മനുഷ്യൻ ഓർമകളെ ഉപജീവിച്ചുകൊണ്ട് സർഗാത്മക രചനകളിലേർപ്പെടുന്നു. കവിതയായും കഥയായും ചിത്രമായും ശിൽപമായും സംഗീത നൃത്ത കലകളിലൂടെയുമൊക്കെ. ഈ പ്രക്രിയയിൽ ചരിത്രത്തിന് പ്രാധാന്യമുണ്ട്. വസ്‌തുതകളെ സത്യസന്ധമായി രേഖപ്പെടുത്തുകയോ, കുറേ മറച്ചുവയ്‌ക്കപ്പെടുകയോ ചെയ്യപ്പെടുന്ന ചരിത്രം ലോകത്തെമ്പാടും എക്കാലവും മുന്നിട്ടുനിൽക്കുന്നു. പൊതുസമൂഹം ചരിത്രത്തിന്റെ ഗതിവിഗതികളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത്തായി ഇടപെടുന്നവരാണ് കലാകാരർ, പ്രത്യേകിച്ച് എഴുത്തിലും വരയിലും ദൃശ്യകലകളിലുമേർപ്പെടുന്നവർ. ചരിത്രവും ചിന്തയുമായി അവരുടെ കലാവിഷ്‌കാരങ്ങൾ തനിമ നഷ്ടപ്പെടാതെ അനുസ്യൂതം തുടരുന്ന കാലത്താണ് നാം ജീവിക്കുന്നത്. സാമൂഹ്യബോധത്തിന്റെയും മാനവികതയുടെയും ചരിത്രവഴികളുടെ പിൻബലത്തിൽ ആശയവിനിമയത്തിലേർപ്പെടുന്നു, ശ്രദ്ധേയരായ നിരവധി കലാകാരർ. അവരിലൊരാളായി, നിശബ്ദനായി ആത്മഭാഷണങ്ങളിലൂടെ സഞ്ചരിക്കുകയാണ് ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്ന കെ പി തോമസ്.
ഈയിടെ മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ട (വിഖ്യാത ചിത്രകാരനും ഒപ്പം സാഹിത്യത്തിലും നാടകരംഗത്തും സജീവമായി പ്രവർത്തിക്കുന്ന) സ്റ്റാനിസ്ലോവിസ്‌പിയാൻസ്‌കി (പോളണ്ട്)യുടെ കവിതാശകലത്തിലെ ആത്മഗതം ഇങ്ങനെ.
‘എന്റെ ആകാശയാത്രയ്‌ക്കിടെ
ഒരു തേജോരൂപമായി
എന്നെ കാണുകയാണെങ്കിൽ
എന്നെ നിങ്ങൾക്കിഷ്ടമാണെങ്കിൽ
എനിക്കറിയാവുന്ന ഭാഷയിൽ
എന്നെ താഴേക്കു വിളിക്കൂ.’
സ്വപ്‌നാത്മകമായ അന്തരീക്ഷത്തിലൂടെ ആസ്വാദകരെ വിളിക്കുകയാണ് കവിതയിലെങ്കിൽ സ്വപ്‌നസഞ്ചാരത്തിനിടയിൽനിന്ന് കെ പി തോമസ് ആസ്വാദകരെ നിശബ്ദമായി വിളിക്കുന്നത് വർണമേളനങ്ങളിലൂടെയാണ്‐ ചിത്രങ്ങളിലൂടെയാണ്. സ്വന്തം ജീവിതാനുഭവങ്ങളും ജിവിതക്കാഴ്‌ചകളും തുറന്നുകാട്ടുന്ന ഉൾക്കൊഴ്‌ചകളിലേക്കാണ് തോമസിന്റെ കാഴ്‌ചാനുഭവം ആത്മഗതമായി രൂപപരിണാമം സംഭവിക്കുന്നത്. വിവിധ ശൈലീസങ്കേതങ്ങളിലൂടെ വിവിധ മാധ്യമങ്ങളിൽ സ്വതന്ത്രമായ രചനകളായും പരീക്ഷണാത്മകമായ രൂപനിർമിതികളായും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ആസ്വാദകരുമായി സംവദിക്കുന്നു.
ബാങ്ക് ഉദ്യോഗസ്ഥനായ കെ പി തോമസിന്റെ ആദ്യകാല ചിത്രങ്ങൾ, ‘മാനന്തവാടി’യുടെ പച്ചപ്പിന്റെ ടോണുകളിലൂടെ അച്ചടിമഷി പുരണ്ട കടലാസിൽ കോറിയും നിറങ്ങൾ ചാലിച്ചുചേർത്തുമാണ് പുതുരൂപങ്ങളിലൂടെ തന്റെ ഉള്ളിലെ കലയെ അദ്ദേഹം രൂപപ്പെടുത്തിവന്നത്. ഗോത്രസംസ്‌കൃതിയുടെ ഉൾക്കരുത്തിൽനിന്ന് സ്വന്തം നാടിന്റെ ഊർജമുൾക്കൊണ്ട രൂപവും വർണവുമാണ് തോമസിൻെറ ചിത്രങ്ങൾ നമ്മോട് പറയുന്നത്. ഒപ്പം ചുറ്റുപാടുകളിൽനിന്ന് സ്വരൂപിക്കുന്ന ആത്മദർശനങ്ങൾ പ്രകൃതിചൂഷണത്തിനെതിരെയും ആദിവാസി ഗോത്രജനതയുടെ ജീവിതവിഹ്വലതകളിലേക്കും ചിത്രകാരന്റെ കാഴ്‌ചയെത്തുന്നതിന്റെ പ്രതിഫലനങ്ങളായും കാണാവുന്നതാണ്. മനുഷ്യൻ മനുഷ്യനായി ജീവിക്കുക എന്ന മനുഷ്യനിലനിൽപ്പിനായുള്ള ചിന്തയിലൂന്നിനിന്നാണ് തോമസ് തന്റെ ചിത്രതലങ്ങൾ സമ്പന്നമാക്കിയിട്ടുള്ളത്. കാടിന്റെയും ഗ്രാമത്തിന്റെയും അതിർത്തികൾക്കപ്പുറത്തേക്ക് കടന്നുപോകുന്ന നിരവധി ദൃശ്യങ്ങൾ. മരച്ചില്ലകൾക്കിടയിലൂടെ പരക്കുന്ന നിലാവും നക്ഷത്രങ്ങളും അവിടെ ചിതറിവീണു കിടക്കുന്നതുപോലെ മനുഷ്യരും‐ പല രൂപമാതൃകകളിൽ. ഈ കാഴ്‌ചകളിൽനിന്ന് മാറിയ സമീപനം പുതിയ ചിത്രങ്ങളിൽ കാണാം.
വിശാലമായ അറിവുകളിലേക്ക്, പ്രകൃതിയും സൗന്ദര്യവും ലാളിത്യവും ചേർന്നുള്ള സത്യത്തിനപ്പുറത്തെ കാഴ്‌ചകളിലേക്ക് വീഴുന്ന നിഴലും വെളിച്ചവുമാണ് തന്റെ ചിത്രതലമെന്ന് പ്രഖ്യാപിക്കുന്ന കലാകാരനെയാണ് തോമസിൽ കാണാനാവുക. ഏകാന്തതയും എന്നാൽ സൗഹൃദവും ചേരുന്ന പശ്ചാത്തലം മിക്ക ചിത്രങ്ങളിലും ദൃശ്യമാണ്. ആഖ്യാനത്തിലെ വിശുദ്ധിയും വികാസവുമൊക്കെ പ്രകടമാക്കുന്നതോടൊപ്പം സങ്കൽപങ്ങളിലെ ദൃഢതയും ജീവിതത്തോട് വിശ്വാസ്യത പുലർത്തുന്ന സൗന്ദര്യവും പ്രതീകാത്മകരൂപങ്ങളും അസാധാരണ ദൃശ്യബോധവും ചിത്രങ്ങളിലുണ്ട്. പ്രകൃതിയുടെ സവിശേഷ ഭാവതലങ്ങളോട് ചേരുന്ന ഇരുളും വെളിച്ചവും കാറ്റും മഴയും വെയിലും മഞ്ഞും നിറഞ്ഞ നിറക്കാഴ്‌ചകൾ ആസ്വാദകർക്കു മുന്നിൽ മറ്റൊരു ദൃശ്യവിരുന്നായി കെ പി തോമസ് വരച്ചിട്ടിരിക്കുന്നു. ഇവിടെ നിറങ്ങൾക്കൊപ്പം കൊളാഷ് ഉൾപ്പെടെ യുള്ള വിവിധ മാധ്യമങ്ങൾ ഇഴചേർന്നു നിൽക്കുന്നു. ഇവിടെ ജീവിതം ഒരു സാധ്യതയാണെന്നും ആ മഹത്തായ സാധ്യതയെ സാക്ഷാത്‌കരിക്കാൻ വിശാലമായ ഒരു ബോധാന്തരീക്ഷം ആവശ്യമാണെന്നും ചിത്രകാരൻ സൂചിപ്പിക്കുന്നു. ചിത്രകാരന്റെ മനസ്സ് തുറക്കുന്ന ആത്മഭാഷണങ്ങളിൽ വികാരംകൊണ്ടുള്ള നിറങ്ങൾക്കാണ് പ്രാധാന്യമെന്നും ചിത്രകാരൻ അടയാളപ്പെടുത്തുന്നു. നിയതമായ ചട്ടക്കൂടുകളിൽനിന്ന് സ്വതന്ത്രമായി നിറങ്ങളും രൂപങ്ങളും താളബോധത്തോടെയും ലാളിത്യബോധത്തോടെയും തോമസ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
കെ പി തോമസിന്റെ നാൽപതോളം പുതിയ പെയിന്റിംഗുകളുടെ പ്രദർശനം ഡോ. രഞ്‌ജു ക്യൂറേറ്ററായ ആർട്ട് ലീഥ് പ്രോജക്ടാണ് സംഘടിപ്പിച്ചത്. പ്രദർശനം ചലച്ചിത്രകാരൻ കെ പി കുമാരൻ ഉദ്‌ഘാടനം ചെയ്‌തു. പ്രദർശനത്തോടനുബന്ധിച്ച് ചേർന്ന കലാചർച്ചകളിലും സംവാദങ്ങളിലും ചിത്രകാരരടക്കമുള്ള ചലച്ചിത്ര സാംസ്‌കാരികമേഖലയിലെ പ്രമുഖർ പങ്കെടുത്തു. l