Wednesday, December 18, 2024

ad

Homeഇവർ നയിച്ചവർജ്യോതിബസു: വിപ്ലവകാരിയായ ഭരണാധികാരി‐ 2

ജ്യോതിബസു: വിപ്ലവകാരിയായ ഭരണാധികാരി‐ 2

ഗിരീഷ്‌ ചേനപ്പാടി

മ്യൂണിസ്റ്റ്‌ പാർട്ടിയെ ബ്രിട്ടീഷ്‌ സർക്കാർ നിരോധിച്ചതോടെ പാർട്ടി നേതാക്കളും പ്രമുഖ പ്രവർത്തകരുമെല്ലാം ഒളിവിൽ പോയി. പാർട്ടി നേതാക്കൾക്ക്‌ സുരക്ഷിതമായ ഒളിവുസങ്കേതങ്ങൾ ഒരുക്കുക, പാർട്ടിയുടെ രഹസ്യസമ്മേളനങ്ങൾക്ക്‌ അനുയോജ്യമായ സ്ഥലം ഏർപ്പാടാക്കുക, പരസ്യപ്രവർത്തനവും രഹസ്യപ്രവർത്തനവും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുക എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ചുമതലകളാണ്‌ ജ്യോതിബസുവിനെ പാർട്ടി ഏൽപിച്ചത്‌.

സുഹൃത്തുക്കളിൽനിന്നും അഭ്യുദയകാംക്ഷികളിൽിന്നും ഫണ്ടു പിരിവു നടത്തുക എന്നതും ബസുവിന്റെ പ്രധാന ചുമതലകളിലൊന്നായിരുന്നു. കൂടാതെ രഹസ്യമായി സംഘടിപ്പിക്കപ്പെടുന്ന പാർട്ടി ക്ലാസുകളിൽ ക്ലാസെടുക്കുന്നതിനും പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നതിനും പാർട്ടി നേതൃത്വം ഈ കാലയളവിൽ യുവാവായ ബസുവിനെ നിയോഗിച്ചു.

1941 ജൂണിൽ ഹിറ്റ്‌ലറുടെ നാസി സൈന്യം സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചു. ഫാസിസ്റ്റ്‌ ശക്തികളെ പരാജയപ്പെടുത്താൻ സോവിയറ്റ്‌ യൂണിയനും ബ്രിട്ടനും അമേരിക്കയും ഒരു സന്ധിയിലേർപ്പെട്ടു. ഇതോടെ യുദ്ധത്തിന്റെ ഗതിയിൽ മാറ്റം ഉണ്ടായതായാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നിരീക്ഷിച്ചത്‌. പാർട്ടി നേതാക്കളിൽ മിക്കവരും ജയിലുകളിലും ഒളിവിലുമായിരുന്നു. ദീർഘകാലത്തെ ആലോചനകൾക്കുശേഷമാണ്‌ പാർട്ടി ഇങ്ങനെയൊരു നിലപാടെടുത്തത്‌. അതേക്കുറിച്ച്‌ ജ്യോതിബസു പറയുന്നു: ‘‘അന്നുമുതൽ (സോവിയറ്റ്‌ യുണിയൻ ആക്രമിക്കപ്പെട്ടതുമുതൽ) യുദ്ധം സാമ്രാജ്യത്വയുദ്ധമല്ല; ഫാസിസത്തിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യസമൂഹത്തിന്റെ യുദ്ധമാണ്‌. നമ്മുടെ അടിസ്ഥാനപരമായ കടമ ഫാസിസത്തെ നശിപ്പിക്കുവാൻ സകല ശക്തിയും ഉപയോഗിക്കുക എന്നതാണ്‌. ഫാസിസത്തിന്റെ പരാജയം നമ്മുടെ സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തും. ഇതായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിഗമനങ്ങളുടെ ചുരുക്കം’’.

1943ലെ ബംഗാൾ ക്ഷാമകാലത്ത്‌ അവിഭക്ത ബംഗാളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളും പ്രവർത്തകരും മുന്നിട്ടിറങ്ങി. 1943ൽ ബോംബെയിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒന്നാം കോൺഗ്രസ്‌ ചേരാൻ തീരുമാനിക്കപ്പെട്ടു. അതിനു മുന്നോടിയായി ബംഗാൾ പ്രവിശ്യ കമ്മിറ്റിയുടെ ഒന്നാം സമ്മേളനം ചേർന്ന്‌ ഏഴംഗങ്ങളുൾപ്പെട്ട പ്രവിശ്യ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആ ഏഴംഗങ്ങളിൽ ഒരാൾ ജ്യോതിബസുവായിരുന്നു.

1944 ആയപ്പോഴേക്കും രണ്ടാം ലോകയുദ്ധം സമാപിച്ചിരുന്നല്ലോ. ജ്യോതിബസുവിനെ പാർട്ടി നിയോഗിച്ചത്‌ തൊഴിലാളികളെ സംഘടിപ്പിക്കാനാണ്‌. തുറമുഖ ഡോക്ക്‌ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട്‌ മികച്ച സംഘാടകനെന്ന മികവ്‌ അദ്ദേഹം പ്രദർശിപ്പിച്ചു. റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനാണ്‌ പിന്നീട്‌ അദ്ദേഹം നിയോഗിക്കപ്പെട്ടത്‌.

ബംഗാൾ‐ആസാം (ബിഎ) റെയിൽവേ തൊഴിലാളി യൂണിയനിൽ പരിചയസമ്പന്നരായ ചില ട്രേഡ്‌ യൂണിയൻ നേതാക്കൾ ഉണ്ടായിരുന്നു. റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കുക അന്ന്‌ വളരെ വിഷമം പിടിച്ച ജോലിയായിരുന്നുവെന്ന്‌ ജ്യോതിബസു അനുസ്‌മരിക്കുന്നുണ്ട്‌. ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ ബംഗാൾ‐ആസാം റെയിൽവേ എംപ്ലോയീസ്‌ അസോസിയേഷൻ അന്ന്‌ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിന്‌ ബദലായി മറ്റൊരു സംഘടന കെട്ടിപ്പടുക്കുക എന്നത്‌ വളരെയേറെ ശ്രമകരമായിരുന്നു.

എങ്കിലും ബസുവിന്റെയും സരോജ്‌ മുഖർജിയുടെയുമൊക്കെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ വിജയം കണ്ടു. അങ്ങനെ ബംഗാൾ‐ആസാം റെയിൽവേ വർക്കേഴ്‌സ്‌ യൂണിയൻ സംഘടിപ്പിക്കപ്പെട്ടു. അതിന്റെ പ്രസിഡന്റായി ബങ്കിം മുഖർജിയും ജനറൽ സെക്രട്ടറിയായി ജ്യോതിബസുവും തിരഞ്ഞെടുക്കപ്പെട്ടു. ഏറെ ക്ലേശിച്ച്‌ വിവിധ സ്ഥലങ്ങളിൽ യാത്രചെയ്‌ത്‌ സംഘടനാപ്രവർത്തനം അദ്ദേഹം ശക്തിപ്പെടുത്തി. ആ കഠിനാധ്വാനത്തിന്‌ ഫലവുമുണ്ടായി. കിഴക്കൻ ബംഗാൾ, വടക്കൻ ബംഗാൾ, ആസാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യൂണിയന്‌ ശാഖകൾ ഉണ്ടായി.

നാവികകലാപത്തിന്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ റെയിൽവേ തൊഴിലാളികൾ ഏകദിന പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തു. പൂർണമായും റെയിൽവേ ഗതാഗതം സ്‌തംഭിപ്പിച്ചുകൊണ്ടുള്ള ആ പണിമുടക്ക്‌ വൻ വിജയമായിരുന്നു. പലവിധ എതിർപ്പുകളെയും നേരിട്ടുകൊണ്ടുള്ള ആ പണിമുടക്ക്‌ വിജയം തൊഴിലാളികൾക്കും നേതാക്കൾക്കും വലിയ ആത്മവിശ്വാസമാണ്‌ നൽകിയത്‌. തൊഴിലാളികൾ തമ്മിലുള്ള ആത്മബന്ധം വളരാനും വലിയതോതിൽ അതുപകരിച്ചു.

