Tuesday, January 28, 2025

ad

Homeസംസ്ഥാനങ്ങളിലൂടെകോപ്പാൽ വിധി പോരാട്ടത്തിന്റെ വിജയം

കോപ്പാൽ വിധി പോരാട്ടത്തിന്റെ വിജയം

കെ ആർ മായ

ർണാടകത്തിലെ കോപ്പാൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ദളിതരെ ആക്രമിച്ച കേസിൽ 98 പേർക്ക്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരേസമയം 98 പേർക്ക്‌ ജീവപര്യന്തം ശിക്ഷ വിധിക്കുന്ന ഇന്ത്യയിലെതന്നെ അപൂർവം കേസുകളിലൊന്നാണിത്‌. നീണ്ട പത്തുവർഷത്തെ കാത്തിരിപ്പിനും പോരാട്ടങ്ങൾക്കുമൊടുവിലാണ്‌ ഇത്തരമൊരു വിധിയുണ്ടായത്‌.

ഗ്രാമത്തിലെ ബാർബർ ഷോപ്പുകളിലും ഹോട്ടലുകളിലും ദളിതരെ കയറ്റാത്തത്‌ ചോദ്യം ചെയ്‌തതിന്റെ പേരിൽ നേരത്തെ അവിടെ സംഘർഷം നിലനിന്നിരുന്നു. ചരിത്രപരമായിത്തന്നെ ദളിത്‌ സമൂഹം നേരിട്ടുവന്ന തൊട്ടുകൂടായ്‌മയും അവഗണനയും ഇന്നും ആക്രമണാത്മകമായി തുടരുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്‌ കോപ്പാൽ സംഭവം. 2014 ആഗസ്‌ത്‌ 28ന്‌ കുറച്ച്‌ ദളിത്‌ യുവാക്കൾ ചേർന്ന്‌ സിനിമ കാണാൻ പോയതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ്‌ ദളിതരെ കൂട്ടത്തോടെ ആക്രമിക്കുന്നതിലേക്കും അവരുടെ വീടുകൾ നശിപ്പിക്കുന്നതിലും അവസാനിച്ചത്‌. സിനിമ കാണാൻ ദളിത്‌ യുവാക്കളെത്തിയ തിയേറ്ററിൽ കേസിലെ മുഖ്യപ്രതിയായ മഞ്‌ജുനാഥും സുഹൃത്തുക്കളും പോയിരുന്നു. എന്നാൽ അയാൾക്ക്‌ ടിക്കറ്റ്‌ ലഭിക്കാത്തതിനു പിന്നിൽ ദളിത്‌ യുവാക്കളാണെന്ന്‌ അയാൾ ആരോപിച്ചു. ഇതിനോടുള്ള പ്രതികാരമായി മഞ്‌ജുനാഥ്‌ നൂറ്റിയൻപതോളം വരുന്ന സവർണജാതിക്കാരെ കൂട്ടി ഗ്രാമത്തിലെ ദളിതർക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. അക്രമത്തിൽ 27 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. നിരവധി വീടുകൾ തകർക്കപ്പെട്ടു. സംഭവത്തിലിടപെട്ട പൊലീസുകാരെയും ആക്രമിച്ചു. കോപ്പാലിൽ സവർണ ജാതിക്കാരുടെ ആക്രമണത്തിനിരയായവർക്ക്‌ നീതി ലഭിക്കാനുള്ള പോരാട്ടത്തിന്‌ അവിടെനിന്നാണ്‌ തുടക്കമിട്ടത്‌.

ദളിതർക്കു നേരെയുണ്ടായ ഈ ആക്രമണം പെട്ടെന്നുണ്ടായതല്ല. കർണാടകത്തിൽ ദളിതരും ദരിദ്രരും ഏറ്റവും കൂടുതലുള്ള താലൂക്കാണ്‌ സംഭവം നടന്ന ഗംഗാവതി താലൂക്ക്‌. ക്രൂരമായ അടിച്ചമർത്തലിന്റെയും തൊട്ടുകൂടായ്‌മയുടെയും പലവിധ രൂപങ്ങളാലും രൂഢമൂലമായ ഫ്യൂഡൽ മൂല്യങ്ങളാലും സൃഷ്ടിക്കപ്പെട്ട ജാതിവ്യവസ്ഥ ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്ന പ്രദേശം കൂടിയാണിത്‌. ദളിതർക്കു നേരെയുള്ള ആക്രമണങ്ങളും ജാതി അധിക്ഷേപവും ഇവിടെ സർവസാധാരണമാണ്‌. ദളിത്‌ സമൂഹത്തിന്റെ ഉന്നമനത്തിനായി കൊണ്ടുവന്ന പദ്ധതികൾ പലതും ഉന്നത ജാതിക്കാർ തട്ടിയെടുത്തു. അതിനെതിരെ ദളിത്‌ വിഭാഗത്തിൽപെട്ട തൊഴിലാളികൾ പ്രാദേശികമായി സംഘടിച്ച്‌ കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലുണ്ടാക്കിയ യൂണിയന്റെ (എഐഎഡബ്ല്യു) നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ രണ്ടുപേർ വിജയിച്ചു. ഇതൊക്കെയായിട്ടും അടിസ്ഥാനപരമായ തൊട്ടുകൂടായ്‌മയും ജാതിമേൽക്കോയ്‌മയും അങ്ങനെതന്നെ നിലനിന്നു.

