2024 നവംബർ 16, 17 തീയതികളിലായി നടന്ന കെനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത് ദേശീയ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽതന്നെ നിർണായകവും മർമപ്രധാനവുമായ മുന്നേറ്റമായിതന്നെ അടയാളപ്പെടുത്തപ്പെടും. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ തുടർച്ചയായ അടിച്ചമർത്തലുകളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ധീരമായി മുന്നേറുന്ന കെനിയൻ കമ്യൂണിസ്റ്റ് പാർട്ടി (Communist party of Kenya) നേതൃത്വം ഇത്തവണ കോൺഗ്രസിൽ അവതരിപ്പിച്ച തീരുമാനങ്ങൾ കൂടുതൽ ശാസ്‌ത്രീയവും സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന് ആക്കംകൂട്ടുന്നതും രാജ്യത്തെ ജനവിഭാഗങ്ങളെയാകെ ഉൾക്കൊള്ളുന്നതുമാണ്. ‘‘പൂർണമായും സ്വതന്ത്രമായൊരു സോഷ്യലിസ്റ്റ് കെനിയക്കുവേണ്ടി ദേശീയ ജനാധിപത്യവിപ്ലവം സാധ്യമാക്കുക’’ എന്ന ആശയം മുന്നോട്ടുവെച്ചുകൊണ്ട് ഈ പാർട്ടി കോൺഗ്രസ് യഥാർഥത്തിൽ പാർട്ടിയുടെ പ്രത്യയശാസ്‌ത്ര അടിത്തറ ദൃഢീകരിക്കുകയും സംഘടനയെ പുനഃസംഘടിപ്പിക്കുകയും നിർണായകമായൊരു ദിശാമാറ്റത്തിന് വഴിയൊരുക്കുകയുമായിരുന്നു.
ഈ കോൺഗ്രസിൽ പാർട്ടി നടത്തിയ ചരിത്രപ്രധാനമായൊരു നീക്കം, കെനിയൻ കമ്യൂണിസ്റ്റ് പാർട്ടി (CPK) എന്ന പേരിൽ മാറ്റം വരുത്തിക്കൊണ്ട് കെനിയൻ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (Communist Party Marxist Kenya, CPM-‐K) എന്ന പേര് സ്വീകരിച്ചതുതന്നെയാണ്. കേവലം പേരിലൊരു മാറ്റംവരുത്തിക്കൊണ്ട് ഉപരിപ്ലവമായി എന്തെങ്കിലും ചെയ്യുകയായിരുന്നില്ല, മറിച്ച് പാർട്ടി ഭരണഘടനയിലും അതിനനുസരിച്ച് മാറ്റംവരുത്തുകയും ബഹുജനങ്ങളിലേക്ക് പാർട്ടിയുടെ ആശയങ്ങൾ കൂടുതൽ ആഴത്തിലെത്തിക്കുന്നതിന് പ്രസ്ഥാനത്തെ നയിക്കുവാൻ പുതിയൊരു നേതൃത്വത്തെത്തന്നെ കൊണ്ടുവരുകയും ചെയ്‌തു. അതുപോലെതന്നെ വിപ്ലവപോരാട്ടത്തിന്റെ അടയാളമെന്ന നിലയ്‌ക്ക് പാർട്ടിയുടെ ചിഹ്നത്തിലും മാറ്റം വരുത്തി. തങ്കനിറത്തിൽ അരിവാളും ചുറ്റികയും ചെഞ്ചുവപ്പു താരകവുമാണ് പുതിയ ചിഹ്നം. അതായത് പ്രസ്ഥാനത്തിന്റെ കെട്ടിലും മട്ടിലുമാകെ മാറ്റംവരുത്തിക്കൊണ്ട് കൂടുതൽ സർഗാത്മകമായും പ്രത്യയശാസ്‌ത്രപരമായ ഉണർവോടുംകൂടി പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അടിയന്തര നീക്കങ്ങൾതന്നെ പാർട്ടി കോൺഗ്രസ് മുന്നോട്ടുവെച്ചു എന്നർഥം.
കോൺഗ്രസിന്റെ ആദ്യദിവസംതന്നെ, സിപിഎം‐കെ അതിന്റെ പ്രത്യയശാസ്‌ത്രപരമായ നിലപാട് വ്യക്തമാക്കി: അധ്വാനിക്കുന്ന ജനങ്ങളുടെ ചെലവിൽ ഭരണകൂടം സാമ്രാജ്യത്വ താൽപര്യങ്ങൾ നടപ്പാക്കുന്ന മുതലാളിത്ത സമൂഹമാണ് കെനിയയിൽ നിലവിലുള്ളത്. കെനിയയ്‌ക്കും ആഫ്രിക്കയ്‌ക്കാകെയും യഥാർഥ സ്വാതന്ത്ര്യവും സ്വയംനിർണയാവകാശവും നേടിയെടുക്കുന്നതിനുള്ള ഒരേയൊരു പാത സോഷ്യലിസമാണെന്ന് ഉറപ്പിച്ചുകൊണ്ട് ദേശീയ ജനാധിപത്യവിപ്ലവം മുന്നോട്ടുകൊണ്ടുപോകണമെന്നതിനെ പ്രതിനിധികൾ ഐകകണ്‌ഠേന അംഗീകരിച്ചു.
