ആർക്കിയോളജി, അതിന്റെ ഫീൽഡ് സ്വഭാവംമൂലം ഗവേഷണത്തിന്റെ ആദ്യ ദശകളിൽതന്നെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നുണ്ട്. മിക്ക ഫീൽഡ് അധിഷ്ഠിത വിഷയങ്ങൾക്കും ഇത് ബാധകമാണെങ്കിലും, ഇവിടെ എടുത്തുപറയേണ്ട ചില പ്രത്യേകതകളുണ്ട്. ആർക്കിയോളജി ഫീൽഡ് വർക്ക്,പ്രത്യേകിച്ച് ഉത്ഖനനങ്ങൾ ഭൂപ്രകൃതിയുമായി നേരിട്ട് സംവദിക്കുന്നു. ആളുകൾ വ്യത്യസ്ത രീതികളിൽ ഇടപഴകുകയും ഉപയോഗിക്കുകയും ചെയ്തു വരുന്ന സ്ഥലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും, അവയിൽ മാറ്റങ്ങൾ വരുത്തുകയും, അവയെ പുതിയ രീതികളിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നതിനാൽ ആർക്കിയോളജിയുടെ പൊതുജന സംവേദനങ്ങൾ തുറക്കുന്ന മാനങ്ങൾ മറ്റു വിഷയങ്ങളിൽ നിന്നും തുലോം വ്യത്യസ്തവും സാമാന്യവത്കരണത്തിനു വഴങ്ങാത്തവയുമാണെന്നു കാണാം.
2006 മുതൽ പല സീസണുകളിൽ കെസിഎച്ച്ആറിന്റെ പുരാവസ്തു സംഘത്തിന്റെ ഭാഗമായിരുന്നപ്പോഴുള്ള അനുഭവങ്ങളും, 2012-–13-ൽ പട്ടണം-കൊടുങ്ങല്ലൂർ പ്രദേശത്തും പരിസര പ്രദേശങ്ങളിലും, എന്റെ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ ഒരുകൂട്ടം അഭിമുഖങ്ങളും, തുടർന്ന് കേരളത്തിന്റെ പൈതൃക ഭൂപടത്തെക്കുറിച്ചുള്ള പൊതുഭാവനകളിൽ പട്ടണം കടന്നുവരുന്നതിനെ സംബന്ധിച്ചുള്ള നിരീക്ഷണങ്ങളുമാണ് ഈ കുറിപ്പിനടിസ്ഥാനം. പട്ടണത്തെ ചുറ്റിപ്പറ്റിയുള്ള പൊതുചർച്ചകളുടെ ബഹുമുഖതയെ അടയാളപ്പെടുത്താനായിരുന്നു പ്രധാനമായും എന്റെ ഗവേഷണത്തിലൂടെ ഞാൻ ശ്രമിച്ചത്. പബ്ലിക് ആർക്കിയോളജി, ആർക്കിയോളജിക്കൽ എത്-നോഗ്രാഫി, വിമർശനാത്മക പൈതൃക പഠനം എന്നീ മേഖലകളിലെ ചർച്ചകളായിരുന്നു ഈ പഠനത്തിന്റെ സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ ആധാരം. പട്ടണം ഖനനങ്ങളും മുസിരിസുമായുള്ള അതിന്റെ ബന്ധവും, മുസിരിസ് എന്ന ആശയത്തെ ചുറ്റിപ്പറ്റി രൂപപ്പെട്ട നിരവധി സ്ഥലസങ്കൽപ്പങ്ങൾക്ക് തുടക്കം കുറിച്ചതെങ്ങിനെ എന്നുമാത്രമേ ഇവിടെ ഞാൻ പരിശോധിക്കുന്നുള്ളൂ.
