Monday, March 17, 2025

ad

Homeകവര്‍സ്റ്റോറിപട്ടണം ഉത്ഖനനം 
എന്തുകൊണ്ട് പ്രധാനമാകുന്നു?

പട്ടണം ഉത്ഖനനം 
എന്തുകൊണ്ട് പ്രധാനമാകുന്നു?

ഡോ. കെ പി രാജേഷ് (അസിസ്റ്റന്റ് പ്രൊഫസർ, ചരിത്ര വിഭാഗം, 
എൻ.എസ്.എസ് കോളേജ് മഞ്ചേരി)

ലോക പുരാവസ്തു ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ഗവേഷണ പഠനമാണ് പട്ടണം ഉത്ഖനനം (ചിറ്റാറ്റുകര പഞ്ചായത്ത്,വടക്കൻ പറവൂർ, എറണാകുളം ജില്ല). 2004 മുതൽ പട്ടണം ഉത്ഖനന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഡോ. കെ.പി ഷാജൻ പെരിയാറിന്റെ തീരത്ത് നടത്തിയ സർവ്വെകളിൽ ലഭിച്ച ചില മൺപാത്രക്കഷ്-ണങ്ങൾ റോമൻ ആംഫോറയുടെ ഭാഗങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ പെരിയാറിന്റെ തീരത്തേക്ക് വരുന്നത്. 2004ൽ- അദ്ദേഹവും ഡോ. വി. സെൽവകുമാറും ചേർന്ന് സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ (തൃപ്പൂണിത്തുറ) ആഭിമുഖ്യത്തിൽ ഒരു പരീക്ഷണക്കുഴിക്കൽ (ട്രയൽ എസ്കവേഷൻ) പട്ടണത്ത് നടത്തുകയും മദ്ധ്യധരണ്യാഴി, പശ്ചിമേഷ്യ, ഉത്തരേന്ത്യ എന്നിവിടങ്ങളുമായി പട്ടണം പ്രദേശത്തിനുണ്ടായിരുന്ന കച്ചവടത്തിന്റെ സുപ്രധാന ശേഷിപ്പുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് 2006 മുതൽ കേരള സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പട്ടണം പുരാവസ്തു സർവ്വെയും ഉത്ഖനനവും വ്യാപകമായ രീതിയിൽ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (കെ.സി.എച്ച്.ആർ) ആഭിമുഖ്യത്തിൽ ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിൽ നടന്നു. ഇപ്പോൾ, കെ.സി.എച്ച്.ആറിന്റെയും, പാമ എന്ന ഗവേഷണ സ്ഥാപനത്തിന്റെയും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മൈസൂർ സർക്കിളിന്റെയും മേൽനോട്ടത്തിൽ ഉത്ഖനനവും, ഉത്ഖനനാന്തര പഠനവും നടന്നുവരുന്നു. പ്രാചീന മുസിരിസിന്റെ കണ്ടെത്തലിലേക്ക് നയിച്ച ഗവേഷണ പ്രവർത്തനമായാണ് പട്ടണം ഉത്ഖനനം പൊതുവെ കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ, പട്ടണം ഉത്ഖനന ഗവേഷണ പ്രവർത്തനങ്ങൾ മുൻകാല പുരാവസ്തു പഠനങ്ങളിൽ നിന്ന് എങ്ങനെ വേറിട്ടുനില്ക്കുന്നു, പട്ടണം തെളിവുകളുടെ പുരാവസ്തുപരമായ ചരിത്ര പ്രസക്തി എന്ത്, കേരള പുരാവസ്തു ചരിത്ര പഠനത്തിന് പട്ടണം പുതിയ പ്രതീക്ഷയും ദിശയും പ്രദാനം ചെയ്യുന്നുണ്ടോ എന്നിങ്ങനെയുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയെന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

മുൻകാല പുരാവസ്തു ഗവേഷണങ്ങളും പട്ടണവും
കേരളത്തിലെ ആദ്യത്തെ പുരാവസ്തു പഠനം ബ്രിട്ടീഷ് മലബാറിൽ 1819-ൽ നടത്തപ്പെട്ട മഹാശിലാസ്മാരക ഉത്ഖനനമാണ്. കോഴിക്കോട് ഫറോക്കിനടുത്ത് ചാത്തപ്പറമ്പിൽ ജെ.ബാബിങ്-ടൺ ഒരു തൊപ്പിക്കല്ലു സ്-മാരകം തുറന്ന് പുരാവസ്തുക്കൾ വീണ്ടെടുക്കുകയും, മലബാറിലെ പാണ്ഡുകുഴികൾ എന്ന പേരിൽ അതിന്റെ റിപ്പോർട്ട് 1823-ൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇക്കാലയളവിൽ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും മഹാശിലാസ്-മാരകങ്ങൾ എന്ന് പൊതുവെ വിളിക്കാറുള്ള നന്നങ്ങാടികളും, ചെങ്കല്ല് തുരന്നുണ്ടാക്കിയ അറകളും, മുനിയറയെന്ന് പലയിടങ്ങളിലും വിളിക്കപ്പെടാറുള്ള കരിങ്കല്ല് അറകളും, കടക്കല്ലുകളും കൽ വളയങ്ങളുമൊക്കെ പുരാവസ്തു പണ്ഡിതരും സാധാരണക്കാരായ നാട്ടുകാരും ചിലപ്പോഴൊക്കെ മണ്ണുവാരുന്ന ജെ.സി.ബി യന്ത്രവണ്ടികളും കണ്ടെടുത്തിട്ടുണ്ട്. ബാബിങ്-ടണിനുശേഷം കേരളത്തിൽ നടന്ന ഉത്ഖനനങ്ങളിൽ ഭൂരിഭാഗവും അഥവാ ഏതാണ്ട് മുഴുവനായും മഹാശിലാസ്മാരക പുരാവസ്തു ഇടങ്ങളിലാണ്. ഇന്നേക്ക് ഏതാണ്ട് 1500-–3000 വർഷങ്ങൾക്കുമുമ്പ് ഇവിടെ ജീവിച്ച് മരണമടഞ്ഞവരുടെ ഓർമ്മയ്-ക്കായി പൂർവ്വികാരാധനയിലും മരണാനന്തര ജീവിതത്തിലും വിശ്വാസമുണ്ടായിരുന്ന പ്രാചീന ജനത നിർമ്മിച്ചതാണ് മഹാശിലാസ്മാരകങ്ങൾ.

മഹാശിലാസ്മാരകങ്ങൾ ഇരുമ്പുയുഗ–ചരിത്രാരംഭ കാലത്ത് (1000 ബി.സി.ഇ–500 സി.ഇ) നിർമ്മിക്കപ്പെട്ട സ്മാരകങ്ങളായാണ് ചരിത്രപാഠങ്ങൾ സമർത്ഥിക്കുന്നത്. ഇതിനകത്തുനിന്ന് മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും എല്ലിൻകഷ്ണങ്ങളും ചിലതിനകത്ത് വിലപിടിപ്പുള്ള കൽമുത്തുകളും വളരെ അപൂർവ്വമായി സ്വർണ്ണം, ചെമ്പ് ആഭരണങ്ങളും പിത്തള പാത്രങ്ങളും മറ്റും കണ്ടുകിട്ടിയിട്ടുണ്ട്. ഇത്തരത്തിലുള്ള സ്-മാരകങ്ങൾ, ഫറോക്ക്, ചിത്രാരി, നടുവിൽ, പോർക്കളം, പഴയന്നൂര്, അരിയന്നൂര്, ചേരമനങ്ങാട്, അരിപ്പ്, മാങ്ങാട്, ഉമ്മിച്ചിപൊയിൽ, കുരുവട്ടൂർ, ആനക്കര, കടനാട്, കിനാലൂർ, ഏനാദിമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തി ഉത്ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇരുമ്പ് യുഗത്തിനുമുൻപുള്ള ശിലായുഗകാലത്തെ കല്ല് ആയുധങ്ങളും, എടക്കൽ, തൊവരി, മറയൂർ, തെന്മല, അങ്കോട് തുടങ്ങിയ ഇടങ്ങളിലെ ചരിത്രാതീതകാല മനുഷ്യർ വരച്ചതും കോറിയിട്ടതുമായ ചിത്രങ്ങളുള്ള ഗുഹകളും കേരളത്തിന്റെ പുരാവസ്തു പൈതൃകത്തിന്റെ തെളിവായി കണ്ടെത്തിയിട്ടുണ്ട്. ഇന്നേവരെ കേരളചരിത്രപാഠങ്ങളിൽ പരാമർശിക്കപ്പെട്ട ശിലായുധങ്ങൾ മിക്കതും ഉപരിതലത്തിൽ നിന്ന് യാദൃച്ഛികമായി കണ്ടെടുക്കപ്പെട്ടവയാണ്. ശിലായുഗ ഗവേഷണ പഠനങ്ങളും ആരംഭിച്ചത് കൊളോണിയൽ മലബാറിൽ ആണ്. കോഴിക്കോട് ചേവായൂരിലെ കെ.ആർ.യു റോഡിൽ കണ്ടെത്തിയ മധ്യശിലായുഗത്തിലെ കല്ലായുധങ്ങളും, എടക്കൽ ഗുഹയിൽ എഫ്. ഫോസറ്റ് കണ്ടെടുത്ത നവീനശിലായുഗത്തിലെ കൽമഴുവും, ഫിലിപ്പ് ലേക്ക് , പാലക്കാട് കന്ന്യക്കോട് മലയിൽ കണ്ടെത്തിയ നവീന ശിലായുഗത്തിലെ ഉളിയും, സ്വാതന്ത്ര്യാനന്തര കാലത്ത് പി.രാജേന്ദ്രൻ കേരളത്തിന്റെ പലഭാഗങ്ങളിലും കണ്ടെത്തിയ ശിലായുധ തെളിവുകളും ചരിത്രാതീതകാല കേരളത്തിലെ ജനവാസത്തിന്റെ ശേഷിപ്പുകളാണ്.

ശിലായുഗ തെളിവുകളും, മഹാശിലാസ്മാരക ഉത്ഖനനങ്ങളും ഏതാണ്ട് 500 സി ഇ വരെയുള്ള കേരളത്തിന്റെ പ്രാചീന ചരിത്രം പഠിക്കുന്നതിന് അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ചരിത്ര പാഠങ്ങളിൽ പൂർവ്വികാരാധനയുമായി ബന്ധപ്പെട്ട പ്രാചീന കേരളത്തിന്റെ വിശ്വാസക്രമത്തിനപ്പുറം ഇരുമ്പുയുഗം ചരിത്രാരംഭ ജനതയുടെ സാമൂഹ്യ ജീവിതത്തെ മനസ്സിലാക്കാൻ ഉപയോഗിച്ചിരുന്നില്ല. ഇവ കാർഷികവൃത്തിയും, കന്നുകാലി മേയ്ക്കലും, വേട്ടയാടലും, മൺപാത്ര നിർമ്മാണവും, ഇരുമ്പായുധ നിർമ്മാണവും കരകൗശലവസ്തു നിർമ്മാണവും, കൈമാറ്റ കച്ചവടവുമൊക്കെ നടന്നിരുന്ന ഒരു സാമൂഹ്യ ക്രമത്തിലേക്ക് മഹാശിലാസ്മാരകങ്ങൾ സൂചന നല്കുന്നുണ്ടെങ്കിലും ആ രീതിയിലുള്ള ചരിത്ര പഠനങ്ങൾ നാമമാത്രമായേ കേരളത്തിൽ നടന്നിട്ടുള്ളൂ. ചേരമാൻ പറമ്പിൽ അനുജൻ അച്ചനും, മതിലകത്ത് കെ.വി.രമേഷും നടത്തിയ ഉത്ഖനനങ്ങൾ പ്രാചീന കേരളചരിത്രപഠനത്തിന് കനപ്പെട്ട ഒന്നും പ്രദാനം ചെയ്തിരുന്നില്ല. ഈ സാഹചര്യങ്ങൾ കേരളചരിത്ര പഠനമേഖലയിൽ നിലനില്ക്കുന്ന കാലത്താണ് 2004-ൽ പട്ടണത്ത് മുസിരിസ് എന്ന പ്രാചീന കച്ചവട നഗരവുമായി ബന്ധപ്പെട്ട അധിവാസസമൂഹത്തെ കണ്ടെത്താനുള്ള ഉത്ഖനനങ്ങൾ ആരംഭിക്കുന്നത്.

ഇരുമ്പുയുഗ ചരിത്രാരംഭ കാലത്തെ അധിവാസ സ്ഥാനങ്ങളെ മനസ്സിലാക്കുന്നതിനുള്ള പുരാവസ്തു തെളിവുകൾ (ഹാബിറ്റേഷൻ സൈറ്റ് എന്നാണ്- പുരാവസ്തു ഭാഷ) ആദ്യമായി ലഭിച്ചത് 2004-ൽ പട്ടണത്തുനിന്നാണ്. അതിനു മുൻപ് കണ്ടെത്തിയതും ശവസംസ്കാരവുമായി ബന്ധപ്പെട്ട മഹാശിലാസ്മാരകങ്ങളായിരുന്നു. ഇരുമ്പുയുഗം തൊട്ട് പൂർവ്വാധുനിക കാലം വരെയുള്ള (ഏതാണ്ട് 17- –ാംനൂറ്റാണ്ട്) ചരിത്രഘട്ടങ്ങളിൽ പട്ടണത്ത്, പ്രത്യേകിച്ചും കേരളത്തിന്റെ പശ്ചിമ തീരത്ത്, പൊതുവായും ഉണ്ടായിരുന്ന കച്ചവട കൈമാറ്റ പ്രക്രിയയുമായി ബന്ധപ്പെട്ട ജനസമൂഹത്തിന്റെ ഇന്നലെകളിലേക്കാണ് പട്ടണം ഉത്ഖനനം വെളിച്ചം വിതറിയത്. പട്ടണത്ത് പുരാവസ്തുക്കൾ ഏറെയും ലഭ്യമായ മണ്ണടരുകൾ (ആർക്കിയോളജിക്കൽ ലയർ), ചരിത്രാരംഭമെന്ന് ചരിത്രകാരർ വിശേഷിപ്പിക്കുന്ന ബി.സി.ഇ ഒന്നാം നൂറ്റാണ്ടിനും, സി.ഇ. നാലാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്തേതാണ്. ഈ കാലത്തെക്കുറിക്കുന്ന പുരാവസ്തു തെളിവുകൾ ഉത്ഖനനത്തിലൂടെ കണ്ടെത്തുന്ന കേരളത്തിലെ ആദ്യത്തെ പുരാവസ്തു ഇടമാണ് പട്ടണം.

സമഗ്രവും വിപുലവുമായ രീതിയിൽ കേരളത്തിൽ നടന്ന ആദ്യത്തെ പുരാവസ്തു ഉത്ഖനനമാണ് പട്ടണത്തിലേത്. ചിട്ടയായുള്ളതും ശാസ്ത്രീയവും നൂതനവുമായ ഉത്ഖനന രീതിശാസ്ത്രത്ത അവലംബിച്ചാണ് പട്ടണത്ത് കുഴികളെടുത്ത് പുരാവസ്തുക്കളെ വീണ്ടെടുത്തത്. രണ്ടു മുതൽ നാല് മാസംവരെ പട്ടണത്ത് ക്യാമ്പ് ചെയ്താണ് കെസിഎച്ച്ആർ ഉത്ഖനന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങളുമായും സർവ്വകലാശാലകളുമായും സഹകരിച്ചാണ് പഠനാവശ്യത്തിനായുള്ള അക്കാദമിക നൈപുണികൾ ഉറപ്പാക്കിയത്. ഉദാഹരണത്തിന്, പട്ടണത്ത് 2007-ൽ കണ്ടെത്തിയ ഒറ്റത്തടി വള്ളത്തിന്റെ ശേഷിപ്പുകളുടെ കാലം ഒന്നാം നൂറ്റാണ്ട് ബി.സി.ഇ ക്കും രണ്ടാം നൂറ്റാണ്ട് സി.ഇ. ക്കും ഇടയിലാണെന്ന് കൃത്യതപ്പെടുത്തിയത് ഹൈദരാബാദിലേയും, ജോർജിയ സർവകലാശാലയിലേയും ശാസ്ത്ര സ്ഥാപനങ്ങളിൽ നടത്തിയ കാർബൺ ഡേറ്റിങ് ടെസ്റ്റുകളിലൂടെയായിരുന്നു.

പ്രദേശവാസികളുടെ തൊഴിൽ പങ്കാളിത്തം പട്ടണം പുരാവസ്തു ഉത്ഖനനത്തിൽ ശ്രദ്ധേയമായിരുന്നു. പുരാവസ്തു കുഴികളിൽ ജോലി ചെയ്തിരുന്ന എല്ലാവർക്കും പട്ടണത്തിന്റെ പുരാവസ്തു പ്രാധാന്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ഉത്ഖനനപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപുതന്നെ അവർക്ക് ലളിതവും ആധികാരികവുമായ പുരാവസ്തു ഉത്ഖനന രീതിശാസ്ത്രത്തെ ക്കുറിച്ചുള്ള അറിവുകൾ നല്കിയിരുന്നു. കേശവൻ, രവി, ഗോപി, സരള, ലത തുടങ്ങിയവർ പുരാവസ്തു ഉത്ഖനനത്തിൽ അതീവ ജാഗ്രതയും നൈപുണിയും കാണിച്ചിരുന്ന മികച്ച തൊഴിലാളികളായിരുന്നു. പട്ടണം ജനതയുടെ ചരിത്രാവബോധമാണ് ഇന്ന് അവിടം ഒരു പുരാവസ്തു ഗവേഷണ സ്ഥാപനമെന്ന നിലയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ഉത്ഖനനം നടന്ന സ്ഥലത്ത് ഒരു സൈറ്റ് മ്യൂസിയം ഇന്ന് വളർന്നുവരുന്നുണ്ട്.

പട്ടണം തെളിവുകളുടെ 
പുരാവസ്തു – ചരിത്ര പ്രസക്തി
പട്ടണം ഉത്ഖനനത്തിനുമുൻപുള്ള കേരള ചരിത്ര പഠനങ്ങൾ എങ്ങനെയുള്ളതായിരുന്നെന്ന് മനസ്സിലാക്കിയാൽ മാത്രമേ പട്ടണം പുരാവസ്തു തെളിവുകളുടെ പ്രസക്തി തിരിച്ചറിയാൻ കഴിയുകയുള്ളൂ. 1960-കൾക്കു ശേഷമാണ് പ്രാചീന കേരളത്തിന്റെ ചരിത്രം മനസ്സിലാക്കുന്നതിന്- പുരാവസ്തുക്കളെ, വിശേഷിച്ച് മഹാശിലാസ്മാരകങ്ങളേയും ഏതാനും റോമൻ നാണയങ്ങളേയും, ചരിത്രകാരർ ആശ്രയിക്കുന്നത്. അതിനു മുൻപുള്ള ചരിത്രകൃതികളിലെല്ലാം 12-–ാം നൂറ്റാണ്ട് വരെയുള്ള കേരളത്തിന്റെ പ്രാചീന ചരിത്രം വിവരിക്കാൻ കേരളോല്പത്തിക്കഥകളെയാണ് അവലംബിച്ചിരുന്നത്. എന്നാൽ കൊളോണിയൽ കാലം മുതല്ക്കുതന്നെ ചരിത്രാതീതകാലത്തെ തെളിവുകൾ ഇവിടെനിന്ന് കണ്ടെത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ അവയെ പ്രാചീന ചരിത്ര സമൂഹരൂപീകരണത്തെ മനസ്സിലാക്കുന്നതിനായി ഉപയോഗിച്ചിരുന്നില്ല. സംഘസാഹിത്യ കൃതികളെ അവലംബിച്ച് പ്രാചീന കേരള ചരിത്രം എഴുതിയ ഇളംകുളം പി.എൻ കുഞ്ഞൻപിള്ള മഹാശിലാസ്മാരകങ്ങളെ ഉപയോഗിച്ചിരുന്നില്ല. മഹാശിലാസ്മാരകങ്ങളെ അവലംബിച്ച് ചരിത്രാതീത കേരളത്തെ പഠിക്കാൻ ശ്രമിച്ച എൽ.എ. കൃഷ്ണയ്യർ സംഘ സാഹിത്യ കൃതികളെയും ഉപയോഗിച്ചില്ല. കേരളചരിത്രത്തിനായി ഒരു ആധികാരിക ടെക്-സ്റ്റ് ബുക്ക് എഴുതിയ എ ശ്രീധരമേനോൻ ചരിത്രാതീത കാലത്തെ പറയാൻ, ശിലായുഗ, മഹാശിലാകാല സ്മാരകങ്ങളെ അവലംബിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ തുടർച്ച, സംഘകാലം എന്ന് വിശേഷിപ്പിക്കപ്പെട്ട ആദിമ തമിഴ് സാഹിത്യ കൃതികളിലെ വിവരങ്ങളുമായി ഒത്തുനോക്കാൻ മുതിർന്നിട്ടുമില്ല. സംഘസാഹിത്യ കൃതികളേയും മഹാശിലാസ്മാരകങ്ങളേയും ഉപോല്ബലകമായ തെളിവുകളായി ഉപയോഗിച്ച് മാർക്സിയൻ സിദ്ധാന്തമായ ചരിത്രപരമായ ഭൗതികവാദത്തെ (ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം) അവലംബിച്ച് കേരളചരിത്രം എഴുതാൻ ശ്രമിച്ച ആദ്യത്തെ പഠനം കെ.ദാമോദരന്റേതാണ്. എന്നാൽ കെ.ദാമോദരൻ തുടങ്ങിവെച്ച ചരിത്ര പഠന മോഡൽ 1990-കൾ വരെ ആരാലും പിന്തുടരപ്പെട്ടില്ല.എ.ശ്രീധരമേനോന്റെ കേരളചരിത്രം മിക്ക സർവ്വകലാശാലാ കലാലയങ്ങളിലും ആധികാരിക ചരിത്ര ഗ്രന്ഥമായി പഠിപ്പിക്കപ്പെട്ടു. 1990-കളിൽ കെ.എൻ ഗണേശ് എഴുതിയ കേരളത്തിന്റെ ഇന്നലെകളും, രാഘവ വാര്യർ – രാജൻ ഗുരുക്കൾ കൂട്ടുകെട്ടിൽ എഴുതപ്പെട്ട കേരളചരിത്രം ഒന്നാം വാല്യവും മാർക്സിയൻ ചിന്താപദ്ധതിയനുസരിച്ച് കേരളചരിത്രത്തെ സമീപിച്ചു. 1999-–2000ൽ ഒരുസംഘം ചരിത്ര-പുരാവസ്തു പണ്ഡിതരുടെ അക്കാദമിക സംരംഭമെന്ന നിലയിൽ രാജൻ ഗുരുക്കളും രാഘവ വാര്യരും എഡിറ്റ് ചെയ്ത കൾച്ചറൽ ഹിസ്റ്ററി ഓഫ് കേരള എന്ന ഗ്രന്ഥത്തിലും കേരളത്തിന്റെ ചരിത്രാതീത, ഇരുമ്പുയുഗ, ചരിത്രാരംഭ കാലത്തിലെ പുരാവസ്തു, സാഹിത്യ, നാണയ, ലിഖിത തെളിവുകളെ ഉപയോഗിച്ച് കേരളത്തിന്റെ പ്രാചീന ചരിത്രം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രാചീനചരിത്രം പഠിക്കുന്നതിന് ഭൂമിശാസ്ത്രം, പുരാവസ്തു, എപിഗ്രാഫി അഥവാ ലിഖിത പഠനശാസ്ത്രം, ചരിത്രം തുടങ്ങി ബഹുവിഷയ പാണ്ഡിത്യം ആവശ്യമാണെന്ന തിരിച്ചറിവിന്റെ ഫലമാണ് വിലമതിക്കാനാവാത്ത ഈ ചരിത്ര പുസ്തകം. ഈ പഠനങ്ങളിലെല്ലാം മുഴച്ചുനില്ക്കുന്ന ഒരു പ്രശ്നം കേരളത്തെ രൂപപ്പെടുത്തിയ 5-–ാം നൂറ്റാണ്ടുവരെയുള്ള പ്രാചീന കാലത്തെ അധിവാസ മാതൃകകളെ സാക്ഷ്യപ്പെടുത്തുന്ന പുരാവസ്തു തെളിവുകൾ തമിഴ്നാട്-, കർണ്ണാടക പ്രദേശങ്ങളിലെന്നപോലെ ഇവിടെ നിന്ന് ലഭിച്ചില്ല എന്നതാണ്. അതുകൊണ്ടുതന്നെ സംഘ സാഹിത്യ കൃതികളും, ഗ്രീക്ക്, റോമൻ സാഹിത്യ കൃതികളും, വള്ളുവള്ളി, എയ്യാൽ, കോട്ടയം പൊയിൽ, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച ഏതാനും റോമൻ നാണയങ്ങളും, എടയ്-ക്കൽ ഗുഹയിലും നെടുങ്കയത്തും കണ്ടെത്തിയ ഏതാനും തമിഴ് ബ്രാഹ്മി ലിഖിതങ്ങളും മാത്രമാണ് കേരള ചരിത്ര പഠനത്തിനായി ഉപയോഗിക്കപ്പെട്ടത്. അതിൽ ത്തന്നെ മഹാശിലാസ്മാരകങ്ങളെ, മരണാനന്തര ജീവിതത്തിലും പൂർവ്വികാരാധനയിലും വിശ്വാസമുണ്ടായിരുന്ന ഇരുമ്പുയുഗ കാലത്തെ ജനതയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട സ്മാരകമായല്ലാതെ കേരളത്തിന്റെ പ്രാചീനകാല സാമൂഹ്യ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന പുരാവസ്തു തെളിവുകളായി പരിഗണിച്ചിട്ടുമില്ല. ഈ കുറവുകളെ ഒരു പരിധിവരെ നികത്താനുതകുന്ന പുരാവസ്തു തെളിവുകളാണ് പട്ടണത്തെ ഏതാണ്ട് അറുപതിൽ കൂടുതൽ ഉത്ഖനന കുഴികളിൽ നിന്ന് കണ്ടെടുത്തത്.

ഒരു തീരദേശ കച്ചവട അധിവാസ കേന്ദ്രത്തെ അടയാളപ്പെടുത്തുന്ന പുരാവസ്തു തെളിവുകളാണ് പട്ടണത്ത് കണ്ടെത്തിയത്. കേരളത്തിന്റെ പശ്ചിമതീരത്ത് വടക്കുനിന്ന് തെക്കോട്ട് നൗറ, തിണ്ടിസ്, മുസിരിസ്, ബക്കാം, നെല്ക്കിണ്ട്, ബീറ്റ് എന്നീ തുറമുഖ നഗരങ്ങൾ നിലനിന്നിരുന്നതായി പെരിപ്ലസ് ഓഫ് എറിത്രിയൻ സീ എന്ന പേരിലുള്ള സി.ഇ. ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന അജ്ഞാതനായ ഒരു ഗ്രീക്കോ-റോമൻ നാവികന്റെ യാത്രാവിവരണത്തിൽ കാണാം. ചേരാതരുടെ അഥവാ ചേരപുത്രരുടെ നാട്ടിലെ (കേരളത്തിലെ) ഈ തുറമുഖ നഗരങ്ങളിൽ നിന്ന് മദ്ധ്യധരണ്യാഴി പ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്ന സുഗന്ധവ്യഞ്ജനങ്ങളും മുത്തും പവിഴങ്ങളും മറ്റും അവിടെനിന്ന് ഇങ്ങോട്ട് കൊണ്ടുവന്ന സ്വർണ്ണം, വെള്ളി നാണയങ്ങളും മറ്റ് ഉല്പന്നങ്ങളും പെരിപ്ലസ്, ടോളമിയുടേയും, പ്ലീനിയുടേയും വിവരണങ്ങൾ എന്നിവയിൽ ലഭ്യമാണ്. സംഘ സാഹിത്യ കൃതികളിലും പൊന്നുമായി വന്ന് കുരുമുളക് ഉൾപ്പെടെയുള്ള ഉല്പന്നങ്ങൾ സമ്പൽസമൃദ്ധമായ മുചിരി പട്ടണത്തുനിന്ന് യവനർ കൊണ്ടുപോയതായും പറയുന്നു.
‘‘…………… ചുള്ളിയമ് പെരിയാറു വെണ്ണരയ കലങ്ക
യവനർ തന്ത വിനമാണൻ കലമ്
പൊന്നാടു വന്നു കറിയൊടു പെയരുമ്
വളങ്-കെഴു മുചിറി……’ (അകനാനൂറ്, പാട്ട് 49)
(ചേരരാജാക്കന്മാർക്ക് ചേർന്നതായ ചുള്ളി എന്ന അഴകാർന്ന മഹാനദിയിലെ വെളുത്ത നുരകൾ കലങ്ങിപ്പോകുമാറ് യവനർ എന്ന പാശ്ചാത്യരാജ്യങ്ങളിലെ വണിക്കുകൾ കൊണ്ടുവന്ന ശില്പവൈദഗ്ദ്ധ്യത്താൽ പെരുമയേറിയ ചന്തമുള്ള കപ്പലുകൾ പൊന്നു കൊണ്ടുവന്ന്- തിരിച്ച് കുരുമുളകുമായി പോകുന്നതിന് കാരണമായ സമ്പൽസമൃദ്ധമായ മുചിറി അഥവാ മുസിരിസ്….)

അകനാനൂറിലെ 149-–ാമത്തെ പാട്ട് മുസിരിസിന്റെ സ്ഥാനത്തെക്കുറിച്ച് കൃത്യമായ സൂചന നല്കുന്നു. ചുള്ളിയാർ അഥവാ പെരിയാറിന്റെ തീരത്തുള്ള സമ്പൽസമൃദ്ധമായ പട്ടണം, അവിടേക്ക് യവനർ പൊന്നുമായി വരുന്നു, കുരുമുളകുമായി തിരിച്ചു പോകുന്നു. പെരിയാറിന്റെ നദീതടത്തിൽ ഡോ. കെ.പി.ഷാജൻ തുടങ്ങിയ പ്രാഥമികാന്വേഷണം മുതൽ ഇന്ത്യൻ പുരാവസ്തുവകുപ്പിന്റെ ഔദ്യോഗിക സമ്മതപ്രകാരം പട്ടണത്ത് 2004, 2007-–2015, 2020-–2021 കാലയളവിൽ നടത്തിയ നിരവധി ഉത്ഖനനങ്ങളിൽ കണ്ടെത്തിയ പുരാവസ്തുക്കൾവരെ അകനാനൂറിൽ പരാമർശിക്കുന്ന സമ്പൽസമൃദ്ധമായ മുസിരിസിന്റെ ഇന്നലകളിലേക്ക് വെളിച്ചം വീശുന്നു.

പെരിപ്ലസ് ഓഫ് എറിത്രിയൻ സീ നൽകുന്ന വിവരങ്ങളനുസരിച്ച് കടൽതീരത്തുനിന്ന് 20 സ്റ്റേഡിയ (ഏകദേശം 4, 412 കിലോമീറ്റർ) അകലെയുള്ള ഉൾപ്രദേശത്താണ് മുസിരിസ് നിലനിന്നിരുന്നത്. പെരിയാറിന്റെ തീരത്ത് അതിന്റെ തന്നെ കൈവഴിയായ പറവൂർ തോടിനോടടുത്തു കിടക്കുന്ന പട്ടണം പ്രദേശത്തെത്തന്നെയാണോ പെരിപ്ലസ് സൂചിപ്പിച്ചത്? ഉൽഖനനം നടന്ന പട്ടണം ഇന്നത്തെ തീരപ്രദേശത്തുനിന്ന് അധികം ദൂരത്തല്ലാതെയുള്ള പ്രദേശമാണ്. ഉൽഖനനത്തിൽ കണ്ടെത്തിയ വഞ്ചിയും കടവും ഒന്നാം നൂറ്റാണ്ട് സി. ഇ -യിലേതാണെന്ന് കാർബൺ ഡേറ്റിങ് കാലനിർണ്ണയത്തിൽ തെളിഞ്ഞിട്ടുണ്ട്. നദീമുഖത്തുനിന്ന് മുസിരിസിലേക്ക് റോമൻ കച്ചവടക്കാർ വന്നിരുന്ന ജലപാത ഇതുതന്നെയായിരുന്നോ?

അകനാനൂറ് പാട്ടിലെ (149) വിവരമനുസരിച്ച് പെരിയാറിന്റെ തീരത്ത് നിലനിന്നിരുന്ന സമ്പൽസമൃദ്ധമായ തുറമുഖ നഗരമായിരുന്നു മുചിറി. പുറനാനൂറ് പാട്ടിലെ (343) വിവരമനുസരിച്ച് ജലാശയത്തോട് ചേർന്നുള്ള കടലോര പ്രദേശമാണ് മുചിറി അഥവാ മുസിരിസ്. കഴിഞ്ഞാണി (ചെറിയ തോണി) ഉപയോഗിച്ച് മീൻപിടുത്തം ഉപജീവനമാക്കിയ ജനത മീൻ വിറ്റ് നെല്ല് വാങ്ങുന്നു, അവരുടെ മനകളിൽ (വീടുകളിൽ) കുരുമുളക് ചാക്കുകൾ കൂമ്പാരമായി ഇട്ടിരിക്കുന്നു. കപ്പലുകളിൽ കൊണ്ടുവന്ന വിഭവങ്ങൾ കഴിത്തോണിയിൽ കരയിലെത്തിക്കുന്നു. മലയിൽ നിന്നും കരയിൽനിന്നും സമാഹരിച്ച വിഭവങ്ങൾ അതിഥികൾക്ക് കൊടുക്കുന്നു. അവ കഴിഞ്ഞാണിയിലൂടെ കപ്പലിലേക്ക് കൊണ്ടുപോകുന്നു. കപ്പലിൽ നിന്ന് സ്വർണ്ണവും മറ്റും കരയിലേക്ക് കൊണ്ടുവരുന്നു. ഇങ്ങനെയുള്ള കുട്ടുവൻ (ആദി ചേരൻ) സമ്പന്നമായ മുചിറി അഥവ മുസിരിസ് പട്ടണത്തെയാണ് പാട്ടിൽ പ്രകീർത്തിക്കുന്നത്. ഈ പാട്ടിന്റെ ദൃശ്യാവിഷ്കാരമെന്ന് തോന്നിപ്പോകുന്ന പുരാവസ്തുക്കളാണ് 2007–08 കാലത്ത് പട്ടണത്തെ പുരാവസ്തുക്കുഴികളിൽ നിന്ന് ഗവേഷകർ പുറത്തെടുത്തത്. ചുടുകട്ടയിൽ പണിത ഒരു പാണ്ടികശാലയുടെ ഭാഗമെന്ന് കരുതാവുന്ന വിശാലമായ തറയുടെ അവശിഷ്ടം, അതിനോടുചേർന്ന് ശുദ്ധജല സംഭരണിയായി ഒരു മണിക്കിണർ, തൊട്ടടുത്ത് ചുടുകട്ടയിൽ പ്രത്യേകമായി പണിത കടവ്, ആറു മീറ്ററോളം നീളമുള്ള ആഞ്ഞിലി മരത്തിൽ പണിത ഒറ്റത്തടി തോണിയുടെ അടി ഭാഗം, തോണി കെട്ടാനുപയോഗിച്ച തേക്ക് കുറ്റികൾ, ഈ തെളിവുകളെല്ലാം 2007-ൽ പുറത്തെടുത്തു. 2008-ൽ, ഒരു കച്ചവട സ്ഥാനത്തെ പോക്കുവരവുകളുടെ ദൃശ്യങ്ങളെ ബലപ്പെടുത്തുമാറ് ആളുകൾ തിങ്ങിപ്പാർത്തിരുന്നതിന്റെ തെളിവുകളായി മുറിയുടെ ഘടനയും തറയുടെ ഭാഗങ്ങളും, ശൗചാലയങ്ങളുടെ തെളിവുകളും 2007-–08ൽ കണ്ടെത്തിയവയോട് ചേർന്ന് ലഭിച്ചു. ആദി ചേരരുടെ നാണയങ്ങൾ പട്ടണത്തെ മിക്ക കുഴികളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ചേരരുടെ രാഷ്ട്രീയാധികാരം മുസിരിസിനുമേൽ ഉണ്ടായിരുന്നു എന്നല്ലേ നാണയങ്ങൾ സൂചിപ്പിക്കുന്നത്. കൈമാറ്റത്തിനുള്ള വിനിമയ മാധ്യമം എന്നതിനേക്കാൾ പ്രാദേശിക ഭരണാധികാരികളുടെ രാഷ്ട്രീയാധികാരം ഒരു കച്ചവട കേന്ദ്രത്തിനുമേൽ ഉറപ്പിക്കുന്ന ചിഹ്നമായും നാണയങ്ങളെ കാണാവുന്നതാണ്. ബി.സി.ഇ ഒന്നാം നൂറ്റാണ്ടിലെ മാട്ടുപ്പെട്ടി തമിഴ് ബ്രാഹ്മി ലിഖിതത്തിൽ പരാമർശിച്ച മുചിറിയിലെ ഇളമകനെ (“നാകപേരൂര മുചിറി കോതൻ എളമകൻ) പോലെ എത്രയോ കച്ചവടക്കാർ തമിഴകത്ത് കരമാർഗ്ഗം കച്ചവടത്തിൽ ഏർപ്പെട്ടിരുന്നിരിക്കണം. ജൈനസന്ന്യാസിമാർക്ക് ദാനം നല്കിയ ഒരു കച്ചവടക്കാരനാണ് മുചിറിയിലെ ഇളമകൻ. കേരളത്തിൽ ലഭ്യമല്ലാത്ത വർണ്ണക്കല്ലുകൾ ഉത്തരേന്ത്യയുടെ ഭാഗങ്ങളിൽനിന്നും ഇവിടേക്ക് എത്തിച്ചത് ഇക്കൂട്ടരാകും. ഇന്ത്യൻ റൂലറ്റഡ് മൺപാത്രക്കഷ്ണങ്ങളും ദൂരദേശകച്ചവടം നടത്തിയ വണിക്കുകളുടെ പോക്കുവരവുകളെ സാക്ഷ്യപ്പെടുത്തുന്നു. മുസിരിസിലെ കച്ചവടക്കാരനും അലക്സാണ്ട്രിയയിലെ ഒരു കച്ചവട ഏജന്റും തമ്മിലുള്ള കച്ചവടക്കരാർ പരാമർശിക്കുന്ന സി.ഇ രണ്ടാം നൂറ്റാണ്ടിലെ മുസിരിസ് പാപ്പിറസ് പ്രമാണം കടൽ മാർഗ്ഗമുള്ള കച്ചവടത്തിൽ മുസിരിസിലെ കച്ചവടക്കാരുടെ ഇടപെടലുകളെ രേഖപ്പെടുത്തുന്നു. കച്ചവടത്തിൽ കൊണ്ടുപോയ സുഗന്ധവ്യഞ്ജനങ്ങളുടേയും കല്ല് മുത്തുകളുടേയും മറ്റ് തദ്ദേശീയോല്പന്നങ്ങളുടേയും അവശിഷ്ടങ്ങൾ പട്ടണത്തെ മണ്ണടരുകളിൽനിന്ന് പുരാവസ്തു ഗവേഷകർ പുറത്തെടുത്തു. കടൽ കടന്നും പശ്ചിമഘട്ടമലനിരകൾ കടന്നും സജീവമായി നടന്നിരുന്ന കൊടുക്കൽവാങ്ങലുകളുടെ കച്ചവടചരിത്രമാണ് ഇത്തരം തെളിവുകളിൽ പ്രതിഫലിക്കുന്നത്. റോമൻ കച്ചവടക്കാർ ഏകപക്ഷീയമായി നടത്തിയ കച്ചവടത്തിനു സാക്ഷ്യംവഹിച്ച കൈമാറ്റ കേന്ദ്രമോ, താല്ക്കാലിക ക്യാമ്പിങ് പ്രദേശമോ ആയിരുന്നില്ല പട്ടണം. മറിച്ച് ചിട്ടയായി ക്രമീകരിച്ചതും പ്രാദേശിക ഭരണാധികാരികളായ ചേരരുടെ നിയന്ത്രണമുണ്ടായിരുന്നതുമായ സമ്പൽസമൃദ്ധമായ ഒരു ഇന്ത്യൻ മഹാസമുദ്ര കച്ചവടകേന്ദ്രമായിരുന്നു അത്. ഒരുപക്ഷേ അശോകന്റെ ലിഖിതത്തിൽ പരാമർശിക്കപ്പെടാൻ തക്കവണ്ണവും, പതിറ്റുപ്പത്ത് എന്ന സമ്പൂർണ്ണ പ്രശസ്തികാവ്യത്തിലെ നൂറുപാട്ടുകളിലൂടെ (ആദ്യത്തെ പത്തും, അവസാനത്തെ പത്തും ലഭിച്ചിട്ടില്ല) പ്രകീർത്തിക്കപ്പെടാൻ അർഹതയുമുള്ള ഭരണാധികാരികളായി ചേരരെ രൂപപ്പെടുത്തിയത‍് തദ്ദേശീയ – വൈദേശീയ കച്ചവടം സജീവമായി നടന്നിരുന്ന സമ്പന്നമായ മുചിറിയും അതേപോലുള്ള മറ്റ് തുറമുഖ നഗരങ്ങളുംവഴി സമാഹരിച്ച സമ്പത്താകണം.

കൈമാറ്റ – കച്ചവട ബന്ധങ്ങളുടെ ചരിത്രത്തോടൊപ്പം കേരളത്തിന്റെ പശ്ചിമ തീരത്തെ കച്ചവട കേന്ദ്രങ്ങളിലേക്ക് വിഭവങ്ങൾ ഒഴുക്കിയ ഇടനാട്ടിലേയും മലനാട്ടിലേയും സാമൂഹ്യ സാഹചര്യങ്ങളിലേക്ക് നടന്നടുക്കാനുള്ള തദ്ദേശീയമായ അധിവാസ കൂട്ടായ്-മകളുടെ അസംഖ്യം തെളിവുകളും പട്ടണത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഇരുമ്പിന്റെ സാങ്കേതിക അറിവിന്റെ നിറവിൽ ചേരപുത്രരുടെ നാട്ടിൽ നിർമ്മിക്കപ്പെട്ട കത്തികളും മോതിരക്കല്ലുകളും മുദ്രകളുമൊക്കെ കുരുമുളകിനും മറ്റ് സുഗന്ധവ്യഞ്ജനങ്ങൾക്കുമൊപ്പം കടൽ കടന്നുപോയിരുന്നെന്ന് പട്ടണത്തെ തെളിവുകൾ സൂചിപ്പിക്കുന്നു. കാർണീലിയൻ, ചാൽ സിഡണി, അമത്തീസ്റ്റ്, അഗേറ്റ്, ബറിൽ തുടങ്ങി ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് പ്രദേശങ്ങളിൽ ലഭ്യമായിരുന്ന വർണ്ണക്കൽ മുത്തുകളിൽ വൈവിധ്യമാർന്ന ആഭരണങ്ങൾ പണിത പട്ടണത്തെ കരകൗശല വൈദഗ്ദ്ധ്യത്തെ അവിടങ്ങളിലെ പുരാവസ്തു കുഴികളിൽ നിന്ന് വീണ്ടെടുത്ത കൽച്ചീളുകൾ കാണിക്കുന്നു. തുണി നെയ്തിരുന്നതിന്റെ തെളിവായി നെയ്ത്തുപകരണങ്ങളുടെ ശേഷിപ്പുകളും (സ്പിൻഡിൽ സ്കൂൾ, സ്വർണ്ണ നൂൽ തുടങ്ങിയവ) പട്ടണത്ത് കണ്ടെത്തി. വിഭവങ്ങളുടെ ശേഖരണവും, ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും നടന്നിരുന്ന സ്ഥലമായി പട്ടണത്തെ കരുതാവുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിന്റെ പ്രാചീന ചരിത്രത്തിൽ ഒരു പുനരാലോചന ആവശ്യപ്പെടുന്ന പുരാവസ്തു തെളിവുകളാണ് പട്ടണത്ത് കണ്ടെത്തിയത്.

പട്ടണം തെളിക്കുന്ന വഴികൾ
സംഘസാഹിത്യ കൃതികളിലും, ഗ്രീക്ക്-റോമൻ ക്ലാസിക്കൽ സാഹിത്യ കൃതികളിലും പറയപ്പെടുന്ന നൗറ, തിണ്ടിസ്, നെൽക്കിണ്ട്, ബക്കാരെ തുടങ്ങിയ തുറമുഖ നഗരങ്ങളിലേക്ക് പുരാവസ്തു സർവ്വെകളും, ഉത്ഖനനങ്ങളും നടത്തേണ്ടുന്നതിന്റെ അടിയന്തിര പ്രാധാന്യത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട് പട്ടണം ഉത്ഖനനം. 2007-ൽ തുടങ്ങിയ കേരള സർവ്വകലാശാല ആർക്കിയോളജി വകുപ്പിന്റെ വിഴിഞ്ഞം ഉത്ഖനനത്തിൽ ബലീറ്റയിലേതെന്ന് കരുതപ്പെടുന്ന റോമൻ വീഞ്ഞുപ്പതതെളിവുകൾ നാമമാത്രമായി ലഭിക്കുകയുണ്ടായി. ഇവർ നിരണത്ത് നടത്തിയ ഉപരിതല സർവ്വെകളിലും നെൽക്കിണ്ടയിലേക്കുള്ള പുരാവസ്തു സാധ്യതകൾ ലഭിച്ചിരുന്നു. മുസിരിസിനോളം പ്രാധാന്യം കല്പിച്ച നൗറ (കണ്ണൂരാണെന്ന് കരുതപ്പെടുന്നു), തിണ്ടിസ് (കടലുണ്ടിയെന്നും പൊന്നാനിയെന്നും കരുതപ്പെടുന്നു), നെല്-ക്കിണ്ട (നിരണമെന്ന് ചിലർ), ബക്കാരെ (പുറക്കാടെന്ന് നിഗമനം) തുടങ്ങിയ പ്രാചീന കച്ചവട കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ കണ്ടെത്തുന്നതിനായി സജീവമായ പുരാവസ്തു അന്വേഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്. ആദിമ കേരളത്തിലെ മനുഷ്യരുടെ അധിവാസക്രമത്തേയും സാമൂഹ്യ-–സാമ്പത്തിക സാംസ്കാരിക രൂപീകരണ പ്രക്രിയയേയും മനസ്സിലാക്കുന്നതിനു കഴിയാതെപോയതിനുള്ള ഒരു പ്രധാന കാരണം പുരാവസ്തു തെളിവുകളുടെ അഭാവമാണ്, അഥവാ പുരാവസ്തുക്കളെ ചരിത്രകാരർ അപ്രകാരം രീതിശാസ്ത്രപരമായി സമീപിക്കാത്തതിനാലാണ്.

2004 മുതൽ ലഭ്യമായി തുടങ്ങിയ പട്ടണം തെളിവുകളെ ഉൾക്കൊള്ളുന്ന കേരളചരിത്രങ്ങൾ ഇനി എഴുതപ്പെടേണ്ടതുണ്ട്. പട്ടണം തെളിവുകളുടെ ഉൾക്കൊള്ളൽ കേരളചരിത്രപാഠങ്ങളിൽ നടന്നില്ലയെങ്കിൽ, പ്രാചീന മുസിരിസിലേക്കുള്ള അന്വേഷണം പട്ടണത്തെത്തിയപോലെ മറ്റ് തുറമുഖ നഗരങ്ങളുടെ പുരാവസ്തു ഉള്ളറകളെ തുറക്കാനുള്ള അക്കാദമിക ശ്രമങ്ങൾ നടന്നില്ലയെങ്കിൽ കേരള ചരിത്രം ഇന്നത്തെ അതേ രീതിയിൽതന്നെ തുടർന്നും ചർച്ചചെയ്യപ്പെടും. അതുകൊണ്ടെന്താണു കുഴപ്പം എന്നുകൂടി പറഞ്ഞാലേ പട്ടണത്തെ തെളിവുകളുടെ ചരിത്ര പ്രാധാന്യം ഒന്നുകൂടി വ്യക്തമാകൂ. ഒൻപതാം നൂറ്റാണ്ടിനു മുൻപുള്ള കേരളം ഗോത്രപാരമ്പര്യത്തിലുള്ള പ്രാകൃത സമൂഹമായിരുന്നെന്നും ഒൻപതാം നൂറ്റാണ്ടിനു ശേഷമുള്ള കാലത്താണ്- കേരളത്തിൽ കാർഷിക വ്യാപനവും സ്ഥാപിതമായ ഭരണക്രമങ്ങളും ഉണ്ടായിവന്നതെന്നുമാണ് മുഖ്യധാരാ ചരിത്ര ഗ്രന്ഥങ്ങൾ ആവർത്തിക്കുന്നത്. മഹാശിലാസ്-മാരകങ്ങളും, സാഹിത്യ ലക്ഷണങ്ങളും, പട്ടണം തെളിവുകളും അവലംബിച്ചാൽ തന്നെ അഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലങ്ങളിൽ കാർഷികവൃത്തിയും കന്നുകാലി വളർത്തലും മീൻപിടുത്തവും ഉപ്പു നിർമ്മാണവും,, കാർഷികേതരവും കാർഷികവുമായ ഉല്പാദന പ്രക്രിയകളെ പരിപോഷിപ്പിക്കുന്ന തരത്തിൽ ഇരുമ്പ് മൺപാത്ര നിർമ്മാണങ്ങളിലും, തുണി നെയ്ത്തിലും മുത്ത് നിർമ്മാണങ്ങളിലും മറ്റും സജീവമായി പങ്കെടുത്തിരുന്ന, തദ്ദേശീയവും വൈദേശീയവുമായ കൈമാറ്റ കച്ചവട ബന്ധങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന ഒരു സമൂഹം അധിവസിച്ചിരുന്ന പ്രദേശമായിരുന്നു കേരളമെന്ന് ബോധ്യമാകും. പട്ടണംപോലെ മറ്റു തുറമുഖ നഗരങ്ങളിലെ തെളിവുകൾ കൂടി കണ്ടെത്തപ്പെടുകയും പട്ടണത്തെ തെളിവുകൾ ഇനിയും ശാസ്ത്രീയമായി പഠിക്കപ്പെടുകയും ചെയ്താൽ ചേരാതരുടേതെന്ന് ഗ്രീക്ക്, റോമൻ സാഹിത്യ കൃതികളും കേരളപുത്രർ എന്ന് അശോക ലിഖിതവും പരാമർശിക്കുന്ന പ്രാചീന കേരളത്തിന്റെ ഇന്നലകളെ ആഴത്തിൽ മനസ്സിലാക്കാൻ ചരിത്രാന്വേഷികൾക്ക് വലിയ മുതൽക്കൂട്ടാകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − seven =

Most Popular