ഏപ്രിൽ 2 മുതൽ 6 വരെ മദുരെെയിൽ നടക്കുന്ന, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ 24–ാം കോൺഗ്രസിന് മുന്നോടിയായ കേരള സംസ്ഥാന സമ്മേളനമാണ് മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്നത്. സിപിഐ എമ്മിന്റെ ഏതു തലത്തിലുള്ള സമ്മേളനമായാലും അത് കുറ്റമറ്റരീതിയിൽ നടക്കുന്നതും ഏകകണ്ഠമായി തീരുമാനങ്ങളിൽ എത്തിച്ചേരുന്നതും കാണുമ്പോൾ ബൂർഷ്വാ മാധ്യമങ്ങൾക്ക് ഹാലിളകും. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ ചേരിപ്പോരുകളും നിലപാടില്ലായ്മയും കൊടികുത്തി വാഴുമ്പോൾ അത്തരം പാർട്ടികൾക്ക് ചിന്തിക്കാൻപോലും ആകാത്തവിധം ആശയദാർഢ്യത്തോടെയും സംഘടനാമികവ് വ്യക്തമാക്കിയും കാലാകാലങ്ങളിൽ സമ്മേളനങ്ങൾ ചേരുന്ന സിപിഐ എമ്മിനെ ബൂർഷ്വാ രാഷ്ട്രീയത്തിന്റെ പകർപ്പായി മാത്രം അവതരിപ്പിക്കേണ്ടത് കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമങ്ങളുടെ അനിവാര്യതയാണ്.
24–ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചും സിപിഐ എമ്മിനെതിരെ വിവാദങ്ങൾക്ക് തിരികൊളുത്തി പാർട്ടി സഖാക്കളിലും ജനങ്ങൾക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. 24–ാം കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയപ്രമേയവും അതിൽ ഉൾപ്പെട്ടിട്ടുള്ള ‘‘നവഫാസിസം എന്ന പദപ്രയോഗത്തെ സംബന്ധിച്ച്’’ പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ കുറിപ്പുമാണ് വിവാദത്തിന് കരുവായെടുത്തത്. എന്നാൽ അൽപ്പായുസായി അത് കെട്ടടങ്ങി; മാത്രമല്ല നുണപ്രചാരകർക്ക് നാണംകെട്ട് തലതാഴ്-ത്തേണ്ടതായും വന്നു. തങ്ങൾ ഒരു ‘‘രഹസ്യരേഖ’’ തേടിപ്പിടിച്ച് കൊണ്ടുവന്നിരിക്കുന്നുവെന്ന പെരുംനുണയാണവർ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഫെബ്രുവരി 17ന് ന്യൂസ് സ്റ്റാൻഡുകളിലെത്തിയ ചിന്ത വാരികയിൽ അച്ചടിച്ചുവന്ന കരട് രാഷ്ട്രീയ പ്രമേയവും നവ–ഫാസിസം സംബന്ധിച്ച പിബിയുടെ കുറിപ്പുമാണ് ഫെബ്രുവരി 23ന് പുറത്തിറങ്ങിയ വലതുപക്ഷ മാധ്യമങ്ങൾക്ക് ‘‘രഹസ്യരേഖ’’യായത്. ദേശാഭിമാനി പത്രം അത് തുറന്നുകാട്ടിയതോടെ കമ്യൂണിസ്റ്റുവിരുദ്ധർക്ക‍് പത്തിമടക്കേണ്ടതായി വന്നു. എന്നാൽ പുതിയ രൂപഭാവങ്ങളിൽ വലതുപക്ഷ മാധ്യമങ്ങൾ ഇത്തരം പ്രചരണങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുമെന്നതാണ് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നത്.
ഈ മാധ്യമങ്ങളുടെയോ അവരുടെ മേലാളരുടെയോ പരിലാളനയേറ്റല്ല കമ്യൂണിസ്റ്റുപ്രസ്ഥാനം വളർന്നത്. ‘‘നിഷ്-പക്ഷത’’യുടെ മേലങ്കിയണിയുന്ന വലതുപക്ഷ മാധ്യമങ്ങൾ കമ്യൂണിസ്റ്റു വിരുദ്ധ പ്രചാരണം നടത്തുന്നത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം കാര്യമല്ല, ലോകത്തുടനീളം അതാണവസ്ഥ. അത് ഇപ്പോൾ മാത്രമുള്ള പ്രതിഭാസവുമല്ല. കമ്യൂണിസം എന്ന ആശയം ഉരുവംകൊണ്ട കാലംമുതൽ അതിനെതിരെയുള്ള നുണപ്രചാരണവും തുടങ്ങിയിരുന്നു. അത്തരം പ്രചാരണങ്ങളെയാകെ അതിജീവിച്ചാണ് കമ്യൂണിസ്റ്റു പ്രസ്ഥാനം മുന്നേറിയത്. ചെെനയും ക്യൂബയും വിയത്-നാമും ലാവോസും ഉത്തരകൊറിയയും കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ സോഷ്യലിസത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ചെെനാ ആഗോള സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പനായ അമേരിക്കയെ കടത്തിവെട്ടി ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയാകാനുള്ള കുതിപ്പിലാണ്.
കേരളത്തിലും ജനക്ഷേമവും വികസനക്കുതിപ്പും ഉറപ്പാക്കി സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർച്ചയായ രണ്ടാമൂഴവും കടന്ന് മൂന്നാമൂഴത്തിലേക്ക് ചുവടുവയ്ക്കാൻ തുടങ്ങുമ്പോൾ ഹാലിളകിയ മട്ടിലാണ് പാർട്ടിക്കും സർക്കാരിനുമെതിരെ ഇവർ ഇളകിയാടുന്നത്. ഇത്തരം നിരവധി ഇളകിയാട്ടങ്ങൾ നേരിട്ടും ഭരണകൂട ഭീകരതയെ അതിജീവിച്ചുമാണ് കമ്യൂണിസ്റ്റു പ്രസ്ഥാനം പ്രവർത്തിച്ചത്; പ്രവർത്തിക്കുന്നത്.
പാർട്ടിയുടെയും ബഹുജനപ്രസ്ഥാനങ്ങളുടെയും ചരിത്രം പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിന് വായനക്കാരെ സഹായിക്കാനാണ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഈ ലക്കത്തിലും ഞങ്ങൾ ശ്രമിക്കുന്നത്. ജില്ലാ സമ്മേളനങ്ങൾക്കു മുന്നോടിയായി പ്രസിദ്ധീകരിച്ച ലക്കത്തിൽ ദേശീയതലത്തിൽ പാർട്ടിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ രൂപരേഖ പ്രസിദ്ധീകരിച്ചതുപോലെ ഈ ലക്കത്തിൽ ഞങ്ങൾ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ചില ഏടുകളിലേക്ക് തിരിഞ്ഞുനോക്കാനാണ് ശ്രമിക്കുന്നത്. l