ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യൂളിന്റെ രാജി ആവശ്യപ്പെട്ട് 2024 ഡിസംബർ മൂന്നിന് തുടങ്ങിയ പ്രക്ഷോഭം 2025 ജനുവരി ഒന്നാംവാരം പിന്നിടുമ്പോഴും ശക്തമായി തുടരുകയാണ്. പാർലമെന്റ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുകയും അധികാരത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിട്ടും അയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ദക്ഷിണ കൊറിയൻ ഭരണസംവിധാനം യൂണിനെ അറസ്റ്റുചെയ്യാൻ അയാളുടെ വീട്ടിലെത്തിയെങ്കിലും അയാളുടെ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനങ്ങൾകൊണ്ട് തടഞ്ഞും മനുഷ്യമതിൽ തീർത്തും അറസ്റ്റ് തടയുകയാണുണ്ടായത്. ആറ് മണിക്കൂറോളം ഈ സ്‌തംഭനാവസ്ഥ തുടർന്നു; ഒടുവിൽ അധികൃതർ പിന്തിരിഞ്ഞു.
ഇതിനെത്തുടർന്ന് സിയോളിലും മറ്റു പ്രധാന നഗരങ്ങളിലും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും വമ്പിച്ച പ്രതിഷേധപ്രകടനങ്ങൾ നടന്നു. ട്രേഡ് യൂണിയനുകളും വിദ്യാർഥിസംഘടനകളും ചേർന്ന് നടത്തിയ പ്രതിഷേധം രാത്രിയായിട്ടും കെട്ടടങ്ങാതെ പിറ്റേന്ന് പ്രഭാതംവരെ തുടർന്നു. പ്രസിഡന്റിന്റെ പാർപ്പിടത്തിനടുത്തേക്ക് 25000ത്തിലേറെ വരുന്ന പ്രകടനക്കാർ നീങ്ങിയെങ്കിലും പൊലീസ് അവരെ തടയുകയാണുണ്ടായത്. പൊലീസ് വലയംഭേദിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ച് പ്രകടനക്കാരെ പൊലീസ് അറസ്റ്റുചെയ്‌തു.
പക്ഷേ അടുത്തദിവസം ഉച്ചയ്‌ക്കുശേഷം ഒന്നരലക്ഷത്തോളം ആളുകളാണ് യൂണിന്റെ വസതിക്കടുത്തേക്ക് മാർച്ച് ചെയ്‌ത് നീങ്ങിയത്. യൂണിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കൊറിയൻ ട്രേഡ് യൂണിയൻ ഫെഡറേഷനും വിദ്യാർഥിസംഘടനകളും പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയിൽ സാഹചര്യം തികച്ചും അനിശ്ചിതമായി തുടരുകയാണ്. l