ആദ്യമായി നിയമസഭാംഗമാകുന്നു
1946 ജനുവരിയിലാണ്‌ ഇന്ത്യൻ പ്രവിശ്യകളിലെ ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബംഗാൾ‐ആസാം റെയിൽവേ മണ്ഡലത്തിൽനിന്ന്‌ ജ്യോതിബസു തിരഞ്ഞെടുക്കപ്പെട്ടു. ഹുമയൂൺ കബീർ എന്ന അതികായനെയാണ് ജ്യോതിബസു പരാജയപ്പെടുത്തിയത്‌. മൗലാനാ അബ്ദുൾ കലാം ആസാദുൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനെത്തിയിട്ടും തൊഴിലാളികൾ വേട്ടുചെയ്‌ത്‌ വിജയിപ്പിച്ചത്‌ തങ്ങളുടെ പ്രിയപ്പെട്ട നേതാവ്‌ ജ്യോതിബസുവിനെയാണ്‌. ജ്യോതിബസുവിനെ കൂടാതെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ട്‌ സ്ഥാനാർഥികൾ കൂടി വിജയിച്ചു. ഡാർജിലിങ്ങിൽനിന്ന്‌ വിജയിച്ച രതൻലാൽ ബ്രഹ്മനും ദിനാജ്‌പൂരിൽനിന്ന്‌ വിജയിച്ച രൂപ്‌നാരായൺ റായിയുമാണ്‌ അവർ. കമ്യൂണിസ്റ്റുകാർക്കെതിരെ അതിശക്തമായ ദുഷ്‌പ്രചാരണങ്ങൾ നടന്ന ആ സമയത്ത്‌ പാർട്ടിക്ക്‌ മൂന്നിടങ്ങളിൽ വിജയിക്കാൻ കഴിഞ്ഞത്‌ വ്യാപകമായി ചർച്ചചെയ്യപ്പെട്ടു.

ആ തിരഞ്ഞെടുപ്പിൽ സുഹ്രവർദ്ദിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ്‌ മന്ത്രിസഭയാണ്‌ അധികാരത്തിൽ വന്നത്‌. കോൺഗ്രസ്‌ നേതാവ്‌ കിരൺശങ്കർ റായ്‌ ആയിരുന്നു പ്രതിപക്ഷനേതാവ്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മൂന്നംഗങ്ങൾ പ്രത്യേകം ഒരു ഗ്രൂപ്പായാണ്‌ നിയമസഭയിൽ ഇരുന്നത്‌. ജ്യോതിബസുവായിരുന്നു ഗ്രൂപ്പ്‌ ലീഡർ.

ജ്യോതിബസു എംഎൽഎ ആയതോടെ അച്ഛൻ സന്തുഷ്ടനായി. രാഷ്‌ട്രീയപ്രവർത്തനം കൂടുതൽ സുഗമമായി നടത്താൻ വീട്ടുകാരുടെ പിന്തുണ അതോടെ ലഭിച്ചു. എംഎൽഎ എന്ന നിലയ്‌ക്ക്‌ ലഭിച്ചിരുന്ന ശന്പളം മുഴുവൻ പാർട്ടിക്ക്‌ ജ്യോതിബസു നൽകി; പാർട്ടി നൽകിയ അലവൻസുകൊണ്ട്‌ അദ്ദേഹം ജീവിച്ചു.

നിയമസഭയുടെ ആദ്യസമ്മേളനം മെയ്‌ 14‐നാണ്‌ ചേർന്നത്‌. സ്‌പീക്കറെയും ഡെപ്യൂട്ടി സ്‌പീക്കറെയും തിരഞ്ഞെടുത്തശേഷം അന്നുതന്നെ സഭാസമ്മേളനം സമാപിച്ചു. പിന്നീട്‌ ജൂൺ 17നാണ്‌ സമ്മേളനം വീണ്ടും ചേർന്നത്‌.

കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികൾ ഉൾപ്പെട്ട കേന്ദ്ര മന്ത്രിസഭ നെഹ്‌റുവിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നിരുന്നുവല്ലോ. പാകിസ്താൻ രൂപീകരിക്കപ്പെട്ടതിനുശേഷം അവിടുത്തെ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ട ലിയാക്കത്ത്‌ അലിഖാൻ ആയിരുന്നു ധനകാര്യമന്ത്രി.

രാജ്യം വിഭജിച്ച്‌ അധികാരം കൈമാറാൻ അപ്പോഴേക്കും ബ്രിട്ടീഷ്‌ ഭരണാധികാരികൾ തീരുമാനിച്ചിരുന്നു.

ബജറ്റ്‌ ചർച്ചയിൽ പങ്കെടുത്തുകൊണ്ട്‌ ജ്യോതിബസു പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സഭയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

1946 ആഗസ്‌തിൽ ബംഗാളിലുടനീളം വർഗീയലഹള നടന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റുകാർ വ്യാപൃതരായി. അന്ന്‌ ബംഗാളിൽ ഉണ്ടായിരുന്ന ഗാന്ധിജിയെ സന്ദർശിച്ച കാര്യം ജ്യോതിബസു അനുസ്‌മരിക്കുന്നു: ‘‘ഗാന്ധിജി ബേലേഘട്ടയിൽ ക്യാന്പ്‌ ചെയ്യുന്ന കാലമായിരുന്നു അത്‌. പല പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ അദ്ദേഹത്തെ സന്ദർശിക്കുന്നുണ്ടായിരുന്നു. പാർട്ടിയുടെ നിർദേശമനുസരിച്ച്‌ ഭൂപേശ്‌ ഗുപ്‌തയും ഞാനും കൂടി ഗാന്ധിജിയെ സന്ദർശിച്ചു. ഈ പ്രശ്‌നത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു. സർവകക്ഷി കേന്ദ്ര സമാധാന കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിൽ ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്യാൻ അദ്ദേഹം നിർദേശിച്ചു’’.

