കഴിഞ്ഞ ഏതാണ്ട് രണ്ട് ദശകങ്ങളിലായി പുരാവസ്തു ഗവേഷണരംഗത്തും ചരിത്ര പഠനത്തിലും മാതൃകാപരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഒരു പ്രവർത്തനമാണ് പട്ടണം ഉത്ഖനനം. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഒരുസംഘം ഗവേഷകർ ചേർന്ന് കണ്ടെത്തിയ ചരിത്ര സ്മാരകങ്ങളെ ഏതാനും വർഷം നീണ്ടുനിന്ന ഉത്ഖനനത്തിലൂടെ ലോകമാസകലം എത്തിച്ചത് ഏതാണ്ട് ഇതേകാലത്തുതന്നെ രൂപീകരിക്കപ്പെട്ട കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (കെ സി എച്ച് ആർ) എന്ന സ്ഥാപനമായിരുന്നു. 2006 മുതൽ 2015 വരെ നടന്ന ഉത്ഖനനങ്ങൾ കേരളത്തിൽ ആദ്യമായി ഒരു വാണിജ്യ വ്യാപാര കേന്ദ്രത്തിന്റെയും ഉത്പാദന കേന്ദ്രത്തിന്റെയും അതുമായി ബന്ധപ്പെട്ട ഒരു ആവാസ കേന്ദ്രത്തിന്റെയും തെളിവുകൾ പുറത്തുകൊണ്ടുവന്നു. കേരളത്തിൽ പ്രാചീനകാലത്തെ ഇന്തോ – റോമൻ വാണിജ്യത്തിന്റെ പ്രകടമായ തെളിവായി പട്ടണം വിലയിരുത്തപ്പെട്ടു.
പട്ടണം ഉത്ഖനനത്തിന്റെ ആദ്യഘട്ടം കഴിഞ്ഞതിനുശേഷം കണ്ടെത്തപ്പെട്ട ശേഷിപ്പുകളുടെ വിലയിരുത്തലും അവയെ ആധാരമാക്കിയുള്ള ഗവേഷണ പഠനങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്. ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തിൽ ഗവേഷണത്തിലും പര്യവേക്ഷണത്തിലും ഏറെ മുന്നോട്ടുപോകേണ്ടതാണെന്ന തിരിച്ചറിവ് ഇതുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഗവേഷകർക്കുണ്ട്. അതേസമയം കണ്ടെത്തലുകളുടെ പ്രാധാന്യത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകൾ പൊതുവേദികളിൽ നടക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള വിശദീകരണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഇന്തോ റോമൻ വാണിജ്യം ഇന്ത്യാ ചരിത്ര നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചർച്ചാവിഷയമായിരുന്നു. റോമാസാമ്രാജ്യഘട്ടത്തിന്റെ വിവിധ ദശകങ്ങളിൽ എഴുതപ്പെട്ട പ്ലിനി, ടോളമി എന്നിവരുടെ രചനകളിലും അജ്ഞാതകർത്തൃകമായ ‘പെരിപ്ലസ് ഓഫ് ദ എറിത്രിയൻ സീ’ എന്ന രചനയിലും റോമും ഇന്ത്യയിലെ വിവിധ തുറമുഖങ്ങളും തമ്മിൽ നടന്ന വാണിജ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ഇന്ത്യയുടെ പശ്ചിമതീരത്ത് സൊപാര, കലേ-്യന, ഹീലി, ടിൻഡിസ്, മുസിരിസ്, നെൽകിന്ദ മുതലായ തുറമുഖങ്ങളുമായി റോമൻ വ്യാപാരികൾ വാണിജ്യം നടത്തിയതായും അവിടെനിന്ന് സുഗന്ധദ്രവ്യങ്ങളും വ്യഞ്ജനങ്ങളും ഇറക്കുമതി ചെയ്തിരുന്നതായും ഇവർ പറഞ്ഞു. റോമിൽ നിന്ന് സ്വർണം, വജ്രങ്ങൾ, മുന്തിരി, വീഞ്ഞ് തുടങ്ങിയവ വിതരണം ചെയ്തതായും പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിൽനിന്നും റോമൻ സ്വർണനാണയങ്ങൾ കണ്ടെത്തിയത് ഈ വിവരണങ്ങളെ സ്ഥിരീകരിച്ച ആദ്യത്തെ തെളിവായിരുന്നു. ഇതിനുശേഷം റോമൻ വ്യാപാര കേന്ദ്രങ്ങൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമായി. 