സ്‌ത്രീവിരുദ്ധനായ ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി അധികാരമേൽക്കുന്നതിനെതിരെ ബ്രിട്ടനിൽ വിമെൻസ് മാർച്ച് 2025 നടക്കും. ട്രംപ് അധികാരമേറുന്നതിന് രണ്ടുദിവസം മുന്പ്, അതായത് ജനുവരി 18നാണ് പ്രതിഷേധപ്രക്ഷോഭം നടക്കുക. സ്‌ത്രീലന്പടനായ ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടികയറുന്നതിനെതിരെയാണ് പ്രക്ഷോഭം. സാമൂഹികമാധ്യമങ്ങളിലും ബ്രിട്ടനിലെ പൊതുഇടങ്ങളിലുമാകെ വിമൻസ് മാർച്ചിന്റെ സന്ദേശം ഇടംനേടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ അബോർഷനെതിരായി സ്വീകരിക്കുന്ന നിലപാടിനെതിരെയും വിമെൻസ് മാർച്ചിൽ ശബ്ദമുയർത്തും. സുരക്ഷിതവും നിയമപരവുമായ അബോർഷനുള്ള അവകാശം ഉറപ്പുനൽകണമെന്നും ആവശ്യപ്പെടും.
സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അക്രമണങ്ങളെയും ട്രാൻസ്‌വിരുദ്ധതയെയും സ്‌ത്രീവിരുദ്ധതയെയും ലൈംഗികവിവേചനത്തെയും തുറന്നെതിർക്കുന്ന വിമെൻസ് മാർച്ച് ട്രംപിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിനെ മനുഷ്യരാശിയുടെ നാശത്തിനു കാരണമായേക്കാവുന്ന ഒന്നായി കാണുന്നു. ട്രാൻസ് വിഭാഗങ്ങളടക്കം മാർച്ചിൽ അണിനിരക്കുമെന്നും തങ്ങളോടൊപ്പം ട്രേഡ് യൂണിയനുകളും അണിനിരക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു. ലണ്ടൻ, ബിർമിംഗാം, ബേർണേമൗത്ത്, ബ്രിഹ്‌ത്തോൺ, ബ്രിസ്റ്റോൾ, കാന്റർബറി, കാംബ്രിഡ്‌ജ്, കാർഡിഫ്, എഡിൻബർഗ്, മാഞ്ചസ്റ്റർ, ലിവർപൂൾ തുടങ്ങി ഒട്ടേറെ നഗരങ്ങളിൽ ജനുവരി 18ന് ട്രംപിനെതിരായ വിമെൻസ് മാർച്ച് നടക്കും. l