ഗാന്ധിജി നിർദേശിച്ചതനുസരിച്ച്‌ സർവകക്ഷി സമാധാനകമ്മിറ്റി രൂപീകരിക്കാൻ മുഖ്യമന്ത്രി സുഹ്രവർദ്ദി സമ്മതിച്ചു. എന്നാൽ കമ്യൂണിസ്റ്റുകാർ ഉൾപ്പെട്ട കമ്മിറ്റിയിൽ താൻ പ്രവർത്തിക്കാൻ തയ്യാറല്ലെന്ന്‌ ശ്യാമപ്രസാദ്‌ മുഖർജി വ്യക്തമാക്കി. അതുകാരണം സർവകക്ഷി കേന്ദ്ര സമാധാനകമ്മിറ്റി രൂപീകരിക്കാൻ കഴിഞ്ഞില്ല. എന്നാൽ പ്രാദേശികതലത്തിൽ സമാധാനസേനാവാഹിനികൾ രൂപീകരിക്കാനും രാഷ്‌ട്രീയത്തിനതീതമായി നിരവധിപേർ പങ്കെടുത്ത ഘോഷയാത്രകളും യോഗങ്ങളും സംഘടിപ്പിക്കുവാനും സാധിച്ചു. കോൺഗ്രസിലും മുസ്ലിം ലീഗിലുമുള്ള വലിയ വിഭാഗം ആളുകൾ സമാധാനത്തിനുവേണ്ടി കമ്യൂണിസ്റ്റുകാരുമായി സഹകരിച്ചു പ്രവർത്തിച്ചു.

വർഗീയലഹളയെക്കുറിച്ചും അതിനെ നേരിടുന്നതിൽ ബ്രിട്ടീഷ്‌ സർക്കാർ വരുത്തിയ വീഴ്‌ചകളെക്കുറിച്ചും ഏതാനും വാക്കുകളിൽ ഹൃദയസ്‌പർശകമാംവിധമാണ്‌ ജ്യോതിബസു അവതരിപ്പിച്ചത്‌.

തേഭാഗാസമരം
ബംഗാളിലെ കർഷകസമരങ്ങളുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരധ്യായമാണ്‌ തേഭാഗാസമരം. മൂന്നിൽരണ്ട്‌ ഭാഗം എന്നാണ്‌ തേഭാഗാ എന്ന വാക്കിന്റെ അർഥം. അതായത്‌ കൃഷിചെയ്യുന്ന പങ്കുവാരക്കാരായ കൃഷിക്കാർക്ക്‌ മൂന്നിൽരണ്ട്‌ ഭാഗം ലഭിക്കണം. ഇതിന്‌ നിയമനിർമാണം വഴി ഗവൺമെന്റ്‌ അംഗീകാരം നൽകണമെന്നായിരുന്നു കൃഷിക്കാരുടെ ആവശ്യം.

1940ൽ സർക്കാർ നിയമിച്ച ഭൂനികുതി കമ്മീഷന്റെ കണക്കനുസരിച്ച്‌ കൃഷിക്കാരിൽ 41 ശതമാനവും പങ്കുവാരക്കാരായിരുന്നു. ആ കമ്മീഷൻ പങ്കുവാരക്കാർക്ക്‌ മൂന്നിൽരണ്ട്‌ ഭാഗം നൽകണമെന്ന്‌ ശുപാർശ ചെയ്‌തിരുന്നു. അന്നത്തെ സർക്കാർ ഈ ശുപാർശയ്‌ക്കനുസൃതമായി ഒരു കരട്‌ ബിൽ തയ്യാറാക്കി. എന്നാൽ ജന്മിമാരുടെ സമ്മർദത്തെത്തുടർന്ന്‌ ആ ബിൽ പൂഴ്‌ത്തിവെയ്‌ക്കപ്പെട്ടു. ബിൽ പൂഴ്‌ത്തിവെയ്‌ക്കാൻ എന്താണ്‌ കാരണമെന്ന്‌ സ്വകാര്യ സംഭാഷണത്തിൽ സുഹ്രവർദ്ദിയോട്‌ ജ്യോതിബസു അന്വേഷിച്ചു. സുഹ്രവർദ്ദിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘എന്റെ പാർട്ടിയിൽ ഇത്രയധികം ജോതാദാർമാർ (ഭൂപ്രഭുക്കൾ) ഉണ്ടെന്ന്‌ ഞാൻ മനസ്സിലാക്കിയിരുന്നില്ല’’.