പട്ടണത്തിന്റെ പുരാവസ്തു പ്രാധാന്യമല്ല ഇവിടെ ചർച്ചയ്ക്ക് എടുക്കുന്നത് എങ്കിലും, ഒന്നു രണ്ടു വശങ്ങൾ സൂചിപ്പിക്കട്ടെ. കൊടുങ്ങല്ലൂർ മതിലകം ഉത്ഖനനങ്ങൾ ഒഴിച്ചുനിർത്തിയാൽ, കേരളത്തിലെ ആർക്കിയോളജി ഗവേഷണങ്ങൾ, വിശേഷിച്ചും ഉത്ഖനനങ്ങൾ മഹാശിലാസ്മാരകങ്ങൾ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇരുമ്പുയുഗ ആദ്യചരിത്രകാല (Iron Age – Early Historic) സ്മാരകങ്ങളുടെ പഠനങ്ങളിലേക്ക് ചുരുങ്ങിയിരുന്നു. ഇന്ത്യൻ ഓഷ്യൻ വഴിയുള്ള കച്ചവട ബന്ധങ്ങളിലെ തദ്ദേശീയ സാന്നിധ്യത്തെക്കുറിച്ചും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീരപ്രദേശങ്ങളും ഉൾനാടുകളുമായുള്ള വിനിമയ ശൃംഖലകളെക്കുറിച്ചും നിലനിരുന്ന അക്കാദമിക ധാരണകളെ പുനർവായിക്കാൻ പട്ടണം ഉത്ഖനനങ്ങൾ കാരണമായി. പ്രദേശത്തെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണവും, ആംഫോറകൾ പോലുള്ള പ്രാദേശികമല്ലാത്ത വസ്തുക്കളുടെ സാന്നിധ്യവുമാണ് ഈ സൈറ്റിന്റെ തുടർസാധ്യതകളിലേക്ക് വിരൽചൂണ്ടിയത് (Shajan 1998). കെട്ടിടാവശിഷ്ടങ്ങളുടെയും മറ്റു പുരാവസ്തുക്കളുടെയും സ്വഭാവം സന്ദർഭാനുസൃതമായും വിശകലനാത്മകമായും (contextually and interpretatively) മനസിലാക്കുന്നതിനും, ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിൽ നിന്നും, ഇൻഡോ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നുമുള്ള പുരാവസ്തുക്കളെ തിരിച്ചറിയുന്നതിനും, കൃത്യമായ ഉത്ഖനനങ്ങളിലൂടെ സാധിച്ചു. സൈറ്റിൽ നിന്നും ദിനംപ്രതിയെന്നോണം വെളിവായിവന്ന പുരാവസ്തുക്കളുടെ പുതുമയും വൈവിധ്യവും ആദ്യ വർഷങ്ങളിൽ പട്ടണത്തിനു ലഭിച്ച വലിയ പൊതുജന-–മാധ്യമശ്രദ്ധയ്ക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ്. അക്കാദമികമായി ചരിത്രപഠനങ്ങളെ സാധൂകരിക്കുക എന്ന ചുരുങ്ങിയ ദൗത്യമാണ് പുരാവസ്തുപഠനങ്ങൾക്ക് കേരളത്തിൽ പലപ്പോഴും കല്പിച്ചുവരുന്നത്. പട്ടണം ഉത്ഖനനങ്ങൾക്ക് ലഭിച്ച ജനശ്രദ്ധ, ആർക്കിയോളജി എന്ന അക്കാദമിക് വിഷയത്തിന്റെ വിശകലനാത്മകവും സൈദ്ധാന്തികവുമായ സാധ്യതകളെ വിഷയത്തിന് പുറത്തുള്ള തല്പരർക്ക് പരിചയപ്പെടുത്താനുള്ള വലിയ സാധ്യതയും തുറക്കുന്നുണ്ട്.
ഗവേഷകർ ഒരു സൈറ്റ് ‘കണ്ടെത്തി’ എന്ന പ്രയോഗം സാധാരണയാണല്ലോ. എന്നാൽ ഗവേഷക ശ്രദ്ധയിൽ പെടുന്നതിന് എത്രയോ മുൻപുതന്നെ തങ്ങൾ ജീവിക്കുന്ന ഇടങ്ങളിലെ ഭൂതകാലത്തിന്റെ ഭൗതിക അവശിഷ്ടങ്ങളുമായി ജനങ്ങൾ ഇടപെട്ടു വരുന്നുണ്ട്. 1990 കളുടെ അവസാനമാണ് പട്ടണത്തിലെ പുരാവസ്തുക്കൾ അക്കാദമിക് ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ പട്ടണത്തുകാരുടെ കാര്യം ഇതല്ല. കന്മുത്തുകളും ഗ്ലാസ് മുത്തുകളും പാത്രക്കഷ്ണങ്ങളുമെല്ലാം ഇവിടെ ഭൗമോപരിതലത്തിൽ തന്നെ വെളിവായിക്കിടന്നിരുന്നു. കൃഷി-, നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുക്കുമ്പോഴും മറ്റും, ഇഷ്ടിക കൊണ്ട് നിർമിച്ച കെട്ടിടാവശിഷ്ടങ്ങൾ കണ്ടെത്തുന്നതും ഇവിടെ പതിവായിരുന്നു. പട്ടണത്തിൽ പല കുട്ടികൾക്കും കന്മുത്തുകളുടെയും, ഇൻഡോ–-പസഫിക് ഗ്ലാസ് മുത്തുകളുടെയും വലിയ സ്വകാര്യശേഖരങ്ങൾതന്നെ ഉണ്ടായിരുന്നു. പുരാവസ്തുക്കളുടെ ഈ അസാധാരണ സാന്നിധ്യം, സമകാലീന പ്രാധാന്യമുള്ള ഇടങ്ങളുമായും, പ്രത്യേക വിഭാഗങ്ങളുടെ ചരിത്രഭാവനകളുമായും ബന്ധപ്പെട്ട് പ്രാദേശികമിത്തുകളുടെ ഭാഗമായി മാറുന്നതായി കാണാം. ആർക്കിയോളജിയുടെ കടന്നുവരവ് ഈ കഥകളെ ഇല്ലാതാക്കുന്നില്ല. മറിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന പുതിയ അറിവിൽ നിന്നുള്ള അംശങ്ങൾ നിലവിലുള്ള ഭാവനയിലേക്ക് ഇഴചേർക്കപ്പെടുന്നു.