ഹോട്ടലുകളിൽ ദളിതർക്ക്‌ പ്രത്യേകം ഗ്ലാസുകൾ, ബാർബർ ഷോപ്പുകളിൽ ദളിതരുടെ മുടിവെട്ടാതിരിക്കൽ, പലചരക്ക്‌ സാധനങ്ങൾ നൽകാതിരിക്കൽ തുടങ്ങി തൊട്ടുകൂടായ്‌മയുടെ ഏറ്റവും നികൃഷ്ടമായ രൂപങ്ങൾ ദളിതർക്ക്‌ നേരിടേണ്ടതായി വന്നു. ഇതിനെതിരെ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, ദളിത്‌ ഹക്കുഗത സമിതി (ഡിഎച്ച്‌എസ്‌), സിപിഐ എം എന്നിവയുടെ നേതൃത്വത്തിൽ ദളിതർ ഒത്തുചേർന്ന്‌ ഇത്തരം വിവേചനങ്ങൾക്കെതിരെ തഹസിൽദാർക്ക്‌ ഹർജി നൽകി. എന്നിട്ടും തൊട്ടുകൂടായ്‌മയും അധിക്ഷേപവും അക്രമങ്ങളും പഴയതുപോലെ തുടർന്നു.

അതിന്റെ തുടർച്ചയായിരുന്നു 2014 ആഗസ്‌തിലെ കോപ്പാൽ ആൾക്കൂട്ട ആക്രമണവും. അക്രമികളായ സവർണർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എമ്മിന്റെയും മറ്റും നേതൃത്വത്തിൽ ജില്ലാ കമീഷണറുടെ ഓഫീസിലേക്ക്‌ 55 കിലോമീറ്റർ കാൽനടജാഥ ഉൾപ്പെടെ നിരവധി പ്രതിഷേധങ്ങൾ നടന്നു.
ഇതിനിടെ, സംഭവത്തിലെ പ്രധാന സാക്ഷി കൊല്ലപ്പെട്ടത്‌ പ്രതിഷേധം കൂടുതൽ ശക്തമാക്കി. കർഷകസംഘം നേതാവായ അദ്ദേഹത്തെ കോടതിയിലേക്കുള്ള യാത്രാമധ്യേ സവർണവിഭാഗത്തിൽപെട്ട അക്രമികൾ തടഞ്ഞുനിർത്തി കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ എറിയുകയായിരുന്നു.

കോപ്പാൽ സംഭവത്തിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ 2015 ജൂലൈയിൽ ഗംഗാവതി പൊലീസ്‌ സറ്റേഷനു മുന്നിൽ നടന്ന ധർണയിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എംഎ ബേബി, ദളിത്‌ ശോഷൻ മുക്തിമഞ്ച്‌ പ്രസിഡന്റ്‌ കെ രാധാകൃഷ്‌ണൻ, അന്നത്തെ സിപിഐ എം കർണാടക സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി എന്നിവർ പങ്കെടുത്തു.

ഇങ്ങനെ നിരന്തര പോരാട്ടങ്ങൾക്കൊടുവിലാണ്‌ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയവരെ ശിക്ഷിച്ചത്‌. ഒരു പതിറ്റാണ്ട്‌ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്ക്‌ ശേഷമുണ്ടായ ഈ വിധിയും തമിഴ്‌നാട്ടിലെ വാച്ചാത്തി സംഭവവും (1992) അതിന്മേലുണ്ടായ വിധിയും രാജ്യമൊട്ടുക്കുള്ള അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുനേരെ അക്രമങ്ങൾ നടത്തുന്നവർക്ക്‌ ശിക്ഷ നേടിക്കൊടുക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രവിജയത്തെ അടയാളപ്പെടുത്തുന്നതാണ്‌; ഒപ്പം അത്തരം പോരാട്ടങ്ങൾക്ക്‌ പ്രചോദനവുമാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular