ട്രംപിന്റെ രണ്ടാം വരവ് അൽപവും യാദൃച്ഛികമായിരുന്നില്ലെങ്കിലും അത് ലോകത്തെയാകെ അസ്വസ്ഥമാക്കി. 2025 ജനുവരിയിൽ ട്രംപ് വെെറ്റ് ഹൗസിൽ ഇരുപ്പുറപ്പിക്കുന്നതിനുമുൻപുതന്നെ വ്യക്തമാക്കി തുടങ്ങിയ നയപ്രഖ്യാപനങ്ങളിൽ തന്നെ നവഫാസിസത്തിന്റെ ഇളകിയാട്ടം കാണാമായിരുന്നു.
അധികാരമേറ്റെടുത്ത ആദ്യ ദിനത്തിൽതന്നെ ട്രംപ് പുറത്തിറക്കിയ ഉത്തരവുകൾ ആധുനിക സമൂഹത്തിൽ ഒരു ഭരണാധികാരിയും സാധാരണഗതിയിൽ സ്വീകരിക്കാനിടയില്ലാത്തവയാണ്. തൊട്ടുമുൻപുള്ള ഭരണാധികാരി കെെക്കൊണ്ട തീരുമാനങ്ങളെയാകെ കീഴ്മേൽ മറിക്കുകയാണ് ട്രംപ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹം തന്നെ അംഗീകരിച്ച തീരുമാനങ്ങൾ നടപ്പാക്കാൻ തയ്യാറാവില്ലെന്ന പ്രഖ്യാപനമാണ് ട്രംപ് ഇതിനകം നടത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്കുതന്നെ എതിർപക്ഷത്ത് നിന്നിരുന്ന ട്രംപ് ആ സംഘടനയുമായി ബന്ധപ്പെട്ട അമേരിക്കയുടെ ബാധ്യതകൾ നിറവേറ്റില്ലെന്നാണ് ഭരണത്തിന്റെ ആദ്യദിവസംതന്നെ പ്രഖ്യാപിച്ചത്. ക്യൂബയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിക്കാൻ ബെെഡൻ ഭരണത്തിന്റെ അവസാന നാളുകളിൽ കെെക്കൊണ്ട തീരുമാനവും ട്രംപ് അധികാരമേറ്റെടുത്ത ഉടൻ റദ്ദ് ചെയ്യുകയുണ്ടായി.
ചെെനയുമായുള്ള വ്യാപാരത്തിൽ ചുങ്കങ്ങൾ വൻതോതിൽ വർധിപ്പിച്ചുകൊണ്ട് ട്രംപ് ആ രാജ്യവുമായി പോരിനിറങ്ങിയിരിക്കുകയാണ്. ചെെനയ്ക്കെതിരെ മാത്രമല്ല, മെക്സിക്കോ, കാനഡ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുമായെല്ലാം വ്യാപാര യുദ്ധത്തിന് കച്ചമുറുക്കിയിറങ്ങിയിരിക്കുകയാണ് ട്രംപ്. അന്താരാഷ്ട്ര വ്യാപാരത്തിന്റെയും നയതന്ത്രത്തിന്റെയും സർവസീമകളും ലംഘിച്ചാണ് ട്രംപിന്റെ മുന്നോട്ടുപോക്ക്.
മെക്സിക്കോയും പനാമയും കാനഡയുമെല്ലാം അമേരിക്കയുടെ ഭാഗമാണെന്ന് അവകാശപ്പെടുക മാത്രമല്ല മെക്സിക്കൻ ഉൾക്കടലിനെ അമേരിക്കൻ ഉൾക്കടലാക്കി പേരുമാറ്റാൻ പോലും ട്രംപ് തയ്യാറായി. ലോകത്തെയാകെ വെല്ലുവിളിക്കുന്ന ട്രംപ് ഹിറ്റ്ലറെയും മുസോളിനിയെയുമെല്ലാം കടത്തിവെട്ടുന്ന ഭീകരവാഴ്ചയ്ക്കാണ് തുടക്കമിടുന്നത്.
അമേരിക്കയെ മഹത്തായ രാഷ്ട്രമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് ഉദ്ഘോഷിക്കുമ്പോൾ തന്നെ അമേരിക്കയിലെ കോടിക്കണക്കായ ദരിദ്രജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നല്ല ശതകോടീശ്വരരായ കോർപ്പറേറ്റ് മേധാവികളെ പിന്നെയും തടിച്ചുകൊഴുപ്പിക്കുകയെന്നതാണ് ട്രംപ് അർഥമാക്കുന്നത്. ട്രംപിന്റെ കാബിനറ്റുതന്നെ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി കെെവിരലിലെണ്ണാവുന്ന ചെറിയ വിഭാഗം വരുന്ന അതിസമ്പന്നരെക്കൊണ്ട് കുത്തിനിറച്ചിരിക്കുകയാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ സമ്പന്നർ തന്നെയാണ് അമേരിക്കൻ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. സമ്പത്ത് കുന്നുകൂട്ടാൻ ചോരപ്പുഴയൊഴുക്കാൻപോലും മടിക്കാത്ത മൂലധനാധിപർ ചേർന്ന് ഭരണനിർവഹണം നടത്തുമ്പോൾ ലോകത്തെ മറ്റു ഭൂപ്രദേശങ്ങൾക്കുമേൽ അവകാശവാദം ഉന്നയിക്കുന്നത് മാനവരാശിയെ തന്നെ ഭയപ്പെടുത്തുകയാണ്.
ആഗോള ധനമൂലധനത്തിന്റെ ഭീകരവാഴ്ചയ്ക്കാണ് ട്രംപ് തുടക്കമിടുന്നത്. കേവലമൊരു തീവ്ര വലതുപക്ഷ വാഴ്ചയായി വംശീയവാദിയും സ്ത്രീ വിരുദ്ധനും എൽജിബിറ്റിക്യൂ വിരുദ്ധനും അറുവഷളനുമായ ട്രംപിന്റെ നവഫാസിസ്റ്റ് വാഴ്ചയെ കാണാനാവില്ല. ആ ഭീകരവാഴ്ചയെ അനാവരണം ചെയ്യുന്നതാണ് ചിന്തയുടെ ഈ ലക്കത്തിലെ ലേഖനങ്ങൾ. l