മാനവരാശിയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ അസർബൈജാനിലെ ബാക്കുവിന്റെ ഹൃദയഭാഗത്താണ് കോപ് 29 എന്നറിയപ്പെടുന്ന 29-–ാമത് യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം നടന്നത്. കാലാവസ്ഥാ പ്രതിസന്ധി അമൂർത്തമായ ഭീഷണിയിൽ നിന്ന് ജീവിത യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് നവംബർ 11 മുതൽ 23 വരെ COP29 അരങ്ങേറിയത്. എന്നാല്‍ പ്രധാന തീരുമാനം ഉണ്ടാകേണ്ടിയിരുന്ന കാലാവസ്ഥ നഷ്ടപരിഹാര ഫണ്ടിനെക്കുറിച്ച് വ്യക്തവും സുതാര്യവുമായ തീരുമാനങ്ങളെടുക്കാതെയാണ് ഉച്ചകോടി അവസാനിച്ചത്. മൂന്നു പതിറ്റാണ്ടുകളായി ലോകം കാലാവസ്ഥാ ഉച്ചകോടികള്‍ക്ക് വേദിയാകുന്നു. എന്നാല്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ തടയാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാര്‍ബണ്‍ ബഹിര്‍ഗമനം കൂടികൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ‘‘കാലാവസ്ഥാ നാശത്തിലെ ഒരു മാസ്റ്റര്‍ ക്ലാസ്” എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് 2024-നെ വിശേഷിപ്പിച്ചത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരോട് മലിനീകരണം അടിയന്തരമായി കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത അജൻഡയിലെ പ്രഥമ പരിഗണനാ വിഷയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്താണീ ‘കോപ്പ്'(cop)
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1992 ജൂൺ അഞ്ചാം തീയതി ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ചുനടന്ന ‘ഭൗമ ഉച്ചകോടി’ യുടെ ഭാഗമായി അംഗീകരിക്കപ്പെട്ട ഉടമ്പടികളിൽ ഒന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ (United Nations Framework Convention on Climate Change, UNFCC). ഈ ഫ്രെയിംവർക്ക് ഉടമ്പടി 27 അംഗ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 198 പാർട്ടികൾ ഒപ്പിട്ട് അംഗീകരിച്ചതോടെ 1994 മാർച്ച് 21-ന് നിലവിൽ വന്നു; ഇതിൽ ഒപ്പുവെച്ച രാജ്യങ്ങളാണ് കൺവെൻഷന്റെ പാർട്ടികൾ’. കാലാവസ്ഥാ സംവിധാനത്തിൽ അപകടകരമായ മനുഷ്യ ഇടപെടൽ തടയുക എന്നതാണ് UNFCC യുടെ ആത്യന്തികലക്ഷ്യം. പാർട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എല്ലാ വർഷവും ബന്ധപ്പെട്ട കക്ഷികളുടെ കോൺഫറൻസ് നടത്താറുണ്ട്, അതാണ് ‘കോൺഫറൻസ് ഓഫ് പാർട്ടീസ്’ അഥവാ COP. ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോത് കുറയ്ക്കാനും, കാലാവസ്ഥാ വ്യതിയാനങ്ങളെയും, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കുറയ്ക്കാനുമുള്ള നയരൂപീകരണമാണ് ഇതിന്റെ ലക്ഷ്യം.
ബാക്കുവിലെ ചർച്ചകളും പ്രതികരണങ്ങളും
2030 ഓടുകൂടി ആഗോള താപനവര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തണമെന്നതാണ് പ്രധാന തീരുമാനം.
ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ആഗോളതലത്തില്‍ 42 ശതമാനത്തോളം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതെന്നാണ് അടുത്തയിടെ ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴുള്ള 45 ശതമാനത്തില്‍ നിന്നു കാര്‍ബണിന്റെ പുറന്തള്ളല്‍ 2030 ഓടുകൂടി 10 ശതമാനത്തിലെത്തിക്കുമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. എല്ലാ രാജ്യങ്ങളും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആഗോള താപനം അപകടകരമായ 2.8 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് കണക്കപ്പെടുന്നത്.
