താൻ അധികാരത്തിലേറുന്ന ആദ്യദിവസംതന്നെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് തുടക്കമിടുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. 15 ദശലക്ഷം മുതൽ 20 ദശലക്ഷത്തിനകത്ത് ജനങ്ങളെ രാജ്യത്തുനിന്ന് പുറന്തള്ളുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പുകാലത്തെ പ്രധാന ആയുധം തന്നെയായിരുന്നല്ലോ ഈ കുടിയേറ്റവിരുദ്ധത.
പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച്, 2022ൽ അമേരിക്കയിൽ ഏതാണ്ട് 11 ദശലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ കഴിയുന്നു. എന്നാൽ ട്രംപ് നാടുകടത്തുമെന്ന് ഉറപ്പു പറയുന്ന മനുഷ്യരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്. ട്രംപിന്റെ വാഗ്‌ദാനം നടപ്പാക്കപ്പെടുകയാണെങ്കിൽ, രേഖകൾ ഇല്ലാത്തവരും ഉള്ളവരുമായ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർ രാജ്യത്തുനിന്ന് ഓരോ വർഷവും പുറത്താക്കപ്പെടും. ക്രിമിനലുകളെന്നും മറ്റും മുദ്രകുത്തി, യാതൊരുവിധ മാനുഷിക പരിഗണനയും നൽകാതെ സാധ്യമായത്രയും വേഗം ഈ മനുഷ്യരെ കൂട്ടായി നാടുകടത്താൻ, കുടിയൊഴിപ്പിക്കാൻ വേണ്ട പദ്ധതികളാണ് ട്രംപും കൂട്ടരും നടപ്പാക്കാനൊരുങ്ങുന്നത്. അതിനായി വിവിധ കുടിയേറ്റ ഏജൻസികളിലും നയങ്ങളിലും പരിപാടികളിലും സമൂലമായ മാറ്റങ്ങൾ വരുത്തുമെന്ന് ട്രംപ് പറയുന്നു. l