിയിലെ തന്റെ ഗവേഷണത്തിന്റെ ഭാഗമായി ആഴത്തിൽ അന്വേഷിക്കുകയും ഈ പ്രദേശത്തെ മനുഷ്യവാസത്തിന്റെ ചരിത്രം തേടി ഇരുമ്പുയുഗ കാലഘട്ടത്തോളം സഞ്ചരിക്കുകയും ചെയ്ത ഡോ.കെ .പി ഷാജൻ തനിക്കു ലഭിച്ച അറിവിനെ ഗവേഷണബുദ്ധിയോടെ ഒരു ട്രെയിൻ യാത്രയിൽ സഹയാത്രികൻ പട്ടണത്തുകാരനായ വിനോദിനോട് പങ്കുവെക്കുന്നിടത്ത് പട്ടണത്തിന്റെ ഈ ചരിത്ര–പുരാവസ്തു പ്രാധാന്യം പൂർണമായും മറനീക്കി പുറത്തുവന്നു . യാഥാർത്ഥ്യവും കെട്ടുകഥകളും യുക്തിയും തമ്മിലുള്ള സംഘർഷം ചരിത്രാന്വേഷണത്തിലും ചരിത്രരചനയിലും പ്രത്യേകിച്ചും പ്രാചീനകാല ചരിത്രരചനയിൽ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നത്തിലും സംശയിക്കുന്നതിലും വഴിവെച്ചിട്ടുണ്ട് . അവിടെയാണ് കൂടുതൽ ശാസ്ത്രീയമായി അപഗ്രഥനം സാധ്യമാകുന്ന അക്കാദമികതലത്തിലുള്ള ഗവേഷണപ്രവർത്തനങ്ങളും പഠനങ്ങളും പ്രസക്തമാവുന്നത്. ഇത്തരം കടലിന്റെ കയറ്റിറക്കങ്ങളുടെ ഫലമായി വർഷങ്ങൾ എടുത്ത് ഭൂവ്യതിയാനങ്ങളിലൂടെ രൂപപ്പെട്ടുവന്ന പട്ടണത്തിന്റെ മൺതിട്ടയിൽ ഏകദേശം രണ്ടായിരം വർഷങ്ങൾക്കുമുമ്പുതന്നെ മനുഷ്യ ജീവിതത്തിന്റെയും ഇടപെടലിന്റെയും കൈമാറ്റത്തിന്റെയും കച്ചവടത്തിന്റെയും ചരിത്രമുണ്ടെന്നു പുരാവസ്തുവിദഗ്ധനും സുഹൃത്തുമായ ഡോ വി. സെൽവകുമാറിനൊപ്പം നടത്തിയ ആദ്യകാല അന്വേഷണങ്ങളിൽ തന്നെ ഡോ.കെ .പി ഷാജൻ കണ്ടെത്തി. 2001 ൽ ജോലി ചെയ്തിരുന്ന സ്ഥാപനമായ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ സഹായത്തോടെ പ്രാഥമിക പരിശോധനകൾ (Trail Excavation) ഷാജനും സെൽവകുമാറും ഈ പ്രദേശത്തു നടത്തി. ചൈനാക്കടൽ തീരം മുതൽ മെഡിറ്ററേനിയൻ തീരംവരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലേക്കും പേർഷ്യൻ ഉൾക്കടൽ തീരപ്രദേശങ്ങളിലേക്കും നീളുന്ന വാണിജ്യശൃഖലയിൽ പട്ടണം പ്രദേശത്തിനുള്ള പ്രാധാന്യത്തിന്റെ അടിവേരുകളിലേക്കിറങ്ങി പരിശോധിച്ച് വർത്തമാന കാലത്തിനുമുന്നിൽ അത് അവതരിപ്പിക്കാൻ ഈ പ്രാഥമിക പരിശോധനയിലൂടെ അവർക്കു കഴിഞ്ഞു. ഇതിന്റെ ആഴവും പരപ്പും കൂടുതൽ മനസ്സിലാക്കാൻ 2007 മുതൽ 2015 വരെ 9 ഘട്ടങ്ങളിലായി ബഹുവിഷയീ സമീപനം അടിസ്ഥാനമാക്കി ദേശീയ അന്തർദേശീയ അക്കാദമിക് സഹകരണത്തോടെ ഡോ. പി .ജെ ചെറിയാന്റെ നേതൃത്വത്തിലുള്ള കേരളചരിത്ര ഗവേഷണ കൗൺസിലുമായി ചേർന്നുനടത്തിയ ഉത്ഖനനങ്ങളിലൂടെ (excavation) സാധിച്ചു.തെളിവ്, വ്യാഖ്യാനം, വസ്തുനിഷ്ഠത എന്നിവ ചരിത്രപഠനത്തിൽ പ്രധാനമാണ്. ഉറവിടങ്ങൾ പലവിധ തെളിവുകൾ നൽകുന്നു, വ്യാഖ്യാനം അർത്ഥം ചേർക്കുന്നു, വസ്തുനിഷ്ഠത പക്ഷപാതരഹിതമായ വിശകലനം ഉറപ്പാക്കുന്നു, ഇത് കൃത്യമായ ചരിത്രാഖ്യാനങ്ങൾ നിർമിക്കുന്നു. കെസിഎച്ച്ആറിനെ തുടർന്ന് 2020-–21ൽ ഡോ.പി ജെ ചെറിയാന്റെ നേതൃത്വത്തിലുള്ള പാമ എന്ന സ്ഥാപനത്തിന്റെ കീഴിലും 2024ൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും ഉത്ഖനന പ്രവർത്തനങ്ങൾ നടന്നു.

പട്ടണം പ്രദേശത്തെ പുരാവസ്തുസാക്ഷ്യങ്ങളും അവനൽകുന്ന ഉൾക്കാഴ്ചകളും വളരെ ഗൗരവമേറിയ പാഠങ്ങളാണ് നൽകിയത്. പ്രാചീനകേരളത്തെക്കുറിച്ചുള്ള ധാരണകളെ ഇത് വൻതോതിൽ മാറ്റിയിട്ടുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകതകളും കനത്തമഴയും പൗരാണികാവശിഷ്ടങ്ങളെ കടലിൽതള്ളിക്കളയാം എന്ന പ്രായോഗികയുക്തിയെ ഇത് തകിടം മറിച്ചു. പലകാലങ്ങളിൽ ജീവിച്ച മനുഷ്യരുടെയും പ്രകൃതിയുടെയും ഇടപെടലുകളിലൂടെ രൂപപ്പെട്ടുവന്ന പട്ടണത്തിലെ മണ്ണടരുകളിലാണ് ഉത്ഖനന പ്രവർത്തനങ്ങൾ നടന്നത്. പട്ടണം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി അറുപത്തിയൊന്നോളം വരുന്ന ചെറുതും വലുതുമായ സ്ഥാനങ്ങളാണ് (trench ) കെസിഎച്ച് ആർ ഇതിനായി തിരഞ്ഞെടുത്തത് . ഒമ്പതു ഘട്ടങ്ങളിലായി നടന്ന പുരാവസ്തുപഠനത്തിലൂടെ മണ്ണടരുകളിൽ ഇഴുകിച്ചേർന്നു കിടന്നിരുന്ന മനുഷ്യജീവിതത്തിന്റെ മറനീക്കിയെടുത്ത മനുഷ്യനിർമിത അടയാളങ്ങളെ പൊതുവെ വർഗീകരിക്കുകയാണെങ്കിൽ അത് കല്ലിലും സ്ഫടികത്തിലും (glass) ലോഹങ്ങളിലും, ചുട്ടകളിമണ്ണിലും തീർത്തവയാണെന്നു കാണാം.

ഇവയിൽ പട്ടണത്തിന്റെ ആദ്യകാല ചരിത്രഘട്ടത്തെ അടയാളപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കല്ലുകളിൽ നിർമ്മിച്ച വസ്തുക്കൾ. സെമി-പ്രഷ്യസ് കല്ലുകൾ (semi precious stones) എന്ന് പുരാവസ്തു ശാസ്ത്രത്തിൽ വിളിപ്പേരുള്ള, രത്നങ്ങൾ എന്ന് സാഹിത്യത്തിലും, മുത്ത് എന്ന് പൊതുവേയും അറിയപ്പെടുന്ന അഗേറ്റ്, കാർണീലിയൻ, ചാൾസിഡോണി തുടങ്ങിയ വിവിധതരം കല്ലുകളാൽ നിർമിച്ച പല വലിപ്പത്തിലും ആകൃതിയിലുമുള്ള മുത്തുകൾ പട്ടണത്തുനിന്ന് ധാരാളം ലഭിച്ചിട്ടുണ്ട്.പണി തീർത്ത മുത്തുകൾ മാത്രമല്ല, ഒരു കല്ലിൽ നിന്ന് മുത്തിലേക്കുള്ള സഞ്ചാരത്തിന്റെ വിവിധ നിലകളെ അടയാളപ്പെടുത്തുന്ന അവശിഷ്ടങ്ങളായ ബ്ലോക്ക്‌ലറ്റ്സുകളും (bloklets) റഫ്ഔട്ടുകളും (rough outs) മുത്ത് ബ്ലാങ്കുകളും (bead blanks) കൂടാതെ ഒരു കല്ലിനെ മുത്തായി പരുവപ്പെടുത്തുന്നതിന്റെ ഭാഗമായി അവയിൽനിന്നു ചിന്നിച്ചിതറിച്ചു കളഞ്ഞ ചീളുകളും പൊട്ടുകളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. വിവിധവർണങ്ങളിലുള്ള വർണക്കല്ലുകളുടെ സാന്നിധ്യം ഉന്നയിക്കുന്ന പ്രധാന ചോദ്യം അവയുടെ ഉറവിടത്തെയും വരവിനെയും കുറിച്ചാണ്. പുരാവസ്തു ശാസ്ത്രജ്ഞർ ഇതിനായി ഉറവപഠനമെന്ന (provenance studies) മാർഗ്ഗമാണ് സ്വീകരിക്കുന്നത്. പ്രധാനമായും ധാതുസംയോജനത്തിന്റെ ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ (petrographic analysis) ഇത് സാധ്യമാകും.

ഇതിൽ അഗേറ്റ്, കാർണീലിയൻ, എന്നീ കല്ലുകൾ ഇന്ത്യയിൽ ഗുജറാത്തിൽ മാത്രം കാണപ്പെടുന്നവയാണ്. ബെറിൽ എന്ന കല്ലിന്റെ ഒരു ഉറവിടം കോയമ്പത്തൂർ പ്രദേശമാണ്. ഇതിനർത്ഥം വിവിധ പ്രദേശങ്ങളിൽ നിന്നും വിവിധതരം കല്ലുകൾ ശേഖരിച്ചു പട്ടണത്ത് എത്തിച്ചിരുന്നുവെന്നാണ്. എന്തിനുവേണ്ടിയാണ് ഈ വർണ്ണക്കല്ലുകൾ പട്ടണത്ത് എത്തിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കെത്തണമെങ്കിൽ ഈ മേഖലയിൽ നിന്നുള്ള ശേഷിപ്പുകളുടെ കൃത്യമായ പഠനങ്ങൾ നടന്നിരിക്കണം. വർണ്ണക്കല്ലുകൾക്കു രൂപപരിണാമം നടത്തുമ്പോൾ അതിൽനിന്നും അടർന്നു വീണിരിക്കുന്ന ചീളുകളും പൊട്ടുകളും, പരിണാമ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ബ്ലോക്ക്‌ലേലറ്റ്സകളും റഫ്ഔട്ടുകളും, കല്ലിലുള്ള മുത്തുകളും പതക്കകല്ലുകളും, അതോടൊപ്പം ഇവയുടെ നിർമ്മിതിക്കാവശ്യമായ ചാണക്കല്ലുകൾ പോലുള്ള വസ്തുക്കളുമെല്ലാം ചേർത്തുവെക്കുമ്പോൾ ലഭിക്കുന്ന ഒരു ചിത്രം പട്ടണം പ്രദേശത്ത് ആദ്യകാല ചരിത്രഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു വെന്നതാണ്. രത്നങ്ങളുടെ പണിശാലകൾ പട്ടണത്തെ മണ്ണടരുകളിൽ നിന്ന് അരിച്ചെടുത്ത വസ്തുക്കളിൽ എണ്ണകൊണ്ട് മുൻപന്തിയിൽ നിൽക്കുന്നവയാണ് സ്പടിക മുത്തുകൾ (glass beads). ഇൻഡോ-പസഫിക് മുത്തുകൾ എന്നു പൊതുവിൽ വിളിക്കുന്ന മുത്തുകളാണ് ഇവയിൽ ഏറെയും. തൊണ്ണൂറായിരത്തിൽ അധികം വരുന്ന ഈ സ്ഫടിക മുത്തുകൾ വലിപ്പം കൊണ്ടും, ആകൃതികൊണ്ടും, നിറംകൊണ്ടും വ്യത്യസ്തമാണ്. പലവിധ വൈവിധ്യങ്ങൾ പേറുന്ന ഈ മുത്തുകളുടെ എണ്ണത്തിലുള്ള ആധിക്യം സ്പടിക മുത്തുകളുടെ നിർമ്മാണകേന്ദ്രമായിരുന്നോ പട്ടണം എന്ന സംശയത്തിലേക്കു നമ്മളെ നയിക്കാം. അത്തരത്തിലൊരു നിർമ്മാണകേന്ദ്രമായിരുന്നെങ്കിൽ നിർമാണവുമായി ബന്ധപ്പെട്ട ഉപോല്പന്നങ്ങൾ ലഭിക്കേണ്ടതുണ്ട്. പട്ടണത്തുനിന്ന് ഇത്തരത്തിലുള്ള ഉപോല്പന്നങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മുത്തുകളുടെ ഉപോല്പന്നങ്ങളുടെ അനുപാതം മുത്തുകളെ അപേക്ഷിച്ചു തുലോം തുച്ഛമാണ്. ആദ്യകാല ഇന്ത്യൻ മഹാസമുദ്ര വാണിജ്യക്കെെമാറ്റ ശൃംഖലയുടെ ഭാഗമായിട്ടുള്ള ഭൂരിഭാഗം പുരാവസ്തു ഇടങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഈ ഇൻഡോ-പസഫിക് സ്ഫടിക മുത്തുകൾ. ഇവയുടെ എണ്ണത്തിലെ ആധിക്യവും