Wednesday, February 12, 2025

ad

Homeകവര്‍സ്റ്റോറിഡ്രിൽ ബേബി ഡ്രിൽ ട്രംപും കാലാവസ്ഥയും

ഡ്രിൽ ബേബി ഡ്രിൽ ട്രംപും കാലാവസ്ഥയും

ഗോപകുമാർ മുകുന്ദൻ

പാരിസ് കരാറിൽ നിന്നും പിൻവാങ്ങുന്നതിനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ അമേരിക്ക ഔദ്യോഗികമായി അറിയിച്ചു. ജനുവരി 27 ന് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ഐക്യ രാഷ്ട്ര സഭ സ്ഥിരീകരിച്ചിട്ടുണ്ട്.പാരിസ് കൺവൻഷന്റെ ആർട്ടിക്കിൾ 28 (2) പ്രകാരം ഔദ്യോഗിക അറിയിപ്പ് ലഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പിന്മാറ്റം നിലവിൽ വരിക. 2026 ജനുവരി 27 ന് അമേരിക്ക പാരിസ് കാലാവസ്ഥാ കരാറിൽ നിന്നും പുറത്തു പോകും എന്നർത്ഥം.അമേരിക്കയുടെ പിൻമാറ്റത്തെക്കുറിച്ചുള്ള ചൈനയുടെ പ്രതികരണത്തിനു വലിയ പ്രാധാന്യമുണ്ട്. കാലാവസ്ഥാ വെല്ലുവിളിയെ നേരിടുന്നതിനുള്ള ചൈനയുടെ നിശ്ചയവും തീരുമാനവും അചഞ്ചലമാണ് എന്നാണ് ചൈനയുടെ വിദേശ കാര്യ വക്താവ് പറഞ്ഞത്. കാലാവസ്ഥാ വെല്ലുവിളിയടക്കം ലോകം നേരിടുന്ന പ്രതിസന്ധികളെ സംയോജിതമായി നേരിടും എന്നാണ് ദാവോസിൽ ലോക സമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ചൈനീസ് ഉപപ്രധാനമന്ത്രി പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനം എന്നതു വെറും പൊള്ളത്തരമാണ് എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഝടുതിയിൽ നടപടികൾ എടുക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണത്തെ ആഗോള സമൂഹം ആശങ്കയോടെ കാണുന്നതിന്റെ കാരണം ഇതാണ്. കാലാവസ്ഥാ കരാറുകളെയും മാനവരാശിയുടെ കൂട്ടായ പ്രതിരോധ സന്നാഹങ്ങളേയും മാത്രമല്ല കാലാവസ്ഥാ ശാസ്ത്രത്തെ തന്നെ നിരാകരിക്കുന്ന നിലപാടാണ് ഡൊണാൾഡ് ട്രംപ് ഭരണം സ്വീകരിക്കുന്നത്.

ഡ്രിൽ ബേബി ഡ്രിൽ
പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള കാമ്പെയിനിൽ ട്രംപ് ഉയർത്തിയ പ്രധാന മുദ്രാവാക്യം ‘ഡ്രിൽ ബേബി ഡ്രിൽ’ എന്നതായിരുന്നു. കൂടുതൽ കൂടുതൽ എണ്ണയും കൽക്കരിയും ഗ്യാസും കുഴിച്ചെടുക്കുകയായിരിക്കും തന്റെ നയം എന്നു ട്രംപ് ആവർത്തിച്ചുകൊണ്ടേയിരുന്നു. സ്ഥാനാരോഹണ സമയത്തും ട്രംപ് ഈ മുദ്രാവാക്യത്തോടുള്ള തന്റെ കടുത്ത ആഭിമുഖ്യം പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ചെയർമാനും മേരിലാന്റ് ലെഫ്റ്റനന്റ് ഗവർണറുമായിരുന്ന മൈക്കൾ സ്റ്റീൽ 2008 ൽ രൂപപ്പെടുത്തിയ മുദ്രാവാക്യമാണിത്. ഫോസിൽ ഇന്ധനങ്ങളോടും ഇന്ധന ലോബിയോടുമുള്ള പക്ഷപാതിത്തം പ്രഖ്യാപിക്കുന്ന മുദ്രാവാക്യമാണിത്. എണ്ണയ്ക്കായുള്ള വിദേശ ആശ്രിതത്വം അവസാനിപ്പിക്കുക എന്നതായിരുന്നു അദ്ദേഹം അപ്പോൾ പറഞ്ഞ ന്യായം. അമേരിക്കയുടെ ആഭ്യന്തര ഫോസിൽ ഇന്ധന ഉൽപ്പാദനത്തിൽ 2016 മുതൽ ഏതാണ്ട് എഴുപതു ശതമാനത്തിൽ അധികം വർദ്ധനവാണ് ഉണ്ടായത്. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യം അമേരിക്കയാണ്.

