Wednesday, November 13, 2024

ad

Homeരാജ്യങ്ങളിലൂടെഫാസിസത്തിനെതിരെ ബ്രിട്ടനിലെ തൊഴിലാളികൾ

ഫാസിസത്തിനെതിരെ ബ്രിട്ടനിലെ തൊഴിലാളികൾ

ടിനു ജോർജ്‌

ബ്രിട്ടനിലെ ഫാസിസ്റ്റുവിരുദ്ധ ഗ്രൂപ്പായ സ്റ്റാൻഡ്‌ അപ്പ്‌ ടു റേസിസവും (Stand Up to Racism) വിവിധ ട്രേഡ്‌ യൂണിയനുകളും ചേർന്ന്‌ ഒക്ടോബർ 26ന്‌ ഫാസിസ്റ്റുവിരുദ്ധ‐വംശീയവിരുദ്ധ മാർച്ച്‌ സംഘടിപ്പിച്ചു. പതിനായിരക്കണക്കിനാളുകൾ അണിനിരന്ന പ്രകടനം, ബ്രിട്ടനിൽ അടുത്തകാലത്തുണ്ടായ തീവ്ര വലതുപക്ഷ അണിനിരക്കലുകളോടുള്ള പ്രതികരണമായിരുന്നു. ഈ തീവ്രവലതുപക്ഷ മുന്നേറ്റത്തെ നയിക്കുന്നത്‌ ടൊമ്മി റോബിൻസൺ (സ്റ്റീഫൻ യാക്‌സ്‌ലി‐ ലെന്നൻ) അടക്കമുള്ളവരാണ്‌; കഴിഞ്ഞ ഏതാനും മാസങ്ങളായി ബ്രിട്ടനിൽ അരങ്ങേറുന്ന വംശീയകലാപങ്ങൾ ടൊമ്മി റോബിൻസണിന്റെ നേതൃത്വത്തിലുള്ള ഇസ്ലാംവിരുദ്ധ വംശീയ ഫാസിസ്റ്റ്‌ വിഭാഗങ്ങൾ ബോധപൂർവം സൃഷ്ടിച്ചിട്ടുള്ളതാണ്‌ എന്നുതന്നെ പറയേണ്ടിവരും.

ഒക്ടോബർ 26, ശനിയാഴ്‌ച നടന്ന മാർച്ചിൽ ഏതാണ്ട്‌ 20000ത്തോളം പേർ റോബിൻസണിന്റെ വംശീയവിദ്വേഷ പ്രവർത്തനങ്ങൾക്കെതിരായി തെരുവിൽ അണിനിരന്നു. അതേസമയം, മറുവശത്ത്‌, തീവ്രവലതുപക്ഷ വിഭാഗം സംഘടിപ്പിച്ച റാലിയിൽ 20000‐25000 അനുയായികൾ പങ്കെടുക്കുകയുണ്ടായി. ഫാസിസ്റ്റ്‌ ചേരിയിൽ ഇത്തരത്തിൽ അണിനിരക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനെ ജാഗ്രതയോടെയാണ്‌ സ്റ്റാൻഡ്‌ അപ്‌ ടു റേസിസവും ട്രേഡ്‌ യൂണിയനുകളും കാണുന്നത്‌.

ട്രേഡ്‌ യൂണിയൻ രംഗത്തെ വിവിധ വിഭാഗങ്ങളിലെ, അതായത്‌ വിവരവിനിമയം, ഫയർ ഫൈറ്റിങ്‌, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രതിനിധികൾ ഫാസിസ്റ്റുവിരുദ്ധ പ്രകടനത്തിൽ അണിനിരക്കുകയുണ്ടായി. ‘‘വംശീയതയ്‌ക്കും ഇസ്ലാമോഫോബിയയ്‌ക്കും ഇവിടെ ഇടമില്ല’’ എന്നാണ്‌ നാഷണൽ എഡ്യൂക്കേഷൻ യൂണിയന്റെ പ്രസിഡന്റ്‌ ഡാനിയേൽ കെബെദെ പറഞ്ഞത്‌. ഇസ്ലാം വിഭാഗത്തിനും കുടിയേറ്റ ജനതയ്‌ക്കുമെതിരായ വിദ്വേഷം ടൊമ്മി റോബിൻസണെപ്പോലുള്ളവർ രാജ്യത്താടെ പടർത്തുകയും കലാപങ്ങൾ അഴിച്ചുവിടുകയും ചെയ്യുമ്പോൾ അതിന്റെ മറവിലിരുന്ന്‌ ഭരണകൂടം ചെലവുചുരുക്കലും വ്യാപകമായ സ്വകാര്യവൽക്കരണവും നടപ്പിലാക്കി ജനങ്ങളെ ഒന്നുകൂടി ദുരിതത്തിലാഴ്‌ത്തുകയാണെന്ന്‌ ‘‘ജനങ്ങളുടെ എംപി’’ എന്നറിയപ്പെടുന്ന ജെർമി കോർബിൻ പറഞ്ഞു. തീവ്രവലതുപക്ഷ മുന്നേറ്റത്തെ, അതായത്‌ ഫാസിസത്തെയും വംശീയതയെയും ചെറുക്കാൻ ഇടതുപക്ഷ പുരോഗമന ആശയത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘പ്രതീക്ഷയുടെ രാഷ്‌ട്രീയമില്ലാതെ നമുക്ക്‌ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനാവില്ല’’, ‘‘നമുക്ക്‌ അഭയാർഥികളെ സംരക്ഷിക്കാം. നമുക്ക്‌ വംശീയതയ്‌ക്കെതിരായി അണിനിരക്കാം. മെച്ചപ്പെട്ടൊരു ലോകത്തിൽ നമുക്ക്‌ വിശ്വാസമർപ്പിക്കാം. അങ്ങനെയേ നമുക്ക്‌ തീവ്രവലതുപക്ഷത്തെ ഇപ്പോഴും എന്നന്നേക്കുമായും പരാജയപ്പെടുത്താനാവുകയുള്ളൂ’’‐ കോർബിൻ കൂട്ടിച്ചേർത്തു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular