വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 60
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കാണ് വിദ്യാർഥിപ്രസ്ഥാനത്തിന്റേത്. പ്രസ്ഥാനമെന്നനിലയിൽ രൂപപ്പെടുന്നതിന് മുൻപുതന്നെ വിദ്യാർഥികൾ സ്വമേധയാ കലാലയങ്ങൾ ബഹിഷ്കരിച്ചും അല്ലാതെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ അണിനിരന്നു. കേരളത്തിൽ ഇ.എം.എസ്സും സി.കെ.ഗോവിന്ദൻനായരും അടക്കമുള്ള മിക്കനേതാക്കളും വിദ്യാലയം ബഹിഷ്കരിച്ചാണ് ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ അണിനിരന്നത്. സംഘടിതവിദ്യാർഥിപ്രസ്ഥാനം രൂപപ്പെടാൻ പിന്നെയും കുറേക്കാലമെടുത്തു. ദേശീയപ്രസ്ഥാനത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ച വിദ്യാർഥിപ്രസ്ഥാനത്തിന്റെ ചരിത്രം ഇപ്പോഴും ശരിയാംവിധം ലഭ്യമല്ല. ഉദാഹരണത്തിന് കേരളത്തിലെ കാര്യം മാത്രമെടുക്കാം. അഖിലേന്ത്യാതലത്തിൽത്തന്നെ വിദ്യാർഥിപ്രസ്ഥാനത്തിന്റെ ആദ്യനേതാക്കളിലൊരളായ സമാധാനം പരമേശ്വരനെക്കുറിച്ച് ചരിത്രത്തിന് മൗനമല്ലേ.. തിരുവിതാംകൂറിൽ വിദ്യാർഥിപ്രസ്ഥാനം കെട്ടിപ്പടുക്കാൻ മലബാറിൽനിന്ന് പോയ എ.കെ.നാരായണനെക്കുറിച്ച് ചരിത്രത്തിന് മൗനമല്ലേ. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ മൈതാനത്ത് നാരായണൻ പ്രസംഗിക്കുകയും കൊടിയ മർദനം ഏറ്റുവാങ്ങുകയും ചെയ്തിനെപ്പറ്റി ദൃക്സാക്ഷിയായ കെ.സി.ജോർജ് ആത്മകഥയിൽ പരാമർശിക്കുന്നു. കെ.പി.ആർ.ഗോപാലനെപ്പറ്റി കൃഷ്ണപിള്ള എഴുതിയ ലഘുലേഖയിൽ തിരുവിതാംകൂറിൽ വിദ്യാർഥിപ്രസ്ഥാനം സംഘടിപ്പിച്ച എ.കെ.നാരായണനെക്കുറിച്ച് പറയുന്നു‐ പക്ഷേ നാരായണൻ എവിടത്തുകാരനായിരുന്നുവെന്നോ വിദ്യാർഥികാലഘട്ടത്തിനുശേഷമുള്ള പ്രവർത്തനത്തെക്കുറിച്ചോ ഒന്നുമില്ല, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുപോലുമോ അറിയുന്നവരാരുമില്ല. കെ.പി.ആറിന്റെ ബന്ധുവെന്ന് കൃഷ്ണപിള്ള എഴുതിയിട്ടുണ്ട്, പെരളശ്ശേരിക്കാരനെന്നും എ.കെ.ജി.യുടെ ബന്ധുവെന്നും വേറെ ചിലരുടെ പരാമർശങ്ങളുമല്ലാതെ രണ്ടിനും സ്ഥിരീകരണമില്ല.
സമാധാനം പരമേശ്വരൻ കൊച്ചിയിലെ സി.ഐ.സി.സി. ബുക് ഹൗസിന്റെ സ്ഥാപകനെന്ന നിലയിൽ പ്രസിദ്ധനാണ്. ലോകസമാധാനപ്രസ്ഥാനത്തിന്റെ കേരളത്തിലെ ഏറ്റവും പ്രധാനിയായ സംഘാടകനും നേതാവുമായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ഉത്തരേന്ത്യയിലും തുടർന്ന് മലബാറിലും മദ്രാസിലും വിദ്യാർഥിപ്രസ്ഥാനം സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിൽ പങ്കാളിയായ കമ്മ്യൂണിസ്റ്റുനേതാവ്. ഈ പംക്തിയിൽ പി.എസ്. നമ്പൂതിരിയെക്കുറിച്ചുള്ള അധ്യായത്തിൽ വി.പരമേശ്വരൻ എന്ന സമാധാനം പരമേശ്വരൻ യാദൃച്ഛികമായാണ് കടന്നുവന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ച സമാന്തര തപാൽ സംവിധാനം, അതിന്റെ ഹെഡ് പോസ്റ്റ് ഓഫീസായി കോഴിക്കോട്ട് ഒരു കെട്ടിടം. അവിടെ ചുമതലക്കാരുടെ കൂട്ടത്തിൽ വി.പരമേശ്വരൻ എന്ന സമാധാനം പരമേശ്വരൻ.
കാശിയിൽവെച്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വംനേടിയ കെ.ദാമോദരന്റെ ഏറ്റവുമടുത്ത സഹപ്രവർത്തകനും സഹപാഠിയുമായിരുന്നു പരമേശ്വരൻ. കേരളത്തിൽ പാർട്ടിയുടെ അംഗത്വം നൽകാൻ തുടങ്ങുന്നതിനുംമുമ്പുതന്നെ, അതായത് 1938‐ൽ പാർട്ടിയിൽ അംഗത്വംനേടിയ ആളാണ് വി.പരമേശ്വരൻ. പൊന്നാനി താലൂക്കിലെ വളാഞ്ചേരിയിൽ കെ.ടി.രാമക്കുറുപ്പിന്റെയും വെള്ളാട്ട് നാരായണിയമ്മയുടെയും മകനായി 1916 ജനുവരി 12‐നാണ് പരമേശ്വരൻ ജനിച്ചത്. 16 വയസ്സുള്ളപ്പോൾ കോഴിക്കോട്ട് നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കാൻ ആവേശത്തോടെ എത്തുകയായിരുന്നു ആ കുട്ടി. വിദേശവസ്ത്രബഹിഷ്കരണസമരത്തിലും മദ്യഷാപ്പ് പിക്കറ്റിങ്ങിലും പങ്കെടുത്ത് അറസ്റ്റിലായ പരമേശ്വരനെ രണ്ടാഴ്ചത്തെ റിമാന്റിന് ശേഷം അഞ്ചുമാസത്തെ തടവിന് ശിക്ഷിച്ചു. കോഴിക്കോട് സബ് ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക്. രണ്ടാം നിയമലംഘനസമരത്തെ തുടർന്ന് മലബാറിലെ കോൺഗ്രസ് നേതാക്കളിൽ വലിയൊരുഭാഗംപേർ അന്ന് കണ്ണൂർ ജയിലിലുണ്ടായിരുന്നു. കോൺഗ്രസ്സിലെ ഇടതുപക്ഷധാരയെക്കുറിച്ച് മനസ്സിലാക്കുന്നത് ജയിലിൽവെച്ചാണ്. 1933 ആഗസ്റ്റിൽ ജയിൽമോചിതനായശേഷം ജന്മനാടായ വളാഞ്ചേരിയും കോഴിക്കോടും കേന്ദ്രീകരിച്ച് ഖാദി പ്രവർത്തനവും മറ്റുമായി ഏതാനും മാസക്കാലം. 1934‐ൽ ബോംബെയിൽ നടന്ന കോൺഗ്രസ് ദേശീയസമ്മേളനത്തിൽ പരമേശ്വരൻ പങ്കെടുത്തു. അവിടെവെച്ച് പി.കൃഷ്ണപിള്ളയാണ് ആചാര്യ നരേന്ദ്രദേവിനെ പരിചയപ്പെടുത്തുന്നത്. പരമേശ്വരൻ തുടർന്ന് പഠിക്കണം, അതിന് കാശി വിദ്യാപീഠത്തിൽ ചേരണം. നരേന്ദ്രദേവാണ് വിദ്യാപീഠത്തിന്റെ നേതൃരംഗത്ത് പ്രവർത്തിക്കുന്നവരിലൊരാൾ.