പ്രതിദിനം 13.2 ദശലക്ഷം ബാരലാണ് 2024 ലെ അമേരിക്കൻ എണ്ണ ഉൽപ്പാദനം. ഇക്കൊല്ലം അതു വീണ്ടും നാമമാത്രമായെങ്കിലും ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോൾ തന്നെ കൂടുതൽ കൂടുതൽ ഡ്രിൽ ചെയ്യുക എന്ന ട്രംപിന്റെ ഉപദേശം എണ്ണ ഭീമന്മാർ കരുതലോടെയാണ് നോക്കുന്നത് എന്നു തോന്നുന്നു. വൈറ്റ്ഹൗസ് ഒഴിയും മുൻപ് ബൈഡൻ നൽകിയ ഒരു സന്ദേശമുണ്ട്. അതു ഗ്രീൻ എനർജി സാങ്കേതികവിദ്യയുടെ ആഗോള നായക സ്ഥാനത്തേക്ക് ചൈന ഉയരുന്നതിലെ അപകടം സംബന്ധിച്ച മുന്നറിയിപ്പായിരുന്നു. എണ്ണ ഭീമന്മാരുടെ ഡ്രിൽ ബേബി ഡ്രില്ലിനോടുള്ള തണുപ്പൻ പ്രതികരണത്തിനും ഒരു ചൈനപ്പേടി കാരണമാണ് എന്നാണ് റോയിട്ടേഴ്സും മറ്റും പറഞ്ഞു വെയ്ക്കുന്നത്. ആഗോള എണ്ണ വില ബാരലൊന്നിന് 81 അമേരിക്കൻ ഡോളർ എന്ന 2024 ലെ നിലയിൽ നിന്നും 2025 ൽ 74 ഡോളറായി ഇടിയും എന്നതാണ് വിപണിയുടെ കണക്കു കൂട്ടൽ . എണ്ണ ഭീമന്മാരുടെ തണുപ്പൻ മട്ടിന് ഈ പ്രൊജക്ഷനും മറ്റൊരു കാരണമായിരിക്കാം. ഇതൊന്നും പക്ഷേ ഡൊണാൾഡ് ട്രംപിനെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല എന്നു വേണം കരുതാൻ. ഫോസിൽ ഇന്ധനങ്ങൾക്കു പകരം റിന്യൂവബിൾ ഊർജ്ജ സ്രോതസുകളെ പ്രോൽസാഹിപ്പിക്കാനും അവയുടെ സാങ്കേതികവിദ്യാ വികാസത്തിനും വലിയ ഊന്നൽ നൽകുന്നതായിരുന്നു ബൈഡൻ 2022 ൽ കൊണ്ടുവന്ന Inflation Reduction Act. റിന്യൂവബിൾ ഊർജ്ജ രംഗത്ത് വലിയ തോതിൽ നിക്ഷേപം കൊണ്ടുവന്ന ഒന്നായിരുന്നു ഈ നിയമം. 2030 ഓടെ വാഹന വിൽപ്പനയുടെ പാതി വൈദ്യുത വാഹനങ്ങളായി മാറ്റുന്നതിനൊക്കെ ലക്ഷ്യമിട്ടുകൊണ്ടുള്ള വലിയ സബ്സിഡി പദ്ധതികൾ ഈ നിയമത്തിന്റെ ഭാഗമായിരുന്നു. Green New Deal എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നടപടികളെ green new scam എന്നാണ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഇങ്ങനെ പറയുയക മാത്രമല്ല Green New Deal ന്റെ ഭാഗമായ പല നയങ്ങളും നടപടികളും മാറ്റുകയും ചെയ്തു. അവ ഇവയാണ്:

• എണ്ണ,പ്രകൃതി വാതക പര്യവേക്ഷണത്തിന് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും എടുത്തുമാറ്റി.
• ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി.
• ഓഫ്ഷോർ പവനോർജ്ജ (Wind energy ) ലീസുകൾ മരവിപ്പിച്ചു.
• മോട്ടോർ വാഹന വിപണിയുടെ അൻപതു ശതമാനം 2030 ഓടെ വൈദ്യുത വാഹനങ്ങളിലേക്ക് മാറണം എന്ന തീരുമാനം റദ്ദു ചെയ്തു.

റിന്യൂവബിൾ ഊർജ്ജ സാങ്കേതികവിദ്യാ ഗവേഷണത്തിനുള്ള ഊന്നലിൽ നിന്നും അമേരിക്ക പിൻവാങ്ങുന്നു എന്നാണ് സൂചനകൾ. എന്നാൽ വ്യവസായവും വിപണിയും ഇത് അത്ര ഔത്സുക്യത്തോടെയല്ല ഇതു സ്വീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നത്.

പ്രോജക്റ്റ് 2025

ഡൊണാൾഡ് ട്രമ്പിന്റെ രണ്ടാം വരവിനുള്ള യാഥാസ്ഥിതിക അജൻഡയാണ് പ്രോജക്ട് 2025 എന്നാണ് ബി‌ബി‌സി റിപ്പോർട്ട് ചെയ്തത്. (Project 2025: The right-wing wish list for another Trump presidency).
പല മേഖലകളിലെയും തീവ്ര വലതുപക്ഷ നിലപാടുകളുടെ സമാഹാരമായിരുന്നു ഹെറിറ്റേജ് ഫൗണ്ടേഷൻ ഏകോപിപ്പിച്ച പ്രോജക്ട് 2025. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഈ രേഖയിലെ പ്രധാന അജൻഡകൾ ഇവയാണ്:
• ബദൽ ഊർജ്ജ സ്രോതസുകളി ( renewable energy) ലുള്ള നിക്ഷേപവും ഗവേഷണവും ഗണ്യമായി വെട്ടിക്കുറയ്ക്കുക.
• ഫോസിൽ ഇന്ധനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം അവസാനിപ്പിക്കുക(“stop the war on oil and natural gas’)
• കാർബൺ ലക്ഷ്യങ്ങൾ പുനഃപരിശോധിക്കുക .
• ഊർജ്ജ ചെലവുകൾ കുറയ്ക്കാൻ കൂടുതൽ കൂടുതൽ ഫോസിൽ ഇന്ധനങ്ങൾ കുഴിക്കുക.

ചുരുക്കത്തിൽ ഫോസിൽ ഇന്ധന കേന്ദ്രിതമായ ഒരു ഊർജ്ജ നയമാണ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്നത് എന്നു കാണാം. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ സ്രോതസ് ഫോസിൽ ഇന്ധങ്ങളാണ് എന്ന കാര്യത്തിൽ ശാസ്ത്രലോകത്തിനു തീർച്ചയുണ്ട്. ഓരോ വർഷത്തെയും അധികരിക്കുന്ന എമിഷനിൽ ഇതിന്റെ പങ്ക് അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ശാസ്ത്രസിദ്ധിയിലും സംശയമേതുമില്ല. ക്ലൈമറ്റ് സയൻസ് തന്നെ ഒരു പ്രഹസനമാണ് എന്ന നയം സ്വീകരിച്ചാൽ പിന്നെ എന്തു തടസം? അതാണ് ഡൊണാൾഡ് ട്രംപ് എന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവ് കൈക്കൊള്ളുന്ന സമീപനം. ഇത് ലോകത്തെ എങ്ങനെയാണ് ബാധിക്കുക എന്നത് എല്ലാവരുടെയും ആശങ്കയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ട്രംപിന്റെ കുപ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. സമുദ്ര നിരപ്പ് ഉയരുകയാണത്രെ. മഞ്ഞു പാളികൾ ഉരുകുകയാണത്രെ! ആരാണ് ഇതൊക്കെ മൈൻഡ് ചെയ്യുന്നത്? കാലാവസ്ഥാ വ്യതിയാനം എന്നതുതന്നെ ഒരു തട്ടിപ്പാണ് എന്നു പറഞ്ഞ ട്രംപ് തന്റെ രണ്ടാം വരവിന്റെ നാളുകളിൽ കണ്ട കലിഫോർണിയൻ കാട്ടുതീയും അദ്ദേഹത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല. അത്രമേൽ തീവ്രമായ വലതുപക്ഷ ആശയങ്ങളുടെ പ്രയോക്താവാണ് ഡൊണാൾഡ് ട്രംപ് എന്ന അമേരിക്കയുടെ നാൽപ്പത്തി ഏഴാം പ്രസിഡന്റ്.

