വിപ്ലവപാതയിലെ ആദ്യപഥികർ‐ 61
പുരോഗമനസാഹിത്യത്തിന്റെ പേരിൽ വരേണ്യസാഹിത്യകാരന്മാരിൽനിന്ന് ഏറ്റവുമധികം പഴികേട്ടയാൾ കെ.പി.ജി.നമ്പൂതിരിയാണ്. ‘‘സോവിയറ്റെന്നൊരു നാടുണ്ടത്രേ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം’’ എന്ന നാണിയുടെ ചിന്തയടക്കമുള്ള കവിതകളാണ് കെ.പി.ജിയെ ആക്ഷേപിക്കാൻ അവർ ഉദാഹരണമായെടുത്തത്. എന്നാൽ ആ ആക്ഷേപമെല്ലാം തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്ഷേപമല്ല, തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തോടുള്ള വിദ്വേഷമാണത് എന്നാണ് കെ.പി.ജി. കണ്ടത്. തന്റെ കവിതകൾ പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും പാടുകയും ആവേശംകൊള്ളുകയുംചെയ്യുന്നുണ്ട്, താൻ ലക്ഷ്യമാക്കുന്നതതാണ് എന്നും കവി പറയാറുണ്ട്.
ടി.എസ്.തിരുമുമ്പിനെയാണ് ഇ.എം.എസ്. ‘പാടുന്ന പടവാൾ’ എന്ന് വിശേഷിപ്പിച്ചത്. ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രമുഖനായ നേതാവായി പ്രവർത്തിച്ചുകൊണ്ടുതന്നെ കവിയായും പ്രവർത്തിച്ചയാളാണ് തിരുമുമ്പ്. തിരുമുമ്പിന് തൊട്ടുപുറകെ വിപ്ലവകവിതകളുമായി രംഗത്തുവന്ന കവിയാണ് കെ.പി.ജി മലബാറിലും നാട്ടുരാജ്യമായ കൊച്ചിയിലും പുരോഗമനവിദ്യാർഥി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചുമതലയേൽപിച്ചവരിലൊരാളാണ് കെ.പി.ജി വി.പരമേശ്വരൻ എന്ന സമാധാനം പരമേശ്വരനെക്കുറിച്ചുള്ള അധ്യായത്തിൽ അക്കാര്യം സൂചിപ്പിച്ചിരുന്നു.
1917‐ലെ മെയ്ദിനത്തിൽ ആലുവ കറുകുറ്റി ആഴകം ഗ്രാമത്തിൽ കാരണത്തുമനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെയും ഗംഗ അന്തർജനത്തിന്റെയും മകനായി കെ.പി.ഗോവിന്ദൻ നമ്പൂതിരി ജനിച്ചു. ബ്രാഹ്മണർക്ക് പൊതുവിദ്യാലയങ്ങളിൽ പോകാൻപാടില്ലെന്ന അക്കാലത്തെ ജാതിനിയമം കാരണം 12 വയസ്സുവരെ സ്കൂളിൽ പോകാനായില്ല. വീട്ടിൽവെച്ച് പ്രാഥമിക വിദ്യാഭ്യാസം.. സംസ്കൃതവും കാവ്യങ്ങളും.. പിന്നെ ഇല്ലത്ത് അതിഥിയായി പാർത്ത ഒരു ഉപാധ്യായനിൽനിന്ന് ഇംഗ്ലീഷിന്റെ പ്രാഥമികപാഠങ്ങളും.. അപ്പോഴേക്കും സമുദായത്തിൽ ഉല്പതിഷ്ണുക്കളുടെ വരവായി. വി.ടി.യടക്കമുള്ളവരുടെ നേതൃത്വത്തിൽ യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘടനയും ഉണ്ണി നമ്പൂതിരി പത്രവും. തൃശൂരിൽ നമ്പൂതിരിവിദ്യാലയം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. അവിടെ 13‐ാം വയസ്സിൽ മൂന്നാം ഫോറത്തിൽ അഥവാ ഏഴാം ക്ലാസിൽ ചേർന്നു. നമ്പൂതിരിസമുദായത്തിൽ വലിയ പരിവർത്തനങ്ങൾ നടക്കുന്ന കാലമാണ്. നമ്പൂതിരിമാർ പൊതുവിദ്യാലയങ്ങളിൽ പോകാനും ഇംഗ്ലീഷ് പഠിക്കാനും തുടങ്ങി. ഇക്കാലത്താണ് 1931‐ൽ കെ.പി.ജി. തൃശൂർ ഗവ.മോഡൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേരുന്നത്. മെട്രിക്കുലേഷന് ശേഷം തൃശൂർ സെന്റ് തോമസ് കോളേജിൽ ഇന്റർമീഡിയറ്റ് മുതൽ ബി.എ വരെ.
