Wednesday, February 12, 2025

ad

Homeകവര്‍സ്റ്റോറിവെെറ്റ് ഹൗസിൽ നവഫാസിസം

വെെറ്റ് ഹൗസിൽ നവഫാസിസം

ജോൺ ബെല്ലമി ഫോസ്റ്റർ

ഈ നിമിഷം പോലും ഭൂമിക്കുകുറുകെ പതിക്കാൻ തുടങ്ങുന്ന ഭീമവും വിനാശകരവുമായ ചിലതിന്റെ നിഴൽ ഇവിടെയുണ്ട്. നിങ്ങൾ തയ്യാറാണെങ്കിൽ, അതിനെ പ്രഭുവാഴ്ചയുടെ നിഴലെന്ന് വിളിക്കൂ; അത് ആസന്നമായിരിക്കുകയാണ് എന്നു ഞാൻ ഉറക്കെ പറയുന്നു. അതിന്റെ സ്വഭാവമെന്താവുമെന്ന് സങ്കൽപ്പിക്കാൻപോലും എനിക്കു കഴിയുന്നില്ല. പക്ഷേ എനിക്ക് പറയാനുള്ളത് ഇതാണ് : നിങ്ങൾ അപകടകരമായൊരു സ്ഥിതിയിലാണ്.
– ജാക്ക് ലണ്ടൻ, ദി അയൺ ഹീൽ

രു പുതിയ ഭരണമല്ല, മറിച്ച് പുതിയൊരു പ്രത്യയശാസ്ത്രംതന്നെ വെെറ്റ് ഹൗസിൽ പാർപ്പുറപ്പിച്ചിരിക്കുന്നു: നവഫാസിസം. 1920 കളിലും 30 കളിലും ഇറ്റലിയിലും ജർമനിയിലും കണ്ട ക്ലാസിക്കൽ ഫാസിസവുമായി ചില രീതികളിൽ ഇതിനു സാമ്യമുണ്ട്; എന്നാൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അമേരിക്കയുടെ അർഥശാസ്ത്രത്തിലും സംസ്കാരത്തിലും പ്രതേ-്യകമായി കണ്ടുവന്ന, ചരിത്രപരമായി വിഭിന്നമായ സവിശേഷതകളോടും അതിനു സാദൃശ്യമുണ്ട്. ഇൗ നവഫാസിസമാണ്, എന്റെ വിലയിരുത്തലിൽ, പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ അടുത്ത ഉപദേഷ്ടാക്കളുടെയും ഒപ്പം തന്നെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില പ്രമുഖരുടെയും സ്വഭാവത്തിൽ കാണുന്നത്. വിശാലമായ സാമൂഹികശാസ്ത്ര കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നോക്കിയാൽ, തിരഞ്ഞെടുപ്പ് അടിത്തറയിലും വർഗമണ്ഡലങ്ങളിലും അതിന്റെ ചിട്ടപ്പെടുത്തലുകളിലും ഡൊണാൾഡ് ട്രംപിനെ അധികാരത്തിലേറ്റിയ വംശീയ, വിദേശീയ വിദേ-്വഷ ദേശീയതയിലും അത് പ്രതിഫലിക്കുന്നുണ്ടെന്ന് കാണാനാകും. നവഫാസിസ്റ്റ് സംവാദവും രാഷ്ട്രീയ പ്രയോഗവും ഇപ്പോൾ വംശീയമായി അടിച്ചമർത്തപ്പെട്ടവർക്കും കുടിയേറ്റക്കാർക്കും സ്ത്രീകൾക്കും എൽജിബിടിക്യു പ്ലസ് വിഭാഗങ്ങൾക്കും പരിസ്ഥിതി പ്രവർത്തകർക്കും തൊഴിലാളികൾക്കുംനേരെ നിരന്തരമായി നടക്കുന്ന വിനാശകരമായ ആക്രമണത്തിൽ തെളിഞ്ഞുകാണുന്നു. ഈ പുതിയ പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയ യാഥാർഥ്യത്തിന്റെയും വഴിയിലേക്ക് ജുഡീഷ്യറിയെയും ഗവൺമെന്റ് ജീവനക്കാരെയും സെെന്യത്തെയും ഇന്റലിജൻസ് ഏജൻസികളെയും പത്രത്തെയും കൊണ്ടുവരുന്നതിനായുള്ള തുടർച്ചയായ ക്യാംപയ്നും ഇതോടൊപ്പം നടന്നുവരുന്നു.

നവഫാസിസ്റ്റ് പ്രതിഭാസത്തിന്റെ സാമൂഹികാടിത്തറ രൂപപ്പെടുത്തിയതാരാണ്? ഗാലപ്പ് വിശകലനവും സിഎൻഎൻ എക്സിറ്റ് പോളും വ്യക്തമാക്കിയതുപോലെ, തിരഞ്ഞെടുപ്പിൽ ട്രംപിനു ലഭിക്കുന്ന പിന്തുണ പ്രധാനമായും മൊത്തം ജനസംഖ്യയിലെ ഇടത്തരം വിഭാഗത്തിൽനിന്നുള്ളതാണ്, അതായത്, തൊഴിലാളിവർഗത്തിലെ താഴ്ന്ന ഇടത്തരം വിഭാഗത്തിൽനിന്നും പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന (Priveleges) വിഭാഗത്തിൽനിന്നുമുള്ളതാണ്; ഒന്നുകൂടി വ്യക്തമാക്കിയാൽ, പ്രാഥമികമായും, ഏകദേശം 56000 ഡോളർ എന്ന ശരാശരി നിലയ്ക്കുമുകളിൽ വാർഷിക കുടുംബ വരുമാനമുള്ള വിഭാഗത്തിൽനിന്നാണ് ട്രംപിന് പിന്തുണ ലഭിക്കുന്നത്. വർഷം 50000 ഡോളറിനും 2,00,000 ഡോളറിനുമിടയ്ക്ക് വരുമാനമുള്ളവർക്കിടയിൽനിന്നും പ്രത്യേകിച്ചും 50000 ഡോളർ മുതൽ 99,999 ഡോളർ വരെ വരുമാനമുള്ളവർക്കിടയിൽനിന്നും ഒപ്പം തന്നെ കോളേജ് ബിരുദധാരികളല്ലാത്തവർക്കിടയിൽ നിന്നുമാണ് ട്രംപിന് വർധിച്ചതോതിൽ കുടുതൽ വോട്ടുലഭിച്ചത്. നാലുവർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ മോശമാണ് തങ്ങളുടെ സാമ്പത്തിക സാഹചര്യമെന്ന് റിപ്പോർട്ടു ചെയ്തവരിൽ 77 ശതമാനത്തിന്റെ മൊത്തം വോട്ടും ട്രംപ് നേടി. ഗാലപ്പിലെ ജോനാഥൻ റോത്ത്-വെല്ലും പാബ്ലോ ഡിയാഗേ റൊസെല്ലും തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുമ്പുമാത്രം അപ്ഡേറ്റു ചെയ്ത ഒരു പഠനത്തിൽ സൂചിപ്പിക്കുന്നത്, പരമ്പരാഗത റിപ്പബ്ലിക്കൻ വോട്ടർമാരിൽനിന്ന് വിരുദ്ധമായി, ട്രംപിനു ലഭിച്ച ശക്തമായ പിന്തുണയിൽ അധികവും വന്നത്, ‘‘വിദഗ്-ദ്ധ പരിശീലനമാവശ്യമായ, ബ്ലൂ കോളർ വ്യവസായങ്ങളിൽ’’ പണിയെടുക്കുന്ന, താരതമേ-്യന പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന വെള്ള വംശീയ വിഭാഗത്തിൽപ്പെടുന്ന, പുരുഷ തൊഴിലാളികളിൽനിന്നാണ്– ഈ പറയുന്ന ബ്ലൂ കോളർ വ്യവസായങ്ങളിൽ ‘‘ഉത്പാദനം, നിർമാണം, യന്ത്രോപകരണങ്ങൾ സ്ഥാപിക്കൽ, പരിപാലനവും അറ്റകുറ്റപ്പണിയും, ഗതാഗതം’’ എന്നിവയുൾപ്പെടുന്നു; ഈ വിഭാഗം ശരാശരി വരുമാനത്തേക്കാൾ കൂടുതൽ വരുമാനമുള്ളവരും നാൽപ്പതു വയസ്സിനുമുകളിൽ പ്രായമുള്ളവരുമാണ്. ട്രംപ് തിരഞ്ഞെടുപ്പിൽ തൂത്തുവാരിയ, തുരുമ്പ് ബെൽറ്റ് സംസ്ഥാനങ്ങൾ (അമേരിക്കയുടെ മധ്യപടിഞ്ഞാറൻ പ്രദേശത്തും വടക്കുകിഴക്കൻ പ്രദേശത്തുമുള്ള കുറേ സംസ്ഥാനങ്ങൾ ഒരു കാലത്ത് വലിയ വ്യാവസായിക കേന്ദ്രങ്ങളായിരിക്കുകയും, എന്നാൽ പിന്നീട് 1970കളിലും 80കളിലും ഭീമമായ വ്യാവസായിക തകർച്ചയുണ്ടാവുകയും ഈ വ്യവസായങ്ങളെല്ലാം അടച്ചുപൂട്ടപ്പെടുകയും ചെയ്തു. ഈ നഗരങ്ങളെയാണ് Rust Belt അഥവാ തുരുമ്പ് ബെൽറ്റ് എന്നു വിശേഷിപ്പിക്കുന്നത്) എന്നറിയപ്പെടുന്നവയിൽ 5 എണ്ണത്തിൽ (ലോവ, മിഷിഗൻ, ഒഹിയൊ, പെൻസിൽവാനിയ, വിസ്-കോൻസിൻ) 2012 മായി താരതമ്യപ്പെടുത്തുമ്പോൾ 50000 ഡോളറോ അതിൽ താഴെയോ വരുമാനമുള്ള വോട്ടർമാർക്കിടയിൽ റിപ്പബ്ലിക്കൻ വോട്ടിൽ മൂന്നു ലക്ഷത്തിനു മുകളിൽ വർധനവുണുണ്ടായത്. അതേസമയം, ഇതേ ജനസംഖ്യാവിഭാഗത്തിനിടയിൽ റിപ്പബ്ലിക്കൻമാർക്കു ലഭിച്ചതിനേക്കാൾ മൂന്നിരട്ടിയിലേറെ വോട്ടർമാരെയാണ് ഡെമോക്രാറ്റുകൾക്ക് നഷ്ടമായത്. ഇവയൊന്നുംതന്നെ ട്രംപിന‍് ദേശീയ ജനകീയ വോട്ടിന്റെ എണ്ണത്തിൽ വിജയിക്കാൻ മതിയായതായിരുന്നില്ല; അവിടെ ട്രംപ് ഏതാണ്ട് 3 ദശലക്ഷം വോട്ടിന് പിന്തള്ളപ്പെട്ടു; എന്നാൽ ഇലക്ട്രൽ കോളേജിൽ ട്രംപിനാവശ്യമായ മുൻതൂക്കം ഇവ നൽകി.

ദേശീയതലത്തിൽ നോക്കിയാൽ, വെള്ളക്കാരുടെ വോട്ടും പുരുഷന്മാരുടെ വോട്ടും ട്രംപിന് നിർണായകമായ മുൻതൂക്കം നൽകി; ഒപ്പംതന്നെ ഗ്രാമീണ വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന് ശക്തമായ പിന്തുണ ലഭിക്കുകയും ചെയ്തു. മതവിശ്വാസികളായ പ്രൊട്ടസ്റ്റന്റുകാരും മതവിശ്വാസികളായ കാത്തലിക്സ് കത്തോലിക്കരം ഒരുപോലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയോടൊപ്പം നിന്നു; പക്ഷേ ട്രംപിന് ഇതിലെല്ലാം വച്ച് ഏറ്റവും വലിയ പിന്തുണ (80 ശതമാനം) ലഭിച്ചത് വെള്ളക്കാരായ ഇവാഞ്ചാലിക്കൽ ക്രിസ്ത്യാനികളിൽനിന്നാണ്. ഈ വിഭാഗത്തിലെ മുതിർന്നവരും ആനുപാതികമായിട്ടല്ലാതെ വിധം ട്രംപിനുവേണ്ടി നിലകൊണ്ടു. രാജ്യത്തെ ഞെരുക്കുന്ന ഏറ്റവും വലിയ പ്രശ്നം കുടിയേറ്റമാണെന്ന് വിശ്വസിക്കുന്നവർക്കിടയിൽ നിന്ന്, സിഎൻഎൻ എക്-സിറ്റ് പോളനുസരിച്ച്, ട്രംപിന് 64 ശതമാനം വോട്ട് ലഭിച്ചു; ഭീകരവാദമാണ് ഒന്നാമത്തെ പ്രശ്നമെന്ന് ചിന്തിക്കുന്നവർക്കിടയിൽനിന്ന് ട്രംപിന് 57 ശതമാനം വോട്ടാണ് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പിലാകെ മേധാവിത്വം വഹിച്ചത് പ്രത്യക്ഷവും പരോക്ഷവുമായ വംശീയപ്രകടനങ്ങളാണ്; അത് റിപ്പബ്ലിക്കൻ നോമിനിയിൽനിന്നു മാത്രമല്ല, അദ്ദേഹത്തിന്റെ അടുത്ത ബന്ധക്കാരിൽനിന്നും കുടുംബക്കാരിൽനിന്നുമെല്ലാം പ്രസരിച്ചുകൊണ്ടേയിരുന്നു. (ഡെമോക്രാറ്റുകൾക്കിടയിൽ ഇത് ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല.) തീവ്ര വലതുപക്ഷത്തെ ലക്ഷ്യമിട്ടുകൊണ്ട് ഡൊണാൾഡ് ട്രംപ് ജൂനിയർ, നാസി സ്റ്റെെലിൽ വെള്ളവംശീയ മേധാവിത്വ മുദ്രാവാക്യങ്ങൾ ട്വീറ്റു ചെയ്തുകൊണ്ടേയിരുന്നു; ഇത് വ്യക്തമായും ഒരു രാഷ്ട്രീയതന്ത്രം തന്നെയായിരുന്നു. മുസ്ലീങ്ങൾക്കും മെക്സിക്കോക്കാർക്കുമെതിരായ ട്രംപിന്റെ ഒളിയമ്പുകളും, അമേരിക്കൻ തീവ്രവലതുപക്ഷ വെബ്സെെറ്റായ ബ്രെയ്റ്റ്ബാർട്ടുമായി അദ്ദേഹത്തിനുള്ള സഖ്യവും ഒരേ ദിശയിലേക്ക് വിരൽചൂണ്ടി.

ഗാലപ്പ് റിപ്പോർട്ട് കൃത്യമായി ചൂണ്ടിക്കാണിച്ചതുപോലെ: ഒരുപക്ഷേ ഏറ്റവും കുപ്രസിദ്ധമായ ദേശീയവാദ പാർട്ടിയെ സംബന്ധിച്ച ഒരു പഠനത്തിൽ (റിച്ചാർഡ് എഫ് ഹാമിൽട്ടൺ, ഹിറ്റ്ലർക്ക് വോട്ടു ചെയ്തതാര് –Who voted for Hilter), വോട്ടിങ് രീതിയുടെ ഭൂമിശാസ്ത്രം തെളിയിക്കുന്നത്, ഗ്രാമീണ മേഖലയിൽ ജീവിക്കുന്നവർക്കിടയിൽ ഹിറ്റ്ലറുടെ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അനുയായികളായി നിന്നത് അധികവും പ്രൊട്ടസ്റ്റന്റുകാരാണ് എന്നാണ്; അതേസമയം നഗരപ്രദേശത്ത് അത് ഭരണനിർവഹണത്തിലെ താഴ്ന്ന– ഇടത്തരം തൊഴിലുകൾ ചെയ്യുന്നവരും ചെറുകിട ബിസിനസ്സുടമകളുമായിരുന്നു. അതുകൊണ്ടുതന്നെ നാസി പാർട്ടിയെ പിന്തുണയ്ക്കുന്നതിനായി സമ്പന്നരോ ദരിദ്രരോ പ്രത്യേകമായ ചായ്-വ് കാണിച്ചിട്ടില്ല, ക്രിസ്ത്യാനികൾക്കിടയിൽപോലും, മതപരമായ സ്വത്വം വലിയ പ്രാധാന്യം വഹിച്ചു.

ഇവിടെ വ്യക്തമായി തെളിഞ്ഞുകാണുന്നത്, ട്രംപിനെ അനുകൂലിക്കുന്നവർക്കും ഇതേ പൊതുരീതിയുമായി സാമ്യമുണ്ട് എന്നതാണ്. ഹാമിൽട്ടൻ നടത്തിയ പഠനമനുസരിച്ച്, ‘‘ഹിറ്റ്ലർക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും നിർണായക പിന്തുണ നൽകിയത് താഴ്-ന്ന ഇടത്തരം വർഗം (അഥവാ പെറ്റി ബൂർഷ്വാസി) ആണെന്നാണ്’’ പൊതുവായി കരുതപ്പെടുന്നത്. തൊഴിലാളി വർഗത്തിലെ ഒരു ന്യൂനപക്ഷത്തെയും ഹിറ്റ്ലർ ആകർഷിച്ചിരുന്നു; അവരിൽ അധികവും കൂടുതൽ പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന ബ്ലൂ കോളർ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നവരായിരുന്നു. പക്ഷേ ഹിറ്റ്ലറിനു ഏറ്റവുമധികം പിന്തുണ ലഭിച്ചത് താഴ‍്ന്ന ഇടത്തരം വർഗത്തിൽനിന്നോ അഥവാ പെറ്റി ബൂർഷ്വാസിയിൽനിന്നോ ആണ്; അവർ അചഞ്ചലമായ തൊഴിലാളിവർഗ വിരുദ്ധ, വംശീയ, എസ്റ്റാബ്ലിഷ്മെന്റ് വിരുദ്ധ കാഴ്ചപ്പാടുള്ളവരും, അതേ സമയം മൂലധനവുമായി കണ്ണിചേർക്കപ്പെട്ടവരുമായിരുന്നു. ഇതിനു പുറമെ വിശ്വാസികളായ പ്രൊട്ടസ്റ്റന്റുകാരിൽ നിന്നും ഗ്രാമീണ വോട്ടർമാരിൽനിന്നും ദുർബലരാക്കപ്പെട്ട വമ്പൻമാരിൽനിന്നും വയസ്സായവരിൽനിന്നും പെൻഷനുടമകളിൽനിന്നും ഹിറ്റ്ലറിന് പിന്തുണ ലഭിച്ചു. അമേരിക്കയിലെ ട്രംപ് പ്രതിഭാസവുമായി ഇതിനുള്ള സാദൃശ്യം അതിനാൽ തന്നെ കൃത്യമായും വ്യക്തമാണ്. ട്രംപിന് ലഭിക്കുന്ന പിന്തുണ പ്രാഥമികമായും തൊഴിലാളിവർഗ ഭൂരിപക്ഷത്തിൽനിന്നോ മുതലാളിത്ത വർഗത്തിൽനിന്നോ വന്നതല്ല–ട്രംപിസത്തിന്റെ പ്രാഥമിക ഗുണഭോക്താക്കൾ തങ്ങളാണ് എന്നു കണ്ടപ്പോൾ പിന്നീട് മുതലാളിത്തവർഗം അതുമായി ഐക്യത്തിലെത്തിയെന്നത് മറ്റൊരു കാര്യം. ഒരിക്കൽ അധികാരത്തിലേറിയാൽ, തങ്ങളെ അധികാരത്തിലേറാൻ സഹായിച്ച അടിസ്ഥാനപരമായ, താഴ്-ന്ന ഇടത്തരം വർഗവുമായുള്ള ബന്ധങ്ങൾ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ അതിവേഗം ചരിത്രപരമായിതന്നെ ശുദ്ധീകരിക്കും; എന്നിട്ട് അതിവേഗം വൻകിട ബിസിനസുമായി ദൃഢമായി സ്വയം സഖ്യത്തിലാകും–നിലവിൽ ട്രംപ് ഭരണത്തിൽ തെളിഞ്ഞുകാണുന്ന ഒരു രീതിയാണിത്.

വളരെ വിശാലമായ ഈ സാമ്യതകൾക്കെല്ലാമപ്പുറം, ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിലെ മുൻഗാമികളിൽനിന്നും വർത്തമാനകാല അമേരിക്കയിലെ നവഫാസിസത്തെ വേറിട്ടുനിർത്തുന്ന സുപ്രധാന സവിശേഷതകളുണ്ട്. പല രീതികളിലും, അമേരിക്കയിലെ നവഫാസിസം അനന്യമായ ഒന്നാണ്; തെരുവുകളിൽ അർധസെെനിക കലാപങ്ങളില്ല; ബ്ലാക്ക് ഷർട്ടുകളോ ബ്രൗൺ ഷർട്ടുകളോ ഇല്ല; നാസി സ്റ്റോംട്രൂപ്പേഴ്സില്ല; നിശ്ചയമായും, അവിടെ പ്രത്യേകമായൊരു ഫാസിസ്റ്റ് പാർട്ടിയുമില്ല. ഇന്ന് ലോക സമ്പദ്ഘടനയിൽ മേധാവിത്വം വഹിക്കുന്നത്, ക്ലാസിക്കൽ ഫാസിസത്തിൽ കണ്ടുവന്നിരുന്നതുപോലെ, രാഷ്ട്രാധിഷ്ഠിത കുത്തക മുതലാളിത്തമല്ല, മറിച്ച് കൂടുതൽ ആഗോളവത്കൃതമായൊരു കുത്തക ഫെെനാൻസ് മുതലാളിത്തമാണ്.

രണ്ടാം ലോകയുദ്ധത്തിലെ തോൽവിക്കുശേഷം ജർമനി മഹാമാന്ദ്യത്തിന്റെ നടുവിലും, അതേസമയം യൂറോപ്പിൽ സാമ്പത്തിക–സാമ്രാജ്യത്വ അധീശാധിപത്യത്തിനുവേണ്ടിയുള്ള അതിന്റെ പോരാട്ടം പുനരാരംഭിക്കുവാനുള്ള ഒരുക്കത്തിലുമായിരുന്നു. നേരെ മറിച്ച്, നീണ്ടകാലമായി ലോകത്ത് അധീശാധിപത്യം പുലർത്തുന്ന അമേരിക്ക ഇന്ന് നീണ്ടകാലത്തെ സാമ്രാജ്യത്വതകർച്ചയോടൊപ്പം സാമ്പത്തിക ത‍ളർച്ചയും നേരിടുകയാണ്. ഇത് കാണിക്കുന്നത് വളരെ വ്യത്യസ്തമായൊരു പരിപ്രേക്ഷ്യത്തെയാണ്. ട്രംപിന്റെ ഉദ്ഘാടന പ്രസംഗത്തിൽ തുറന്നകാട്ടപ്പെട്ട വെെറ്റ് ഹൗസിന്റെ ‘‘ആദ്യം അമേരിക്ക’’ നയം, -ഫാസിസ്റ്റ് സ്വഭാവത്തോടുകൂടിയ ‘‘തീവ്രദേശീയതയുടെ പുനരവതാര രൂപം’’ പേറുന്നതാണ്; അത് നാസി ജർമനിയെപോലെ യൂറോപ്പിലും അതിന്റെ കോളനികളിലും മേധാവിത്വം നേടാൻ ലക്ഷ്യം വച്ചുള്ളതല്ല, മറിച്ച് മൊത്തം ലോകത്താകെ അമേരിക്കയുടെ സമുന്നത സ്ഥാനം വീണ്ടെടുക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്; അത് ‘‘സാമ്രാജ്യത്വത്തിന്റെ അങ്ങേയറ്റം നിർജീവമായ ഘട്ടത്തി’’ലേക്ക് നയിക്കുന്നതുമാണ്.

ഇന്നത്തെ നവഫാസിസത്തെ വേറിട്ടുനിർത്തുന്ന മറ്റൊന്ന് കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിസന്ധിയുടെ ആവിർഭാവമാണ്–വെെറ്റ് ഹൗസ് നിഷേധിക്കുന്ന പരമമായൊരു യാഥാർഥ്യമാണ് കാലാവസ്ഥ വ്യതിയാന പ്രതിസന്ധി. ഈ പ്രശ്നത്തെ കെെകാര്യം ചെയ്യുന്നതിനുപകരം, റിപ്പബ്ലിക്കൻ പാർട്ടിയിലെ ഫോസിൽ–മൂലധന വിഭാഗത്തിന്റെ പിന്തുണയുള്ള പുതിയ ഭരണം, മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ലായെന്ന് കണ്ണുമടച്ച് പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ ആഗോള ശാസ്ത്രീയ സമവായത്തെത്തന്നെ തള്ളിപ്പറഞ്ഞുകൊണ്ട് ലോകത്തെയാകെ വെല്ലുവിളിക്കാൻ അത് തയ്യാറായിരിക്കുന്നു. അർധരാത്രിക്ക് മുപ്പത് സെക്കന്റുകൾ എന്ന നിലയിൽ അന്ത്യവിധി നിർണയ ഘടികാരം തിരിച്ചുവച്ച് ബുള്ളറ്റിൻ ഓഫ് അറ്റൊമിക് സയന്റിസ്റ്റ്സ് (Bulletin of Atomic Scientists) എന്ന വെബ്സെെറ്റ് ഉയർത്തിയ കടുത്ത ആശങ്കകൾ, ആണവായുധങ്ങളുടെ കാര്യത്തിലും വെെറ്റ്ഹൗസ് ഇതേ യുക്തിവിരുദ്ധത കാണിക്കുമെന്നതു സംബന്ധിച്ചാണ്. പക്ഷേ, മേൽപറഞ്ഞ കാരണങ്ങളെല്ലാം കൊണ്ടുതന്നെ, ഇന്ന് വെെറ്റ് ഹൗസിനെ അതിന്റെ ചായ്‌വിന്റെ കാര്യത്തിൽ നവഫാസിസ്റ്റ് സ്വഭാവം ആവേശിച്ചത് എന്നു വിളിക്കുമ്പോൾ, അത് അമേരിക്കൻ രാഷ്ട്രത്തെയാകെ വ്യാപിച്ചിട്ടില്ല എന്ന് കാണേണ്ടതുണ്ട്. പരിപൂർണമായൊരു നവഫാസിസ്റ്റ് രാഷ്ട്രത്തെ അതിന്റെ തന്നെ അക്രമാസക്തമായ സ്വഭാവത്തോടുകൂടി പ്രാവർത്തികമാക്കുമ്പോൾ അതിന് കോൺഗ്രസ്, കോടതികൾ, സിവിൽ ബ്യൂറോക്രസി, സെെന്യം, സംസ്ഥാന ഗവൺമെന്റുകൾ തദ്ദേശീയ ഗവൺമെന്റുകൾ എന്നിവയ്ക്കൊപ്പം ‘‘ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങൾ’’ എന്ന് ലൂയി അൽത്തുസർ വിശേഷിപ്പിച്ച മാധ്യമസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കമുള്ളവയെയും വരുതിയിൽ കൊണ്ടുവരേണ്ടതുണ്ട്. ഇപ്പോൾ തന്നെ, അമേരിക്കയിലെ ലിബറൽ അഥവാ മുതലാളിത്ത ജനാധിപത്യം അപകടത്തിലാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ വ്യവസ്ഥയുടെ നില മൊത്തത്തിൽ കണക്കാക്കിയാൽ, പൊളിറ്റിക്കൽ സയന്റിസ്റ്റായ റിച്ചാർഡ് ഫാക്ക് പറഞ്ഞതുപോലെ, നമ്മൾ ഒരു ‘‘ഫാസിസ്റ്റുപൂർവ സന്ദർഭ’’ത്തിലാണ്. അതേസമയംതന്നെ, സംഘടിതവും നിയമപരവുമായ ചെറുത്തുനിൽപ്പിനുള്ള അടിത്തറ, രാഷ്ട്രത്തിനും പൗരസമൂഹത്തിനുമകത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യം, ഫാസിസമെന്നത് ഒരർഥത്തിലും കേവലമൊരു രാഷ്ട്രീയ ചിത്തഭ്രമമോ വ്യതിചലനമോ ഒന്നുമല്ല, മറിച്ച് ചരിത്രപരമായി തന്നെ വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഭരണവർഗങ്ങൾ കെെക്കൊണ്ടിട്ടുള്ള പ്രധാന രീതിയിലുള്ള രണ്ട് പൊളിറ്റിക്കൽ മാനേജ്മെന്റുകളിൽ ഒന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം, പ്രത്യേകിച്ചും വൻകിട സാമ്രാജ്യത്വശക്തികേന്ദ്രങ്ങളിലെ മുതലാളിത്ത രാഷ്ട്രങ്ങൾ, പൊതുവിൽ ലിബറൽ ജനാധിപത്യരൂപം കെെക്കൊണ്ടു– പരസ്പരം എതിരിട്ടിരുന്ന സാമൂഹികമേഖലകളും പ്രവണതകളും തമ്മിൽ ഒരു തരത്തിലുള്ള സന്തുലനാവസ്ഥയെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു ഇത്; അവിടെ സമ്പദ്ഘടനയുടെ നിയന്ത്രണത്തിന്റെയും ഭരണകൂടം അംഗീകരിച്ചുകൊടുത്തിട്ടുള്ള ആപേക്ഷികമായ സ്വയം ഭരണാധികാരത്തിന്റെയും ബലത്തിൽ മുതലാളിത്തവർഗം അതിന്റെ അധീശാധിപത്യം ചെലുത്താൻ പ്രാപ്തമായിരുന്നു. ഏതെങ്കിലും തരത്തിൽ സമത്വബോധത്തിലൂന്നിയുളള ജനാധിപത്യ സംവിധാനം എന്നതിനപ്പുറം ലിബറൽ ജനാധിപത്യം ധനാധിപത്യത്തിന്റെ (Plutocracy) ഉദയത്തിന്, അതായത് സമ്പന്നന്റെ ഭരണത്തിന്, ഗണ്യമായ ഇടം അനുവദിച്ചുകൊടുത്തു; പക്ഷേ അതേസമയംതന്നെ, അത് ഭൂരിപക്ഷ ജനതയ്ക്ക് ഇളവുകൾ അനുവദിക്കുന്ന ജനാധിപത്യരൂപങ്ങളാലും അവകാശങ്ങളാലും പരിമിതപ്പെടുത്തപ്പെടുകയും ചെയ്തു. തീർച്ചയായും, ലിബറൽ ജനാധിപത്യത്തിന്റെ അതിരുകൾക്കകത്ത് തുടരവെ തന്നെ, 1980കൾ മുതലിങ്ങോട്ടുള്ള നവലിബറൽ കാലം, അസമത്വത്തിന്റെ കാര്യത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വെച്ചേറ്റവും കുത്തനെയുള്ള വർധനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നിരുന്നാലും, വികസിത മുതലാളിത്ത രാജ്യങ്ങളിൽ സാധ്യമായ ഒരേയൊരു ഭരണരൂപമല്ല ലിബറൽ ഡെമോക്രസി. 1930കളിലെ മഹാമാന്ദ്യവും ഈ അടുത്ത ദശകങ്ങളിൽ കണ്ടുവരുന്ന സാമ്പത്തികതളർച്ചയും ധനവത്കരണവും പോലെയുള്ള സ്വത്തുബന്ധങ്ങൾ ഭീഷണി നേരിടുന്ന വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ ഘട്ടത്തിൽ, സാഹചര്യങ്ങൾ ഫാസിസത്തിന്റെ ഉദയത്തിനനുകൂലമായിവരാം. അതിനെക്കാളുപരി, ഇപ്പോഴത്തെപോലെ അപ്പോഴും, നിശ്ചയമായും, മുതലാളിത്ത ലോകസമ്പദ്ഘടനയ്ക്കകത്തുതന്നെ അധീശാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുമായി ബന്ധപ്പെട്ട കുത്തകമൂലധനത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വിപുലമായ പശ്ചാത്തലത്തിന്റെ ഒരുത്പന്നമാണ് ഫാസിസം. യഥാർഥത്തിൽ കാണുന്നതായാലും, ഇനി നമ്മൾ ഗ്രഹിക്കുന്നതായാലും ഇത്തരത്തിലൊരു ലോക അധീശാധിപത്യത്തിന്റെ പ്രതിസന്ധി, തീവ്രദേശീയത, വംശീയത, വിദേശീയ വിദേ-്വഷം, തീവ്രസംരക്ഷണവാദം, തീവ്ര സെെനികവത്കരണം എന്നിവ ശക്തിപ്പെടുത്തുകയും ആഭ്യന്തരമായി അടിച്ചമർത്തലും വിദേശീയമായി ഭൗമരാഷ്ട്രീയ ഏറ്റുമുട്ടലുകളും വർധിപ്പിക്കുകയും ചെയ്യും. ലിബറൽ ജനാധിപത്യം, നിയമവാഴ്ച, ശക്തമായൊരു രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ നിലനിൽപ്പ് എന്നിവയെല്ലാം അപകടത്തിലാകും.

ഇത്തരം സാഹചര്യങ്ങളിൽ, ബെർത്തോൾഡ് ബ്രഹ്ത് പ്രഖ്യാപിച്ചതുപോലെ, ‘‘വെെരുധ്യങ്ങളാണ് നമ്മുടെ പ്രതീക്ഷ !’’ അപ്പോൾ ഈ ചോദ്യങ്ങൾ അനിവാര്യമായും ചോദിക്കേണ്ടതുണ്ട്: ട്രംപ് യുഗത്തിലെ നവഫാസിസത്തിന്റെ സവിശേഷ വെെരുദ്ധ്യങ്ങൾ എന്തൊക്കെയാണ്? അമേരിക്കൻ രാഷ്ട്രീയ സമ്പദ്ഘടനയും സാമ്രാജ്യവും നേരിടുന്ന ഭീമൻ പ്രതിസന്ധിയുമായി അവ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? ശക്തവും സംഘടിതവുമായൊരു ചെറുത്തുനിൽപ്പ് പ്രസ്ഥാനം സാധ്യമാക്കുന്നതിന് നമ്മൾ ഈ വെെരുദ്ധ്യങ്ങളെ എങ്ങനെ മുതലെടുക്കണം?

ക്ലാസിക്കൽ ഫാസിസ്റ്റ് 
ഗ്ലെയിസ്ഷെെറ്റങ് 
(Gleichschaltung)
പോൾ സ്വീസി 1952ൽ പോൾ ബാരന് ഇങ്ങനെ എഴുതി: ‘‘ഫാസിസത്തിന്റെ എതിർപദമാണ് ബൂർഷ്വാ ഡെമോക്രസി; അത് ഫ്യൂഡലിസമോ സോഷ്യലിസമോ അല്ല. കുത്തകാധിപത്യ–സാമ്രാജ്യത്വഘട്ടത്തിൽ മുതലാളിത്തം സ്വീകരിച്ചേയ്ക്കാവുന്ന രാഷ്ട്രീയ രൂപങ്ങളിൽ ഒന്നാണ് ഫാസിസം’’. ഫാസിസത്തിന്റെ പ്രശ്നം ക്ലാസിക്കൽ ഫാസിസത്തിന്റെ കാര്യത്തിലായാലും ഇപ്പോഴത്തെ ഫാസിസത്തിന്റെ കാര്യത്തിലായാലും, വലതുപക്ഷ രാഷ്ട്രീയത്തിനും അപ്പുറമാണിത്. സ്വീസിക്ക് ബാരൻ എഴുതിയ മറുപടിയിൽ പറയുന്നതുപോലെ ലിബറൽ ഡെമോക്രസിയും ഫാസിസവും തമ്മിൽ ഗുണപരമായി വേർപിരിയുന്ന ഇടം (ഇപ്പോഴാണെങ്കിൽ നവലിബറലിസവും നവഫാസിസവും തമ്മിൽ) ഏതെന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഇവിടെ ഉയരുന്നു. ഒരു ഫാസിസ്റ്റ് ഭരണകൂടം പൂർണമായി വികസിച്ചുവരുന്നത് ചരിത്രപരമായ ഒരു പ്രക്രിയ ആയാണ് അറിയപ്പെടുന്നത്; ഭരണകൂട ഉപകരണത്തെ (State apparaus) അതിന്റെ സമഗ്രതയിൽ തന്നെ കെെവശപ്പെടുത്തുകയെന്നതാണ് ഇതിന് പ്രധാനമായും വേണ്ടത്; അതിനാൽതന്നെ ദേശീയമായ ആധിപത്യത്തിനും ലോകാധിപത്യത്തിനും വേണ്ടിയുള്ള വിപുലമായ പോരാട്ടത്തിന്റെ താൽപ്പര്യപ്രകാരം വിവിധ ഭാഗങ്ങളായി അധികാരത്തെ വേർതിരിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. അതുകൊണ്ട് ഗവൺമെന്റിന്റെ ഉന്നതസ്ഥാനം നേടിയെടുക്കുന്നതിനായി, പ്രത്യേകിച്ച് എക്സിക്യൂട്ടീവ്, ഫാസിസ്റ്റ് താൽപ്പര്യങ്ങൾ നേടുന്നതിനായി, ചരിത്രപരമായി തന്നെ അർധനിയമ മാർഗങ്ങളാണ് പ്രയോഗിക്കാറുള്ളത്; നിഷ്ഠുരത, പ്രചാരണം, ഉൾച്ചേർക്കലിനുള്ള മാർഗമെന്ന നിലയിൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കെല്ലാം വൻകിട മൂലധനം നേരിട്ട് പിന്തുണ നൽകുകയോ മറ്റു മാർഗങ്ങളിലൂടെ ഇടപെടുകയോ ചെയ്യും. ഫാസിസം പൂർണമായി അധികാരം പിടിച്ചെടുക്കുന്നതോടെ, ലിബറൽ ഡെമോക്രസി വ്യക്തികൾക്ക് നൽകുന്ന അപൂർണമായ സംരക്ഷണം നിർമാർജനം ചെയ്യപ്പെടും; രാഷ്ട്രീയരംഗത്ത് പ്രതിപക്ഷവും ഇതോടൊപ്പം തുടച്ചുനീക്കപ്പെടും.

എന്നാൽ സ്വത്ത് അവകാശങ്ങൾ ഫാസിസത്തിൻ കീഴിൽ യാതൊരു വ്യത്യാസവും കൂടാതെ സംരക്ഷിക്കപ്പെടും–അതേസമയം, വംശീയമായും ലിംഗപരമായും രാഷ്ട്രീയമായും ആക്രമണലക്ഷ്യമാക്കപ്പെടുന്നവരുടെ കാര്യത്തിൽ ഇത് ബാധകമാവില്ല; പലപ്പോഴും അവരുടെ സ്വത്ത് പിടിച്ചെടുക്കപ്പെടും. വൻകിട മൂലധനത്തിന്റെ താൽപ്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. നാസി പ്രത്യയശാസ്ത്രപ്രകാരമുള്ള ‘‘സമഗ്രാധിപത്യ ഭരണകൂടം’’ ആയിരിക്കും അധികാരത്തിലെത്തുന്ന രാഷ്ട്രീയ ശക്തികളുടെ ലക്ഷ്യം; എക്സിക്യൂട്ടീവിനെ ചുറ്റിപ്പറ്റിയായിരിക്കും ഈ സമഗ്രാധിപത്യ ഭരണകൂടം സംഘടിപ്പിക്കപ്പെടുന്നത്; അതേസമയം അടിസ്ഥാനപരമായ സാമ്പത്തികഘടന ഒരു മാറ്റവും കൂടാതെ തുടരും. ഫാസിസ്റ്റ് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അത് ‘‘സമഗ്രാധിപത്യപര’’മായിരിക്കും; രാഷ്ട്രീയവും സാംസ്കാരികവുമായ ഉപകരണങ്ങളെയാകെ ഒരൊറ്റ അവിഭാജ്യശക്തിയാക്കി ചുരുക്കുന്നതായിരിക്കും ഫാസിസ്റ്റ് ഭരണകൂടം. എന്നാൽ, സമ്പദ്ഘടനയും പൊതുവെ മുതലാളിവർഗവും ഭരണകൂട ഇടപെടലിൽ നിന്നും മുക്തമായിരിക്കും; മാത്രമല്ല അതിലെ കുത്തകവിഭാഗങ്ങൾക്ക് തങ്ങളുടെ ആധിപത്യം ദൃഢപ്പെടുത്താൻപോലും കഴിയുന്നു. ഈ സാഹചര്യങ്ങളിൽ ഭരണകൂടത്തിന്റെ ലക്ഷ്യം സാധാരണജനതയെ അടിച്ചമർത്തലും വരുതിയിൽ നിർത്തലുമായിരിക്കും; അതേസമയം മുതലാളിത്ത സാമ്പത്തികബന്ധങ്ങളെയും ലാഭത്തെയും മൂലധന സമാഹരണത്തെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും; അങ്ങനെ സാമ്രാജ്യവികാസത്തിന്റെ അടിത്തറയിടും. മുസോളിനി തന്നെ പ്രഖ്യാപിച്ചതുപോലെ, ‘‘ഫാസിസ്റ്റ് ഭരണം ഒരിക്കലും ദേശീയ സമ്പദ്ഘടനയുടെ ദേശസാൽക്കരിക്കരണമോ അതിലുമേറെ വർഷങ്ങളായ ഉദ്യോഗസ്ഥമേധാവിത്വവൽക്കരണമോ ലക്ഷ്യമാക്കുന്നില്ല; കോർപറേഷനുകളിലൂടെ അതിനെ നിയന്ത്രിക്കാനും അനുസരിപ്പിക്കാനും മാത്രമേ ശ്രമിക്കൂ… കോർപറേഷനുകൾ അച്ചടക്കം ഉറപ്പാക്കും; ഡിഫെൻസ്, നിലനിൽപ്പ്, മാതൃഭൂമിയുടെ സുരക്ഷ എന്നിവ മാത്രമേ ഭരണകൂടം ഏറ്റെടുക്കുകയുള്ളൂ.’’ ഇതുപോലെതന്നെ ഹിറ്റ്ലറും ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ‘‘സ്വകാര്യസ്വത്ത് സംരക്ഷിക്കാനായാണ് ഞങ്ങൾ നിലകൊള്ളുന്നത്….. ഏറ്റവും പ്രായോഗികമായതെന്ന നിലയിൽ സ്വതന്ത്ര സംരംഭങ്ങളെ ഞങ്ങൾ സംരക്ഷിക്കും; സാധ്യമായ ഒരേയൊരു സാമ്പത്തികക്രമം എന്ന് അതിനെ വിശേഷിപ്പിക്കും.’’

പലപ്പോഴും അവഗണിക്കപ്പെടാറുള്ള ഒരു നാസി നയമായിരുന്നു സർക്കാർ സ്വത്തുക്കളുടെ വിറ്റഴിക്കൽ. സമ്പദ്ഘടനയുടെ സ്വകാര്യവൽക്കരണം (അഥവാ ‘‘പുനഃസ്വകാര്യവൽക്കരണം’’) എന്ന സങ്കൽപ്പനം ഇപ്പോൾ നവലിബറലിസത്തിന്റെ മുഖമുദ്രയായിരിക്കുകയാണ്; ഇത് ആദ്യം യാഥാർഥ്യമായത് ഫാസിസ്റ്റ് ജർമനിയിലാണ്; അവിടെ മുതലാളിത്ത സാമ്പത്തികബന്ധങ്ങൾ പരമപവിത്രമായി നിലനിന്നു; പുതിയ ഫാസിസ്റ്റ് ഭരണകൂട സംവിധാനം ലിബറൽ ജനാധിപത്യസ്ഥാപനങ്ങളെയാകെ പൊളിച്ചടുക്കുകയും യുദ്ധകാല സമ്പദ്ഘടന സ്ഥാപിക്കുകയും ചെയ്തപ്പോൾപോലും ഇതിലൊരു മാറ്റവുമുണ്ടായില്ല. ഹിറ്റ്ലർ അധികാരത്തിൽവന്ന സമയത്ത് ജർമൻ സമ്പദ്ഘടനയുടെ ഏറെ ഭാഗവും സർക്കാർ ഉടമസ്ഥതയിലായിരുന്നു; ഉരുക്ക്, കൽക്കരി വ്യവസായങ്ങൾപോലുള്ള മേഖലകളും കപ്പൽ നിർമാണവും ബാങ്കിങ്ങുമെല്ലാം പൊതുവിൽ ദേശസാൽക്കരിക്കപ്പെട്ടിരുന്നു. ഹിറ്റ്ലർ അധികാരത്തിലെത്തി ഏറെക്കഴിയും മുൻപ് യുണെെറ്റഡ് സ്റ്റീൽ ട്രസ്റ്റ് സ്വകാര്യവൽക്കരിച്ചു; 1937 ഓടുകൂടി എല്ലാ പ്രമുഖ ബാങ്കുകളും സ്വകാര്യവൽക്കരിക്കപ്പെടുകയുണ്ടായി. ഇതെല്ലാംതന്നെ മൂലധനത്തിന്റെ കരുത്തും വ്യാപ്തിയും വർധിപ്പിച്ചു. നാസി സമ്പദ്ഘടനയെ സംബന്ധിച്ച് 1941 ൽ നടത്തിയ പ്രധാനപ്പെട്ട ഒരു പഠനത്തിൽ മാക്-സിൻ യാപ്പിൾ സ്വീസി ഇങ്ങനെ എഴുതി– ‘‘സർക്കാർ സംരംഭങ്ങൾ സ്വകാര്യകെെകളിലേക്ക് മാറ്റുന്നതിന്റെ പ്രായോഗിക പ്രാധാന്യം വരുമാനം സഞ്ചയിക്കലിന്റെ ഉപാധിയായി മുതലാളിവർഗം തുടർന്നും സേവനം നടത്തിയെന്നതാണ്. സർവോപരി ലാഭമുണ്ടാക്കലും സ്വത്ത് സ്വകാര്യകെെകളിലേക്ക് തിരികെ കൊണ്ടുപോകുന്നതും നാസി പാർട്ടിയുടെ ശക്തി സുദൃഢമാക്കാൻ സഹായകമായി.’’ ഫാസിസവും സർവ്വാധിപത്യവും എന്ന കൃതിയിൽ നിക്കോസ് പൗളാൻസാസ് രേഖപ്പെടുത്തിയതുപോലെ ‘‘മുതലാളിത്ത വ്യവസ്ഥയുടെയും സ്വകാര്യസ്വത്തിന്റെയും സംരക്ഷണകാര്യങ്ങളിൽ നാസിസം നിയമപരമായ ചട്ടക്കൂടൊരുക്കി.’’

വ്യാവസായികരംഗത്തെ സ്വകാര്യവൽക്കരണം ജർമനിയിൽ ഫാസിസത്തിന്റെ വളർച്ചയ്ക്ക് നിർണായകമായിരുന്നെങ്കിൽ, അങ്ങനെ മുതലാളിവർഗത്തിന്റെ സാമ്പത്തികശക്തി പിന്നെയും കൂടുതൽ കേന്ദ്രീകൃതമായെങ്കിൽ, ലിബറൽ ജനാധിപത്യ വ്യവസ്ഥയെ അപ്പാടെ തകർത്തുകൊണ്ട്, ആദ്യം പറഞ്ഞതിനെ സാധ്യമാക്കിയത് ഭരണകൂടത്തിനകത്തെ നാസി വാഴ്ചയുടെ ദൃഢീകരണമാണ്. ഗ്ലെയിസ്ഷെെറ്റങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയെ (‘‘വരുതിയിലാക്കൽ’’ അഥവാ ഒത്തുചേർക്കൽ’’)യാണ് 1933–34 കാലത്തെ പുതിയ രാഷ്ട്രീയ വ്യവസ്ഥയുടെ ദൃഢീകരണത്തിന്റെ കാലമായി നിർവചിക്കുന്നത്; പാർലമെന്റും ജുഡീഷ്യറിയും സിവിൽ ബ്യൂറോക്രസിയും മിലിട്ടറിയും സർക്കാരിന്റെ പ്രാദേശികവും മേഖലാതലത്തിലുള്ളതുമായ ശാഖകളും ഉൾപ്പെടെ ഭരണകൂടത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളെ ഓരോന്നിനെയും രാഷ്ട്രീയമായി ഉൾച്ചേർക്കൽ എന്നാണിതിനർഥം. സിവിൽ സമൂഹത്തിനുള്ളിലെ പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങളുടെ അഥവാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമം, വ്യാപാര സമിതികൾ തുടങ്ങിയവയുടെ പ്രധാന വിഭാഗങ്ങളിലേക്കെല്ലാം ഇതിനെ വ്യാപിപ്പിക്കുകയാണെന്നർഥം. പ്രത്യയശാസ്ത്രം, വിരട്ടൽ, നിർബന്ധിത സഹകരണം, ബലപ്രയോഗം എന്നിവയിലൂടെയായിരിക്കും ഈ പൊരുത്തപ്പെടുത്തൽ സാധ്യമാക്കുന്നത്; ഈ സ്ഥാപനങ്ങളെ ‘‘സ്വന്തം ഇടങ്ങൾ ശുചീകരിക്കുന്നതിന്’’ സമ്മർദം ചെലുത്തിക്കൊണ്ടായിരിക്കും ഇത് നടപ്പാക്കുന്നത്. പ്രമുഖ നാസി നിയമജ്ഞനായ കാൾ ഷ്-മിത്ത് ഗ്ലെയിസ്ഷെെറ്റങ്ങിനെ നിയന്ത്രിക്കുന്ന ജർമൻ സംഭവത്തിൽ പറയുന്ന രണ്ട് തത്വങ്ങൾ അവതരിപ്പിക്കുന്നുണ്ട് – (1) ആര്യന്മാരല്ലാത്തവരെ ഒഴിവാക്കൽ; (2) ഫ്യൂറർ പ്രിൻസിപ് ( Fuuhrer Prinzip) ‘‘നേതൃത്വ തത്വം’’ – എഴുതപ്പെട്ട നിയമങ്ങൾക്കെല്ലാം ഉപരിയായി നേതാവിനെ പ്രതിഷ്ഠിക്കൽ). ഈ കാലഘട്ടത്തിൽ നിയമത്തിന്റേതായ ഒരു തരം മേലങ്കി ഈ അധികാരദൃഢീകരണത്തിന് ന്യായീകരണം നൽകി; പൊതുവെ നേതാവിനെ നിയമത്തിനതീതനാക്കാനായിരുന്നു അത്. ഷ്-മിത്ത് വിശദീകരിച്ചതുപോലെ, ഗ്ലെയിസ്ഷെെറ്റങ്ങിന്റെ ലക്ഷ്യം ഒരുമയും ശുദ്ധിയും ആയിരുന്നു; ‘‘വ്യത്യസ്തതയെ ഉന്മൂലനം’’ ചെയ്തുകൊണ്ടാണ് അത് കെെവരിച്ചത്.

ജർമനിയിൽ ഗ്ലെയിസ്ഷെെറ്റങ് ഭരണകൂടത്തിന്റെയും പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണത്തിന്റെയും എല്ലാ ശാഖകളെയും ഒരേ സമയം ലക്ഷ്യമാക്കിയിരുന്നു; എന്നാൽ അത് നിരവധി ഘട്ടങ്ങളിലൂടെ അഥവാ ഗുണപരമായ വിച്ഛേദങ്ങളിലൂടെയും കടന്നുപോയിരുന്നു, 1933 ജനുവരിയിൽ അന്നത്തെ പ്രസിഡന്റ് ഹിൻഡൻബെർഗ്, ചാൻസലറായി ഹിറ്റ്ലറെ നിയമിച്ച് കഷ്ടിച്ച് ഒരു മാസം കഴിഞ്ഞതോടെ റീഷ് സ്താഗിന് തീവെച്ചത് ഭരണഘടനയെ ലംഘിക്കുന്നതിനുള്ള നിയമപരമായ ന്യായീകരണം നൽകുന്ന രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിക്കുവാൻ അവസരമൊരുക്കി. 1933 മാർച്ചിൽ ഈ ഉത്തരവുകൾക്ക് (ഡിക്രികൾക്ക്) സാധുത നൽകുന്ന നിയമം അഥവാ ‘‘രാഷ്ട്രത്തിനും റൈഷിനും (Reieh) നാശമുണ്ടാക്കുന്നത് ഒഴിവാക്കാനുള്ള നിയമം കൊണ്ടുവന്നു; ഇതിലൂടെ റീഷ്സ്താഗിന്റെ അംഗീകാരം കൂടാതെ നിയമങ്ങൾ പാസാക്കാൻ ഹിറ്റ്ലർക്ക് ഏകപക്ഷീയമായ അധികാരം നൽകി. ഇതിനെതുടർന്ന് ഉടൻ തന്നെ രാഷ്ട്രീയ എതിരാളികളെ അറസ്റ്റുചെയ്യാനും ഉന്മൂലനം ചെയ്യാനുമാരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ‘‘സിവിൽ സർവീസിന്റെ പുനരുദ്ധരിക്കലിനുള്ള നിയമം’’ കൊണ്ടുവരാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത്; സിവിൽ സർവീസിലുള്ള എല്ലാ ജീവനക്കാർക്കും ഗ്ലെയിഷെെറ്റങ് ബാധകമാക്കിയത് ഈ നിയമത്തിലൂടെയാണ്. 1933 ജൂലെെയിൽ നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിച്ചതോടെ വരുതിയിലാക്കലിന്റെ ആദ്യഘട്ടം അവസാനിച്ചു.

രണ്ടാമത്തെ ഘട്ടം, സെെന്യത്തിനുമേൽ നിയന്ത്രണം സ്ഥാപിക്കലും ഇതിലേക്ക് ഉൾച്ചേർക്കലുമാണ്; അതിനോടൊപ്പം തന്നെ സർവകലാശാലകളെയും പത്രങ്ങളെയും മറ്റു സാമൂഹ്യ–സാംസ്കാരിക സംഘടനകളെയും പിടിച്ചെടുക്കലുകളും നടപ്പാക്കി. സെെന്യത്തിനുമേൽ പിടിമുറുക്കാൻ മാത്രമല്ല ഹിറ്റ്ലർ നീക്കം നടത്തിയത്, മറിച്ച് നാസി പദ്ധതിയിലേക്ക് സെെന്യത്തെ ഉൾച്ചേർക്കാനും ഹിറ്റ്ലർ ശ്രമിച്ചു; 1933 ഡിസംബറിൽ ഹിറ്റ്ലർ പ്രഖ്യാപിച്ചത്, ‘‘സെെന്യത്തിനുമാത്രമേ ഈ രാഷ്ട്രത്തിൽ ആയുധങ്ങൾ കെെവശം വെയ്ക്കാനാവൂ’’ എന്നാണ്; നാസി പാർട്ടിയുടെ അർദ്ധസെെനിക വിഭാഗമായ ബ്രൗൺ ഷർട്ട് ധാരികളുടെ (സ്റ്റോംട്രൂപ്പേഴ്സ്) അവകാശവാദങ്ങളെ ഇതിലൂടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിൽ ‘‘വെെവിധ്യങ്ങളുടെ നിർമാർജനം’’ സാധ്യമാക്കിയത് സർവകലാശാലകൾ നാസി സിദ്ധാന്തം നല്ല നിലയിൽ സ്വായത്തമാക്കിയതിന്റെ പ്രകടനമായിരിക്കുന്നു. 1933 മുതൽ ഫ്രെയ്ബെർഗ് സർവകലാശാലയുടെ റെക്ടർ എന്ന നിലയിൽ ജർമൻ തത്വചിന്തകനായ മാർട്ടിൻ ഹെെഡെഗർക്കാണ് ഗ്ലെയിസ്ഷെെറ്റങ് ആ സ്ഥാപനത്തിൽ നടപ്പാക്കുന്നതിനുള്ള മുഖ്യചുമതല നൽകിയത്. ഹെെഡെഗർ ഈ ദൗത്യം അക്ഷരാർഥത്തിൽ തന്നെ നടപ്പാക്കി; തന്റെ സഹപ്രവർത്തകരെ തള്ളിക്കളയാനും സർവകലാശാലയിൽ ശുദ്ധീകരണം നടത്താനും അദ്ദേഹം തയ്യാറായി. ഈ വർഷങ്ങളിൽ, നാസി പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം കാൾ ഷ്മിറ്റുമായി ചേർന്ന് പ്രവർത്തിച്ചു. ജൂത വിരോധത്തെ യുക്തിസഹമാക്കാൻ സഹായിക്കുകയും പ്രതീകാത്മകമായി പുസ്തകങ്ങൾ ചുട്ടെരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു.

മൂന്നാമത്തേതാണ് ഗ്ലെയിസ്ഷെെറ്റങ്ങിന്റെ നിർണായകഘട്ടം; 1934 ജൂൺ 30 മുതൽ ജൂലെെ രണ്ടു വരെ എസ്എ (സ്റ്റോംട്രൂപ്പേഴ്സ്) നടത്തിയ രക്തരൂഷിതമായ ശുദ്ധീകരണമാണത്; പിന്നീട് 1934 ആഗസ്തിൽ ഹിൻഡൻ ബെർഗിന്റെ മരണത്തെതുടർന്ന്, ഹിറ്റ്ലർ നിയമപ്രകാരമുള്ള സർവാധികാരിയായി ഉയർന്നു; The Fuuhrer safeguards the Law (ഫ്യൂറർ നിയമത്തെ സംരക്ഷിക്കുന്നു) എന്ന ഷ്മിത്തിന്റെ ലേഖനത്തിൽ അങ്ങനെ വാഴ്ത്തുകയാണ്. ഇവിടംമുതൽ ഭരണകൂടത്തിന്റെ മുഖ്യസ്ഥാപനങ്ങളിലാകെയും സിവിൽ സമൂഹത്തിന്റെ മുഖ്യ പ്രത്യയശാസ്ത്ര ഉപകരണങ്ങളിലും ഫാസിസ്റ്റ് വാഴ്ച അരക്കിട്ടുറപ്പിക്കപ്പെട്ടു.

മറ്റു ഫാസിസ്റ്റ് രാഷ്ട്രങ്ങളും ഇതേപാത പിന്തുടർന്നു; സമഗ്രാധിപത്യം തെല്ല് കുറവാണെന്നേയുള്ളൂ. The Anatomy of Fascism (ഫാസിസത്തെ സംബന്ധിച്ച വിശകലനം) എന്ന കൃതിയിൽ റോബർട്ട് ഒ പാക്-സ്ടൺ എഴുതുന്നു: ‘‘ഇറ്റലിയിൽ ഫാസിസ്റ്റ് വാഴ്ച അരക്കിട്ടുറപ്പിക്കപ്പെട്ടത് കുറച്ചുകൂടി മന്ദഗതിയിലുള്ള പ്രക്രിയയിലൂടെയായിരുന്നു (അത്ര പൂർണവുമായില്ല); തൊഴിലാളിയൂണിയനുകളെയും രാഷ്ട്രീയപാർട്ടികളെയും പത്രങ്ങളെയും മാത്രമേ പൂർണമായും ചൊൽപ്പടിക്ക് കൊണ്ടുവന്നുള്ളൂ.’’

ട്രംപിസ്റ്റ് ഗ്ലെയിസ്ഷെെറ്റങ്
1930കളിലെ യൂറോപ്പിലെ സവിശേഷതകളായിരുന്നു ഈ സംഭവവികാസങ്ങളിൽ പലതും; അതേ രൂപത്തിൽ ഇന്ന് അതേപടി വീണ്ടും വരാനുള്ള സാധ്യത തീരെയില്ല. എന്നിരുന്നാലും ഇന്നത്തെ നവഫാസിസവും വികസിതമുതലാളിത്ത വ്യവസ്ഥയുടെ മാനേജ്മെന്റിൽ മാറ്റം ലക്ഷ്യമിട്ടുള്ളതാണ്; ഇതിന് ലിബറൽ ഡെമോക്രാറ്റിക് വ്യവസ്ഥയെ ഫലപ്രദമായി തകർക്കേണ്ടത് ആവശ്യമാണ്; അതിന്റെ സ്ഥാനത്ത് ‘‘തീവ്ര വലതുപക്ഷം’’ എന്ന് വിളിക്കപ്പെടുന്നതിന്റെ പ്രതിനിധികളെ പരസ്യമായിതന്നെ പ്രതിഷ്ഠിക്കുകയാണ്; അതായത് വംശീയതയെയും ദേശീയതയെയും പരിസ്ഥിതി വിരുദ്ധതയെയും സ്ത്രീ വിരുദ്ധതയെയും സ്വവർഗരതിക്കാരോടുള്ള വിദേ-്വഷത്തെയും പൊലീസ് അക്രമത്തെയും തീവ്ര സെെനികവാദത്തെയും ഉയർത്തിപ്പിടിക്കുന്നവരെ പ്രതിഷ്ഠിക്കുകയാണ്.

എന്നാൽ, എല്ലാ രൂപങ്ങളിലുമുള്ള ഈ പിന്തിരിപ്പൻ മനോഭാവത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ അടിച്ചമർത്തലാണ്. ട്രംപിന്റെ ഈ തീവ്രവലതുപക്ഷ ഭ്രാന്തിനു പിന്നിൽ സ്ഥിതിചെയ്യുന്ന കാര്യം സർക്കാരിന്റെ എല്ലാ സാമ്പത്തികപ്രവർത്തനങ്ങളെയും എത്രയും വേഗം സ്വകാര്യവൽക്കരിക്കാനുള്ള വ്യഗ്രതയാണ്; വൻകിട ബിസിനസുകാരുടെ അധികാരം ബലപ്പെടുത്തുന്നതിനും കൂടുതൽ വംശീയമായി നിർവചിക്കപ്പെട്ട സാമ്രാജ്യത്വ വിദേശനയത്തിലേക്കുള്ള ചുവടുമാറ്റത്തിനുള്ള താൽപ്പര്യവുമാണ്. എന്നിട്ടും നിലവിലുള്ളതിന്റെ സ്ഥാനത്ത് ഇത്തരമൊരു നവഫാസിസ്റ്റ് തന്ത്രത്തെ പകരംവയ്ക്കാൻ പുതിയൊരു തരം ഗ്ലെയിസ് ഷെെറ്റങ് ആവശ്യമാണ്–അതുപ്രകാരം കോൺഗ്രസ്, ജൂഡീഷ്യറി, സിവിൽ ബ്യൂറോക്രസി, ഭരണകൂടവും പ്രാദേശിക സർക്കാരുകളും, സെെന്യം, നാച്വറൽ സെക്യൂരിറ്റി സ്റ്റേറ്റ് (‘‘ഡീപ് സ്റ്റേറ്റ്’’ –ഭരണകൂടത്തെ രഹസ്യമായി സ്വാധീനിക്കാൻ ശേഷിയുള്ള സംഘം), മാധ്യമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെയെല്ലാം വരുതിയിലാക്കണം.

അപ്പോൾ, ട്രംപ് വന്ന ശേഷമുള്ള വെെറ്റ് ഹൗസ് മുതലാളിത്ത ഭരണകൂട നിർവഹണത്തിന്റെ നവഫാസിസ്റ്റ് രൂപങ്ങൾ നടപ്പാക്കാനാണ് പ്രവർത്തിക്കുന്നത് എന്നതിന് മൂർത്തമായ തെളിവ് എന്താണുള്ളത്? ട്രംപ് നിയമപരമായ മാനദണ്ഡങ്ങളെ അതിലംഘിക്കുകയും ലിബറൽ ജനാധിപത്യ സംരക്ഷണങ്ങളാകെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നതിനും തെളിവുണ്ടോ? ഇവിടെ പൊതുവിൽ ഫാസിസത്തിന്റെ സവിശേഷതകളെക്കുറിച്ച് നാം ഓർമിക്കുന്നത് ഉപയോഗപ്രദമായിരിക്കും; അമേരിക്കൻ നവഫാസിസം അതിന്റെ ഒരു സവിശേഷരൂപമാണ്. സമീർ അമിൻ The Return of Fascism in Contemporary Capitalism (സമകാലിക മുതലാളിത്തത്തിൽ ഫാസിസത്തിന്റെ മടങ്ങിവരവ്) എന്ന ലേഖനത്തിൽ പ്രസ്താവിക്കുന്നതിങ്ങനെ:

‘‘പ്രതിസന്ധിയിലായ മുതലാളിത്ത ഭരണകൂടത്തിൽ ഭരണനിർവഹണത്തിനുള്ള ഫാസിസ്റ്റ് മാർഗം ഏതു സമയത്തും ‘‘ജനാധിപത്യ’’ത്തെ പാടെ തിരസ്-കരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്– നിർവചനപ്രകാരം പോലും അങ്ങനെയാണ് അത് ചെയ്യുന്നത്. ഫാസിസം എക്കാലത്തും ആധുനിക ജനാധിപത്യം ആധാരമാക്കിയിട്ടുള്ള സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും സംബന്ധിച്ച പൊതുതത്വങ്ങളുടെ സ്ഥാനത്ത് (വ്യത്യസ്ത അഭിപ്രായഗതികളെ അംഗീകരിക്കൽ, ഭൂരിപക്ഷം നിർണയിക്കാൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ആശ്രയിക്കൽ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കൽ തുടങ്ങിയവ) കൂട്ടായ അച്ചടക്കത്തിന്റെയും പരമോന്നത നേതാവിന്റെയും അയാളുടെ മുഖ്യ ഏജന്റുമാരുടെയും പ്രാമാണികത്വവും ആവശ്യമായി വരുന്നിടത്തോളം അതിന് വണങ്ങിയും നിൽക്കുന്ന വ്യത്യസ്തമൂല്യങ്ങളെയാണ് പ്രതിഷ്ഠിക്കുന്നത്. മൂല്യങ്ങളെ ഇങ്ങനെ മാറ്റി പ്രതിഷ്ഠിക്കുന്നതിനൊപ്പം പിന്തിരിപ്പൻ ആശയങ്ങളുടെ മടങ്ങിവരവും സംഭവിക്കുന്നു; നടപ്പാക്കപ്പെട്ടു കഴിഞ്ഞ കീഴടങ്ങലിന്റെ നടപടിക്രമങ്ങൾക്ക് പ്രത്യക്ഷമായ നിയമസാധുത നൽകാൻ കഴിയുന്നു. ഭൂതകാലത്തിലേക്ക് മടങ്ങിപ്പോക്ക് അനിവാര്യമാണെന്ന് തോന്നിപ്പിക്കുന്ന പ്രഖ്യാപനം ഒൗദ്യോഗിക (ഭരണകൂട)മതത്തിന് കീഴടങ്ങുന്നതിന്റെ അഥവാ ‘‘വംശ’’ത്തിന്റെയോ വംശീയ ‘‘രാഷ്ട്ര’’ത്തിന്റെയോ ചില നിർദിഷ്ട സവിശേഷതകൾ ആയിരിക്കും ഫാസിസ്റ്റ് ശക്തികളുടെ പ്രത്യയശാസ്ത്രപരമായ വിവാദങ്ങളുടെ കവചമായി പ്രയോഗിക്കപ്പെടുന്നത്.’’

പുതിയ ഭരണസംവിധാനത്തിന്റെ തീവ്രദേശീയവാദത്തെയും തീവ്രവലതുപക്ഷ ചായ്-വിനെയും സംബന്ധിച്ച് സംശയിക്കേണ്ടതില്ല. തന്റെ തീവ്രവലതുപക്ഷ ഉപദേഷ്ടാക്കളായ സ്റ്റീവ്- ബന്നനും സ്റ്റീഫൻ മില്ലറും എഴുതിക്കൊടുത്ത ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് നടത്തിയ പ്രഖ്യാപനത്തെ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്ളിറ്റ്സ് വിശേഷിപ്പിച്ചത്. ‘‘ചരിത്രപരമായ ഫാസിസ്റ്റ് അട്ടിമറി’’ എന്നാണ്.

ട്രംപിന്റെ പ്രഖ്യാപനം ഇങ്ങനെ: ‘‘ഈ നിമിഷം മുതൽ തന്നെ അമേരിക്കയെ ഒന്നാമതാക്കാൻ തുടങ്ങുകയാണ്… നമ്മൾ പഴയ കൂട്ടുകെട്ടുകൾ ശക്തിപ്പെടുത്തും, പുതിയ കൂട്ടുകെട്ടുകളുണ്ടാക്കും– ഇസ്ലാമിക ഭീകരതയ്ക്കെതിരെ സംസ്കാരസമ്പന്നമായ ലോകത്തെയാകെ നാം ഒന്നിപ്പിക്കും; ഈ ഭൂമുഖത്തുനിന്നുതന്നെ നാം ഇസ്ലാമിക ഭീകരതയെ തുടച്ചുനീക്കും. നമ്മുടെ ഉൽപ്പന്നങ്ങൾ നിർമിക്കുകയും നമ്മുടെ കമ്പനികൾ തട്ടിയെടുക്കുകയും നമ്മുടെ തൊഴിലുകൾ ഇല്ലാതാക്കിയും മറ്റു രാജ്യങ്ങളിലെ ശല്യക്കാരിൽനിന്നും നമ്മുടെ അതിർത്തികളെ നാം സംരക്ഷിക്കും.. അമേരിക്ക വീണ്ടും വിജയിക്കാൻ തുടങ്ങും, മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര വമ്പൻ വിജയം നാം കെെവരിക്കും… നമ്മുടെ രാഷ്ട്രീയത്തിന്റെ അടിത്തറ യുണെെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയോടുള്ള കടുത്ത കൂറാണ്; നമ്മുടെ രാജ്യത്തോടുള്ള നമ്മുടെ വിശ്വസ്തയാണ്. നമ്മൾ ഓരോരുത്തരിലും നാം ഈ വിശ്വസ്തത കണ്ടെത്തും. നാം നമ്മുടെ ഹൃദയത്തെ ദേശഭക്തികൊണ്ടുനിറയ്ക്കുമ്പോൾ അവിടെ മുൻവിധികൾക്കിടമുണ്ടാവില്ല… അമേരിക്ക ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ആർക്കും അമേരിക്കയെ തടഞ്ഞുനിർത്താനാവില്ല. ഭയത്തിനൊന്നും യാതൊരവകാശവുമില്ല– നാം സംരക്ഷിക്കപ്പെട്ടിരിക്കുന്നു, നാം എക്കാലവും സംരക്ഷിതർ തന്നെ ആയിരിക്കും. നമ്മുടെ സെെന്യത്തിലെയും നിയമവ്യവസ്ഥയിലെയും മഹത്തുക്കളായ സ്ത്രീ പുരുഷന്മാരാൽ നാം സംരക്ഷിക്കപ്പെടും; ഇതിലെല്ലാമുപരിയായി ദെെവം നമ്മളെ കാത്തുരക്ഷിക്കും… അതോടൊപ്പം നാം അമേരിക്കയെ വീണ്ടും ശക്തമായ രാഷ്ട്രമാക്കി മാറ്റും. നാം അമേരിക്കയെ വീണ്ടും സമ്പന്നരാഷ്ട്രമാക്കും. നാം അമേരിക്കക്കാരെ വീണ്ടും ആത്മാഭിമാനമുള്ളവരാക്കി മാറ്റും. നാം അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കും. അതെ, എല്ലാത്തിനുമൊപ്പം അമേരിക്കയെ വീണ്ടും നാം മഹത്തായ രാഷ്ട്രമാക്കും.’’

ട്രംപിസത്തിന്റെ പ്രത്യയശാസ്ത്രപരമായ ചട്ടക്കൂടും രാഷ്ട്രീയതന്ത്രവും മുഖ്യമായും ബന്നന്റെ സൃഷ്ടിയാണ്; ബ്രെയ്ബാർട്ട് ന്യൂസിന്റെ മുൻ മേധാവിയും ഇപ്പോൾ വെെറ്റ് ഹൗസിലെ മുഖ്യ സ്ട്രാറ്റജിസ്റ്റും സീനിയർ കോൺസെലുമാണ് ബന്നൻ; അവസാനമാസങ്ങളിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മാർഗദർശനം നൽകിയതും ബന്നനാണ്. അടുത്തകാലത്തായി ട്രംപിന്റെ ദേശീയ സുരക്ഷാ കൗൺസിലിൽ നിയോഗിക്കപ്പെട്ട ബന്നൻ മുഖ്യധാരയിലെ, റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതല്ലാത്ത മാധ്യമങ്ങളെ ആക്രമിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. ബന്നന്റെ സ്വാധീനമേഖലയെ കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോതന്നെ ഭരണസംവിധാനത്തിനുള്ളിലെ ഇന്നർ സർക്കിളിൽ അദ്ദേഹത്തിനുള്ള ആധിപത്യം വളരെ വലുതാണെന്ന് പറയേണ്ടിവരും; അതാണ് ന്യൂയോർക്ക് ടെെംസ് എഡിറ്റോറിയൽ ബോർഡ് ഇങ്ങനെ അവകാശപ്പെട്ടത്: ‘‘അദ്ദേഹം ചിലപ്പോഴെല്ലാം താനാണ് യഥാർഥത്തിൽ പ്രസിഡന്റ് എന്ന നാട്യത്തിലാണ്.’’ ബന്നനൊപ്പം മറ്റ് രണ്ട് ബ്രൈ ബാർട്ട് പ്രത്യയശാസ്ത്ര വിദഗ്ധർ കൂടിയുണ്ട്– ട്രംപിന്റെ സീനിയർ ഉപദേഷ്ടാവായ മില്ലറും (അറ്റോർണി ജനറൽ ജെഫ് സെഷൻസിന്റെ അനുയായി) നാഷണൽ സെക്യൂരിറ്റിക്കായുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ് സെബാസ്റ്റ്യൻ ഗോർക്കയും. മറ്റൊരു ബ്രെയ്ബാർട്ട് പ്രമുഖയായ ജൂലിയ ഹാൺ ‘‘പ്രസിഡന്റിന്റെ സ്പെഷ്യൽ അസിസ്റ്റന്റ്’’ ആയി നിയമിക്കപ്പെട്ടു; ബന്നന്റെ ചീഫ് അസിസ്റ്റന്റായാണ് അവർ പ്രവർത്തിക്കുന്നത്; ‘‘ബന്നന്റെ ബന്നൻ’’ എന്നാണ് അവർ അറിയപ്പെടുന്നതുതന്നെ– വിട്ടുവീഴ്ചയില്ലാത്ത തീവ്രവലതുക്ഷ ആശയം പിന്തുടരുന്ന എഴുത്തുകാരി എന്ന നിലയിലുള്ള അവരുടെ പങ്കാണ് ഈ പരാമർശത്തിലൂടെ സൂചിപ്പിക്കപ്പെടുന്നത്; കോൺഗ്രസ് അംഗങ്ങളായ റിപ്പബ്ലിക്കന്മാരെ വരുതിയിൽ നിർത്തലാണ് അവരുടെ ജോലി.

ബന്നന്റെ നവഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആറ് മുഖ്യഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്: (1) ‘‘മുതലാളിത്തത്തിന്റെ പ്രതിസന്ധി’’ മറികടക്കേണ്ടത് ആവശ്യമാണ്, പ്രത്യേകിച്ചും അമേരിക്കയിൽ; ‘‘ആഗോളവൽക്കരണ’’ത്തിന്റെയും ‘‘ശിങ്കിടി മുതലാളിത്ത’’ത്തിന്റെയും ഉയർച്ചയോടെയാണ് ഈ പ്രതിസന്ധി ഉണ്ടായത്; (2) പുനഃസ്ഥാപിക്കപ്പെട്ട മുതലാളിത്തത്തിനു വേണ്ട ആത്മീയ ചട്ടക്കൂട് എന്ന നിലയിൽ ‘‘പാശ്ചാത്യജൂത–ക്രിസ്ത്യൻ’’ സംസ്കാരത്തിന്റെ പുനഃസ്ഥാപനം; (3) തീവ്ര വംശീയ ദേശീയവാദത്തെ പ്രോത്സാഹിപ്പിക്കൽ, വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ ആക്രമിക്കൽ; (4) ‘‘ആഗോള പോപ്പുലിസ്റ്റ് പ്രസ്ഥാനം’’ എന്ന് ബന്നൻ വിശേഷിപ്പിക്കുന്നതുമായി പരസ്യമായി അണിനിരക്കൽ–അതായത്, ആഗോള നവഫാസിസം; (5) ‘‘വികസനമോഹിയായ ഇസ്ലാമിനെതിരെയും’’ വികസനമോഹിയായ ചെെനയ്ക്കെതിരെയും അമേരിക്ക ആഗോളയുദ്ധത്തിലാണെന്ന പിടിവാശി– ഇതിനെ അയാൾ വിശേഷിപ്പിക്കുന്നത് ‘‘നിലനിൽപ്പിനായുള്ള ആഗോളയുദ്ധം’’ എന്നാണ്; (6) തീവ്രവലതുപക്ഷത്തിന്റെ ഉയർന്നുവരവ് അമേരിക്കൻ വിപ്ലവം, ആഭ്യന്തരയുദ്ധം, മഹാമാന്ദ്യം, രണ്ടാം ലോകയുദ്ധം എന്നിവയ്ക്കുശേഷം. അമേരിക്കൻ ചരിത്രത്തിലെ അർധരഹസ്യാത്മകമായ ‘‘നാലാമത്തെ മഹത്തായ വഴിത്തിരിവിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന ചിന്താധാര.

2014ൽ വത്തിക്കാൻ കോൺഫറൻസിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ബന്നന്റെ പ്രത്യയശാസ്ത്രം കൃത്യമായും തെളിഞ്ഞുകാണുന്നുണ്ട്; ഫ്രാൻസിൽ മരീൻ ലെ പെൻ നയിക്കുന്ന നാഷണൽ ഫ്രന്റ് മുന്നോട്ടുവയ്ക്കുന്ന തീവ്രവലതുപക്ഷ ‘‘പോപ്പുലിസ’’ത്തെയും ഒപ്പം തന്നെ ബ്രിട്ടണിലെ യുകെ ഇൻഡിപെൻഡൻസ് പാർട്ടിയെയും ബന്നൻ വാനോളം പുകഴ്-ത്തി. ‘മുതലാളിത്തത്തെ എത്രത്തോളം മുറുകെ പിടിക്കുന്നുവോ, അത്രത്തോളം നല്ലത്’’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ, അതിന് ജൂത ക്രിസ്ത്യാനികളുടെ നഷ്ടപ്പെട്ട ‘‘ആത്മീയ – ധാർമിക അടിത്തറകളുടെ വീണ്ടെടുക്കൽ ആവശ്യമായി വന്നു. മുതലാളിത്തം… അതിന്റെ പുഷ്-കലകാലത്തായിരുന്നപ്പോൾ… എല്ലാ മുതലാളിമാരും ശക്തമായ പാശ്ചാത്യ ജൂത ക്രിസ്ത്യൻ വിശ്വാസികളായിരുന്നു… സ്വന്തം ആശയങ്ങളെ സംരക്ഷിച്ചുനിർത്താനുള്ള പാശ്ചാത്യ ജൂത ക്രിസ്ത്യാനിറ്റിയുടെ ശക്തിയെ മതനിരപേക്ഷത ഞെക്കി പിഴിഞ്ഞില്ലാതാക്കി.’’ ബന്നനെ സംബന്ധിച്ചിടത്തോളം, കേവലം ലിബറലുകൾ മാത്രമായിരുന്നില്ല, മറിച്ച് ‘ശിങ്കിടി മുതലാളിത്തത്തിന്റെ വക്താക്കളായ ‘‘റിപ്പബ്ലിക്കൻ സംഘടനാ സംവിധാന’’വും അതിന്റെ മേധാവികളുമടക്കം എല്ലാവരും ശത്രുക്കളായിരുന്നു. ‘‘മധ്യവർഗ ജനങ്ങളുടെയും തൊഴിലാളിവർഗ ജനങ്ങളുടെയും’’ യഥാർഥ ശത്രുക്കളാണ് ഇവർ. അദ്ദേഹം പ്രതിനിധീകരിക്കുന്ന വംശീയത തീരെ നിഷേധിക്കേണ്ടതല്ല, മറിച്ച് ജനങ്ങൾ ഒന്നിച്ച് ഒരു ദേശസ്നേഹപരമായ സഖ്യത്തിൽ അണിചേരുമ്പോൾ, അങ്ങനെ ‘‘കാലത്തിന്റെ മുന്നോട്ടുപോക്കിൽ അവയെല്ലാം തുടച്ചുനീക്കപ്പെടും. ഇതെല്ലാം തന്നെ വിശാലമായ അർഥത്തിൽ കുരിശുയുദ്ധവുമായി പൊരുത്തപ്പെടുന്നതാണ്: ‘‘പ്രധാനപ്പെട്ട ഒരു യുദ്ധം രൂപപ്പെട്ടുവരികയാണ്, ഇതിനകംതന്നെ ആഗോളമാനം കെെവരിച്ചു കഴിഞ്ഞ ഒരു യുദ്ധം… നാം വളരെ വലിയൊരു യുദ്ധത്തിനിടയ്ക്കാണെന്ന് വെെകാതെ നിങ്ങൾക്ക് കാണാം.’’

ഏറ്റവും ശ്രദ്ധേയമായ കാര്യം ബന്നൻ തന്റെ ആശയങ്ങൾ മറ്റുള്ളവരിൽ അനുഭാവമുണർത്തും വിധമാണ് അവതരിപ്പിക്കുന്നത് എന്നതാണ്; തന്റെ പ്രഭാഷണത്തിനുശേഷം സദസ്യരോട് ചോദ്യങ്ങൾ ചോദിക്കുന്നു; ഇറ്റാലിയൻ ഫാസിസ്റ്റ് ചിന്തകനായ ജൂലിയസ് എവോളയുടെ ആശയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു; മുസോളിനിയുടെയും പിന്നീട് ഹിറ്റ്ലറുടെയും അനുയായിയും അവരെ ആവേശം കൊള്ളിക്കുകയും ചെയ്ത ചിന്തകനായിരുന്നു എവോള; രണ്ടാം ലോക യുദ്ധാനന്തരം യൂറോപ്യൻ നവഫാസിസത്തിലെ പാരമ്പര്യവാദത്തെ അടിസ്ഥാനമാക്കിയ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായിരുന്നു എവോള. അമേരിക്കയിലെ തീവ്രവലതുപക്ഷവാദിയും വെള്ള മേധാവിത്വവാദികളുടെ നേതാവുമായ റിച്ചാർഡ് സ്പെൻസറുടെ ധീരനായകനായിരുന്നു എവോള. 1930കളിൽ എവോള ഇങ്ങനെ പ്രഖ്യാപിച്ചു: ‘‘ഫാസിസം തീരെ ചെറുതാണ്. നമുക്കുവേണ്ട ഫാസിസം കൂടുതൽ തീവ്രമായിരിക്കണം; അത് സാഹസികവും അചഞ്ചലവുമായിരിക്കണം; തികച്ചും സമ്പൂർണവും വ്യക്തവുമായിരിക്കണം നമുക്ക് വേണ്ട ഫാസിസം; കലർപ്പില്ലാത്ത ബലപ്രയോഗമായിരിക്കണം അതിന്റെ ആധാരശില; ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതായിരിക്കണം അത്… നമ്മളെ ഒരിക്കലും ആരും ഫാസിസ്റ്റുവിരുദ്ധരായി കാണാൻ പാടില്ല; ഫാസിസ്റ്റ് വിരുദ്ധതയ്ക്ക് സമാനമായി അതിഫാസിസം (Super fascism) വരുന്നതുവരെ. യുദ്ധാനന്തരകാലത്തെ കൃതികളിൽ എവോള വാദിച്ചത്, പാരമ്പര്യവാദികൾ ‘‘ഫാസിസ്റ്റ് എന്നോ നവഫാസിസ്റ്റ് എന്നോ ഉള്ള വിശേഷണം ഒരിക്കലും സ്വീകരിക്കരുത്, അവർ ആസ്ഥാന വിദ്വാന്മാർ എന്നറിയപ്പെടാനും പാടില്ല’’. മറിച്ച് അവർ തങ്ങളുടെ വ്യക്തവും സുനിശ്ചിതവുമായ സവിശേഷതകളിൽ മാത്രം ഉറച്ചുനിൽക്കണം; യൂറോപ്യൻ പാരമ്പര്യത്തിന്റെ ‘‘കുലീനമായ’’ മൂല്യങ്ങളുടെ വക്താക്കളാണ് തങ്ങളെന്ന് അവർ ഉറക്കെ പ്രസ്താവിക്കണം. പുതിയ ‘‘ആത്മീയമായ ഒരു യൂറോപ്യൻ സാമ്രാജ്യത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ലക്ഷ്യമെന്നതിൽ അവർ ഉറച്ചു നിൽക്കണം… പോരാളികളുടേതായ ഒരെെക്യനിര നാം പടുത്തുയർത്തണം’’. ഒരു രാഷ്ട്രത്തിന്റെ അഥവാ പിതൃരാജ്യത്തിന്റെ ആത്മീയമായ ശക്തിയെന്ന നിലയിൽ പരമ്പരാഗതമായ പരമാധികാരത്തിന്റെ പുനഃസ്ഥാപനമാണ് ആത്യന്തിക ലക്ഷ്യം. ബന്നൻ തന്നെ എവോളയെപ്പോലെ ‘‘അതിതീവ്ര ദേശീയത’’യുടെ (Palingenetic ultra – nationalism) ശക്തനായ വക്താവാണ്; പാശ്ചാത്യരായ ജൂത – ക്രിസ്ത്യൻ വിശ്വാസികൾ ഉയർത്തെഴുന്നേൽക്കണമെന്നാണ് വാദിക്കപ്പെടുന്നത്.

‘‘പാരമ്പര്യവാദത്തെ, പ്രത്യേകിച്ചും അത് ദേശീയതയുടെ അടിത്തറയെ പിന്തുണയ്ക്കുന്നിടത്തോളം ഉയർത്തിപ്പിടിക്കണം’’. അദ്ദേഹം വത്തിക്കാനിലെ തന്റെ ശ്രോതാക്കളോട് പറഞ്ഞത്, ഏറ്റവും പ്രാധാനപ്പെട്ട കാര്യം, ഇസ്ലാമിനെതിരായി പാശ്ചാത്യ ജൂത – ക്രിസ്ത്യൻ വിശ്വാസികൾ നടത്തിയ പോരാട്ടങ്ങളുടെ ദീർഘകാല ചരിത്രത്തെ പുനഃസ്ഥാപിക്കലാണെന്നാണ്. ബന്നൻ പറയുന്നു, ‘‘എവോള പറയുന്ന അർഥത്തിലുള്ള പരമാധികാരത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഞാൻ കരുതുന്നത് ജനങ്ങൾ, പ്രത്യേകിച്ചും ചില രാജ്യങ്ങളിലെ ജനങ്ങൾ, തങ്ങളുടെ രാജ്യത്തിന് പരമാധികാരമുണ്ടെന്ന് കാണാനാഗ്രഹിക്കുന്നുവെന്നാണ്; തങ്ങളുടെ രാജ്യത്ത് ദേശീയത ഉണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു’’. എന്നാൽ അദ്ദേഹം വ്യക്തമാക്കുന്നതുപോലെ ഇതിനാദ്യം വേണ്ടത് രാഷ്ട്രീയ ഭരണനിർവഹണം നടത്തുന്ന വർഗത്തിന്റെ അപനിർമിതിയാണ്; ഇന്നത്തെ രൂപത്തിലുള്ള ഭരണകൂടത്തെ അപനിർമിക്കലാണ്.

ഗ്ലെയിസ്-ഷെെറ്റിങ്ങിന്റെ നവഫാസിസ്റ്റ് തന്ത്രത്തെ അഴിച്ചുവിടാൻ ശാക്തീകരിക്കപ്പെട്ടതാണെന്ന് ട്രംപിന്റെ വെെറ്റ് ഹൗസിന് സ്വയം തോന്നുന്നിടത്തോളം, മുകളിൽ സൂചിപ്പിച്ച പൊതുനയങ്ങൾക്കൊപ്പം ഭരണകൂടത്തിന്റെ പ്രമുഖ ശാഖകൾക്കും പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങൾക്കും നേരെ ഒരാക്രമണം ആർക്കും പ്രതീക്ഷിക്കാവുന്നതാണ്; നിയമപരവും രാഷ്ട്രീയവുമായ മാനദണ്ഡങ്ങൾ മറികടക്കുകയും പ്രസിഡന്റിന്റെ അധികാരം വിപുലമായി വർധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടായിരിക്കുമത്. വാസ്തവത്തിൽ, വളരെ നേരത്തെയുള്ള തെളിവുകൾ പ്രകാരം ട്രംപ് അധികാരമേറ്റ് ഹ്രസ്വകാലത്തിനുള്ളിൽ രാഷ്ട്രീയ സംസ്കാരം ഇത്തരത്തിൽ മാറിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ എല്ലാ പ്രധാനമേഖലകളും ആക്രമിക്കപ്പെടുകയാണ്. ഏറ്റവും കടുത്ത നടപടി 2017 ജനുവരി 27ന് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവാണ്; മധ്യപൂർവമേഖലയിലെ മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ഉടൻ തന്നെ വിലക്കേർപ്പെടുത്തുന്ന ഉത്തരവാണത്; ദേശീയതലത്തിൽ കടുത്ത പ്രതിഷേധമുയർന്നതിനെ തുടർന്ന് ഫെഡറൽ കോടതികൾ പെട്ടെന്നുതന്നെ ആ ഉത്തരവ് റദ്ദാക്കി. ജഡ്ജിമാരെ ട്രംപ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനാണ് ഇതിടയാക്കിയത്; തന്റെ അനുയായികളുടെ കണ്ണിൽ ആ ജഡ്ജിമാരെപ്പറ്റി മോശമായി ചിത്രീകരിക്കുകയായിരുന്നു ട്രംപ്. മാത്രമല്ല, ജുഡീഷ്യറിയെ തന്റെ വരുതിയിൽ കൊണ്ടുവരുന്നതിനുള്ള നീക്കമായിക്കൂടി ഇതിനെ കാണാവുന്നതാണ്.

ഈ സംഭവങ്ങളെതുടർന്ന്, അമേരിക്കയിൽ രേഖകളില്ലാതെ കഴിയുന്ന പതിനൊന്ന് ദശലക്ഷത്തോളം ആളുകളെ കൂട്ടത്തോടെ നാടുകടത്താൻ അർധ നിയമസാധുത നൽകുന്ന ട്രംപിന്റെ 2017 എക്സിക്യൂട്ടീവ് ഉത്തരവ് ഫെബ്രുവരിയിൽ വരുന്നു– ദീർഘകാലമായി അമേരിക്കയിൽ കഴിയുന്നവരെയും ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലാത്തവരെയുമെല്ലാം പ്രായത്തിന്റെ പരിഗണനപോലും നൽകാതെ നാടുകടത്താനാണ് ആ ഉത്തരവ്. ‘‘നമ്മുടെ തെക്കൻ അതിർത്തിയിലുടനീളം ഒരു മഹാഭിത്തി പടുത്തുയർത്തു’’മെന്ന് ഫ്രെബുവരി 28ന് ട്രംപ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ വിശേഷിപ്പിച്ച ദീർഘകാല വാഗ്ദാനം കൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ടതാണ്. നിയമപരവും രാഷ്ട്രീയവുമായി കുഴഞ്ഞുമറിഞ്ഞ പശ്ചാത്തലത്തിലാണ് ട്രംപ് 103 ജുഡീഷ്യൽ ഒഴിവുകൾ നികത്തുന്നത്. ഒബാമയുടെ കാലത്ത് നികത്തപ്പെട്ടതിന്റെ രണ്ടിരട്ടിയോളം ഒഴിവുകളാണിത്; ഇത് പുതിയ ഭരണസംവിധാനത്തിന് ഭരണഘടനാപരമായ അവകാശങ്ങൾ റദ്ദാക്കാനും അടിച്ചമർത്തൽ ശക്തിപ്പെടുത്താനും പറ്റിയ വിധത്തിൽ ജുഡീഷ്യറിയെ പുനഃസംഘടിപ്പിക്കാനുള്ള ശക്തി നൽകുന്നു.

17 ഏജൻസികളിലായി ലക്ഷക്കണക്കിന് ജീവനക്കാർ പ്രവർത്തിക്കുന്ന ദേശീയ സുരക്ഷാ ഭരണകൂടവുമായി അഥവാ ‘രഹസ്യാനേ-്വഷണ സമൂഹ’വുമായി (Intelligence Community). ട്രംപ് അൽപവും വെെകാതെ തന്നെ ഏറ്റുമുട്ടൽ തുടങ്ങി; പ്രസിഡന്റാകാനുള്ള തിരഞ്ഞെടുപ്പ് മത്സരത്തിൽ ഏർപ്പെട്ടപ്പോൾ തന്നെ ഇന്റലിജൻസ് ഏജൻസികൾക്കുനേരെ ആവർത്തിച്ച് ആക്രമണമഴിച്ചുവിട്ടിരുന്നു. 2017 ജനുവരി അവസാനം അദ്ദേഹം നാഷണൽ സെക്യുരിറ്റി കൗൺസിലും (എൻഎസ്-സി) ഹോം ലാൻഡ് സെക്യൂരിറ്റി കൗൺസിലും (എച്ച്എസ്-സി) പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു; അതുപ്രകാരം എൻഎസ്-സിയുടെയും എച്ച്എസ്-സിയുടെയും പ്രിൻസിപ്പാൾസ് കമ്മിറ്റികളുടെ സ്ഥിരാംഗത്വത്തിൽനിന്നും സിഐഎ ഡയറക്ടറെയും നാഷണൽ ഇന്റലിജൻസ് ഡയറക്ടറെയും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാ-ഫിന്റെ ചെയർമാനെയും നീക്കം ചെയ്തു; അതേസമയം തന്നെ, മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി വെെറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റായ ബന്നനെ പ്രിൻസിപ്പാൾസ് കമ്മിറ്റിയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ജനങ്ങളിൽനിന്ന് ശക്തമായ എതിർപ്പുയർന്നത് തങ്ങളുടെ നടപടിയിൽ ഭാഗികമായെങ്കിലും മാറ്റം വരുത്താൻ ഗവൺമെന്റിനെ നിർബന്ധിതമാക്കി; അങ്ങനെയാണ് സിഐഎ ഡയറക്ടറെ പ്രിൻസിപ്പാൾസ് കമ്മിറ്റി അംഗമായി പുനഃസ്ഥാപിച്ചത്; എന്നാൽ ദേശീയ സുരക്ഷാ ഭരണകൂടത്തിനുള്ളിലെ നിലവിലുള്ള അധികാരഘടനയെ തകർക്കുകയെന്ന ലക്ഷ്യം ട്രംപിനുണ്ടെന്നത് വ്യക്തമാണ്. അതേസമയം ട്രംപ് ഒരു പ്രതേ-്യക നിഴൽ സംഘടന സൃഷ്ടിക്കുകയും ചെയ്തു – അതാണ് സ്ട്രാറ്റജിക് ഇനിഷേ-്യറ്റീവ് ഗ്രൂപ്പ്; നാഷണൽ സെക്യൂരിറ്റി കൗൺസിലിനുള്ളിലെ ‘‘ഗൂഢസംഘം’’ എന്നാണ് ഫോറിൻ പോളിസി മാഗസിൻ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്; ഈ സംഘടനയുടെ മേൽനോട്ടം വഹിക്കുന്നത് ബന്നനും ട്രംപിന്റെ മകളുടെ ഭർത്താവ് ജരേദ് കുഷ്നറുമാണ്. ‘‘ആഗോള ജിഹാദിസ’’ ത്തിനെതിരായി യുദ്ധം നടത്തണമെന്ന് വാശിപിടിക്കുന്നതിന്റെ പേരിൽ ഏറെ അറിയപ്പെടുന്ന ഗോർക്ക (Gorka) യാണ് എസ്ഐജിയിലെ ഒരു പ്രധാന വ്യക്തി; ലോകമാസകലം ‘‘ജിഹാദിസം’’ നുഴഞ്ഞുകയറിയിരിക്കുകയാണെന്നാണ് അയാൾ വാദിക്കുന്നത്.

ദേശീയ സുരക്ഷാ ഭരണകൂടത്തെ അസ്ഥിരീകരിക്കാനും അതിനെ വരുതിയിലാക്കാനും ട്രംപ് ഭരണം നടത്തുന്ന നീക്കങ്ങൾ ‘‘ഡീപ് സ്റ്റേറ്റി’’നുള്ളിൽ നിന്നു തന്നെ (deep state – ഭരണകൂടത്തെ രഹസ്യമായി സ്വാധീനിക്കാൻ ശേഷിയുള്ള സംഘം) പെട്ടെന്നുള്ള കൊഴിഞ്ഞുപോക്കിന്റെ രൂപത്തിൽ എതിർ പ്രതികരണം പൊട്ടി ഉയരാനുള്ള പ്രകോപനമായി മാറി; അതാണ് ഏതാനും ആഴ്ചകൾക്കുള്ളിൽ ട്രംപ് ആദ്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി കെെപിടിച്ചുയർത്തിയ മെെക്കേൽ ഫ്ളെെനിന് (Michael Flynn) അധികാരം നഷ്ടപ്പെടാൻ ഇടയാക്കിയത്; ഇത് ഭാഗികമായി വെെസ് പ്രസിഡന്റ് പെൻസും കൂടുതൽ തീവ്രവാദികളായ റിപ്പബ്ലിക്കരും തമ്മിലുള്ള സംഘർഷംമൂലവുമായിരുന്നു. ട്രംപും ബന്നനും സംഘർഷങ്ങളെ കൂടുതൽ ആളിക്കത്തിച്ച് അമേരിക്കയുടെ ഭൗമരാഷ്ട്രീയ നിലപാടിനെ റഷ്യയുമായുള്ള പുതിയ ശീതയുദ്ധം എന്നതിൽ നിന്നും ‘‘ഇസ്ലാം തീവ്രവാദ’’ത്തിനും ചെെനയ്ക്കുമെതിരായ ആഗോളയുദ്ധം എന്നതാക്കി മാറ്റിയിരിക്കുകയാണ്. സെെന്യവുമായി സംയോജിപ്പിക്കുന്നതിനായി തന്റെ ഭരണസംവിധാനത്തിനുള്ളിൽ ജനറൽമാരെ കുത്തിനിറച്ചിരിക്കുകയാണെങ്കിലും ട്രംപ് ദേശീയ സുരക്ഷാ ഭരണകൂടത്തിന്റെ മിക്കവാറുമെല്ലാ വിഭാഗങ്ങളുമായി ഏറ്റുമുട്ടുക തന്നെയാണ്.

ഫെബ്രുവരി മധ്യത്തോടുകൂടി, അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളെക്കുറിച്ച് വെെറ്റ് ഹൗസ് ആസ്ഥാനമാക്കിയുള്ള ഒരനേ-്വഷണത്തിന് നേതൃത്വം നൽകാൻ, സെമി ആട്ടോമാറ്റിക് റൈഫിളുകളുടെ വിൽപനയിലെ പങ്കിന്റെ പേരിൽ പരക്കെ അറിയപ്പെടുന്ന സെർബെറസ് കാപ്പിറ്റൽ മാനേജ്മെന്റിന്റെ സഹസ്ഥാപകനും സിഇഒയുമായ ശതകോടീശ്വരൻ സ്റ്റീവ‍്- ഫീൻബെർഗിനോട് (Steve Feinberg) ട്രംപ് ആവശ്യപ്പെട്ടു -– നിലവിലുള്ള രഹസ്യാനേ-്വഷണ സംവിധാനത്തോടുള്ള ഒരു വെല്ലുവിളിയായും ബദൽ അധികാര അടിത്തറ കെട്ടിപ്പടുക്കാനുള്ള ശ്രമവുമായാണ് ഈ അനേ-്വഷണ നീക്കത്തെ കാണേണ്ടത്. 2012ൽ കണക്ടിക്കട്ടിലെ സാൻഡി ഹൂക് എലിമെന്ററി സ്കൂളിൽ ഇരുപത് കുട്ടികളെയും ആറ് മുതിർന്നവരെയും കൊല്ലുന്നതിന് ഉപയോഗിച്ച ബുഷ്-മാസ്റ്റർ സെമി ആട്ടോമാറ്റിക് റൈഫിൾ നിർമിച്ച കമ്പനിയുടെ മൂല സ്ഥാപനമെന്ന നിലയിൽ സെർബെറസ് കുപ്രസിദ്ധിയാർജിച്ചിരുന്നു. അതിനുശേഷം തോക്ക് നിർമാണ ബിസിനസിലെ തങ്ങളുടെ പങ്ക് സെർബെറസ് കൂടുതൽ വിപുലീകരിച്ചു; അമേരിക്കൻ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലുതിൽ അഞ്ചാമത്തെ സ്വകാര്യദേശീയ സുരക്ഷാ കരാർ സ്ഥാപനമായ ഡെെൻ കോർപ്പിന്റെ (Dyn Corp) ഉടമസ്ഥതയും സെർബെറാസിനുണ്ട്; വിദേശങ്ങളിൽ സെെനിക പരിശീലനം നൽകുന്നതിനും പൊലീസ് പരിശീലനം നൽകുന്നതിനുമായി ശതകോടിക്കണക്കിന് ഡോളർ കെെപ്പറ്റുന്ന കമ്പനിയുമാണ് ഡെെൻ കോർപ്പ്. സ്വാഭാവികമായി ദേശീയ സുരക്ഷാ ഭരണകൂടത്തെക്കുറിച്ച് ‘‘അനേ-്വഷിക്കുന്നതി’’ന് ഫീൻബെർഗ് തന്റെ സ്വകാര്യ സെെന്യത്തിൽനിന്നായിരിക്കും ആളുകളെ കണ്ടെത്തുക, ഇപ്പോൾ നടക്കുന്ന പ്രകടമായ അധികാരവടംവലിയുടെ സ്വഭാവം വച്ചുനോക്കുമ്പോൾ വെെറ്റ് ഹൗസിന്റെ ഗ്ലെയിസ്ഷെെറ്റങ് (Gleichschaltung) നീക്കവുമായി ബന്ധപ്പെട്ടായിരിക്കും ഈ ഇന്റലിജൻസ് സംവിധാനം തുടരുക.

ഭരണകൂടത്തെയാകെ തന്റെ വരുതിയിൽ കൊണ്ടുവരുന്നതിനുള്ള ഇത്തരം നീക്കങ്ങളിൽനിന്ന് ഭരണകൂടത്തിന്റെ ഇതര വിഭാഗങ്ങളും മുക്തമാകില്ല. ഫെഡറൽ ഗവൺമെന്റിൽ 27 ലക്ഷത്തിലധികം സിവിലിയൻ ജീവനക്കാരുണ്ട്.‘‘95 ശതമാനം ബ്യൂറോക്രാറ്റുകളും തങ്ങൾക്കെതിരാണെ’’ന്നാണ് ട്രംപിന്റെ അനുയായിയായ ന്യൂറ്റ് ഗിൻഗ്രിച്ച് (Newt Gingrich) പ്രസ്താവിച്ചത്. ദീർഘകാലമായി റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രവർത്തിക്കുന്ന, ട്രംപിനുവേണ്ടി തന്ത്രങ്ങളാവിഷ്കരിക്കുന്ന റോജർ സ്റ്റോൺ (Roger Stone) പറഞ്ഞത് ‘‘വെെറ്റ് ഹൗസിൽ ട്രംപിന്റെ വിശ്വസ്തർ ധാരാളമായി ഇല്ലെന്നതിനാൽ’’ ദ്രുതഗതിയിൽ തന്നെ വെെറ്റ് ഹൗസ് ജീവനക്കാരിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു എന്നാണ്. സർവോപരി, ട്രംപ് വെെറ്റ് ഹൗസിലെത്തിയ ആദ്യ ആഴ്ചകളിലുണ്ടായ ആകെക്കൂടിയുള്ള കുഴഞ്ഞുമറിഞ്ഞ അവസ്ഥയും ‘‘വിശ്വസ്തർ’’ക്കായുള്ള ഉൽക്കണ്ഠയുംമൂലം അഞ്ഞൂറിലേറെ സ്ഥാനങ്ങളിലേക്ക് സെനറ്റിന്റെ സ്ഥിരീകരണം ലഭിച്ച ആളുകളെ കണ്ടെത്തേണ്ടതിൽ വളരെ ചുരുക്കംപേരെ മാത്രമേ ഇതിനകം കണ്ടെത്താനായുള്ളൂ. എന്നിരുന്നാലും, പുതിയ ഭരണത്തോട് പൊരുത്തപ്പെടാത്ത സിവിലിയൻ ജീവനക്കാരെ നീക്കം ചെയ്യുന്നതിന്റെ വേഗത വർധിപ്പിക്കുന്നതാണ് അടിയന്തിര കടമയെന്ന്, ഭരണകൂടത്തിൽനിന്ന് വിവരങ്ങൾ ചോർന്നു പോകുന്നതുകാരണം ട്രംപനുകൂലികൾക്ക് ബോധ്യമായിരിക്കുന്നു. ട്രംപിന്റെ ഉറ്റചങ്ങാതിയും ഉപദേശകനുമായ ന്യൂസ് മാക്സ് സിഇഒ ക്രിസ് റൂഡി (Chris Rudy) യുടെ അഭിപ്രായത്തിൽ, ‘‘ഫെഡറൽ ബ്യൂറോക്രസി തന്നെ ശക്തമായ ഒരു യന്ത്രമാണ്; അവർ കാര്യങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഒട്ടേറെ ആശയങ്ങൾ ഉള്ളവരാണ്’’ – അത് പുതിയ തീവ്രവലതുപക്ഷ അജൻഡയ്ക്കെതിരാണ് എന്നാണർഥം. സിവിൽ ബ്യൂറോക്രസിക്കുനേരെ പൊതുവിൽ നടക്കുന്ന കൂടുതൽ വലിയ ആക്രമണത്തിന്റെ ഭാഗമാണിത്. ‘‘പുതിയൊരു രാഷ്ട്രീയ ക്രമം’’ അനിവാര്യമാണെന്നാണ് ബന്നൻ പ്രഖ്യാപിച്ചത്: ‘‘സാമ്പത്തിക ദേശീയത’’യെ പ്രോത്സാഹിപ്പിക്കുന്നതിനും ‘‘ഭരണ സംവിധാനത്തിന്റെ അപനിർമിതി’’ ആവശ്യമായി വരുന്നതിനാലുമാണിത്. ഗവൺമെന്റ‍് ‘‘അപനിർമാണ’’ത്തിനായി നിരന്തര പോരാട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സിവിലിയൻ ബ്യൂറോക്രസിയെ തകർക്കുന്ന പരിപാടി ഏറ്റവും പ്രഖ്യാപിതമായിട്ടുള്ളത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏജൻസികളിലാണ്; അതിനു പ്രധാന കാരണം അവയുടെ മൊത്തം ഡിപ്പാർട്ടുമെന്റുകളെയും വെട്ടിച്ചുരുക്കാമെന്നതാണ്. അധികാരമേറ്റെടുത്ത ഉടൻ ബിസിനസ് നേതാക്കളുമായി നടത്തിയ ഒരു യോഗത്തിൽ ട്രംപ് സൂചിപ്പിച്ചത്, ബിസിനസ് സംബന്ധിച്ച സർക്കാർ നിയമങ്ങളും ചട്ടങ്ങളും ‘‘75 ശതമാനം’’ കണ്ട് വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് എന്നാണ്; ചിലപ്പോൾ വെട്ടിക്കുറയ്ക്കൽ അതിലും കൂടിയേക്കാം. ധനപരമായ നിയന്ത്രണത്തിനുമപ്പുറം പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഇല്ലാതാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്; അതിനൊപ്പം ഫെഡറൽ ബ്യൂറോക്രസിക്കുള്ളിലെ പരിസ്ഥിതിവാദികളെ പുറത്താക്കലുമുണ്ട്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ എതിർക്കുന്ന പ്രമുഖ സ്ഥാപനമായ കോംപെറ്റേറ്റീവ് എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനും പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളിലെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവുമായ മെെറോൺ ഇബെൽ (Myron Ebell) പരിസ്ഥിതി പ്രസ്ഥാനത്തെക്കുറിച്ച് നടത്തിയ പ്രഖ്യാപനം ‘‘സ്വാതന്ത്ര്യത്തിനും ആധുനിക ലോകത്തിന്റെ അഭിവൃദ്ധിക്കും നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി’’യാണത് എന്നാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞരെയും ‘‘വിദഗ്ദ്ധരുടെ മണ്ഡലം’’ എന്നയാൾ വിളിക്കുന്നതിലെ മറ്റംഗങ്ങളെയും അയാൾ ആക്രമിക്കുകയുമാണ്; അവരെയെല്ലാം ഗവൺമെന്റിൽനിന്ന് നീക്കം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് പോപ്പിന്റെ സഭാംഗങ്ങൾക്കുള്ള കത്തിനെപ്പോലും ‘‘ഇടതുപക്ഷക്കാരുടെ അസംബന്ധ ജൽപനം’’ എന്ന് വിശേഷിപ്പിക്കുന്നിടം വരെ ഇബെൽ എത്തി. എസ്റ്റാബ്ലിഷ്-മെന്റ് വിരുദ്ധമായ ഈ വാചകക്കസർത്താണ് ട്രംപിനെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്; ഇപ്പോൾ അതുപയോഗിച്ച് പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) യുടെ ബജറ്റിൽ 20–25 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതിനെ ന്യായീകരിക്കുകയാണ്; നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്-ട്രേഷന്റെ ബജറ്റിൽ 17 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതിനെയും ന്യായീകരിക്കുന്നത് ഇതിന്റെ മറവിലാണ്. ഏറെക്കുറെ സാർവത്രികമായ ശാസ്ത്രീയ സമവായത്തിൽ ലോകമാകെ എത്തിച്ചേർന്നിട്ടുള്ള ഈ കാര്യങ്ങളെയാകെ ‘‘തട്ടിപ്പ്’’ എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ പുതിയ തലവനും കടുത്ത കാലാവസ്ഥാ സംരക്ഷണവിരുദ്ധനുമായ സ്കോട്ട് പ്ര്യൂട്ടും (Scott Pruitt) ചരിത്രപരമായി തന്നെ ഈ ഏജൻസിയുടെ മുഖ്യശത്രുക്കളിൽ ഒരാളാണ്. പരിസ്ഥിതി മലിനീകരണത്തിനെതിരായ നിയമങ്ങൾ നടപ്പാക്കുന്നത് തടസ്സപ്പെടുത്താൻ ഇയാൾ ഇപിഎയ്ക്കെതിരായി പലവട്ടം നിയമനടപടി സ്വീകരിച്ചിട്ടുമുണ്ട്. അതേപോലെ തന്നെ ഊർജ വകുപ്പിന്റെ പുതിയ തലവനും മുൻ ടെക്-സാസ് ഗവർണറുമായ റിക് പെറി (Rick Perry) യും കാലാവസ്ഥാ സംരക്ഷണ വിരുദ്ധനായി അറിയപ്പെടുന്നയാളാണ്; നമ്മുടെ ഈ ഭൂഗോളം തണുത്തുകൊണ്ടിരിക്കുകയാണെന്നുപോലും അയാൾ അവകാശപ്പെടുന്നുണ്ട്. ഇപ്പോൾ അയാൾ തലവനായിട്ടുള്ള ഡിപ്പാർട്ടുമെന്റിനെ അടച്ചുപൂട്ടണമെന്നുപോലും ഒരുകാലത്ത് റിക് പെറി വാദിച്ചിരുന്നു. വെെറ്റ് ഹൗസിൽ അധികാരമാറ്റം നടന്ന വേളയിൽ അധികാരത്തിൽ വരാൻ തയ്യാറെടുക്കുന്നവരിൽനിന്ന് ഒരു ചോദ്യാവലി ഊർജ വകുപ്പിലെ ഉദേ-്യാഗസ്ഥർക്ക് ലഭിക്കുകയുണ്ടായി; കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇത്; വ്യക്തമായും ഇത് ശാസ്ത്രജ്ഞരെ വിരട്ടാനുള്ള ഒരു നീക്കമാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്, ഫെഡറൽ ഗവൺമെന്റിന്റെ മേഖലകളിൽ നടത്തിയ തുടച്ചുനീക്കലുകൾ പ്രതീക്ഷിക്കപ്പെട്ടതുതന്നെയാണ്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വിഷയങ്ങൾ കെെകാര്യം ചെയ്തിരുന്ന ഏജൻസികളെയെല്ലാം ഇല്ലാതാക്കി; ജീവനക്കാരെ വിരട്ടി വരുതിയിലാക്കി. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + three =

Most Popular