പാരിസ് കരാറിൽ നിന്നും 
പിൻവാങ്ങുമ്പോൾ
പാരീസ് കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഉണ്ടാക്കുന്ന പ്രായോഗിക പ്രതിഫലനങ്ങൾ എന്തായിരിക്കും? പാരിസ് കാരാർ പ്രകാരം രാജ്യങ്ങൾ തങ്ങളുടെ എമിഷൻ കുറയ്ക്കൽ ലക്ഷ്യങ്ങൾ (NDC- Nationally Determined Contributions) നിർണ്ണയിച്ച് അതു പിന്തുടരണം. കരാറിന്റെ ആർട്ടിക്കിൾ 4(2) ഇതാണ് വ്യവസ്ഥ ചെയ്യുന്നത്. നിർണ്ണയിച്ചാൽ മാത്രം പോര , ലക്ഷ്യവും അതു കൈവരിക്കാൻ സ്വീകരിക്കുന്ന വഴികളും റിപ്പോർട്ട് ചെയ്യുകയും വേണം. (4(2). Each Party shall prepare, communicate and maintain successive nationally determined contributions that it intends to achieve. Parties shall pursue domestic mitigation measures, with the aim of achieving the objectives of such contributions) . ആർട്ടിക്കിൾ 4 (11) പ്രകാരം പാരിസ് കരാറിലെ എല്ലാ കക്ഷികളും ഈ ലക്ഷ്യങ്ങൾ വിപുലപ്പെടുത്തേണ്ടതുമുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ കൊല്ലമാണ് കടന്നുപോയത്. കൂടുതൽ തീവ്രമായി എമിഷൻ കുറയ്ക്കാതെ ലോകത്തിനു കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടാനോ തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ ചെറുക്കാനോ കഴിയില്ല. ഇതിൽ അമേരിക്കയ്ക്കും വികസിത വ്യാവസായിക ലോകത്തിനും ഏറ്റവും വലിയ ഉത്തരവാദിത്തമുണ്ട്. ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക, രാഷ്ട്രീയ , വികസന നയങ്ങൾ ഇതിനെ അംഗീകരിക്കുന്നില്ല. ആഗോള കാലാവസ്ഥാ കൂട്ടായ്മയോട് ഇങ്ങനെ സമാധാനം പറയുക എന്നത് അമേരിക്കയുടെ പരമാധികാരത്തിനു തന്നെ എതിരാണ് എന്ന ചിന്തയുടെ വക്താവാണ് ഡൊണാൾഡ് ട്രംപ്. കുപ്രസിദ്ധമായ പ്രോജക്ട് 2025 എന്ന തീവ്ര വലതുപക്ഷ അജൻഡയുടെ ചിന്താ പദ്ധതിയാണിത്. അതിനോട് അകലംപാലിക്കുന്നു എന്നു ഭാവിക്കുമ്പോഴും പ്രോജക്ട് 2025 നോടു ചേർന്നു നിൽക്കുന്നതാണ് ട്രംപിന്റെ രാഷ്ട്രീയം.

പാരിസ് കാലാവസ്ഥാ കരാറിൽ നിന്നും അമേരിക്ക പിൻവാങ്ങുന്നതിന്റെ ഫലം എന്തായിരിക്കും? 1850 മുതൽ 2022 വരെയുള്ള കാലത്ത് സഞ്ചിതമായി അന്തരീക്ഷത്തിൽ അടിഞ്ഞു കൂടിയ ഹരിതഗൃഹ വാതകങ്ങളുടെ അഞ്ചിലൊന്നിലേറെയും അമേരിക്ക എന്ന ഒറ്റ രാജ്യത്തിന്റെ സംഭാവനയാണ്. അമേരിക്കയുടെ 2023 ലെ ആളോഹരി എമിഷൻ (per capita emission) 18 ടൺ കാർബൺ ഡൈഓക്സൈഡിന് തുല്യ ഹരിതഗൃഹവാതകങ്ങളാണ്. കാലാവസ്ഥാ ലക്ഷ്യങ്ങൾ അർത്ഥപൂർണ്ണമാകണമെങ്കിൽ അമേരിക്കയും യൂറോപ്പും വികസിത വ്യാവസായിക ലോകവും അവരുടെ കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കണം. അത്തരം ഒരു ബാധ്യതയിൽ നിന്നും അമേരിക്ക പിന്മാറുന്നതോടെ ലോക കാലാവസ്ഥാ ലക്ഷ്യങ്ങളും പ്രവർത്തനവും തകിടംമറിയും എന്നുതന്നെ ഭയക്കണം. 2025 നവംബറിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ (COP-30) അമേരിക്കയുടെ പങ്ക് എന്തായിരിക്കും എന്നു കാത്തിരുന്നു കാണുക തന്നെ വേണം.

ഊർജ്ജ ഉൽപ്പാദനവും ഉപയോഗവുമാണ് കാലാവസ്ഥാ മാറ്റത്തിനു ഹേതുവായ ഹരിത ഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ സ്രോതസ് എന്നു നമുക്കറിയാം. ഊർജ്ജ ഉൽപ്പാദനത്തെ കാർബൺ മുക്തമാക്കാൻ കഴിയുക എന്നതാണ് കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്നു പറയാം. കൂടുതൽ ക്ലീൻ ആയ ഊർജ്ജത്തിലേക്കുള്ള മാറ്റം വലിയ സാങ്കേതിക, സാമ്പത്തിക നിക്ഷേപം വേണ്ട ഒന്നാണ്. ഇതു സാധ്യമാക്കിക്കൊണ്ടുമാത്രമേ മാനവരാശിക്ക് മുന്നോട്ടു പോകാനാകൂ. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് തങ്ങളുടെ വികസന ലക്ഷ്യങ്ങളും കാർബൺ ലക്ഷ്യങ്ങളും സമന്വയിപ്പിക്കണമെങ്കിൽ പണവും സാങ്കേതികവിദ്യയും ലഭ്യമാകണം. ഏകപക്ഷീയമായ കാർബൺ ലക്ഷ്യങ്ങൾ പട്ടിണിയും ദാരിദ്ര്യവും രൂക്ഷമാക്കും. ഇവിടെയാണ് ഭിന്നതകൾക്കിടയിൽ ആഗോള സഹകരണത്തിന്റെയും ശാസ്ത്ര സാങ്കേതിക സിദ്ധികളുടെ പങ്കുവെയ്ക്കലിന്റെയും പ്രാധാന്യം. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും ചുമതലയേൽക്കുമ്പോൾ ഉയരുന്ന കാലാവസ്ഥാ ആശങ്കകളുടെ പശ്ചാത്തലമിതാണ്.

ഇൻഫ്ലേഷൻ റിഡക്ഷൻ 
നിയമത്തിന്റെ തിരസ്കാരവും 
കാലാവസ്ഥയും
പ്രസിഡന്റ് ബൈഡന്റെ ഏറ്റവും പോപ്പുലർ ആയ പരിഷ്കാരമായിരുന്നു  Inflation Reduction Act (IRA). അവശ്യ മരുന്നുകളുടെയും മറ്റും വില നിയന്ത്രണം പോലെ വൈദ്യുത വാഹനങ്ങൾ , റിന്യൂവബിൾ ഊർജ്ജ ഉപയോഗം എന്നിവയ്ക്ക് ഈ നിയമപ്രകാരം വലിയ സബ്സിഡി നൽകിയിരുന്നു. ഈ നിയമത്തിന്റെ ഭാവി തുലാസിലാണ് എന്നു റിപ്പോർട്ടുകൾ വരുന്നു. എന്നാൽ റിപ്പബ്ലിക്കൻ പ്രദേശങ്ങളാണ് ഈ സബ്സിഡിയുടെ പ്രധാന ഗുണഭോക്താക്കൾ എന്നതിനാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നു കരുതുന്നവരുമുണ്ട്. ഇരുട്ടി വെളുക്കുമ്പോൾ നടപ്പിലാക്കുകയായിരിക്കില്ല ചെയ്യുക, മറിച്ച് ട്രംപിന്റെ രണ്ടാമൂഴം അവസാനിക്കുമ്പോഴേക്കും ഈ നയങ്ങൾ നടപ്പിലാകും എന്നതാണ് വിദഗ്ധർ പറയുന്നത്.

അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി കൊണ്ടുവന്ന പല നിയന്ത്രണങ്ങളും ഇല്ലാതാകുമെന്നാണ് കരുതപ്പെടുന്നത്. കൽക്കരി, പ്രകൃതി വാതകം എന്നിവ ഉപയോഗിച്ചുള്ള പവർ പ്ലാന്റുകൾ 2032 ആകുമ്പോഴേക്കും തങ്ങളുടെ എമിഷൻ 90 ശതമാനം കണ്ട് കുറയ്ക്കണം എന്നതായിരുന്നു അത്തരത്തിലുള്ള ഒരു റെഗുലേഷൻ. കൂടുതൽ കൂടുതൽ ഫോസിൽ ഇന്ധനങ്ങൾ കുഴിക്കുന്നത് നയമായി സ്വീകരിക്കുന്ന ട്രംപ് അഡ്മിനിസ്ട്രേഷൻ ഇതു തുടരില്ല എന്നു തീർച്ചയാണ്. മീഥേൻ വാതക എമിഷൻ നിയന്ത്രണങ്ങൾ നീക്കണം എന്ന ആവശ്യം ഫോസിൽ ഇന്ധന ലോബി ഉയർത്തിക്കഴിഞ്ഞു . അമേരിക്കയുടെ ഹരിത ഗൃഹ വാതക എമിഷൻ 2005 നെ അപേക്ഷിച്ച് 2032 ആകുമ്പോൾ 61-–66 ശതമാനം കുറയും എന്നു പ്രതീക്ഷിച്ചത് 31 ശതമാനം വരെയായി ഇടിയും എന്നാണ് കണക്കാക്കപ്പെടുന്നത്. ട്രംപിന്റെ അമേരിക്ക 2035 ആകുമ്പോൾ 4 ഗിഗാ ടൺ അധിക കാർബൺ എമിഷൻ നടത്തും എന്ന അനുമാനങ്ങളുടെ അടിസ്ഥാനമിതാണ്.

കാലാവസ്ഥാ മാറ്റം എന്നതു തട്ടിപ്പാണ് എന്ന ട്രംപിന്റെ നിലപാട് ക്ലൈമറ്റ് സയൻസിനോടുള്ള സമീപനം വ്യക്തമാക്കുന്നതാണ്. ഇതിനനുസരിച്ചുള്ള ആഭ്യന്തര , അന്താരാഷ്ട്ര നയങ്ങളാണ് ഗവേഷണം, പഠനം എന്നിവയോടെല്ലാം ട്രംപ് സ്വീകരിക്കുക എന്നു വ്യക്തമായിരിക്കുന്നു. റിന്യൂവബിൾ ഊർജ്ജത്തിലും ഊർജ്ജ ക്ഷമതയിലും മറ്റുമുള്ള ഗവേഷണത്തിന്റെ ഭാവി തുലാസിലാകും എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്കൻ ഫെഡറൽ ഗവേഷണ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ കാലാവസ്ഥാ ശാസ്ത്രത്തിനു നൽകുന്ന സംഭാവനകളാണ് തുലാസിലാകുന്നത്. ലോകാരോഗ്യ സംഘടനയോട് ട്രംപ് സ്വീകരിച്ച സമീപനം ഒരു സൂചനയാണ്.

അവികസിത , വികസ്വര രാജ്യങ്ങളുടെ ക്ലീൻ ഊർജ്ജത്തിലേക്കുള്ള മാറ്റം അവരുടെ ആഭ്യന്തര വികസന ലക്ഷ്യങ്ങളെ തകിടംമറിക്കാതെ നടക്കണമെങ്കിൽ നവീനമായ സാങ്കേതികവിദ്യയും ഉപാധിരഹിതമായ സാമ്പത്തിക സഹായവും ലഭ്യമാകണം. ഇതിനു രണ്ടിനും ട്രംപ് മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾ വിഘാതമാകുകയാണ്. അമേരിക്കയുടെയോ വികസിത ലോകത്തിന്റെയോ ഏതെങ്കിലും ഔദാര്യമല്ല ഈവിധ പിന്തുണകൾ. വികസിത വ്യാവസായിക ലോകം അന്തരീക്ഷത്തിൽ ചൊരിഞ്ഞുകൂട്ടിയ ഹരിത ഗൃഹ വാതകങ്ങൾ ഉണ്ടാക്കുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ആഘാതം അനുപാത രഹിതമായി അനുഭവിക്കേണ്ടി വരുന്നവരുടെ അവകാശത്തെയാണ് ട്രംപിന്റെ തീവ്ര വലതുപക്ഷ സമീപനങ്ങൾ അപകടത്തിലാക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular