Wednesday, February 12, 2025

ad

Homeകവര്‍സ്റ്റോറിനവഫാസിസത്തിലേക്കുള്ള 
ട്രംപിന്റെ പരിണാമം

നവഫാസിസത്തിലേക്കുള്ള 
ട്രംപിന്റെ പരിണാമം

ജോർജ് ജോസഫ്

നാടകീയവും ആശങ്ക പരത്തുന്നതുമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുക എന്നത് പൊതുവെ തീവ്രവലതുപക്ഷ, ഫാസിസ്റ്റ് നിലപാടുകളുള്ള രാഷ്ട്രീയനേതാക്കളുടെ ശൈലിയാണ്. പലപ്പോഴും ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളവയായിരിക്കും തീരുമാനങ്ങളിൽ പലതുമെങ്കിലും അതുവഴി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. തങ്ങളെപ്പോലുള്ള നേതാക്കളെയാണ് ലോകം ആവശ്യപ്പെടുന്നതെന്നും ലോകത്തെ നയിക്കാൻ കരുത്തരാണ് തങ്ങളെന്നുമുള്ള പ്രതീതി ജനിപ്പിക്കുക എന്നതും ഇത്തരം ശൈലിയുടെ ഭാഗമാണ്. ഹിറ്റ്ലർ മുതൽ നരേന്ദ്ര മോദി വരെയുള്ളവരിലെല്ലാം ഈ ശൈലികൾ ഏറിയും കുറഞ്ഞും പ്രകടമാണ്. തന്റെ രണ്ടാം വരവും അത്തരത്തിൽ നാടകീയതയുടെ അകമ്പടിയോടെ ഒരു സംഭവമാക്കി മാറ്റുന്നതിന് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമമാണ് ജനുവരി 20നു കാപ്പിറ്റോൾ ഹിൽസിൽ അരങ്ങേറിയത്. ഒന്നാമൂഴത്തിൽ കടുത്ത വലതുപക്ഷ തീവ്രവാദ നിലപാടുകാരനായിരുന്ന ട്രംപ് രണ്ടാമൂഴത്തിൽ കറതീർന്ന ഫാസിസ്റ്റായി മാറുന്നതും വ്യക്തമാവുകയാണ്.

ആഗോള രാഷ്ട്രീയ രംഗത്ത് കനത്ത ആശങ്കയും സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വവും വിതറുന്ന എൺപതിൽപരം ഉത്തരവുകൾ ആദ്യദിനം തന്നെ പുറപ്പെടുവിച്ച ട്രംപ്, ലോകം തന്റെ കാൽക്കീഴിൽ അമരുന്നു എന്ന നാട്യമാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. സ്വർണം, ക്രൂഡ് ഓയിൽ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണികളെ ശക്തമായ സമ്മർദ്ദത്തിലാഴ്ത്തിയ ഈ നീക്കങ്ങൾ, ഇന്ത്യൻ രൂപയെ കശക്കിയെറിയുന്ന നിലയിലുമാക്കി. സാമ്പത്തിക സമൂഹവും ആഗോള വ്യാപാര മേഖലയും ഏറെ ആശങ്കയോടെ കാണുന്ന വ്യാപാര യുദ്ധത്തിന്റെ രണ്ടാമത്തെ എപ്പിസോഡിനും ട്രംപ് തിരശീല ഉയർത്തിയിട്ടുണ്ട്. ഒന്നാമൂഴത്തിൽ ചൈനയും യൂറോപ്യൻ രാജ്യങ്ങളുമായും തീരുവ യുദ്ധത്തിൽ ഏർപ്പെട്ട് ഒടുവിൽ പരാജയം സമ്മതിക്കേണ്ടി വന്ന ട്രംപ്, വീണ്ടും ചില നനഞ്ഞ പടക്കങ്ങൾ പൊട്ടിക്കുന്നതിന് തുടക്കം മുതൽ തന്നെ യത്നിക്കുകയാണ്.