കെ.ദാമോദരനെ കാശി വിദ്യാപീഠത്തിൽ ചേരാൻ പ്രേരിപ്പിക്കുന്നതും കൃഷ്ണപിള്ളയാണ്. ദാമോദരൻ കാശിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് പരമേശ്വരൻ പോകുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ വലിയൊരു പ്രചോദനകേന്ദ്രമായാണ് കാശി വിദ്യാപീഠം അറിയപ്പെട്ടത്. കോൺഗ്രസ്സിലെ ഇടതുപക്ഷധാരയുടെയും കേന്ദ്രം. ആചാര്യ നരേന്ദ്രദേവിന് പുറമെ സമ്പൂർണാനന്ദ്, ശ്രീപ്രകാശ് തുടങ്ങിയവരും അവിടെ അധ്യാപകർ. സോഷ്യലിസ്റ്റ് ആശയഗതിയിലേക്കുള്ള ഒരു അനൗദ്യോഗിക റിക്രൂട്ടിങ്ങ് കേന്ദ്രംപോലെയായി ഭവിച്ച സ്ഥാപനം. 1934‐ൽ കൃഷ്ണപിള്ളയുടെ പ്രേരണകാരണം ഒരു വർഷത്തെ കോഴ്സിന് ചേർന്ന പരമേശ്വരൻ അതിന്റെ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങിയില്ല. സംസ്കൃതത്തിൽ ഒരു പഞ്ചവത്സര കോഴ്സിനുകൂടി ചേരുകയായിരുന്നു. ആ ഘട്ടത്തിലാണ് തൊള്ളായിരത്തി മുപ്പത്താറിലെ ലഖ്നൗ കോൺഗ്രസ് നടക്കുന്നത്. ദാമോദരനും പരമേശ്വരനും കൃഷ്ണസ്വാമിയെന്ന മറ്റൊരു വിദ്യാർഥിയും സമ്മേളനത്തിൽ പങ്കെടുത്തു. വളന്റിയർമാരായിരുന്നു അവർ. വിദ്യാർഥികൾക്കും കൃഷിക്കാർക്കും ഇതരവിഭാഗങ്ങൾക്കുമെല്ലാമായി ബഹുജനസംഘടനകൾ രൂപീകരിക്കണമെന്ന് ലഖ്നൗ കോൺഗ്രസ് തീരുമാനിച്ചിരുന്നു. വിദ്യാർഥിസംഘടന രൂപീകരിക്കാൻ ദാമോദരനും പരമേശ്വരനും കൃഷ്ണസ്വാമിയും കാശിവിദ്യാപീഠത്തിലെ ക്ലാസുകളിലും ഹോസ്റ്റൽ മുറികളിലും കയറിയിറങ്ങി പ്രചരണം തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവിശ്യാ കമ്മിറ്റി സെക്രട്ടറിയായ ആർ.ഡി.ഭരദ്വാജ് ഹോസ്റ്റലുകളിൽ രഹസ്യമായെത്തി ക്ലാസുകൾ നൽകി. അങ്ങനെ ബനാറസ് കേന്ദ്രീകരിച്ച് സംഘടന രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കെയാണ് ലക്നൗവിൽ വിദ്യാർഥി സമ്മേളനം വിളിച്ചതായി വിവരം കിട്ടുന്നത്. ലഖ്നൗ സർവകലാശാലയിലെ അളാസർ അർവാണി വിദേശത്ത് പഠനംകഴിഞ്ഞെത്തിയ സജ്ജാദ് സഹീർ, സജ്ജാദ് അഹ്മദ് എന്നിവരാണ് ലഖ്നൗവിലെ വിദ്യാർഥി സമ്മേളനത്തിന്റെ പ്രധാന സംഘാടകർ. കൊൽക്കത്തയിൽനിന്ന് ബിശ്വനാഥ് മുഖർജിയടക്കമുള്ളവരും സമ്മേളനത്തിനെത്തി. ബനാറസ്സിൽനിന്ന് പരമേശ്വരനടക്കമുള്ളവരും. കെ.ദാമോദരൻ അതിനകംതന്നെ കേരളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ലഖ്നൗവിൽ അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷൻ രൂപംകൊണ്ടു. ഈ സമ്മേളനത്തിന്റെകൂടി വെളിച്ചത്തിലാണ് ബനാറസ് സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിച്ചത്. സെക്രട്ടറിയായി പരമേശ്വരനെ തിരഞ്ഞെടുത്തു. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് യൂണിയൻ പ്രവർത്തിച്ചത്. കാമ്പസ്സിൽ പ്രകടനത്തിനും പ്രസംഗത്തിനമുള്ള അവകാശം കവരുന്നതിനെതിരായി സംഘടന നിരന്തരസമരം നടത്തി. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ബി.എസ്.യു. യുദ്ധവിരുദ്ധ പ്രചരണവുമായി മുന്നോട്ടുപോയി. നിരന്തരം പ്രകടനവും വിശദീകരണയോഗങ്ങളും. ഈ സമയമാവുമ്പോഴേക്കും ബി.എസ്.യു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലായിക്കഴിഞ്ഞിരുന്നു. പ്രധാന പ്രവർത്തകരെല്ലാം രഹസ്യമായി പാർട്ടിപ്രവർത്തകർ. ആഴ്ചകളോളം നടത്തിയ പ്രചരണത്തിനുശേഷമാണ് ബനാറസ്സിൽ വിദ്യാർഥികളുടെ യുദ്ധവിരുദ്ധറാലി നടത്തിയത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് റാലിയിൽ പങ്കെടുത്തത്. റാലി നടത്തിയതിന്റെ പേരിൽ പരമേശ്വരനെ പോലീസ് അറസ്റ്റുചെയ്തു. എന്നാൽ കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ജാമ്യവ്യവസ്ഥകൾ പാലിക്കാതെ വീണ്ടും പ്രവർത്തനം സജീവമായി തുടർന്നതോടെ പരമേശ്വരനെ ഉത്തരപ്രവിശ്യയിൽനിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കി. ഇതേത്തുടർന്ന് കേരളത്തിലെത്തിയ പരമേശ്വരനെ കൃഷ്ണപിള്ള ഏല്പിച്ച ദൗത്യം വിദ്യാർഥിസംഘടന കെട്ടിപ്പടുക്കുകയെന്നതാണ്. മലബാറിൽ അക്കാലത്ത് കല്ലാട്ട് കൃഷ്ണന്റെയും ഇമ്പിച്ചിബാവയുടെയുമെല്ലാം നേതൃത്വത്തിൽ വിദ്യാർഥിപ്രസ്ഥാനത്തിന്റെ പ്രവർത്തനം വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇ.എം.എസ്സും അച്യുതമേനോനുമെല്ലാം പഠിച്ച തൃശൂർ സെന്റ്തോമസ് കോളേജിൽ സംഘടനയുണ്ടാക്കാനാണ് പരമേശ്വരനും കൂട്ടരും ആദ്യം ശ്രമം നടത്തിയത്. പിൽക്കാലത്ത് വ്യവസായപ്രമുഖനായിത്തീർന്ന ചാക്കുണ്ണി, വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ച ചിത്രൻ നമ്പൂതിരിപ്പാട്, കവി പി.ഭാസ്കരൻ, സി.ജനാർദനൻ തുടങ്ങിയവരുൾപ്പെട്ട യൂണിറ്റ് അവിടെ രൂപീകരിച്ചു. അടുത്തതായി പാലക്കാട് വിക്ടോറിയാ കോളേജിലാണ് യൂണിറ്റുണ്ടാക്കിയത്. അഷ്ടമൂർത്തി, അദ്ദേഹത്തിന്റെ സഹോദരൻ യജ്ഞമൂർത്തി, ഒളപ്പമണ്ണ സഹോദരന്മാർ തുടങ്ങിയവർ അവിടെ കാഡർമാരായി. ഇങ്ങനെ എല്ലാ മേഖലയിലും പ്രവർത്തകരും യൂണിറ്റും വന്നതോടെയാണ് 1942 ആദ്യം പരമേശ്വരന്റെയും കവി കെ.പി.ജി.നമ്പൂതിരിയുടെയും നേതൃത്വത്തിൽ തൃശൂരിൽ വിദ്യാർഥിപ്രസ്ഥാനത്തിന്റെ സംസ്ഥാനതല സമ്മേളനം ചേർന്നത്. പാർവതി കുമാരമംഗലമാണ് സമ്മേളനം ഉദ്ഘാടനംചെയ്തത്. ഈ ഘട്ടത്തിലും തിരുവിതാംകൂറിൽ സംഘടിതവിദ്യാർഥിപ്രസ്ഥാനത്തിന്റെ പ്രവർത്തനം നാമമാത്രമായിരുന്നു. ഉത്തരവാദഭരണകാലത്ത് വിദ്യാർഥികൾ പ്രവർത്തനരംഗത്ത് സജീവമായിരുന്നെങ്കിലും കേന്ദ്രീകൃതസംഘടനയുടെ ഭാഗമായി സംഘടിതവിദ്യാർഥിപ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുകയായിരുന്നു. തിരുവിതാംകൂറിലെ പാർട്ടി നേതാവായ കെ.സി.ജോർജിന്റെ നിർദേശാനുസരണം പരമേശ്വരൻ ആഴ്ചകളോളം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. പിൽക്കാലത്ത് പാർട്ടിയുടെ പ്രമുഖനേതാവായ എ.കെ.തമ്പി തിരുവിതാംകൂറിലെ കോ‐ഓഡിനേറ്ററായി രംഗത്തുവന്നു. ജില്ലാ ജഡ്ജിയുടെ മകനായ തമ്പിയുടെ രംഗപ്രവേശം വലിയ ആവേശമാണുണ്ടാക്കിയത്. മലബാറിൽ യജ്ഞമൂർത്തിയും കൊച്ചിയിൽ കെ.പി.ജി.യും തിരുവിതാംകൂറിൽ തമ്പിയും കോ‐ഓഡിനേറ്റർമാർ. അവരടങ്ങിയ സംസ്ഥാനതല സെൽ പ്രവർത്തനമാരംഭിച്ചു. പാർട്ടിതലത്തിലാണതിന്റെ പ്രവർത്തനം.
ക്വിറ്റ് ഇന്ത്യാസമരത്തിൽനിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുനിന്നത് മദ്രാസിലെ വിദ്യാർഥിസംഘടനയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. എ.ഐ.എസ്.എഫിന്റെ ഭാഗമായി മദ്രാസിൽ ഉണ്ടായിരുന്ന സംഘടന എം.എസ്.ഒ ആണ്. മദ്രാസ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ. ദക്ഷിണേന്ത്യയുടെ ഉന്നതവിദ്യാഭ്യാസതലസ്ഥാനം മദ്രാസാണ്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം അവിടെയാണ്. ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനം, പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധത്തെക്കുറിച്ചുള്ള നിലപാട് മാറ്റം‐ അത് ദഹിക്കാതെ നേതാക്കളിലും പ്രവർത്തകരിലും കുറെയധികംപേർ വിട്ടുപോവുകയോ മൗനത്തിലാവുകയോ ചെയ്തു. ഈ സാഹചര്യത്തിലാണ് കൃഷ്ണപിള്ളയും ഇ.എം.എസും പരമേശ്വരനെ കോഴിക്കോട്ടെ പാർട്ടി ആസ്ഥാനത്തേക്ക് വിളിപ്പിക്കുന്നത്. ഉടനെ മദ്രാസിൽ പോകണം, അവിടെ താമസമാക്കി എം.എസ്.ഒ.വിനെ പുനഃസംഘടിപ്പിക്കണം. അതാണ് നിർദേശം. മദ്രാസിൽ ഡോ.പി.കെ.ആർ.വാരിയർ, ദേവകി പള്ളം, കൊച്ചനിയൻ, കബീർ, എം.എസ്.ദേവദാസിന്റെ അനുജൻ ഗംഗാധരൻ തുടങ്ങിയവർ പ്രധാന പ്രവർത്തകരായി. കോളേജിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാൻ സമരം നടത്തി വിജയംവരിച്ചതോടെ സംഘടനക്ക് വിദ്യാർഥികളിൽ വലിയ മതിപ്പായി. ഹോസ്റ്റലുകളിൽനിന്ന് പുറത്താക്കിയവരെ പുനരധിവസിപ്പിക്കാൻ എം.എസ്.ഒ.വിന്റെ നേതൃത്വത്തിൽ സ്വന്തംനിലയ്ക്ക് ഹോസ്റ്റൽ തുടങ്ങി. നൂറോളം പേർ താമസിക്കുന്ന ആ ഹോസ്റ്റൽ മദ്രാസിലെ വിദ്യാർഥിസംഘടനാപ്രവർത്തനത്തിന് മാത്രമല്ല, വിപ്ലവപ്രസ്ഥാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഏറെ ഉപയോഗപ്പെട്ടു.
മലബാറിൽ 1945 ഏപ്രിൽ‐മെയ് മാസങ്ങളിൽ കോളറയും തുടർന്ന് വസൂരിയും പടർന്നുപിടിച്ചപ്പോൾ ആതുരശുശ്രൂഷയ്ക്കായി മദ്രാസ് സ്റ്റുഡന്റ്സ് ഓർഗനൈസേഷനാണ് പ്രത്യേക മെഡിക്കൽ സംഘത്തെ പാർട്ടിയുടെ നിർദേശത്തെ തുടർന്ന് അയച്ചത്. മദ്രാസ് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും എം.എസ്. ഒ. നേതാക്കളുമായ പി.കെ.ആർ.വാരിയർ, അനന്തനാരായണൻ, കാശിവിശ്വനാഥൻ എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നത്. ഇത്തരത്തിൽ മറ്റ് മേഖലകളിലേക്കും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘങ്ങളെ സംഘടന അയക്കുകയുണ്ടായി. ബംഗാളിൽ കടുത്ത ക്ഷാമവും പകർച്ചവ്യാധിയും ആയിരക്കണക്കിന് ജീവൻ കവരുന്ന കാലമായിരുന്നു അത്. ബംഗാളിലേക്ക് ദുരിതാശ്വാസപ്രവർത്തനത്തിന് മദ്രാസിൽനിന്ന് മെഡിക്കൽസംഘത്തെ അയച്ചു. എം.എസ്.ഒ.വിന്റെ പാർട്ടിതലചുമതലക്കാരനും എ.ഐ.എസ്.എഫിന്റെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമെന്ന നിലയിൽ ഇതിലെല്ലാം പരമേശ്വരൻ പ്രധാന പങ്കുവഹിച്ചു.
തൊള്ളായിരത്തി നാല്പതുകളുടെ ആദ്യം മദിരാശിയിൽ പരമേശ്വരൻ ഒളിവിലും തെളിവിലും പ്രവർത്തിക്കുമ്പോൾ കണ്ടെത്തിയ കാഡർമാരിലൊരാളാണ് പരേതനായ സി.പി.ഐ.എം. പോളിറ്റ്ബ്യൂറോ അംഗം പി.ആർ.സി. എന്ന് വിളിക്കുന്ന പി.രാമചന്ദ്രൻ. മദ്രാസിൽ വിദ്യാർഥിസംഘടനാപ്രവർത്തകനായ പി.ആർ.സിക്കും സഹപ്രവർത്തകരായ മറ്റ് ആറുപേർക്കുമായി ഒരു വീട്ടിൽവെച്ച് പരമേശ്വരൻ (ഒളിവിലെ പേര് ജോസഫ്) മാർക്സിസത്തിന്റെ പ്രാഥമിക പാഠങ്ങളിൽ ക്ലാസ് നൽകുകയും പാർട്ടിയിൽ അംഗത്വം നൽകുകയുംചെയ്തു. ഇക്കാര്യം പി.രാമചന്ദ്രൻ ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട്.
1948‐ൽ മദ്രാസിൽനിന്ന് അറസ്റ്റിലായ പരമേശ്വരനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറുമാസം ജയിലിലടച്ചു. പുറത്തിറങ്ങിയപ്പോൾ വീണ്ടും വാറന്റുണ്ടായതിനെ തുടർന്ന് ഒരു വർഷത്തോളം ഒളിവിൽ. 1949 അവസാനം വീണ്ടും അറസ്റ്റിലായി. പാർട്ടിക്കുമേലുള്ള നിരോധനം പിൻവലിക്കുന്നതുവരെ രണ്ട് വർഷത്തോളം വീണ്ടും ജയിലിൽ. 1952 ആദ്യം മുതൽ ലോകസമാധാനപ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചു. അഖിലേന്ത്യാ സമാധാനകൗൺസിലിന്റെ ജനറൽ സെക്രട്ടറിയും വേൾഡ് പീസ് കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചു. ഇതോടെ വി.പരമേശ്വരൻ സമാധാനം പരമേശ്വരൻ എന്നറിയപ്പെടാൻ തുടങ്ങി. l