വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 65
കവിയും ഗാനരചയിതാവും മലയാളചലച്ചിത്രമേഖലയിലെ ആദ്യത്തെ ഏറ്റവും പ്രമുഖസംവിധായകനും അഭിനേതാവും ഏഷ്യാനെറ്റിന്റെ സ്ഥാപകനുമെല്ലാമായ പി.ഭാസ്കരന് ത്യഗോജ്ജ്വലമായ വിപ്ലവജീവിതമുണ്ടായിരുന്നുവെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. വീടും വിദ്യാഭ്യാസവുമെല്ലാമുപേക്ഷിച്ച് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനായ ഭാസ്കരൻ തടവറയിലും ഒളിവിലും കടുത്ത പീഡനമനുഭവിച്ച ത്യാഗിവര്യനായ വിപ്ലവകാരിയായിരുന്നു.
കൊടുങ്ങല്ലൂർ പുല്ലൂറ്റ് പാടത്ത് വീട്ടിൽ നന്തിയേലത്ത് പത്മനാഭമേനോന്റെയും അമ്മാളുവമ്മയുടെയും ഒമ്പത് മക്കളിൽ ആറാമനായി 1924 ഏപ്രിൽ 21‐നാണ് ഭാസ്കരൻ ജനിച്ചത്. മദിരാശിയിൽപോയി ബി.എ.യും ബി.എല്ലും പാസായി കോഴിക്കോട്ടും പിന്നീട് കൊടുങ്ങല്ലൂരിലും വക്കീലായി പ്രാക്റ്റീസ് ചെയ്യുന്ന പത്മനാഭമേനോൻ നാട്ടിലെ പ്രമാണിയും പണക്കാരനുമാണ്. കവിയും സാമൂഹ്യപ്രവർത്തകനും കോൺഗ്രസ്സുകാരനുമാണ്. കൊടുങ്ങല്ലൂരിൽ ദേശീയപ്രസ്ഥാനം കൊണ്ടുവരുന്നത് അദ്ദേഹമാണ്. കെ.പി.കേശവമേനോനും കെ.മാധവൻനായരും നേതൃത്വം നൽകി മാതൃഭൂമി ആരംഭിച്ചപ്പോൾ അതിന്റെ പ്രധാന പ്രവർത്തകനും പ്രചാരകനുമായി. കൊച്ചിയിൽ രൂപീകരിച്ച ആദ്യ നിയമസഭയിൽ അംഗമായിരുന്നു. ഭാസ്കരന് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് ക്ഷയരോഗത്തെ തുടർന്ന് അകാലത്തിൽ മരിച്ചതോടെ ആ കുടുംബം ദാരിദ്ര്യത്തിലായി. തട്ടിയും മുട്ടിയുമായി പോക്ക്. ഭാസ്കരന്റെ മൂത്ത സഹോദരിയെ 1942‐ൽ കമ്യൂണിസ്റ്റ് നേതാവായ ഗോപാലനുണ്ണി വിവാഹം ചെയ്തു. വിവാഹത്തിൽ പങ്കെടുത്തവരിൽ ഇ.എം.എസ്സും വി.ടി.ഭട്ടതിരിപ്പാടുമെല്ലാമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരനുമായി വിവാഹബന്ധമുണ്ടായത് കുടുംബത്തെ അന്നത്തെ മുഖ്യധാരയിൽനിന്ന് അകറ്റാനിടയാക്കി. പത്രാധിപരും എഴുത്തുകാരനുമായ പിതാവിന് വീട്ടിൽ കിട്ടിക്കൊണ്ടിരുന്ന പുസ്തകങ്ങളും മാസികകളുമാണ് ഭാസ്കരനെ സാഹിത്യരംഗത്തേക്കും പൊതുരംഗത്തേക്കും ആകർഷിച്ചത്. സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ മാതൃഭൂമിയടക്കമുള്ള വാരികകളിൽ കവിതയെഴുത്ത് തുടങ്ങി. പിതാവിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ നടത്തിയ യോഗങ്ങളിലെല്ലാം പങ്കെടുത്തിരുന്ന ഭാസ്കരൻ ഖദർ വസ്ത്രവും ഗാന്ധിത്തൊപ്പിയും ധരിച്ചാണ് സ്കൂളിൽ പോയിരുന്നത്. ഗുരുവായൂർസത്യാഗ്രഹവുമായി ബന്ധപ്പെട്ട് എ.കെ.ജിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലേക്ക് നടത്തിയ ജാഥയ്ക്ക് അഛന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത് വീട്ടിലടക്കം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. വീട്ടുമുറ്റത്ത് പന്തിഭോജനം നടത്തുന്നത് കണ്ട് വീട്ടിലെ മുത്തശ്ശിയടക്കമുള്ളവർ പ്രതിഷേധിക്കുന്നതും പിണങ്ങിപ്പോകുന്നതും ഭാസ്കരൻ കണ്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങളോടെയാണ് ഭാസ്കരൻ എറണാകുളം മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റ് പഠിക്കാനെത്തുന്നത്.
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപപ്പെട്ട കാലമാണ്. രണ്ടാം ലോകയുദ്ധത്തിനെതിരെ നിലപാടെടുത്തതിനാൽ പാർട്ടി നിരോധിക്കപ്പെട്ടിരുന്നു. കൊടുങ്ങല്ലൂർക്കാരനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ കെ.എ.രാജനാണ് ഭാസ്കരന്റെ ഏറ്റവുമടുത്ത കൂട്ട്. ആയിടെയാണ് ഭാസ്കരൻ ജയപ്രകാശ് നാരായണന്റെ എന്താണ് സോഷ്യലിസം എന്ന പുസ്തകം വായിക്കുന്നത്. ആ പുസ്തകം ഭാസ്കരനെ സോഷ്യലിസത്തിലേക്കാകർഷിച്ചു. കെ.എ.രാജനുമായുള്ള ബന്ധം കമ്യൂണിസത്തിലേക്കും. എറണാകുളത്ത് ജോർജ് ചടയംമുറിയും കെ.സി.ജോർജും മാർക്സിസം രഹസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയ കാലമാണ്. ഭാസ്കരൻ ചില സുഹൃത്തുക്കളിൽനിന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സംഘടിപ്പിച്ച് വായിച്ചു. മാർക്സിന്റെ മറ്റേതാനും കൃതികൾ, ദാസ് കാപ്പിറ്റൽ എന്നിവയെല്ലാം അക്കാലത്ത് വായിക്കാനായി. ഭാസ്കരന്റെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൽ രൂപവല്ക്കരിച്ചു. കൊച്ചി രാജ്യത്ത് അക്കാലത്ത് പാർട്ടി നിരോധിക്കപ്പെട്ടിരുന്നില്ല. അതിനാൽ മലബാറിലെ നേതാക്കൾക്ക് കൊച്ചി ഒളിയിടമായി. വിദ്യാർഥികൾ താമസിക്കുന്ന ലോഡ്ജുകളാണ് വിപ്ലവകാരികളുടെ പ്രധാന ഒളികേന്ദ്രങ്ങൾ. നേതാക്കളെ ഒളിവിൽ പാർപ്പിക്കുകയും സംരക്ഷിക്കുകയും വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതിനുള്ള പ്രധാന ചുമതലക്കാരനായി ഭാസ്കരൻ. കയ്യൂർ കേസിൽ പ്രതിയായി ഒളിവിലായിരുന്ന ഇ.കെ.നായനാർ മേനോൻ എന്ന പേരിൽ തന്റെ ലോഡ്ജിൽ തന്റെ സംരക്ഷണയിൽ താമസിച്ചിരുന്നതായി ഭാസ്കരൻ പിൽക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി.
മഹാരാജാസിലെ കമ്യൂണിസ്റ്റ് സെൽ ഭാസ്കരന്റെ നേതൃത്വത്തിൽ കോളേജിന്റെ ഭിത്തികളിൽ മാത്രമല്ല നഗരത്തിലാകെ ചുമരെഴുത്ത് നടത്താറുണ്ടായിരുന്നു. റോഡിൽ വിപ്ലവമുദ്രാവാക്യങ്ങൾ ടാറുകൊണ്ട് എഴുത്ത്. അന്ന് തന്നെ ഏറ്റവും ആകർഷിച്ച ലഘുലേഖയാണ് സെപ്തംബർ 15 വിളിക്കുന്നു‐ പി.നാരായണൻ നമ്പ്യാരെ അടിച്ചുകൊന്നു’ എന്ന് ഭാസ്കരൻ ആത്മകഥയിൽ അനുസ്മരിക്കുന്നു. പി.നാരായണൻ നമ്പ്യാർ കണ്ണൂരിലെ ബ്ലാത്തൂർ സ്വദേശിയാണ്. 1946 ഒക്ടോബർ നാലാം വാരത്തിലെ ഒരു രാത്രിയിലാണ് ജന്മിഗുണ്ടകൾ നാരായണൻ നമ്പ്യാരെ ചതിച്ചുകൊന്ന് കിണറ്റിൽ തള്ളിയത്. ഈ സംഭവമാണ് വടക്കേമലബാറിൽ 1946 അവസാനം പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളുടെ തുടക്കമെന്ന് അക്കാലത്ത് വി.ടി.ഇന്ദുചൂഢൻ ദേശാഭിമാനിയിൽ എഴുതുകയുണ്ടായി. ഇതിൽ പി.ഭാസ്കരൻ പറയുന്ന സെപ്തംബർ 15 എന്നത് അദ്ദേഹത്തിന് പറ്റിയ ഓർമപ്പിശകാവാനാണ് സാധ്യത. കാരണം ഡിസമ്പർ 15‐ ആണ് പാർട്ടിയും കർഷകപ്രസ്ഥാനവും നെല്ലെടുപ്പ്‐ വിളയിറക്കൽ സമരത്തിനായി നിശ്ചയിച്ച ദിവസം. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ തരിശുഭൂമികളിൽ കൃഷിയിറക്കുക‐ അതിനായി ജന്മിമാർ തരിശുഭൂമികൾ വിട്ടുനൽകുന്നില്ലെങ്കിൽ ഡിസമ്പർ 15 മുതൽ ആ ഭൂമികളിൽ പ്രവേശിച്ച് കൃഷിയിറക്കും.. ജന്മിമാർ പൂഴ്ത്തിവെച്ച നെല്ല് സൊസൈറ്റികളിൽ ന്യായവിലയ്ക്ക് നൽകണം‐ അങ്ങനെ നൽകാതെ പൂഴ്ത്തിവെപ്പ് തുടർന്നാൽ ഡിസമ്പർ 15‐ന് ശേഷം അത് പിടിച്ചെടുത്ത് വിതരണംചെയ്യും‐ ഇതേക്കുറിച്ചാണ് കേരളീയൻ ഡിസമ്പർ പതിനഞ്ചൊരന്ത്യശാസനം, കിസാൻ പ്രമേയം പ്രമാണമല്ലോ കൃഷീവലർക്ക് എന്ന് ഈണത്തിൽ പാടിയത്. കണ്ടക്കൈ, കരിവെള്ളൂർ, കാവുമ്പായി, തില്ലങ്കേരി സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ടാണുണ്ടാകുന്നത്.
പി.നാരായണൻനമ്പ്യാരുടെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ലഘുലേഖ തന്നെ മുഴുവൻസമയ രാഷ്‌ട്രീയപ്രവർത്തകനാക്കുന്നതിന് പ്രചോദനമായെന്നും തൃശൂരിൽ മോഹൻ കുമാരമംഗലം എത്തിയപ്പോൾ അദ്ദേഹവുമായി ചർച്ച നടത്തിയത് വിദ്യാർഥി ഫെഡറേഷൻ സംഘടിപ്പിക്കുന്നതിൽ വലിയ ആവേശം പകർന്നുവെന്നും ഭാസ്കരൻ പിൽക്കാലത്ത് അനുസ്മരിക്കുകയുണ്ടായി. കൊച്ചിയിലെ വിദ്യാർഥി ഫെഡറേഷന്റെ സെക്രട്ടറിയായും അഖിലകേരള വിദ്യാർഥി ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായും പാർട്ടി പി.ഭാസ്കരനെയാണ് നിയോഗിച്ചത്. 1941 അവസാനം കോഴിക്കോട്ട് നടന്ന അഖിലകേരളവിദ്യാർഥി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കോളേജിൽ അടക്കേണ്ട ഫീസ് ഉപയോഗിച്ചാണ്. സമ്മേളനം കഴിഞ്ഞെത്തുമ്പോഴേക്കും കോളേജിൽനിന്ന് പുറത്തായിക്കഴിഞ്ഞു. അറ്റൻഡൻസ് തീരേ കുറവ്, പരീക്ഷയെഴുതിയതുമില്ല. മുഴുവൻ സമയ പ്രവർത്തകനായതിനാലാണിത് സംഭവിച്ചത്. പഠനം നിർത്തി കൊച്ചി കേന്ദ്രീകരിച്ച് വിദ്യാർഥി ഫെഡറേഷന്റെയും പാർട്ടിയുടെയും പൂർണസമയ പ്രവർത്തനത്തിൽ. വീട്ടുകാർ കടുത്ത വിരോധത്തിൽ. സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ ചേർന്നതോടെ യുദ്ധത്തിനുണ്ടായ മാറ്റം‐ ഫാസിസ്റ്റ് വിരുദ്ധ ജനകീയയുദ്ധം എന്ന സിദ്ധാന്തം വിദ്യാർഥികൾക്കിടയിലും വലിയ പിളർപ്പുണ്ടാക്കി. കൊല്ലത്തുനടന്ന അഖിലകേരള വിദ്യാർഥി ഫെഡറേഷൻ സമ്മേളനത്തിൽ ജനകീയയുദ്ധം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് ഭാസ്കരനായിരുന്നു, സ്വമനസ്സിൽ തോന്നിയ എതിർപ്പ് മറച്ചുവെച്ച് പാർട്ടി തീരുമാനം നടപ്പാക്കുകയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യാ സമരത്തിൽനിന്ന് വിട്ടുനിന്നുവെങ്കിലും പാർട്ടി അംഗമായ ഭാസ്കരൻ സമരത്തിന്റെ ഭാഗമായ യോഗങ്ങളിൽ പ്രസംഗിച്ചു. പ്രകടനങ്ങളിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ കോട്ടപ്പറമ്പിലും കോതപ്പറമ്പിലും ഏറിയാട്ടും ദേശീയപതാക ഉയർത്തി പ്രസംഗിച്ചത് ഭാസ്കരനാണ്. ഇതോടെ വീട്ടിൽ പോലീസുകാർ നിരന്തരം കയറിയിറങ്ങി. നേരത്തെ ഗുണദോഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് പോലീസ് എത്തിയിരുന്നതെങ്കിൽ ഇത്തവണ അറസ്റ്റ് ചെയ്യാനാണ് വന്നത്. അധികം ഒളിച്ചുനടക്കാനായില്ല. വീട്ടിന്റെ പരിസരപ്രദേശത്തുവെച്ചുതന്നെ അറസ്റ്റിലായി. കൊടുങ്ങല്ലൂർ മജിസ്ട്രേട്ട് ഭാസകരനെ ഒമ്പത് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ ഭാസ്കരന്റെ ഒപ്പം തടവിലുണ്ടായിരുന്നവർ ഉന്നതനേതാക്കളാണ്. അച്യുതമേനോൻ, ജോർജ് ചടയംമുറി, ഭാസ്കരൻ എന്നിവർ കമ്യൂണിസ്റ്റ് പാർട്ടിക്കാർ. കോൺഗ്രസ്സുകാരും സോഷ്യലിസ്റ്റുകളുമായ പനമ്പിള്ളി ഗോവിന്ദമേനോൻ, കെ.കരുണാകരൻ, ആർ.എം. മനയക്കലാത്ത്, വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകരും ഭാസ്കരന്റെ സഹപ്രവർത്തകരുമായ വൈലോപ്പിള്ളി രാമൻകുട്ടി, വൈലോപ്പിള്ളി ബാലകൃഷ്ണൻ, വി.എ. സെയ്തുമുഹമ്മദ്, യജ്ഞമൂർത്തി നമ്പൂതിരിപ്പാട് എന്നിവരെല്ലാമുണ്ടയിരുന്നു. ചൊവ്വര പരമേശ്വരൻ, ഇക്കണ്ട വാരിയർ, ജി.എസ്.ധാരാസിങ്ങ്, സി.പി.ഉമ്മർ എന്നിവരുമുണ്ടായിരുന്നു. പത്രപ്രവർത്തകനും കവിയുമായ ചൊവ്വര പരമേശ്വരനാണ് തടവുകാരുടെ ലീഡർ. 1943 ജനുവരി 26‐ന് ജയിലിൽ ത്രിവർണപതാക ഉയർന്നത് ജയിലധികൃതരെ പ്രകോപിപ്പിച്ചു. കടുത്ത മർദനമാണതിന്റെ പേരിൽ ഉണ്ടായത്.
1943 ഫെബ്രുവരി മധ്യത്തോടെ ജയിൽ മോചിതനായ ഭാസ്കരൻ മലബാർ‐കൊച്ചി മേഖലയിൽ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കുന്ന പ്രവർത്തനത്തിലാണ് പിന്നീട് മുഴുകിയത്. ജോർജ് ചടയൻമുറിയുടെ സഹപ്രവർത്തകനായാണ് ഏങ്ങണ്ടിയൂർ, അന്തിക്കാട് മേഖലകളിലെ ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കാൻ രംഗത്തിറങ്ങിയത്. തൊഴിലാളികളുടെ വീടുകളിൽ കയറിയിറങ്ങിയായിരുന്നു പ്രചാരണം. ഈ ഘട്ടത്തിൽ മിക്കദിവസവും കടത്തിണ്ണകളിലാണ് അന്തിയുറക്കം. ഭക്ഷണത്തിന് പണമില്ലാത്തതിനാൽ പത്തും പതിനഞ്ചും കിലോമീറ്റർ നടന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ച് വീണ്ടും ഒളിത്താവളത്തിലേക്ക് നടത്തം. കണ്ണൂൂർ, തലശ്ശേരി മേഖലകളിലും ഒളിവിൽ കഴിഞ്ഞു. വിപ്ലവകവിതകളും ഗാനങ്ങളും രചിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ജയിലിൽനിന്ന് വിട്ടശേഷമാണ്. ഐക്യകേരളപ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് രചിച്ച പദം പദമുറച്ചുനാം പാടിപ്പാടിപ്പോവുക, പാരിലൈക്യകേരളത്തിൻ കാഹളം മുഴക്കുവാൻ എന്ന പാട്ട് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പ്രസിദ്ധമായി. പാർട്ടിയുടെയും കർഷകപ്രസ്ഥാനത്തിന്റെയും സമ്മേളനങ്ങളിൽ ഭാസ്കരൻ പങ്കെടുത്ത് വിപ്ലവപ്പാട്ടുകൾ പാടി.
കോളേജിൽനിന്ന് പുറത്താവുകയും വിദ്യാഭ്യാസം നിലയ്‌ക്കുകയും ചെയ്തുവെങ്കിലും വിദ്യാർഥിഫെഡറേഷൻ ചുമതലയിൽ തുടരുകയായിരുന്നു ഭാസ്കരൻ. ഈ ഘട്ടത്തിലാണ് പാർട്ടി കേന്ദ്രകമ്മിറ്റി വിദ്യാർഥികളായ പ്രവർത്തകർക്കായി ലാഹോറിൽ ഒരു രഹസ്യക്യാമ്പ് സംഘടിപ്പിച്ചത്. രഹസ്യമായി സൈനികപരിശീലനമായിരുന്നു നടന്നത്. തന്നോടൊപ്പം മദിരാശി സംസ്ഥാനത്തുനിന്ന് ആന്ധ്രക്കാരനായ നാഗേശ്വർ റാവു, വെങ്കിട റാവു, തമിഴ്നാട്ടുകാരനായ കണ്ണാഭിരാം എന്നിവരുമുണ്ടായിരുന്നതായി ഭാസ്കരൻ രേഖപ്പെടുത്തിയിട്ടുണ്ട്. സായുധസമരവുമായി ബന്ധപ്പെട്ട പരിശീലനവും ഇതിന്റെ ഭാഗമായിരുന്നു.
നാല്പതുകളുടെ മധ്യത്തോടൈയാണ് ഭാസ്കരൻ സാഹിത്യരംഗത്ത് സജീവമാകുന്നത്. സ്വാതന്ത്ര്യസമരസേനാനികൾക്കും ജന്മിത്തവിരുദ്ധ സമരവോളന്റിയർമാർക്കും പാടിനടക്കാനുള്ള പാട്ടുകൾ. അയിത്തവിരുദ്ധസമരത്തിനും കമ്മ്യൂണിസ്റ്റ് പ്രചരണത്തിനും ആവേശം പകരുന്ന പാട്ടുകൾ, കവിതകൾ. പാട്ടുകൾ ഭാസകരൻതന്നെ ഈണം നൽകി അവതരിപ്പിച്ചുപോന്നു, പഠിപ്പിച്ചുപോന്നു. ഇക്കാലത്താണ് വില്ലാളി എന്ന പേരിൽ ഭാസ്കരന്റെ ആദ്യകവിതാസമാഹാരം മംഗളോദയം പ്രസിദ്ധപ്പെടുത്തുന്നത്. എല്ലാം സമരോത്സുകകവിതകൾ. ഇതിനെല്ലാമെതിരെ സർക്കാരിന്റെ ഭീഷണിയും നടപടിയുമുണ്ടായി. പദംപദം ഉറച്ചുനാം പാടിപ്പാടിപ്പോവുക എന്ന ഐക്യകേരളഗാനം പ്രസിദ്ധപ്പെടുത്തിയ മലയാളി, മലയാളരാജ്യം മാസികകൾ കണ്ടുകെട്ടി. കരവാൾ, നവകാഹളം എന്നീ കവിതാസമാഹാരങ്ങൾ കൊച്ചിയിൽ നിരോധിച്ചു.
1946 ആദ്യം രണഭേരി എന്ന കവിതാസമാഹാരം കെ.ദാമോദരന്റെ അവതാരികയോടെയാണ് പ്രസിദ്ധപ്പെടുത്തിയത്. അവതാരികയിൽ ദാമോദരൻ എഴുതി കവിതന്നെയും പടയളിയാണ്. അദ്ദേഹം തന്റെ ഓടക്കുഴൽ ബ്യൂഗിളാക്കിയിരിക്കുന്നു. മറ്റു പല കവികളും ഈ മഹത്തായ സ്വാതന്ത്ര്യസമരത്തിൽനിന്ന് ഒഴിഞ്ഞുമാറി തങ്ങളുടെ വ്യക്തിത്വത്തിന്റെ മടകളിലേക്ക് ചൂളിപ്പതുങ്ങാൻ ശ്രമിക്കുമ്പോൾ സഖാവ് ഭാസ്കരൻ ചോദിക്കുന്നു “ലാത്തുവാനിടമേതുവാനെങ്ങുമേ ലാത്തികൾ തലതല്ലിപ്പൊളിക്കവേ? വിശ്രമിക്കുവതെങ്ങുനാമമ്മതന്നശ്രു വീണീ മണൽ കുതിർന്നീടവേ’ ‐മുന്നോട്ടുമുന്നോട്ടു പാഞ്ഞുകയറുന്ന പടയാളികളുടെ ഞരമ്പുകൾക്ക് ശക്തിയും ആവേശവും നൽകുവാൻ സഖാവ് ഭാസ്കരന്റെ ഈ രണഭേരി ഉപകരിക്കും.
രണഭേരി എന്ന സമാഹാരത്തിലെ പുറത്തുപോ എന്ന കവിതയിൽ ഭാസ്കരൻ പറഞ്ഞു “പുറത്തുപോകെന്നലറുകയാണിജ്ജനങ്ങളെല്ലാരും, മറുത്തുചൊന്നാൽ മരണംവരെയും കടുത്ത പോരാട്ടം’‐ ഈ വരികൾ സർ സി.പിയെ ചൊടിപ്പിച്ചു. രണഭേരി എന്ന കവിതാസമാഹാരം നിരോധിക്കപ്പെട്ടു. പുറത്തുപോ എന്ന കവിത പ്രസിദ്ധീകരിച്ച മലയാളി എന്ന പത്രം സർ സി.പി. നിരോധിച്ചു.
സി.ജെ. തോമസ് അടക്കമുള്ളവരുടെ സഹകരണത്തോടെ വോയ്സ് ഓഫ് കേരള എന്ന പേരിൽ ഒരു നൃത്തനാടകസംഘത്തിനും ഭാസ്കരൻ രൂപംനൽകി. ദിവാൻ ഡിക്സന്റെ ഭരണത്തിനെതിരെ ജനങ്ങളെ ഇളക്കിവിട്ടുവെന്ന് പറഞ്ഞ് നാടകസംഘത്തെ നിരോധിക്കുകയായിരുന്നു ദിവാൻ ഭരണം.
ഈ സംഭവങ്ങളെല്ലം നടന്നുകൊണ്ടിരിക്കെ 1946 ഒക്ടോബർ നാലാം വാരത്തിൽ ഒരുദിവസം ഭാസ്കരൻ കൊടുങ്ങല്ലൂരിൽനിന്ന് സാധാരണപോലെ ബോട്ടിൽ എറണാകുളത്ത് എത്തി ജെട്ടിയിലൂടെ നടന്നുപോകുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ വിളിച്ചു. ബഷീറിന്റെ ബുക്സ്റ്റാളിൽനിന്നാണ് വിളി. അവിടെ വർഗീസ് വൈദ്യനുമുണ്ട്. ബഷീറിന്റെ ലോഡ്ജ് മുറിയിൽ കെ.സി.ജോർജുണ്ട്. അങ്ങോട്ടുപോകണമെന്നായി വൈദ്യർ. ബഷീറിന്റെ മുറി പങ്കിടുന്ന വൈദ്യരും ജോർജുമെല്ലാം കുറെ ദിവസമായി പട്ടിണിയിലാണ്. പണം വേണം. അത് കോട്ടയത്ത് ചിലരെ കണ്ട് വാങ്ങിക്കൊണ്ടുവരണം, മറ്റാരെയും അയക്കാനില്ല. താനും നോട്ടപ്പുള്ളിയാണ്, ശ്രദ്ധിക്കണം എന്ന ഉപദേശവും. കൂത്താട്ടുകുളത്ത് വെടിവെപ്പ് നടന്നിട്ടുണ്ട്. നാലോ അഞ്ചോ പേർ മരിച്ചതായും പറയുന്നുണ്ട്‐ അതേക്കുറിച്ച് അന്വേഷിച്ച് ദേശാഭിമാനിക്ക് ഒരു വിശദ റിപ്പോർട്ട് തയ്യാറാക്കണമെന്നും ജോർജ് ഭാസ്കരനെ ചട്ടംകെട്ടി. കോട്ടയത്ത് പാർട്ടിയെ സഹായിക്കുന്നവർ ബുക്സ്‌റ്റാൾ നടത്തുന്ന ഡി.സി.കിഴക്കെമുറി, പോപ്പുലർ പ്രസ് നടത്തുന്ന കെ.എം.ചാണ്ടി, പി.എൻ.കേശവൻ വക്കീൽ, രാഘവകുറുപ്പ് തുടങ്ങിയവരാണ്. അവരെ കണ്ടാണ് പണം വാങ്ങേണ്ടത്. നേരത്തെയും ഈ പ്രവർത്തനം നടത്തിയതിനാൽ ഭാസ്കരന് അവരെയെല്ലാം അറിയാം. കോട്ടയത്ത് ബസ്സിറങ്ങി വൈ.എം.സി.എ.യിൽ ചെന്ന് ഡി.സി.യെ കണ്ടു. വൈകിട്ടാവുമ്പോഴേക്കും പണം സംഘടിപ്പിച്ചുനൽകാമെന്ന് എല്ലാവരും സമ്മതിച്ചു. തുടർന്ന് നല്ല ഊണ് കിട്ടുമെന്ന പ്രതീക്ഷയിൽ കോട്ടയം ഭാസിയുടെ വീട്ടിൽപോയി. ഭാസി പുറമേക്ക് പാർട്ടിക്കാരനല്ലെങ്കിലും രഹസ്യപ്രവർത്തകനാണ്. നല്ല ഭക്ഷണവും കഴിച്ച് കൂത്താട്ടുകുളം സംഭവത്തെക്കുറിച്ചുള്ള വാർത്ത ശേഖരിച്ച് പോകാൻ പുറത്തിറങ്ങിയപ്പോൾ രഹസ്യപൊലീസിന്റെ പിടിയിലായി. പോപ്പുലർ പ്രസ്സിൽ പോയപ്പോഴാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ പല വകുപ്പുകളിലാണ് പെടുത്തിയത്. ലോക്കപ്പിൽ ക്രൂരമർദനമായിരുന്നു. ഇവൻ മലബാറിനമാണെന്ന് പറഞ്ഞായിരുന്നു തലങ്ങും വിലങ്ങുമുള്ള തല്ല്. ആദ്യത്തെ രണ്ടുദിവസം പച്ചവെള്ളമല്ലാതെ കഴിക്കാനൊന്നും നൽകിയില്ല. കടുത്ത വേദനതിന്ന് കഴിയുമ്പോഴാണ് സെല്ലിന്റെ തൊട്ടുള്ള ഹാളിൽ പൊലീസുകാരുടെ വീരവാദങ്ങൾ. അപ്പോഴാണറിയുന്നത് പുന്നപ്ര‐വയലാർ സംഭവം. അവിടെ വെടിയുതിർത്ത് നൂറുകണക്കിന് സഖാക്കളെ കൊല ചെയ്തതിൽ ഊറ്റം കൊള്ളുകയാണ് പൊലീസുകാർ. അവർ കൂട്ടക്കൊല കഴിഞ്ഞെത്തി വിശ്രമിക്കുകയാണ്, ഓരോരുത്തരും എത്രപേരെ വീഴ്ത്തിയെന്നാണ് പറയുന്നത്. പിന്നീട് ഉറക്കം വന്നില്ല. സ്വന്തം ശരീരത്തിലെ വേദന മറന്നു, പട്ടിണി മറന്നു.
പതിനാറാം ദിവസം ജാമ്യത്തിൽ ജയിൽമോചിതനായ ഭാസ്കരന് പുറത്തിറങ്ങി നടക്കണമെങ്കിൽ കുപ്പായം വേണമല്ലോ. ജയിലിൽ കയറ്റുമ്പോൾ ഊരിവാങ്ങിയ ഷർട്ട് തിരിച്ചുകിട്ടിയില്ല. മുഷിഞ്ഞുനാറുന്ന ബനിയനും മുണ്ടും മാത്രമാണുള്ളത്. വളരെ ലജ്ജയോടെയാണെങ്കിലും കോട്ടയം വൈ.എം.സി.എ.യിലേക്ക് നടന്നുപോയി. അവിടെയാണ് ഡി.സി.കിഴക്കേമുറി താമസിക്കുന്നത്. ഡി.സി. തന്റെ ഒരു ഖദർ ഷർട്ട് നൽകി. തനിക്ക് പാകമാവാത്തതാണെങ്കിലും ആ ഷർട്ടും ധരിച്ച് നേരെ വീട്ടിലേക്കാണ് പോയത്. മകൻ വീണ്ടും ജയിലിലായതറിഞ്ഞ് രോഗശയ്യയിലായിരുന്നു അമ്മ. ബിരുദം നേടി വലിയ ഉദ്യോഗസ്ഥനാകുമെന്ന പ്രതീക്ഷയറ്റതിന് പുറമെ നിരന്തരം പൊലീസും ജയിലും. അമ്മയുടെ അവസ്ഥ മോശമാണെങ്കിലും വീട്ടിൽ നിൽക്കാനാവുമായിരുന്നില്ല ഭാസ്കരനിലെ വിപ്ലവകാരിക്ക്. മനസ്സിൽ വയലാർ ഗർജിക്കുയാണ്. അടുത്തദിവസം തന്നെ പുന്നപ്രയിലേക്കും വയലാറിലേക്കും പോയി. സർ സി.പി.യുടെ പട്ടാളത്തിന്റെ വെടിയുണ്ടകൾക്ക് മുമ്പിൽ വിരിമാറുകാട്ടി രക്തസാക്ഷിത്വം വരിച്ചവരുടെ ധീരോദാത്ത കഥകൾ ഉറ്റവരുടെയും ഉടയവരുടെയും വായിൽനിന്നുതന്നെ കേൾക്കുകയായിരുന്നു. ആ കഥകളുമായി വീട്ടിലേക്കെത്തിയ ഭാസ്കരൻ ഒരാഴ്ച എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്ന് എഴുതിപ്പൂർത്തിയാക്കിയതാണ് വയലാർ ഗർജിക്കുന്നു എന്ന കാവ്യം.
ഉയരും ഞാൻ നാടാകെ‐
പ്പടരും ഞാനൊരു പുത്ത‐
നുയിർ നാട്ടിനേകിക്കൊ‐
ണ്ടുയരും വീണ്ടും‐ എന്ന് രക്തസാക്ഷികളുടെ ആത്മാക്കൾ ഉയിർത്തെഴുന്നേൽക്കുകയാണ്.
പി.കെ.ഗോപാലകൃഷ്ണൻ, കെ.എ.രാജൻ എന്നിവരും മറ്റ് ഏറ്റവും അടുപ്പമുള്ള സഖാക്കളും വയലാർ ഗർജിക്കുന്നു വായിച്ച് ആവേശപൂർവം ഉടൻ പുസ്തകമാക്കാൻ നിർബന്ധിച്ചു. പക്ഷേ പി.ഭാസ്കരൻ എന്ന പേരിന് പോലും തിരുവിതാംകൂറിൽ നിരോധനമാണ്. അതിനാൽ രവി എന്ന തൂലികാനാമത്തിൽ 1946 ഡിസംബറിൽ കൊടുങ്ങല്ലൂർ വിജയ പ്രസ് ആ പുസ്തകം പ്രസിദ്ധപ്പെടുത്തി. വൈകാതെ തിരുവിതാംകൂർ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും നിരോധിക്കുകയും ചെയ്തു. വയലാർ ഗർജിക്കുന്നു അടക്കമുള്ള കവിതകൾ പാടുന്ന ഗായകസംഘത്തെയും നിരോധിച്ചു. പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽനിന്നും പാലിയത്തേക്ക് നടന്ന ജാഥക്കായി പാട്ടെഴുതുകയും ആ പാട്ട് ഈണത്തിൽ പാടി ജാഥയോടൊപ്പം സഞ്ചരിക്കുകയും ചെയ്തതിന്റെ പേരിലും ഭാസ്കരനെതിരെ കേസ് വന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും ഭീഷണിപ്പെടുത്തുകയും ഉപദേശം നൽകകയും ചെയ്ത് വിടുകയായിരുന്നു.
നാല്പതുകളിൽ ദേശാഭിമാനിയിൽ പത്രാധിപസമിതി അംഗമായി ഒന്നരക്കൊല്ലത്തോളം ഭാസ്കരൻ പ്രവർത്തിച്ചു. പാർട്ടി നേതാക്കളും ദേശാഭിമാനി പ്രവർത്തകരും താമസിക്കുന്ന കമ്മ്യൂണിൽ താമസം. പകൽ ദേശാഭിമാനിയിൽ തർജമയും പ്രൂഫ് വായനയും വാർത്താശേഖരണവും. രാത്രി കമ്മ്യൂണിലിരുന്ന് കവിതാരചന. കമ്മ്യൂണിൽ കൃഷ്ണപിള്ള, ഇ.എം.എസ്., ഇ.എം.എസിന്റെ പത്നി ആര്യ, കെ.കെ.വാര്യർ, ടി.സി.നാരയണൻ നമ്പ്യാർ, തിരുമുമ്പ് എന്നിവരെല്ലാമുണ്ടായിരുന്നു. 15‐20 രൂപയായിരുന്നു ശമ്പളം, ചെലവ് കഴിച്ച് ബാക്കിയാണ് കിട്ടുക, ഖാദി വസ്ത്രം ഉപേക്ഷിച്ച് കാക്കി ട്രൗസറും ഷർട്ടുമാണ് അക്കാലത്ത് ധരിച്ചിരുന്നത് എന്നിങ്ങനെ ഭാസ്കരൻ അനുസ്മരിച്ചിട്ടുണ്ട്. ദേശാഭിമാനി നിർത്തിയതോടെ മദിരാശിയിൽ ജയകേരളത്തിൽ സഹപത്രാധിപരാവാൻ ഭാസ്കരന് അവസരം ലഭിച്ചു. മദിരാശിയിലെ പാർട്ടി അനുഭാവികളായ കെ.പത്മനാഭൻനായർ, എം.ആർ.മേനോൻ എന്നിവർ മുൻകയ്യെടുത്താണ് സാഹിത്യവാരികയായി ജയകേരളം തുടങ്ങിയത്.
ജയകേരളം സഹപത്രാധിപരായ ഭാസ്കരൻ അതിൽ വിഹാരി എന്ന പേരിൽ രാഷ്ട്രീയ പംക്തിയെഴുതി. മദിരാശിയിൽനിന്ന് ഒരുദിവസം നാട്ടിൽപോയപ്പോൾ ബഷീറിനെ എറണാകുളത്തെത്തി കണ്ടു. ബഷീർസ് ബുക്സാറ്റാൾ പൂട്ടി സ്റ്റാളിലെ പുസ്തകങ്ങളെല്ലാം ചെറിയ വില വാങ്ങി നാഷണൽ ബുക്സറ്റാളിന് വിറ്റ് വെറുതെയിരിക്കുയാണ് ബഷീർ. മദിരാശിയിലേക്ക് തിരിച്ചുപോകുമ്പോൾ ബഷീറും കൂടെക്കൂടി. ജയകേരളം അച്ചടിക്കുന്ന പ്രസ്സിന് പിന്നിലെ മുറിയിലാണ് ഭാസ്കരന്റെ താമസം. നേരും നുണയും എന്ന പേരിൽ ബഷീറിനെക്കൊണ്ട് ജയകേരളത്തിൽ പംക്തിയെഴുതിക്കാൻ തുടങ്ങി. മലബാറിൽ പാർട്ടി നിരോധിക്കപ്പെടുകയും ദേശാഭിമാനി നിരോധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ പാർട്ടിയുടെ വാർത്തകളൊന്നും വരുന്നുണ്ടായിരുന്നില്ല. ജയകേരളത്തിൽ വരുന്ന ചെറിയ വാർത്തകൾ മാത്രം. ആയിടയ്ക്ക് കണ്ണൂരിലെ കൈത്തറി തൊഴിലാളി സംഘടനാ നേതാവ് പി.വി.ചാത്തുനായരും കൂട്ടരും നാട്ടിൽനിന്ന് മുങ്ങി മദിരശിയിലെത്തി. ചാത്തുനായരിൽനിന്ന് കിട്ടിയ വിവരങ്ങൾ വെച്ച് ചില വാർത്തകൾ ഭാസ്കരൻ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. ജയകേരളം കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതാണെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ കോഴിപ്പുറത്ത് മാധവമേനോനടക്കമുള്ളവർക്ക് സംശയമുദിച്ചു. മലബാറിലെ കർഷകസമരങ്ങളെ പൊലീസ് ക്രൂരമായി അടിച്ചമർത്തുന്നുവെന്ന് വലിയൊരു ലേഖനംകൂടി വന്നതോടെ ജയകേരളത്തിൽ പൊലീസ് റെയ്ഡ് നടന്നു. നേരത്തതന്നെ സി.ഐ.ഡി.നിരീക്ഷണം തുടങ്ങിയതാണ്. രണ്ട് ലോറികളിലായെത്തി ഓഫീസ് റെയിഡ് ചെയ്ത പോലീസ് വൈക്കം മുഹമ്മദ് ബഷീറും പി.ഭാസ്കരനുമടക്കം ഓഫീസിലും പരിസരത്തുമായുണ്ടായിരുന്ന നാല്പതോളം പേരെ കസ്റ്റഡിയിലെടുത്ത് മൗണ്ട് റോഡിലെ പോലീസ്സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കമ്മ്യൂണിസ്റ്റുകാരെ ഒളിപ്പിച്ചിട്ടുണ്ടോ എന്നായിരുന്നു ഭാസ്കരനോടുള്ള ചോദ്യം‐ നിഷേധിച്ചതോടെ ബഷീറിനോടായി ചോദ്യം. താൻ കമ്മ്യൂണിസ്റ്റാണോ‐ അല്ല എഴുത്തുകാരൻ എന്ന് മറുപടി. ഒരു പാർട്ടിയിലുമില്ല, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നിട്ടുണ്ട്. ബഷീർ കൂട്ടിച്ചേർത്തു. ബഷീറിനോട് ചോദ്യങ്ങൾ തുടരുകയാണ്. മറുപടി രസകരമെങ്കിലും ജയിലിലാക്കുമെന്ന ആശങ്കയുണ്ട് ഭാസ്കരന്. കമ്മ്യൂണിസ്റ്റുകാർ കൊള്ളയും കൊലയും നടത്തുന്നതിനെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ? അവരങ്ങനെ ചെയ്യുന്നുവെന്ന് നിങ്ങൾ തന്നെ തീരുമാനിച്ചു. ബഷീറിന്റെ മറുപടി അതായിരുന്നു. എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ സത്യത്തിന്റെ ഭാഗത്താണ്. സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്തവരാണ് ഞങ്ങൾ. ഇപ്പോൾ സ്വാതന്ത്ര്യം കിട്ടി. കമ്മ്യൂണിസ്റ്റുകാർക്കും അഭിപ്രായ സ്വാതന്ത്ര്യം നൽകണം. ബഷീർ ശബ്ദമുയർത്തി ഇംഗ്ലീഷിൽ പറഞ്ഞു. മലയാളിയായ ഡപ്യൂട്ടി കമ്മീഷണർ ആർ.കെ.സുകുമാരന് അതിഷ്ടപ്പെട്ടില്ല. ജയകേരളം ഓഫീസിൽനിന്ന് കസ്റ്റഡിയിലെടുത്തവരിൽ പി.ഭാസ്കരനെയും ബഷീറിനെയും ഒഴികെയുള്ളവരെയെല്ലാം രാത്രി വിട്ടയച്ചു. ഭാസ്കരനെയും ബഷീറിനെയും സബ് ജയിലിലാക്കി. കുറെ ദിവസം ജയിലിൽ. ജയകേരളത്തിന്റെ നടത്തിപ്പിൽ സാമ്പത്തികസഹായം നൽകുന്ന മദിരാശിയിലെ പൗരപ്രമുഖനായ ഡോ. സി.ആർ. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഇടപെട്ടാണ് ഒടുവിൽ ഇരുവരെയും വിട്ടയച്ചത്.
കൊൽക്കത്താ തീസിസിൽ കടുത്ത വിയോജിപ്പുണ്ടായിരുന്ന പി.ഭാസ്കരൻ ക്രമേണ സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു. പിന്നീട് കോഴിക്കോട് ആകാശവാണിയിൽ ചേർന്ന ഭാസ്കരനെ ഏതാനും വർഷത്തിന് ശേഷം കരാർ പുതുക്കാതെ പിരിച്ചുവിട്ടത് കമ്മ്യൂണിസ്റ്റായതിനാലാണ്‐ നിരോധിക്കപ്പെട്ട കാലത്ത് കമ്മ്യൂണിസ്റ്റായിരുന്നുവെന്ന പേരിൽ.