Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെസിംബാബ്‌വെയ്‌ക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന്‌ ആഫ്രിക്കൻ ജനത

സിംബാബ്‌വെയ്‌ക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന്‌ ആഫ്രിക്കൻ ജനത

ഷിഫ്‌ന ശരത്ത്‌

സിബാംബ്‌വെയ്‌ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം തികച്ചും നിയമവിരുദ്ധമാണെന്നും സിംബാബ്‌വെയിലെ സാധാരണക്കാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണതെന്നും സതേൺ ആഫ്രിക്കൻ ഡെവലപ്‌മെന്റ്‌ കമ്യൂണിറ്റി (എസ്‌എഡിസി) അപലപിച്ചു. എസ്‌എസിസി എന്ന 16 അംഗ രാജ്യങ്ങളുള്ള ഈ ഇന്റർഗവൺമെന്റൽ സംഘടന, എല്ലാവർഷവും ഒക്ടോബർ 25ന്‌ ഉപരോധവിരുദ്ധദിനമായി ആചരിച്ചുവരികയാണ്‌. 2019 ആഗസ്‌തിൽ ചേർന്ന 39‐ാമത്‌ ഉച്ചകോടിയിലെടുത്ത തീരുമാനപ്രകാരമാണിത്‌.

സിംബാബ്‌വെയ്‌ക്കുമേൽ അമേരിക്ക ചുമത്തിയിട്ടുള്ള ഏകപക്ഷീയമായ ഉപരോധം ആ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണത്തിനുള്ള അവകാശത്തെവരെ നിഷേധിക്കുന്നു. ഭൂപരിഷ്‌കരണത്തിൽ തുടങ്ങി രാജ്യത്തെ എല്ലാ മുന്നേറ്റങ്ങൾക്കും തുരങ്കംവെയ്‌ക്കുകയും തൊഴിലില്ലായ്‌മയും വികസനമുരടിപ്പുമടക്കമുള്ള നിരവധി പ്രതിസന്ധികളിൽ സിംബാബ്‌വെയെ ആഴ്‌ത്തിയതും അമേരിക്കയുടെ ഈ ഉപരോധംമൂലമാണ്‌.

2000ലെ സമൂലമായ ഭൂപരിഷ്‌കരണത്തെത്തുടർന്നാണ്‌ അമേരിക്ക സിംബാബ്‌വെയിൽ ഉപരോധമേർപ്പെടുത്തുന്നത്‌. ആ ഭൂപരിഷ്‌കരണം നടപ്പാക്കുന്നതുവരെ, അതായത്‌ ബ്രിട്ടണിൽനിന്ന്‌ സിംബാബ്‌വെയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ച്‌ 20 വർഷം കഴിയുമ്പോഴും, ആ രാജ്യത്തെ കൃഷിഭൂമിയാകെ കയ്യടക്കിവെച്ചിരുന്നത്‌ എണ്ണത്തിൽ 5000ൽ താഴെ മാത്രംവരുന്ന വെള്ള വംശജരായ കൊളോണിയൽ കയ്യേറ്റക്കാർ ആയിരുന്നു. അവർ ഈ ഭൂമിയാകെ ബീഫിനുള്ള കാലികളെ മേയ്‌ക്കുവാനും നാണ്യവിളകൾ കൃഷിചെയ്യുവാനുമാണ്‌ ഉപയോഗിച്ചിരുന്നത്‌. വളരെ കുറച്ചു ഭൂമിയിൽ മാത്രമാണ്‌ ധാന്യവിളകൾ കൃഷി ചെയ്‌തിരുന്നത്‌. അങ്ങനെ കോർപറേറ്റുകൾക്ക്‌ കൊള്ളലാഭമുണ്ടാക്കുന്നതിന്‌ സിംബാബ്‌വെയിലെ ഭൂമിയാകെ ഉപയോഗിച്ചു. ഇത്‌ രാജ്യത്ത്‌ ഭക്ഷ്യക്ഷാമമടക്കം ഉണ്ടാക്കി. ഈ കൊളോണിയൽ കയ്യേറ്റക്കാർ അവിടത്തെ പാവപ്പെട്ട നാട്ടുകാരെ ചൂഷണം ചെയ്‌തു. ഒടുവിൽ 2000ൽ, സിംബാബ്‌വെയിലെ അന്നത്തെ പ്രസിഡന്റായിരുന്ന റോബർട്ട്‌ മുഗാബെയുടെ മേൽനോട്ടത്തിൽ ദേശീയ വിമോചനയുദ്ധത്തിലെ മുതിർന്ന നേതാക്കൾ നയിച്ച പ്രത്യക്ഷപ്രവർത്തനത്തിലൂടെ‐ ഒരുതരത്തിൽ പറഞ്ഞാൽ പ്രക്ഷോഭത്തിലൂടെ‐ ഈ ഭൂമിയാകെ പിടിച്ചെടുക്കുകയും പാവപ്പെട്ട ചെറുകിട കർഷകർക്ക്‌ പുനർവിതരണം ചെയ്യുകയും ചെയ്‌തു. ഏതാണ്ട്‌ ഒരു ദശലക്ഷത്തിലധികം കർഷകർക്കാണ്‌ അന്ന്‌ സ്വന്തമായി ഭൂമി ലഭിച്ചത്‌. എന്നാൽ ഈ നീക്കം അമേരിക്കൻ സാമ്രാജ്യത്വത്തെ ചൊടിപ്പിച്ചു. സിംബാബ്‌വെയ്‌ക്കുമേൽ അമേരിക്ക ഉപരോധമേർപ്പെടുത്തി. 2001ൽ സിംബാബ്‌വെ ഡെമോക്രസി ആന്റ്‌ ഇക്കണോമിക്‌ റിക്കവറി ആക്ട്‌ പാസാക്കിക്കൊണ്ട്‌ അമേരിക്ക, അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളിൽനിന്ന്‌ സിംബാബ്‌വെയ്‌ക്ക്‌ വായ്‌പ ലഭിക്കുന്നത്‌ വിലക്കി. 2018ലെ ഭേദഗതിയിലൂടെ ഈ നിയമം കാർക്കശ്യമുള്ളതാക്കി.

