Wednesday, November 13, 2024

ad

Homeരാജ്യങ്ങളിലൂടെക്യൂബയ്‌ക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന്‌ യുഎൻ

ക്യൂബയ്‌ക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന്‌ യുഎൻ

ആര്യ ജിനദേവൻ

1960കൾ മുതലിങ്ങോട്ട്‌ ക്യൂബയ്‌ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട്‌ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രമേയാവതരണവും ചർച്ചയും നടന്നു. ഒക്ടോബർ 29, 30 തീയതികളിലായി നടന്ന ചർച്ചയുടെ ഒടുവിൽ അമേരിക്കയും ഇസ്രയേലുമൊഴികെ 187 രാജ്യങ്ങൾ ക്യൂബയ്‌ക്കെതിരായ ഉപരോധം നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ഈ പ്രമേയത്തെ അനുകൂലിച്ചുകൊണ്ട്‌ ഒപ്പുവച്ചു. കിഴക്കൻ യൂറോപ്യൻ രാജ്യമായ മൊൾഡോവ മാത്രമാണ്‌ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നത്‌. അതായത്‌ ഐക്യരാഷ്‌ട്രസഭയിലെ 187 രാജ്യങ്ങൾ ക്യൂബയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്നു എന്നർഥം. എന്നാൽ 1992 മുതൽ എല്ലാ കൊല്ലവും (2020 ഒഴികെ) ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ‘‘ക്യുബയ്‌ക്കെതിരായ അമേരിക്കയുടെ സാമ്പത്തികവും വാണിജ്യപരവും ധനപരവുമായ ഉപരോധം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യത’’ എന്ന തലക്കെട്ടിൽ ക്യൂബ പ്രമേയം അവതരിപ്പിക്കുകയും സഭയിൽ ചർച്ച നടത്തുകയും രാജ്യങ്ങളൊന്നടങ്കം പ്രമേയത്തിനനുകൂലമായി വോട്ടുചെയ്യുകയും അമേരിക്കയുടെ നടപടിക്കെതിരായ അന്താരാഷ്‌ട്ര സമൂഹത്തിന്റെ എതിർപ്പ്‌ രേഖപ്പെടുത്താറുള്ളതുമാണ്‌. പക്ഷേ ഇതുകൊണ്ടൊന്നും തങ്ങളുടെ നയത്തിൽനിന്നും പിന്മാറാൻ അമേരിക്ക തയ്യാറല്ല. ക്യൂബയ്‌ക്കെതിരായ ഉപരോധം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട്‌ 187 രാജ്യങ്ങൾ പ്രമേയത്തിൽ ഒപ്പുവയ്‌ക്കുന്ന 32‐ാമത്തെ വർഷമാണിത്‌. എന്നിരുന്നാലും തങ്ങൾ തുടർന്നുവരുന്ന ചൂഷണത്തിൽനിന്നോ, രാജ്യദ്രോഹത്തിൽനിന്നോ അണുവിട മാറിസഞ്ചരിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം തയ്യാറല്ല.

2024ലെ പ്രമേയത്തെ നിർണായകമാക്കുന്നത്‌ ക്യൂബയുടെ ഇന്നത്തെ അവസ്ഥയാണ്‌. നിലവിൽ ചരിത്രധാനമായ ഊർജ്ജ പ്രതിസന്ധി നേരിടുന്ന ക്യൂബയ്‌ക്ക്‌ 2024 ഒക്ടോബർ അവസാനപാദത്തിൽ ഉണ്ടായ ഓസ്‌കാർ കൊടുങ്കാറ്റ്‌ മറ്റൊരു ആഘാതമായി; ഉപരോധം പിൻവലിക്കാൻ തയ്യാറാകാതിരുന്ന ബൈഡൻ, ട്രംപിന്റെ കാലത്ത്‌ ക്യൂബയ്‌ക്കുമേൽ അധികമായി ഏർപ്പെടുത്തിയ 243 വിലക്കുകൾ പിൻവലിക്കുവാനോ, സ്‌റ്റേറ്റ്‌ സ്‌പോൺസേഴ്‌സ്‌ ഓഫ്‌ ടെററിസം ലിസ്റ്റിനിന്നും ആ രാജ്യത്തെ നീക്കംചെയ്യാനോ പോലും തയ്യാറായില്ല. ഈ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണിന്ന്‌ ക്യൂബ നേരിടുന്നത്‌. ഈ ഘട്ടത്തിൽ അടിയന്തരമായ മാനുഷിക സഹായം ലഭ്യമാക്കുന്നതിന്‌ അമേരിക്ക അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്യൂബ സോളിഡാരിറ്റി ആക്ടിവിസ്റ്റുകൾ ഫണ്ടുശേഖരണം നടത്തുന്നുണ്ട്‌. എങ്കിലും ഇതെല്ലാംതന്നെ പരിമിതമാണ്‌. ക്യൂബയ്‌ക്കാവശ്യം നിവർന്നുനിന്ന്‌ ശ്വാസംവിടാനും അന്താരാഷ്ട്ര വാണിജ്യ‐സാന്പത്തികരംഗത്ത്‌ സ്വതന്ത്രമായി നടക്കാനുമുള്ള സ്വാതന്ത്ര്യവും സാഹചര്യവുമാണ്‌. അതിന്‌ മനുഷ്യവിരുദ്ധമായ ഈ അമേരിക്കൻ ഉപരോധം നീക്കംചെയ്യപ്പെടണം.

എല്ലാക്കൊല്ലവും യുഎൻ പൊതുസഭയിലെ ഭൂരിപക്ഷം അംഗരാജ്യങ്ങളും ക്യൂബയ്‌ക്കെതിരായ ഉപരോധം അമേരിക്ക അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിനനുകൂലമായി ഒപ്പുവെയ്‌ക്കാറുണ്ട്‌; ക്യൂബയോടുള്ള അമേരിക്കയുടെ സാമ്രാജ്യത്വ‐അധീശത്വ നിലപാടിനെ അപലപിക്കാറുമുണ്ട്‌. ഈ വർഷം, കമ്യൂണിറ്റി ഓഫ്‌ ലാറ്റിനമേരിക്കൻ ആന്റ്‌ കരീബിയൻ സ്‌റ്റേറ്റ്‌സ്‌, അസോസിയേഷൻ ഓഫ്‌ സൗത്തീസ്റ്റ്‌ ഏഷ്യൻ നേഷൻസ്‌, ഓർഗനൈസേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോർപറേഷൻ (ഒഐസി), നോൺ അലൈൻമെന്റ്‌ മൂവ്‌മെന്റ്‌ (എൻഎഎം), കരീബിയൻ കമ്യൂണിറ്റി എന്നിവയടക്കമുള്ള പ്രാദേശിക പ്ലാറ്റ്‌ഫോമുകൾ ജനറൽ അസംബ്ലിയിൽ ക്യൂബയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.

അമേരിക്ക മുന്നോട്ടുവെയ്‌ക്കുകയും നിർദേശിക്കുകയും ചെയ്‌ത രാഷ്‌ട്രീയ‐സാന്പത്തിക മാതൃകയിൽനിന്നും വ്യതസ്‌തമായൊരു സംവിധാനം, അതായത്‌ സോഷ്യലിസ്റ്റ്‌ മാതൃക, സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്‌തതിന്‌ ക്യൂബയുടെ സന്പദ്‌ഘടനയ്‌ക്കുമേൽ കർശനമായ ഉപരോധമേർപ്പെടുത്തിക്കൊണ്ട്‌ അമേരിക്ക ക്യൂബൻ ജനതയെ ശിക്ഷിക്കുവാൻ തുടങ്ങിയിട്ട്‌ 62 വർഷത്തിലേറെയായി. ചില കണക്കുകൾപ്രകാരം ഈ ഉപരോധം ആ ദ്വീപരാജ്യത്ത്‌ പ്രതിവർഷം 5 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ്‌ വരുത്തുന്നത്‌.

1959ൽ ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ ക്യൂബൻ വിപ്ലവം സാർത്ഥകമാകുകയും ക്യൂബയിൽ സോഷ്യലിസ്റ്റ്‌ ഭരണകൂടം അധികാരത്തിൽ വരികയും ചെയ്‌തപ്പോൾ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ആദ്യം ഭക്ഷണത്തിനും മരുന്നിനുംമേൽ ഉപരോധം ഇല്ലായിരുന്നുവെങ്കിൽ 1962 മുതൽ ആ മേഖലയിലടക്കം ഉപരോധം ശക്തിപ്പെടുത്തി. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾകൊണ്ടും വാങ്ങൽശേഷികൊണ്ടും അമേരിക്കയായിരുന്നു ക്യൂബയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപങ്കാളി. 1959ൽ, 73 ശതമാനം ക്യൂബൻ കയറ്റുമതിയും അമേരിക്കയിലേക്കുള്ളതായിരുന്നു; അത്തരമൊരു സാഹചര്യത്തിലാണ്‌ അമേരിക്ക ഉപരോധമേർപ്പെടുത്തുന്നത്‌. ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്‌ ഗവൺമെന്റ്‌ തകർന്നു തരിപ്പണമാകുക എന്നതുതന്നെയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. പക്ഷേ ക്യൂബൻ ഗവൺമെന്റ് തോറ്റുകൊടുത്തില്ല; സോഷ്യലിസം മുട്ടുമടക്കിയില്ല. സാമ്രാജ്യത്വത്തിന്റെ സംഘടിതമായ കടന്നാക്രമണത്തെ ക്യൂബൻ ഗവൺമെന്റ്‌ തന്ത്രപരമായി, സോഷ്യലിസ്റ്റ്‌ സാന്പത്തിക രാഷ്‌ട്രീയ നയങ്ങളിലൂടെ പരാജയപ്പെടുത്തി.

ബരാക്ക്‌ ഒബാമയുടെ കാലത്തുമാത്രമാണ്‌ ഈ 62 വർഷത്തിനിടയ്‌ക്ക്‌ അമേരിക്കയുടെ ഉപരോധത്തിൽ നേരിയൊരു ആശ ്വാസമുണ്ടായത്‌. 2014‐16 കാലത്ത്‌ രണ്ടാം ഒബാമ ഗവൺമെന്റ്‌ ക്യൂബൻ ഭരണാധികാരികളുമായി കൂടിയാലോചനകൾക്ക്‌ തയ്യാറായി. അമേരിക്കയിൽനിന്ന്‌ ക്യൂബയിലേക്കും തിരിച്ചുമുള്ള യാത്രാവിലക്കുകൾ നീക്കംചെയ്യുകയും റെമിറ്റൻസുകൾ അയയ്‌ക്കുന്നതിലുണ്ടായിരുന്ന നിയന്ത്രണം പിൻവലിക്കുകയും ചെയ്‌തു; ഇരു രാജ്യങ്ങളും തമ്മിലുള്ള ധനപരമായ ഇടപാടുകൾക്കുമേലുണ്ടായിരുന്ന നിയന്ത്രണത്തിൽ അയവുവരുത്തി. 1928നുശേഷം ക്യൂബ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റായി ഒബാമ (2016ൽ) മാറി. ഉപരോധം നീക്കംചെയ്യപ്പെടുമെന്ന പ്രതീക്ഷ അന്താരാഷ്‌ട്ര സമൂഹത്തിനാകെയുണ്ടായി. എന്നാൽ പിന്നീട്‌ അധികാരത്തിൽ വന്ന ട്രംപ്‌, പകയോടും വെറുപ്പോടുംകൂടിയാണ്‌ ക്യൂബയെന്ന ദ്വീപരാജ്യത്തെ നോക്കിക്കണ്ടത്‌. 243 പുതിയ വിലക്കുകൾ (ഉപരോധങ്ങൾ) ഏർപ്പെടുത്തി. യാത്രാവിലക്കടക്കം വീണ്ടും കൊണ്ടുവന്നു. ക്യൂബയെ തീവ്രവാദത്തിന്റെ സ്‌റ്റേറ്റ്‌ സ്‌പോൺസർ പട്ടികയിൽ ഉൾപ്പെടുത്തി; ഇത്‌ ക്യൂബൻ സന്പദ്‌ഘടനയുടെ വികസനത്തിന്‌, മുന്നോട്ടുപോക്കിന്‌ വീണ്ടും തടയിട്ടു. ട്രംപിനുശേഷം അധികാരത്തിൽവന്ന ബൈഡൻ യാതൊരുവിധ ഇളവുകളും ഈ ഉപരോധത്തിൽ വരുത്താൻ തയ്യാറായില്ല. ട്രംപ്‌ നടപ്പാക്കിയ, പുതുതായി കൊണ്ടുവന്ന വിലക്കുകൾപോലും നീക്കംചെയ്യാനോ, തീവ്രവാദ രാജ്യങ്ങളുടെ പട്ടികയിൽനിന്ന്‌ ക്യൂബയുടെ പേര്‌ മാറ്റാനോ ഒന്നുംതന്നെ ബൈഡൻ തയ്യാറായില്ല. തിരഞ്ഞെടുപ്പുകാലത്ത്‌ വാഗ്‌ദാനങ്ങളൊക്കെ നൽകിയിരുന്നുവെങ്കിലും അധികാരത്തിലേറിയ ബൈഡൻ സാമ്രാജ്യത്വ താൽപര്യങ്ങളെ അങ്ങേയറ്റം പുണരുകയായിരുന്നു.

ഈ 62 വർഷത്തിനിടയ്‌ക്ക്‌ അമേരിക്കയിൽ മാറിമാറി അധികാരത്തിൽവന്ന റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഉപരോധം ശക്തിപ്പെടുത്തി ക്യൂബൻ ജനതയെ ദ്രോഹിക്കുന്നതിലും സോഷ്യലിസ്റ്റ്‌ വിപ്ലവത്തെ തകർക്കുന്നതിലും സദാ ശ്രദ്ധചെലുത്തിയിരുന്നു. വീണ്ടും ട്രംപ്‌ അധികാരത്തിലേറുമ്പോൾ ക്യൂബയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും നേരിടുന്ന ഭീഷണി വളരെ വലുതാണ്‌. ക്യൂബയ്‌ക്കുമേലുള്ള ഉപരോധം കൂടുതൽ ശക്തിപ്പെടുത്താനും കൂടുതൽ വിലക്കുകൾ ഏർപ്പെടുത്തുവാനുമായിരിക്കും ട്രംപ്‌ മുൻകൈയെടുക്കുക. അന്താരാഷ്‌ട്രസമൂഹത്തിന്റെ മനസ്സോ ഐക്യരാഷ്‌ട്രസഭയുടെ തീരുമാനങ്ങളോ ഒന്നുംതന്നെ മാനിക്കാൻ തയ്യാറാകാത്ത സയണിസ്റ്റ്‌ സമീപനമായിരിക്കും ട്രംപ്‌ കൈക്കൊള്ളുക. എന്തുതന്നെയായാലും അന്താരാഷ്‌ട്രസമൂഹം ‘ക്യൂബയുടെ പക്ഷത്താണ്‌ ശരി’യെന്ന്‌ ഉറച്ചുപറയുകയും ക്യൂബയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. അത്തരത്തിൽ വലിയൊരു മാറ്റം അന്താരാഷ്‌ട്രതലത്തിൽ ഉണ്ടായിട്ടുപോലും അമേരിക്കൻ സാമ്രാജ്യത്വവും മൂലധനവും എതിർചേരിയിൽതന്നെ, അതായത്‌ ജനവിരുദ്ധമായിതന്നെ നിലകൊള്ളുന്നു. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + seven =

Most Popular