അയൽ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തുമെന്ന വെടിയാണ് ആദ്യം പൊട്ടിച്ചിരിക്കുന്നത്. രണ്ടു കാരണങ്ങൾ നിരത്തിയാണ് ഈ നീക്കം. ഒന്ന്, അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നതിന് ഈ രാജ്യങ്ങൾ ആളുകൾക്ക് ഒത്താശ ചെയ്യുന്നു. ഫെന്റാണിൽ പോലുള്ള നിരോധിത മരുന്നുകൾ ഈ രാജ്യങ്ങളുടെ, പ്രത്യേകിച്ച് മെക്സിക്കോയുടെ അതിർത്തി വഴി അമേരിക്കയിലേക്ക് യഥേഷ്ടം എത്തുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. ഫെബ്രുവരി ഒന്ന് മുതൽ ഉയർന്ന തീരുവ നിലവിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി ഈ നീക്കം സ്ഥിരീകരിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചൈനയും റഷ്യയും യൂറോപ്യൻ യൂണിയനുമാണ് ഉയർന്ന തീരുവ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ.

പുതിയ വ്യാപാര യുദ്ധത്തിന് കൃത്യമായ ഒരു പശ്ചാത്തലം ട്രംപും ആരാധകവൃന്ദവും പ്രചരിപ്പിക്കുന്നുണ്ട്. ഇത്രയും കാലം അമേരിക്കയിലെ ജനങ്ങൾ അധിക നികുതി നൽകേണ്ടി വന്നിരുന്നു എന്നും അതുവഴി അമേരിക്കൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വൻ വ്യാപാര നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്നുമാണ് ട്രംപിന്റെ വാദത്തിന്റെ കാതൽ. എന്നാൽ ഇനിയങ്ങോട്ട് കയറ്റുമതി രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തി അമേരിക്കയിലെ ജനങ്ങൾക്ക് നേട്ടം കൈമാറുകയുമാണ് ലക്ഷ്യമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. അമേരിക്ക തുടർച്ചയായ വർഷങ്ങളിൽ ഗുരുതരമായ വ്യാപാരക്കമ്മി നേരിടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 സെപ്തംബർ മാസത്തെ കണക്കുകൾ പ്രകാരം 78.20 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മി ആ രാജ്യം നേരിടുന്നുണ്ട്. 1990കൾ മുതൽ ഈ സ്ഥിതി പ്രകടമാണെങ്കിലും ഏറ്റവും വലിയ കമ്മി നേരിടേണ്ടി വരുന്നത് ചൈനയുമായാണ്. ട്രംപ് ആവർത്തിച്ച് നടപ്പാക്കുന്ന വ്യാപാര യുദ്ധത്തിന്റെ സാമ്പത്തികമായ അടിത്തറ വിദേശ വ്യാപാരത്തിൽ നേരിടുന്ന കമ്മിയാണ്. ഇത് സംഭവിച്ചതിനുപിന്നിൽ നിരവധി സാമ്പത്തിക ഘടകങ്ങളുണ്ടെങ്കിലും ഏറ്റവും വലിയ പ്രചരണായുധമായി ട്രംപ് ഉയർത്തിക്കാട്ടുന്നത് ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള ചരക്കുകളുടെ ഡംപിങ്ങാണ് ഇതിന് കാരണമെന്നാണ്. എന്നാൽ മറ്റു രാജ്യങ്ങളുടെ വിപണിയിൽ തങ്ങൾക്ക് അനുകൂലമല്ലാത്ത വിധത്തിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുകയാണ് എന്ന ആക്ഷേപവും ട്രംപ് ഉയർത്തുന്നു. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തിയ നടപടിയെ ട്രംപ് തന്റെ ഒന്നാമൂഴത്തിൽ ശക്തമായി വിമർശിച്ചിരുന്നു. ഇന്ത്യൻ നിർമ്മിത ബൈക്കുകൾക്ക് അമേരിക്ക ശൂന്യ തീരുവ ചുമത്തുമ്പോൾ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് 100 ശതമാനം ഡ്യൂട്ടി ഏർപ്പെടുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന നിലപാട് താക്കീത് രൂപത്തിൽ ട്രംപ് നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. തുടർന്ന് തീരുവ 50 ശതമാനമായി ഇന്ത്യ കുറച്ചുവെങ്കിലും ട്രംപ് തൃപ്തനായിരുന്നില്ല. ഈ രീതിയിൽ കയറ്റുമതി രാജ്യങ്ങൾ കുറഞ്ഞ തീരുവയുടെ ആനുകൂല്യം മുതലെടുത്ത് അമേരിക്കൻ കമ്പനികളെ തകർക്കുകയാണെന്ന വാദമുഖമാണ് ട്രംപ് ഉന്നയിക്കുന്നത്. അമേരിക്കയിലെ കോർപറേറ്റുകൾക്ക് സന്തോഷം പകരുകയും ഒപ്പം കപട ദേശീയ ബോധം ജനങ്ങളിൽ ഉണർത്തി വിട്ട് രാഷ്ട്രീയ നേട്ടം കൈവരിക്കുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ് ട്രംപിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരൻ ഇവിടെ പയറ്റുന്നത്. ഫലത്തിൽ 1990കൾ മുതൽ മുതലാളിത്ത സാമ്പത്തിക ലോകം പയറ്റുന്ന തുറന്ന വിപണിയും ആഗോളവത്കരണവുമെന്ന വിനാശകരമായ സമീപനങ്ങളിൽ നിന്ന് വഴുതി മാറി സംരക്ഷിത സമ്പദ്ഘടന ( പ്രൊട്ടക്ഷനിസം ) എന്ന സങ്കുചിത ചിന്തയിലേക്ക് ലോകത്തെ നയിക്കുകയാണ് ട്രംപ് ചെയ്യുന്നത്.നൂതന സാങ്കേതിക വിദ്യകളും വിജ്ഞാനവും കൂടുതൽ വിശാലമാകുന്ന പുതിയ ലോകത്ത് വിനാശകരമായ ഒരു സാഹചര്യമാണ് ഇത്തരം പിന്തിരിപ്പൻ ആശയങ്ങൾ തുറന്നിടുന്നത്.

അമേരിക്കയുടെ അന്താരാഷ്ട്ര വ്യാപാരത്തെ സംബന്ധിച്ച് സമഗ്രമായ ഒരു വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിവിധ ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് സ്ഥാനമേറ്റ ഉടൻ ഒപ്പു വയ്ക്കുകയുണ്ടായി. അമേരിക്കയുടെ വ്യാപാരക്കമ്മിയുടെ സ്ഥിതി, അമേരിക്കൻ സമ്പദ്ഘടനയ്ക്ക് എതിരാകുന്ന ആഗോള വ്യാപാര നയങ്ങൾ, അമേരിക്കയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾ ഇടപാടുകൾ നടത്തുന്ന കറൻസികൾ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സമഗ്ര റിപ്പോർട്ടാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപിന്റെ തുടർനീക്കങ്ങളിൽ നിർണായകമാകുന്ന ഒന്നായിരിക്കും ഈ റിപ്പോർട്ട്. വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള പരിഹാര നിർദേശങ്ങളും ഇതിന്റെ ഭാഗമായി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ അമേരിക്ക കുറഞ്ഞ തീരുവ ചുമത്തുന്ന വിദേശ ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധം എപ്രകാരമാണ് പരിവർത്തനം ചെയ്യപ്പെടുക എന്നത് ഈ റിപ്പോർട്ടിലെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് കരുതാം.

കരുതലോടെ ചൈന
ഫെബ്രുവരി ഒന്നു മുതൽ ചൈനയ്ക്ക് മേൽ 10 ശതമാനം തീരുവ ചുമത്താനുള്ള പ്രഖ്യാപനം ഇതിനകം വന്നിട്ടുണ്ട്. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലേക്ക് ചൈന ഫെന്റാണിൽ എന്ന, നിയന്ത്രിതമായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന മരുന്ന് കയറ്റുമതി ചെയ്യുന്നു എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളുടെ അതിർത്തി വഴി അത് അമേരിക്കൻ വിപണിയിലെത്തുന്നു. മയക്കുമരുന്നായി അമേരിക്കയിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് കണ്ടെത്തൽ. എന്നാൽ ട്രംപിന്റെ പുതിയ വ്യാപാര നീക്കങ്ങൾക്ക് ഇനിയും തീർച്ചയും മൂർച്ചയും ഉണ്ടായിട്ടില്ല. കാരണം, ചൈനക്കുമേൽ ഉയർന്ന തീരുവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ ഉത്തരവുകൾ യു എസ് ട്രേഡ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചിട്ടില്ല. മാത്രവുമല്ല, വാഷിങ്ടണുമായി ചർച്ച ആഗ്രഹിക്കുന്നു എന്ന നിലപാടാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ചൈനയുടെ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. വ്യാപാര യുദ്ധത്തിൽ അന്തിമ വിജയികളില്ല, എന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞത്. കഴിഞ്ഞ വ്യാപാര യുദ്ധത്തിൽ ചൈന – അമേരിക്ക വ്യാപാരത്തിൽ ശരാശരി തീരുവയുടെ കാര്യത്തിൽ 17 ശതമാനം വർധന പ്രകടമായി. പിന്നീട് 2020 ലെ ‘ഫേസ് വൺ എഗ്രിമെന്റ് ‘ പ്രകാരം തീരുവ കുറച്ചുവെങ്കിലും യു എസ് – – ചൈനീസ് വ്യാപാരത്തെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നാണ് ഡബ്ല്യുടി ഒ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം ഇത്തരുണത്തിൽ ഏറെ പ്രസക്തവുമാണ്. ആഗോള ജി ഡി പിയിൽ നാമമാത്രമായ കുറവാണ് ഇത് വരുത്തിയതെങ്കിലും വ്യാപാര നയങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വമാണ് ഏറ്റവും വലിയ പ്രതിസന്ധിയായി ഡബ്ള്യു ടി ഒ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വ്യാപാര രംഗത്ത് അതേ അനിശ്ചിതത്വമാണ് രണ്ടാമൂഴത്തിലും ട്രംപ് സൃഷ്ടിക്കുന്നത്. രാജ്യാന്തര വ്യാപാരത്തിലെ നയങ്ങളിലും താരിഫുകളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന വ്യതിയാനം സാമ്പത്തിക ലോകത്ത് സൃഷ്ടിക്കുന്ന ആഘാതം ഗൗരവതരമാണ്. ഇതാണ് ട്രംപിന്റെ അരിയിട്ടുവാഴ്ചക്കൊപ്പം ഓഹരി വിപണികൾ തകരുന്നതിനും സ്വർണ്ണവില കുതിക്കുന്നതിനും കാരണമായത്.

ഏതായാലും ചൈന വളരെ കരുതലോടെയാണ് പ്രതികരിക്കുന്നതെന്ന് കാണാം. ചൈനക്കെതിരായ നീക്കങ്ങളുടെ ഭാഗമായി അമേരിക്ക, അവിടെ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ 60 ശതമാനമായി ഉയർത്തുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് അതിവൈകാരികമായി പറഞ്ഞുകൊണ്ടിരുന്നത്. അത്തരമൊരു നീക്കത്തിലേക്ക് പോവുക എന്നത് പ്രായോഗികമായി കടുപ്പമേറിയ ഒന്നാണെങ്കിലും ചൈനയുടെ പെർമനന്റ് നോർമൽ ട്രേഡ് റിലേഷൻസ് (പി എൻ ടി ആർ) എന്ന സ്റ്റാറ്റസ് (നേരത്തെ എം എഫ് എൻ സ്റ്റാറ്റസ്) പിൻവലിക്കുമോ എന്ന ആശങ്ക ശക്തമാണ്. എന്നാൽ ചൈനയുമായി കടുത്ത വ്യാപാര – തീരുവ യുദ്ധത്തിലേക്ക് പോവുക എന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു പരിധി വരെ ആത്മഹത്യാപരവുമാണ്. കാരണം, ചൈനീസ് നിർമ്മിത ഉത്പന്നങ്ങളെ ഒഴിവാക്കുന്നതും, അവയുടെ വില ഉയരുന്നതും അമേരിക്കയുടെ ആഭ്യന്തര ബിസിനസിനെ വളരെ പ്രതികൂലമായി ബാധിക്കും. വാൾമാർട്ട് ഉൾപ്പടെയുള്ള അമേരിക്കയിലെ പ്രമുഖ വിപണന കമ്പനികൾ വിൽക്കുന്ന സാധനങ്ങളുടെ നല്ലൊരു പങ്ക് ചൈനീസ് നിർമ്മിതമാണ്. ഡോജിന്റെ ( ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി DOGE) മന്ത്രിയായ എലോൺ മസ്കിനെ പോലുള്ള വമ്പൻ ബിസിനസുകാർക്കുപോലും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരിക്കില്ല ഈ നീക്കം. അതുകൊണ്ട് താനാണ് ലോകത്തെ നയിക്കുന്നത്, അമേരിക്കയാകും ആഗോള വ്യാപാരത്തെ നിർണ്ണയിക്കുക എന്നൊക്കെ സ്ഥാപിക്കുന്നതിനും അമേരിക്കയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കുന്നതായി വ്യഞ്ജിപ്പിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനുള്ള ചില ഞുണുക്ക് വിദ്യകൾ കൂടിയാണ് വ്യാപാര രംഗത്തെ പ്രസിഡന്റ് ട്രംപിന്റെ പല നീക്കങ്ങളും.

റഷ്യ
റഷ്യയുടെ കാര്യത്തിൽ ഭീഷണിയുടെ സ്വരത്തിലാണ് ട്രംപിന്റെ പ്രതികരണം. നാറ്റോ സഖ്യവുമായി യോജിച്ച് പ്രവർത്തിക്കുന്ന യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കുന്നില്ലെങ്കിൽ കൂടുതൽ ഉപരോധവും ഉയർന്ന നികുതിയും ചുമത്തുമെന്നാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയുടെ വില്പനയ്ക്ക് കർശനമായ ഉപരോധം അമേരിക്ക ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റഷ്യയോട് ചേർന്നുകിടക്കുന്ന, അവിടെനിന്നുള്ള പ്രകൃതി വാതകത്തെയും എണ്ണയെയും ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. കൂടുതൽ കർക്കശമായ നിലപാടുകളിലേക്ക് അമേരിക്കൻ ഭരണകൂടത്തിന് പോകാൻ കഴിയാതിരുന്നത് നാറ്റോയിൽ അംഗങ്ങളായ ഈ രാജ്യങ്ങളുടെ സമ്മർദ്ദം മൂലമാണ്. പക്ഷേ തന്റെ ഭ്രാന്തൻ നിലപാടുകൾക്കും തീരുമാനങ്ങൾക്കും കേൾവികേട്ട ഒരു പ്രസിഡന്റ് ഇനി എന്തുചെയ്യും എന്നത് ആഗോള സമൂഹത്തിൽ ആശങ്കയും അനിശ്ചിതത്വവും പടർത്തുകയാണ്. ഒരാഴ്ചയിലേറെയായി ബ്രെന്റ് ക്രൂഡ് വില ബാരൽ ഒന്നിന് 78 ഡോളറിന് മുകളിലും ഡബ്ള്യു ടി ഐ ക്രൂഡ് വില 74 ഡോളറിന് മുകളിലും തുടരാനുള്ള പ്രധാന കാരണം ഈ അനിശ്ചിതത്വമാണ്. പ്രകൃതി വാതകത്തിന്റെ വിലയും രാജ്യാന്തര മാർക്കറ്റിൽ ഉയർന്നു നിൽക്കുകയാണ്. താൻ അമേരിക്കയുടെ മാത്രം പ്രസിഡന്റല്ല, ലോകത്തിന്റെ ഭരണം താൻ പറയുന്നതുപോലെയാണ് എന്ന ധാർഷ്ട്യം ട്രംപിന്റെ ഓരോ വാക്കിലും തീരുമാനത്തിലും ശരീരഭാഷയിലുമടക്കം പ്രകടമാണ്. പരസ്പര ബഹുമാനത്തോടെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ അമേരിക്കയുമായി ചർച്ചയാകാമെന്നാണ് ഇക്കാര്യത്തിൽ മോസ്കോയുടെ പ്രതികരണം. ഒരു പരിധി വരെ തന്റെ അധികാരം നിലനിർത്താൻ പുടിൻ അമേരിക്കൻ തിട്ടൂരങ്ങൾക്ക് വഴങ്ങുമെന്ന സൂചനയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്നത്. ഇക്കാര്യത്തിൽ ട്രംപിന്റെ രാജ്യാന്തര മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള പ്രതികരണം ശ്രദ്ധേയമാണ്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുക വഴി റഷ്യക്കും അതിന്റെ പ്രസിഡന്റിനും ‘ഞാൻ ഒരു വലിയ ഔദാര്യമാണ് ചെയ്യുന്നത് ‘ എന്നായിരുന്നു ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ വീമ്പിളക്കിയത്. സോവിയറ്റ് യൂണിയന്റെ പതനം ലോകത്തെ എത്തിച്ചിരിക്കുന്ന ദുര്യോഗത്തിന്റെ വ്യാപ്തി ഇത്തരം വാക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നതാണ്.

എത്രയും വേഗം എണ്ണ വില കുറയ്ക്കണമെന്നാണ് ഒപെക് രാജ്യങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വന്നാൽ റഷ്യ – – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ നിർബന്ധിതമാകുമെന്നാണ് അദ്ദേഹം പറയുന്നത്. യുക്രൈനുമേൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾക്ക് പരോക്ഷമായി അദ്ദേഹം ഒപെക് രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നുമുണ്ട്. എണ്ണവില താഴ്ന്നാൽ പലിശ നിരക്ക് താഴ്ത്തുന്നതിന് അമേരിക്കൻ ഫെഡറൽ റിസർവിൽ സമ്മർദം ചെലുത്തും. അത് ആഗോളതലത്തിൽ പലിശനിരക്കുകൾ താഴുന്നതിന് വഴിതുറക്കുമെന്നും ട്രംപ് വാദിക്കുന്നു. ലോകത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം അമേരിക്കക്കാണെന്ന് തന്റെ ഓരോ വാക്കിലൂടെയും അരക്കിട്ടുറപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിക്കുന്നത്.

ഇസ്രയേൽ ഒഴിച്ചുള്ള എല്ലാ രാജ്യങ്ങൾക്കുമുള്ള സാമ്പത്തിക സഹായം മൂന്നു മാസത്തേക്ക് മരവിപ്പിക്കുന്നതിനുള്ള നിർണ്ണായകമായ തീരുമാനവും വാഷിങ്ടൺ എടുത്തിട്ടുണ്ട്. ആഗോളതലത്തിൽ നിരവധി രാജ്യങ്ങളിലെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു നീക്കമാണിത്. പട്ടിണി രാജ്യങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് കണ്ണിൽ ചോരയില്ലാത്ത തരത്തിലുള്ളതെന്ന് വിവക്ഷിക്കാവുന്ന ഇത്തരം ആകസ്മിക തീരുമാനങ്ങൾ. ഇന്ത്യക്കും ഇത് കാര്യമായ ആഘാതം സൃഷ്ടിക്കുന്നതിന് ഇടയുണ്ട്.

രാജ്യാന്തര വ്യാപാര മേഖലയിൽ അമേരിക്കയുടെ ഭ്രാന്തൻ നിലപാടുകൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്തൽ ക്ഷിപ്രസാധ്യമായ ഒന്നല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് അമേരിക്ക നടത്തുന്ന നീക്കങ്ങളിൽ ഒട്ടുമിക്കവയും. എന്നാൽ ഈ നീക്കങ്ങൾ പലതും പ്രായോഗികമായി ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്തിക്കുക എന്നത് ഇന്നത്തെ ലോകസാഹചര്യങ്ങളിൽ അത്ര എളുപ്പവുമല്ല. അത് അമേരിക്കയ്ക്കും ബോധ്യമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തങ്ങളാണ് ലോകത്തിന്റെ തമ്പ്രാക്കന്മാർ, തങ്ങൾ പറയുന്നത് പോലെയേ ഇവിടെ കാര്യങ്ങൾ നടക്കൂ എന്ന് രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അതുവഴി അവയെ ചൊൽപ്പടിക്ക് നിർത്തി സാമ്പത്തിക നേട്ടം കൊയ്യുന്നതിനുമുള്ള ഒരു നീക്കമായി കൂടി ഇതിനെ വിലയിരുത്താം. കാരണം, ചൈനക്കെതിരെയുള്ള നീക്കമടക്കം പലതും നടപ്പാക്കുക പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ ചൈനയുടെ മാനുഫാക്ചറിങ് രംഗത്തെ മികവിനെ വെല്ലുവാൻ ലോകത്തെ ഒരു രാജ്യത്തിനും കഴിയില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അത്രകണ്ട് ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്നുണ്ട്.

ബീജേസ്, ഡോളർ ട്രീ, കോസ്‌കോ, പ്രൈസ് ചോപ്പർ മാർക്കറ്റ് 32 തുടങ്ങിയ അമേരിക്കയിലെ ചില്ലറ വില്പന ശൃംഖലകൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ നല്ലൊരു പങ്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതിയാണ്. വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ വാൾമാർട്ട് കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, സൈക്കിളുകൾ തുടങ്ങി ക്രിസ്മസ് സീസണിൽ വിൽക്കുന്ന ഹാലോവിയൻ ഉത്പന്നങ്ങൾ പോലും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് ചൈനയുമായി നിരന്തരം വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടു മുന്നോട്ട് പോകുക എന്നത് അമേരിക്കയ്ക്ക് എളുപ്പമുള്ള കാര്യമല്ല. കാരണം, മാനുഫാക്ചറിങ് മേഖലയിൽ നിലവിൽ അത്രക്ക് ഉത്പാദനക്ഷമത അമേരിക്കയ്ക്കില്ല എന്നതു തന്നെ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു വിൽക്കുന്ന ഏത് ഉല്പന്നവും അമേരിക്ക സ്വന്തമായി ഉത്പാദിപ്പിച്ചു വിൽക്കുന്നതായാൽ വില ഇരട്ടിയിലധികമായിരിക്കും. അതിന്റെ പ്രധാന കാരണം, ഉയർന്ന കൂലിച്ചെലവാണ്. ചെമ്മീനിന്റെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂടാതെ അമേരിക്കയ്ക്ക് മുന്നോട്ടുപോവുക സാധ്യമല്ല. അതുപോലെ ലോകത്തെ പല രാജ്യങ്ങളെയും ആശ്രയിച്ചാണ് അമേരിക്കൻ മാർക്കറ്റുകൾ മുന്നോട്ടുപോകുന്നത്. ലോകത്ത് ഏറ്റവുമധികം സാധനങ്ങൾ ഇറക്കുമതി ചെയ്തു ഉപയോഗിക്കുന്ന രാജ്യവും മറ്റൊന്നല്ല. മാത്രവുമല്ല, ഇപ്പോൾ ട്രംപിന് ഓശാന പാടുന്ന കോർപറേറ്റുകൾക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അമിത തീരുവ ചുമത്തുന്നതുവഴി വില ഗണ്യമായി ഉയരുന്നതായാൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാകും. സ്വാഭാവികമായും അവരുടെ എതിർപ്പ് നേരിടേണ്ടി വരും. മുതലാളിത്ത, കോർപറേറ്റ് ശക്തികൾ നയിക്കുന്ന അമേരിക്കയിൽ അവരെ പിണക്കി അധികകാലം മുന്നോട്ടുപോകാൻ ഒരു പ്രസിഡന്റിനും കഴിയില്ല. ഇത് ഡൊണാൾഡ് ട്രംപിനും നന്നായി അറിയാം. അതുകൊണ്ട് ട്രംപിന്റെ വ്യാപാര നീക്കങ്ങൾ ഏറെക്കുറെ പിപ്പിടി കാണിക്കൽ മാത്രമാണ്. ലോകം നിയന്ത്രിക്കുന്നത് അമേരിക്കയാണെന്ന് വരുത്തിത്തീർക്കാനുള്ള വളരെ വ്യക്തവും ആസൂത്രിതവുമായ നീക്കമാണിത്.

കാനഡ, മെക്സിക്കോ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങളെ അമേരിക്കയോട് ചേർക്കും, പനാമ കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് കീഴിലാക്കും, ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റും തുടങ്ങിയ സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങൾ വിളമ്പുന്നത് ഇതിന്റെ ഭാഗമായാണ്. ശരാശരി അമേരിക്കക്കാരെ അതിവൈകാരികമായി ഉണർത്തി രാഷ്ട്രീയ നേട്ടം കൈവരിക്കുക എന്നതാണ് ഇതിന്റെ പിന്നിൽ. സാമ്രാജ്യ വിപുലീകരണം എന്ന പുതിയ ആശയം അവതരിപ്പിക്കുക വഴി അതിതീവ്ര വലതുപക്ഷവാദി എന്ന ഘട്ടത്തിൽ നിന്നും കറതീർന്ന ഫാസിസ്റ്റായി ട്രംപ് പരിണമിച്ചിരിക്കുന്നു എന്നത് സുവ്യക്തമാവുകയാണ്. ഭൂഗോളത്തിനുമേൽ കടുത്ത ആശങ്കയുടെ കനത്ത മേലാപ്പ് അത് വിരിക്കുന്നു എന്നതാണ് മാനവികത നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − seven =

Most Popular