തൃണമൂലതലത്തിലുള്ള സംഘടനാപ്രവർത്തനത്തിനും സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ കെനിയയിലെ സാധാരണക്കാരെ പങ്കാളികളാക്കുന്നതിനുള്ള നിരന്തര പ്രവർത്തനത്തിനും പാർട്ടി മുൻഗണന നൽകുന്നു. പാർട്ടി ഘടനയും ബഹുജനനയത്തോടുകൂടിയ സമരതന്ത്രവും ശക്തിപ്പെടുത്താനും കോൺഗ്രസ് തീരുമാനമെടുത്തു. വിമെൻസ് ലീഗ്, യങ് കമ്യൂണിസ്റ്റ് ലീഗ്, റെവല്യൂഷണറി സ്റ്റുഡന്റ് കമീഷൻ എന്നിവയെല്ലാം പാർട്ടി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ബഹുജന പങ്കാളിത്തത്തോടെ വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള അനിവാര്യ ഘടകങ്ങളാണ് ഈ സംഘടനകൾ.
പാൻ‐ആഫ്രിക്കൻ സോഷ്യലിസ്റ്റ് അലയൻസ് ചാർട്ടർ (PASA) കോൺഗ്രസ് അംഗീകരിച്ചു. കെനിയയിലെ സാമ്രാജ്യത്വവിരുദ്ധ മുതലാളിത്തവിരുദ്ധ സംഘടനകളുടെ ഒരു ഗ്രൂപ്പാണ് PASA (Pan‐African Socialist Alliance). അഖില ആഫ്രിക്കൻ വാദം (Pan‐Africanism), ഫെമിനിസം, സാർവദേശീയ ഐക്യദാർഢ്യം, ശാസ്‌ത്രീയ സോഷ്യലിസം തുടങ്ങി വിപ്ലവകരമായ തത്വങ്ങളിൽ അടിയുറച്ചുനിൽക്കുന്നൊരു കൂട്ടായ്‌മയാണിത്. അതുകൊണ്ടുതന്നെ PASAയുടെ ചാർട്ടർ പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. കോൺഗ്രസിൽ എൻസിസിപിഎയിൽ ചേരുന്നതിന് അംഗീകാരം നൽകി. സിപിഎം‐ കെ അടക്കമുള്ള വിപ്ലവ രാഷ്‌ട്രീയ പാർട്ടികളുടെയും പുരോഗമനസംഘടനകളുടെയും സഖ്യമാണ് എൻസിസിപിഎ (National Co Ordinating Committee of Peoples Assemblies).
കോൺഗ്രസിൽ കൈക്കൊണ്ട അടവുപരവും തന്ത്രപരവും സർവോപരി പ്രത്യയശാസ്‌ത്രപരവുമായ നയസമീപനങ്ങളുടെയും തീരുമാനത്തിന്റെയും കാര്യത്തിൽ മാത്രമല്ല, പങ്കാളിത്തത്തിന്റെ കാര്യത്തിലും 2‐ാം പാർട്ടി കോൺഗ്രസ് എടുത്തുപറയേണ്ട ഒന്നായി മാറിയിരിക്കുന്നു. രാജ്യത്തെ 47 കൗണ്ടികളിൽനിന്നായി 126 പ്രതിനിധികളാണ് കോൺഗ്രസിന്റെ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുത്തത്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള ഈ പ്രതിനിധികൾതന്നെ തൊഴിലാളിവർഗവും കർഷകജനസാമാന്യവുമായി സിപിഎം‐കെയ്‌ക്കുള്ള ശക്തമായ ബന്ധത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. ഇതിനുപുറമേ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‐തൊഴിലാളി സംഘടനകളിൽനിന്നും 54 പ്രതിനിധികളാണ് കോൺഗ്രസിൽ പങ്കെടുത്തത്. ആഗോള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ സിപിഎം‐കെയ്‌ക്കുള്ള പങ്ക് ഇത് വ്യക്തമാക്കുന്നു. ഇന്ത്യയിൽനിന്നും സിപിഐ എം, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി, സൗത്താഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി, ഫിലിപ്പൈൻസ് കമ്യൂണിസ്റ്റ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ (മാർക്‌സിസ്റ്റ്‐ലെനിനിസ്റ്റ്), ഓൾ ആഫ്രിക്കൻ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി (AAPRP), പാർട്ടി ഫോർ സോഷ്യലിസം ആന്റ് ലിബറേഷൻ (PSL), പാൻ ആഫ്രിക്കൻ ടുഡേ, നാഷണൽ യൂണിയൻ ഓഫ് മെറ്റൽ വർക്കേഴ്‌സ് ഓഫ് സൗത്ത് ആഫ്രിക്ക (NUMSA) തുടങ്ങിയ പാർട്ടികൾ സാർവദേശീയ ഐക്യദാർഢ്യസന്ദേശം രേഖപ്പെടുത്തി.
സാമ്രാജ്യത്വത്തിനും ആഗോള മുതലാളിത്തത്തിനുമെതിരായ പോരാട്ടത്തിൽ അടിയുറച്ചുനിന്നുകൊണ്ട് സോഷ്യലിസത്തിലേക്കുള്ള പടവുകൾ കയറാൻ തീരുമാനിച്ച കെനിയൻ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (CPM‐K) അതിനായി കൃത്യമായ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാതയും വരച്ചിടുകയാണ് ഈ കോൺഗ്രസിൽ ചെയ്‌തത്. വിമർശനാത്മകമായി പരിശോധിച്ച് തങ്ങളുടെ നയപരിപാടികളിലുണ്ടായിരുന്ന പാളിച്ചകൾ തിരുത്തി പൂർണമായും സ്വതന്ത്ര ആഫ്രിക്കക്കുവേണ്ടിയും സാമ്രാജ്യത്വ കടന്നാക്രമണത്തിനെതിരായും ആത്യന്തികമായി സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിനുംവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാകും കെനിയൻ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസ് എന്നത് തീർച്ചയാണ്. l