വൈവിധ്യവും പട്ടണം ഒരു വ്യാപാരക്കെെമാറ്റ കേന്ദ്രമാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സാധ്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്ന തെളിവുകളാണ് മൺപാത്രകഷ്ണങ്ങളുടെ സൂക്ഷ്മപരിശോധനയിൽ നിന്നു തെളിയുന്നത്. ചില മൺപാത്രങ്ങളിലെ ധാതുസംയോജനം ശാസ്ത്രീയമായി അപഗ്രഥിക്കുമ്പോൾ കേരളത്തിന്റെയോ കേരളത്തിനുപുറത്തുള്ള മറ്റുസംസ്ഥാനങ്ങളുടെയോ ഭൗമ രൂപവിജ്ഞാനീയവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നവയല്ല അവയെന്ന് കാണാൻ കഴിയും. മറിച്ച് മെഡിറ്ററേനിയൻ, വെസ്റ്റ് ഏഷ്യൻ, ഈജിപ്ത് തുടങ്ങിയ ഭൂപ്രദേശങ്ങളുമായി പൊരുത്തപ്പെടുന്നവയാണെന്ന് തിരിച്ചറിയാനാവും. മെഡിറ്ററേനിയൻ ചെങ്കടൽ പ്രദേശങ്ങളിൽനിന്നുള്ള ആംഫോറകളുടെ ശകലങ്ങൾ പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നിന്നുള്ള ടോർപിഡോ, ഒവോയ്ഡ് ജാറുകൾ, ടർകൊയിസ് ഗ്ലൈയ്‌സ്‌ഡ് വെയർ എന്നിവയൊക്കെ ഇത്തരത്തിലുള്ള മൺപാത്രക്കഷ്ണങ്ങൾക്കുദാഹരണങ്ങളാണ്. റൂലറ്റഡ് വെയർ മൺപാത്രക്കഷ്ണങ്ങളുടെ ധാതുസംയോജനമെടുത്തു പരിശോധിക്കുമ്പോൾ അത് പൊരുത്തപ്പെടുന്നത് കേരളത്തിനുപുറത്തുള്ള എന്നാൽ ഇന്ത്യക്കകത്തുള്ള പ്രദേശങ്ങളുമായി ഉണ്ടായിരുന്ന സമ്പർക്കത്തിന്റേതാണ്. ഇതോടൊപ്പം 6,30,600 മണ്ണടരുകളിൽ നിന്നും പ്രാദേശികമായി നിർമിച്ച മൺപാത്രക്കഷ്ണങ്ങളുടെ അസംഖ്യംകഷ്ണങ്ങളും ലഭിച്ചിട്ടുണ്ട് .ചുരുക്കിപ്പറഞ്ഞാൽ വളരെ പ്രാദേശികമായതുൾപ്പെടെ തൊട്ടയല്പക്ക സംസ്ഥാനമായ തമിഴ്നാട് മുതൽ ഗംഗാ നദീതടം വരെ നീളുന്നതും ചെങ്കടൽ മെഡിറ്ററേനിയൻ പ്രദേശങ്ങളെയും പേർഷ്യൻ ഗൾഫ് പ്രദേശങ്ങളെയും ബന്ധിക്കുന്നതുമായ തെളിവുകൾ മൺപാത്രക്കഷ്ണങ്ങളായി പട്ടണത്തുനിന്നും ലഭിച്ചിട്ടുണ്ട്.ഇതു സൂചിപ്പിക്കുന്നത് ദീർഘദൂര കച്ചവട കൈമാറ്റത്തോടൊപ്പം കടൽ വഴിയും കരവഴിയുമുള്ള ഹ്രസ്വദൂര കച്ചവട കൈമാറ്റത്തെക്കൂടിയാണ്.