1945 – 46ൽ ഇന്ത്യയുടെ തെക്കു കിഴക്കേ കടൽത്തീരത്ത് അരിക്കമേട് എന്ന തീരഗ്രാമത്തിൽ റോമൻ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ആർക്കിയോളജിക്കൽ സർവേയുടെ നേതൃത്വത്തിൽ കൃഷ്ണദേവ, മോർട്ടിമർ വീലർ എന്നിവർ ഉത്ഖനനം ഏറ്റെടുക്കുകയും ചെയ്തു. വിപുലമായ റോമൻ വാണിജ്യത്തിന്റെ തെളിവുകളാണ് അരിക്കമേടുനിന്ന് കണ്ടെത്തിയത്. ആദ്യത്തെ ഉത്ഖനനത്തിനുശേഷം മൂന്ന് നാല് ദശകങ്ങൾ കഴിഞ്ഞ് വിമൽ ബെഗ-്ലി വീണ്ടും ഉത്ഖനനം ചെയ്തപ്പോഴും കൂടുതൽ തെളിവുകൾ പുറത്തുവന്നു.
അരിക്കമേടിലെ കണ്ടെത്തലുകൾ റോമൻ വാണിജ്യ കേന്ദ്രങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളെ ശക്തിപ്പെടുത്തി. ഇതിനോടൊപ്പം പ്രാചീന തമിഴകത്തിലെ പ്രധാന ആവാസകേന്ദ്രങ്ങൾക്കുള്ള അന്വേഷണവും ശക്തിപ്പെട്ടു. തഞ്ചാവൂരിലെ കാവേരിപ്പട്ടണം (പുഹാർ) തൃശ്ശിനാപ്പള്ളിയിലെ ഉറയൂർ എന്നീ സ്ഥലങ്ങളിലെ ഉത്ഖനനം ഇതിന്റെ ഭാഗമായിരുന്നു. തീരപ്രദേശങ്ങളിൽ കൊർകെെ, വാസവ സമുദ്രം, അഴകൻ കുളം എന്നീ സ്ഥലങ്ങളിലും ഉത്ഖനനം നടന്നു. പിന്നീട് കരൂർ, കൊടുമണൽ തുടങ്ങിയ ഇടങ്ങളിൽ നടന്ന ഉത്ഖനനം റോമാ വാണിജ്യത്തെപ്പറ്റി മാത്രമല്ല, പ്രാചീന തമിഴകത്തെ ആവാസ കേന്ദ്രങ്ങളെയും ജീവിതരീതികളെയുംകുറിച്ചുള്ള പരിജ്ഞാനവും വർദ്ധിപ്പിച്ചു. പഴന്തമിഴ്പാട്ടുകളിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രാചീന തമിഴകത്തിലെ ജനജീവിതത്തിന് ശക്തമായ ഉപാദാന ഘടകങ്ങളായി പുരാവസ്തു വിജ്ഞാനീയം മാറുകയായിരുന്നു.
തമിഴകത്തിലെ പ്രാചീന ലിപികളെക്കുറിച്ചും ഗവേഷണം നടന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ ബ്രാഹ്മി ലിപി വായിച്ചെടുത്തതിൽനിന്നും ഇതിനൊരു ദക്ഷിണേന്ത്യൻ വകഭേദമുണ്ടെന്നുള്ള സൂചനകൾ ലഭിച്ചിരുന്നു. അത് വായിച്ചെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതോടെ പ്രാചീന തമിഴകത്തെക്കുറിച്ചും അവിടെ ജീവിച്ചിരുന്ന ജനതയെക്കുറിച്ചുമുള്ള ധാരണകൾ വിപുലമായി. ബ്രാഹ്മിയിൽനിന്ന് വട്ടെഴുത്തിലേക്കുള്ള പരിവർത്തനം, ഐരാവതം മഹാദേവനെപ്പോലുള്ളവർ തെളിയിച്ചത് തമിഴ് സമൂഹത്തിൽ വന്നുചേർന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള തെളിവുകൾ നൽകി. തമിഴ് ഭാഷയെയും സംസ്കാരത്തെയും സ്വാധീനിച്ച വ്യത്യസ്ത ഘടകങ്ങളെക്കുറിച്ച് പൂർണമായ ധാരണകളും വളർന്നുവന്നു.
കേരളത്തിൽ
കേരളത്തിൽ പുരാവസ്തു ഖനനത്തിന് തുടക്കംകുറിച്ചത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും സർവേയർമാരുമായിരുന്നു. കേരളത്തിൽ ജീവിച്ചിരുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി നരവംശശാസ്ത്രപരമായ അന്വേഷണങ്ങളുടെ ഭാഗമായി നിരവധി ശവകുടീരങ്ങളും സ്മാരകങ്ങളും കണ്ടെത്തി. മുതുമക്കത്താഴികൾ, നന്നങ്ങാടികൾ, കല്ലറകൾ, പുലച്ചിക്കല്ലുകൾ തുടങ്ങി പല പേരുകളിൽ നാട്ടുകാർ തന്നെ തിരിച്ചറിഞ്ഞിരുന്ന കല്ലറകൾ മൺമറഞ്ഞുപോയതോ ഇപ്പോഴും നിലനിൽക്കുന്നതോ ആയ ജനജീവിതത്തിന്റെ അവശിഷ്ടങ്ങളായി വിലയിരുത്തപ്പെട്ടു. ഈ സ്മാരകങ്ങൾ ദക്ഷിണേന്ത്യ മുതൽ മെഡിറ്ററേനിയൻ തീരം വരെയും ഇന്തോനേഷ്യയിലും വ്യാപിച്ചു കിടന്ന മഹാശിലാ സ്മാരകങ്ങളു (മെഗാലിത്തുകൾ) മായി ബന്ധപ്പെടുത്തപ്പെട്ടു.
മഹാശിലാസ്മാരകങ്ങൾ ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടന്നിരുന്നതുകൊണ്ട് അവയെ ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടന്ന പൊതു സംസ്കൃതിയുമായി ബന്ധപ്പെടുത്തുക എളുപ്പമായിരുന്നു. എങ്കിലും സ്മാരകങ്ങൾ കണ്ടെത്തപ്പെട്ട പ്രദേശങ്ങളിലെ സംസ്കൃതിയുമായായിരുന്നു കൂടുതൽ ബന്ധപ്പെടുത്തിയത്. ചരിത്രരചന ഇതിനിടയിൽ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും മലബാറിന്റെയും ചരിത്രങ്ങളിലേക്കു നീങ്ങി. കേരള സംസ്ഥാന രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ വളർന്നുവന്നപ്പോൾ കേരള ചരിത്രരചനയിലുള്ള താല്പര്യം വർദ്ധിച്ചു. മഹാശിലാസ്മാരകങ്ങളുടെ പ്രസക്തി കേരളത്തിന്റെ അതിപ്രാചീന ഘട്ടത്തെ കുറിക്കുന്നതായി മാറി. മഹാശിലാസ്മാരകങ്ങളുടെ ആദ്യഘട്ടത്തിനുശേഷം കേരളം എങ്ങനെ കാർഷിക സമൂഹവും നാടുവാഴി സമൂഹവുമായി മാറി എന്നതിലാണ് കൂടുതൽ പഠനങ്ങളുണ്ടായത്.
ചരിത്രരചനയുടെ ഊന്നലിൽ വന്ന മാറ്റങ്ങൾ കൊണ്ട് രണ്ടു ഫലങ്ങളാണുണ്ടായത്. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി മഹാശിലാ സ്മാരകങ്ങൾ ചിതറിക്കിടന്നുവെങ്കിലും അവയെ കേന്ദ്രീകരിച്ചുള്ള തുടർപഠനങ്ങൾ ഉണ്ടായില്ല. അതിനുപകരം പിൽക്കാല ചേരന്മാരുടെ തലസ്ഥാനമായി കണക്കാക്കപ്പെട്ട കൊടുങ്ങല്ലൂരിൽ ചേരമാൻ പറമ്പ് ഉത്ഖനനം മാത്രമാണ് നടന്നത്. റോമാ കേന്ദ്രങ്ങളായി അവർ തന്നെ വിലയിരുത്തിയ ടിൻഡിസ്, മുസിരിസ്, നെൽകിണ്ട തുടങ്ങിയവ കണ്ടെത്താനുള്ള ആസൂത്രിത ശ്രമങ്ങളുണ്ടായില്ല. ചരിത്രശേഷിപ്പുകളായ ചില കോട്ടകളും കൊട്ടാരങ്ങളും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ പുരാവസ്തു വകുപ്പ് ഒതുങ്ങി. ഭൂമിയുടെ ഉപരിതലത്തിനുമുകളിൽ കാണാവുന്ന എടക്കൽ, മറയൂർ, കാന്തള്ളൂർ, പാണ്ഡവൻപാറ തുടങ്ങിയവയാണ് അവശിഷ്ടങ്ങളായി പ്രധാനമായി കണ്ടെത്തപ്പെട്ടത്. ഇതുപോലെ ഉപരിതലത്തിൽനിന്ന് നവീന ശിലായുഗ, മധ്യശിലായുഗ ആയുധങ്ങളും ഉപകരണങ്ങളും കണ്ടെത്തപ്പെട്ടു. എങ്കിലും ഇവയെ ആധാരമാക്കി കേരളത്തിന്റെ പ്രാക് ചരിത്രത്തിന്റെയും ആദിമ ചരിത്രത്തിന്റെയും പഠനങ്ങളിൽ കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. ഇതിനായി ചില പണ്ഡിതർ പഴംതമിഴ്പാട്ടുകളെയും രേഖകളെയും ആശ്രയിച്ചു. കേരളോൽപത്തിപോലുള്ള പിൽക്കാല സാമഗ്രികളെ ആധാരമാക്കിയവരും ഇല്ലാതില്ല.
പട്ടണം ഉത്ഖനനത്തിന്റെ പ്രാധാന്യം
ഇവിടെയാണ് പട്ടണം ഉത്ഖനനത്തിന്റെ പ്രാധാന്യം പുറത്തുവരുന്നത്. കെസിഎച്ച്ആറിന്റെ ഡയറക്ടറായിരുന്ന ഡോ. പി ജെ ചെറിയാൻ നേതൃത്വം നൽകിയ പട്ടണം ഉത്ഖനനം ഡോ. വി ശെൽവകുമാർ, ഡോ. കെ പി ഷാജൻ തുടങ്ങിയവരുടെ സജീവ പങ്കാളിത്തത്തോടെയും ഡോ. റോബർട്ടാ ടോംബർ, ഡിക്ക് കെന്നറ്റ്, റോമാനിസ്, സ്റ്റിവ് സെെഡ് ബോത്തം, ആർ സി വിറ്റാക്കർ, കജാലെ തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രശസ്തരായ ഗവേഷകരുടെ സഹകരണത്തോടെയാണ് നടന്നത്. റോമും മെഡിറ്ററേനിയൻ തീരവും ഇന്ത്യയും തമ്മിലുള്ള സമ്പർക്കത്തിന്റെ വ്യക്തമായ സൂചനകളാണ് പട്ടണത്തിൽനിന്നു ലഭിച്ചത്. ഇതുകൂടാതെ തദ്ദേശീയമായ നിരവധി ഖനിജ വസ്തുക്കളെയും അവയിൽനിന്നുള്ള ഉൽപന്നങ്ങളെയും കുറിച്ചുള്ള തെളിവുകളും ലഭിച്ചു. തോണികൾ നങ്കൂരമിട്ടിരിക്കാവുന്ന ഒരു തുറയുടെയും അതിനോടു ചേർന്ന് ഉൽപന്നങ്ങൾ സൂക്ഷിച്ചിരിക്കാവുന്ന ഇടത്തിന്റെയും തെളിവുകളും ലഭിച്ചു. ഇതെല്ലാം കൂടാതെ തമിഴ് ബ്രാഹ്മിയിലെ ചില എഴുത്തുകൾ ലഭിച്ചത് തദ്ദേശീയ സംസ്കൃതിയുമായുള്ള ബന്ധത്തെയും സൂചിപ്പിച്ചു. തമിഴ്നാട്ടിൽനിന്ന് ഇതിനുമുമ്പുതന്നെ അവശിഷ്ടങ്ങൾക്കു സമാനമായ കണ്ടെത്തലുകളാണ് പട്ടണത്തിൽ നിന്നു ലഭിച്ചത്.
പട്ടണത്തിൽ നിന്നുള്ള കണ്ടെത്തലുകൾ കേരളത്തിന്റെ പ്രാചീന ചരിത്രത്തെ മാറ്റിമറിക്കുന്നുണ്ട്. മഹാശിലാ സ്മാരകങ്ങളിലും പ്രാദേശിക ചരിത്രത്തിലും ഒതുങ്ങിനിന്നിരുന്ന കേരള ചരിത്രത്തെ സാർവദേശീയ ചരിത്രവുമായി ബന്ധിപ്പിക്കുന്നു എന്നതാണ് ആദ്യത്തെ സവിശേഷത. മാത്രമല്ല, ഇന്ത്യയുടെ മറ്റു പ്രദേശങ്ങളുമായുള്ള സജീവ ബന്ധങ്ങളെയും ഉത്ഖനനം പുറത്തുകൊണ്ടുവരുന്നു. പ്രാചീന തമിഴകവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അനേ-്വഷണത്തിന്റെ പുതിയ സാധ്യതകളും ഉയർത്തുന്നുണ്ട്. പട്ടണത്തിൽ കണ്ടെടുത്തിട്ടുള്ള പുരാവസ്തുക്കളുടെ ഉറവിടവും അവ എങ്ങനെ പട്ടണത്തിലെത്തി എന്ന അനേ-്വഷണവും പുതിയ സാധ്യതകൾ തുറക്കുകയാണ്. പട്ടണത്തിൽനിന്ന് ഏറെ അകലെയല്ലാതെയുള്ള വെള്ളുവെള്ളിയിൽനിന്നു കിട്ടിയ റോമൻ നാണയങ്ങൾ മറ്റു പ്രദേശങ്ങളുമായുള്ള വിനിമയ സാധ്യതകളെ സൂചിപ്പിക്കുന്നു. ചരിത്രത്തിൽ പ്രധാനപ്പെട്ട ചേന്ദമംഗലവും തിരുവഞ്ചിക്കുളവും കൊടുങ്ങല്ലൂരും പറവൂരുമെല്ലാം പട്ടണത്തിന് തൊട്ടടുത്താണ്. ഇതെല്ലാം പെരിയാർ നദീതടത്തെക്കുറിച്ചുള്ള കൂടുതൽ വിപുലമായ അനേ-്വഷണത്തിനുള്ള സാധ്യതകളിലേക്കാണ് നയിക്കുന്നത്.
കേരളത്തിന്റെ പ്രാചീനകാലത്തെ സമൂഹത്തിന്റെ പ്രാകൃതദശയായി കാണുന്ന ചരിത്രാനേ-്വഷണ രീതി ശരിയല്ലെന്നാണ് ഇതിൽനിന്നു തെളിയുന്നത്. കേരളത്തിലെ മലഞ്ചരക്കുകളും മറ്റുൽപ്പന്നങ്ങളും അന്താരാഷ്ട്ര വിപണിയിലെത്തിയിരുന്നു. മറ്റു പ്രദേശങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങളും വ്യാപാരികളും കേരളത്തിലെ കടൽക്കരയിലെത്തിയിരുന്നു. ഇവർ തമ്മിലുള്ള വിനിമയം കേരളത്തിലെ മറ്റു നിവാസികളിലുമെത്തിയിരിക്കാം. കേരളീയ ജനതയും ഇത്തരം വിനിമയകേന്ദ്രങ്ങളും തമ്മിലുള്ള ബന്ധങ്ങളും ശക്തിപ്പെട്ടിരിക്കാം. ഇവയെല്ലാം കൂടുതൽ അനേ-്വഷണങ്ങൾ നടത്തി കണ്ടെത്തേണ്ടതാണ്. ഇതുവരെ അത്രയധികം പ്രാധാന്യം നൽകപ്പെടാതിരുന്ന പുരാവസ്തു വിജ്ഞാനീയം എന്ന ശാസ്ത്രശാഖയ്ക്ക് കൂടുതൽ പ്രാധാന്യം അതോടെ ലഭിക്കുകയാണ്.