ഇന്റമീഡിയറ്റിനും ബിരുദത്തിനും പഠിക്കുമ്പോൾ താമസിക്കുന്നത് മഹാകവി ജി.ശങ്കരക്കുറുപ്പിനൊപ്പം. മഹകവി ജി അക്കാലത്ത് തൃശൂർ ട്രെയിനിങ്ങ് സ്കൂളിൽ അധ്യാപകനായിരുന്നു. 1927‐ൽ അവിടെ അധ്യാപകനായെത്തിയ ജി ആദ്യം ലോഡ്ജ് മുറിയിൽ താമസിച്ചു. പിന്നീട് കുടുംബസസമേതം തൃശൂരിൽ ഒരു വാടകവീടെടുത്ത് താമസമാക്കി. ഈ വീട്ടിൽ സഹ താമസക്കാരായി തൃശൂരിലെ അന്നത്തെ പ്രധാന പത്രമായ ഗോമതിയുടെ സഹപത്രാധിപർ രാമനുണ്ണി, വിദ്യാർഥിയായ കെ.പി.ജി.എന്നിവർ. കെ.പി.ജി എന്ന കവിയുടെ വളർച്ചയിൽ മഹാകവി ജി വലിയ സ്വാധീനശക്തിയായി. 1930 മുതൽ 39 വരെയുള്ള തൃശൂരിലെ വിദ്യാഭ്യാസകാലം കെ.പി.ജിയിൽ വലിയ പരിവർത്തനമാണുണ്ടാക്കിയത്. ബ്രാഹ്മണ്യത്തെ വലിയൊരളവോളം കുടഞ്ഞെറിയാൻ സാധിച്ചുവെന്നതാണ് പ്രധാനം. നിയോ ക്ലാസിക് കാവ്യധാരയിൽനിന്ന് കാല്പനികധാരയിലേക്ക് മാറുന്നതിൽ ജി.യുടെ സ്വാധീനമുണ്ട്. തൊഴിലാളിവർഗത്തിന്റെ മോചനപോരാട്ടത്തിന്റെ ഭാഗമായതോടെ സോദ്ദേശ്യ കവിതകളായി, റിയലിസത്തിന്റെ വഴിക്കായി മുന്നേറ്റം. കോളേജിൽ എം.പി.പോളും മുണ്ടശ്ശേരിയും അധ്യാപകരായി ഉണ്ടായിരുന്നത് കെ.പി.ജിയുടെ സാഹിത്യതാല്പര്യവും കവിതാവാസനയും വികസ്വരമാക്കുന്നതിൽ സഹായിച്ചു. കോളേജിൽ എല്ലാ വർഷവും കവിതാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കെ.പി.ജിയെ കോളേജ് മാഗസിന്റെ സ്റ്റാഫ് എഡിറ്ററായ മുണ്ടശ്ശേരി പ്രത്യേകം ശ്രദ്ധചെലുത്തി പ്രോത്സാഹിപ്പിച്ചു.
സെന്റ് തോമസിൽ ബിരുദ വിദ്യാർഥിയായിരിക്കെയാണ് കെ.പി.ജി. രാഷ്ട്രീയത്തിലേക്ക് തിരനോട്ടം നടത്തുന്നത്. നമ്പൂതിരിസമുദായത്തിലെ ജീർണതകൾക്കെതിരായ ചെറുത്തുനിൽപ്പും പരിഷ്കരണസംരംഭങ്ങളും കെ.പി.ജിയെ ആകർഷിച്ചു. ഐ.സി.പി.നമ്പൂതിരിയുടെ സഹോദരിയായ നങ്ങേമയും എം.ആർ.ബിയും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുത്തതാണ് കെ.പി.ജിയുടെ ജീവിതത്തിലെ പുതുവഴിവെട്ടലിന്റെ തുടക്കംകുറിച്ചത്. വിവാഹവിപ്ലവമായി അറിയപ്പെടുന്ന സംഭവമാണത്. വിധവയായാൽ പിന്നെ വിവാഹം പാടില്ലെന്നാണ് സമുദായാചാരം. അലംഘനീയമെന്ന് കരുതിയ ആ ആചാരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് എം.ആർ.ബി. നങ്ങേമയെ വിവാഹം ചെയ്തത്. വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരിയാണ് നങ്ങേമ. വി.ടി.യുടെ വീട്ടിൽവെച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്തതോടെ കെ.പി.ജിയെയും കുടുംബത്തെയും സമുദായഭ്രഷ്ടരാക്കി. ഖേദം പ്രകടിപ്പിക്കാൻപോകാതെ സമുദായപരിഷ്കരണപ്രസ്ഥാനവുമായി കൂടുതൽ അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു പിന്നീട്. എം.ആർ.ബിയുടെ അനുജനും പ്രശസ്ത സാഹിത്യകാരനും നടനുമായ എം.പി.ഭട്ടതിരിപ്പാടിന്റെ (പ്രേംജി) വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1948‐ലും സമുദായഭ്രഷ്ടിനിരയായി. സെന്റ്തോമസ് കോളേജിലെ കാവ്യമത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിപ്പോന്ന കെ.പി.ജി തൃശൂരിലെ സാഹിത്യരംഗത്ത് അക്കാലത്തേ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. 1937 ഏപ്രിലിൽ തൃശൂരിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ജീവൽസാഹിത്യസംഘടനയുടെ രൂപീകരണസമ്മേളനത്തിൽ കെ.പി.ജിയെയും പങ്കെടുപ്പിച്ചു. സംഘടനയുടെ സംഘാടകരിൽ പ്രധാനിയായ എ.മാധവനുമായി കെ.പി.ജിക്കുള്ള അടുത്ത ബന്ധമാണ് ജീവൽസാഹിത്യപ്രസ്ഥാനത്തിന്റെ പ്രവർത്തകനാകാൻ പ്രേരകമായത്. സമ്മേളനത്തിന്റെ സംഘാടകരിലൊരാളായിമാറിയ കെ.പി.ജിയെ കൃഷ്ണപിള്ളയും ഇ.എം.എസും നേരത്തെതന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. സി.എസ്.പി.നേതാവും തൃശൂരിലെ ട്രേഡ് യൂണിയൻ സ്ഥാപകനേതാവുമായ കെ.കെ.വാരിയർ നഗരത്തിലെ തൊഴിലാളിസംഘടനാപ്രവർത്തനത്തിലും കെ.പി.ജിയുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തിയിരുന്നു.
ജീവൽസാഹിത്യപ്രസ്ഥാനത്തിന്റെ രൂപീകരണസമ്മേളനത്തിനു ശേഷം ഏതാനും ദിവസത്തിനകമാണ് തൃശൂരിൽ വിപുലമായ അഖിലകേരള തൊഴിലാളിസമ്മേളനം നടന്നത്. സമ്മേളനത്തിൽ പാടുന്നതിനായി ഒരു പാട്ടെഴുതണമെന്ന് കെ.പി.ജിയോട് സ്നേഹപൂർവം ആജ്ഞാപിക്കുകയാണ് കൃഷ്ണപിള്ള. തനിക്ക് പാട്ടെഴുതാനറിയില്ലെന്ന് കെ.പി.ജി, താനെഴുതൂ, പറ്റുമെന്ന് സഖാവ്. നിയോ ക്ലാസിക് പദ്യങ്ങളും കാല്പനികകവിതകളും മാത്രം എഴുതിശീലിച്ച വിദ്യാർഥിയോടാണ് സഖാവ് പറയുന്നത്, തൊഴിലാളിസംഘടനാ സമ്മേളനത്തിൽ ആരംഭഗാനമായി പാടാൻ പാട്ടെഴുതണമെന്ന്. വിഷയവും നിർദേശിക്കുയാണ്. ചെങ്കൊടിയെപ്പറ്റിയാണെഴുതേണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ പ്രവർത്തനമാരംഭിച്ചിട്ടില്ല. പക്ഷേ ട്രേഡ് യൂണിയൻ പ്രസ്ഥാനം ആയിടെ ചെങ്കൊടി മലബാറിന്റെ പലഭാഗങ്ങളിലും ഉയർത്താൻ തുടങ്ങിയിരുന്നു. കോഴിക്കോട്ടെ തൊഴിലാളിസമ്മേളനത്തിൽ ചെങ്കൊടിയേന്തിയാണ് പ്രകടനം നടന്നത്. കോൺഗ്രസ്സിലെ വലതുവിഭാഗത്തിന് അത് പഥ്യമായില്ല. കാഞ്ഞങ്ങാട്ട് കർഷകസമ്മേളനത്തിൽ ചെങ്കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് എ.സി.കണ്ണൻനായരും കെ.മാധവനും തമ്മിൽ നടന്ന തർക്കത്തെക്കുറിച്ച് ഈ പരമ്പരയുടെ ആദ്യ അധ്യായത്തിൽ വ്യക്തമാക്കിയിരുന്നു. ഏതായാലും ചെങ്കൊടിയെക്കുറിച്ചാണെഴുതേണ്ടതെന്ന്‐വരാൻപോവുകയാണ് ചെങ്കൊടിയുടെ പാർട്ടിയെന്ന സൂചനയോടെ കൃഷ്ണപിള്ള പറയുകയാണ്.
കൃഷ്ണപിള്ളയുടെ നിർദേശാനുസരണം പാട്ടുമായി സമ്മേളനനഗരിയിലെത്തുമ്പോൾ അതാ വേദിയിൽ കാത്തുനിൽക്കുകയാണ് കൃഷ്ണപിള്ളയും എൻ.സി.ശേഖറും.
മർദിതലക്ഷങ്ങളുടെ ചുടുനെടുവീർപ്പുകളാൽ
മുറ്റും വരണ്ടുമങ്ങിയോരന്തരീക്ഷത്തെ
ഉത്തരോത്തരമുയർന്നു നീളെ നീളെപ്പാറീടുന്ന
രക്തവർണക്കൊടികളാൽ വീശുക നമ്മൾ
എന്ന് തുടങ്ങുന്ന പാട്ട്. സമ്മേളനത്തിന്റെ ആരംഭമായി ആ പാട്ട് പാടിയത് കൃഷ്ണപിള്ളയും എൻ.സി.ശേഖറും കെ.ദാമോദരനും പി.ഗംഗാധരനുമെല്ലാം ചേർന്നാണ്. സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയനേതാവായ ബാട്ലിവാലയാണ്. അദ്ദേഹവുമായി നടത്തിയ സംഭാഷണം കെ.പി.ജിയെ കമ്യൂണിസത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.
സി.എസ്.പിയുടെ പ്രധാന പ്രവർത്തകനായിത്തീർന്നപ്പോഴും സമുദായപരിഷ്കരണ പ്രസ്ഥാനത്തിലും കെ.പി.ജി തുടർന്നു. യോഗക്ഷേമത്തിലും ഉണ്ണിനമ്പൂതിരിയിലും ലേഖനങ്ങളും കവിതകളും തുടർച്ചയായി പ്രസിദ്ധപ്പെടുത്തി. മുണ്ടശ്ശേരി പത്രാധിപരായ മംഗളോദയത്തിലും തുടർച്ചയായി എഴുതി. സെന്റ് തോമസ് കോളേജിൽ ബിരുദവിദ്യാർഥിയായിരിക്കെതന്നെയാണ് ജീവൽസാഹിത്യസംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി കെ.പി.ജിയെ നിയോഗിച്ചത്. 1938‐ൽ തൃശൂരിൽ നടന്ന രണ്ടാം സമ്മേളനത്തിലായിരുന്നു അത്. അടുത്ത വർഷം ബക്കളത്തുനടന്ന പത്താം കേരളരാഷ്ട്രീയസമ്മേളനത്തിന്റെ അനുബന്ധമായി ജീവൽസാഹിത്യസംഘടനയുടെ സംസ്ഥാന സമ്മേളനവുമുണ്ടായിരുന്നു. ആ സമ്മേളനം സംഘടനയുടെ പ്രസിഡണ്ടായി കെ.ദാമോദരനെയും സെക്രട്ടറിയായി കെ.പി.ജിയെയും തിരഞ്ഞെടുത്തു. ഒരിടവേളക്കുശേഷം കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണമാരംഭിച്ച പ്രഭാതം പത്രത്തിൽ പത്രാധിപസമിതിയംഗമായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു കെ.പി.ജി. 1939 മാർച്ചിൽ ബിരുദകോഴ്സ് പൂർത്തിയായി പുറത്തിറങ്ങിയ ഉടൻതന്നെ കൃഷ്ണപിള്ള കെ.പി.ജിയെ കോഴിക്കോട്ടേക്ക് ‘പിടിച്ചുകൊണ്ടുപോവുക’യായിരുന്നു. വണ്ടി ടിക്കറ്റടക്കം എടുത്തുകൊടുത്ത് ഉടനെ പുറപ്പെടാൻ സ്നേഹപൂർവമായ ആജ്ഞ. പ്രഭാതം പത്രത്തിൽ ഏതാനും മാസം മാത്രമേ പ്രവർത്തിക്കാനായുള്ളൂ. കാരണം രണ്ടാം ലോകയുദ്ധത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് പ്രവർത്തനസ്വാതന്ത്ര്യമില്ലാതായി. അപ്പോൾ ഒരു ചോദ്യമുയരാം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ 1934‐ൽത്തന്നെ നിരോധിച്ചതല്ലേ. അതേ പക്ഷേ കേരളത്തിൽ കമ്യൂണിസ്റ്റുകാർ പ്രവർത്തിച്ചത് കോൺഗ്രസ്സായും കോൺഗ്രസ് സോഷ്യലിസ്റ്റുകാരുമായാണ്. അതിനാൽ 1934‐ലെ നിരോധനം ബാധകമായില്ല. എന്നാൽ 1939 സെപ്റ്റംബർ ഒന്നിന് ലോകയുദ്ധം തുടങ്ങിയതോടെ സ്ഥിതിഗതികൾ മാറി. കോൺഗ്രസ് സോഷ്യലിസ്റ്റുകൾ എന്ന ലേബലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിൽക്കാനാവില്ല. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് നേതൃത്വം കമ്മ്യൂണിസ്റ്റ് പാർട്ടിയായി പരിവർത്തിക്കുകയാണ് ഡിസംബർ അവസാനത്തോടെ. അതോടെ നിരോധനം ഇവിടെയും പ്രാബല്യത്തിലായി. മാത്രമല്ല യുദ്ധം സാമ്രാജ്യത്വയുദ്ധമാണെന്ന് വ്യക്തമാക്കി അതിനെ എതിർക്കാൻ പാർട്ടി തീരുമാനിച്ചതോടെ നിരോധനം തീവ്രമായി. ഈ സാഹചര്യത്തിലാണ് പ്രഭാതം നിലച്ചതും നേതാക്കൾ ഒളിവിൽപോയതും‐ പലരും അറസ്റ്റിലായതും.
പ്രഭാതത്തിൽനിന്ന് പടിയിറങ്ങിയ കെ.പി.ജിയെ കാത്ത് ചുമതലകൾ ഏറെയുണ്ടായിരുന്നു. വിദ്യാഭ്യാസകാലം കഴിഞ്ഞെങ്കിലും വിദ്യാർഥിപ്രസ്ഥാനം കെട്ടിപ്പടുക്കലാണ് പ്രധാന ഉത്തരവാദിത്തം. വി.പരമേശ്വരനൊപ്പം വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിക്കുക. വിദ്യാർഥികളെ സംഘടിപ്പിച്ച് വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാക്കുക. ഈ പ്രവർത്തനത്തിനൊപ്പംതന്നെ മറ്റൊരു ചുമതലയുംകൂടി കൃഷ്ണപിള്ള നൽകി. ജന്മിത്തചൂഷണത്തിനെതിരെ കൃഷിക്കാർ നടത്തുന്ന പ്രക്ഷോഭത്തെ സഹായിക്കാൻ വിദ്യാർഥികളെ അണിനിരത്തുക. ജന്മിത്തചൂഷണത്തിന്റെ രാഷ്ട്രീയവും സാമ്രാജ്യത്വത്തിന്റെ ചെയ്തികളും കൃഷിക്കാരെ ബോധ്യപ്പെടുത്തുക‐ ഈ ലക്ഷ്യത്തോടെ കർഷകസമരകേന്ദ്രങ്ങളിലേക്കയക്കുകയായിരുന്നു വിദ്യർഥിനേതാക്കളെ. കല്ലാട്ട് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇ.കെ.നായനാരും കെ.പി.ജിയും ഉണ്ടായിരുന്നു.
രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവും അത് പരസ്യപ്പെടുത്തലും ഇനി വൈകേണ്ടതില്ലെന്ന് കൃഷ്ണപിള്ളയും ഇ.എം.എസ്സുമടക്കമുള്ള നേതൃത്വം തീരുമാനിച്ചത്. പക്ഷേ അതിനുമുമ്പ് പാർട്ടിയിൽ ചേരാൻ സാധ്യതയുള്ളവർക്ക്, അതിനായി കണ്ടുവെച്ചവർക്ക്, കാഡർമാർക്ക് എന്താണ് മാർക്സിസം എന്നതിനെപ്പറ്റി സാമാന്യവിവരമെങ്കിലും നൽകണം. അതിനായി വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നിശ്ചയിച്ചു. മാർക്സിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വളരെക്കുറച്ചേ അന്ന് ലഭ്യമായിരുന്നുള്ളൂ. അതിൽ ഒന്ന് ഹാൻഡ് ബുക്ക് ഓഫ് മാർക്സിസം എന്നതാണ്. കൃഷ്ണപിള്ള ഉത്തരേന്ത്യയിൽനിന്ന് കരസ്ഥമാക്കിയ ചില പുസ്തകങ്ങൾ, അണ്ണാമല സർവകലാശാലയിൽനിന്ന് ശർമാജി എന്ന സുബ്രഹ്മണ്യശർമ സംഘടിപ്പിച്ച പുസ്തകം തുടങ്ങിയവ. കൃഷ്ണപിള്ള, എൻ.സി.ശേഖർ, കെ.ദാമോദരൻ, ഇ.എം.എസ്. എന്നിവർക്കുമാത്രമായി പാർട്ടിവിദ്യാഭ്യാസച്ചുമതല നിർവഹിക്കാനാവില്ല. കാരണം സംഘാടനമാണവരുടെ മുഖ്യ ചുമതല. കൃഷ്ണപിള്ള നാലുപേരെ അധ്യാപകരായി കണ്ടെത്തുന്നതങ്ങനെയാണ്. തിരുവിതാകൂറിലെ ആർ.ശങ്കരനാരായണൻ തമ്പി, കൊച്ചിയിലെ കെ.പി.ജി, മലബാറിൽ ഉണ്ണിരാജയും എം.എസ്.ദേവദാസും. ഈ നാൽവർ സംഘമാണ് അതിൽ പ്രധാനമായും ഉണ്ണിരാജ, ഹാൻഡ് ബുക്ക് ഓഫ് മാർക്സിസം എന്ന പുസ്തകം നൽകി ഇതുവായിച്ച് നമ്മുടെ നാട്ടിലെ സ്ഥിതിഗതികളുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ മതിയെന്ന് കൃഷ്ണപിള്ള നിർദേശിക്കുകയായിരുന്നു.
1942 ജൂലൈയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം പിൻവലിച്ചതിനെ തുടർന്ന് കോഴിക്കോട്ട് പാർട്ടി ഓഫീസ് തുടങ്ങുകയും പാർട്ടി നേതാക്കൾക്കായി പാർട്ടി കമ്മ്യൂൺ സ്ഥാപിക്കുകയും വൈകാതെ പാർട്ടിയുടെ മുഖപത്രമായി ദേശാഭിമാനി ആഴ്ചപ്പതിപ്പായി ആരംഭിക്കുകയുംചെയ്തു. ദേശാഭിമാനിയുടെ എഡിറ്റോറിയൽ ബോഡിൽ കെ.പി.ജിയും അംഗമായി. സാർവദേശീയ‐ദേശീയ വാർത്തകൾ അടങ്ങിയ പംക്തി കൈകാര്യം ചെയ്തതിന് പുറമെ രാഷ്ട്രീയസംഭവവികാസങ്ങളെക്കുറിച്ചുള്ള കവിതകൾ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. പാർട്ടിയുടെ പ്രചരണത്തിനാവശ്യമായ സാമഗ്രികൾ തയ്യാറാക്കുന്നതിന് നേതൃത്വംനൽകി.
ജീവൽസാഹിത്യപ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റാഭിമുഖ്യമുള്ളവർ മാത്രമാണുണ്ടായിരുന്നത്. സാംസ്കാരികരംഗത്ത് വിശാലമായ ഐക്യമുന്നണി ആവശ്യമാണ് എന്നതായിരുന്നു കെ.പി.ജിയുടെ നിലപാട്. ജീവൽസാഹിത്യസംഘടനയുടെ സെക്രട്ടറിയായ കെ.പി.ജി സംഘടനയെ കാലാനുസൃതമായി പരിവർത്തിപ്പിക്കുന്നതിനായി ശ്രമിച്ചു. 1944‐ൽ പുരോഗമനസാഹിത്യസംഘടന രൂപീകരിക്കുന്നതിലേക്ക് നയിച്ചത് ഈ താല്പര്യമാണ്. പാർട്ടി തീരുമാനിച്ചതനുസരിച്ച് ഇടതുപക്ഷാഭിമുഖ്യമുള്ളവരെയെല്ലാം ഉൾക്കൊണ്ടുകൊണ്ട് പുരോഗമനസാഹിത്യസംഘടന രൂപീകരിക്കുന്നതിനുള്ള സമ്മേളനം നടത്തി. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ദേശീയസമ്മേളനങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ സംഘടനയുടെ (ഇപ്റ്റ) നിർവാഹകസമിതി അംഗമായി പ്രവർത്തിക്കുകയുംചെയ്തു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് വിഭാഗവും എം.പി.പോൾ, തകഴി, മുണ്ടശ്ശേരി തുടങ്ങിയവരുൾപ്പെട്ട വിഭാഗവും തമ്മിലുള്ള പോരിൽ കമ്മ്യൂണിസ്റ്റ് വിഭാഗത്തിനുവേണ്ടിയുള്ള വാദങ്ങൾ അവതരിപ്പിക്കുന്നതിന് കെ.പി.ജിയാണ് പ്രധാനമായും നേതൃത്വം നൽകിയത്. സംഘടനയുടെ മുഖപത്രമായ പുരോഗതിയുടെ പത്രാധിപസമിതിയിൽ പ്രധാന ചുമതല വഹിച്ചതും കെ.പി.ജിയായിരുന്നു. ദേശാഭിമാനി വാരികയായി പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ ലേഖനങ്ങളും വാർത്തകളും തർജമചെയ്യുന്നതിൽ മുഴുകിയ കെ.പി.ജി പത്രത്തിൽനിന്ന് വിട്ട് സ്കൂൾ അധ്യാപകവൃത്തിയിലേർപ്പെട്ടകാലത്താണ് സർഗാത്മകകൃതികളുടെ വിവർത്തനത്തിൽ കൂടുതൽ ശ്രദ്ധയൂന്നിയത്. മയക്കോവ്സ്കിയുടെ ‘ലെനിൻ’ എന്ന ദീർഘകാവ്യം, പാബ്ലോ നെരൂദയുടെ ‘റെയിൽപണിക്കാരോട്’ എന്ന ദീർഘകാവ്യം എന്നിവ നാല്പതുകളുടെ അവസാനകാലത്താണ് കെ.പി.ജി വിവർത്തനംചെയ്തത്. വാൻഡാ വാസില്യൂസ്കയുടെ റെയിൻബോ, ഹോവാർഡ് ഫോസ്റ്റിന്റെ ഫ്രീഡം റോഡ് എന്നീ ബൃഹത് കൃതികളും അക്കാലത്താണ് തർജമ ചെയ്തത്.
1946 മധ്യത്തിൽ ദേശാഭിമാനിയിൽനിന്ന് വിട്ട് സ്കൂൾ അധ്യാപകനായ കെ.പി.ജിക്ക് കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ ആ ജോലിയും ഒരു ഘട്ടത്തിൽ നഷ്ടപ്പെട്ടു. ആദ്യം ചേർപ്പ് സി.എൻ.എൻ.ഹൈസ്കൂളിൽ അധ്യാപകനായിച്ചേർന്ന കെ.പി.ജി പിന്നീട് കിഴക്കമ്പലം സെന്റ് ജോസഫ്സ് സ്കൂളിൽ അധ്യാപകനായി. കമ്മ്യൂണിസ്റ്റുകാരനാണെന്ന് മനസ്സിലായതോടെ സ്കൂളിൽ നിലനിന്നുപോകാനാവാത്ത സാഹചര്യമുണ്ടായി. അതേത്തുടർന്ന് കെ.പി.ജി രാജിവെക്കുകയായിരുന്നു. പിന്നീട് കാലടി ബ്രഹ്മാനന്ദോദയം സ്കൂളിൽ അധ്യാപകനായി പ്രവർത്തിച്ചു.
കൊൽക്കത്താ തീസിസിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ടതോടെ കടുത്ത ദുരിതങ്ങൾക്കും പീഡനങ്ങൾക്കുമാണ് കെ.പി.ജി. ഇരയായത്. ഇ.എം.എസ്, കെ.സി.ജോർജ്, എൻ.സി.ശേഖർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടി സംസ്ഥാനകേന്ദ്രം 1949 ജനുവരിയോടെ നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടിവന്നപ്പോൾ കെ.പി.ജിയുടെ കാരണത്ത് മന പ്രധാനപ്പെട്ട ഒരു ഒളിത്താവളമായി. രഹസ്യപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയിരുന്ന തമ്പാൻ എന്ന രാവുണ്ണിമേനോൻ, കൊച്ചനുജ പിഷാരോടി എന്നിവരുടെ താമസം കാരണത്ത് മനയിലോ അതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ ആയി. ഒളിവിൽ പ്രവർത്തിക്കുന്നവർക്കുള്ള സൗകര്യമൊരുക്കലും പുതിയപുതിയ താവളങ്ങൾ കണ്ടെത്തലും കെ.പി.ജിയുടെ പ്രധാന ചുമതലയായി. ആ ഘട്ടത്തിലാണ് തമ്പാനെ പോലീസ് പിടികൂടുന്നത്. എക്സ് മിലിറ്ററിക്കാരനായ തമ്പാൻ മദ്യപിച്ച് ലക്കുകെട്ട നിലയിൽ നാട്ടുകാരുടെയും പിന്നീട് പോലീസിന്റെയും പിടിയിലാവുകയായിരുന്നു. രണ്ട് ദിവസത്തെ കൊടിയ മർദനത്തിനൊടുവിൽ തമ്പാൻ നേതാക്കളുടെ ഒളികേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോലീസിനോട് പറഞ്ഞു. തമ്പാൻ പിടിയിലായെന്നത് പരസ്യമായതിനെ തുടർന്ന് ഇ.എം.എസ് അടക്കമുള്ള എല്ലാ നേതാക്കളും ഒളികേന്ദ്രം മാറ്റി. നേതാക്കൾ മാറിയശേഷമേ പോലീസിന് റെയിഡും മറ്റും നടത്താനായുള്ളൂ. കെ.പി.ജിയുടെ തറവാട് പ്രധാന ഒളിവുകേന്ദ്രമാണെന്ന വിവരം കിട്ടിയ പോലീസ് കാരണത്ത് മനയിൽ റെയിഡ് നടത്തി കടുത്ത അതിക്രമമാണ് നടത്തിയത്. കെ.ജി.എൻ.തമ്പാൻ എന്ന അതിഭീകരൻ ഒളിവിൽ കഴിഞ്ഞ കേന്ദ്രമെന്ന നിലയിലായിരുന്നു പോലീസിന്റെ അതിക്രമം. ലഘുലേഖകളും കെ.പി.ജിയുടെ പുസ്തകങ്ങളും കുട്ടികളുടെ നോട്ടുബുക്കുകളുംവരെ പോലീസ് ചാക്കിൽകെട്ടി കൊണ്ടുപോയി. എന്നാൽ ആരെയും അറസ്റ്റുചെയ്യാനായില്ല. കെ.പി.ജി മലബാറിൽ ഒളിവിലായിരുന്നു.
ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസ് കൊടുമ്പിരികൊണ്ടപ്പോഴാണ് കെ.പി.ജി. പോലീസിന്റെ പിടിയിലായത്. ഇടപ്പള്ളി കേസുമായി കെ.പി.ജിക്ക് ബന്ധമൊന്നുമില്ലെങ്കിലും കെ.പി.ജിയെ ഇടപ്പള്ളി കേസിലെ പ്രതികൾക്കൊപ്പമാണ് ലോക്കപ്പിലാക്കിയത്. കറുകുറ്റി ആഴകത്തെ ശൂരന്നൂർ പുരയിടത്തിൽ കെ.പി.ജി പുതുതായി നിർമാണം തുടങ്ങിയ വീട്ടിന്റെ പരിസരത്തുവെച്ചാണ് അറസ്റ്റുചെയ്തത്. കുളത്തിൽനിന്ന് കുളിച്ചുകയറുമ്പോഴായിരുന്നു അറസ്റ്റ്. ഈറൻ മാറാൻപോലും സാവകാശം നൽകിയില്ല. ലോക്കപ്പിൽ കൊടിയ പീഡനം. ശ്വാസം കഴിക്കാൻ പോലും ഇടമില്ലാത്ത നരകം. മുപ്പതിലധികംപേരെ ഒരു കൊച്ചു സെല്ലിൽ അടയ്ക്കുകയായിരുന്നു. ഇരിക്കാനോ കിടക്കാനോ വയ്യ. മൂത്രമൊഴിക്കുന്ന പാത്രം പൊളിഞ്ഞ് മൂത്രത്തിൽ അഭിഷിക്തനായി ഒരു രാത്രി കഴിയേണ്ടിവന്ന അനുഭവം. ലോക്കപ്പിൽ കടുത്ത മർദനത്തിനാണ് കെ.പി.ജി ഇരയായത്. അഞ്ച് മാസം കഴിഞ്ഞ് ജയിൽമോചിതനായപ്പോഴേക്കും ക്ഷയരോഗബാധിതനായിക്കഴിഞ്ഞിരുന്നു. മാസങ്ങളോളമുള്ള ചികിത്സക്കുശേഷമാണ് രോഗം ഭേദമായത്. l