ലോഹം ഉരുക്കാനായി ഉപയോഗിക്കുന്ന മൂശയുടെ ഭാഗങ്ങളും അസംസ്കൃതവസ്തുവിൽ നിന്നും വേർപെടുത്തപ്പെട്ട വിവിധ ലോഹമാലിന്യങ്ങളുടെ (slag) സാന്നിധ്യവും ഇരുമ്പ്, ചെമ്പ്, ഈയം എന്നിവ ഉൾപ്പെടുന്ന ലോഹനിർമിത വസ്തുക്കളുടെ സാന്നിധ്യവും ഇതോടൊപ്പം ചേർത്ത് പറയേണ്ടതുണ്ട് . ഇതിൽ ഈയം പോലെയുള്ള ലോഹനിർമിതവസ്തുക്കളുടെ അസംസ്കൃതവസ്തുക്കൾ ഈയചുരുളകളുടെ രൂപത്തിലാണ് ലഭ്യമാവുന്നതെന്നത് പ്രാധാന്യമുള്ള കാര്യമാണ്. ചെമ്പിലും ഇരുമ്പിലും 202 നാണയങ്ങൾ, ഇരുമ്പാണികൾ, ആയുധങ്ങൾ,സ്വർണനൂലുകൾ, ആഭരണങ്ങൾ എന്നിവയും ഒപ്പം മൂശയും അസംസ്കൃതവസ്തുക്കളും നൽകുന്ന സൂചനകൾ ലോഹസംസ്കരണത്തിനും ലോഹനിർമിതവസ്തുക്കൾ നിർമിക്കുന്നതിനും ആവശ്യമായ പണിപ്പുരകൾ പട്ടണത്തു തന്നെ പ്രവർത്തിച്ചിരുന്നുവെന്നതാണ്. അങ്ങനെ വരുമ്പോൾ മുൻപ് സൂചിപ്പിച്ചിട്ടുള്ള തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ വ്യത്യസ്ത നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന 6303 ഇടമായിരുന്നു ആദ്യകാല ചരിത്രഘട്ടത്തിലെ പട്ടണം പ്രദേശമെന്നു മനസ്സിലാക്കാൻ കഴിയും. ഇരുമ്പിലും ചെമ്പിലും ഈയത്തിലും പണിചെയ്യുന്നവർ കല്ലിലും സ്ഫടികത്തിലും മുത്തുകൾ ഉണ്ടാക്കുന്നവർ എന്നിങ്ങനെ വിവിധതരം തൊഴിലിൽ വൈദഗ്ധ്യം നേടിയവരും അവരുടെ പണിശാലകളും പട്ടണത്തുണ്ടായിരുന്നിരിക്കാം. വിവിധനിലയ്ക്കു വൈദഗ്ധ്യം നേടിയ സാധാരണ മനുഷ്യരുടെ രാഷ്ട്രീയ-, സാമ്പത്തിക വ്യവഹാരങ്ങളിലെ പങ്കും ചരിത്രത്തിലുള്ള അവരുടെ ഇടവുമാണിവിടെ അടയാളപ്പെടുത്തുന്നത്.

പട്ടണത്തുകണ്ടെത്തിയ ചുട്ട ഇഷ്ടികയിൽ തീർത്ത കെട്ടിടാവശിഷ്ടങ്ങൾ, മേച്ചിലോടുകളും അവ ഉറപ്പിച്ചുനിർത്തിയ ആണികളും,ഇഷ്ടികയിലും ചെങ്കല്ലിലും തീർത്ത കടത്ത്, ആഞ്ഞിലിയിൽ പണിത തോണി,തോണി കെട്ടാനുപയോഗിച്ച തേക്കിൽ തീർത്ത കുറ്റികൾ,വിവിധഭാഗങ്ങളിൽ കണ്ടെത്തിയ ശുദ്ധജലസംഭരണത്തിനായുള്ള മണിക്കിണറുകൾ, മലമൂത്രവിസർജനത്തിനുള്ള സ്വകാര്യ ഇടങ്ങൾ എന്നിവ പ്രാചീനമായ നഗരാധിവാസത്തിന്റെ സാധ്യതകളിലേക്കു വെളിച്ചം വീശുന്നു. കൂടുതൽ ആഴത്തിൽ പട്ടണത്തെ തെളിവുകൾ പരിശോധിക്കുമ്പോൾ സംഘടിതവും വ്യത്യസ്ത തൊഴിൽ വൈദഗ്‌ധ്യം നേടിയതും വളരെ ആസൂത്രിതവും തദ്ദേശീയ – വൈദേശിക കച്ചവടത്തെയും ജീവിതത്തെയും ചലിപ്പിച്ചതുമായ 63,003 സമൂഹം ആദ്യകാലചരിത്രഘട്ടം മുതൽക്കേ പട്ടണത്തുണ്ടായിരുന്നുവെന്നു നിസംശയം തെളിയിക്കാൻ കഴിയും. രക്തബന്ധാടിസ്ഥാനത്തിൽ നിൽക്കുന്ന ഗോത്രവ്യവസ്ഥമാത്രമായി ഇതിനെ ചുരുക്കാൻ കഴിയില്ല.കൈമാറ്റത്തെയും കച്ചവടത്തെയും കുറിച്ചായാലും ജനജീവിതത്തെ കുറിച്ചായാലും പെരിപ്ലസ്, പ്ലീനി മുതലായവയിലെയും പഴന്തമിഴ് പാട്ടുസാഹിത്യത്തിലേയും ഗ്രീക്കോറോമൻ സഞ്ചാരികളുടെ സഞ്ചാരസാഹിത്യത്തിലെയും പല സൂചനകളെയും സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളാണ് ആദ്യകാല ചരിത്രകാലഘട്ടങ്ങളിലെ മണ്ണടരുകളിൽനിന്നും പട്ടണത്ത് ലഭിക്കുന്നത്. പുരാവസ്തുപരമായ പ്രാധാന്യത്തിനൊപ്പം പട്ടണം പ്രദേശം രൂപപ്പെട്ടുവന്നതിന്റെ ഭൂമിശാത്രപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്തുകൊണ്ട് വേണം പട്ടണത്തെ മനസ്സിലാക്കാൻ. ആദ്യകാലചരിത്രകാലഘത്തിൽ നിന്നുള്ള തുടർച്ചയുടെ ചരിത്രവും പട്ടണത്തുനിന്നും അതിന്റെ പരിസരപ്രദേശങ്ങളിൽ നിന്നുമായി കണ്ടെത്താൻ കഴിയുന്നുണ്ട്. പട്ടണത്തിന്റെ ചരിത്രം ആ പ്രദേശത്തിന്റെ മാത്രം ചരിത്രമല്ല വെളിച്ചത്തുകൊണ്ടുവരുന്നത്, അത് നാം ഓരോരുത്തരുടെയും പരുവപ്പെടലുകളുടെ കൂടി ചരിത്രമാണ്. ആ ചരിത്രം മനുഷ്യ വംശത്തിന്റെ കലർപ്പിനെ ഉത്ഘോഷിക്കുന്നുമുണ്ട്.അതുകൊണ്ടുതന്നെ ഒരു വ്യക്തി എന്നനിലയിലും ഒരു സമൂഹമെന്ന നിലയിലും നമ്മുടെ ചരിത്രത്തെ അറിയുക എന്നുള്ളത് വർത്തമാനകാലത്തിന്റെ ആവശ്യവും വരുംകാലത്തേക്കുള്ള പരുവപ്പെടലുമാണ്.

വർത്തമാനകാലത്തിനുവേണ്ടി നമ്മൾ എങ്ങനെയാണ് രൂപപ്പെട്ടതെന്നതിന്റെ ചരിത്രവും സംസ്കാരവും സമൂഹം സംരക്ഷിക്കേണ്ടത് നിർണായകമാണ്. ദുരന്തങ്ങളുടെയും അതിജീവനത്തിന്റെയും സഹനത്തിന്റെയും കഥകൾ ചരിത്രത്തിന്റെ പ്രദർശനശാലകൾക്കു പറയാനാകും. വീടുകളിലോ സ്വന്തം അതിർത്തിയിലോ മനോനിലയിലോ മാറ്റം വരുത്താൻ ഇത് ആളുകളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. മ്യൂസിയങ്ങൾ സാംസ്കാരിക ഡാറ്റാബാങ്കുകൾ ആണ് . പുരാവസ്തുശേഷിപ്പുകളുടെ സാംസ്കാരിക ഭൂതകാലവും ശേഖരണവും അവതരണവും സാധ്യമാക്കുന്നത് അവയും സമകാലിക പൊതുബോധവും തമ്മിലുള്ള ക്രിയാത്മക സംവേദനമാണ്. ഈ അർത്ഥത്തിൽ പട്ടണത്തിലെ ശേഷിപ്പുകളുടെ സൂക്ഷ്മവും കൃത്യതയാർന്നതുമായ അവതരണം നിർണായകമായ ഒരു പഠനപ്രവർത്തനമാണ്.

അതിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കൂടുതൽ അന്വേഷണങ്ങൾക്കു പ്രേരകമാകുന്ന വിധം പട്ടണത്തുള്ള ഈ പുരാശേഖരങ്ങളെ മ്യൂസിയം എന്ന സ്ഥാപനത്തിനുള്ളിൽ അവതരിപ്പിക്കേണ്ടതുണ്ട്. അതിനാവശ്യമായ പ്രവർത്തനങ്ങൾ കേരള ചരിത്ര ഗവേഷണ കൗൺസിൽ പൊതു പങ്കാളിത്തത്തോടെ പട്ടണം ഉത്ഖനന പ്രദേശത്തു തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ കെട്ടിട സമുച്ചയങ്ങൾ കേരള വിനോദസഞ്ചാര വകുപ്പിന്റെ ധനസഹായത്തിൽ മുസരീസ്സ് പദ്ധതിയിലൂടെ പൂർത്തിയായിക്കഴിഞ്ഞു.പട്ടണം പുരാവസ്തുക്കളെ സംരക്ഷിക്കുന്നതിനൊപ്പം പുരാവസ്തുവിജ്ഞാനീയത്തിലും ചരിത്രത്തിലും താല്പര്യമുള്ള ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള സന്ദർശകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും മറ്റും പട്ടണത്തെ അറിയാനും പഠിക്കാനും താൽപ്പര്യം ഉണ്ടാക്കാൻ കഴിയുന്ന തരത്തിൽ കൃത്യമായി സംവദിക്കുന്നതും സ്വയം വ്യാഖ്യാനിക്കുന്നതുമായ മ്യൂസിയം ആയി അതു മാറും. അതിനാവശ്യമായ ഇടപെടലുകൾ പട്ടണം പ്രദേശം കേന്ദ്രീകരിച്ചു നടന്നു കൊണ്ടിരിക്കുന്ന നിർണായക സന്ദർഭമാണിത്. പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ആർജിച്ച അറിവിനെ തിട്ടപ്പെടുത്തുന്നതിലും പുതിയ അറിവ് ഉൽപ്പാദിപ്പിക്കുന്നതിലും അതിനിർണായകമായ സ്ഥാനം ഉണ്ട്. അതിനാൽ പുരാവസ്തു ഉത്ഖനനത്തിലൂടെ കണ്ടെത്തിയ പുരാവസ്തുശേഷിപ്പുകളുടെ പ്രസക്തി, അർത്ഥം മുതലായവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുതകുന്നതരത്തിലുള്ള വിശകലനങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ട്. ഈ നിർണായക പ്രവർത്തനം ഉത്ഖനനത്തിനു മുൻപുള്ള പട്ടണംപ്രദേശത്തിന്റെയും അവിടുത്തെ പുരാവസ്തുശേഷിപ്പുകളുടെയും സൂക്ഷ്മമായ പഠനങ്ങളിലൂടെ കേരള ചരിത്ര ഗവേഷണ കൗൺസിൽ തുടക്കംകുറിച്ചിട്ടുണ്ട്. ഒപ്പം ചരിത്രപഠനരംഗത്തെ ജ്ഞാനോൽപ്പാദനത്തിന്റെയും വ്യാപനത്തിന്റെയും ഒരു കേന്ദ്രം എന്നനിലയിൽ പഠന സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ അക്കാദമികബന്ധങ്ങൾ വളർത്താനുള്ള ശ്രമങ്ങളും പട്ടണം കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 18 =

Most Popular