2004 ലാണ് തൃപ്പൂണിത്തുറയിലെ പൈതൃക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടണത്ത് ആദ്യമായി ഉത്ഖനനങ്ങൾ നടക്കുന്നത്. തുടർന്ന് ചരിത്രഗവേഷണ കൗൺസിൽ 2006 ൽ കൊടുങ്ങല്ലൂർ-, പറവൂർ പ്രദേശങ്ങളിൽ പര്യവേക്ഷണങ്ങളും (explorations), 2007 മുതൽ 2015 വരെ പട്ടണത്ത് ഉത്ഖനനങ്ങളും നടത്തി. പാമ, ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും തുടർന്ന് പട്ടണം പ്രദേശത്തു ഉത്ഖനനങ്ങൾ നടത്തിയിട്ടുണ്ട്. ഉത്ഖനനത്തിന്റെ ആദ്യവർഷങ്ങളിൽ തദ്ദേശവാസികൾ ആവേശപൂർവവും താല്പര്യത്തോടുകൂടിയുമാണ് ഗവേഷണങ്ങളെ സമീപിച്ചത് എന്നു കാണാം. പഠനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ആർക്കിയോളജിസ്റ്റ് പ്രൊഫസർ സെൽവകുമാർ പബ്ലിക് ആർക്കിയോളജിയുമായി ബന്ധപ്പെട്ട തന്റെ പ്രബന്ധത്തിൽ (2006) ഇതേപ്പറ്റി വിശദീകരിക്കുന്നുണ്ട്. 2007ലെ ഉത്ഖനനങ്ങളിൽ എനിക്കിത് നേരിട്ടും അനുഭവിച്ചറിയാനായി. സ്വകാര്യവ്യക്തികൾ തങ്ങളുടെ പറമ്പുകളിൽ ഉത്ഖനനം നടത്താൻ സൗകര്യമൊരുക്കുകയും പ്രദേശവാസികൾ നിരന്തരം ഗവേഷകരുമായി സംവദിക്കുകയും പലേരീതിയിലുള്ള സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തിരുന്നു. 2007 ൽ ഇവിടെ കണ്ടെത്തിയ വള്ളത്തിന്റെ അവശിഷ്ടങ്ങൾ,കളിമണ്ണിൽ തീർത്ത റിങ് വെൽ തുടങ്ങി ചില കണ്ടെത്തലുകൾ കൂടുതൽ ജനശ്രദ്ധ ആകർഷിച്ചതായി കാണാം.വെറും താല്പര്യം എന്നതിലുപരിയായി പട്ടണത്തിലെ പുരാവസ്തുക്കളെപ്രതി ഉടമസ്ഥതാ മനോഭാവം തന്നെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇത് ചില രസകരമായ സംഭവങ്ങൾക്കും വഴിവെച്ചു. 2007-ൽ ഒരു പ്രാദേശിക പത്രം ഉത്ഖനനത്തിൽ ഒരു വാൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുകയുണ്ടായി. സൈറ്റിൽ ഗവേഷകർ Wall (ഭിത്തി) എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചത് തെറ്റിദ്ധരിച്ചതായിരുന്നു റിപ്പോർട്ടിനാധാരം. ഇതേ തുടർന്ന് രാജാവിന്റെ വാളും കിരീടവും കണ്ടെത്തി എന്നറിഞ്ഞു എന്നും, കണ്ടെത്തലുകൾ മറച്ചുവെക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് ആളുകൾ കൂട്ടമായി സൈറ്റിലെത്തി.
ആദിമ തുറമുഖമായ മുസിരിസാകാം പട്ടണം എന്ന സാധ്യത ഗവേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഗവേഷകർ ചൂണ്ടിക്കാണിച്ചിരുന്നു (ഉദാഹരണത്തിന്, ഡോ . കെ പി ഷാജന്റെ 1998 ലെ ഗവേഷണ പ്രബന്ധം). ആർക്കിയോളജിയെ സംബന്ധിച്ചിടത്തോളം, പല അന്വേഷണ വഴികളിൽ ഒന്ന് മാത്രമാണ് ഇതെന്നിരിക്കിലും, പട്ടണത്തെക്കുറിച്ചുള്ള പൊതുഭാവനകളിൽ മുസിരിസ് പല ഭാവങ്ങളിൽ കടന്നുവരുന്നുണ്ട്. 2004-ൽ തന്നെ “മുസിരിസിലേക്ക് സ്വാഗതം’ എന്നെഴുതിയ ബാനർ പട്ടണത്തുകാർ ഉത്ഖനന സ്ഥലത്തു സ്ഥാപിച്ചിരുന്നു എന്നു സെൽവകുമാർ തന്റെ ലേഖനത്തിൽ പറയുന്നുണ്ട്. 2007ലും ഇങ്ങനെ ഒരു ബാനർ സൈറ്റിൽ ഉണ്ടായിരുന്നു. പട്ടണത്തും സമീപപ്രദേശങ്ങളിലും നടത്തിയ ഇന്റർവ്യൂകളിൽ, അതുവരെ പഷ്ണി (പട്ടിണി) യുമായി ബന്ധപ്പെടുത്തിയിരുന്ന പട്ടണത്തെ ഒരു പട്ടണം (നഗര കേന്ദ്രം) ആയി തിരിച്ചറിയുന്നതിന്റെ കൗതുകത്തെപറ്റി പലരും എന്നോട് എടുത്തുപറഞ്ഞിരുന്നു.
നിലവിൽ കടലിൽനിന്നും നാലു കിലോമീറ്ററോളം ഉള്ളിലാണ് പട്ടണം സ്ഥിതിചെയ്യുന്നത്. ഉത്ഖനനത്തോടുകൂടി സമുദ്രം, കപ്പലുകൾ തുടങ്ങിയ ബിംബങ്ങൾ മുന്പില്ലാത്തവിധം സമകാലീന പ്രാധാന്യത്തോടെ പട്ടണത്തിന്റെ പ്രാദേശികഭാവനയിൽ കടന്നുവരുന്നത്കാണാനാവും. 2009-ൽ മുസിരിസ് പട്ടണം റസിഡൻസ് അസോസിയേഷൻ (MPRA) എന്ന പേരിൽ വടക്കേക്കര പഞ്ചായത്തിലെ നാല് വാർഡുകളിൽനിന്നുള്ള വീടുകൾ ചേർത്ത് ഒരു റെസിഡൻസ് അസോസിയേഷൻ രൂപികരിച്ചു. ഉത്ഖനനങ്ങൾ കേന്ദ്രീകരിച്ച പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. MPRA യുടെ ലോഗോയിൽ രണ്ടു ചെറുവീടുകൾക്കും ഒരു തെങ്ങിനുംപുറമെ, ഒരിട്ട് പായ്ക്കപ്പലും പ്രാധാന്യത്തോടെ കാണാം. ഈ ആദ്യ വർഷങ്ങളിൽ പട്ടണത്തിനുള്ളിൽതന്നെ മുസിരിസ് വ്യത്യസ്ത അർത്ഥങ്ങൾ നേടുന്നുണ്ട്. വ്യക്തി തലത്തിൽ, ക്ഷേത്രവഴിപാട്, കലാരചനകൾ എന്നിവയിലെല്ലാം സ്വന്തം പേരിനൊപ്പവും, വാണിജ്യ സ്ഥാപനങ്ങൾക്ക് പേരിടുമ്പോഴും, മുസിരിസ് കടന്നുവരുന്നു. പട്ടണത്തിനു പുറത്തുനിന്ന് ഗ്രാമത്തെയാകെ കുറിക്കാനും, ഗ്രാമത്തിനുള്ളിൽ തന്നെ പ്രത്യേക ഇടങ്ങളെ, ഉദാഹരണത്തിന് നിലവിൽ സൈറ്റ് മ്യൂസിയം നിലനിൽക്കുന്ന പറമ്പിനെ, സൂചിപ്പിക്കാനും മുസിരിസ് എന്ന പേരുപയോഗിക്കുന്നതായി കാണാം. പഞ്ചായത്തിൽ ഏകദേശം 360 വീടുകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ വാർഡുതന്നെ പട്ടണം-–മുസിരിസ് വാർഡ് എന്ന പേരിൽ നിലവിൽ വന്നു. അങ്ങനെ, പട്ടണം എന്ന മുസിരിസ് ഇവിടത്തെ സ്ഥലസങ്കല്പങ്ങളെ വ്യത്യസ്ത രീതികളിൽ പുനർനിർമ്മിക്കുന്നു.
അതുവരെയുള്ള ചരിത്രപഠനങ്ങളിലും, പൊതു ധാരണയിലും പട്ടണത്തിനു പത്ത് കിലോമീറ്റർ വടക്കുള്ള കൊടുങ്ങല്ലൂരാണ് മുസിരിസ് ആയി മനസ്സിലാക്കിപോന്നത്. ഉത്ഖനനങ്ങളും, അതുവഴി പട്ടണം- മുസിരിസ് ബന്ധത്തിന് കിട്ടിയ ശ്രദ്ധയും ഈ ധാരണയ്ക്ക് ഉലച്ചിലുണ്ടാക്കി; ഇതിന്റെ അലകൾ പൊതുമണ്ഡലത്തിലും പ്രകടമായിരുന്നു. ആദ്യകാലങ്ങളിൽ പല പത്ര റിപ്പോർട്ടുകളും പട്ടണം–-മുസിരിസ് സമവാക്യത്തെ കൊടുങ്ങല്ലൂരിന്റെ നഷ്ടമായി അവതരിപ്പിച്ചു. അങ്ങനെ തങ്ങൾ അന്നേവരെ സ്വന്തമെന്നു കരുതിയ ഒരു ഭൂതകാലത്തിനായി, അവകാശവാദം ഉന്നയിക്കേണ്ട സ്ഥിതി കൊടുങ്ങല്ലൂരിനുണ്ടായി. പട്ടണത്തിലാകട്ടെ, പുതുതായി കണ്ടെത്തിയ ഭൂതകാലത്തെ മുറുകെ പ്പിടിക്കാനുള്ള ശ്രമങ്ങളും ശക്തമായി. ഈ വിഷയത്തിൽ സാംസ്കാരിക, ഗവേഷണ സംഘങ്ങളും, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയും നിരവധി സെമിനാറുകൾ സംഘടിപ്പിച്ചതായി കാണാം. ആർക്കിയോളജിയുടെ പ്രസക്തിയും, ഗവേഷകരുടെ വൈദഗ്ധ്യവുമെല്ലാം ഇവിടെ വിമർശനവിധേയമാക്കുന്നുണ്ട്. 2007 ലെയും 2008 ലെയും ഉത്ഖനന സംഘത്തിൽ ഉണ്ടായിരുന്ന ഞങ്ങൾക്ക് പല ചൂടേറിയ വാഗ്വാദങ്ങളും ചർച്ചകളും അടുത്തറിയാനായി. കൊടുങ്ങല്ലൂരിനെപ്പറ്റിയുള്ള, ആദർശിന്റെ 2013 ലെ പഠനത്തിലും ഇതേപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. രണ്ട് സ്ഥലങ്ങളിലും പുതിയ വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ ബസ് സർവീസുകൾ, മേളകൾ എന്നിവയ്ക്ക് മുസിരിസ് എന്ന പേര് നൽകാനുള്ള മത്സരംതന്നെ ഈ വർഷങ്ങളിൽ കാണാനാവും. 2010-–11 സമയത്ത് ഈ ചർച്ചകൾ പത്രങ്ങളിലെ സ്പെഷ്യൽ കോളങ്ങളിലും, മാസികകളിലും പ്രാധാന്യത്തോടെ ഇടംപിടിക്കുന്നതായി കാണാം. ആർക്കിയോളജിസ്റ്റുകളും, പൊതു രാഷ്ട്രീയപ്രവർത്തകരും ചരിത്രകാരും വായനക്കാരും പത്രാധിപർക്കുള്ള കത്തുകൾവഴി സംവദിക്കുന്ന, ക്വാസി അക്കാദമിക് ഇടങ്ങളായി മാറുന്നു ഈ ചർച്ചകൾ.
കൊടുങ്ങല്ലൂരിൽനിന്ന് വെറും പത്ത് കിലോമീറ്റർ മാത്രം അകലെയാണ് പട്ടണം എങ്കിലും പൊതുമണ്ഡലത്തിലെ തർക്കങ്ങളിൽ പട്ടണവും കൊടുങ്ങല്ലൂരും വ്യത്യസ്ത പ്രദേശങ്ങളായാണ് മനസ്സിലാക്കപ്പെട്ടിരുന്നത് . ഇതിനുകാരണങ്ങൾ പലതാണ്. ഒന്ന്, ഇന്ന് കൊടുങ്ങല്ലൂരും പട്ടണവും വ്യത്യസ്ത ജില്ലകളുടെ ഭാഗങ്ങളാണ് എന്നതാണ്; രണ്ട്, നിലവിൽ പെരിയാർ നദി ഈ സ്ഥലങ്ങളെ ഭൂമിശാസ്ത്രപരമായി വിഭജിക്കുന്നു എന്നത്; മൂന്നാമത്തെ കാരണം, പറവൂരുമായി,പട്ടണത്തിന്റെ സാമീപ്യമാണ് (ഏകദേശം 1.5 കിലോമീറ്റർ തെക്ക്). കേരളത്തിലെ ഇപ്പോഴത്തെ ജനവാസ രീതി അനുസരിച്ച സ്ഥലങ്ങളെ അവയുടെ ഏറ്റവും അടുത്തുള്ള പട്ടണവുമായി ബന്ധപ്പെടുത്തിയാണ് വിശേഷിപ്പിക്കുന്നത്. അതായത് ആർക്കിയോളജി വഴി ‘പുതുതായി കണ്ടെത്തിയ ഭൂതകാലം’ മനസ്സിലാക്കുന്നതിനുള്ള പ്രാരംഭ ചട്ടക്കൂടായി മാറുന്നത്, പ്രദേശത്തെക്കുറിച്ചു നിലനിൽക്കുന്ന ആധുനിക സങ്കൽപ്പങ്ങളാണ്.
സമകാലിക വ്യവഹാരങ്ങളുമായുള്ള ഇടപെടലിലൂടെ, ഭൂതകാലത്തെപ്പറ്റിയുള്ള പൊതുബോധത്തിൽ തുടർന്നും മാറ്റങ്ങൾ വരികയും, തികച്ചും പുതിയ ഭാവനകൾ രൂപപ്പെടുകയും ചെയ്യുന്നതായും നമുക്ക് കാണാം. കേരളത്തിലെ പൈതൃക ഭൂപടത്തിൽ ഇടംനേടുന്നതോടെ മുസിരിസ് പട്ടണം സമവാക്യത്തിനു സംഭവിക്കുന്നത് ഇതാണ്. പട്ടണത്ത് ഖനനങ്ങൾ ആരംഭിച്ച ആദ്യവർഷങ്ങളിൽ തന്നെയാണ് കേരള സർക്കാർ മുസിരിസ് പൈതൃക പദ്ധതിക്ക് (Muziris Heritage Project -–MHP)രൂപം നൽകുന്നത് (2006). പേര് സൂചിപ്പിക്കുന്നതു പോലെ, മുസിരിസ് തുറമുഖത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം പുനഃസ്ഥാപിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് MHP ആരംഭിച്ചത്. പട്ടണത്തെ ഉത്ഖനനങ്ങളും, പൊതുചർച്ചകളിലേക്കുള്ള മുസിരിസിന്റെ പുനഃപ്രവേശനവും പ്രാരംഭഘട്ടത്തിൽ പദ്ധതിക്ക് പ്രചോദനം ആകുന്നുണ്ടെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പറവൂരും പട്ടണവും കൊടുങ്ങല്ലൂരുമെല്ലാം ഉൾപ്പെടുന്ന, ആദിമ ചരിത്ര കാലം മുതൽക്കിങ്ങുവരെയുള്ള നീണ്ട കാലഘട്ടത്തെയും അനേകം ചരിത്ര സ്മാരകങ്ങളെയും, പ്രദേശങ്ങളെയും, കലാരൂപങ്ങളെയും കോർത്തിണക്കുന്ന പ്രോട്ടോ കോസ്മോപോളിറ്റൻ മുസിരിസെന്ന പുതുഭാവനയാണ് MHP ക്ക് ആധാരം. സമുദ്ര, അന്തർദേശീയ വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ഭൗതിക തെളിവുകൾ ആദ്യമായി ഒരുമിച്ച് കൊണ്ടുവരുന്ന സൈറ്റെന്ന നിലയിൽ പട്ടണം, ഈ പുതിയ മുസിരിസിനെ ക്കുറിച്ചുള്ള ആശയരൂപീകരണത്തിന് ഭൗതിക അടിത്തറ നൽകുന്നുണ്ട്. ഇതെങ്ങനെ എന്ന ചർച്ചയിലേക്ക് ഇവിടെ കടക്കുന്നില്ല. പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതോടുകൂടി മുസിരിസിനെക്കുറിച്ചുള്ള പൊതുഭാവനകളിലും മാറ്റം വരുന്നതായി കാണാം. 2013ൽ പട്ടണത്തും മറ്റു പദ്ധതി പ്രദേശങ്ങളിലും ഞാൻ നടത്തിയ അഭിമുഖങ്ങളിൽ ഇത് വ്യക്തമായിരുന്നു. പദ്ധതി പ്രദേശത്തുടനീളംതന്നെ മുസിരിസ് ഒരു ബ്രാൻഡായി മാറുന്നു. ഈ പേരിൽ നിരവധി വാണിജ്യ സ്ഥാപനങ്ങൾ പ്രദേശത്താകെ കാണാനാവും. മുസിരിസിന്റെ യഥാർത്ഥ സ്ഥാനത്തെചൊല്ലി പട്ടണത്തും കൊടുങ്ങല്ലരും നടന്ന തർക്കങ്ങൾക്കും ഈ സമയത്ത് ശക്തി കുറയുന്നുണ്ട്. എന്നാൽ മുസിരിസിന്റെ കേന്ദ്രം എന്ന നിലയ്ക്ക് പട്ടണത്തിന് പദ്ധതിക്കുള്ളിൽ വിശേഷ പരിഗണന ലഭിക്കേണ്ടതുണ്ട് എന്നുള്ള വാദവും പട്ടണത്തുകാർ ഉന്നയിക്കുന്നുണ്ട്. അങ്ങനെ ഉത്ഖനനങ്ങൾ തുറന്നു തന്ന ഭൂതകാലഭാവനയെക്കാളുപരിയായി, പൈതൃകപദ്ധതിയിലൂടെയുള്ള സമകാലീന സാമ്പത്തിക- സാംസ്കാരിക സാധ്യതകൾക്കാണ് പിൽക്കാലത്ത് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്.
ആർക്കിയോളജിയും പൊതുജനങ്ങളും തമ്മിലുള്ള ബന്ധത്തെ സമീപിക്കുമ്പോൾ അടിവരയിടേണ്ട വസ്തുത, പൊതുജനസമീപനങ്ങളിൽ നിരന്തരമായി വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്. പട്ടണത്തുകാരിൽ ഉത്ഖനനങ്ങളെക്കുറിച്ചുള്ള മനോഭാവത്തിൽ വരുന്ന മാറ്റങ്ങൾ നോക്കാം. ഗവേഷണത്തിന്റെ ആദ്യ വർഷങ്ങൾ പിന്നിടുന്നതോടെ ഉത്ഖനനത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം ആറിത്തണുക്കുന്നതായി കാണാം. ഉത്ഖനനങ്ങളുടെ പുതുമ നഷ്ടപ്പെടുന്നതിന് ഇതിലൊരു പങ്കുണ്ട് എങ്കിലും, പ്രാദേശിക തലത്തിൽ ചില ഘടകങ്ങൾ ഈ മാറ്റങ്ങൾക്ക് കാരണമായി. ഒന്നാമതായി, സർക്കാർ, ഭൂമി പിടിച്ചെടുക്കുമെന്ന ഭയമായിരുന്നു. 2008 സീസണിൽ വിശേഷിച്ച് ഈ ഭീതി വളരെ പ്രകടമായിരുന്നു. 2007 ലെ ആവേശകരമായ സമീപനത്തെയാകെ കീഴ്മേൽ മറിച്ച ഈ ഭീതി മെല്ലെ അടങ്ങിയത്, ഗവേഷകരും, ജനപ്രതിനിധികളും, നാട്ടുകാരുമായുള്ള നിരവധി ചർച്ചകൾക്ക് ശേഷമാണ്. ഒരിക്കലും പഴയ നിലയിലേക്ക് കാര്യങ്ങൾ തിരികെ പോയതുമില്ല. ഇന്ത്യയിലും, ലോകത്ത് മറ്റു പലഭാഗങ്ങളിലും ആർക്കിയോളജിസ്റ്റുകളും പൊതുജനങ്ങളുമായുള്ള ബന്ധത്തിന്റെ സ്വഭാവത്തെ നിർണയിക്കുന്നത്, ഇങ്ങനെ സ്ഥലത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള അഭിപ്രായസമന്വയവും, വ്യത്യാസങ്ങളും അവ സൃഷ്ടിക്കുന്ന ആശങ്കകളും ആണെന്ന് കാണാം. രണ്ടാമതായി, ഉത്ഖനനം, പട്ടണത്തേക്ക് വലിയ രീതിയിൽ തൊഴിലവസരങ്ങൾ കൊണ്ടുവന്നേക്കുമെന്ന പ്രതീക്ഷകൾ നിലനിന്നിരുന്നു. MHP യും, പട്ടണം ഗവേഷണങ്ങളും പൊതുബോധത്തിൽ കൂടിക്കുഴഞ്ഞു കിടന്നത് ഈ പ്രതീക്ഷകളുടെ ആക്കം കൂട്ടുകയും അവയെപ്രതിയുള്ള നിരാശകൾക്ക് വഴി വയ്ക്കുകയും ചെയ്തു. ചില പറമ്പുകൾ ഓഫീസുകളും, സൈറ്റ് മ്യൂസിയവും ആകുന്നതും നാട്ടുകാരല്ലാത്ത സന്ദർശകരുടെ എണ്ണം കൂടുന്നതുമാണ് മൂന്നാമത്തെ കാരണം. ഈ മാറ്റങ്ങൾ തങ്ങളിൽ അന്യതാബോധം ഉണ്ടാക്കിയതായി പല പട്ടണത്തുകാരും അഭിമുഖങ്ങളിൽ സൂചിപ്പിക്കുകയുണ്ടായി. പരിചിതമായ ഒരു സ്ഥലത്തിന്റെ പെട്ടന്നുണ്ടായ അപരിചിത ഭാവമാണ് അന്യവത്ക്കരണത്തിനു കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഈ മാറ്റങ്ങളുടെ സ്വഭാവവും ഏകമാനമല്ല എന്ന് വേണം മനസ്സിലാക്കാൻ. ഉത്ഖനനങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളും തങ്ങളുടെ ജീവിതത്തെ നേരിട്ട് എത്ര മാത്രം ബാധിച്ചു, ഉത്ഖനനം നടക്കുന്ന ഇടങ്ങളുമായി തങ്ങളുടെ വീടുകളുടെ ദൂരം, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നീ ഘടകങ്ങളെല്ലാം ഉത്ഖനനത്തെക്കുറിച്ചുള്ള മനോഭാവങ്ങളിൽ പ്രകടമാകുന്നു.
പട്ടണവുമായി ബന്ധപ്പെട്ട്, വിശേഷിച്ച് ഉത്ഖനനത്തിന്റെ ആദ്യ വർഷങ്ങളിൽ നടന്ന ചർച്ചകളിൽ ചിലതു മാത്രമാണ് ഞാനിവിടെ പ്രതിപാദിച്ചത്. പട്ടണം കണ്ടെത്തലുകളും, മുസിരിസിനെക്കുറിച്ചുള്ള ചർച്ചകളും ചില പ്രക്രിയകൾക്ക് തുടക്കംകുറിച്ചു എന്ന് നമ്മൾ കണ്ടു. ആദ്യ ഘട്ടത്തിൽ പട്ടണത്തെ സ്ഥലസങ്കല്പങ്ങളിൽ മാറ്റങ്ങൾ വരുന്നതും, മുസിരിസിനെക്കുറിച്ചുള്ള നിഷ്ക്രിയമായ ചർച്ചകളെ സജീവമാക്കുന്നതും നമുക്ക് കാണാം. പൊതുമണ്ഡലത്തിൽ മുസിരിസിനുള്ള ഈ സജീവ സാന്നിധ്യവും, ആർക്കിയോളജിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭൗതികാടിത്തറയുമാണ് മുസിരിസ് ഹെറിറ്റേജ് സൈറ്റ് എന്ന ആശയത്തിലേക്ക് നയിക്കുന്നത്. ആർക്കിയോളജിക്കൊപ്പം തന്നെ മുസിരിസിനെക്കുറിച്ചുള്ള ഈ പുതുഭാവനകളും അതേ ചുറ്റിപറ്റിയുള്ള പ്രതീക്ഷകളും, ഭൂതകാലത്തെക്കുറിച്ചുള്ള നൂതന സങ്കല്പങ്ങളിലേക്കും, പരിചിതമായ ഇടങ്ങളെ പുതിയ രീതിയിൽ മനസിലാക്കുന്നതിലേക്കും നയിക്കുന്നു. പട്ടണം ഉത്ഖനനങ്ങളെ തുടർന്ന് കേരളത്തിലെ പൊതുമണ്ഡലത്തിലുണ്ടായ ചർച്ചകൾ കേരളത്തിന് പുറത്തും, അക്കാദമികമായും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആർക്കിയോളജിയും ജനങ്ങളുമായുള്ള ബന്ധത്തെ ആരായുന്ന പല പഠനങ്ങളിലും പട്ടണം പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ഈ സംവേദനത്തിന്റെ ബഹുസ്വരവും, അനന്യവുമായ തലങ്ങളാണ് പട്ടണം മുന്നോട്ടുവയ്ക്കുന്നത്. l
കുറിപ്പുകൾ:
ആദർശ്, സി. 2013. വിഭാവനകൾ വിനിമയങ്ങൾ: കൊടുങ്ങല്ലൂരിന്റെ വ്യവഹാരിക ഭൂമിശാസ്ത്രം. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം.
Shajan, K.P. 1998. ‘Studies on Late Quaternary Sediments and Sea Level Changes of the Central Kerala Coast, India’. Doctoral Dissertation, Kochi: Department of Marine Geology and Geophysics, School of Marine Science Cochin University of Science and Technology.
Selvakumar, V. 2006. ‘Public Archaeology in India: Perspectives from Kerala’. India Review 5 (3-4): 417-46.