അടുത്തയിടെ കൗണ്‍സില്‍ ഓൺ എനര്‍ജി, എന്‍വയോൺമെന്റ് ആന്‍ഡ് വാട്ടര്‍ (CEEW) നടത്തിയ പഠനങ്ങളില്‍ വികസിത രാജ്യങ്ങളാണ് ആഗോള കാര്‍ബണ്‍ പുറന്തള്ളലിന്റെ മൂന്നിലൊന്നിനും ഉത്തരവാദിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ കണ്ടെത്തല്‍ ഗൗരവമായെടുക്കേണ്ടതുണ്ട്. 2030 ഓടെ ലോകത്തുണ്ടാകാന്‍ സാധ്യതയുള്ള 38 ശതമാനം കാര്‍ബണ്‍ പുറന്തള്ളലിനും ഉത്തരവാദികള്‍ ഈ രാജ്യങ്ങളായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
വികസ്വര രാജ്യങ്ങളെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന വികസിത രാജ്യങ്ങള്‍, നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ പതിവുപോലെ തികഞ്ഞ മൗനം പാലിച്ചു എന്നതാണ് ഇവിടെയും നടന്നത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നഷ്ടപരിഹാര ഫണ്ട് ഉപയോഗിക്കുന്നത്. ഇതു ലഭിക്കാത്തതു മൂലം, നഷ്ടം ഇരട്ടിക്കുന്നെന്ന് ഉച്ചകോടിയില്‍ ഇന്ത്യ പറയുകയും ചെയ്തു. ഊര്‍ജ സംഭരണത്തെയും ഗ്രിഡിനെയും കുറിച്ചുള്ള പ്രഖ്യാപനങ്ങളുണ്ടായിട്ടും ഫോസില്‍ ഇന്ധന വ്യവസായികളുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് COP 29 നെയും നയിച്ചതെന്ന് പറയാതെ വയ്യ.
COP29 ല്‍ ഊര്‍ജ സംക്രമണം, ഫോസില്‍ ഇന്ധനങ്ങള്‍, ആഗോള കാലാവസ്ഥാ പ്രതിസന്ധി, ആഗോള കാര്‍ബണ്‍ ബജറ്റ് എന്നിവയുടെ കാര്യത്തില്‍ പുതിയ കണ്ടെത്തലുകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. 2024 ല്‍ ആഗോള ഫോസില്‍ കാര്‍ബണ്‍ ( CO2) ബഹിര്‍ഗമനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച 0.8 ശതമാനം ഉയരുമെന്നു കണക്കാക്കിയിട്ടുണ്ട്. 2015 നെ അപേക്ഷിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ 8 ശതമാനം കൂടുതലുമാണ്. 120 ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠന റിപ്പോര്‍ട്ടനുസരിച്ച്, നിലവിലെ നിരക്കില്‍, ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള സാധ്യത 50 ശതമാനം മാത്രമാണ്. അതിനാല്‍ കാര്‍ബണ്‍ ബജറ്റ് 2025 ജനുവരി മുതല്‍ ആറ് വര്‍ഷത്തേക്ക് മതിയാകുമെന്ന് യുഎന്‍ഇപി മുന്നറിയിപ്പു നല്‍കുന്നു. ഇപ്പോഴത്തെ തോതിലുള്ള ഹരിതഗൃഹ വാതക ബഹിര്‍ഗമനം തുടര്‍ന്നാല്‍ 2100-ഓടെ ഇത് 3.1°C താപനിലയിലേക്കെത്തും.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. COP30 ന്റെ ആതിഥേയരായ ബ്രസീലും ബഹിര്‍ഗമനം കുറയ്ക്കല്‍ ലക്ഷ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം 2005-ല്‍ നിന്ന് 59-–67 ശതമാനം കുറയ്ക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 2035-ഓടെ വനനശീകരണം പൂജ്യമാക്കുക എന്നതും പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്.
1990-നെ അപേക്ഷിച്ച് 2035-ഓടെ 81 ശതമാനം പുറന്തള്ളല്‍ കുറയ്ക്കാനാണ് ലക്ഷ്യമെന്ന് ബ്രിട്ടൻ പറയുന്നു. രാജ്യം ഈ വര്‍ഷാദ്യം അവസാന ഫോസില്‍ ഇന്ധന പ്ലാന്റും അടച്ചുപൂട്ടിയിട്ടുണ്ട്. 2030-ഓടെ വാതക ഉത്പാദനം ഘട്ടംഘട്ടമായി കുറയ്ക്കാനും എണ്ണ ഉത്പാദനത്തിന് പുതിയ ലൈസന്‍സുകള്‍ നല്‍കുന്നത് നിരോധിക്കാനും പദ്ധതിയിടുന്നു.
COP29-ലെ NDC (Nationally Determined Contributions under Paris Agreement) പ്രഖ്യാപനങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് പിന്തുടരാനും അവരുടെ പ്രതിജ്ഞകള്‍ 2025-ല്‍ പുറത്തിറക്കാനും COP 29 വേദിയൊരുക്കിയിട്ടുണ്ട്. ലോകത്തു നിലവിലുള്ള ഭൗമ രാഷ്ട്രീയ സ്ഥിതിഗതികളും, പ്രകൃതി ദുരന്തങ്ങളും ചര്‍ച്ചയില്‍ കൂടുതല്‍ ഇടംനേടി.
കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ ബാറ്ററിയുടെ സ്റ്റോറേജ് കപ്പാസിറ്റി ആറിരട്ടിയാക്കാനും, ഇലക്ട്രിക് നെറ്റ് വര്‍ക്കിംഗ് സംവിധാനം ഊര്‍ജിതപ്പെടുത്താനും, ജൈവാവശിഷ്ടങ്ങളില്‍ നിന്നുള്ള മീഥൈന്‍ ബഹിര്‍ഗമനം കുറയ്ക്കാനുമുള്ള നിര്‍ദേശങ്ങളാണ് അസര്‍ബൈജാന്‍ മുന്നോട്ടുവച്ചത്.
ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള COP28 ന്റെ പ്രതിബദ്ധത ബാക്കുവിൽ ശക്തമായി രാജ്യങ്ങൾ ഉയർത്തിയില്ല. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ചർച്ചകളിലെ “ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം” (transition away) ശക്തിപ്പെടുത്താനുള്ള ശ്രമവും കണ്ടില്ല, COP29 ന്റെ അന്തിമ തീരുമാനങ്ങളിൽ ഇത് ആവർത്തിക്കുക മാത്രം ചെയ്തു. നാശ-നഷ്ട നിധി (loss and damage fund) സൃഷ്ടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ അപര്യാപ്തമായി തുടരുന്നു. COP 29 ല്‍ പങ്കെടുക്കുന്ന അംഗരാജ്യങ്ങള്‍ ഇപ്പോഴും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂര്‍ണമായും കുറയ്ക്കാനുള്ള വിഷയത്തില്‍ അഭിപ്രായ ഐക്യം കൈവരിച്ചിട്ടില്ല. മിക്ക രാജ്യങ്ങള്‍ക്കും പ്രാദേശിക തലത്തില്‍ ഉണ്ടാകേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. 2030 ഓടുകൂടി പാരമ്പര്യേതര ഊര്‍ജോത്പാദനം 500 ഗിഗാവാട്ട് ആക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വ്യക്തമായ ലക്ഷ്യം കണക്കാക്കിയിട്ടില്ല. കാലാവസ്ഥാ മാറ്റം തട്ടിപ്പാണെന്ന നിലപാടുള്ള നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പണം കൊടുക്കേണ്ടേതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
വികസിത രാജ്യങ്ങളുടെ വഞ്ചന
കോപ്പ് 29 ഫിനാൻസ് കോപ്പ് എന്ന് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബാക്കു ഉച്ചകോടി അവികസിത – വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളെ പൂർണമായും തള്ളിക്കളയുന്നതും അപമാനിക്കുന്നതും ആയി മാറി. കോപ് 29 ന്റെ അവസാന മണിക്കൂറുകളിൽ അവതരിപ്പിക്കപ്പെട്ട ധനകാര്യ കരട് രേഖ New Collective Qualified Goal (NCQG) കാലാവസ്ഥാപ്രതിസന്ധിയുടെ നേരിട്ടുള്ള ഇരകളായ ദക്ഷിണാർദ്ധഗോള രാജ്യങ്ങളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിന്നു എന്നതുമാത്രമല്ല കാർബൺ ഉത്ഗമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഉത്തരാർദ്ധ ഗോളത്തിലെ സമ്പന്ന രാഷ്ട്രങ്ങൾ വിസമ്മതിക്കുകയാണെന്ന പരസ്യ പ്രഖ്യാപനം കൂടിയായി മാറി.
Exxon Mobilഉം, Shellഉം, British Petroleumഉം അടങ്ങുന്ന പെട്രോളിയം കാർട്ടലുകളുടെ 1700 പ്രതിനിധികളാണ് ബാക്കു ഉച്ചകോടിയുടെ ബാക് റൂം ചർച്ചകളെ നിയന്ത്രിച്ചുകൊണ്ടിരുന്നത് എന്നത് ഒരു രഹസ്യമേ അല്ലാതായിരിക്കുന്നു. പെട്രോളിയം കമ്പനികൾ അരങ്ങുതകർത്ത കാലാവസ്ഥാ ചർച്ചകളുടെ അന്ത്യം ഇതല്ലാതെ മറ്റൊന്നുമാകില്ല.
ശാസ്ത്രം ശാസ്ത്രത്തിന്റെ വഴിക്കും, രാഷ്ട്രീയ ഭരണകൂടങ്ങള്‍ അവയുടെ വഴിക്കും സഞ്ചരിക്കുന്നു എന്നതാണ് കാലാവസ്ഥാ ഉച്ചകോടികള്‍ നമുക്ക് കാണിച്ചുതരുന്നത്.
പരിസ്ഥിതിനാശത്തെ വർദ്ധിച്ചുവരുന്ന ധനിക‐ദരിദ്ര അകലത്തിൽ കൂടി നോക്കിക്കാണണം. പണത്തിനുവേണ്ടിയുള്ള അത്യാർത്തിക്ക് മേൽക്കൈയുള്ള സമൂഹമാണ് നമ്മുടേത്. മുതലാളിത്ത സമൂഹം. ഈ പണാധിപത്യ വ്യവസ്ഥ പരിസ്ഥിതി നശീകരണത്തെ ഒരു തൊഴിലാക്കി മാറ്റുന്നു. ദരിദ്രർ അത് ചെയ്യാൻ നിർബ്ബന്ധിതരാവുന്നു. ദരിദ്രമനുഷ്യൻ വെറും ഇരയാണ്. സാധാരണ മനുഷ്യനല്ല പരിസ്ഥിതിനാശകൻ. മനുഷ്യർക്കിടയിൽ പുലരുന്ന സാമൂഹ്യ വ്യവസ്ഥയാണ്. എന്തു ചെയ്തും കൊള്ളലാഭം കൊയ്യുക എന്ന മുതലാളിത്ത ചിന്തയാണ് പരിസ്ഥിതിയെ തകർക്കുന്നത്. അതുകൊണ്ട് പരിസ്ഥിതിക്കുവേണ്ടിയുള്ള എല്ലാ പരിശ്രമവും പണാധിപത്യ വ്യവസ്ഥ യോടുള്ള കലഹമായി രൂപാന്തരപ്പെടേണ്ടതുണ്ട്. l