പശ്ചിമബംഗാളിൽ, വെസ്റ്റ് മിഡ്‌നാപ്പൂരിലെ ദാസ്‌പ്പൂർ ബ്ലോക്ക് ഓഫീസിലേക്ക് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടന്ന ആവേശോജ്വലമായ മാർച്ചും പ്രതിഷേധപ്രകടനവും അരികുവൽക്കരിക്കപ്പെട്ടവരോടുള്ള പാർട്ടിയുടെ ഐക്യദാർഢ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളപ്പെടുത്തലായി. മിഡ്‌നാപ്പൂരിനെ ബാധിച്ചിട്ടുള്ള നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന്, അവയെ അഭിസംബോധന ചെയ്യുന്നതിന് ബന്ധപ്പെട്ടവരെ നിർബന്ധിതമാക്കുകയെന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പ്രതിഷേധപ്രകടനം സാധാരണക്കാരായ ജനങ്ങളുടെ അചഞ്ചലമായ ആവേശവും സിപിഐ എം പ്രവർത്തകരുടെ നിശ്ചയദാർഢ്യവും സ്‌ഫുരിക്കുന്ന മുദ്രാവാക്യങ്ങളുംകൊണ്ട് ശ്രദ്ധേയമായി. വെറും വാചകമടിയല്ല, നീതിയും തുല്യതയും അടിയന്തരമായും ഉറപ്പാക്കുക എന്നതാണ് അവർ ഉന്നയിക്കുന്ന അടിസ്ഥാനാവശ്യം.
എല്ലാവർക്കും പാർപ്പിടം അടിസ്ഥാന അവകാശം
വീടില്ലാത്തവർക്കെല്ലാം വീടുനൽകുകയെന്ന അടിയന്തര ആവശ്യമായിരുന്നു മുന്നോട്ടുവെക്കപ്പെട്ട ഡിമാന്റുകളിൽ ഏറ്റവും മുഖ്യമായത്. കയറിക്കിടക്കാൻ ഒരു കൂരയില്ലാത്തവരുടെ പരിതാപകരമായ അവസ്ഥ, സാമൂഹ്യക്ഷേമത്തിന്റെ പേരിൽ ഊറ്റംകൊള്ളുന്ന ഒരു സംസ്ഥാനത്ത്, അത്തരത്തിലുള്ള അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നു. പാർപ്പിടത്തിനായുള്ള അവകാശം ആനുകൂല്യമല്ല, മറിച്ച് അത് ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യകതയാണെന്ന് സിപിഐ എം ഊന്നിപ്പറയുകയും വീടില്ലാത്തവർ എന്ന ദുരവസ്ഥ ആരും അനുഭവിക്കേണ്ടിവരുന്നില്ലെന്നത് ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തത്തെ പാർട്ടി അടിവരയിട്ട് ഓർമിപ്പിക്കുകയും ചെയ്‌തു.
100 ദിന തൊഴിൽപദ്ധതി എന്ന ജീവരേഖയെ പുനരുജ്ജീവിപ്പിക്കൽ
100 ദിന തൊഴിൽപദ്ധതി എന്നറിയപ്പെടുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി (എംജിഎൻആർഇജിഎസ്) ഏറെക്കാലമായി ഗ്രാമീണ തൊഴിലാളികളുടെ ജീവനാഡിയാണ്. എന്നാൽ ഈ പദ്ധതി നിർത്തിവെച്ചതും കുടിശ്ശികകൾ നൽകാത്തതും അതിന്റെ ഫലപ്രാപ്‌തിയെ ദുർബലപ്പെടുത്തി. ഈ സുപ്രധാന പദ്ധതി ഉടൻ പുനരുജ്ജീവിപ്പിക്കണമെന്നും നൽകാനുള്ള വേതന കുടിശ്ശിക എത്രയുംവേഗം നൽകണമെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ഒന്നടങ്കം ആവശ്യപ്പെട്ടു. എണ്ണമറ്റ കുടുംബങ്ങളുടെ ഉപജീവനമാർഗം ഈ പദ്ധതിയെ ആശ്രയിച്ചാണെന്നും ഇത് നടപ്പാക്കുന്നതിൽ എന്തെങ്കിലും വീഴ്‌ചവരുത്തുന്നത് ഗ്രാമീണമേഖലയിലെ ഇതിനകംതന്നെ മോശമായ സാമ്പത്തിക സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുമെന്നും അവർ എടുത്തുപറഞ്ഞു.
ഉദ്‌ഘാടനങ്ങളുടെ പ്രതീകാത്മകമായ പ്രാധാന്യമിരിക്കുന്നത് പൊതു പുരോഗതിയും സുതാര്യതയും എത്രത്തോളം അതിലുള്ളടങ്ങിയിരിക്കുന്നു എന്നതിലാണ്. ദാസ്‌പ്പൂരിലെ പുതിയ പഞ്ചായത്ത് സമിതി കെട്ടിടത്തിന്റെ ഉദ്‌ഘാടനഫലകം അപ്രത്യക്ഷമായത് നിരവധി ചോദ്യങ്ങളുയർത്തിയിരിക്കുകയാണ്. ഭരണപരമായ അവഗണനയുടേതും അതാര്യതയുടേതുമായ അസ്വസ്ഥജനകമായ ഒരു സാഹചര്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
ക്ഷേമപദ്ധതികളിലെ അഴിമതി അവസാനിപ്പിക്കുക
അധികാരികൾ സ്വജനപക്ഷപാതം കാണിക്കുന്നതായും അഴിമതി നടത്തുന്നതായും യഥാർഥ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട, അവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുന്നതായും സംസ്ഥാനത്തെ ക്ഷേമസംവിധാനത്തിനെതിരെ സിപിഐ എം ഉയർത്തിയ നിശിതമായ വിമർശനത്തിൽ ചൂണ്ടിക്കാട്ടി. ദുർനടപടികൾ അവസാനിപ്പിക്കണമെന്നും വിവിധ പദ്ധതികൾക്കുകീഴിൽ നൽകിവരുന്ന പെൻഷനുകളും ആനുകൂല്യങ്ങളും രാഷ്‌ട്രീയ പക്ഷപാതത്തിനതീതമായി അർഹതയുടെ അടിസ്ഥാനത്തിൽ തുല്യമായി വിതരണംചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പ്രതിഷേധക്കൂട്ടായ്‌മയിൽ ഒത്തുകൂടിയ ഹൃദയങ്ങളിൽ പാർട്ടി ഉയർത്തിയ ആവശ്യങ്ങൾ ആഴത്തിൽ പ്രതിധ്വനിച്ചു. കാരണം, അവരിൽ പലർക്കും ഇത്തരം ഒഴിവാക്കലിന്റെയും അനീതിയുടെയും വൈയക്തികാനുഭവത്തിന്റെ കഥകൾ പറയാനുണ്ടായിരുന്നു.
നദീതടങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായും നടത്തുക
ഉയർത്തപ്പെട്ട മറ്റൊരു പ്രധാന പ്രശ്‌നം നദീതീരങ്ങൾ പലതും തകർന്നുകിടക്കുന്നതാണ്. ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കം ഈ പ്രദേശത്ത് വലിയ നാശം വിതയ്‌ക്കുന്നതിനാൽ ഇവിടത്തെ തീരങ്ങൾ ഉടനടി നന്നാക്കണമെന്ന ആവശ്യം നിഷേധിക്കാനാകാത്ത ഒരു അനിവാര്യതതന്നെയാണ്. ഈ പ്രശ്‌നത്തെ അവഗണിക്കുന്നത്, സാമ്പത്തികമായി വലിയ നഷ്ടങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, ആയിരക്കണക്കിന് പ്രദേശവാസികളുടെ ജീവനെയും ഉപജീവനത്തെയും അപകടത്തിലാക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു.
ഭരണനിർവഹണത്തിലെ പക്ഷപാതിത്വത്തിനെതിരെ
ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാരുടെയും (ബിഡിഒ) മറ്റ് ഭരണതലത്തിലെ ഉദ്യോഗസ്ഥരുടെയും പക്ഷപാതപരവും മര്യാദയില്ലാത്തതുമായ പെരുമാറ്റത്തെ സിപിഐ എം അങ്ങേയറ്റം അപലപിച്ചു. ഇത്തരം പെരുമാറ്റം പൊതുസേവനം സംബന്ധിച്ച ധാർമികതയ്‌ക്കെതിരാണെന്നും, അതുകൊണ്ടുതന്നെ ഭരണസംവിധാനത്തിന്റെ രാഷ്‌ട്രീയവൽക്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജനാഭിലാഷങ്ങളിൽ വേരൂന്നിയ ഒരു പ്രസ്ഥാനം
ദാസ്‌പ്പൂർ ബ്ലോക്ക് ഓഫീസിലേക്കുള്ള ഈ മാർച്ച് രാഷ്‌ട്രീയ പ്രവർത്തനത്തിനപ്പുറം, തൃണമൂലതല ജനാധിപത്യത്തിന്റെ ഉജ്വലമായ പ്രകടനംതന്നെയായിരുന്നു. അനീതിക്കു മുന്നിൽ നിശബ്ദരായിരിക്കാൻ വിസമ്മതിക്കുന്ന സാധാരണ പൗരരുടെ ചെറുത്തുനിൽപ്പ് ശേഷിയെയും നിശ്ചയദാർഢ്യത്തെയുമാണ് ഇത് പ്രതിഫലിപ്പിച്ചത്. അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾക്ക് കൂടുതൽ ശക്തിപകരുകവഴി സാമൂഹ്യനീതി, ഉത്തരവാദിത്വബോധം തുടങ്ങിയ ആശയങ്ങളോട് സിപിഐ എമ്മിനുള്ള പ്രതിബദ്ധത ഒന്നുകൂടി ഊട്ടിയുറപ്പിച്ചു.
ദാസ്‌പ്പൂരിന്റെ തെരുവുകൾ ശാന്തമായാലും ഉയർത്തപ്പെട്ട ചോദ്യങ്ങളും ഉന്നയിക്കപ്പെട്ട ആവശ്യങ്ങളും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. ഭരണകൂടം അവസരത്തിനൊത്ത് ഉയർന്ന് ആത്മാർഥതയോടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. ഭരണം കേവലം അധികാരപ്രയോഗത്തിനുള്ളതല്ല, മറിച്ച് ജനങ്ങളെ സേവിക്കുന്നതിനുവേണ്ടിയുള്ളതാണെന്ന് തെളിയിക്കേണ്ടത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. എങ്കിൽ മാത്രമേ ഈ നാട്ടിൽ സമത്വത്തിന്റെയും നീതിയുടെയും ആശയങ്ങൾക്ക് യഥാർഥത്തിൽ വേരുറപ്പിക്കാനാകൂ. l