പട്ടണം ഇന്നത്തെ
പുരാവസ്തു വിജ്ഞാനീയത്തിൽ
ഇന്നത്തെ പുരാവസ്തു വിജ്ഞാനീയശാഖ നേരിടുന്ന ചില വെല്ലുവിളികളുണ്ട്. ഒരുകാലത്ത് പുരാവസ്തു വിജ്ഞാനീയ ശാഖ വളർന്നുവന്നത് പ്രാചീന പുരാണേതിഹാസ കഥകളുടെ യഥാർഥ സ്ഥാനങ്ങളെക്കുറിച്ചുള്ള അനേ-്വഷണമെന്ന നിലയിലാണ്. ഗ്രീക്കുകാരുടെ ട്രോയ്, ഈജിപ്തിലെ ഫറവോമാർ, ഇന്ത്യയിലെ പ്രാചീന സംസ്കാരം തുടങ്ങിയവയെക്കുറിച്ചുള്ള അനേ-്വഷണം ഈ ദിശയിലുള്ളതാണ്. ഇതിനോടൊപ്പം ആദിമ മനുഷ്യരെയും അവരുടെ അനന്തര വിഭാഗങ്ങളെയും കുറിച്ചുള്ള അനേ-്വഷണവും പ്രസക്തമായി. ഗ്രീക്ക് –റോമൻ പഠനങ്ങളും മതങ്ങളുടെയും ജനവിഭാഗങ്ങളുടെയും ഉത്ഭവത്തെക്കുറിച്ചുമുള്ള പഠനങ്ങളും വ്യാപിച്ചപ്പോൾ ഇവരുടെ വ്യാപനവും പുരാവസ്തു പഠനങ്ങൾക്കു വിഷയമായി. ഇന്ത്യയിലെ പുരാവസ്തുവിജ്ഞാനീയവും ഇത്തരം പഴമകളെ ആധാരമാക്കിത്തന്നെയാണ് രൂപപ്പെട്ടത്. ഇന്ത്യയിലെ നിരവധി പുരാവസ്തു ഇടങ്ങൾ ഇതിഹാസപുരാണങ്ങളിലും ബൗദ്ധ– ജെെന രചനകളിലും പരാമർശിക്കപ്പെടുന്നവയാണ്.
ഇവയും ദക്ഷിണേന്ത്യൻ പുരാവസ്തുവിജ്ഞാനീയവും തമ്മിലുള്ള ഭിന്നത കാണാം. ദക്ഷിണേന്ത്യയിൽ നിലനിൽക്കുന്നത് ഇതിഹാസ – പുരാണങ്ങളല്ല, പഴംതമിഴ് പാട്ടുകളാണ‍്. ഏതെങ്കിലും മതപാരമ്പര്യത്തിന്റെയോ സവിശേഷ ജനിതകപാരമ്പര്യങ്ങളുടെയോ പിന്തുണ അവയ്ക്കില്ല. വ്യത്യസ്ത ജനവിഭാഗങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമ്മേളന സ്ഥലമാണ് ദക്ഷിണേന്ത്യ എന്നു പറയാം. തമിഴ് ബ്രാഹ്മി പോലുള്ള എഴുത്തുരൂപം പ്രചരിച്ചത് ഇതിന്റെ ഉദാഹരണമാണ്. മഹാശിലാ സ്മാരകങ്ങളുടെ വെെവിധ്യം മറ്റൊരു സൂചനയാണ്. ഇതേ തരത്തിലുള്ള വെെവിധ്യം കേരളത്തിലും കാണാം. കേരളത്തിലെ തൊപ്പിക്കല്ലുകൾ, കുടക്കല്ലുകൾ, കല്ലറകൾ, നടുക്കല്ലുകൾ തുടങ്ങിയവയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം ഇതിന്റെ സൂചനയാണ്. അത്തരം മിശ്രിതങ്ങൾ എല്ലാ പ്രദേശങ്ങളിലുമുള്ള പുരാവസ്തുക്കളിലും നമുക്കു കാണാം.
പട്ടണം ഇതുവരെ തിരിച്ചറിഞ്ഞിടത്തോളം ഒരു വിപണന, വിനിമയകേന്ദ്രമാണ്. കേരളത്തിലെ ചരിത്രഘട്ടത്തിൽപോലും വിപണനകേന്ദ്രങ്ങൾ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളുടെ മാത്രം കേന്ദ്രമല്ല. ചരിത്ര കാലഘട്ടത്തിൽ ചില പ്രദേശങ്ങൾ ചില പ്രത്യേക പാരമ്പര്യത്തിൽപെട്ടവർക്ക് ദാനമായി നൽകുന്നുണ്ട്. തരിസാപ്പള്ളി പട്ടയം, ജൂതശാസനം, മുച്ചുന്തിപ്പള്ളി ശാസനം എന്നിവ ഉദാഹരണങ്ങളാണ്. അവ കാരണം, ഏതെങ്കിലും വിപണനകേന്ദ്രങ്ങൾ ആ പാരമ്പര്യത്തിൽപെട്ടവരുടെ മാത്രം കേന്ദ്രങ്ങളാകില്ല. വിവിധ വിഭാഗങ്ങളിൽപെട്ടവർ തമ്മിലാണ് വിപണനം നടക്കുന്നത്. അതുകൊണ്ട് അവരെല്ലാവരും അവിടെ വരേണ്ടി വരും. പ്രാചീന കാലഘട്ടത്തിൽ ഏതെങ്കിലും പ്രദേശം ഭരണാധികാരികൾ ആർക്കെങ്കിലും നൽകിയതായും സൂചനകളില്ല. അതുകൊണ്ട് വിപണനകേന്ദ്രങ്ങൾ പൊതുവിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സമ്മേളന സ്ഥാനമായി തുടരാനാണ് സാധ്യത.
തമിഴ്നാട്ടിൽ ഈയിടെയായി നടന്ന കൊടുമണൽ, കീഴടി മുതലായ ഉത്ഖനനങ്ങളും ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെയല്ല സൂചിപ്പിക്കുന്നത്. അതേസമയം ഉത്തരേന്ത്യയിൽനിന്നടക്കമുള്ള വ്യത്യസ്ത പാരമ്പര്യങ്ങളുടെ സ്വാധീനവും കാണാം. ഇന്ത്യൻ ജനതയുടെ അടിസ്ഥാനരൂപങ്ങളായ ബഹുസ്വര– ബഹുസാംസ്കാരിക രൂപങ്ങളെയാണ് പട്ടണമടക്കമുള്ള ഉത്ഖനനങ്ങൾ പുറത്തുകൊണ്ടുവരുന്നത്. പുരാവസ്തു വിജ്ഞാനീയം പൊതുവിൽ പുറത്തുകൊണ്ടുവരുന്ന ജീവിതരീതികൾ ഒരു പ്രത്യേക പ്രദേശത്തിലെ ജീവജാലങ്ങളെയും സാമഗ്രികളെയും അവയിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ സാങ്കേതിക മേന്മയെയും ചിലപ്പോൾ അവരുടെ വെെജ്ഞാനികതലത്തെയും സൂചിപ്പിക്കുന്നുണ്ട്. അതിനെ ഏതെങ്കിലും മതവിഭാഗത്തിലോ വംശീയരൂപങ്ങളിലോ മാത്രമായി ബന്ധിപ്പിക്കാൻ കഴിയുകയില്ല.
പുരാവസ്തു വിജ്ഞാനീയത്തിന്റെ ഈ പൊതുദിശ ഇപ്പോൾ നടക്കുന്ന പുരാവസ്തു വിജ്ഞാനീയത്തിന്റെ അശാസ്ത്രീയ ഘടനയിലേക്കും വിരൽചൂണ്ടുന്നു. ഏതെങ്കിലുമൊരു സാംസ്കാരിക പാരമ്പര്യത്തിന്റെ സ്ഥാപനമല്ല പുരാവസ്തു വിജ്ഞാനീയത്തിന്റെ ലക്ഷ്യം. മനുഷ്യവികാസത്തിന്റെ വിവിധ ദശകളെ അവരുടെ തന്നെ നിർമിതികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന ശാസ്ത്രശാഖയാണ് പുരാവസ്തു വിജ്ഞാനീയം. അതിന്റെ ലക്ഷ്യം ഏതെങ്കിലും മതപരമോ അല്ലാത്തതോ ആയ നിർമിതിയുടെ അടിത്തറ തോണ്ടി അതിനുമുമ്പ് എന്തായിരുന്നു എന്നു കണ്ടെത്തുകയല്ല. അത്തരം കൃത്രിമ വിജ്ഞാനീയത്തെയാണ് പട്ടണം പോലുള്ള ഉത്ഖനനങ്ങൾ നിരാകരിക്കുന്നത്. പട്ടണം പുരാവസ്തു ഇടം കണ്ടെത്തിയതിന്റെ അടുത്ത് ഒരു ക്ഷേത്രമുണ്ട്. പക്ഷേ പുരാവസ്തു ഇടത്തിന് അതുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും ജനവിഭാഗത്തിന്റേതു മാത്രമായ ഒന്നും അവിടെ നിന്നു ലഭിച്ചിട്ടില്ല. അതേസമയം അവിടത്തെ ജനങ്ങൾക്ക് അത്തരം അവശിഷ്ടങ്ങളെക്കുറിച്ച് അറിയാമായിരുന്നു. അവർ തന്നെയാണ് ഗവേഷകർക്ക് ഈ ഇടം കാണിച്ചുകൊടുത്തതും. അതിനുശേഷവും അവിടത്തെ എല്ലാ ജനങ്ങളും ഏതെങ്കിലും മതപരമോ ആരാധനാപരമോ ആയ അവകാശവാദങ്ങൾ ഒന്നും കൂടാതെ ഉത്ഖനനത്തിലും അതിനുശേഷം നടന്ന പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു.
പട്ടണം ഒരു തുടക്കമാണ്. കേരളത്തിന്റെ അതിപ്രാചീനകാലത്തിന്റെ ശേഷിപ്പുകൾ ഇനിയും കേരളത്തിൽ കണ്ടെത്താനുണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്. അതിനുള്ള അനേ-്വഷണം ശാസ്ത്രീയപഠനങ്ങളെ ആധാരമാക്കിയാണ് നടത്തേണ്ടത്. ഭൂഗർഭശാസ്ത്രജ്ഞരും ജലശാസ്ത്രജ്ഞരും ജെെവശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും ചരിത്രകാരരും സാമൂഹ്യശാസ്ത്രജ്ഞരും ചേർന്നുള്ള പഠനങ്ങളാണ് ആവശ്യം. ഇന്നത്തെ ഏതെങ്കിലും ജനവിഭാഗത്തിന്റെ അവകാശവാദങ്ങളെ സാധൂകരിക്കുകയോ നിരാകരിക്കുകയോ അല്ല അതിന്റെ ലക്ഷ്യം. മറിച്ച്, കേരളംപോലുള്ള പ്രദേശത്ത് എങ്ങനെ ജനങ്ങൾ കുടിപാർത്തുവെന്നും അവരുടെ ജീവിതരൂപങ്ങളുടെ വളർച്ച എങ്ങനെയായിരുന്നുവെന്നുമുള്ള പരിശോധനയാണ്. ഇതിനു പിന്തുണ നൽകാനുള്ള യുക്തിചിന്തയും ശാസ്ത്രബോധവും ജനങ്ങളിലുണ്ട് എന്നാണ് പട്ടണം ഉത്ഖനനത്തിന്റെ അനുഭവങ്ങൾ കാണിക്കുന്നത്. l