ഈ ഉപരോധം നീക്കംചെയ്യുന്നതിനുള്ള അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ള ആദ്യത്തെ നിബന്ധന എന്നു പറയുന്നത്‌, ‘‘നിയമവാഴ്‌ച പുനഃസ്ഥാപിക്കുക’’, അതായത്‌ ‘‘ഉടമസ്ഥതയെയും സ്വത്തിന്റെ രേഖയെയും ബഹുമാനിക്കുക’’ എന്നതാണ്‌. അതായത്‌ സിംബാബ്‌വെയിലെ പാവപ്പെട്ട കർഷകർക്കിടയിൽ പുനർവിതരണം ചെയ്യപ്പെട്ട ഭൂമി അവരിൽനിന്നു തിരിച്ചെടുത്ത്‌ മുൻകാലത്ത്‌ അത്‌ കയ്യടക്കിവെച്ചിരുന്ന കൊളോണിയൽ കയ്യേറ്റക്കാർക്ക്‌ കൈമാറണമെന്നാണ്‌ അമേരിക്ക പറയുന്നത്‌. എന്നാൽ ഈ കൊളോണിയൽ കയ്യേറ്റക്കാർ തങ്ങളുടെ ഭൂമിക്ക്‌ ഉടമസ്ഥരല്ലെന്നും, സിംബാബ്‌വെയിലെ ചെറുകിട കർഷകരാണ്‌ അവിടത്തെ ഭൂമിയുടെ യഥാർഥ അവകാശികളെന്നും, മറുകൂട്ടർ ഒരുകാലത്ത്‌ ആ ഭൂമി കയ്യേറുകയായിരുന്നുവെന്നുമാണ്‌ സിംബാബ്‌വെയിലെ ജനങ്ങളും സർക്കാരും പറയുന്നത്‌. എന്നാൽ അമേരിക്ക ഇതൊന്നുംതന്നെ ചെവിക്കൊള്ളാൻ തയ്യാറല്ല. സിംബാബ്‌വെയിലെ ദുർബലമായ സന്പദ്‌ഘടന അമേരിക്ക ഏർപ്പെടുത്തിയ ഉപരോധംമൂലമാണെന്ന്‌ ഈ സാമ്രാജ്യത്വ രാജ്യം അംഗീകരിക്കുന്നില്ല. അമേരിക്ക ഉപരോധമേർപ്പെടുത്തിയതിനെത്തുടർന്ന്‌ അമേരിക്കയോടൊപ്പം കാനഡയും ആസ്‌ട്രേലിയയും ബ്രിട്ടണും തങ്ങളുടേതായ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന്‌ സിംബാബ്‌വെയിലെ സന്പുഷ്‌ടമായിരുന്ന സിംബാബ്‌വെയിലെ ഹോർട്ടിക്കൾച്ചർ വ്യവസായം തകർന്നടിഞ്ഞു. അമേരിക്ക ഉപരോധമേർപ്പെടുത്തുന്നതിനുമുന്പ്‌ ഹോർട്ടിക്കൾച്ചർ വ്യവസായം ജിഡിപിയുടെ 4.5% ആയിരുന്നെങ്കിൽ രണ്ട്‌ ദശകങ്ങൾകൊണ്ട്‌ അത്‌ വെറും 0.8% ആയി ഇടിഞ്ഞു. ഇത്തരത്തിൽ രാജ്യത്തിന്റെ കടമെടുപ്പ്‌, കയറ്റുമതി, ഇറക്കുമതി അങ്ങനെ എല്ലാ രംഗത്തെയും അമേരിക്കയുടെ ഉപരോധം പ്രതികൂലമായി ബാധിച്ചു. സിംബാബ്‌വെയുടെ സന്പദ്‌ഘടന ദുർബലമായി; ജനജീവിതം ദുരിതമയമായി. ഈ ഉപരോധം ഇന്ന്‌ സിംബാബ്‌വെയിലെ ജനങ്ങളെയും ഗവൺമെന്റിനെയും മാത്രമല്ല, ദക്ഷിണാഫ്രിക്കൻ പ്രദേശത്തെയാകെ ബാധിക്കുന്നുണ്ട്‌. ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ സിംബാബ്‌വെയിലെ അമേരിക്കൻ ഉപരോധത്തിനെതിരെ എസ്‌എഡിസി കഴിഞ്ഞ 6 വർഷമായി സ്ഥിരമായി ഉപരോധവിരുദ്ധദിനം ആചരിക്കുന്നത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 12 =

Most Popular