മുസ്ലിം ലീഗിന്റെ മാത്രമല്ല കോൺഗ്രസിന്റെയും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. തങ്ങളുടെ ന്യായമായ ആവശ്യം സർക്കാർ അംഗീകരിക്കുന്നില്ലെന്ന്‌ വ്യക്തമായതോടെ കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകർ പ്രക്ഷോഭം ആരംഭിച്ചു. മൂന്നിൽരണ്ട്‌ ഭാഗത്തിനുവേണ്ടി ബംഗാളിലെ പല ജില്ലകളിലും സമരങ്ങൾ നടന്നു. 1947 ജനുവരിയായതോടെ ഈ സമരം ബംഗാളിൽ, പ്രത്യേകിച്ച്‌ വടക്കൻ ബംഗാളിലൊട്ടാകെ പടർന്നു: ‘‘തേഭാഗ അനുവദിച്ചേ മതിയാകൂ, ജീവൻ നഷ്ടപ്പെട്ടാലും വിളവ്‌ വിട്ടുകൊടുക്കില്ല’’. നിശ്ചയദാർഢ്യത്തോടെ കർഷകർ ഈ നിലപാടെടുത്തു.

പൊലീസ്‌ കർഷകർക്കുനേരെ നിഷ്‌ഠുരമായ ആക്രമണങ്ങളാണ്‌ നടത്തിയത്‌. കണ്ണിൽകണ്ടവരെയെല്ലാം തല്ലിച്ചതച്ചു. സമാധാനപൂർവം കർഷകർ നടത്തിയ പ്രക്ഷോഭങ്ങളെ കിരാതമായി അടിച്ചമർത്താനാണ്‌ സർക്കാർ ശ്രമിച്ചത്‌. പൊലീസ്‌ മർദനവും ലാത്തിച്ചാർജും നിത്യസംഭവങ്ങളായി മാറി. എഴുപതിലേറെ കർഷകർ വെടിവെപ്പിൽ രക്തസാക്ഷികളായി. ഹിന്ദു‐മുസ്ലിം കർഷകരുടെ വീടുകൾ അഗ്നിക്കിരയാക്കി. സ്‌ത്രീകളെപ്പോലും വെറുതെവിടാതെ പൊലീസ്‌ ക്രൂരമായി മർദിച്ചു. എന്നാൽ അതൊന്നും കർഷകരുടെ ആത്മവീര്യം ചോർത്തിയില്ല.

1947 മാർച്ചിൽ തേഭാഗ എന്ന ആവശ്യവും അതിനോടുള്ള സർക്കാരിന്റെ അടിച്ചമർത്തൽ സമീപനവും നിയമസഭയിൽ ഉന്നയിച്ച്‌ സർക്കാരിനെ ജ്യോതിബസു അതിരൂക്ഷമായി വിമർശിച്ചു. കിസാൻസഭയും കമ്യൂണിസ്റ്റ്‌ പാർട്ടിയും തേഭാഗസമരത്തെ അനുകൂലിച്ചുകൊണ്ട്‌ നിരവധി ലഘുലേഖകൾ പ്രസിദ്ധീകരിച്ചു.
സ്വാതന്ത്ര്യാനന്തരമുള്ള കോൺഗ്രസ്‌ ഭരണത്തിൻ കീഴിൽ പങ്കുപാട്ടക്കാർ ഉന്നയിച്ച പ്രശ്‌നങ്ങൾ ഭാഗികമായേ പരിഹരിക്കപ്പെട്ടുള്ളൂ. ഇടതുപക്ഷമുന്നണി മന്ത്രിസഭയാണ്‌ പങ്കുവാരക്കാർക്ക്‌ കൃഷിചെയ്യാനുള്ള അവകാശം ഉറപ്പാക്കിയത്‌. എന്നു മാത്രമല്ല അവരെ ഭൂമിയിൽനിന്ന്‌ ഒഴിപ്പിക്കാൻ പാടില്ലെന്ന്‌ വ്യവസ്ഥ ചെയ്യുകയും ചെയ്‌തു. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 7 =

Most Popular