അന്താരാഷ്ട്ര പ്രശസ്തി നേടിയ പട്ടണം ഉത്-ഖനനത്തെ സംബന്ധിച്ച വിവിധ ലേഖനങ്ങളാണ് ഈ ലക്കത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിദേശികളും വിദേശവാണിജ്യവുമായി കേരളത്തിന്- പൗരാണികകാലം മുതൽ തന്നെ ബന്ധമുണ്ട്. ഇതിനകം ലഭ്യമായിട്ടുള്ള പുതിയ വിവരണങ്ങളനുസരിച്ച് 1000 ബിസി മുതൽ തന്നെ കേരളത്തിന്റെ കടൽതീരത്തേക്ക് പുറമേനിന്നുള്ള കപ്പലുകൾ വന്നു തുടങ്ങിയിരുന്നു. കേരളത്തിന്റെ സമ്പന്നമായ ജെെവവെെവിധ്യവും അതിലെ നിരവധി ഉൽപ്പന്നങ്ങളുമാണ് കേരളത്തിലേക്ക് അവരെ ആകർഷിച്ചത്. സുഗന്ധദ്രവ്യങ്ങൾ, മലഞ്ചരക്കുകൾ എന്നിവ കൂടാതെ വിലപിടിച്ച രത്നങ്ങൾ, തേൻ മുതലായവയും അവരെ കേരളത്തിന്റെ കടൽക്കരയിലേക്കാകർഷിച്ചു.
നിരവധി പഴങ്കഥകളും വ്യത്യസ്ത സമൂഹങ്ങൾ സൂക്ഷിച്ചുപോന്ന പാരമ്പര്യങ്ങളുമല്ലാതെ ഇത്തരം ബന്ധങ്ങളെക്കുറിച്ച് നമ്മുടെ നാട്ടിൽ ശേഷിപ്പുകളില്ലായിരുന്നു. റോമാക്കാരും ഗ്രീക്കുകാരുമൊക്കെയാണ് ഈ സഞ്ചാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നമുക്കു നൽകുന്നത്. അവരുടെ വിവരണങ്ങളിൽ കാണുന്ന മുസിരിസ്, ടിൻഡിസ് മുതലായ സ്ഥലങ്ങൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നത്. പഴന്തമിഴ് പാട്ടുകളിൽ ഇതിന് സമാനമായ പദങ്ങൾ കണ്ടത് നമ്മുടെ അനേ-്വഷണങ്ങളെ ശക്തിപ്പെടുത്തി.
കേരളത്തിന്റെ പ്രാചീനകാലത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മതലത്തിലുള്ള അനേ-്വഷണങ്ങൾക്കുള്ള വഴിതുറന്നത് പട്ടണം ഉത്ഖനനമാണ്. വളരെ വിപുലമായ വാണിജ്യവും സാംസ്കാരിക വിനിമയവും പട്ടണത്തു നടന്നിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കേരളത്തിന്റെ കടൽത്തീരത്തെക്കുറിച്ചും ഉൾനാടുകളെക്കുറിച്ചും കൂടുതൽ സമഗ്രവും വിശാലവുമായ അനേ-്വഷണങ്ങൾക്ക് അതു വഴിതുറക്കുന്നു.
ചരിത്രം ആരുടെയെങ്കിലും ഓർമക്കുറിപ്പു മാത്രമല്ല. ഒരു ജനതയുടെ ശേഷിപ്പുകളാണ്. അത് അവിടെ ജീവിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും അവകാശപ്പെട്ടതുമാണ്. അതുകൊണ്ടുതന്നെ മതനിരപേക്ഷവും ജനകീയവുമായ ചരിത്രനിർമിതി, ജനങ്ങളുടെ ഐക്യവും സമരവും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പട്ടണം ഉത്-ഖനനം ഇത്തരം ചരിത്ര സങ്കൽപ്പത്തിന്റെ ഉജ്വലമായ മാതൃകയാണ്. അതുകൊണ്ടുതന്നെയാണ് ജനാധിപത്യ സമൂഹം ഇത്തരം അനേ-്വഷണങ്ങളെ ഗൗരവത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്.
മനുഷ്യവംശം അത് എവിടെയായാലും കലർപ്പറ്റ ഒന്നല്ലയെന്ന യാഥാർഥ്യത്തിലേക്ക്- പട്ടണം ഉത്ഖനനത്തിലൂടെ ലഭിച്ച തെളിവുകൾ നമ്മെ വീണ്ടും നയിപ്പിക്കുന്നു. നാമോരോരുത്തരും സ്വന്തം നിലയിലും സമൂഹമെന്ന നിലയിലും പരുവപ്പെട്ടുവന്നതിന്റെ ചരിത്രം കൂടിയാണ് ഉത്ഖനനങ്ങളിലൂടെ പുറത്തുവരുന്നത്. അതുകൊണ്ട് പട്ടണം ഉത്ഖനനവും ലഭ്യമാകുന്ന തെളിവു സാമഗ്രികളുടെ വിശകലനവും പ്രാധാന്യമർഹിക്കുന്നു. ഉത്ഖനനവും ഗവേഷണങ്ങളും വിശകലനവും ഇനിയും ഗൗരവപൂർവവും മുൻവിധികളില്ലാതെയും തുടരേണ്ടതുമുണ്ട്. l